October 27, 2014

മുഹമ്മദന്‍സ്: ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഓര്‍മകളിലേക്കൊരു ലോംഗ്പാസ്‌

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, മഹേന്ദ്ര സിംഗ് ധോണി, വിരാട് കോലി, അഭിഷേക് ബച്ചന്‍, ഹൃതിക് റോഷന്‍, രണ്‍ബീര്‍ കപൂര്‍.ബോളിവുഡിലെയും ക്രിക്കറ്റിലെയും സൂപ്പര്‍ താരങ്ങള്‍. നിത അംബാനിയുടെ റിലയന്‍സ്, ആര്‍ത്തരിമ്പുന്ന ഗാലറികള്‍, ലോകോത്തര കളിക്കാര്‍.സ്വപ്നലോകത്തിലൂടെയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇപ്പോള്‍ ഉരുളുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സാധ്യമാക്കിയ സ്വപ്നലോകം. കളിക്കളത്തിലും കളത്തിന് പുറത്തും പുതിയകാലത്തിന്റെ ചേരുവകള്‍ എല്ലാമുണ്ട്. വിദൂരസ്വപ്നത്തില്‍പ്പോലും

ഇന്ത്യയിലെ കാല്‍പ്പന്തുപ്രേമികള്‍ ഇങ്ങനെയൊരുമാറ്റം പ്രതീക്ഷിച്ചിരിക്കില്ല. കാരണം ഐ എസ് എല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ കീഴ്‌മേല്‍ മറിച്ചിരിക്കുന്നു.ഈ വര്‍ണക്കാഴ്ചകള്‍ക്കിടെയാണ് കറുപ്പും വെളുപ്പും ചേര്‍ന്ന ജഴ്‌സിയില്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്രത്തിനൊപ്പം പന്തുതട്ടിയ മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് നിലനില്‍പിനായി പൊരുതുന്നത്.  അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയെക്കാള്‍ പ്രായം. ഇതിനേക്കാള്‍ ചരിത്രവും പാരമ്പര്യവും. ഇവയൊക്കെ  ഉണ്ടായിട്ടും മുഹമ്മദന്‍സിന് പുതിയ കാലത്തില്‍ പിടിച്ചുനില്‍ക്കാനാവുന്നില്ല. കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് മുഹമ്മദന്‍സിനെ വലയ്ക്കുന്നത്. കളിക്കാര്‍ക്കും പരിശീലകര്‍ക്കും ശമ്പളം മുടങ്ങിയിട്ട് നാളുകളേറെയായി.

പരിശീലനമില്ലാതെ കളിക്കളം പുല്ലുമൂടി. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ ക്ലബ് ലൈസന്‍സ് മാനദണ്ഡങ്ങള്‍ പാലിക്കാനും കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് ഒരുവര്‍ഷത്തേക്ക് ടീം വേണ്ടെന്നുവരെ മുഹമ്മദന്‍സ് തീരുമാനിച്ചു.ഞെട്ടലോടെയാണ് ഇന്ത്യന്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവര്‍ മുഹമ്മദന്‍സ് മാനേജ്മന്റിന്റെ തീരുമാനം കേട്ടത്. പ്രേംനാഥ് ഫിലിപ് അടക്കമുള്ള പഴയ മുഹമ്മദന്‍സുകാര്‍ക്ക് വിശ്വസിക്കാന്‍ പോലുമായില്ല. സാമ്പത്തിക സഹായവുമായി ചില സന്‍മനസ്സുകള്‍ രംഗത്തെത്തിയതോടെ ക്ലബ് പുനരുജ്ജീവിപ്പിക്കാനാവുമെന്ന വിശ്വാസത്തിലാണ് അണിയറപ്രവര്‍ത്തകര്‍. ഇത് സാധ്യമാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.

