ഫുട്ബോളിലെ പെരുങ്കളിയാട്ടമാണ് ലോകകപ്പ്. താരങ്ങളും ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന മഹാമേള. ലോകമെമ്പാടുമുളള ഫുട്ബോള്‍ പ്രേമികള്‍ ആവേശത്തോടെ ഉറ്റുനോക്കുന്ന തീപാറും പോരാട്ടങ്ങളില്‍ പന്തുതട്ടുക ഏതൊരു താരത്തിന്റെയും സ്വപ്നസാഫല്യമാണ്. പക്ഷേ കളിത്തട്ടുകളില്‍ സമാനതകളില്ലാത്ത മിന്നല്‍പ്പിണറുകളായി ആരാധകരുടെ ഇടനെഞ്ചിലിടം നേടിയ പല മഹാരഥന്‍മാര്‍ക്കും ലോകകപ്പ് എന്നും സ്വപ്നമായിരുന്നു. ക്ളബ് തലത്തില്‍ നക്ഷത്ര പദവിയിലേക്ക് ഉയര്‍ന്നെങ്കിലും അസാന്നിധ്യം കൊണ്ട് ലോകകപ്പില്‍ ശ്രദ്ധേയരായ താരങ്ങള്‍ നിരവധിയാണ്. ഇവരില്‍ പ്രമുഖരായ ചിലരെക്കുറിച്ച്...
ആല്‍ഫ്രഡോ സിസ്റ്റെഫാനോ
ലോകകപ്പ് ഫുട്ബാളിന്റെ എക്കാലത്തെയും വലിയ നഷ്ടമാണ് ആല്‍ഫ്രഡോ സിസ്റ്റെഫാനോ. മൂന്നു രാജ്യങ്ങള്‍ക്ക് വേണ്ടി പന്തുതട്ടിയ(അര്‍ജന്റീന, കൊളംബിയ, സ്പെയ്ന്‍), റയല്‍ മാഡ്രിഡിനെ അഞ്ചു തവണ യൂറോപ്യന്‍ ചാമ്പ്യന്‍മാരാക്കിയ, പെലെയുടെ സമശീര്‍ഷനായ സിസ്റ്റെഫാനോയ്ക്ക് ഒരിക്കല്‍പ്പോലും ലോകകപ്പില്‍ കളിക്കാനായില്ല. സിസ്റ്റെഫാനോയുടെ അര്‍ജന്റീനന്‍ ടീം 1950ലും 1954ലും ലോകകപ്പില്‍ കളിക്കാന്‍ വിസമ്മതിച്ചു. 1956ല്‍ സ്പാനിഷ് പൗരത്വം സ്വീകരിച്ചതിനാല്‍ 1958ലെ ലോകകപ്പില്‍ കൊളംബിയ സിസ്റ്റെഫാനോയെ ടീമിലെടുത്തില്ല. തൊട്ടടുത്ത ലോകകപ്പില്‍ സാഹചര്യങ്ങളെല്ലാം അനുകൂലമായിരുന്നു. പക്ഷേ വിധിയുടെ ഫൗള്‍പ്ലേ ഇതിഹാസ താരത്തെ ലോകകപ്പില്‍ നിന്നകറ്റി. ടൂര്‍ണമെന്റിന് തൊട്ടുമുമ്പേറ്റ പരിക്കാണ് സിസ്റ്റെഫാനോയെ ലോകകപ്പിന്റെ നഷ്ടമാക്കി മാറ്റിയത്.
ജോര്‍ജ് ബെസ്റ്റ്
ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും നൈസര്‍ഗിക താരങ്ങളിലൊരാളായിരുന്നു വടക്കന്‍ അയര്‍ലന്‍ഡിന്റെ ജോര്‍ജ് ബെസ്റ്റ്. പ്രതിഭയുടെ ധാരാളിത്തംകൊണ്ടു കളിക്കളത്തെ കോരിത്തരിപ്പിച്ച ബെസ്റ്റ് 37 മത്സരങ്ങളില്‍ മാത്രമാണ് രാജ്യത്തിനു വേണ്ടി കളിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുവേണ്ടി 137 ഗോളുകള്‍ അടിച്ചുകൂട്ടിയ ബെസ്റ്റ് യൂറോപ്യന്‍ ഫുട്ബോളര്‍ പട്ടവും സ്വന്തമാക്കി. 1982ലെ ലോകകപ്പിന് വടക്കന്‍ അയര്‍ലന്‍ഡ് യോഗ്യതനേടിയെങ്കിലും മദ്യത്തില്‍ മുങ്ങിയ ബെസ്റ്റിന് ടീമിനൊപ്പം ചേരാനായില്ല. അങ്ങനെ ബെസ്റ്റിനും ആരാധകര്‍ക്കും ലോകകപ്പിലെ അത്യപൂര്‍വ നിമിഷങ്ങള്‍ ആഗ്രഹമായി അവശേഷിച്ചു.
