May 13, 2014

ഒരേയൊരു സനേറ്റി

മിലാന്‍: ലയണല്‍ മെസ്സി ബാഴ്‌സലോണയ്ക്ക് ദൈവപുത്രനാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡിന് യുവരാജാവും. ലോകമെമ്പാടും ആരാധകരുണ്ടെങ്കിലും എതിര്‍നിരയുടെ ആരാധകര്‍ ഏറ്റവും വലിയ  ശത്രുവായി കാണുന്നതും ഇവരെ തന്നെയായിരിക്കും. എന്നാല്‍ എതിരാളികളും അവരുടെ ആരാധകരും ഒരുപോലെ അംഗീക്കുന്ന അപൂര്‍വം കളിക്കാരേയുള്ളൂ ഫുട്‌ബോളില്‍, ഹവിയര്‍ സനേറ്റിയെപ്പോലെ ചിലര്‍.

ഇന്റര്‍ മിലാന്റെ അര്‍ജന്റൈന്‍ താരമാണ് ഹവിയര്‍ സനേറ്റി. 1995ല്‍ ഇറ്റാലിയന്‍ ക്ലബായ ഇന്ററിലെത്തിയ സനേറ്റി ഈ സീസണോടെ കളിക്കളത്തില്‍ നിന്ന് വിടപറയുകയാണ്. ക്ലബിന് വേണ്ടി ഏറ്റവുമധികം മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരമെന്ന റെക്കോര്‍ഡോടെയാണ് സനേറ്റി മടങ്ങുന്നത്.

സെരി എയില്‍ ഏറ്റവുമധികം മത്സരങ്ങളില്‍ കളിച്ച വിദേശതാരവും സനേറ്റിതന്നെ, 613 മത്സരങ്ങള്‍. സനേറ്റി ഇന്ററിന് വേണ്ടി 856 മത്സരങ്ങളില്‍ കളിച്ചാണ് റെക്കോര്‍ഡിട്ടത്. നീണ്ട 19 വര്‍ഷമാണ് സനേറ്റി ഇന്ററില്‍ കളിച്ചത്.

പണമൊഴുകുന്ന ആധുനിക ഫുട്‌ബോളില്‍ താരങ്ങള്‍ ക്ലബുകള്‍ മാറുന്നത് പുതുമയല്ല. മികച്ച ഫോമിലുള്ളവരെ എന്ത് വിലകൊടുത്തും ടീമുകള്‍ സ്വന്തമാക്കും. എന്നാല്‍ സനേറ്റിയെപ്പോലെ ചുരുക്കം കളിക്കാരേ വാഗ്ദാനങ്ങളെല്ലാം നിരസിച്ച് സ്വന്തം ടീമിനൊപ്പം ഉറച്ചു നില്‍ക്കാറുള്ളൂ. ഇവരെ മറ്റ് ടീമുകള്‍ക്ക് വിട്ടുകൊടുക്കാതെ ടീമുകളും കളിക്കാര്‍ക്കൊപ്പം നില്‍ക്കും. ഇത് ഒരു കളിക്കാരന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നാണ്. രണ്ട്  ലോകകപ്പുകളിലടക്കം അര്‍ജന്റീനയ്ക്ക് വേണ്ടി ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരവും സനേറ്റിയാണ്. 1998, 2002 ലോകകപ്പുകളിലടക്കം 145 മത്സരങ്ങളിലടക്കം അര്‍ജന്റീയുടെ കുപ്പായമണിഞ്ഞു.

ഇന്ററിനന്റെ സുപ്രധാന കിരീട നേട്ടങ്ങളിലെല്ലാം പങ്കാളിയാവുകയും ചെയ്തു. ഇതില്‍ സെരി എ, കോപ്പ ഇറ്റാലിയ, ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ ഒറ്റ സീസണില്‍ നേടിയതും ഉള്‍പ്പെടുന്നു.

