April 19, 2016

ഫുട്ബോളിലെ ചൈനീസ് വിപ്ലവം

ലോകം ഇന്നുവരെ കാണാത്തൊരു വിപ്ലത്തിന് ഒരുങ്ങുകയാണ് ചൈന, ആരെയും മോഹിപ്പിക്കുന്ന ഫുട്ബോൾ വിപ്ലവത്തിന്. ലോകജനസംഖ്യയിൽ ഒന്നാം സ്ഥാനക്കാരായ ജനത ലോക ഫുട്ബോളിന്‍റെ അമരത്ത് എത്താനുള്ള വിപ്ലവം. ഇതിന് നേതൃത്വം നൽകുന്നതാവട്ടെ സാക്ഷാൽ ചൈനീസ് പ്രസിഡന്‍റ് ഷിൻ ജിൻ പിംഗും.

മിഷൻ 2050

കളിത്തട്ടിലെ ഉന്നംപിഴയ്ക്കാത്ത ഷോട്ടുകൾ പോലെയുള്ള പദ്ധതികളുമായാണ്  ചൈന ഫുട്ബോൾ ലോകം കീഴടക്കാനൊരുങ്ങുന്നത്-. ഇതിനായി വേൾഡ് ഫുട്ബോൾ സൂപ്പർ പവർ -2050 എന്ന പ്രത്യേക മാർഗരേഖയും പുറത്തിറക്കി-. . 50 നിർദേശങ്ങൾ അടങ്ങിയ മൂന്ന് ഘട്ടങ്ങളാണ് മാർഗരേഖയിലുള്ളത്. ഒന്നാം ഘട്ടത്തിൽ ഫുട്ബോളിന്‍റെ പ്രചാരവും അടിസ്ഥാന സൗകര്യ വികസനവും. ഏഷ്യയിലെ ഒന്നാം നന്പർ ടീമാവുക എന്നതാണ് 2030ൽ പൂർത്തിയാവുന്ന രണ്ടാം ഘട്ടത്തിന്‍റെ ലക്ഷ്യം. 2050ൽ പദ്ധതി മൂന്നാം ഘട്ടം പൂർത്തിയാവുന്പോൾ  ലോക ഫുട്ബോളിലെ സൂപ്പർ ശക്തിയാവുമെന്നാണ് ചൈനയുടെ പ്രതീക്ഷ. കടലാസിൽ ഒതുങ്ങുന്നതല്ല, മാർഗരേഖ. നിർദേശങ്ങൾ കർശനമായി നടപ്പാക്കാനുള്ള കാര്യങ്ങളും ഇതിൽ വ്യക്തമാക്കുന്നു.

കളിയും കളിത്തട്ടും കളിക്കാരും

ചൈനയുടെ ഏറ്റവും വലിയസന്പത്താണ് ജനസംഖ്യ. ഈ കരുത്ത് ഫുട്ബോളിലേക്ക് സന്നിവേശിപ്പിക്കുക എന്നതാണ് ആദ്യകടന്പ. തുടക്കം സ്കൂൾ കുട്ടികളിൽ നിന്ന്.  സ്കൂളുകളിലെ പ്രധാനകായിക വിനോദം ഫുട്ബോളായിരിക്കും. 2020 ആകുന്പോഴേക്കും മൂന്ന് കോടി സ്കൂൾ കുട്ടികളും രണ്ട് കോടി യുവാക്കളും പദ്ധതിയുടെ ഭാഗമായി പരിശീലനത്തിന്‍റെ ഭാഗമാവും. ഇവർക്കായി നാലു വർഷത്തിനിടെ നിർമിക്കുക ഇരുപതിനായിരം ഫുട്ബോൾ അക്കാഡമികളും ഏഴുപതിനായിരും സ്റ്റേഡിയങ്ങളും. പതിനായിരം പരിശീലകരെയും വാർത്തെടുക്കും. 2020  ഡിസംബർ 31നകം ആദ്യഘട്ടം പൂർത്തീകരിക്കണമെന്നാണ് മാർഗരേഖ നിർദേശം.ഏഷ്യ പിടിക്കാൻ

ഒളിംപിക്സിൽ കൈവരിച്ച അസൂയാവഹമായ നേട്ടം ഫുട്ബോളിലും ആവർത്തിക്കാമെന്നാണ് ചൈനയുടെ പ്രതീക്ഷ. ഇത് മുന്നിൽ കണ്ടാണ് ഒരുക്കങ്ങളെല്ലാം. അയൽക്കാരായ ജപ്പാന്‍റെയും ദക്ഷിണ കൊറിയയുടെയും മുന്നേറ്റവും  ചൈനയ്ക്ക് ആവേശം പകരുന്നു. ഫിഫ റാങ്കിംഗിൽ എൺപത്തിയൊന്നാം സ്ഥാനത്താണ് ചൈന. ഏഷ്യൻ റാങ്കിംഗിൽ ഏഴാം സ്ഥാനത്തും. ലോകകപ്പിൽ കളിച്ചത് ഒറ്റത്തവണ, 2002ൽ. ഒറ്റഗോൾ പോലും നേടാനാവാതെ ആദ്യ റൗണ്ടിൽ തന്നെ തോറ്റ് മടങ്ങി. 2004 ഏഷ്യൻ കപ്പിലെ ഫൈനൽ കളിച്ചതിൽ ഒതുങ്ങുന്നു വൻകരയിലെ നേട്ടം. ഇത്തവണത്തെ ലോകകപ്പ് യോഗ്യതാ റൗണ്ടിലും തിരിച്ചടി നേരിട്ടു. ഈ പശ്ചാത്തലത്തിലാണ് പുതിയ ചുവടുവയ്പ്.  2030ലാണ് പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയാവുക. ഇതിന് മുൻപ് ഏഷ്യയിലെ ഒന്നാം നന്പർ ടീമാവുക എന്നതാണ് ലക്ഷ്യം.

പദ്ധതിയിൽ പ്രാദേശിക ഭരണകൂടത്തിന് നിർണായക പങ്കാണുള്ളത്. ഓരോ പ്രദേശിക ഭരണകൂടവും അധികാര പരിധിയിൽ ചുരുങ്ങിയത് രണ്ട് സന്പൂർണ സ്റ്റേഡിയം നിർമിച്ചിരിക്കണം. നഗരങ്ങളിലെ പുതിയ ഫ്ലാറ്റ് സമുച്ചയങ്ങളിൽ അഞ്ച് പേരടങ്ങിയ ടീമുകൾക്ക് കളിക്കാവുന്ന കളിത്തട്ടുകൾ നിർമിക്കണമെന്നും നിർബന്ധം. സ്കൂളുകളിലും അക്കാഡമികളിലും ശാസ്ത്രീയ പരിശീലനം ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും.

ഫുട്ബോൾ വിപണി

കളിത്തട്ടിൽ മാത്രമല്ല, ഇക്കാലയളവിൽ തന്നെ സ്പോർട്സ് ഉൽപന്ന നിർമാണ വിപണിയിലും ചൈന മുന്നേറ്റം പ്രതീക്ഷിക്കുന്നു. നൈക്കിക്കും അഡിഡാസിനും ഒപ്പം നിൽക്കുന്ന ലോകോത്തര ബ്രാൻഡ് വികസിപ്പിക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. നിലവിൽ ചൈനയിലുള്ള ലി നിംഗ് പോലുള്ള കന്പനികൾക്ക് ഇത് അസാധ്യമല്ലെന്നാണ് വിലയിരുത്തൽ. പതിനഞ്ച് വർഷത്തിനകം ലി നിംഗ് നൈക്കിക്കൊപ്പം എത്തുമെന്ന് പ്രവചിക്കുന്നവർ കുറവല്ല. ഇതോടൊപ്പം രാജ്യാന്തര സ്പോർട്സ് കാംപസുകളുടെ വികസനവും ഉന്നംവയ്ക്കുന്നു.

ഫുട്ബോൾ നയതന്ത്രം

ഫുട്ബോളിലൂടെ വിവിധ രാജ്യങ്ങളുമായി നയതന്ത്ര^വാണിജ്യ ബന്ധങ്ങളും പദ്ധതിയുടെ ഭാഗമാണ്. 2007ൽ കോസ്റ്റാറിക്കയിൽ ചൈന നിർമിച്ച സ്റ്റേഡിയം ഇതിന് ഉദാഹരണം.  ചൈനയുടെ പ്രതിയോഗിയായ തായ്‍വാനായിരുന്നു കോസ്റ്റാറിക്കയിലെ നിർമാണ പ്രവർത്തനങ്ങളിൽ പ്രധാനമായും സഹകരിച്ചിരുന്നത്. തായ്‍വാനെ ഒഴിവാക്കി ചൈന കരാറുകൾ സ്വന്തമാക്കി. കോസ്റ്റാറിക്കൻ തലസ്ഥാന നഗരിയായ സാൻ ജോസിൽ 35,000 പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിന്‍റെ നിർമാണം പൂർത്തിയായപ്പോൾ ചൈനയുടെ ഖജനാവിലേക്ക് എത്തിയത് 100 ദശലക്ഷം ഡോളർ. ഇതിലൂടെയുള്ള തൊഴിലവസരങ്ങൾ വേറെ. 2010ൽ ആഫ്രിക്കൻ നേഷൻസ് കപ്പിന് ആതിഥേയരാവാൻ അംഗോളയെ സഹായിച്ചത് ചൈന. ഇപ്പോൾ ചൈനയ്ക്ക് എണ്ണനൽകുന്ന ഏറ്റവും വലിയ രണ്ടാമത്തെ സ്രോതസ്സുമായി അംഗോള. മറ്റ് രാജ്യങ്ങളുമായും ഇതേരീതിയിലുള്ള ബന്ധം ചൈന കണ്ണുവയ്ക്കുന്നു.


സൂപ്പറാവുന്ന സൂപ്പർ ലീഗ്


2004ൽ തുടക്കമില്ല ചൈനീസ് സൂപ്പർ ലീഗിന്‍റെ വളർച്ചയും പ്രചാരവുമാണ് പുതിയ പദ്ധതികളുടെ ആധാരം. 12 ടീമുകളുമായി തുടങ്ങിയ ലീഗ് വൻ വിജയമാണ്. ആരാധകർ ആർത്തിരന്പിയപ്പോൾ ടീമുകളുടെ എണ്ണം പതിനാറാക്കി ഉയർത്തി. ഈ സീസണിൽ ക്ലബുകൾ താരങ്ങളെ സ്വന്തമാക്കാനായി മുടക്കിയ തുക ആരെയും ഞെട്ടിക്കുന്നതാണ്;  300 ദശലക്ഷം ഡോളർ. ലോകത്തിലെ ഏറ്റവും ജനപ്രിയ പോരാട്ട വേദിയായ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുടക്കിയതിനേക്കാളും വലിയ തുക. റോബീഞ്ഞോ, പൗളീഞ്ഞോ, റെനാറ്റോ അഗസ്റ്റോ, എസേക്വിൽ ലാവേസി, അലക്സ് ‍ടെയ്ക്സേരിയ, ജാക്സിൻ മാർട്ടിനസ് തുടങ്ങിയ ലാറ്റിനമേരിക്കൻ താരങ്ങൾ ചൈനീസ് സൂപ്പർ ലീഗിന്‍റെ ഭാഗമായിക്കഴിഞ്ഞു. ലൂയി ഫിലിപ് സ്കൊളാരി, സ്വൻ ഗോരാൻ എറിക്സൻ തുടങ്ങിയ ലോകോത്തര പരിശീലകരും ലീഗിന് സ്വന്തം. രാജ്യത്തെ കോടീശ്വരൻമാരെ ആകർഷിച്ചാണ് ചൈന സൂപ്പർ ലീഗ് സൂപ്പറാക്കുന്നത്. മാത്രമല്ല, ചൈനീസ് കോടീശ്വരൻമാർ യൂറോപ്യൻ ക്ലബുകളിലും മുതൽ മുടക്കാൻ തുടങ്ങിയിരിക്കുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ 13 ശതമാനം ഓഹരി ചൈനീസ് മുതലാളിമാരുടെ കൈകളിലാണ്. അത്‍ലറ്റിക്കോ മാഡ്രിഡും എസ്പാനിയോളും ഫ്രാൻസിലെ ക്ലബുകളിലും ഓഹരി സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിലാണിപ്പോൾ ചൈനീസ് കോടീശ്വരൻമാർ.

ലോക കിരീടത്തിനായി

പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടം വിജയകരമായി പൂർത്തിയാവുന്പോഴേക്കും ലോകകപ്പ് എന്ന സ്വപ്നത്തിലേക്കാണ് ചൈന പന്ത് നീട്ടിയടിക്കുന്നത്. 2050ൽ അവസാന ഘട്ടം പൂർത്തിയാവും മുൻപ് ലോകകപ്പിന്  വേദിയാവാൻ ചൈന സജ്ജമാവും. മാത്രമല്ല, കിരീടവും  സ്വപ്നം കാണുന്നു. ഇതിനുള്ള ചവിട്ടുപടികളാണ് ചൈനീസ് പ്രസിഡന്‍റ് നേരിട്ട് മേൽനോട്ടം വഹിക്കുന്ന  വേൾഡ് ഫുട്ബോൾ സൂപ്പർ പവർ -2050ൽ ഉള്ളത്.


