May 23, 2013

ക്രിക്കറ്റ് മാന്യന്‍മാരുടെ കളി തന്നെയാണ്


ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ എസ് ശ്രീശാന്ത് അടക്കം മൂന്ന് കളിക്കാര്‍ ഒത്തുകളിക്ക്പിടിക്കപ്പെട്ടതോടെ ആ പഴകിത്തേഞ്ഞ ചോദ്യം വീണ്ടും സജീവമായി. ക്രിക്കറ്റ് മാന്യന്‍മാരുടെ കളിയാണോ എന്ന പഴഞ്ചന്‍ ചോദ്യം. ക്രിക്കറ്റ് മാന്യന്‍മാരുടെ കളിയല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ കാര്യകാരണങ്ങളുടെ ഘോഷയാത്രയും പിന്നാലെ വന്നു.

സത്യത്തില്‍ ഇത് ക്രിക്കറ്റിന്റെ മാത്രം കുഴപ്പമാണോ?. ലോകത്തിനാകെ സംഭവിച്ച അപചയത്തിന്റെ ഭാഗം മാത്രമല്ലേ ക്രിക്കറ്റിലും സംഭവിച്ചത്. അല്ലാതെ ക്രിക്കറ്റിന് മാത്രമായി അപചയം ഇവിടെ സംഭവിച്ചോ?. കരുതിക്കൂട്ടി കാടടച്ച് വെടിവയ്ക്കുന്നതില്‍ കഴമ്പുണ്ടോ?. തീര്‍ച്ചയായും ഇല്ലെന്നാണ് ഈയുളളവന്റെ അഭിപ്രായം. നിങ്ങള്‍ക്ക് യോജിക്കാം വിയോജിക്കാം. എങ്കിലും ക്രിക്കറ്റ് മാന്യന്‍മാരുടെ കളിയല്ലാതായി മാറി എന്ന വാദക്കാരോടുളള എന്റെ വിയോജനക്കുറിപ്പാണിത്.

എസ് ശ്രീശാന്ത്, അങ്കിത് ചവാന്‍, അജീത് ചാന്തില എന്നിവര്‍ രാജസ്ഥാന്‍ റോയല്‍സിനെയും ക്രിക്കറ്റിനെയും കാശ് മുടക്കിയും അല്ലാതെയും കളികാണുന്നവരെയും വഞ്ചിച്ചു എന്നതില്‍ തര്‍ക്കമില്ല. രാജ്യത്ത് കിട്ടാവുന്നതില്‍ വച്ചേറ്റവും വലിയ ശിക്ഷ മാതൃകാപരമായി ഇവര്‍ക്ക് നല്‍കുകയും വേണം. ഇക്കാര്യത്തില്‍ ലേഖകന് രണ്ടഭിപ്രായമില്ല. പക്ഷേ, ഈ വാതുവയ്പുകൊണ്ട് ക്രിക്കറ്റ് മാന്യന്‍മാരുടെ കളി അല്ലാതാവുന്നില്ല.

ഇരുന്നൂറിലധികം കളിക്കാര്‍ ഒന്‍പത് ടീമുകളിലായി ഐ പി എല്ലില്‍ കളിക്കുന്നുണ്ട്. ഇതില്‍ മൂന്ന് പേരാണ് പിടിക്കപ്പെട്ടത്. ഒരുപക്ഷേ, കുറേക്കളിക്കാര്‍കൂടെ പിടിക്കപ്പെട്ടേക്കാം. അപ്പോഴും അതെങ്ങനെ കളിയുടെ കുഴപ്പമാവും. ദുരാഗ്രഹികളായ കളിക്കാരുടെ കുഴപ്പത്തിന് കളിയെന്ത് പിഴച്ചു. നമ്മുടെ സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് ക്രിക്കറ്റ് ലോകവും. എല്ലാത്തരത്തിലുമുളള മനുഷ്യരെയും കളിക്കാര്‍ക്കിടയിലും കാണാം. അപ്പോള്‍ ഒത്തുകളി തികച്ചും വ്യക്തിപരമോ അല്ലെങ്കില്‍ ചില ആളുകളുടെയോ ദുരാഗ്രഹം മാത്രമാണ്.

നമ്മള്‍ ഒരുകുട്ട ആപ്പിള്‍ വാങ്ങുമ്പോള്‍ അതില്‍ ഒന്നോ രണ്ടോ ചീഞ്ഞ ആപ്പിള്‍ കണ്ടേക്കാം. എന്നുകരുതി ആ കുട്ടമുഴുവനായി നമ്മള്‍ ഉപേക്ഷിക്കാറില്ല. രുചിയോടെ മറ്റ് ആപ്പിളുകള്‍ ഭക്ഷിക്കുകയും ചെയ്യും. ഇതുപോലെ ഒത്തുകളിക്കാരെ ശിക്ഷിക്കുകയാണ് വേണ്ടത്. ക്രിക്കറ്റ് പ്രേമികള്‍ ഒത്തുകളിക്കാരെയല്ല ഇഷ്ടപ്പെടുന്നത്. കളിയുടെ ആവേശത്തെയാണ്.

