ലോക കായികവേദിയില്‍ ഇന്ത്യ ഉദിച്ചുയര്‍ന്ന വര്‍ഷമാണ് 2010. കാലം പുതിയൊരു ഇന്നിംഗ്സ് തുറക്കാനൊരുങ്ങമ്പോള്‍ ഓര്‍മയില്‍ തെളിയുന്ന സുവര്‍ണ മുഹൂര്‍ത്തങ്ങള്‍ നിരവധിയാണ്. കോമണ്‍വെല്‍ത്ത് ഗെയിംസിലെയും ഏഷ്യന്‍ ഗെയിംസിലെയും മെഡല്‍വേട്ട. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സമാനതകളില്ലാത്ത നേട്ടങ്ങള്‍. എം സി മേരി കോമിന്റെയും സൈന നേവാളിന്റെയും തിളക്കമുളള നേട്ടങ്ങള്‍...ക്രിക്കറ്റിന് അപ്പുറത്തേക്ക് ഇന്ത്യന്‍ കായികരംഗം ചുവടുവച്ച വര്‍ഷംകൂടിയാണ് 2010.
സ്വന്തം നാട്ടില്‍ നടന്ന ആദ്യമായി നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് തന്നെയായിരുന്നു സ്വര്‍ണത്തിളക്കത്തോടെ മുന്നില്‍ നില്‍ക്കുന്നത്. അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിനിന്ന സംഘാടകര്‍ രാജ്യത്തെ നാണക്കേടിലേക്ക് തളളിയിട്ടെങ്കിലും വര്‍ണാഭമായ ഉദ്ഘാടന ചടങ്ങോടെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച നേട്ടങ്ങളിലൊന്നായി മാറി. 38 സ്വര്‍ണമടക്കം 101 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. ഗെയിംസ് ചരിത്രത്തിലെ സൂപ്പര്‍ മെഡല്‍വേട്ട. തൊട്ടുപിന്നാലെ ചൈനയിലെ ഗുവാംഗ്ഷൂവില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലും ഇന്ത്യ മോശാമാക്കിയില്ല. 14 സ്വര്‍ണമടക്കം 64 മെഡലുകളായിരുന്നു ഇന്ത്യയുടെ സമ്പാദ്യം.
ഇന്ത്യന്‍ വനിതാ റിലേ ടീം കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണത്തിക്കത്തിലേക്ക് ഓടിയെത്തിയതാണ് 2010ലെ ഏറ്റവും വലിയ അത്‌ലറ്റിക്‌സ് നേട്ടം. രണ്ട് നേട്ടത്തിലും മലയാളിതാരം സിനി ജോസ് നിര്‍ണായക പങ്കുവഹിച്ചു. ഏഷ്യന്‍ ഗെയിംസില്‍ പ്രീജ ശ്രീധരനും ജോസഫ് എബ്രഹാമും സ്വര്‍ണം നേടി കേരളത്തിന്റെ യശസ്സ് ഏഷ്യയുടെ ഉയരങ്ങളിലെത്തിച്ചു. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയ കര്‍ണാടകക്കാരി അശ്വിനി ചിതാനന്ദയുടെ പ്രകടനവും കായികപ്രേമികളുടെ മനസ്സില്‍ നിന്ന് മായില്ല.
ക്രിക്കറ്റ് പതിവുപോലെ സച്ചിന്‍ ടെന്‍ഡുല്‍ക്കറില്‍ തന്നെ കേന്ദ്രീകരിച്ചു. ഏകദിനത്തില്‍ ഇരട്ടസെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്‌സ്‌മാന്‍ എന്ന അതുല്യ റെക്കോര്‍ഡിന് അവകാശിയായ സച്ചിന്‍, ടെസ്‌റ്റ് ക്രിക്കറ്റില്‍ 50 സെഞ്ച്വറി നേടുന്ന ആദ്യ താരവുമായി. ഇതിനിടയിലും സച്ചിന് ഇന്ത്യയുടെ വിജയശില്‍പി ആവാന്‍ കഴിയാത്തത് എന്തെന്ന ചോദ്യം ബാക്കിനില്‍ക്കുന്നു. അതേസമയം വിവിഎസ് ലക്ഷ്‌മണ്‍ മാസ്റ്റര്‍ ഇന്നിംഗ്സുകളിലൂടെ ഇന്ത്യയുടെ വിജയശില്‍പിയാവുന്നതിനും 2010 സാക്ഷ്യം വഹിച്ചു. ഒരിക്കലല്ല, പലതവണ. രണ്ടാം ഇന്നിംഗ്സിലെ മാസ്‌മരിക പ്രകടനത്തോടെയായിരുന്നു സച്ചിനെപ്പോലും നിഷ്‌പ്രഭമാക്കുന്ന വിവിഎസ് മാജിക്. ട്വന്റി 20 ലോകകപ്പില്‍ ചലനമുണ്ടാക്കാനായില്ലെങ്കിലും ടെസ്‌റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്താന്‍ എം എസ് ധോണിയുടെ സംഘത്തിന് കഴിഞ്ഞു. അഴിമതിയുടെ ഭാരത്തില്‍ മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡി നാണക്കേടിന്റെ പടുകുഴിയിലേക്ക് മുങ്ങുന്നതും കൊച്ചി ഐ പിഎല്‍ ടീമിന്റെ വിവാദങ്ങളും കളിക്ക് പുറത്തെ കളിയിലൂടെ ക്രിക്കറ്റിനെ കൂടുതല്‍ ഹോട്ടാക്കുന്നതും നമ്മള്‍ കണ്ടു.
