ഓര്‍ത്തുവയ്ക്കുക. നീന്തല്‍ക്കുളത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകളിലേക്ക് ഇതാ ഒരു പേരുകൂടി; അര്‍ഹതാ മാഗവി. ദേശീയതാരം റിച്ച മിശ്രയെ അട്ടമിറിച്ചാണ് പതിനഞ്ചുകാരിയായ അര്‍ഹതാ മാഗവി ഇന്ത്യന്‍ പ്രതീക്ഷയായി നീന്തിക്കയറുന്നത്. ഇരട്ടറെക്കോര്‍ഡുകളോടെ അര്‍ഹത തിരുവനന്തപുരത്ത് നടക്കുന്ന അറുപത്തിമൂന്നാമത് ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പിന്റെ താരമായിമാറിക്കഴിഞ്ഞു. ബട്ടര്‍ഫ്‌ളൈ മത്‌സരങ്ങളിലാണ് അര്‍ഹതയാടെ അര്‍ഹമായ സുവര്‍ണ നേട്ടങ്ങള്‍.

ഒളിമ്പ്യന്‍ നിഷാ മില്ലറ്റിന്റെ കണ്ടെത്തലായ അര്‍ഹത 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിാണ് രാജ്യത്തെ ഏറ്റവും മികച്ച നീന്തല്‍താരമായ റിച്ച മിശ്രയെ അട്ടിമറിച്ചത്. എല്‍ എന്‍ സി പി ഇ നീന്തല്‍ക്കുളം കണ്ട ഏറ്റവും വാശിയേറിയ പന്തയത്തില്‍ അര്‍ഹതയുടെ കുതിപ്പിനെ അതിജീവിക്കാന്‍ പരിചയസമ്പന്നയായ റിച്ചയ്ക്ക് കഴിഞ്ഞില്ല. റിച്ച 2003ല്‍ സ്ഥാപിച്ച 01:04:81 സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് അര്‍ഹതയുടെ അതിവേഗത്തിന് മുന്നില്‍ വഴിമാറിയത്. മികച്ച തുടക്കം ലഭിച്ച അര്‍ഹത 01:03:24 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. റിച്ചയും(01:04:52സെ) സ്വന്തം സമയം മെച്ചപ്പെടുത്തിയെങ്കിലും രണ്ടാമതെത്താനെ കഴിഞ്ഞുളളൂ.

"റിച്ച മിശ്രയെ രണ്ടാമതാക്കുക എന്നത് സ്വപ്നനേട്ടമാണ്; അതും റെക്കോര്‍ഡ് നേട്ടത്തോടെ. ഏറെനാളായി സ്വപ്നം കണ്ട നിമിഷമാണിത്. ഒന്നാമതായി ഫിനിഷ് ചെയ്തനിമിഷം വാക്കുകളില്‍ പറഞ്ഞൊതുക്കാനാവില്ല. നല്ലതുടക്കം ലഭിച്ചതിനാല്‍ നേരത്തേനിശ്ചയിച്ചപോലെതന്നെ മത്‌സരം പൂര്‍ത്തിയാക്കാനായി'' മത്‌സരശേഷം അതീവസന്തോഷവതിയായ അര്‍ഹത പറഞ്ഞു.




ബാംഗ്‌ളൂര്‍ ബാള്‍ഡ്‌വിംഗ് ബോയ്‌സ് ആന്‍ഡ് ഗേള്‍സ് സ്കൂളിലെ പത്താംക്‌ളാസ് വിദ്യാര്‍ഥിനിയായ അര്‍ഹത ആദ്യമായാണ് റിച്ചയെ തോല്‍പ്പിക്കുന്നത്. ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാംദിനം 200 മീറ്ററിലും അര്‍ഹത റെക്കോര്‍ഡ് സ്വര്‍ണം നേടി. കഴിഞ്ഞവര്‍ഷം ഹൈദരാബാദില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ അര്‍ഹത മൂന്നു വ്യക്തിഗത സ്വര്‍ണവും മൂന്നു റിലേ സ്വര്‍ണവും നേടിയിരുന്നു. ഈ വര്‍ഷം സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ യൂത്ത് ഗെയിംസിലെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ വെളളിയും 2007ല്‍ പാകിസ്ഥാനില്‍ നടന്ന ദക്ഷിണേഷ്യന്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നു സ്വര്‍ണവും നേടിയിട്ടുണ്ട്. പൂനെയില്‍ നടന്ന യൂത്ത് കോമണ്‍വെല്‍ത്ത് ഗെയിംസിലെ 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ ഫൈനലിലെത്തി. പത്താംക്‌ളാസ് പരീക്ഷയടുക്കുന്നതിനാല്‍ ഇനിയുളള കുറച്ചുനാള്‍ പഠനത്തില്‍ ശ്രദ്ധേകന്ദ്രീകരിക്കാണ് ഉദ്ദേശിക്കുന്നതെന്ന് അര്‍ഹത പറഞ്ഞു.



ഇന്ത്യയിലെ ഏറ്റവും മികച്ച നീന്തല്‍ പരിശീലകനായ യു പ്രദീപ് കുമാറിന് കീഴില്‍ ബസവന്‍ഗുഡി അക്വാട്ടിക് ക്‌ളബിലാണ് അര്‍ഹതയുടെ പരിശീലനം. ഏഴു വയസുളളപ്പോള്‍, നിഷ മില്ലെറ്റ് നടത്തിയ പരിശീലനക്യാമ്പില്‍ പങ്കെടുത്തതാണ് അര്‍ഹതയെ ബി എ സി നീന്തല്‍ക്കുളത്തിലെത്തിച്ചത്. നിഷ പരിശീലക്യാമ്പില്‍ വച്ചുതന്നെ അര്‍ഹതയുടെ കഴിവുകള്‍ മുന്‍കൂട്ടികണ്ടു. നിഷയുടെ നിര്‍ദേശപ്രകാരം ബി എ സിയില്‍ വിദഗ്ധപരിശീലനവും ആരംഭിച്ചു. പ്രദീപ് കുമാറിന്റെ ശിക്ഷണം ലഭിച്ചതോടെ അര്‍ഹത രാജ്യമറിയുന്ന താരമായി വളരുകയും ചെയ്തു." റിച്ചയെ പരാജയപ്പെടുത്തുക എളുപ്പമല്ല. അതും ഈ പ്രായത്തില്‍. സവിശേഷമായ വിജയമാണ് അര്‍ഹത നേടിയത്'' മലയാളികൂടിയായ പ്രദീപ് പറഞ്ഞു.

ബാംഗ്‌ളൂരില്‍ സിവില്‍ എഞ്ചിനിയറായ ഗുരുബസവപ്പ മാഗവിയുടെയും നന്ദ മാഗവിയുടെയും മകളാണ് അര്‍ഹത.