എ സി മിലാന്റെ താരമായിരുന്ന പാവ്‌ലോ മാള്‍ഡീനിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ റയാന്‍ ഗിഗ്‌സിന്റെയുമെല്ലാം അപൂര്‍വ പിന്‍ഗാമിയാണ് സനേറ്റി. ദേശാതികള്‍ക്കപ്പുറത്ത് എല്ലാവരും ഒരുപോലെ സ്‌നേഹിക്കുന്ന താരങ്ങള്‍.
കളത്തിനകത്തും പുറത്തും തികഞ്ഞ മാന്യനാണ് സനേറ്റി. എതിരാളികള്‍പോലും ആദരിക്കുന്ന താരം.2006ല്‍ ഒത്തുകളി വിവാദം ഇറ്റാലിയന്‍ ഫുട്‌ബോളിനെ അടിമുടി ഉലച്ചപ്പോള്‍ ഇതിലേക്ക് വലിച്ചിഴയ്ക്കപ്പെടാത്ത താരമായിരുന്നു  സനേറ്റി. ഇന്ററിന്റെ എക്കാലത്തേയും മികച്ച ഫുള്‍ബാക്ക് എന്ന തലയെടുപ്പോടെയാണ് സനേറ്റി ബൂട്ടഴിക്കുന്നത്.

മാന്‍യു താരമായ ഗിഗ്‌സിന്റെ വാക്കുകളും സനേറ്റിയുട മികവിനുള്ള അംഗീകാരമാണ്. സനേറ്റിക്കെതിരെ പലതവണ എനിക്ക് കളിക്കേണ്ടി വന്നിട്ടുണ്ട്. കളിക്കളത്തില്‍ ഞാന്‍ നേരിട്ട ഏറ്റവും ശക്തനായ പ്രതിരോധ താരമാണ് സനേറ്റി. സമ്പൂര്‍ണ ഡിഫന്‍ഡര്‍. വേഗം, കരുത്ത്, ബുദ്ധി, പരിചയസമ്പത്ത്, സാങ്കേതികത്തികവ്...എല്ലാ മേഖലകളിലും സനേറ്റി മാതൃകാ താരമാണ്- ഗിഗ്‌സ് പറയുന്നു.
ബാഴ്‌സലോണയുടെ മിന്നും താരമായ മെസ്സിയെ എങ്ങനെ പൂട്ടിയിടാമെന്ന് തെളിയച്ചതും സനേറ്റിയായിരുന്നു. 1995ല്‍ ബാന്‍ഫീല്‍ഡില്‍ നിന്നാണ് സനേറ്റി ഇന്ററിലെത്തിയത്. എതിരാളികള്‍ പോലും ആദരിക്കുന്ന താരമാണ് സനേറ്റി. അദ്ദേഹത്തിനെതിരെ ആരും പറയുന്നത് ഞാന്‍ കേട്ടിട്ടില്ല- ഇറ്റലിയുടെ മുന്‍ സൂപ്പര്‍ താരം റോബര്‍ട്ടോ ബാജിയോ പറയുന്നു.

ഇന്ററിന്റെ കുപ്പായത്തില്‍ ബൂട്ടഴിക്കണമെന്നായിരുന്നു ആഗ്രഹം. എനിക്ക് സ്വന്തം വീടുപോലെയാണ് ഇന്റര്‍. കളിക്കളത്തില്‍ എന്റെ കഴിവിന്റെ പരമാവധി ടീമിനായി പുറത്തെടുത്തു. വിരമിച്ചാലും ഞാന്‍ ഇന്ററിനൊപ്പമുണ്ടാവും. ടീമിന്റെ സ്‌പോര്‍ട്‌സ് മാനേജറായി.പുതിയ വെല്ലുവിളിയും വിജയകരിമായ ചെയ്യാനാവുമെന്നാണ് പ്രതീക്ഷ- ഇന്റര്‍ നായകനായ സനേറ്റി പറഞ്ഞു.

No comments:

Resistance Bands, Free Blogger Templates