   

October 27, 2014

മുഹമ്മദന്‍സ്: ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഓര്‍മകളിലേക്കൊരു ലോംഗ്പാസ്‌

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, മഹേന്ദ്ര സിംഗ് ധോണി, വിരാട് കോലി, അഭിഷേക് ബച്ചന്‍, ഹൃതിക് റോഷന്‍, രണ്‍ബീര്‍ കപൂര്‍.ബോളിവുഡിലെയും ക്രിക്കറ്റിലെയും സൂപ്പര്‍ താരങ്ങള്‍. നിത അംബാനിയുടെ റിലയന്‍സ്, ആര്‍ത്തരിമ്പുന്ന ഗാലറികള്‍, ലോകോത്തര കളിക്കാര്‍.സ്വപ്നലോകത്തിലൂടെയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇപ്പോള്‍ ഉരുളുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സാധ്യമാക്കിയ സ്വപ്നലോകം. കളിക്കളത്തിലും കളത്തിന് പുറത്തും പുതിയകാലത്തിന്റെ ചേരുവകള്‍ എല്ലാമുണ്ട്. വിദൂരസ്വപ്നത്തില്‍പ്പോലും

ഇന്ത്യയിലെ കാല്‍പ്പന്തുപ്രേമികള്‍ ഇങ്ങനെയൊരുമാറ്റം പ്രതീക്ഷിച്ചിരിക്കില്ല. കാരണം ഐ എസ് എല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ കീഴ്‌മേല്‍ മറിച്ചിരിക്കുന്നു.ഈ വര്‍ണക്കാഴ്ചകള്‍ക്കിടെയാണ് കറുപ്പും വെളുപ്പും ചേര്‍ന്ന ജഴ്‌സിയില്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്രത്തിനൊപ്പം പന്തുതട്ടിയ മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് നിലനില്‍പിനായി പൊരുതുന്നത്.  അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയെക്കാള്‍ പ്രായം. ഇതിനേക്കാള്‍ ചരിത്രവും പാരമ്പര്യവും. ഇവയൊക്കെ  ഉണ്ടായിട്ടും മുഹമ്മദന്‍സിന് പുതിയ കാലത്തില്‍ പിടിച്ചുനില്‍ക്കാനാവുന്നില്ല. കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് മുഹമ്മദന്‍സിനെ വലയ്ക്കുന്നത്. കളിക്കാര്‍ക്കും പരിശീലകര്‍ക്കും ശമ്പളം മുടങ്ങിയിട്ട് നാളുകളേറെയായി.

പരിശീലനമില്ലാതെ കളിക്കളം പുല്ലുമൂടി. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ ക്ലബ് ലൈസന്‍സ് മാനദണ്ഡങ്ങള്‍ പാലിക്കാനും കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് ഒരുവര്‍ഷത്തേക്ക് ടീം വേണ്ടെന്നുവരെ മുഹമ്മദന്‍സ് തീരുമാനിച്ചു.ഞെട്ടലോടെയാണ് ഇന്ത്യന്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവര്‍ മുഹമ്മദന്‍സ് മാനേജ്മന്റിന്റെ തീരുമാനം കേട്ടത്. പ്രേംനാഥ് ഫിലിപ് അടക്കമുള്ള പഴയ മുഹമ്മദന്‍സുകാര്‍ക്ക് വിശ്വസിക്കാന്‍ പോലുമായില്ല. സാമ്പത്തിക സഹായവുമായി ചില സന്‍മനസ്സുകള്‍ രംഗത്തെത്തിയതോടെ ക്ലബ് പുനരുജ്ജീവിപ്പിക്കാനാവുമെന്ന വിശ്വാസത്തിലാണ് അണിയറപ്രവര്‍ത്തകര്‍. ഇത് സാധ്യമാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.

വെറുമൊരു ക്ലബല്ല മുഹമ്മദന്‍സ്

ഇന്ത്യന്‍ ഫുട്‌ബോളിന് വെറുമൊരു ക്ലബല്ല മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ്. മുഹമ്മദന്‍സിന്റെ ചരിത്രം ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്രം കൂടിയാണ്. ബ്രിട്ടീഷ് ആധിപത്യകാലത്ത് കല്‍ക്കട്ട ലീഗിലും ഡ്യൂറന്‍ഡ് കപ്പിലും ജേതാക്കളാവുന്ന ആദ്യ ഇന്ത്യന്‍ ക്ലബ്. വിദേശമണ്ണില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ ടീം. യൂറോപ്യന്‍ ലീഗില്‍ കളിച്ച ആദ്യ ഇന്ത്യക്കാരനായ മുഹമ്മദ് സലിമിനെ സംഭവാന ചെയ്ത ടീം.സമാനതകളില്ല മുഹമ്മദന്‍സിന്റെ നേട്ടങ്ങള്‍ക്ക്.കൊല്‍ക്കത്തന്‍ ഫുട്‌ബോളിലെ കൊലകൊമ്പന്‍മാരായ മോഹന്‍ ബഗാനോടും ഈസ്റ്റ് ബംഗാളിനോടും പടവെട്ടിയാണ് മുഹമ്മദന്‍സിന്റെ നേട്ടങ്ങളെല്ലാം. 1887ലാണ് തുടക്കം.

നവാബ് ആമിനുല്‍ ഇസ്ലാമിന്റെ കീഴില്‍ ജൂബിലി ക്ലബ് എന്ന പേരില്‍. പിന്നീട് ക്രസന്റ്, ഹമീദിയ എന്ന പേരുകള്‍ സ്വീകരിച്ചെങ്കിലും 1891 ല്‍ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ് ക്ലബ് എന്ന പേര് സ്വീകരിച്ചു. ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫ രൂപീകരിക്കുന്ന് 1904ലാണ്.പേര് സൂചിപ്പിക്കുന്നതുപോലെ കൊല്‍ക്കത്തയിലെ മുസ്ലീങ്ങളുടെ കൂട്ടായ്മയായിരുന്നു മുഹമ്മദന്‍സ് ക്ലബിന് പിന്നില്‍.  എങ്കിലും ജാതിമത വിത്യാസമില്ലാതെ എല്ലാവരും മുഹമ്മദന്‍സിനൊപ്പമുണ്ടായിരുന്നു. പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയുമൊക്കെ കളിക്കാര്‍ മുഹമ്മദന്‍സിന്റെ സ്വന്തം താരങ്ങളായിരുന്നു. നേപ്പാള്‍ രാജകുമാരനാണ് മുഹമ്മദന്‍സിലെ ആദ്യ അമുസ്ലീം താരം. അറുപതുകള്‍ മുതല്‍ അമുസ്ലീം താരങ്ങളെ മുഹമ്മദന്‍സില്‍ സ്ഥിര സാന്നിധ്യമായി. നിരവധി താരങ്ങളെ രാജ്യത്തിന് സമ്മാനിച്ചു.

കിരീടങ്ങളുടെ കൊയ്ത്തുകാലം

ജംഷെഡ് നസീരിയെപ്പോലെയുള്ള ഒന്നാംകിട വിദേശതാരങ്ങളെ ഇന്ത്യയിലെത്തിച്ചു.1960ല്‍ ധാക്കയില്‍ നടന്ന ആഘാ ഖാന്‍ ഗോള്‍ഡ് കപ്പ് നേടി മുഹമ്മദന്‍സ് വിദേശത്ത് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ ക്ലബായി. 1934ലായിരുന്നു ആദ്യ കല്‍ക്കട്ട ലീഗ് കിരീടം. പിന്നീട് തുടര്‍ച്ചയായി അഞ്ചു തവണയടക്കം പത്തുവട്ടംകൂടി ഈ നേട്ടം ആവര്‍ത്തിച്ചു. അഞ്ച് ഐ എഫ് എ ഷീല്‍ഡ്, ആറ് റോവേഴ്‌സ് കപ്പ്, നാല് ഡിസിഎം ട്രോഫി, ഫെഡറേഷന്‍ കപ്പും ഡ്യൂറന്‍ഡ് കപ്പും രണ്ടു തവണ വീതവും മുഹമ്മദന്‍സിന്റെ ടെന്റിലെത്തി.

മുഹമ്മദന്‍സിന്റെ കേരളാ ടച്ച്

കേരളത്തിനും മുഹമ്മദന്‍സുമായി അഭേദ്യ ബന്ധമാണുള്ളത്. ഒരുകാലത്ത് കൊല്‍ക്കത്തന്‍ ഫുട്‌ബോള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ടത്  മുഹമ്മദന്‍സിലൂടെയായിരുന്നു. സേഠ് നാഗ്ജി ടോഫിയില്‍ മുഹമ്മദന്‍സിന്റെ കളികാണാന്‍ കോഴിക്കോട്ടേക്ക് ഫുട്‌ബോള്‍ പ്രേമികള്‍ ഒഴുകിയെത്തിയത് പ്രേംനാഥ് ഫിലിപ്പിന്റെ ഓര്‍മകളില്‍ ഇപ്പോഴും നിറയുന്നു. ' മുഹമ്മദന്‍സിനോട് പ്രത്യേക സ്‌നേഹമായിരുന്നു മലബാറിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക്. അവരിലൂടെയാണ് കളിയും ഗാലറികളും തമ്മിലുള്ള ബന്ധം മനസ്സിലാക്കിയത്. കോര്‍ണര്‍ കിക്കെടുക്കാന്‍പോലും പ്രയാസമുള്ള തരത്തില്‍ ഗ്രൗണ്ടില്‍ കാണികള്‍ നിറയുമായിരുന്നു'.മുഹമ്മദന്‍സിലെ മലയാളിപ്പെരുമ ക്ലബിനോളം തലപ്പൊക്കമുള്ളതാണ്. ഇതുകൊണ്ടുകൂടിയാണ് മലയാളികള്‍ മുഹമ്മദന്‍സിനെ നെഞ്ചേറ്റിയത്. സാക്ഷാല്‍ ഒളിംപ്യന്‍ റഹ്മാന്‍

മുഹമ്മദന്‍സിന്റെ പരിശീലകനായിരുന്നു. എന്‍ ടി കരുണാകരനില്‍ തുടങ്ങുന്നു മുഹമ്മദന്‍സിലെ മലയാളി മാഹാത്മ്യം. പിന്നീട് മലയാളികള്‍ മുഹമ്മദന്‍സിന്റെ സ്ഥിര സാന്നിധ്യമായിരുന്നു. പാലക്കാട് മൂസ, സെയ്തു മുഹമ്മദ്, മുഹമ്മദ് കോയ, എന്‍.എം.നജീബ്, മൊയ്തീന്‍, പ്രേംനാഥ് ഫിലിപ്പ്,  അസീസ്, ദിനകര്‍ പ്രേമപ്പ, യു.മുഹമ്മദ്, കെ.വി ധനേഷ്,

നൗഷാദ്, ജസ്റ്റീന്‍ സ്റ്റീഫന്‍, മുഹമ്മദ് മുനീര്‍, ഡെന്‍സന്‍ ദേവദാസ്, ഷൈജു, ഷമീല്‍, ധനരാജന്‍.മുഹമ്മദന്‍സിലെ മലയാളിപ്പെരുമയുടെ ചില പേരുകള്‍ മാത്രമാണിത്. ഇക്കഴിഞ്ഞ സീസണില്‍ പാലക്കാട്ടുകാരനായ ധനരാജനായിരുന്നു മുഹമ്മദന്‍സിന്റെ നായകന്‍.ഒന്നേകാല്‍ നൂറ്റാണ്ടോളം നീണ്ട സുദീര്‍ഘ ചരിത്രത്തില്‍ അസ്ഥിരത എന്നും മുഹമ്മദന്‍സിന്റെ കൂടപ്പിറപ്പായിരുന്നു. സാമ്പത്തിക പ്രതിസന്ധി മിക്കപ്പോഴും ക്ലബിനെ വലച്ചു. കളിക്കാരുടെ കൂട്ടായ്മയും സൗഹൃദവുമായിരുന്നു പലപ്പോഴും ക്ലബിനെ രക്ഷിച്ചത്. 1983ലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച്  പ്രേംനാഥ് ഓര്‍ക്കുന്നത് ഇങ്ങനെ. ' സാമ്പത്തിക പ്രതിസന്ധി ഇതിനുമുന്‍പും മുഹമ്മദന്‍സിനൊപ്പമുണ്ടായിരുന്നു. കരാര്‍ ഒപ്പിടുന്നതിന് മുന്‍പ് കളിക്കാര്‍ 70 ശതമാനം പ്രതിഫലം മുന്‍കൂര്‍പറ്റുന്നതായിരുന്നു അന്നത്തെ രീതി.

പ്രതിസന്ധികളിലേക്കൊരു ലോംഗ് പാസ്

1983ല്‍ ടീം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ഞങ്ങള്‍ കളിക്കാരെല്ലാം യോഗം ചേര്‍ന്നു.  ജെംഷഡ് നസീരി, സുബീര്‍ സര്‍ക്കാര്‍, അതനു ഭട്ടാചാര്യ, ഷബീറലി, മൊയ്തുല്‍ ഇസ്ലാം തുടങ്ങിയവരെല്ലാം ഉണ്ടായിരുന്നു. പ്രതിഫലമില്ലാതെ കളിക്കാനായിരുന്നു തീരുമാനം. സീസണില്‍ മൂന്നോ നാലോ ടൂര്‍ണമെന്റുകളില്‍ കപ്പടിച്ചു. മറ്റ് ടൂര്‍ണമെന്റുകളില്‍ സെമിഫൈനലില്‍ എത്തി. ഇതോടെ ഞങ്ങള്‍ക്ക് കിട്ടേട്ട പ്രതിഫലം സമ്മാനത്തുകയിലൂടെ കിട്ടി. ഇത് മാനേജ്‌മെന്റ് ഞങ്ങള്‍ക്ക് തരുകയും ചെയ്തു'.കളിയും കളിനടത്തിപ്പും പണത്തെ മാത്രം ആശ്രയിച്ചായപ്പോള്‍ മുഹമ്മദന്‍സിന് വീണ്ടും അടിതെറ്റി. കളിക്കാര്‍ക്ക് ശരാശരി ശമ്പളംപോലും കൊടുക്കാനാവാതെ വലഞ്ഞു.

