August 10, 2011

അറിഞ്ഞോ, പുതിയ ലിയോ വരുന്നൂ...


നക്ഷത്രങ്ങളെക്കാള്‍ തിളക്കമുളള താരങ്ങളും കളിത്തട്ടുകളും തയ്യാര്‍. ലോകമെമ്പാടുമുളള ആരാധകരുടെ ആകാംക്ഷയും ആവേശവും ഫുട്‌ബോളിലേക്ക് ആവാഹിക്കാന്‍ യൂറോപ്പിലെ ക്ലബുകള്‍ ഒരുങ്ങിക്കഴിഞ്ഞു. പുതിയ സീസണിലേക്ക് പുതിയ താരങ്ങളെ ടീമിലെത്തിച്ച് പടയണികള്‍ പടപ്പുറപ്പാടിന് സജ്ജരായി. പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, അവസാനവട്ട ട്രാന്‍സ്ഫറിനായി വമ്പന്‍ ക്ലബുകള്‍ കോടികളുമായി നെട്ടോട്ടത്തിലാണ്. ഈ നെട്ടോട്ടത്തിനിടയില്‍ സ്‌പെയിനില്‍ ഒരു കരാര്‍ നടന്നു, അധികമാരും അറിയാതെ. ലോക ഫുട്‌ബോളിലെ തന്നെ അതികായരായ റയല്‍ മാഡ്രിഡാണ് കരാറിന് പിന്നില്‍. കരാറൊപ്പിട്ടത് ആരോടാണെന്നല്ലേ?. ഒരു ഏഴു വയസ്സുകാരനോട്.

ലയണല്‍ ഏഞ്ചല്‍ കൊയ്‌റ എന്നാണ് ആ ഏഴുവയസ്സുകാരന്റെ പേര്. നാട് അര്‍ജന്റീന. മൂന്ന് വര്‍ഷത്തേക്ക് റയലിന്റെ യൂത്ത് പ്രോഗ്രാമിലേക്കാണ് കരാര്‍. വിളിപ്പേര് ലിയോ. ഇക്കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ എവിടെയോ കേട്ട് മറന്നതുപോലെ തോന്നുന്നുണ്ടോ?. ഒട്ടേറെ സമാനതകളുളള, അധികം പഴക്കമില്ലാത്തൊരു കഥ. ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ കഥ. അതെ, മെസ്സിയുടെ അതേപാതയില്‍ തന്നെയാണ് കുഞ്ഞ് ലിയോയുടെ ചുവടുവയ്പ്. ഒരേയൊരു വ്യത്യാസം മാത്രം, മെസ്സി അടവുകള്‍ പഠിച്ചത് ബാഴ്‌സലോണയില്‍. പുതിയ ലിയോ അടവുകള്‍ പഠിക്കാനൊരുങ്ങുന്നത് ബാഴ്‌സയുടെ ചിരവൈരികളായ റയല്‍ മാഡ്രിഡിലും.

ലിയോ എന്ന വിളിപ്പേരിലറിയപ്പെടുന്ന മെസ്സിയുമായി സമാനതകള്‍ ഏറെയാണ് കുഞ്ഞു ലിയോയ്ക്ക്. മെസ്സിയെപ്പോലെ ലിയോയുടെ കുടുംബവും സ്‌പെയ്‌നിലേക്ക് ചേക്കേറിയവര്‍. മെസ്സി പതിനൊന്നാം വയസ്സില്‍ ബാഴ്‌സയിലെത്തി. ലിയോ റയലിലും. സ്‌പെയ്‌നില്‍ രാജകുമാരനായി വാഴുമ്പോഴും കേട്ടറിവു മാത്രമുളള മാതൃനാടായ അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കാനാണ് മെസ്സി തീരുമാനിച്ചത്. ഏഴാം വയസ്സില്‍ തന്നെ ലിയോയും നയം വ്യക്തമാക്കുന്നു, വളരെ വ്യക്തമായിത്തന്നെ. ക്ലബ് ഫുട്‌ബോള്‍ റയലിന് വേണ്ടി, ലോകകപ്പ് അര്‍ജന്റീനയ്ക്ക് വേണ്ടിയും. ഇതിനേക്കാള്‍ വലിയൊരു സ്വപ്‌നം കൂടിയുണ്ട് കുഞ്ഞ് ലിയോയ്ക്ക്. സാക്ഷാല്‍ ലിയോ എന്ന ലയണല്‍ മെസ്സിയെ നേരിട്ട് കാണണം. അത് ഉടന്‍തന്നെ സഫലമാവുമെന്ന പ്രതീക്ഷയിലാണ് ഏഴുവയസ്സുകാരന്‍.

ലയണല്‍ ഏഞ്ചല്‍ കൊയ്‌റയുടെ അസാധാരണ മികവ് കണ്ട് റയലിന്റെ നഗരവൈരികളായ അത്‌ലറ്റിക്കോ മാഡ്രിഡ് ക്ലബിലേക്കുളള ക്ഷണവുമായി എത്തിയിരുന്നു. എന്നാല്‍ കൂടുതല്‍ സൗകര്യങ്ങളും മറ്റ് കാര്യങ്ങളും പരിഗണിച്ച് ലിയോയുടെ അച്ഛന്‍ മിഗേല്‍ കൊയ്‌റ റയല്‍ തിരഞ്ഞെടുക്കുകയായിരുന്നു. സെപ്റ്റംബര്‍ ആറിനാണ് ലിയോ റയലില്‍ പരിശീലനം തുടങ്ങുക. പ്രതിഫലമില്ല. യാത്രയുള്‍പ്പടെ മറ്റ് ചെലവുകള്‍ റയല്‍ വഹിക്കും.

ഇനി കാത്തിരിക്കാം, പുതിയൊരു താരോദയത്തിനായി. ലയണല്‍ മെസ്സിയെപ്പോലെ കളിത്തട്ടുകളും ആരാധകരുടെ ഹൃദയവും കീഴടക്കുന്ന മിന്നും പ്രകടനങ്ങള്‍ക്കായി.

No comments:

Resistance Bands, Free Blogger Templates