പ്രതാപകാലത്തിന്റെ ഓര്‍മ്മകളില്‍ കഴിയുന്ന കേരള ഫുട്ബോളിന് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി പുതിയൊരു പ്രൊഫഷണല്‍ ക്ളബ് കൂടി വരുന്നു; ജോസ്കോ എഫ് സി. പ്രമുഖ സ്വര്‍ണ വ്യാപാരികളായ ജോസ്കോ ജ്വല്ലേഴ്സാണ് പുതിയ ക്ളബിന് ജീവന്‍ പകരുന്നത്. ഇന്ത്യന്‍ ഫുട്ബോളിലെ സൂപ്പര്‍ കോച്ചുമാരില്‍ ഒരാളായ ടി കെ ചാത്തുണ്ണിയായിരിക്കും ജോസ്കോ എഫ് സിയുടെ അമരക്കാരന്‍. അടുത്ത സീസണിലെ ഐലീഗ് രണ്ടാം ഡിവിഷനിലേക്ക് യോഗ്യത നേടി ദേശീയ തലത്തിലെത്തുകയാണ് ടീമിന്റെ പ്രഥമ ലക്ഷ്യം.
കൊച്ചി ആസ്ഥാനമായ വിവ കേരളയുടെ പാതയിലാണ് ജോസ്കോ എഫ് സിയുടെയും രംഗപ്രവേശം. ആദ്യ ഘട്ട ടീമിലേക്കുളള താരങ്ങളെ തൃശൂരില്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല ഗ്രൌണ്ടില്‍ നടത്തിയ ട്രയല്‍സിലൂടെ തിരഞ്ഞെടുത്തു. ചാത്തുണ്ണി, മുന്‍ ഇന്ത്യന്‍ താരം സി വി പാപ്പച്ചന്‍ എന്നിവരടങ്ങിയ സെലക്ഷന്‍ കമ്മിറ്റിയാണ് താരങ്ങളെ തിരഞ്ഞെടുത്തത്. സര്‍വകലാശാല, സംസ്ഥാന ജൂനിയര്‍ താരങ്ങളെ അണിനിരത്തി മുപ്പതംഗ ടീമിനെയാണ് ജോസ്കോ എഫ് സി ആദ്യ സീസണില്‍ മത്സരങ്ങള്‍ക്കിറക്കുക.
എറണാകുളം ജില്ലാ എ ഡിവിഷനിലായിരിക്കും ജോസ്കോ എഫ് സിയുടെ അരങ്ങേറ്റം. കൊച്ചിയില്‍ തന്നെയായിരിക്കും ടീമിന്റെ പരിശീലന ക്യാമ്പ്. ജില്ലാ എ ഡിവിഷനില്‍ കളിക്കുന്ന ഒരു ടീമിനെ ഏറ്റെടുത്താണ് ജോസ്കോ എഫ് സി രൂപീകരിച്ചത്.
ജോസ്കോ എഫ് സി കേരള ഫുട്ബോളിന് പുനര്‍ജീവന്‍ നല്‍കുന്ന ചുവടുവയ്പാണെന്ന് കോച്ച് ടി കെ ചാത്തുണ്ണി വൈഗന്യൂസിനോട് പറഞ്ഞു."നമ്മുടെ നാട്ടിലെ ഫുട്ബോളിന്റെ നിലവാരം വളരെ താണിരിക്കുന്നു. പുതിയ താരങ്ങളെ കണ്ടെത്തി മികച്ച ടീമിനെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. ജോസ്കോ എഫ് സി കേരള ഫുട്ബോളില്‍ പുതിയ മാറ്റങ്ങള്‍ക്ക് വഴിതുറക്കുമെന്ന് തന്നെയാണ് പ്രതീക്ഷ" ഇന്ത്യയിലെ മുന്‍നിര ടീമുകളുടെ പരിശീലകനായിരുന്ന ചാത്തുണ്ണി പറഞ്ഞു. കേരളത്തിലുടനീളം സെലക്ഷന്‍ ട്രയല്‍സ് നടത്തി താരങ്ങളെ കണ്ടെടുത്ത് വിവ കേരള രൂപീകരിച്ചതും ടീമിനെ മുന്‍നിരയില്‍ എത്തിച്ചതും ചാത്തുണ്ണിയായിരുന്നു. കാലിന് പരിക്കേറ്റ് സജീവ പരിശീലന രംഗത്തുനിന്ന് കുറച്ചു നാളായി വിട്ടുനിന്നിരുന്ന ചാത്തുണ്ണിയുടെ തിരിച്ചുവരവുകൂടിയാണിത്.
സീസണ്‍ മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പരിശീലന ക്യാമ്പിനാണ് ചാത്തുണ്ണി തയ്യാറെടുക്കുന്നത്. താരങ്ങള്‍ക്ക് താമസം ഉള്‍പ്പടെയുളള സൌകര്യങ്ങള്‍ ക്ളബ് നല്‍കും. കേരള മുന്‍ ഗോള്‍കീപ്പര്‍ പുരുഷോത്തമന്‍ ആയിരിക്കും ചാത്തുണ്ണിയുടെ പരിശീലക സഹായി. ജോസ്കോ ഉടമസ്ഥനായ ടോണി ജോസാണ് ടീമിന്റെ ചെയര്‍മാന്‍. സണ്ണിയാണ് ടീം മാനേജര്‍.
0 Comments