സ്‌പോണ്‍സര്‍ഷിപ്പിനായി എല്ലാ വാതിലുകളിലും മുട്ടി. മദ്യകമ്പനികള്‍ മാത്രമാണ് അനുകൂല നിലപാട് സ്വീകരിച്ചത്.  കൊല്‍ക്കത്തയിലെ വമ്പന്‍മാരായ മോഹന്‍ ബഗാന്റെയും ഈസ്റ്റ്ബംഗാളിന്റെയും സ്‌പോണ്‍സര്‍മാര്‍ മദ്യകമ്പനികളാണ്. എന്നാല്‍ പ്രവാചകന്റെ പേരിലുള്ള ക്ലബിന് മദ്യകമ്പനികളുടെ സാമ്പത്തിക സഹായം സ്വീകരിക്കാനാവില്ലായിരുന്നു. മാത്രമല്ല, അതുവരെ സ്‌പോണ്‍സര്‍മാരായിരുന്ന ശാരദാ ചിറ്റ് ഫണ്ട് കേസില്‍പ്പെട്ടതും ക്ലബ് സെക്രട്ടറി മിര്‍ മുഹമ്മദ് ഉമര്‍ കൊലപാതക്കേസ്സില്‍പ്പെട്ടതും ആഘാതമായി.തിരിച്ചടികള്‍ ഏറെയുണ്ടായെങ്കിലും  ഇക്കഴിഞ്ഞ സീസണില്‍ ഐ.എഫ്.എ ഷീല്‍ഡും ഡ്യൂറന്‍ഡ് കപ്പും ധനരാജന്റെ നേതൃത്വത്തിലുള്ള മുഹമ്മദന്‍സ് സ്വന്തമാക്കി. ഇതിന് ശേഷമാണ് മുഹമ്മദന്‍സ് അതിജീവനത്തിനായി വീര്‍പ്പുമുട്ടുന്നത്.സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി ശക്തമായി തിരിച്ചുവരുമെന്ന് ക്ലബ്  മാനേജ്മന്റ് പറയുമ്പോഴും എഫ് സി കൊച്ചിന്റെയും ജെ സി ടി ഫഗ്വാരയുടെയും മഹീന്ദ്ര യുണൈറ്റഡിന്റെയും വഴിയേ ഓര്‍മകളിലേക്കാണ് മുഹമ്മദന്‍സിന്റെയും ലോംഗ്പാസ്.

June 1, 2014

തിരികെ വരുമോ ആ നല്ലകാലം...?

തിരുവനന്തപുരം: ചൂടും ചൂരുമുള്ള കളിക്കാരും കളികളും. ആളും ആരവവുമുള്ള ഗാലറികള്‍. എണ്‍പതുകളിലെ ജി വി രാജ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനെക്കുറിച്ചുള്ള അനന്തപുരിയിലെ പഴമക്കാരുടെ ഓര്‍മയാണിത്. നിറഞ്ഞുതുളുമ്പിയ ഗാലറിക്ക് മുന്നിലായിരുന്നു ഓരോ കളികളും അരങ്ങേറിയിരുന്നത്. കാലങ്ങള്‍ക്കിപ്പുറം
കായിക കേരളത്തിന്റെ പിതാവിന്റെ പേരിലുള്ള ടൂര്‍ണമെന്റ് തൊഴുത്തില്‍ക്കെട്ടിയ ആനയെപ്പോലെ ആയിരിക്കുന്നു. ചൂടും ചൂരുമുള്ള കളിക്കാരും കളികളുമില്ല. അതുകൊണ്ടുതന്നെ ഗാലറികളില്‍ ആളും ആരവവുമില്ല.

കേരളമെന്ന ഇട്ടാവട്ടത്തെ ലോകകായിക ഭൂപടത്തില്‍ പ്രതിഷ്ഠിച്ച ജി വി രാജയോടുള്ള ആദരവായാണ് തലസ്ഥാന നഗരിയില്‍ അദ്ദേഹത്തിന്റെ പേരില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായത്. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനായിരുന്നു സംഘാടകര്‍. മുംബൈ ടാറ്റാസ്, ബി എസ് എഫ് ജലന്ധര്‍, പഞ്ചാബ് പൊലീസ്, ഇ എം ഇ സെക്കഡന്‍ഡറാബാദ്, എം ഇ ജി ബാംഗ്ലൂര്‍, ജെര്‍ണെയ്ല്‍ സിംഗ് നയിച്ച ലീഡേഴ്‌സ് പഞ്ചാബ്, സേസ ഗോവ, വാസ്‌കോ ഗോവ, കേരള ടീമുകളായ പ്രിമിയര്‍ ടയേഴ്‌സ്, കെല്‍ട്രോണ്‍, ടൈറ്റാനിയം, അലിന്‍ഡ് തുടങ്ങിയവരാണ് ജി വി രാജ ട്രോഫിക്കായി പോരടിച്ചത്. രാജ്യത്തെ മുന്‍നിര താരങ്ങളുടെ കളികാണാന്‍ തലസ്ഥാന നഗരിലെ ഫുട്‌ബോള്‍ പ്രേമികളെല്ലാം ഗാലറികളിലേക്ക് ഒഴുകിയെത്തി.

കുട്ടിക്കാലത്ത് അച്ഛനോടൊപ്പമാണ് ജി വി രാജ ടൂര്‍ണമെന്റ് കാണാനെത്തിയിരുന്നത്. ആഘോഷമായിരുന്നു ആ ദിവസങ്ങളില്‍. മത്സരത്തിന് പോകാത്ത ദിവസങ്ങളില്‍ കളിവിവരണം തത്സമയം കേള്‍ക്കാന്‍ കാതുകള്‍ റേഡിയോയോട് ചേര്‍ത്തുവച്ചു. ആവേശം തുളുമ്പുന്ന  ജനസാഗരമായിരുന്നു ഗാലറികളില്‍. ഗോള്‍പോസ്റ്റിന് പുറകിലെ ആവേശക്കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. സേസ ഗോവ - മുംബൈ ടാറ്റാസ് ഫൈനല്‍ 1-1ന് സമനിലിയില്‍ അവസാനിച്ചപ്പോള്‍ മത്സരം വീണ്ടും നടത്തി. അപ്പോഴും സമനിയിലാണ് ഇരുടീമുകളും പിരിഞ്ഞത്. മത്സരത്തിലെ ഓരോ ഷോട്ടുകള്‍ക്കും നല്ല മുന്നേറ്റങ്ങള്‍ക്കും ഗാലറികള്‍ ആര്‍ത്തിരമ്പിയത് ഇപ്പോഴും എന്റെ കാതുകളിലുണ്ട്- അന്നത്തെ നിറഞ്ഞുകവിഞ്ഞ ഗാലറിയുടെ അസ്ഥികൂടംപോലുമില്ലാത്ത ഇന്നത്തെ മത്സരം കാണവേ പ്രമുഖ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് പ്രവീണ്‍ ചന്ദ്രന്‍ ഓര്‍ക്കുന്നു.

1984ലാണ് ജി വി രാജ ഫുട്‌ബോളില്‍ കണ്ണീര്‍ വീണത്. അന്ന് ഫൈനലില്‍ തിരുവനന്തപുരത്തിന്റെ സ്വന്തം ടൈറ്റാനിയും കരുത്തരായ മുംബൈ ടാറ്റാസിനെ നേരിടാന്‍ തയ്യാറെടുക്കുന്നു. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം അന്നുവരെ കാണാത്ത ജനക്കൂട്ടമാണ് ഫൈനല്‍ കാണാനെത്തിയത്. പക്ഷേ മത്സരം തുടങ്ങുന്നതിന് മുന്‍പ് താല്‍ക്കാലികമായി നിര്‍മിച്ച പടിഞ്ഞാറുവശത്തെ ഗാലറി തകര്‍ന്നുവീണു. രണ്ടുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഫൈനല്‍ നടന്നില്ല.

''റെക്കോര്‍ഡ് കളക്ഷനായിരുന്നു ഫൈനലിന്. ഗാലികളില്‍ ഒരിഞ്ചു സ്ഥലംപോലും ബാക്കിയില്ല. തിരുവനന്തപുരം അത്രവലിയ ജനക്കൂട്ടത്തെ ഫുട്‌ബോളിനായി അതിന് മുന്‍പ് കണ്ടിട്ടില്ല. മത്സേരത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ മഴപെയ്തതിനാല്‍ മുള ഉപയോഗിച്ചുള്ള ഗാലറികളിലെ ചില കെട്ടുകളെല്ലാം അയഞ്ഞുപോയിരുന്നു. അത് ശ്രദ്ധിച്ചിരുന്നില്ല. കളി തുടങ്ങുന്നതിന് മുന്‍പേ കാണികള്‍ ചാട്ടവും ആഹ്ലാദ പ്രകടനങ്ങളുമെല്ലാം തുടങ്ങി. അതോടെ ഗാലറി തര്‍ന്നുവീണു'- 1984ലെ ദുരന്തത്തെക്കുറിച്ച് അന്നത്തെ സംഘാടകരില്‍ പ്രമുഖനായ കെ ബോധാനന്ദന്‍ പറഞ്ഞു. രണ്ടുപേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അപകടം നടന്നതോടെ ടൂര്‍ണമെന്റിനും ലോംഗ് വിസില്‍ മുഴങ്ങി.

കലണ്ടറില്‍ നിന്ന് വര്‍ഷങ്ങള്‍ ഏറെമറിഞ്ഞുപോയി. കാല്‍ നൂറ്റാണ്ടിന് ശേഷം ജി വി രാജ ടൂര്‍ണമെന്റ് പുനരുജ്ജീവിപ്പിച്ചു, 2010ല്‍. ഊര്‍ധ്വന്‍ വലിക്കുന്ന കേരള ഫുട്‌ബോളിന് ഏറെ പ്രതീക്ഷ നല്‍കുന്ന തീരുമാനമായിരുന്നു അത്. പക്ഷേ, ടൂര്‍ണമെന്റ് 2014ല്‍ എത്തിനില്‍ക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ അവതാളത്തിലാണ്. നിലവാരമില്ലാത്ത കളികള്‍. ആളൊഴിഞ്ഞ ഗാലറികള്‍. മത്സരം തുടങ്ങുന്നത് നട്ടുച്ചയ്ക്ക്. ഇപ്പോഴത്തെ പൊരിവെയിലില്‍ പത്തുമിനിറ്റ് ഗ്രൗണ്ടില്‍ നിന്നാല്‍പ്പോലും കത്തിച്ചാമ്പലാവും. അപ്പോള്‍ 90 മിനിറ്റ് കളിക്കുന്ന താരങ്ങളുടെ അവസ്ഥ അതിനേക്കാള്‍ ഭയാനകവും. പ്രവേശനം സൗജന്യമാക്കിയിട്ടും കാല്‍പ്പന്തുകളിയെ സ്‌നേഹിക്കുന്ന അനന്തപുരിക്കാര്‍ ഗാലറികളിലേക്ക് എത്താത്തിന് പ്രധാന കാരണവും ഇതുതന്നെ. ഇതേസമയം, സീസണ്‍ അവസാനിക്കുന്നു, മത്സരം സംഘടിപ്പിക്കുന്നതിലെ ഭാരിച്ച ചെലവ്, മഴക്കാലത്തിന് മുന്‍പ് ടൂര്‍ണമെന്റ് നടത്തിത്തീര്‍ക്കണം തുടങ്ങിയ കാരണങ്ങളാണ് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പറയുന്നത്.

ജി വി രാജ ടൂര്‍ണമെന്റിന്റെ പഴയകാല ഓര്‍മകള്‍ താലോലിക്കുന്നവര്‍ക്ക് ഹൃദയഭേദകമാണ് ഇപ്പോഴത്തെ കാഴ്ചകള്‍. അവര്‍ സങ്കടത്തോടെ ചോദിക്കുന്നു, തിരികെ വരുമോ ആ നല്ലകാലം.

May 23, 2014

ഇതാ കിംഗ്‌സ് ഇലവന്റെ യഥാര്‍ഥ വിജയശില്‍പിഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും ഡേവിഡ് മില്‍നറുടെയും വെടിക്കെട്ട് ബാറ്റിംഗ്. പഞ്ചാബ് കിംഗ്‌സ് ഇലവന്റെ തുടര്‍ച്ചയായ വിജയങ്ങള്‍. മനന്‍ വോറ, അക്ഷര്‍ പട്ടേല്‍, സന്ദീപ് ശര്‍മ തുടങ്ങിയ യുവതാരങ്ങള്‍.  ഗാലറിയില്‍ ആഹ്ലാദനൃത്തം ചവിട്ടുന്ന പ്രീതി സിന്റ. ഇന്ത്യന്‍ പ്രിമിയര്‍ ലീഗിന്റെ ഏഴാം സീസണില്‍ നിറഞ്ഞുനില്‍ക്കുന്ന കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ കാഴ്ചകളും വിശേഷങ്ങളും അവസാനിക്കുന്നില്ല. സ്‌ഫോടനാത്മക വിജയങ്ങളോടെ കിംഗ്‌സ് ഇലവന്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ അധികമാരും ശ്രദ്ധിക്കപ്പെടാത്തൊരാളാണ് ഇതിനെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. സഞ്ജയ് ബാംഗര്‍ എന്ന പരിശീലകന്‍.  ഐപിഎല്ലിലെ ഏക ഇന്ത്യന്‍ പരിശീലകന്‍കൂടിയാണ് ബാംഗര്‍.

