സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

സന്തോഷ് ട്രോഫി കേരള ഫുട്‌ബോളിന്റെ ലോകകപ്പ്: ഇഗ്നേഷ്യസ്

തിരുവനന്തപുരം: 2004 ഒക്ടോബര്‍ 31 ഇഗ്നേഷ്യസ് സില്‍വസ്റ്ററിന് മറക്കാനാവില്ല, കേരളത്തിനും. അന്നാണ് കേരളം അവസാനമായി സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടത്തില്‍ മുത്തമിട്ടത്. ക്യാപ്റ്റന്‍ ഇഗ്നേഷ്യസിന്റെ ഗോള്‍ഡന്‍ ഗോളിലായിരുന്നു കേരളത്തിന്റെ വിജയം. ജോലിത്തിരക്കിനിടയിലും  ഡല്‍ഹി അംബേദ്കര്‍ സ്റ്റേഡിയത്തിലെ ആ സായാഹ്നം  ഡ്രിബിള്‍ ചെയ്ത് ഇഗ്നേഷ്യസിന്റെ മനസ്സിലേക്ക് ഇപ്പോഴും ഇടയ്ക്കിടെ ഓടിയെത്തുന്നു.

2004ലെ ഫൈനലില്‍ ശക്തരായ പഞ്ചാബായിരുന്നു എതിരാളികള്‍. രണ്ടാം പകുതിയില്‍ കേരളം 1-2ന് പിന്നിട്ടുനില്‍ക്കുന്നു. നൗഷാദിന്റെ ഗോളിലൂടെ കേരളം ഒപ്പമെത്തി. കളിതീരാന്‍ നിമിഷങ്ങള്‍ മാത്രമുളളപ്പോള്‍ പെനാല്‍റ്റി കിട്ടിയതോടെ  കപ്പുറപ്പിച്ചു. പക്ഷേ, ലയണല്‍ തോമസിന്റെ സ്‌പോട്ട് കിക്ക് ലക്ഷ്യത്തിലെത്തിയില്ല. കളി അധികസമയത്തിലേക്ക് നീങ്ങി. എക്‌സ്ട്രാ ടൈമിന്റെ പതിനേഴാം മിനിറ്റിലായിരുന്നു ഇഗ്നേഷ്യസിന്റെ ഇടങ്കാലന്‍ വെടിയുണ്ട പഞ്ചാബിന്റെ നെഞ്ചുതകര്‍ത്തത്. നൗഷാദ് പാരി നല്‍കിയ പാസ് സമയംപാഴാക്കാതെ ഇഗ്നി പോസ്റ്റിലേക്ക് പറത്തിയപ്പോള്‍ പഞ്ചാബ് ഗോള്‍കീപ്പര്‍ കാമേശ്വര്‍ സിംഗിന് മറുപടി ഉണ്ടായിരുന്നില്ല. കേരളം അഞ്ചാം തവണയും സന്തോഷ് ട്രോഫി ജേതാക്കള്‍. ഈവര്‍ഷം കേരളപ്പിറവി ആഘോഷിക്കുന്ന മലയാളികള്‍ക്കുള്ള സമ്മാനംകൂടിയായിരുന്നു ഇഗ്നേഷ്യസും സംഘവും നേടിയ വിജയം.

പത്തുവര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫി വീണ്ടെടുക്കാനായി കേരളം വീണ്ടും കച്ചമുറുക്കുമ്പോള്‍ ഇഗ്നേഷ്യസിന്റെ പ്രതീക്ഷയും വാനോളമുയരുകയാണ്. കേരളം ഓരോതവണ  സന്തോഷ് ട്രോഫിയില്‍ കളിക്കുമ്പോഴും ചാമ്പ്യന്‍മാരാവണമെന്നാണ് ആഗ്രഹം. കാരണം കേരള ഫുട്‌ബോളിന്റെ ലോകകപ്പാണ് സന്തോഷ് ട്രോഫി. സന്തോഷ് ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയാലെ കേരളത്തിലെ ഫുട്‌ബോളിന് നിലനില്‍പുള്ളൂ. മാധ്യമശ്രദ്ധ ലഭിക്കാനും പുതുതലമുറയെ കളിയിലേക്ക് ആകര്‍ഷിക്കാനും സന്തോഷ് ട്രോഫി വഹിക്കുന്ന പങ്ക് പറഞ്ഞറിയിക്കാനാവില്ല- ഇഗ്നേഷ്യസ് പറഞ്ഞു.