വെറുമൊരു ക്ലബല്ല മുഹമ്മദന്‍സ്

ഇന്ത്യന്‍ ഫുട്‌ബോളിന് വെറുമൊരു ക്ലബല്ല മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ്. മുഹമ്മദന്‍സിന്റെ ചരിത്രം ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്രം കൂടിയാണ്. ബ്രിട്ടീഷ് ആധിപത്യകാലത്ത് കല്‍ക്കട്ട ലീഗിലും ഡ്യൂറന്‍ഡ് കപ്പിലും ജേതാക്കളാവുന്ന ആദ്യ ഇന്ത്യന്‍ ക്ലബ്. വിദേശമണ്ണില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ ടീം. യൂറോപ്യന്‍ ലീഗില്‍ കളിച്ച ആദ്യ ഇന്ത്യക്കാരനായ മുഹമ്മദ് സലിമിനെ സംഭവാന ചെയ്ത ടീം.സമാനതകളില്ല മുഹമ്മദന്‍സിന്റെ നേട്ടങ്ങള്‍ക്ക്.കൊല്‍ക്കത്തന്‍ ഫുട്‌ബോളിലെ കൊലകൊമ്പന്‍മാരായ മോഹന്‍ ബഗാനോടും ഈസ്റ്റ് ബംഗാളിനോടും പടവെട്ടിയാണ് മുഹമ്മദന്‍സിന്റെ നേട്ടങ്ങളെല്ലാം. 1887ലാണ് തുടക്കം.

നവാബ് ആമിനുല്‍ ഇസ്ലാമിന്റെ കീഴില്‍ ജൂബിലി ക്ലബ് എന്ന പേരില്‍. പിന്നീട് ക്രസന്റ്, ഹമീദിയ എന്ന പേരുകള്‍ സ്വീകരിച്ചെങ്കിലും 1891 ല്‍ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ് ക്ലബ് എന്ന പേര് സ്വീകരിച്ചു. ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫ രൂപീകരിക്കുന്ന് 1904ലാണ്.പേര് സൂചിപ്പിക്കുന്നതുപോലെ കൊല്‍ക്കത്തയിലെ മുസ്ലീങ്ങളുടെ കൂട്ടായ്മയായിരുന്നു മുഹമ്മദന്‍സ് ക്ലബിന് പിന്നില്‍.  എങ്കിലും ജാതിമത വിത്യാസമില്ലാതെ എല്ലാവരും മുഹമ്മദന്‍സിനൊപ്പമുണ്ടായിരുന്നു. പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയുമൊക്കെ കളിക്കാര്‍ മുഹമ്മദന്‍സിന്റെ സ്വന്തം താരങ്ങളായിരുന്നു. നേപ്പാള്‍ രാജകുമാരനാണ് മുഹമ്മദന്‍സിലെ ആദ്യ അമുസ്ലീം താരം. അറുപതുകള്‍ മുതല്‍ അമുസ്ലീം താരങ്ങളെ മുഹമ്മദന്‍സില്‍ സ്ഥിര സാന്നിധ്യമായി. നിരവധി താരങ്ങളെ രാജ്യത്തിന് സമ്മാനിച്ചു.

കിരീടങ്ങളുടെ കൊയ്ത്തുകാലം

ജംഷെഡ് നസീരിയെപ്പോലെയുള്ള ഒന്നാംകിട വിദേശതാരങ്ങളെ ഇന്ത്യയിലെത്തിച്ചു.1960ല്‍ ധാക്കയില്‍ നടന്ന ആഘാ ഖാന്‍ ഗോള്‍ഡ് കപ്പ് നേടി മുഹമ്മദന്‍സ് വിദേശത്ത് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ ക്ലബായി. 1934ലായിരുന്നു ആദ്യ കല്‍ക്കട്ട ലീഗ് കിരീടം. പിന്നീട് തുടര്‍ച്ചയായി അഞ്ചു തവണയടക്കം പത്തുവട്ടംകൂടി ഈ നേട്ടം ആവര്‍ത്തിച്ചു. അഞ്ച് ഐ എഫ് എ ഷീല്‍ഡ്, ആറ് റോവേഴ്‌സ് കപ്പ്, നാല് ഡിസിഎം ട്രോഫി, ഫെഡറേഷന്‍ കപ്പും ഡ്യൂറന്‍ഡ് കപ്പും രണ്ടു തവണ വീതവും മുഹമ്മദന്‍സിന്റെ ടെന്റിലെത്തി.