ഐപിഎല്ലിലെ ആറ് സീസണുകളിലും നിരാശ മാത്രമായിരുന്നു കിംഗ്‌സ് ഇലവന്റെ സമ്പാദ്യം. പേരുകേട്ട പരിശീലകരും കളിക്കാരും ഉണ്ടായിട്ടും പ്രീതി സിന്റയ്ക്ക് ഇന്നത്തെപ്പോലെ തുള്ളിച്ചാടാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തരമൊരു ശൂന്യതയില്‍ നിന്ന് കിംഗ്‌സ് ഇലവനെ തുടര്‍വിജയങ്ങളിലേക്ക് വഴിനടത്തിയത് അത്രയൊന്നും തലയെടുപ്പില്ലാത്ത ബാംഗറുടെ കുശാഗ്ര ബുദ്ധിയാണ്. ടീമിലേക്കുള്ള താരലേലത്തില്‍ തുടങ്ങുന്നു ബാംഗറുടെ കണിശത.
ചെന്നൈ സുപ്പര്‍ കിംഗ്‌സിനെപ്പോലെയെ മുംബൈ ഇന്ത്യന്‍സിനെപ്പോലെയോ ആസ്ഥിയുള്ള ടീമല്ല കിംഗ്‌സ് ഇലവന്‍. ഐ പി എല്ലിലെ ഏറ്റവും കുറച്ച് കാശുള്ള ടീമുടമ പ്രീതി സിന്റയാണ്. ഈ സാഹചര്യത്തിലാണ് ബാംഗര്‍ ഏഴാം സീസണിലേക്കുള്ള താരങ്ങളെ കിംഗ്‌സ് ഇലവന്‍ താരങ്ങളെ തെരഞ്ഞെടുക്കുന്നത്.

മുന്‍സീസണുകളില്‍ കാര്യമായ പ്രകടനങ്ങളൊന്നും കാഴ്ചവയ്ക്കാത്ത താരങ്ങളായിരുന്നു മാക്‌സ് വെല്ലും മില്ലറും ജോര്‍ജ് ബെയ്‌ലിയും മിച്ചണ്‍ ജോണ്‍സനുമെല്ലാം. രാജ്യാന്തര തലത്തില്‍ വെടിക്കെട്ടുകാരനാണെങ്കിലും വിരേന്ദര്‍ സെവാഗിനും ഐപിഎല്ലില്‍ നല്ല റെക്കോര്‍ഡല്ല. സന്ദീപ് ശര്‍മ, അക്ഷര്‍, വോറ തുടങ്ങിയ യുവതാരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍പ്പോലും അത്രപേരുകേട്ടവരായിരുന്നില്ല. എന്നിട്ടും ബാംഗര്‍ ഇവരില്‍ പ്രതീക്ഷയര്‍പ്പിച്ചു. സന്തുലിതമായ ടീമിനെ തെരഞ്ഞെടുത്തു. ഇതിനുള്ള ഫലമാണിപ്പോള്‍ പ്രീതി സിന്റ അനുഭവിക്കുന്നതും.
ഏഴാം സീസണ്‍ തുടങ്ങും മുന്‍പ് കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് വിദഗ്ധരും ആരാധകരും വലിയ സാധ്യതയൊന്നും കല്‍പിച്ചിരുന്നില്ല. നല്ല പരിശീലകനില്ലെന്ന ആരോപണവും ചിലര്‍ ഉന്നയിച്ചു. എന്നാല്‍ ടീം മാനേജ്‌മെന്റ് തന്നില്‍ അര്‍പ്പിച്ച വിശ്വാസം ശരിയായിരുന്നുവെന്ന് തെളിയിക്കുകയായിരുന്നും ബാംഗര്‍. കോച്ചിന്റെ തലയെടുപ്പിനേക്കാള്‍ പ്രാധാന്യം പെരുമാറ്റത്തിനും തന്ത്രങ്ങള്‍ക്കുമാണെന്ന് ബാംഗര്‍ തെളിയിച്ചു. വളരെ ലളിതമാണ് ബാംഗറുടെ വിജയരഹസ്യം.  തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനേക്കാള്‍ ടീമംഗങ്ങളില്‍ ഒരാളായാണ് ബാംഗര്‍ പെരുമാറുന്നത്. മുതിര്‍ന്ന താരങ്ങള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കുന്നു. അവരുടെ നിര്‍ദേശങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നു. തങ്ങള്‍ക്കും തീരുമാനങ്ങളിലും ടീമിന്റെ പദ്ധതികളിലും പങ്കുണ്ടെന്ന് ബോധ്യപ്പെടുത്തി. വളരെ സൗമ്യമായി ടീമിനെ ഒറ്റക്കെട്ടാക്കി. ഒറ്റലക്ഷ്യത്തോടെ എല്ലാവരും കളത്തിലിറങ്ങിയതോടെ ജയം കിംഗ്‌സ് ഇലവനൊപ്പമായി.

അവിചാരിതമയാണ് ബാംഗര്‍ കിംഗ്‌സ് ഇലവന്റെ പരിശീലകനാവുന്നത്. ആഡം ഗില്‍ക്രിസ്റ്റായിരുന്നു ടീമിന്റെ നായകനും കോച്ചും. ഗില്‍ക്രിസ്റ്റ് രണ്ട് സ്ഥാനങ്ങളിലും തുടരാന്‍ താല്‍പര്യപ്പെട്ടില്ല. ബാറ്റിംഗ് കോച്ചായ ഡാരെന്‍ ലെഹ്മാനും മറ്റ് ഉത്തരവാദിത്തങ്ങള്‍ ഉള്ളതിനാല്‍ ടീം വിട്ടു. അതോടെ കോച്ചിന്റെ തൊപ്പി ബാംഗറുടെ തലയിലാവുകയായിരുന്നു.
ടീമിലെ മുതിര്‍ന്ന താരങ്ങളായ വിരേന്ദര്‍ സെവാഗ്, മിച്ചല്‍ ജോണ്‍സന്‍, ലക്ഷ്മിപതി ബാലാജി എന്നിവരെ  യുവതാരങ്ങള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും ബാംഗര്‍ പ്രയോജനപ്പെടുത്തുന്നു. ഇവര്‍ പകര്‍ന്നുനല്‍കിയ ഊര്‍ജമാണ് സന്ദീപ്, റിഷി ധവാന്‍, അക്ഷര്‍, വോറ തുടങ്ങിയവരുടെ മികച്ച പ്രകടനത്തിന് പിന്നില്‍. ഓരോ കളിക്കാരന്റെയും ആത്മവിശ്വാസം വര്‍ധിപ്പിക്കുക എന്നതാണ് ബാംഗറുടെ രീതി. കളിക്കാരുടെ നേട്ടങ്ങള്‍ പൂര്‍ണമായും അവര്‍ക്ക് വിട്ടുനല്‍കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു.

ക്രിക്കറ്റ് ആഴത്തില്‍ മനസ്സിലാക്കിയ പരിശീലകന്‍ എന്നാണ് ടീമംഗങ്ങള്‍ ബാംഗറെ വിശേഷിപ്പിക്കുന്നത്. 11 കളികളില്‍ നിന്ന് 531 റണ്‍സുമായി തകര്‍ത്തടിച്ച് മുന്നേറുന്ന മാക്‌സ് വെല്ലിനെ തലക്കനത്തിലേക്ക് വീഴാതെയും ലക്ഷ്യത്തില്‍ നിന്ന് അകറ്റാതെയും കൊണ്ടുപോകുന്നത് ബാംഗറുടെ കോച്ചിംഗ് മികവിന് ഏറ്റവും വലിയ ഉദാഹരണമാണ്. ഒന്നോരണ്ടോ ഇന്നിംഗ്‌സുകളുടെ പിന്‍ബലത്തില്‍ നക്ഷത്രതിളക്കത്തിലെത്തിയവര്‍ അതിനേക്കാള്‍ വേഗത്തില്‍ ഇല്ലാതായത് നമുക്കറിയാം. ഈ അവസ്ഥയിലേക്ക് വീഴാതെയാണ് ഓരോ താരത്തേയും ബാംഗര്‍ കാത്തുസൂക്ഷിക്കുന്നത്.

യുവതാരങ്ങളായ സന്ദീപ്, അക്ഷര്‍ തുടങ്ങിയവരെയും ടീമുകള്‍ എഴുതിത്തള്ളിയ സെവാഗ്, ബാലാജി തുടങ്ങിയവരിലും ബാംഗര്‍ അര്‍പ്പിച്ച വിശ്വാസം വെറുതെയായില്ല. വിക്കറ്റ് കീപ്പറായി വൃദ്ധിമാന്‍ സാഹയെ തെരഞ്ഞടുത്ത തീരുമാനവും നീതീകരിക്കപ്പെട്ടു. ഐ പി എല്ലില്‍ കൊച്ചി ടസ്‌കേഴ്‌സിന്റെ സഹപരിശീലകനായിരുന്ന ബാംഗര്‍ 12 ടെസ്റ്റുകളിലും 15 ഏകദിനങ്ങളിലും ഇന്ത്യന്‍ തൊപ്പിയണിഞ്ഞു. ടെസ്റ്റില്‍ 470 റണ്‍സും ഏഴ് വിക്കറ്റുകളും ഏകദിനത്തില്‍ 180 റണ്‍സും ഏഴ് വിക്കറ്റുകളും നേടിയിട്ടുണ്ട്. 41കാരനായ ബാംഗര്‍ മഹാരാഷ്ട്രക്കാരനാണെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ റെയില്‍വേയ്ക്ക് വേണ്ടിയാണ് കളിച്ചത്. 2004-05 സീസണില്‍ രഞ്ജി ട്രോഫിയില്‍ റെയില്‍വേസിനെ ജേതാക്കളാക്കാനും ബാംഗറിന് കഴിഞ്ഞു.

ഒരേയൊരു ഗിഗ്‌സ്


ഒരൊറ്റ ക്ലബില്‍ 23 വര്‍ഷങ്ങള്‍, 963 മത്സരങ്ങള്‍, 34 കിരീടങ്ങള്‍, 168 ഗോളുകള്‍. പണത്തിളക്കവും താരത്തിളക്കവുമുള്ള ആധുനിക ഫുട്‌ബോളില്‍ ഒരുതാരത്തിന്റെ പേരിനൊപ്പം ഈ കണക്കുകള്‍ കണ്ടാല്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. എന്നാല്‍ സത്യമാണ്. ഇതിലേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് റയാന്‍ ഗിഗ്‌സ് എന്ന നാല്‍പതുകാരന്‍ കഴിഞ്ഞദിവസം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് പടിയിറങ്ങിയത്. ഇനി സഹപരീശീലകന്റെ കുപ്പായത്തില്‍ നമുക്ക് ഗിഗ്‌സിനെ കാണാം.

ഒന്നോരണ്ടോ സീസണുകള്‍ പിന്നിടുമ്പോള്‍ കൂടുതല്‍ പ്രതിഫലം കിട്ടുന്ന ക്ലബിലേക്ക് ചേക്കേറുന്നതാണ് ആധുനിക ഫുട്‌ബോളിലെ രീതി. അപൂര്‍വങ്ങളില്‍ അപൂര്‍വമായേ താരങ്ങള്‍ സ്വന്തം ക്ലബിനൊപ്പം കരിയറിന്റെ അവസാനംവരെ നില്‍ക്കാറുള്ളൂ. പാവ്‌ലോ മാള്‍ഡീനി, ഹവിയര്‍ സനേറ്റി എന്നിവര്‍ക്ക് ശേഷം ബൂട്ടഴിക്കുന്ന ഗിഗ്‌സിന് ഇനി ഇങ്ങനെയൊരു പിന്‍ഗാമി ഉണ്ടാവുമോയെന്ന് സംശയമാണ്. കാരണം, കളിയും കളിക്കാരും കളിസംഘങ്ങളും മാറിയിരിക്കുന്നു. പണമാണ് എല്ലാത്തിനെയും എല്ലാവരെയും ഭരിക്കുന്നത്. ഇതിനിടയില്‍ മറ്റൊരു ഗിഗ്‌സിനെ പ്രതീക്ഷിക്കുക പ്രയാസം.

ആധുനിക ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ചരിത്രം ഗിഗ്‌സിന്റെയുംകൂടി ചരിത്രമാണ്. പതിനേഴാം വയസ്സില്‍ അലക്‌സ് ഫെര്‍ഗ്യൂസന്‍ കൈപിടിച്ചുകൊണ്ടുവന്ന ഗിഗ്‌സ് ചരിത്രത്തിലേക്കാണ് ചുവടുവച്ചത്.  ഗിഗ്‌സിനെ കണ്ടെത്തിയതിനെക്കുറിച്ച് ഫെര്‍ഗ്യൂസന്‍ ഓര്‍ക്കുന്നത് ഇങ്ങനെ.'' പതിമൂന്നാം വയസ്സിലാണ് ഗിഗ്‌സിനെ ആദ്യമായി ഞാന്‍ കാണുന്നത്. സ്‌കൂള്‍ ഫുട്‌ബോള്‍ മത്സരമായിരുന്നു അത്. കാറ്റില്‍ പാറിക്കളിക്കുന്ന കടലാസുകഷ്ണങ്ങള്‍ക്ക് പിന്നാലെ പായുന്ന പട്ടിക്കുട്ടിയെപ്പോലാണ് എനിക്ക് തോന്നിയത്. ഗ്രൗണ്ടില്‍ എല്ലായിടത്തും ഗിഗ്‌സിനെ കാണാമായിരുന്നു''. തൊട്ടടുത്ത വര്‍ഷം മാഞ്ചസ്റ്റര്‍ സിറ്റിയുട അക്കാഡമിയില്‍ ചേരാന്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയ ഗിഗ്‌സിനെ ഫെര്‍ഗ്യൂസന്‍ റാഞ്ചുകയായിരുന്നു, പിന്നീടെല്ലാം ചരിത്രം.

