അതെ, കാലം കാത്തിരിക്കുകയായിരുന്നു, 2010 ഫെബ്രുവരി 24 വരെ. ക്രിക്കറ്റ് കാത്തിരിക്കുകയായിരുന്നു, സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കര്‍ എന്ന അഞ്ചടി അഞ്ചിഞ്ചുകാരന്റെ ഈയൊരു ഇന്നിംഗ്സിനായി. ഒടുവില്‍ ചരിത്രങ്ങളേറെ പറയാനുളള ഗ്വാളിയോറില്‍ അതു സംഭവിച്ചു. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഇരട്ടസെഞ്ച്വറിയെന്ന സമാനതകളില്ലാത്ത നേട്ടം. റെക്കോര്‍ഡുകളില്‍ നിന്ന് റെക്കോര്‍ഡുകളിലേക്ക് ബാറ്റുവീശുന്ന ബാറ്റിംഗ് ദൈവത്തിന്റെ പേരിനൊപ്പം മറ്റൊരു പൊന്‍തിളക്കം കൂടി. പറഞ്ഞുപഴകിയിട്ടും ലോകമെമ്പാടുമുളള ക്രിക്കറ്റ് പ്രേമികള്‍ ആവര്‍ത്തിക്കുകയാണ്...ദൈവത്തിന് തുല്യം ദൈവം മാത്രം; സച്ചിന് തുല്യന്‍ സച്ചിന്‍ മാത്രവും.
1971 ജനുവരി അഞ്ചിന് ഏകദിന ക്രിക്കറ്റ് ആരംഭിക്കുമ്പോള്‍ വ്യക്തിഗത സ്കോര്‍ 200 കടക്കുമെന്ന് ആരും സ്വപ്നംപോലും കണ്ടിരുന്നില്ല. കാലവും കളിയും കളിക്കാരും മാറിയതോടെ എപ്പോഴും സംഭവിച്ചേക്കാവുന്ന മഹാത്ഭുതമായിരുന്നു ഏകദിനത്തിലെ ഇരട്ടസെഞ്ച്വറി. സയീദ് അന്‍വറും(194), ചാള്‍സ് കവണ്‍ട്രിയും(194*)വിവിയന്‍ റിച്ചാര്‍ഡ്സും(189*) സനത് ജയസൂര്യയുമെല്ലാം (189) ഈ സ്വപ്നനേട്ടത്തിനരികെ വീണത് സച്ചിനുവേണ്ടിയായിരുന്നു. ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസത്തിനുവേണ്ടി മാത്രം. അല്ലെങ്കില്‍ കവണ്‍ട്രി 194ല്‍ ബാറ്റുചെയ്യവേ അന്‍പതാം ഓവര്‍ പൂര്‍ത്തിയാവില്ലായിരുന്നു. അന്‍വറും ജയസൂര്യയും ചരിത്രത്തിന്റെ പടിവാതില്‍ക്കല്‍ ഇടറി വീഴില്ലായിരുന്നു. ചിലത് അങ്ങനെയാണ്. അതിനായി വിധിക്കപ്പെട്ടവര്‍ക്കേ ലക്ഷ്യത്തിലെത്താനാവൂ. ആരെങ്കിലും ഏകദിനത്തില്‍ 200ലെത്തിയാല്‍ , അത് ആഡം ഗില്‍ക്രിസ്റ്റോ വീരേന്ദര്‍ സെവാഗോ ആയിരിക്കുമെന്നാണ് ക്രിക്കറ്റ് പണ്ഡിതന്‍മാര്‍ ജാതകം കുറിച്ചത്. എന്നാല്‍ , മുപ്പത്തിയാറാം വയസ്സിലും ഇരുപതുകാരന്റെ ചുറുചുറുക്കോടെ ബാറ്റുവീശിയ സച്ചിന്‍ , ഓപ്പണറായെത്തി ഇരട്ടസെഞ്ച്വറിയുടെ തിളക്കത്തില്‍ അപരാജിതനായി മടങ്ങിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ക്രിക്കറ്റ്ചരിത്രം ആ മഹാപ്രതിഭയ്ക്ക് മുന്നില്‍ തലകുനിക്കുകയായിരുന്നു.
39 വര്‍ഷത്തെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിനൊപ്പം സച്ചിനും തന്റെ നാനൂറ്റിനാല്‍പ്പത്തിരണ്ടാം ഏകദിനംവരെ കാത്തിരിക്കേണ്ടിവന്നു ഇരട്ടശതകത്തിന്റെ നിറവിലെത്താന്‍.ഡെയ്ല്‍ സ്റ്റെയിന്റെ നേതൃത്വത്തിലുളള ബൗളര്‍മാര്‍ക്കുമേല്‍ പടര്‍ന്നുകയറിയ സച്ചിന്‍ നേരിട്ട നൂറ്റിനാല്‍പ്പത്തിയേഴാം പന്തിലാണ് 200 റണ്‍സെന്ന കാലംകാത്തിരുന്ന കടമ്പകടന്നത്. അതിനിടെ സച്ചിന്റെ വില്ലോയില്‍നിന്ന് 25 ബൗണ്ടറികളും മൂന്നു സിക്സറുകളും അതിര്‍ത്തിവരയ്ക്കപ്പുറത്തേക്ക് ചീറിപ്പാഞ്ഞിരുന്നു. കണക്കുപുസ്തകത്തിന്റെ കളിയായ ക്രിക്കറ്റില്‍ സച്ചിന് മുന്നിലിപ്പോള്‍ തലകുനിക്കാതെ നില്‍ക്കുന്നത് ഒരൊറ്റ റെക്കോര്‍ഡ് മാത്രം. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്നവ്യക്തിഗത സ്കോറായ സാക്ഷാല്‍ ബ്രയന്‍ ചാള്‍സ് ലാറുയടെ പേരിലുളള 400 റണ്‍സിന്റെ റെക്കോര്‍ഡ്. ഇംഗ്ലണ്ടിനെതിരെ ആറുവര്‍ഷം മുന്‍പാണ് ലാറ പുറത്താവാതെ 400 റണ്‍സെടുത്ത് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോറിനുടമയായത്.