ജോര്‍ജ് വീയ
ആഫ്രിക്കന്‍ ഫുട്ബോള്‍ ചരിത്രത്തിലെ തിളക്കമുളള നക്ഷത്രമാണ് ലൈബീരിയയുടെ ജോര്‍ജ് വീയ. കളിത്തട്ടുകളില്‍ ആഫ്രിക്കന്‍ ഫുട്ബോളിന്റെ പതാകവാഹകനായ വീയയുടെ ലൈബീരിയയ്ക്ക് 2002 ലോകകപ്പ് ഒരൊറ്റ പോയിന്റിനാണ് നഷ്ടമായത്. ലൈബീരിയയ്ക്ക് കളിക്കാരന്‍ മാത്രമായിരുന്നില്ല വീയ. ക്ലബ് ഫുട്ബോളില്‍ കളിച്ചുകിട്ടിയ പണം മുടക്കിയാണ് വീയ ലൈബീരിയയുടെ പരിശീലന ക്യാമ്പ് നടത്തിയത്. പരീശീലകനും മറ്റാരുമായിരുന്നില്ല. 2002ല്‍ വീയ ഒരഭിമുഖത്തില്‍ പറഞ്ഞു` ഫ്രാന്‍സിനു വേണ്ടി എനിക്ക് ലോകകപ്പ് കളിക്കാമായിരുന്നു. വേണമെങ്കില്‍ കാമറൂണിന്റെ ജഴ്സിയിലും ലോകകപ്പില്‍ കളിക്കാന്‍ അവസരമുണ്ടായിരുന്നു. പക്ഷേ ലൈബീരിയയ്ക്ക് വേണ്ടി ലോകകപ്പില്‍ ബൂട്ടുകെട്ടുകയായിരുന്നു എന്റെ സ്വപ്നം'. ലോക ഫുട്ബോളര്‍,യൂറോപ്യന്‍ ഫുട്ബോളര്‍, ആഫ്രിക്കന്‍ ഫുട്ബോളര്‍ അവാര്‍ഡുകള്‍ നേടിയ വീയയ്ക്ക് അങ്ങനെ ലോകകപ്പ് സ്വപ്നമാക്കി ബൂട്ടഴിക്കേണ്ട വന്നു.
റയാന്‍ ഗിഗ്സ്
ബ്രസീലിയന്‍ കോച്ച് ദുംഗ ടീമിലെടുക്കാന്‍ ആഗ്രഹിക്കുന്ന താരമേതെന്ന ചോദ്യത്തിനുളള ഉത്തരമാണ് റയാന്‍ ഗിഗ്സ്. ദുംഗ മാത്രമല്ല ആധുനിക ഫുട്ബോളിലെ ഏതൊരു പരിശീലകനും ടീമിലുള്‍പ്പെടുത്താന്‍ കൊതിക്കുന്ന താരമാണ് വെയ്ല്‍സിന്റെ ഗിഗ്സ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എവര്‍ഗ്രീന്‍ താരമായ ഗിഗ്സിനും ലോകകപ്പ് മോഹം മാത്രമായി അവശേഷിക്കുന്നു. 1994ല്‍ വെയ്ല്‍സ് ലോകകപ്പിന്റെ പടിവാതില്‍ക്കല്‍ വരെയെത്തിയെങ്കിലും അവസാന കടമ്പ കടക്കാനായില്ല. 1958ന് ശേഷം വെയ്ല്‍സ് ലോകകപ്പിന് യോഗ്യത നേടിയിട്ടില്ല.
ബേണ്‍ഡ് ഷൂസ്റ്റര്‍
റയല്‍ മാഡ്രിഡിലും ബാഴ്സലോണയിലും മിന്നിത്തിളങ്ങിയ പശ്ചിമ ജര്‍മന്‍ താരമാണ് ബേണ്‍ഡ് ഷൂസ്റ്റര്‍. പ്രതിഭാധനനായ ബേണ്‍ഡ് ഷൂസ്റ്റര്‍ ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനുമായുളള തര്‍ക്കത്തെ തുടര്‍ന്ന് ഇരുപത്തിനാലാം വയസ്സില്‍ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കുകയായിരുന്നു. ഷൂസ്റ്റര്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന കാലത്ത് പശ്ചിമ ജര്‍മനി മൂന്നുതവണ ലോകകപ്പില്‍ കളിച്ചുവെന്നതും ചരിത്രം.
വാലെന്റീനോ മസ്സോള
ഫുട്ബോള്‍ ചരിത്രത്തിലെ ദുരന്തനായകന്‍മാരില്‍ മുന്‍നിരക്കാരനാണ് ഇറ്റാലിയന്‍ ഫുട്ബോളിലെ സൂപ്പര്‍താരമായിരുന്ന വാലെന്റീനോ മസ്സോള. 12 തവണ ഇറ്റാലിയന്‍ കുപ്പായമണിഞ്ഞ മസ്സോള ആധുനിക ഫുട്ബോളിലെ ആദ്യ ഓള്‍റൗണ്ടറായിരുന്നു. ഇറ്റാലിയന്‍ ലീഗിയ ടോറിനോയുടെ നായകനായിരുന്ന മസ്സോള സുപേര്‍ഗ വിമാന ദുരന്തത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ടോറിനോയുടെ 30 അംഗ ടീമാണ് അന്ന് വിമാന ദുരന്തത്തില്‍ മരണത്തിന് കീഴടങ്ങിയത്. മസ്സോളയുടെ മകന് മൂന്നു ലോകകപ്പുകളില്‍ ബൂട്ടണിയുകയും ചെയ്തു.
എറിക് കന്റോണ
കളിക്കളത്തിലെ പ്രകടനം മാത്രം ചിലരെ രക്ഷിക്കില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു വേണ്ടി തകര്‍പ്പന്‍ കളി കെട്ടഴിച്ചിട്ടും കന്റോണ ഫ്രഞ്ച് ടീമില്‍ ഇടംപിടിച്ചില്ല. പരിശീലകരുടെ ഗുഡ് ബുക്കില്‍ ഇടം പിടിക്കാനായില്ല എന്നത് മാത്രമായിരുന്നു കന്റോണയെ ലോകകപ്പില്‍ നിന്ന് അകറ്റിയത്.
0 Comments