March 21, 2012

ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുതിയമുഖം

രാഹുല്‍ ദ്രാവിഡ് പാഡഴിച്ചു കഴിഞ്ഞു. വി വി എസ് ലക്ഷ്മണും സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഏറെ താമസിയാതെ ദ്രാവിഡിന്റെ വഴിയെ ഓര്‍മകളിലേക്ക് പിന്‍വാങ്ങും. രണ്ടുപതിറ്റാണ്ടോളം ഇന്ത്യന്‍ ബാറ്റിംഗിന്റെ നെടുന്തൂണുകളായിരുന്നു ഇവര്‍. കളിമികവുകൊണ്ടും അച്ചടക്കംകൊണ്ടും ക്രിക്കറ്റിന്റെ മറുപുറം കണ്ടവര്‍. ഓര്‍മകളിലേക്ക് ഇവരുടെ അനുപമായ ഇന്നിംഗ്‌സുകള്‍ മനോഹരമായ കവര്‍ഡ്രൈവ് പോലെ ഒഴുകിയെത്തുമ്പോള്‍ ഒരു ചോദ്യം ഉയരുന്നു. മഹാരഥന്‍മാരായ ദ്രാവിഡിനും ലക്ഷ്മണിനും സച്ചിനും പിന്‍ഗാമികളുണ്ടാവുമോ?. 