അച്ചന്‍ പ്രൊഫഷണല്‍ റഗ്ബി കളിക്കാരനായിരുന്നിട്ടും ഗിഗ്‌സിനെ ഫുട്‌ബോളാണ് വശീകരിച്ചത്. അച്ഛന്റെ റഗ്ബി കളിക്കുവേണ്ടിയാണ് കാര്‍ഡിഫില്‍ ജനിച്ച ഗിഗ്‌സ് മാഞ്ചസ്റ്ററില്‍ എത്തുന്നത്. ലോക്കല്‍ ടീമായ ഡീന്‍സിലാണ് തുടക്കം. ഇവിടെനിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അക്കാഡമിയില്‍ ചേരാനായിരുന്നു തീരുമാനം. എന്നാല്‍ ഫെര്‍ഗിയുടെ ദീര്‍ഘവീക്ഷണം ഗിഗ്‌സിന്റെ തലവര മാറ്റിയെഴുതി. പതിനേഴാം വയസ്സില്‍ പകരക്കാരനായി മാന്‍യുവില്‍ അരങ്ങേറ്റം, എവര്‍ട്ടനെതിരെ. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെയാണ് ആദ്യമായി  മുഴുവന്‍ സമയം കളിച്ചത്. വിജയഗോളും ഗിഗ്‌സിന്റെ ബൂട്ടില്‍ നിന്നായിരുന്നു. പതിനേഴുവയസ്സും 322 ദിവസവും പ്രായമുള്ളപ്പോള്‍ വെയില്‍സിന് വേണ്ടി കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരം എന്ന ബഹുമതിയും സ്വന്തമാക്കി. ജര്‍മനിയായിരുന്നു എതിരാളികള്‍.

1992ല്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ പ്ലയര്‍ ഒഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ട ഗിഗ്‌സ് പുരസ്‌കാരങ്ങളുടെ തിളക്കത്തിലേക്ക് ഡ്രിബ്ള്‍ ചെയ്തുകയറി. പിന്നീട് കിരീടങ്ങളുടെയും പുരസ്‌കാരങ്ങളുടെയും അംഗീകാരങ്ങളുടെയും പ്രവാഹമായിരുന്നു. മാന്‍യു ഇക്കാലയളവില്‍ നേടിയ വിജയങ്ങള്‍ക്കെല്ലാം ഗിഗ്‌സിന്റെ നിര്‍ണായക പങ്കുണ്ടായിരുന്നു. യുണൈറ്റഡിന്റെ  ക്ലാസ് ഓഫ് 92 എന്നറിയപ്പെട്ട യുവനിരയിലും ഗിഗ്‌സ് തിളങ്ങിനിന്നു. ഡേവിഡ് ബെക്കാം, പോള്‍ സ്‌കോള്‍സ്, നിക്കി ബട്ട്, ഗാരി നെവില്‍ എന്നിവരായിരുന്നു കൂട്ടുകെട്ടിലെ മറ്റുതാരങ്ങള്‍.

ഇടതുവിംഗില്‍ ഇടിമിന്നലായി തീര്‍ന്ന ഗിഗ്‌സ് എതിരാളുകളുടെ പേടിസ്വപ്നമായി. ഗിഗ്‌സിനെ പിടിച്ചുകെട്ടാന്‍ മാത്രം എതിര്‍പാളയങ്ങള്‍ക്ക് തന്ത്രങ്ങള്‍ മെനയേണ്ടിവന്നു. ജോര്‍ജ് ബെസ്റ്റിന് ശേഷം മാന്‍യുവിന്റെ ഇതിഹാസമായി വളരുകായായിരുന്നു ഗിഗ്‌സ്. 1999ലെ എഫ് എ കപ്പ് സെമിഫൈനലില്‍ ആഴ്‌സനലിനെതിരെ നേടിയ ഗോള്‍ വെയ്ല്‍സ് താരത്തെ അനശ്വരനാക്കി. സ്വന്തം പകുതിയില്‍ നിന്ന് ലഭിച്ച മിസ്പാസുമായുള്ള ഗിഗ്‌സിന്റെ മുന്നേറ്റം ഇന്നും ഫുട്‌ബോള്‍ പ്രേമികളുടെ ഓര്‍മകളില്‍ ജ്വലിച്ച് നില്‍ക്കുന്നു. ഗോളിലേക്കുള്ള പ്രയാണത്തില്‍ അഞ്ച് താരങ്ങളെയാണ് ഗിഗ്‌സ് വെട്ടിയൊഴിഞ്ഞത്. പിന്നാലെകൂടിയ എല്ലാ ആഴ്‌സനല്‍ താരങ്ങളെയും വേഗംകൊണ്ട് പിന്നിലാക്കി പെനാല്‍റ്റി ബോക്‌സിനകത്തുനിന്ന് തൊടുത്തപ്പോള്‍ ഗോളിക്ക് മറുപടി ഉണ്ടായിരുന്നില്ല.23 വര്‍ഷം നീണ്ട തിളക്കമുള്ള മാന്‍യു ജീവിതത്തിനിടെ ഗിഗ്‌സ് സ്വന്തമാക്കിയ നേട്ടങ്ങള്‍ നിരവധിയാണ്.  13 പ്രിമിയര്‍ ലീഗ് കിരീടങ്ങള്‍. നാല് എഫ് കപ്പ് വിജയങ്ങള്‍. ഒന്‍പതച് എഫ് എ കമ്മ്യൂണിറ്റി ഷീല്‍ഡ് വിജയങ്ങള്‍. രണ്ട് ചാമ്പ്യന്‍സ് ലീഗ് വിജയങ്ങള്‍. യുവേഫ സൂപ്പര്‍ കപ്പും ഇന്റര്‍കോണ്ടിനെന്റല്‍ കപ്പും ഫിഫ ക്ലബ് ലോകകപ്പും ഓരാതവണയും സ്വന്തം പേരിനൊപ്പമാക്കി. എണ്ണിയാലൊടുങ്ങാത്ത വ്യക്തിഗത പുരസ്‌കാരങ്ങളും ഗിഗ്‌സിനെ തേടിയെത്തി. ഏറ്റവുംകൂടുതല്‍ തവണ പ്രിമിയര്‍ ലീഗ് കിരീടം നേടിയ താരമാണ് ഗിഗ്‌സ്. പ്രിമിയര്‍ ലീഗില്‍ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരവും മറ്റാരുമല്ല. 611 മത്സരങ്ങളിലാണ് പ്രിമിയര്‍ ലീഗില്‍ ഗിഗ്‌സ് ബൂട്ടുകെട്ടിയത്. തുടര്‍ച്ചയായി 22 സീസണുകളില്‍ പ്രിമിയര്‍ ലീഗില്‍ കളിച്ച ഗിഗ്‌സ് കളിക്കാരനായും കോച്ചായും അരങ്ങിലെത്തി. കോച്ച് ഡേവിഡ് മോയസിനെ പുറത്താക്കിയപ്പോള്‍ ഇത്തവണ ലീഗില്‍ ശേഷിച്ച മത്സരങ്ങളില്‍ പരിശീലിപ്പിച്ചതും ഗിഗ്‌സായിരുന്നു.

കളിക്കാരനെന്ന നിലയില്‍ ഗിഗ്‌സ് ബൂട്ടഴിച്ചപ്പോള്‍ ലോകമെമ്പാടുമുള്ള ആരാധകരാണ് വിതുമ്പിയത്. ഇറ്റാലിയന്‍ ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായ അലസ്സാന്ദ്രോ ഡെല്‍പിയറോയുടെ വാക്കുകള്‍ ഇതിന് സാക്ഷ്യം. ഫുട്‌ബോള്‍ കളിക്കാരാനായ രണ്ട് ഫുട്‌ബോളര്‍മാര്‍ക്ക് വേണ്ടിയേ കരഞ്ഞിട്ടുള്ളൂ. ഡിയഗോ മാറഡോണയായിരുന്നു ആദ്യത്തെ താരം. ഇപ്പോഴിതാ റയാന്‍ ഗിഗ്‌സും''. ഗിഗ്‌സിന്റെ അഭാവം മാന്‍യു നിരയില്‍  എത്രമാത്രം പ്രകടമായിരിക്കും എന്നതിന്റെ തെളിവാണ് ഡെല്‍പിയറോയുടെ വാക്കുകള്‍.

ക്ലബ് ഫുട്‌ബോളിലെ നേട്ടങ്ങളെല്ലാം വെട്ടിപ്പിടിച്ച ഗിഗ്‌സ് ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തേയും വേദനയാണ്. കാരണം ഗിഗ്‌സിന്റെ ദേശീയ ടീമായ വെയ്ല്‍സ് ഒരിക്കല്‍പ്പോലും ലോകകപ്പിന് യോഗ്യതനേടിയില്ല എന്നതുതന്നെ. 1994ല്‍ വെയ്ല്‍സ് ലോകകപ്പിന്റെ പടിവാതില്‍ക്കല്‍ വരെയെത്തിയെങ്കിലും അവസാന കടമ്പ കടക്കാനായില്ല. 1958ലാണ് വെയ്ല്‍സ് അവസാനമായി ലോകകപ്പില്‍ കളിച്ചത്. 1991 മുതല്‍ 2007 വരെയുള്ള കാലയളവില്‍ ഗിഗ്‌സ് 64 തവണ വെയ്ല്‍സിന് വേണ്ടി ബൂട്ടണിഞ്ഞു. 12 ഗോളുകളും നേടി. ലോകകപ്പില്‍ കളിക്കാത്ത എക്കാലത്തേയും മികച്ച താരങ്ങളുടെ മുന്‍നിരയിലാണ് ഗിഗ്‌സിന്റെ സ്ഥാനം, ആരാധകരുടെ മനസ്സിലും.

May 22, 2014

യുസേബിയോയെ വെല്ലാന്‍ റോണാള്‍ഡോയ്ക്ക് കഴിയുമോ?


ലോകകപ്പിന് യോഗ്യത നേടിയ 32 ടീമുകളും വ്യത്യസ്തമാണ്, പലതരത്തില്‍.  ഇത്തരത്തില്‍ ഏറ്റവും സവിശേഷമായ ടീമാണ് ബ്രസീലിനെത്തുന്ന പോര്‍ട്ടുഗല്‍ ടീം. കാരണം പോര്‍ട്ടുഗല്‍ എന്നാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നാണ് , അല്ലെങ്കില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നാല്‍ പോര്‍ട്ടുഗല്‍ എന്നും പറയാം.

പോര്‍ട്ടുഗല്‍ ബ്രസീലിലേക്കെത്തിയപ്പോഴും നമ്മളത് കണ്ടതാണ്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ തപ്പിത്തടഞ്ഞ പോര്‍ട്ടുഗലിന് പ്ലേഓഫ് കളിക്കേണ്ടി വന്നു. ശക്തരായ സ്വീഡനായിരുന്നു എതിരാളികള്‍. സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിന്റെ സ്വീഡനെ ഇരുപാദങ്ങളിലായി 4-2ന് തോല്‍പിച്ചപ്പോള്‍ പോര്‍ട്ടുഗലിന്റെ എല്ലാ ഗോളുകളും റോണോയുടെ ബൂട്ടില്‍ നിന്നായിരുന്നു, ഹാട്രിക് ഉള്‍പ്പെടെ. ഇക്കുറി ക്യാപ്റ്റന്റെ റോള്‍കൂടി വഹിക്കുന്ന റോണോയുടെ ഉത്തരവാദിത്തങ്ങള്‍ ചെറുതല്ല.

പോര്‍ട്ടുഗലിന്റെ പ്രതീക്ഷകളും ഗതിവിഗതികളുമെല്ലാം ലോകഫുട്‌ബോളറായ ക്രിസ്റ്റിയാനോയുടെ ബൂട്ടുകളെ ആശ്രയിച്ചായിരിക്കും. ഇതിഹാസതാരം യുസേബിയോയ്ക്ക് കഴിയാതിരുന്നത് റോണാള്‍ഡോയ്ക്ക് കഴിയുമോ എന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്. പോര്‍ട്ടുഗലിന്റെ എക്കാലത്തേയും മികച്ച താരമായ യുസേബിയോ പോര്‍ട്ടുഗലിനെ 1966 ലോകകപ്പില്‍ മൂന്നാം സ്ഥാനത്തെത്തിച്ചിരുന്നു. ഒന്‍പത് ഗോളുകളാണ് ആ ലോകകപ്പില്‍ യുസേബിയോ അടിച്ചുകൂട്ടിയത്.
അടുത്തിടെ  110 കളികളില്‍ നിന്ന്  49 ഗോളുകള്‍ നേടി പോര്‍ട്ടുഗലിന്റെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരന്‍ എന്ന റെക്കോര്‍ഡ് റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു. യുസേബിയോയുടെ റെക്കോര്‍ഡാണ് റോണോ മറിടന്നത്. കാമറൂണിനെതിരെ ഇരട്ട ഗോളുകള്‍ നേടിയായിരുന്നു ഇത്. ലോകഫുട്‌ബോളിലെയും പോര്‍ട്ടുഗലിലെയും എക്കാലത്തേയും മികച്ച താരങ്ങളിലൊരാളാണ് യുസേബിയോ. അദ്ദേഹത്തിന്റെ വിയോഗം തീര്‍ച്ചയായും വേദനിപ്പിക്കുന്നതാണ്. എന്നോട് വളരെ അടുപ്പമുള്ളയാളായിരുന്നു. എല്ലാ പോര്‍ട്ടുഗലുകാരുടെയും അഭിമാനം. അദ്ദേഹത്തിന്റെ ഓര്‍മകളുമായാണ് ഇത്തവണ ഞങ്ങള്‍ ബൂട്ടുകെട്ടുക-റൊണാള്‍ഡോ പറഞ്ഞു.