കുറച്ചുകാലം മുന്‍പ് സച്ചിന്‍ പരിക്കിന്റെ പിടിയിലായപ്പോള്‍, ഫോം അകന്നുനിന്നപ്പോള്‍ ചില ക്രിക്കറ്റ് വിദഗ്ധര്‍ പറഞ്ഞു... റിക്കി പോണ്ടിംഗ് റെക്കോര്‍ഡുകളുടെ അധിപനാവുമെന്ന്. എന്നാല്‍ തുടക്കക്കാരന്റെ ആവേശത്തോടെ ജീവിക്കുന്ന ബ്രാഡ്മാന്‍ ഈ സീസണില്‍ മാത്രം അടിച്ചുകൂട്ടിയത് പത്ത് സെഞ്ച്വറികളാണ്. ടെസ്റ്റില്‍ ബ്രാഡ്മാന്റെ 99.94 എന്ന ബാറ്റിംഗ് ശരാശരിക്ക് ഏറെ അകലെയാണെങ്കിലും. കഴിഞ്ഞ 12 മാസത്തിനിടെ ടെസ്റ്റില്‍ 78.3ഉം ഏകദിനത്തില്‍ 72.37മാണ് സച്ചിന്റെ ശരാശരി. 10 ടെസ്റ്റില്‍ നിന്ന് ആറ് സെഞ്ച്വറികളും ഏകദിനത്തില്‍ നാലു സെഞ്ച്വറികളുമാണ് ലിറ്റില്‍മാസ്റ്റര്‍ സ്കോര്‍ ചെയ്തത്.
കണക്കുകളില്‍ സച്ചിന്‍ എന്നും ഒന്നാമനാണ്. 442 ഏകദിനങ്ങളില്‍ നിന്ന് 17598 റണ്‍സ്(46 സെഞ്ച്വറികള്‍) 166 ടെസ്റ്റുകളില്‍ നിന്ന് 13447 റണ്‍സുമാണ് (47 സെഞ്ച്വറികള്‍)സച്ചിന്‍ പേരിനൊപ്പമാക്കിയത്. പിന്നിലുളള ജയസൂര്യക്ക് 13428 റണ്‍സും(ഏകദിനം) ലാറയ്ക്ക് 11953(ടെസ്റ്റ്) റണ്‍സുമാണുളളത്. രണ്ട് വിഭാഗത്തിലും പോണ്ടിംഗാണ് മൂന്നാമന്‍. ഏകദിനത്തില്‍ 12731റണ്‍സും 11859 റണ്‍സുമാണ് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്റെ സമ്പാദ്യം. സെഞ്ച്വറികളിലും സച്ചിന്‍ ഏറെ മുന്നില്‍ത്തന്നെ.
രാജ്യാന്തരക്രിക്കറ്റില്‍ ഇരുപതാണ്ട് പിന്നിട്ടിട്ടും ബാറ്റിംഗിനോടുളള ഒടുങ്ങാത്ത അഭിനിവേശമാണ് സച്ചിനെ മറ്റുളളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. 1974 ഏപ്രില്‍ 24ന് മുംബയില്‍ ജനിച്ച സച്ചിന്‍ ശാരദാശ്രമം സ്കൂളില്‍ ബാറ്റുവീശിയ അതേ ആവേശത്തിലാണ് ഇന്നും ക്രീസിലെത്തുന്നത്.മാറുന്ന കാലത്തിനും തത്രങ്ങള്‍ക്കുമനുസരിച്ച് സ്വയം നവീകരിക്കുന്നതിലൂടെ സച്ചിന്‍ കമ്പ്യൂട്ടര്‍ബുദ്ധിയെ അതീജീവിക്കുന്നു. അതിലൂടെ പുതിയഷോട്ടുകള്‍ ജനിക്കുന്നു. പാഡ്ല്‍ സ്വീപ്പും അപ്പര്‍കട്ടുമെല്ലാം ഈ അതിജീവനത്തിന്റെ ഉല്‍പന്നങ്ങളാണ്. കണക്കുകള്‍ക്കപ്പുറം വരുംകാല ക്രിക്കറ്റിനുനുളള സച്ചിന്റെ സംഭാവന. ഇതുതന്നെയാണ് ഒരു ജീനിയസിന്റെ ജീവിതവും. അതെ നമ്മള്‍ ഭാഗ്യവാന്‍മാരാണ്. സച്ചിന്റെ കാലത്ത് ജീവിക്കാന്‍ കഴിഞ്ഞുവെന്ന ഭാഗ്യമാന്‍മാര്‍.
0 Comments