ഒത്തുകളി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മനുഷ്യന്‍ സമൂഹമായി ജീവിക്കാന്‍ തുടങ്ങിയ കാലത്ത് തുടങ്ങിയതാണ് ഈ ഏര്‍പ്പാട്. ക്രിക്കറ്റില്‍ മാത്രമല്ല, ജീവിതത്തിന്റെ സമസ്ത മേഖലയിലും ഇത് കാണാം. എന്നുവച്ച് നാം അതെല്ലാം ഉപേക്ഷിക്കാറില്ല. രാഷ്ട്രീയത്തിലും മതത്തിലും വ്യവസായത്തിലുമെല്ലാം ഒത്തുകളി സര്‍വസാധാരണമാണ്. മനുഷ്യന്‍ ജന്മനാ അത്യാഗ്രഹിയാണ്. അല്ലാത്തവര്‍ വിരളമായിരിക്കും. ഈ ആഗ്രഹത്തെ നിയന്ത്രിക്കാനുളള ശ്രമമാണ് ഒരര്‍ഥത്തില്‍ ജീവിതത്തിലെ ഏറ്റവും വലിയ പോരാട്ടം. ഈ പോരാട്ടത്തില്‍ തളരുന്നവര്‍ ഒത്തുകളിക്കും മറ്റ് കുത്സിത പ്രവര്‍ത്തനങ്ങള്‍ക്കും പുറകേ പോകുന്നതില്‍ അത്ഭുതമില്ല. മിക്കതും നമ്മള്‍ അറിയാത്തതിനാല്‍ എല്ലാം മാന്യതയുടെ മുഖംമൂടിയണിഞ്ഞിരികുന്നു എന്നുമാത്രം.

രാഷ്ട്രീയക്കാരുടെ കാര്യം തന്നെനോക്കൂ. അഴിമതി നടത്താത്ത എത്ര നേതാക്കള്‍ നമ്മുടെ നാട്ടിലുണ്ട്. കണക്കുകൂട്ടാന്‍പോലും പ്രയാസമുളളത്രയും കോടികളാണ് അഴിമതിയിലൂടെ നാടിനെ നന്നാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ സ്വന്തം അക്കൗണ്ടുകളിലേക്ക് ഒഴുക്കുന്നത്. രാഷ്ട്രീയപ്രബുദ്ധത പ്രസംഗിക്കുന്നവര്‍ ഇതൊക്കെ വിഴുങ്ങി രാഷ്ട്രീയക്കാരുടെ വാലാട്ടികളായി പോകുന്നില്ലേ?. അങ്ങനെയെങ്കില്‍ രാഷ്ട്രീയം ഇപ്പോള്‍ മാന്യന്‍മാരുടെ ഇടപാടാണോ?.

ലോകത്തില്‍ ഏറ്റവുമധികം മനുഷ്യരുടെ ജീവന്‍ അപഹരിച്ചത് ഇവിടെയുളള വിവിധ മതങ്ങളാണ്. മതങ്ങളുടെ പേരില്‍ ഇന്നും നിരവധിപ്പേര്‍ കൊല്ലപ്പെടുന്നു. എന്നിട്ടും ലോകം മതത്തിന് പിന്നാലെ പായുന്നു. മതപുരോഹിതരുടെ കാര്യമോ?. വേദങ്ങളെ ഉദ്ധരിച്ച് പ്രബോധനം നടത്തുന്ന പുരോഹിതന്മാരുടെ സ്വകാര്യജീവിതം (എല്ലാവരുടേയുമല്ല) എല്ലാവര്‍ക്കും അറിയാവുന്നതാണ്. എല്ലാംഅറിഞ്ഞിട്ടും ഒന്നും കണ്ടില്ലെന്ന് നടിക്കുന്നതിന് മാസ്റ്റര്‍ ഡിഗ്രിയുളള നമ്മള്‍ക്ക് അപ്പോഴും കുഴപ്പമൊന്നുമില്ല. മതം ഇപ്പോള്‍ മാന്യന്‍മാരുടെ ഇടപാടാണോ?.

ലോകത്തിന്റെ കാവലാളുകളായ മാധ്യമപ്രവര്‍ത്തകരുടെ കാര്യവും വ്യത്യസ്തമല്ല. പണംവാങ്ങി വാര്‍ത്ത നല്‍കുന്നതും പണംവാങ്ങി വാര്‍ത്ത നല്‍കാതിരിക്കുന്നതും പരസ്യമായ രഹസ്യമാണ്. അപ്പോള്‍ മാധ്യമപ്രവര്‍ത്തനം മാന്യന്‍മാരുടെ ഇടപാടാണോ?.