മുഹമ്മദന്‍സിന്റെ കേരളാ ടച്ച്

കേരളത്തിനും മുഹമ്മദന്‍സുമായി അഭേദ്യ ബന്ധമാണുള്ളത്. ഒരുകാലത്ത് കൊല്‍ക്കത്തന്‍ ഫുട്‌ബോള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ടത്  മുഹമ്മദന്‍സിലൂടെയായിരുന്നു. സേഠ് നാഗ്ജി ടോഫിയില്‍ മുഹമ്മദന്‍സിന്റെ കളികാണാന്‍ കോഴിക്കോട്ടേക്ക് ഫുട്‌ബോള്‍ പ്രേമികള്‍ ഒഴുകിയെത്തിയത് പ്രേംനാഥ് ഫിലിപ്പിന്റെ ഓര്‍മകളില്‍ ഇപ്പോഴും നിറയുന്നു. ' മുഹമ്മദന്‍സിനോട് പ്രത്യേക സ്‌നേഹമായിരുന്നു മലബാറിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക്. അവരിലൂടെയാണ് കളിയും ഗാലറികളും തമ്മിലുള്ള ബന്ധം മനസ്സിലാക്കിയത്. കോര്‍ണര്‍ കിക്കെടുക്കാന്‍പോലും പ്രയാസമുള്ള തരത്തില്‍ ഗ്രൗണ്ടില്‍ കാണികള്‍ നിറയുമായിരുന്നു'.മുഹമ്മദന്‍സിലെ മലയാളിപ്പെരുമ ക്ലബിനോളം തലപ്പൊക്കമുള്ളതാണ്. ഇതുകൊണ്ടുകൂടിയാണ് മലയാളികള്‍ മുഹമ്മദന്‍സിനെ നെഞ്ചേറ്റിയത്. സാക്ഷാല്‍ ഒളിംപ്യന്‍ റഹ്മാന്‍

മുഹമ്മദന്‍സിന്റെ പരിശീലകനായിരുന്നു. എന്‍ ടി കരുണാകരനില്‍ തുടങ്ങുന്നു മുഹമ്മദന്‍സിലെ മലയാളി മാഹാത്മ്യം. പിന്നീട് മലയാളികള്‍ മുഹമ്മദന്‍സിന്റെ സ്ഥിര സാന്നിധ്യമായിരുന്നു. പാലക്കാട് മൂസ, സെയ്തു മുഹമ്മദ്, മുഹമ്മദ് കോയ, എന്‍.എം.നജീബ്, മൊയ്തീന്‍, പ്രേംനാഥ് ഫിലിപ്പ്,  അസീസ്, ദിനകര്‍ പ്രേമപ്പ, യു.മുഹമ്മദ്, കെ.വി ധനേഷ്,

നൗഷാദ്, ജസ്റ്റീന്‍ സ്റ്റീഫന്‍, മുഹമ്മദ് മുനീര്‍, ഡെന്‍സന്‍ ദേവദാസ്, ഷൈജു, ഷമീല്‍, ധനരാജന്‍.മുഹമ്മദന്‍സിലെ മലയാളിപ്പെരുമയുടെ ചില പേരുകള്‍ മാത്രമാണിത്. ഇക്കഴിഞ്ഞ സീസണില്‍ പാലക്കാട്ടുകാരനായ ധനരാജനായിരുന്നു മുഹമ്മദന്‍സിന്റെ നായകന്‍.ഒന്നേകാല്‍ നൂറ്റാണ്ടോളം നീണ്ട സുദീര്‍ഘ ചരിത്രത്തില്‍ അസ്ഥിരത എന്നും മുഹമ്മദന്‍സിന്റെ കൂടപ്പിറപ്പായിരുന്നു. സാമ്പത്തിക പ്രതിസന്ധി മിക്കപ്പോഴും ക്ലബിനെ വലച്ചു. കളിക്കാരുടെ കൂട്ടായ്മയും സൗഹൃദവുമായിരുന്നു പലപ്പോഴും ക്ലബിനെ രക്ഷിച്ചത്. 1983ലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച്  പ്രേംനാഥ് ഓര്‍ക്കുന്നത് ഇങ്ങനെ. ' സാമ്പത്തിക പ്രതിസന്ധി ഇതിനുമുന്‍പും മുഹമ്മദന്‍സിനൊപ്പമുണ്ടായിരുന്നു. കരാര്‍ ഒപ്പിടുന്നതിന് മുന്‍പ് കളിക്കാര്‍ 70 ശതമാനം പ്രതിഫലം മുന്‍കൂര്‍പറ്റുന്നതായിരുന്നു അന്നത്തെ രീതി.