ഇത്തവണ അതിശക്തരായ എതിരാളികളാണ് പ്രാഥമിക റൗണ്ടില്‍ പറങ്കികളെ കാത്തിരിക്കുന്നത്. ജര്‍മനി, ഘാന, അമേരിക്ക എന്നിവരെയാണ് ആദ്യഘട്ടത്തില്‍ നേരിടേണ്ടത്. സമീപകാലത്ത് പോര്‍ട്ടുഗലിന്റെ മുന്നേറ്റങ്ങളെല്ലാം റോണോയുടെ ഗോളടിയെ ആശ്രയിച്ചായിരുന്നു. പോര്‍ട്ടുഗല്‍ യൂറോ കപ്പിന്റെ ഫൈനലില്‍ എത്തിയപ്പോഴും ലോകകപ്പില്‍ കാര്‍ട്ടര്‍ ഫൈനലില്‍ കളിച്ചപ്പോഴും ശക്തിസ്രോതസ് റോണോയായിരുന്നു.

ഗ്രൂപ്പില്‍ ജര്‍മനിക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി മുന്നേറുകയാണെങ്കില്‍ ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയായിരിക്കും ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ട്ടുഗലിനെ കാത്തിരിക്കുന്നത്.
ബ്രസീലിന്റെയോ, അര്‍ജന്റീനയുടെയോ, ജര്‍മനിയുടെയോ, സ്‌പെയ്‌നിന്റെയോ സമ്മര്‍ദം പോര്‍ട്ടുഗലിനില്ലെന്നും റൊണാള്‍ഡോ ഓര്‍മിപ്പിക്കുന്നു. ബ്രസീലിനും അര്‍ജന്റീനയ്ക്കും ലാറ്റിനമേരിക്കയുടെ പ്രതീക്ഷാഭാരമുണ്ട്. ആതിഥേയര്‍കൂടി ആയതിനാല്‍ ബ്രസീലിന്റെ സമ്മര്‍ദം വളരെ കൂടുതലാണ്. സ്‌പെയും ജര്‍മനിയും യൂറോപ്പിന്റെ പ്രതീക്ഷകളും ചുമലിലേറ്റിയാണ് എത്തുന്നത്. ഞങ്ങള്‍ക്ക് ഇത്തരത്തിലുള്ള സമ്മര്‍ദങ്ങളൊന്നുമില്ല. കാരണം പോര്‍ട്ടുഗല്‍ ആരുടെയും ഫേവറിറ്റുകളല്ല-റൊണാള്‍ഡോ പറയുന്നു.

ലോകത്തിലെ ഏറ്റവും വിലയേറിയ രണ്ടാമത്തെ താരമാണ് റൊണാള്‍ഡോ. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നാണ് റയല്‍ പൊന്നുംവിലയ്ക്ക് റൊണാള്‍ഡോയെ റാഞ്ചിയത്. ക്ലബിലും ദേശീയ ടീമിലും ഏഴാം നമ്പര്‍ കുപ്പായമണിയുന്ന റൊണാള്‍ഡോ റയലിന് വേണ്ടി 165 കളികളില്‍ നിന്ന്  177 ഗോളുകള്‍ നേടിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ 196 കളികളില്‍ നിന്ന് 84 ഗോളുകളും നേടി. സ്‌പോര്‍ട്ടിംഗ് ക്ലബില്‍ നിന്ന് സര്‍ അലക്‌സ് ഫെര്‍ഗ്യൂസനാണ് റൊണാള്‍ഡോ എന്ന പ്രതിഭയെ കണ്ടെത്തുന്നതും ലോകതാരമാക്കുന്നതും. പിന്നെയെല്ലാം നമ്മുടെ കണ്‍മുന്നില്‍ നടന്ന കാര്യങ്ങളാണ്.

ലോകകപ്പില്‍ ഒരുകാര്യം ഉറപ്പാണ്. ബ്രസീലില്‍ റൊണാള്‍ഡോ തളര്‍ന്നാല്‍ അത് പറങ്കിപ്പടയുടെകൂടെ വീഴ്ചയായിരിക്കും. റയല്‍ മാഡ്രിന് വേണ്ടി ഗോളുകളടിച്ച് കൂട്ടുന്ന റൊണാള്‍ഡോ ചെങ്കുപ്പായത്തിലും ശോഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

സ്‌പെയ്ന്‍ വരുന്നു, പടയോട്ടം തുടരാന്‍


ലോകകപ്പ് നേടുക ഏതൊരു ടീമിന്റെയും ഏറ്റവും വലിയ സ്വപ്നമാണ്. കാരണം, ഭൂമുഖത്തെ ഒന്നാംകിട ടീമുകളെ തോല്‍പിച്ച് ലോകകപ്പ് സ്വന്തമാക്കുക അത്രയ്ക്ക് ദുഷ്‌കരമാണ്. ഇതിനേക്കാള്‍ വലിയ വെല്ലുവിളിയാണ് ഇത്തവണ സ്‌പെയ്‌നെ കാത്തിരിക്കുന്നത്. കപ്പ് നേടുന്നതിനെക്കാള്‍ പ്രയാസമായ കിരീടം നിലനിറുത്തുക എന്ന  ഹിമാലയന്‍ വെല്ലുവിളിയാണ് സ്‌പെയ്‌നെ കാത്തിരിക്കുന്നത്.

എണ്ണയിട്ട യന്ത്രം പോലെയാണ് സ്‌പെയ്ന്‍. 2010ല്‍ കപ്പ് നേടിയ നേടിയ ഒട്ടുമിക്ക താരങ്ങളും ബ്രസീലിലും പോരാടാനുണ്ടാവും. ഒരേ കളിക്കാര്‍, ഒരേതാളം, ഒരേയൊരു ലക്ഷ്യം. അപ്പോള്‍ സ്‌പെയ്‌നിന്റെ ആരാധകര്‍മാത്രമല്ല ഫുട്‌ബോള്‍ വിദഗ്ധരുടെയും പിന്തുണ ചാമ്പ്യന്‍മാര്‍ക്കൊപ്പമുണ്ടാവുന്നത് സ്വാഭാവികം. ഏറെനാളുകളായി സ്പാനിഷ് ടീമില്‍ വലിയ മാറ്റങ്ങളില്ല. സൂപ്പര്‍ താരങ്ങളെക്കാള്‍ ഈ കെട്ടുറപ്പുത്തന്നെയാണ് സ്‌പെയ്‌നിന്റെ കരുത്ത്.

ലോകകപ്പ് നിലനിറുത്തുന്നതിനൊപ്പം തുടര്‍ച്ചയായ നാലാം മേജര്‍ കിരീടവും കോച്ച് വിന്‍സെന്റെ ഡെല്‍ബോസ്‌ക് ഉന്നംവയ്ക്കുന്നു. 2008ല്‍ യൂറോപ്യന്‍ കിരീടം നേടിയാണ് സ്‌പെയ്ന്‍ ദക്ഷിണാഫ്രിക്കയിലെത്തിയത്. അതുകൊണ്ടുതന്നെ ഹോട്ട് ഫേവറിറ്റ് സ്‌പെയ്ന്‍ തന്നെയായിരുന്നു. പ്രതീക്ഷകളെല്ലാം പൂവണിയിച്ച് സ്‌പെയ്ന്‍ കപ്പുയര്‍ത്തി, ആധികാരികമായി. മാത്രമല്ല, രണ്ടുവര്‍ഷത്തിന് ശേഷം യൂറോകപ്പ് നിലനിറുത്തി തങ്ങളുടെ ശക്തി വീണ്ടും തെളിയിച്ചു. യൂറോകപ്പ് നിലനിറുത്തിയപോലെ ലോകകപ്പും സ്‌പെയ്ന്‍ നിലനിറുത്തുമോ എന്നാണിപ്പോള്‍ ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്.

സ്‌പെയ്ന്‍ വിശ്വകിരീടം നിലനിറുത്തിയാല്‍ ചരിത്രത്തിലെ രണ്ടാമത്തെ സംഭവം മാത്രമായികരിക്കും അത്. ആതിഥേയരായ ബ്രസീല്‍ മാത്രമേ ഇന്നുവരെ ലോകകപ്പ് നിലനിറുത്തിയിട്ടുള്ളൂ. 1958ലും 1962ലും കപ്പുയര്‍ത്തിയാണ് സമാനതകളില്ലാത്ത റെക്കോര്‍ഡുമായി ബ്രസീല്‍ തലയുയര്‍ത്തി നില്‍ക്കുന്നത്.

കഴിഞ്ഞ തവണ ഹോളണ്ടിനെ തോല്‍പിച്ചായിരുന്നു സ്‌പെയ്ന്‍ ലോകത്തിന്റെ നെറുകയിലെത്തിയത്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അല്‍പം സങ്കീര്‍ണമാണ്. കഴിഞ്ഞതവണത്തെ ഫൈനലിലെ എതിരാളികളായ ഹോളണ്ടിനെ ആദ്യറൗണ്ടില്‍ തന്നെ നേരിടണം. ചിലിയും ഓസ്‌ട്രേലിയയുമാണ് മറ്റ് എതിരാളികള്‍. ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് കണക്കുവീട്ടാന്‍ ഹോളണ്ട് കച്ചകെട്ടിയെത്തുമ്പോള്‍ സ്‌പെയ്ന്‍ നന്നായി വിയര്‍ക്കേണ്ടിവരും.

റയല്‍ മാഡ്രിഡിന്റെയും ബാഴ്‌സലോണയുടെയും താരനിരതന്നെയാണ് എറെക്കുറെ സ്പാനിഷ് നിരയിലും അണിനിരക്കുന്നത്. ലോകഫുട്‌ബോളിലും ക്ലബ് ഫുട്‌ബോളിലും എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ താരങ്ങളാണ് ഇവരില്‍ മിക്കവരും. അതുകൊണ്ടുതന്നെ കളിക്കാരുടെ പോരാട്ടവീര്യത്തില്‍ ചോര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് ഒരുവിഭാഗം വിദഗ്ധര്‍ വിലയിരുത്തുന്നു. കഴിഞ്ഞവര്‍ഷത്തെ കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫൈനലില്‍ ബ്രസീല്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സ്‌പെയ്‌നെ തകര്‍ത്തത് ഇതിന് ഉദാഹരണമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ബ്രസീലിന്റെ യുവനിരയാണ് സ്‌പെയ്‌നെ തകര്‍ത്ത് തരിപ്പണമാക്കിയത്. പക്ഷേ, ഫുട്‌ബോള്‍ സമവാക്യങ്ങളില്‍ ഒരുതോല്‍വിയോ ജയമോ ഒരുടീമിന്റെയും ഗതിവിഗതികളെ നിയന്ത്രിക്കുന്നല്ലെന്നതും സത്യം.

ബ്രസീലിലും സ്‌പെയ്ന്‍ ഫേവറിറ്റുകളാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ, ദക്ഷിണാഫ്രിക്കയില്‍ എത്തിയപ്പോഴുണ്ടായിരുന്ന ഹോട്ട് ഫേവറിറ്റ് തിളക്കം ചാമ്പ്യന്‍മാര്‍ക്കില്ല. 2010ല്‍ ഫെര്‍ണാണ്ടോ ടോറസും ഡേവിഡ് വിയ്യയുമായിരുന്നു സ്പാനിഷ് നിരയുടെ കുന്തമുനകള്‍. ഇത്തവണ വിയ്യയ്ക്ക് പകരം അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഡിയഗോ കോസ്റ്റയായിരിക്കും ടോറസിനൊപ്പമുണ്ടാവുക. ബ്രസീലുകാരനായ കോസ്റ്റ സ്പാനിഷ് പൗരത്വംനേടിയാണ് ജന്‍മനാട്ടിലേക്ക് പന്തുതട്ടാനെത്തുന്നത് എന്ന സവിശേഷതയുമുണ്ട്. ചെല്‍സിയുടെ സെസാര്‍ ആസ്പിലിക്യൂട്ട, ബയേണ്‍ മ്യൂണിക്കിന്റെ തിയഗോ അല്‍കന്റാര, സാവി മാര്‍ട്ടിനസ് എന്നിവരും ടീമിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന യുവാക്കളാണ്.

അമിതമത്സരങ്ങളുണ്ടാക്കിയ ക്ഷീണമാണ് സ്‌പെയ്ന്‍ നേരിടുന്ന മറ്റൊരു തിരിച്ചടി. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഏറ്റുമുട്ടുന്നത് സ്പാനിഷ് ക്ലബുകളായ റയല്‍ മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡുമാണ്. സ്പാനിഷ് ലീഗിലും കിരീടപ്പോരാട്ടം നടക്കാനിരിക്കുന്നതേയുള്ളൂ. താരങ്ങളുടെ തളര്‍ച്ചയില്‍ കോച്ച് ഡെല്‍ബോസ്‌കിനും ആശങ്കയുണ്ട്. ഇപ്പോള്‍ കളിയോട് കളിയാണ്. മൂന്നുദിവസത്തിലൊരിക്കല്‍ മത്സരത്തിന് ഇറങ്ങേണ്ട അവസ്ഥ. എല്ലാ മത്സരങ്ങളും പ്രധാനപ്പെട്ടതായതിനാല്‍ കളിക്കാര്‍ക്ക് വിശ്രമം കിട്ടുന്നില്ല. പരിക്കേല്‍ക്കാനുള്ള സാധ്യതയും കൂടുതലാണ്-ഡെല്‍ബോസ്‌ക് പറയുന്നു.

ഗോള്‍വലയത്തിന് മുന്നില്‍ നായകന്‍ ഐകര്‍ കസീയസ് തന്നെയായിരിക്കും. സെര്‍ജിയോ റാമോസ്, സാബി അലോന്‍സോ, സെര്‍ജിയോ ബുസ്‌ക്വറ്റ്‌സ്, അന്ദ്രേസ് ഇനിയസ്റ്റ, ജീസസ് നവാസ്, പെഡ്രോ, ഫെര്‍ണാണ്ടോ ടോറസ്, യുവാന്‍ മാറ്റ തുടങ്ങിയവരും സ്പാനിഷ് നിരയിലുണ്ടായേക്കും.

ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരായ സ്‌പെയ്ന്‍ ഗ്രൂപ്പ് ബിയില്‍ ജൂണ്‍ 13നാണ് ആദ്യ മത്സരത്തിനിറങ്ങുക. ഹോളണ്ടാണ് ആദ്യ എതിരാളികള്‍. ജൂണ്‍ 18ന് ചിലിയെയും 23ന് ഓസ്‌ട്രേലിയയെയും നേരിടും. ശേഷം ബ്രസീലിലെ കളിത്തട്ടില്‍ കാണാം.

May 14, 2014

ഗോള്‍വേട്ടയിലെ നിത്യഹരിത റെക്കോര്‍ഡുമായി ഫൊണ്ടെയ്ന്‍ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലെത്തേയും മികച്ച ഗോള്‍വേട്ടക്കാരനാണ് ബ്രസീലിന്റെ റൊണാള്‍ഡോ. 15 ഗോളുകളോടെയാണ് റൊണാള്‍ഡോ ഗോള്‍വേട്ടയിലെ റെക്കോര്‍ഡ് സ്വന്തമാക്കിയത്. 1998, 2002, 2006 ലോകകപ്പുകളില്‍ കളിച്ചാണ് റൊണാള്‍ഡോയുടെ 15 ഗോളുകള്‍. എന്നാല്‍ ലോകകപ്പില്‍ ഇതുവരെ തകര്‍ക്കപ്പെടാത്ത, തകരാന്‍ സാധ്യത വളരെ കുറവുള്ളൊരു റെക്കോര്‍ഡുണ്ട്, ഫ്രാന്‍സിന്റെ ജസ്റ്റ് ഫൊണ്ടെയ്‌ന്റെ പേരില്‍. ഒരൊറ്റ ലോകകപ്പില്‍ 13 ഗോളുകള്‍ നേടിയാണ് ഫൊണ്ടെയ്ന്‍ ഇന്നും ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ തിളങ്ങുന്നത്.

1958 ലോകകപ്പിലായിരുന്നു ഫൊണ്ടെയ്‌ന്റെ ഗോള്‍മഴ. പ്രായം എണ്‍പതിലെത്തിയെങ്കിലും 1958ലെ ഓര്‍മകള്‍ ഇന്നലെയെന്നോണം ഫൊണ്ടെയ്‌ന്റെ മനസ്സില്‍  തെളിഞ്ഞുനില്‍ക്കുന്നുണ്ട്. ഫ്രഞ്ച് ലീഗില്‍ 32 കളികളില്‍ നിന്ന് 39 ഗോളുകള്‍ അടിച്ചുകൂട്ടിയാണ് ഫൊണ്ടെയ്ന്‍ ലോകകപ്പിനെത്തിയത്. സ്‌റ്റേഡ് ഡി റെയിംസിന് വേണ്ടിയായിരുന്നു ലീഗിലെ ഗോള്‍വര്‍ഷം. ഫൊണ്ടെയ്‌ന്റെ മികവില്‍ ടീം ലീഗ് ചാമ്പ്യന്‍മാരാവുകയും ചെയ്തു.


ഫുട്‌ബോള്‍ തട്ടുന്ന ഏതൊരു താരത്തിന്റെയും സ്വപ്നമാണ് ലോകകപ്പ്. എന്നാല്‍ ലോകഫുട്‌ബോള്‍ മാമാങ്കത്തില്‍ ബൂട്ടുകെട്ടാന്‍ അവസരം ലഭിക്കുന്നവര്‍ വളരെ കുറവാണ്. ഈയൊരു പശ്ചാത്തലത്തില്‍  ഫൊണ്ടെയ്‌ന്റെ ജീവിതകഥ കൗതുകകരമാണ്. അച്ഛന്‍ നോര്‍വേക്കാരന്‍. അമ്മ സ്‌പെയ്ന്‍കാരി. ജനനം മൊറോക്കോയില്‍. എന്നിട്ടും ഫൊണ്ടെയ്ന്‍ ലോകകപ്പില്‍ കളിച്ചു, ഫ്രാന്‍സിന് വേണ്ടി. 13 ഗോളുകള്‍ അടിച്ചുകൂട്ടി ചരിത്രപുസ്തകത്തില്‍ ഇടംപിടിക്കുകയും ചെയ്തു.

ഇന്നത്തെപ്പോലെയല്ല അന്നത്തെ രീതികള്‍. സ്‌പോണ്‍സര്‍മാരോ, ഇത്രപ്രതിഫലമോ, ആധുനിക പരിശീലന രീതികളോ ഉണ്ടായിരുന്നില്ല, എന്തിന് ഒരുജോഡി ബൂട്ടുകള്‍ മാത്രമേ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നുള്ളൂ. ഒരിക്കല്‍ എന്റെ ബൂട്ടിന് കേടുപറ്റി. എന്റെ കാലിന്റെ അതേ അളവുള്ള മറ്റൊരു കളിക്കാരന്റെ ബൂട്ടണിഞ്ഞാണ് കളത്തിലിറങ്ങിയത്. ഒരുബൂട്ടിനകത്ത് രണ്ട് മനസ്സുകള്‍ എന്നാണ് ഞാനന്ന് കൂട്ടുകാരോട് പറഞ്ഞത്- ഫൊണ്ടെയ്ന്‍ ഓര്‍ക്കുന്നു.സ്വീഡനില്‍ നടന്ന ലോകകപ്പ് ടീമിലേക്ക് അവസാനനിമിഷമാണ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ടീമിനെക്കുറിച്ച് നാട്ടുകാര്‍ക്കുപോലും വലിയ പ്രതീക്ഷയില്ലായിരുന്നു. ടൂര്‍ണമെന്റിനായി ആദ്യം സ്വീഡനിലെത്തിയത് ഫ്രാന്‍സായിരുന്നു. ആദ്യം മടങ്ങേണ്ടവര്‍ ആദ്യമെത്തി എന്നാണ് അന്നൊരു ഫ്രഞ്ച് പത്രം തലക്കെട്ട് നല്‍കിയത്.

ആദ്യകളിയില്‍ ഫ്രാന്‍സ് 2-1ന് സ്‌കോട്‌ലാന്‍ഡിനെ തോല്‍പിച്ചു. രണ്ടാമത്തെ കളിയില്‍ ഫൊണ്ടെയ്ന്‍ ഹാട്രിക് നേടിയപ്പോള്‍ തകര്‍ന്നത്  പരാഗ്വേ. മൂന്നിനെതിരെ ഏഴ് ഗോളുകള്‍ക്കായിരുന്നു ഫ്രാന്‍സിന്റെ വിജയം. യൂഗോസ്ലാവ്യക്കെതിരെ 3-2ന് തോറ്റുപ്പോഴും രണ്ടും ഗോളുകളും ഫൊണ്ടെയ്‌ന്റെ ബൂട്ടില്‍ നിന്നായിരുന്നു. രണ്ട് ജയത്തോടെ എല്ലാവരെയും അമ്പരപ്പിച്ച് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ കടന്നു.

ക്വാര്‍ട്ടറിലും ഫൊണ്ടെയ്ന്‍ തന്നെയായിരുന്നു താരം. ഫൊണ്ടെയ്ന്‍ രണ്ടു ഗോളടിച്ച കളിയില്‍ വടക്കന്‍ അയര്‍ലാന്‍ഡിനെതിരെ നാലുഗോള്‍ ജയത്തോടെ സെമിയില്‍. സാക്ഷാല്‍ പെലെ ഉദയം ചെയ്ത ലോകകപ്പില്‍ ബ്രസീലായിരുന്നു എതിരാളികള്‍. പെലെയുടെ ഹാട്രിക്കില്‍ ബ്രസീല്‍ 5-2ന് ഫ്രാന്‍സിനെ തോല്‍പിച്ചു. ഫ്രാന്‍സിന്റെ മറുപടി ഗോളുകളില്‍ ഒന്ന് ഫൊണ്ടെയ്‌ന്റെ ബൂട്ടില്‍ നിന്നായിരുന്നു.ലൂസേഴ്‌സ് ഫൈനലില്‍ പശ്ചിമ ജര്‍മനിയായിരുന്നു ഫ്രാന്‍സിന്റെ എതിരാളികള്‍. ഫൊണ്ടെയ്ന്‍ പെരുമഴയായി പെയ്തപ്പോള്‍ ജര്‍മനിയുടെ വലയില്‍ വീണത് ആറുഗോളുകള്‍. ഇതില്‍ നാലും ഫൊണ്ടെയ്‌ന്റെ കാലില്‍നിന്നായിരുന്നു. മൂന്ന് ഗോളുകള്‍ ഫ്രാന്‍സും വഴങ്ങി. അതോടെ ലോകകപ്പിലെ ഒരു മത്സരത്തില്‍ ഏറ്റവും ഗോളുകള്‍ പിറന്ന മത്സരമെന്ന റെക്കോര്‍ഡും ഈ മത്സരത്തിനൊപ്പമായി. മാത്രമല്ല, 13 ഗോളുകളാണ് ഫൊണ്ടെയ്‌ന്റെ പേരിനൊപ്പം കുറിക്കപ്പെട്ടത്.

തന്റെ സമാനതകളില്ലാത്ത ഗോള്‍വേട്ടയെക്കുറിച്ച് ഫൊണ്ടെയ്ന്‍ ഇന്നും വിനയാന്വിതനാണ്. 'എന്റെ 13 ഗോളുകളേക്കാള്‍ ഫ്രാന്‍സിന്റെ മൂന്നാം സ്ഥാനത്തിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്. അന്നൊന്നും ടോപ് സ്‌കോറര്‍ക്ക് ഇന്നത്തെപ്പോലെ പ്രാധാന്യമൊന്നുമില്ല. എന്റെ എല്ലാ ഗോളുകള്‍ക്കും സഹസ്‌ട്രൈക്കറായ റെയ്മണ്ട് കോപ്പയുടെ സഹായം ഉണ്ടായിരുന്നു. ആക്രമണ ഫുട്‌ബോള്‍ കളിച്ച ഞങ്ങള്‍ ആറ് മത്സരങ്ങളില്‍ നിന്ന് നേടിയത് 23 ഗോളുകളാണ്. കാലില്‍ പന്ത് കിട്ടിയാല്‍ റെയ്മണ്ട് എവിടെയുണ്ടാവുമെന്ന് എനിക്കറിയാമായിരുന്നു, അദ്ദേഹത്തിന് തിരിച്ചും. അത്തരമൊരു ഒത്തിണക്കമായിരുന്നു ഞങ്ങളുടേത്'.  ഫൊണ്ടെയ്ന്‍ 13 ഗോളടിച്ചെങ്കിലും റെയ്മണ്ടാണ് ടൂര്‍ണമെന്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

ഇന്നത്തെപ്പോലെ ഗോള്‍ഡന്‍ ബൂട്ടോ നക്ഷത്ര തിളക്കമോ അന്നുണ്ടായിരുന്നില്ല. എങ്കിലും സ്വീഡനിലെ മാധ്യമങ്ങള്‍ മികച്ച താരമായി തെരഞ്ഞെടുത്ത് ഫൊണ്ടെയ്‌നെ ആദരിച്ചു. 1986ലെ മെക്‌സിക്കോ ലോകകപ്പിലെ ടോപ് സ്‌കോററായ ഗാരി ലിനേക്കര്‍ തനിക്ക് ലഭിച്ച ഗോള്‍ഡന്‍ ബൂട്ട് ഫൊണ്ടെയ്‌ന് സമര്‍പ്പിച്ചു. 12 വര്‍ഷമേ ഫൊണ്ടെയ്ന്‍ കളിത്തട്ടിലുണ്ടായിരുന്നുള്ളൂ. വിവിധ ക്ലബുകള്‍ക്ക് വേണ്ടി 200 കളികളില്‍ നിന്ന് 165 ഗോളുകള്‍ നേടി. ഫ്രാന്‍സിന് വേണ്ടി ബൂട്ടുകെട്ടിയത് 21 കളികളില്‍ മാത്രം. നേടിയത് 30 ഗോളുകളും. പരിക്ക് വില്ലനായെത്തിയപ്പോള്‍ ഇരുപത്തിയാറാം വയസ്സില്‍ ഫൊണ്ടെയ്ന്‍ ബൂട്ടഴിക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.

കാലം ഏറെക്കഴിഞ്ഞു. നൂറ്റാണ്ടുതന്നെ മറിഞ്ഞുവീണു. കളിയും കളിക്കാരും കളിത്തട്ടുകളും മാറി. എങ്കിലും ഫൊണ്ടെയ്ന്‍ ഇപ്പോഴും താരമാണ്. മറക്കാനാവാത്ത മായ്ക്കനാവാത്ത താരം. അതുകൊണ്ടുതന്നെയാണ് പെലെ തെരഞ്ഞെടുത്ത് ഏറ്റവും മികച്ച 125 താരങ്ങളുടെ പട്ടികയില്‍ ഫൊണ്ടെയ്ന്‍ ഇടംപിടിച്ചത്.

കളത്തില്‍ സിറ്റിയായിരിക്കാം, കളത്തിന് പുറത്ത് യുണൈറ്റഡ് തന്നെ രാജാക്കന്‍മാര്‍ലണ്ടന്‍: ഫോട്ടോ ഫിനിഷില്‍ ലിവര്‍പൂളിനെ പിന്നിലാക്കിയ മാഞ്ചസ്റ്റര്‍ സിറ്റിയാണ്  ഇംഗ്ലീഷ് പ്രിമിയര്‍ ലീഗിലെ പുതിയ ജേതാക്കള്‍. എന്നാല്‍ ക്ലബിന്റെ സ്വീകാര്യതയിലവും ആരാധകരുടെ എണ്ണത്തിലും അയല്‍ക്കാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തന്നെ മുന്നില്‍. ആഗോളതലത്തില്‍ ഇപ്പോഴും ഏറ്റവുമധികം ആരാധകരുള്ള ടീമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.