ഏഷ്യന്‍ ഗെയിംസില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ലെങ്കിലും സൈന നേവാള്‍ ലോക ബാഡ്‌മിന്റണ്‍ വേദിയില്‍ ഇന്ത്യയുടെ നക്ഷത്രമായി തിളങ്ങി നിന്നു. ലോകറാങ്കിംഗിലെ രണ്ടാംസ്ഥാനം തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ തെളിവ്. ഇന്ത്യന്‍ ഓപ്പണ്‍ ഗ്രാന്‍പ്രി ഗോള്‍ഡ്, സിംഗപ്പൂര്‍ സീരീസ് , ഇന്തോനേഷ്യന്‍ ഓപ്പണിലെ കിരീട നേട്ടമാണ് സൈനയെ ലോകതാരമാക്കിയത്. കളിക്കളത്തില്‍ മിന്നിത്തിളങ്ങിയ സൈനയെ രാജീവ് ഗാന്ധി ഖേല്‍രത്‌ന നല്‍കി രാജ്യംആദരിക്കുകയും ചെയ്‌തു.
ബോക്‌സിംഗില്‍ വിജേന്ദര്‍ സിംഗ്, ഗുസ്‌തിയില്‍ സുശീല്‍ കുമാര്‍, ഷൂട്ടിംഗില്‍ ഗഗന്‍ നാരംഗ്, ടെന്നിസില്‍ സോംദേവ് ദേവ് വര്‍മന്‍ , ബില്യാര്‍ഡ്‌സില്‍ പങ്കജ് അഡ്വാനി എന്നിവരും ഇന്ത്യയുടെ അഭിമാനങ്ങളായി. അഭിനവ് ബിന്ദ്രയുടെ മോശംഫോം കോട്ടങ്ങളുടെ കൂട്ടത്തില്‍ വയ്‌ക്കാം.
പൊന്‍തിളക്കത്തിലുംവേണ്ടത്ര അംഗീകാരം ലഭിക്കാത്ത താരം മണിപ്പൂരുകാരി എം സി മേരികോം ആയിരുന്നു. തുടര്‍ച്ചായായി അഞ്ചാം തവണയാണ് മേരികോം ലോകവനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായത്. ഇന്ത്യന്‍ കായികചരിത്രത്തിലെ സമാനതകളില്ലാത്ത നേട്ടമായിട്ടുപോലും മാധ്യമങ്ങളടക്കം മേരികോമിന് വേണ്ടത്ര അംഗീകാരം നല്‍കിയില്ല.
ഹോക്കി വിവാദങ്ങളില്‍ മുങ്ങിനിന്നാണ് 2010നെ സജീവമാക്കിയത്. ഹോക്കി ഇന്ത്യയിലെ ചേരിതിരിവുകളും വോട്ടെടുപ്പുമെല്ലാം വാര്‍ത്തകളില്‍ വെണ്ടക്കയായപ്പോള്‍ വനിതാ ടീം കോച്ച് എം കെ കൗശിക്കിനെ ലൈംഗിക ആരോപണങ്ങളുടെ പേരില്‍ പുറത്താക്കി. ഫുട്ബോളില്‍ അഖിലന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ഐ എം ജി റിലയന്‍സുമായി 700 കോടിയുടെ കരാറില്‍ ഒപ്പുവച്ചത് മാത്രമായിരുന്നു നേട്ടം. എങ്കിലും ഏഷ്യന്‍ കപ്പിന് മുന്നോടിയായി നടത്തിയ പോര്‍ട്ടുഗല്‍ പര്യടനത്തില്‍ മികച്ചപ്രകടനം നടത്തിയത് മറക്കാനാവില്ല.
സംഭവ ബഹുലമായ 2010ന് തിരശീല വീഴുമ്പോഴുളള കണക്കെടുപ്പില്‍ നേട്ടത്തിന്റെ പട്ടികതന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്. വരാനിരിക്കുന്ന ദിനങ്ങളില്‍ കൂടുതല്‍ അഭിമാന നിമിഷങ്ങളുണ്ടാവുമെന്ന് പ്രതീക്ഷിക്കാം... കാത്തിരിക്കാം.
0 Comments