പ്രതിസന്ധികളിലേക്കൊരു ലോംഗ് പാസ്

1983ല്‍ ടീം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ഞങ്ങള്‍ കളിക്കാരെല്ലാം യോഗം ചേര്‍ന്നു.  ജെംഷഡ് നസീരി, സുബീര്‍ സര്‍ക്കാര്‍, അതനു ഭട്ടാചാര്യ, ഷബീറലി, മൊയ്തുല്‍ ഇസ്ലാം തുടങ്ങിയവരെല്ലാം ഉണ്ടായിരുന്നു. പ്രതിഫലമില്ലാതെ കളിക്കാനായിരുന്നു തീരുമാനം. സീസണില്‍ മൂന്നോ നാലോ ടൂര്‍ണമെന്റുകളില്‍ കപ്പടിച്ചു. മറ്റ് ടൂര്‍ണമെന്റുകളില്‍ സെമിഫൈനലില്‍ എത്തി. ഇതോടെ ഞങ്ങള്‍ക്ക് കിട്ടേട്ട പ്രതിഫലം സമ്മാനത്തുകയിലൂടെ കിട്ടി. ഇത് മാനേജ്‌മെന്റ് ഞങ്ങള്‍ക്ക് തരുകയും ചെയ്തു'.കളിയും കളിനടത്തിപ്പും പണത്തെ മാത്രം ആശ്രയിച്ചായപ്പോള്‍ മുഹമ്മദന്‍സിന് വീണ്ടും അടിതെറ്റി. കളിക്കാര്‍ക്ക് ശരാശരി ശമ്പളംപോലും കൊടുക്കാനാവാതെ വലഞ്ഞു.

സ്‌പോണ്‍സര്‍ഷിപ്പിനായി എല്ലാ വാതിലുകളിലും മുട്ടി. മദ്യകമ്പനികള്‍ മാത്രമാണ് അനുകൂല നിലപാട് സ്വീകരിച്ചത്.  കൊല്‍ക്കത്തയിലെ വമ്പന്‍മാരായ മോഹന്‍ ബഗാന്റെയും ഈസ്റ്റ്ബംഗാളിന്റെയും സ്‌പോണ്‍സര്‍മാര്‍ മദ്യകമ്പനികളാണ്. എന്നാല്‍ പ്രവാചകന്റെ പേരിലുള്ള ക്ലബിന് മദ്യകമ്പനികളുടെ സാമ്പത്തിക സഹായം സ്വീകരിക്കാനാവില്ലായിരുന്നു. മാത്രമല്ല, അതുവരെ സ്‌പോണ്‍സര്‍മാരായിരുന്ന ശാരദാ ചിറ്റ് ഫണ്ട് കേസില്‍പ്പെട്ടതും ക്ലബ് സെക്രട്ടറി മിര്‍ മുഹമ്മദ് ഉമര്‍ കൊലപാതക്കേസ്സില്‍പ്പെട്ടതും ആഘാതമായി.തിരിച്ചടികള്‍ ഏറെയുണ്ടായെങ്കിലും  ഇക്കഴിഞ്ഞ സീസണില്‍ ഐ.എഫ്.എ ഷീല്‍ഡും ഡ്യൂറന്‍ഡ് കപ്പും ധനരാജന്റെ നേതൃത്വത്തിലുള്ള മുഹമ്മദന്‍സ് സ്വന്തമാക്കി. ഇതിന് ശേഷമാണ് മുഹമ്മദന്‍സ് അതിജീവനത്തിനായി വീര്‍പ്പുമുട്ടുന്നത്.സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി ശക്തമായി തിരിച്ചുവരുമെന്ന് ക്ലബ്  മാനേജ്മന്റ് പറയുമ്പോഴും എഫ് സി കൊച്ചിന്റെയും ജെ സി ടി ഫഗ്വാരയുടെയും മഹീന്ദ്ര യുണൈറ്റഡിന്റെയും വഴിയേ ഓര്‍മകളിലേക്കാണ് മുഹമ്മദന്‍സിന്റെയും ലോംഗ്പാസ്.

No comments:

Resistance Bands, Free Blogger Templates