യുണൈറ്റഡിന് ലോകമെമ്പാടും 659 ദശലക്ഷം ആരാധകരാണുള്ളത്. സിറ്റി ഇതിന്റെ ഏഴയലത്ത് എത്തില്ല. മാത്രമല്ല, 28 ബില്യണ്‍ ഡോളറാണ് മാന്‍യുവിന്റെ ആസ്ഥി. റയല്‍ മാഡ്രിഡും ബാഴ്‌സലോണയും മാത്രമേ സമ്പത്തിന്റെ കാര്യത്തില്‍ മാന്‍യുവിന് മുന്നിലുള്ളൂ. ഫോര്‍ബ്‌സിന്റെ ധനിക ക്ലബുകളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് സിറ്റി.

24 വര്‍ഷമായി ടീമിന് തന്ത്രമോതിയ സര്‍ അലക്‌സ് ഫെര്‍ഗ്യൂസന്‍ ഇല്ലായിരുന്നു എന്നതാണ് യുണൈറ്റഡിന്റെ ഏറ്റവും വലിയ പോരായ്മ. ഫെര്‍ഗിക്ക് പകരമെത്തിയ ഡേവിഡ് മോയസിന് തൊട്ടതെല്ലാം പിഴച്ചപ്പോള്‍ മാന്‍യുവും നിലംതൊട്ടില്ല. യൂറോപ്പ ലീഗിന് പോലും അവര്‍ക്ക് യോഗ്യതനേടാനായില്ല.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും മാന്‍യു ശക്തമായി തിരിച്ചുവരുമെന്ന് വിദഗ്ധര്‍ പറയുന്നു. ഒരു സീസണിലെ തിരിച്ചടികൊണ്ട് മാന്‍യുവിനെ എഴുതിത്തള്ളാനാവില്ല. ലോകത്തില്‍ ഏറ്റവും അരാധകര്‍. ശക്തമായ സാമ്പത്തിക അടിത്തറ. ഉറച്ച മാനേജ്‌മെന്റ്. ഇങ്ങനെ എല്ലാ ഘടകങ്ങളിലും മുന്‍പന്തിയിലുള്ള യുണൈറ്റഡ് ശക്തമായി തിരിച്ചുവരും-സ്‌കൈ സ്‌പോര്‍ട്‌സ് ടെലിവിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാര്‍ഡ് സ്‌കുഡാമോര്‍ പറഞ്ഞു.

പ്രിമിയര്‍ ലീഗില്‍ ഏഴാം സ്ഥാനത്താണ് മാന്‍യു ഇത്തവണ. ലീഗ് പൂര്‍ത്തിയാവും മുന്‍പ് കോച്ച് മോയസിനെ പുറത്താക്കി. സീനിയര്‍ താരം റയാന്‍ ഗിഗ്‌സിന്റെ താല്‍ക്കാലി പരിശീലനത്തിന്‍ കീഴിലായിരുന്നു മാന്‍യു അവസാന മത്സരങ്ങള്‍ കളിച്ചത്. കോച്ചായി കളത്തിന് പുറത്തുനിന്ന ഗിഗ്‌സ് ഒരുമത്സരത്തില്‍ ചെങ്കുപ്പായമണിഞ്ഞ് കളിക്കാനിറങ്ങുകയും ചെയ്തു. അങ്ങനെ ഒരുകളിയില്‍ തന്നെ കോച്ചായും കളിക്കാരനായും വേഷമണിഞ്ഞ് ഗിഗ്‌സ് സമാനതകളില്ലാത്ത റെക്കോര്‍ഡും സ്വന്തമാക്കി.

ഡച്ചുകാരനായ ലൂയിസ് വാന്‍ഗാല്‍ മാന്‍യുവിന്റെ പുതിയ പരിശീലകനാവുമെന്നാണ് കരുതുന്നത്. വാന്‍ഗാലും ഇക്കാര്യത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്തായാലും ഉടച്ചുവാര്‍ത്തൊരു മാന്‍യുവിനെ ആയിരിക്കും അടുത്ത സീസണില്‍ കാണുക, ഉറപ്പ്.

May 13, 2014

ഡല്‍ഹിയിലെ തെരുവില്‍ നിന്ന് ആന്‍ഫീല്‍ഡിലേക്ക്

കൊല്‍ക്കത്തയിലെ ചുവന്ന തെരുവില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ചെങ്കോട്ടയിലേക്ക് ഡ്രിബിള്‍ ചെയ്തുകയറിയ രജീബ് റോയിക്ക് പിന്നാലെ ഇന്ത്യന്‍ ഫുട്‌ബോളില്‍ നിന്ന് മറ്റൊരു തെരുവുതാരംകൂടി ഇംഗ്ലണ്ടിലേക്ക് പറക്കാനൊരുങ്ങുന്നു.

ഡല്‍ഹിയിലെ ചേരിയില്‍ പന്തുതട്ടുന്ന മുഹമ്മദ് തന്‍ജീറിനെ ഇംഗ്ലീഷ് ക്ലബായ ലിവര്‍പൂള്‍ തങ്ങളുടെ ഇന്റര്‍നാഷണല്‍ അക്കാഡമിയിലേക്ക് തെരഞ്ഞെടുത്തു. കൗമാരതാരമായ തന്‍ജീര്‍ അടുത്ത സീസണില്‍ ലൂയിസ് സുവാരസും ഇംഗ്ലണ്ട് നായകന്‍ സ്റ്റീവന്‍ ജെറാര്‍ഡുമൊക്കെ പന്തുതട്ടുന്ന സാക്ഷാല്‍ ആന്‍ഫീല്‍ഡില്‍ പരിശീലനം തുടങ്ങും.

സോനാഗച്ചിയിലെ ഇടവഴികളില്‍ പന്തുതട്ടി മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെട്ട രജീബ് റോയിക്ക് സമാനമാണ് തന്‍ജീറിന്റെയും ജീവിതകഥ. മുന്നില്‍ പ്രതിബന്ധങ്ങള്‍ മാത്രം. ഇച്ഛാശക്തിയും കളിമികവും മാത്രമാണ് ഇരുവരുടെയും കൈമുതല്‍. രജീബിനെപ്പോളും തന്‍ജീറും സ്‌ട്രൈക്കറാണ്. ഉന്നംപിഴയ്ക്കാതെ എതിര്‍ഗോള്‍ വലയിലേക്ക് ഷോട്ടുതിര്‍ക്കാന്‍ ശേഷിയുള്ളവര്‍.

രജീബിന് സോനാഗച്ചിയിലെ ഇടവഴികളും സ്‌കൂള്‍ ഗ്രൗണ്ടും കളിയിടമായി ഉണ്ടായിരുന്നു. എന്നാല്‍ രാജ്യതലസ്ഥാനക്കാരനായ തന്‍ജീറിന് പേടികൂടാതെ പന്തുതട്ടാനൊരു ഗ്രൗണ്ടുപോലുമില്ല. പാത്തും പതുങ്ങിയും അരണ്ട വെളിച്ചത്തില്‍ പന്തുതട്ടിയാണ് രജീബ് ആന്‍ഫീല്‍ഡിലെ വെള്ളിവെളിച്ചത്തില്‍ പരിശീലനം നേടാനൊരുങ്ങുന്നത്.

സമ്പന്നര്‍ തിങ്ങിപ്പാര്‍ക്കുന്ന ഡല്‍ഹിയിലെ വികാസ്പുരി പാര്‍ക്കിലാണ് തന്‍ജീറിന്റെ പരിശീലനം. ഇവിടെ പരിശീലനം നടത്താന്‍ തന്‍ജീറിനോ കൂട്ടുകാര്‍ക്കോ അനുമതിയില്ല. സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ വരുംമുന്‍പാണ് ഇവര്‍ കളിക്കാനെത്തുന്നത്.  തന്‍ജീറും കൂട്ടുകാരും ബൂട്ടുകെട്ടിയെത്തുമ്പോള്‍ എല്ലാവരും ഉറക്കമായിരിക്കും. പുലര്‍ച്ചെ മൂന്നരയ്ക്കാണ് ഇവര്‍ വികാസ്പുരിയില്‍ പരിശീനത്തിനെത്തുന്നത്. ചേരിയിലെ കുട്ടികളെ ഇവിടെ കണ്ടാല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് കലിയിളകും. അതിനാല്‍ നേരം പുലരുന്നതിന് മുന്‍പേ ഇവര്‍ സ്ഥലം കാലിയാക്കും.

മികച്ച പ്രതിഭകളെ തേടി ലിവര്‍പൂള്‍ ഇന്ത്യയൊട്ടാകെ നടത്തിയ പരിശീലനക്കളരിയില്‍ നിന്നാണ് പതിനാറുകാരനായ തന്‍ജീറിനെ തെരഞ്ഞെടുത്തത്. സ്വാഭാവിക പ്രതിഭയെന്നാണ് ലിവര്‍പൂളിലെ വിദഗ്ധര്‍ തന്‍ജീറിന്റെ കളി കണ്ടതിന് ശേഷം വിലയിരുത്തിയത്. അതുകൊണ്ടുതന്നെ തങ്ങളുടെ ഇന്റര്‍നാഷണല്‍ അക്കാഡമിയിലേക്ക് ഈ പതിനാറുകാരനെ തെരഞ്ഞെടുക്കാന്‍ അവര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

കുറച്ചുനാളുകള്‍ മുന്‍പുവരെ ഡല്‍ഹിയിലെ തെരുവുകളില്‍ ആക്രി പെറുക്കി നടക്കുന്ന പയ്യാനായിരുന്നു തന്‍ജീര്‍. നഗരമാലിന്യങ്ങള്‍ കൂട്ടിയിടുന്നിടത്തെല്ലാം തന്‍ജീറും കൂട്ടുകാരും കീറച്ചാക്കുകളുമായി എത്തുമായിരുന്നു. ഇതിനിടെ അമ്മ തന്‍ജീറിനെ തെരുവുകുട്ടികള്‍ക്കായി നടത്തുന്ന മൈ ഏഞ്ചല്‍സ് അക്കാഡമിയില്‍ ചേര്‍ത്തു. അക്കാഡമിയുടെ സ്ഥാപകനായ സില്‍വസ്റ്റര്‍ പീറ്ററാണ് തന്‍ജീറിനെ ഫുട്‌ബോളിലേക്ക് തിരിച്ചുവിട്ടത്. ഇതോടെ തെരുവുബാലന്റെ ജീവിതം മാറിമറിയുകയായിരുന്നു.

മൈ ഏഞ്ചല്‍സ് അക്കാഡമി പങ്കെടുത്ത ടൂര്‍ണമെന്റുകളിലെല്ലാം തന്‍ജീറിനെ കളിപ്പിച്ചു. ചിലടൂര്‍ണമെന്റുകളില്‍ തന്‍ജീര്‍ ഗോളുകള്‍ അടിച്ചുകൂട്ടി. ഗോള്‍വേട്ടയില്‍ അസാധാരണ മികവുകാണിച്ച തന്‍ജീറിന്റെ കളികാണാന്‍ ലിവര്‍പൂള്‍ ആരാധകനായ പരംജീത് എന്ന ഡല്‍ഹിക്കാരനുമുണ്ടായിരുന്നു. പരംജീത്താണ്  പ്രതിഭകളെത്തേടി ഡല്‍ഹിയിലെത്തിയ ലിവര്‍പൂള്‍ അധികൃതരോട് തന്‍ജീറിനെക്കുറിച്ച് പറയുന്നത്. പക്ഷേ, അക്കാഡമിയില്‍ പ്രവേശനം കിട്ടിണമെങ്കില്‍ വാര്‍ഷിക ഫീസായി അഞ്ചു ലക്ഷം നല്‍കണം. അത് തന്‍ജീറിന് കൊടുക്കാനാവില്ലെന്ന് ഉറപ്പായിരുന്നു.

അക്കാഡമിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ എങ്ങനെയെങ്കിലും പണംകണ്ടെത്തി നല്‍കാമെന്ന പരംജീത്തിന്റെ ഉറപ്പിന്‍മേലാണ് ലിവര്‍പൂള്‍ കോച്ചുമാര്‍ തന്‍ജീറിനെ സെലക്ഷന്‍ ട്രയല്‍സിന് ഇറക്കിയത്. തന്‍ജീറിന് ഇംഗ്ലീഷുകാരെ അമ്പരപ്പിക്കനാവുമെന്ന് പരംജീത്തിന് ഉറപ്പുണ്ടായിരുന്നു. ചേരിയില്‍ നിന്നത്തിയ പയ്യന്‍ ബൂട്ടുകെട്ടിയിറങ്ങിയപ്പോള്‍ അതുതന്നെ സംഭവിച്ചു. തന്‍ജീര്‍ ലിവര്‍പൂളിന്റെ ഇന്റര്‍ നാഷണല്‍ അക്കാഡമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തന്‍ജീറിന്റെ ആദ്യവര്‍ഷത്തെ ചെലവുകളെല്ലാം പരംജീത്താണ് വഹിക്കുന്നത്. ഇതിനുള്ള പണംകണ്ടെത്താനുള്ള ഒരുക്കത്തിലാണ് ഈ ഫുട്‌ബോള്‍ പ്രേമി.

ലിവര്‍പൂളിലെ പരിശീലനം കഴിഞ്ഞെത്തുമ്പോള്‍ ഒരുപക്ഷേ, തന്‍ജീര്‍ കോടികള്‍ വിലമതിക്കുന്ന താരമായേക്കാം . അങ്ങനെയെങ്കില്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇന്നുവരെ കാണാത്തൊരു താരോദയമായിരിക്കും അത്. കാത്തിരിക്കാം നമുക്ക്. നല്ല വാര്‍ത്തകള്‍ക്കായി, ശുഭപ്രതീക്ഷയോടെ.

Resistance Bands, Free Blogger Templates