ലോകത്തെ ഏറ്റവും ജനനപ്രിയ കളിയാണ് ഫുട്‌ബോള്‍. ഇറ്റാലിയന്‍ ഫുട്‌ബോള്‍ എന്നും ഒത്തുകളി വിവാദത്തിന്റെ നിഴലിലാണ്. മൂന്ന് വര്‍ഷം മുന്‍പ് സെരി എ ചാമ്പ്യന്‍മാരായ യുവന്റസിനെ രണ്ടാം ഡിവിഷനിലേക്ക് ഒത്തുകളിയെത്തുടര്‍ന്ന് തരംതാഴ്ത്തി. സാക്ഷാല്‍ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കളിക്കുന്ന സ്പാനിഷ് ലീഗും ഇത്തവണ ഒത്തുകളി ആരോപണം നേരിട്ടിരിക്കുന്നു. ഇക്കാര്യത്തില്‍ സ്‌പെയ്‌നില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഫുട്‌ബോളില്‍ മാത്രമല്ല മറ്റ് കളികളിലും ഈ ഒത്തുകളിയെ നമുക്ക് അവഗണിക്കാനാവില്ല. കാരണം അത് യാഥാര്‍ഥ്യമാണ്. നന്‍മയും തിന്‍മയും ഉണ്ടെങ്കില്‍ സത്യവും അസത്യവും ഉണ്ടെങ്കില്‍ ഒത്തുകളിയും ചതിയും വഞ്ചനയുമെല്ലാം യാഥാര്‍ഥ്യമാണ്. അതുംകൂടി ചേര്‍ന്നതാണല്ലോ ഈ ലോകം. അപ്പോള്‍ ക്രിക്കറ്റ് എന്ന കളിമാത്രം ഇതില്‍നിന്നെങ്ങനെ മുക്തമാവും.

ലോകം മാറിക്കഴിഞ്ഞു. സുഖജീവതിമാണ് എല്ലാവരുടെയും ലക്ഷ്യം. അപ്പോള്‍ അടിച്ചുപൊളിക്കാനും ഇടിച്ച് നിരത്താനുമെല്ലാം കൈനിറയെ പണം വേണം. അതിന് ഏത് മാര്‍ഗവും സ്വീകരിക്കാന്‍ മനുഷ്യരിലെ ഒരുകൂട്ടര്‍ ഒരുക്കമാണ്. അക്കൂട്ടത്തില്‍പ്പെട്ടവരാണ് ക്രിക്കറ്റിലെ ഒത്തുകളിക്കാര്‍.

ഒത്തുകളിക്കാരെ ന്യായീകരിക്കുകയല്ല, മറിച്ച് ക്രിക്കറ്റിനെ, മറ്റ് കളികളെ, മാന്യന്‍മാരായ കളിക്കാരെയാണ് ഞാന്‍ ന്യായീകരിക്കുന്നത്. മൂന്നോ നാലോ പേര്‍ ചൂതാട്ടം നടത്തുന്നതിന് കളിയോ നല്ല കളിക്കാരോ ബലിയാടുകളാവരുത്. രാഹുല്‍ ദ്രാവിഡ് എന്ന ക്രിക്കറ്ററെ നോക്കുക. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത്രയേറെ ബഹുമാനം  നേടിയ കളിക്കാരന്‍ സമീപകാലത്തുണ്ടായിട്ടില്ല. കളിക്കളത്തിനകത്തും പുറത്തും തികഞ്ഞ മാന്യന്‍. എസ് ശ്രീശാന്തിനെപ്പോലുളള ദുരാഗ്രഹികള്‍ കോഴവാങ്ങുമ്പോള്‍ ദ്രാവിഡിനെപ്പോലുളളവരെയും ബാധിക്കുന്നു. ഇത് തടയേണ്ടത് കളിയെ നിയന്ത്രിക്കുന്നവരാണ്.

വ്യക്തികളാണ് പ്രധാനം. വ്യക്തികളുടെ അപചയത്തിന് ക്രിക്കറ്റിനെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. വ്യക്തികളുടെ അപചയം ഉണ്ടാവാതെ നോക്കേണ്ടത് കളിസംഘടനകളാണ്.  കാരണം, പെട്ടെന്ന് പണക്കാരാവുമ്പോല്‍ പലരും സ്വയംനിയന്ത്രണ രേഖയില്‍ നിന്ന് കുതറിപ്പോവുന്നു. ആക്രാന്തം അവരെ തെറ്റായ വഴികളിലേക്ക് നയിച്ചേക്കും. ഇവിടെയാണ് കളിമേലാളരുടെ നിയന്ത്രണ രേഖ വേണ്ടത്. ആ വര വരച്ചില്ലെങ്കില്‍ മാന്യന്‍മാരായ കളിക്കാരും കളങ്കിതരുടെ നിഴലില്‍ ആവും.

Keywords: Cricket, match fixing, spot fixing, bookies, Mohammad Azharuddin, Hansie Cronje, Kapil Dev, Manoj Prabhakar, Herschelle Gibbs, Ajay Jadeja, Indian cricket, Cricket in India, BCCI, cricket in Pakistan, s reeshanth, IPL 2013

No comments:

Resistance Bands, Free Blogger Templates