ഈ ചോദ്യത്തിനുളള ഉത്തരമാണ് 23 കാരനായ വിരാട് കോലിയെന്ന ഡല്‍ഹിക്കാരന്‍. 
പാകിസ്ഥാനെതിരെയുളള ഒരൊറ്റ ഇന്നിംഗ്‌സോടെ വിരാട് കോലി വീരപുരുഷനായി കഴിഞ്ഞു. 183 റണ്‍സോടെ വിജയശില്‍പി ആയി എന്നത് മാത്രമല്ല കോലിയുടെ ഇന്നിംഗ്‌സിന്റെ സവിശേഷത. കളിക്കളത്തില്‍ മാത്രമല്ല, മനസ്സിലും ഹൃദയത്തിലും പോരാട്ടം നടക്കുന്ന, പാകിസ്ഥാനെതിരെയുളള മത്സരത്തില്‍ രണ്ടാമത് ബാറ്റ് ചെയ്ത് 183 റണ്‍സ് നേടിയെന്നതാണ് ഏറ്റവും പ്രധാനം. ഏഷ്യാകപ്പില്‍ കോലിയുടെ രണ്ടാമത്തെ സെഞ്ച്വറിയാണിത്. നാല് മത്സരത്തിനിടെ മൂന്നാമത്തെ സെഞ്ച്വറിയും. ഏകദിനത്തിലെ പതിനൊന്നാമത്തെ സെഞ്ച്വറിയാണ് കോലി പാകിസ്ഥാനെതിരെ സ്വന്തം പേരിനൊപ്പമാക്കിയത്.
പാകിസ്ഥാനെതിരെ 148 പന്തുകള്‍ നേരിട്ടാണ് കോലി 183 റണ്‍സുമായി ഇന്ത്യയെ രക്ഷിച്ചത് (330 റണ്‍സായിരുന്നു ഇന്ത്യയുടെ ലക്ഷ്യം). 85 മത്സരങ്ങളുടെ അനുഭവസമ്പത്തുളള കളിക്കാരനില്‍ നിന്നുളള ഇന്നിംഗ്‌സായിരുന്നില്ല അത്. നിശ്ചയദാര്‍ഢ്യത്തോടെ ലക്ഷ്യം കാണുംവരെയുളള പോരാട്ടമായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്. ഈ മികവ് തന്നെയാണ് കോലിയുടെ റെക്കോര്‍ഡ് ബുക്കിനെയും തിളക്കമുളളതാക്കുന്നത്. 85 ഏകദിനങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ 3590 റണ്‍സ് കോലിയുടെ പേരിനൊപ്പമായി. ശരാശരി: 50.56 റണ്‍സ്. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ പത്ത് സെഞ്ച്വറി നേടുന്ന ബാറ്റ്‌സാമാന്‍ എന്ന റെക്കോര്‍ഡും കോലി സ്വന്തമാക്കിക്കഴിഞ്ഞു.
1988 നവംബര്‍ അഞ്ചിന് ജനിച്ച വിരാട് കോലി, വെസ്റ്റ് ഡല്‍ഹി ക്രിക്കറ്റ് അക്കാഡമിയിലൂടെയാണ് കളിക്കളത്തിലെത്തുന്നത്. 2006 നവംബര്‍ 23ന് തമിഴ്‌നാടിനെതിരെ രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം. പത്ത് റണ്‍സായിരുന്നു ആദ്യ ഇന്നിംഗ്‌സിലെ സമ്പാദ്യം. രണ്ടുവര്‍ഷത്തിനിപ്പുറം കര്‍ണാടകയ്‌ക്കെതിരെയുളള മത്സരത്തിലെ പ്രകടനമാണ് കോലിയെ വാര്‍ത്തകളില്‍ നിറച്ചത്. അച്ഛന്റെ മരണവാര്‍ത്തകേട്ട് ക്രീസിലിറങ്ങിയ കോലി നേടിയത് 90 റണ്‍സ്. നിര്‍ണായക മത്സരത്തില്‍ നിര്‍ണായക ഇന്നിംഗ്‌സ് പുറത്തെടുത്ത കോലിയെ പ്രതിബദ്ധതയുടെ പ്രതിരൂപം എന്നാണ് ഡല്‍ഹി ക്യാപ്റ്റന്‍ മിഥുന്‍ മനാസ് അന്ന് വിശേഷിപ്പിച്ചത്.
രഞ്ജി ട്രോഫിയിലെ മികവ് കോലിയെ ഇന്ത്യന്‍ ജൂനിയര്‍ ടീമിലെത്തിച്ചു. 2008ല്‍ മലേഷ്യയില്‍ നടന്ന അണ്ടര്‍19 ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കി. നാലാമനായി ലോകകപ്പില്‍ ബാറ്റ്വീശിയ കോലി നേടിയത് 235 റണ്‍സ്. ആറു വിക്കറ്റും കോലിയുടെ നേട്ടത്തില്‍ ഉണ്ടായിരുന്നു. തൊട്ടടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന എമേര്‍ജിംഗ് പ്ലയേഴ്‌സ് 398 റണ്‍സെടുത്ത് ടോപ് സ്‌കോററായതോടെ ( ഏഴ് മത്സരം, രണ്ട് സെഞ്ച്വറി, രണ്ട് അര്‍ധസെഞ്ച്വറി) കോലി ടീം ഇന്ത്യയുടെ പടിവാതില്‍ക്കലെത്തി. താമസിയാതെ ഏകദിന ടീമിലേക്കുളള വിളിയും വന്നു. 
ശ്രീലങ്കയ്‌ക്കെതിരെ ഓപ്പണറായി അരങ്ങേറ്റം(12 റണ്‍സ്). നാലാം കളിയില്‍ തന്നെ അര്‍ധസെഞ്ച്വറി(54) നേടി പ്രതിഭയുടെ മാറ്ററിയിച്ചു. പിന്നീട് പകരക്കാരന്റെ വേഷത്തില്‍ മാറിമാറിയെത്തിയ കോലി 2009 അവസാനത്തോടെ സ്ഥിരാംഗമായി മാറി. ശേഷം ചരിത്രം.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 20ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ ആയിരുന്നു ടെസ്റ്റിലെ അരങ്ങേറ്റം. പിന്നീട് ഏഴു ടെസ്റ്റുകളില്‍കൂടി മധ്യനിരയിലെത്തി. ആകെ 491 റണ്‍സ്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറികളും. തോറ്റമ്പിയ ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍നിന്ന് തലയുയര്‍ത്തി മടങ്ങിയത് കോലി മാത്രമായിരുന്നു. ഈ മികവിനുളള അംഗീകാരമായി ഉപനായകന്റെ ചുമതലയും സെലക്ടര്‍മാര്‍ കോലിക്ക് നല്‍കി. ധോണിയുടെ പിന്‍ഗാമി ആരെന്ന് സംശയമില്ലാതെ അറിയിക്കുക കൂടിയായിരുന്നു കൃഷ്മാചാരി ശ്രീകാന്തും സംഘവും.
കാലം കാത്തിരിക്കുകയാണ് കോലിയുടെ മനോഹര ഇന്നിംഗ്‌സുകള്‍ക്കായി, ആരാധകരും.

No comments:

Resistance Bands, Free Blogger Templates