യുവതാരങ്ങളും പരിചയസമ്പന്നരുമടങ്ങിയ സംഘമാണ് ഇത്തവണത്തേത്. നന്നായി വിയര്‍പ്പൊഴുക്കിയാല്‍  കീരീടം വീണ്ടെടുക്കാം. ദക്ഷിണമേഖലയില്‍ നിന്ന് രണ്ടു ടീമുകളാണ് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യതനേടുക. ആതിഥേയരെന്ന മുന്‍തൂക്കം തമിഴ്‌നാടിനുണ്ടാവും. റെയില്‍വേയെയും കര്‍ണാടകയെയും നിസാരമായി കാണാനാവില്ല. നല്ല കളിക്കാരുളള ടീമുകളാണ് അവര്‍. എതിരാളികള്‍ നിസാരക്കാരല്ലെന്ന് മനസ്സിലാക്കിയാവണം ഓരോ കളിക്കും ഇറങ്ങേണ്ടത്. ചെറിയ പിഴവുപോലും തിരുത്താന്‍ അവസരം ലഭിച്ചേക്കില്ല.

എ എം ശ്രീധരന്‍ സാറിനെപ്പോലുളള പരിചയ സമ്പന്നനായ കോച്ചിന്റെ സേവനം ടീമിന് ഗുണം ചെയ്യും. കേരളം ജയിക്കണമെന്ന വാശിയില്‍ കളിച്ചാലെ കിരീടത്തിലെത്താനാവൂ. പുതുതലമുറയിലെ ചിലരെങ്കിലും സ്വന്തം ശരീരവും ഭാവിയുമൊക്കെ നോക്കി പരുക്കുപറ്റാതെ കളിക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങളൊക്കെ പരുക്കും മറ്റ് കാര്യങ്ങളും വകവയ്ക്കാതെയാണ് നാടിന് വേണ്ടി കളിച്ചത്. അത് ഞങ്ങളുടെ മുന്‍ഗാമികള്‍ കാണിച്ചുതന്നതാണ്. അങ്ങനെ കളിച്ചാലെ കിരീടത്തിലെത്താനാവൂ- ഇഗ്നേഷ്യസ് പറഞ്ഞു.

എസ് ബി ടിയുടെ താരമായിരുന്ന ഇഗ്നേഷ്യസ് 1999 മുതല്‍ 2004 വരെ കേരളത്തിന്റെ കുപ്പായമണിഞ്ഞു. 2004ലെ ഗോള്‍ഡന്‍ ഗോളിലൂടെ അനശ്വരനായ ഇഗ്നേഷ്യസ്  രണ്ടായിരത്തില്‍ തൃശൂരില്‍ നടന്ന സന്തോഷ് ട്രോഫിയില്‍ ആറു ഗോളുകളോടെ ടോപ് സ്‌കോററുമായി. 1995 മുതല്‍ 2007വരെ എസ് ബി ടിക്ക് വേണ്ടി ബൂട്ടണിഞ്ഞു. ബാങ്കിന് വേണ്ടി നൂറിലധികം ഗോളുകള്‍ നേടിയിട്ടുണ്ട്.

തിരുവനന്തപുരം വെട്ടുകാടു സ്വദേശിയായ ഇഗ്നേഷ്യസ് ഇപ്പോള്‍ എസ് ബി ടി മണക്കാട് ബ്രാഞ്ചില്‍ സിംഗിള്‍ വിന്‍ഡോ ഓപ്പറേറ്ററായി ജോലിചെയ്യുകയാണ്. ഡല്‍ഹിയില്‍ നഴ്‌സായ പ്രിറ്റിയാണ് ഭാര്യ. മകള്‍ മൂന്നു വയസ്സുകാരി അലോന മരിയ ഇഗ്നേഷ്യസ്.

Post a Comment

0 Comments