സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

റെയ്‌ന: മധ്യനിയിലെ വിശ്വസ്തന്‍


ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയും പാകിസ്ഥാനെതിരെ ഏകദിന പരമ്പരയും തോറ്റതിന്റെ ക്ഷീണത്തിലാണ് ടീം ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഏകദിന പോരാട്ടങ്ങള്‍ക്കിറങ്ങിയത്. പരമ്പര കഴിഞ്ഞ ഇംഗ്ലണ്ട് നാട്ടിലേക്ക് മടങ്ങിയപ്പോള്‍ ഇന്ത്യക്ക് അല്‍പം ആശ്വസിക്കാം. രണ്ടിനെതിരെ മൂന്ന് മത്സരങ്ങള്‍ ജയിച്ച് ഏകദിന പരമ്പര നേടിയെന്ന്. പക്ഷേ, സ്വന്തം നാട്ടില്‍ ബൗളിംഗിലും ബാറ്റിംഗിലും ഇന്ത്യന്‍ താരങ്ങള്‍ വെളളംകുടിക്കുന്നതാണ് കളിക്കളത്തില്‍ കണ്ടത്. നായകന്‍ എം എസ് ധോണിയും സുരേഷ് റെയ്‌നയുമാണ് ഇതിന് അപവാദമായി ഇന്ത്യന്‍ നിരയില്‍ ഉണ്ടായിരുന്നത്. ഇതില്‍ തന്നെ റെയ്‌നയുടെ പ്രകടനമായിരുന്നു ഏറെ ശ്രദ്ധേയം.

2005ല്‍ ഇന്ത്യന്‍ ടീമിലെത്തിയ റെയ്‌ന ഇപ്പോഴും ടെസ്റ്റ് ടീമില്‍ സ്ഥാനം ഉറപ്പാക്കിയിട്ടില്ല. ടെസ്റ്റ് മത്സരങ്ങള്‍ക്കുളള സാങ്കേതിക മികവ് റെയ്‌നയ്ക്കുണ്ടോ എന്ന സംശയവും ബാക്കിനില്‍ക്കുന്നു. എങ്കിലും വര്‍ണക്കുപ്പായത്തില്‍ റെയ്‌ന ഇന്ത്യയുടെ വിശ്വസ്തനായിക്കഴിഞ്ഞു. അതിനുളള അംഗീകാരമാണ് ഇംഗ്ലണ്ടിനെതിരെ ലഭിച്ച മാന്‍ ഓഫ് ദ സീരീസ് പുരസ്‌കാരം. 159 മത്സരങ്ങളില്‍ പാഡണിഞ്ഞ റെയ്‌നയുടെ ആദ്യ മാന്‍ ഓഫ് ദ സീരീസ് പുരസ്‌കാരമാണിത്. ഇതിന് തൊട്ടുപിന്നാലെ റെയ്‌ന ഏകദിന റാങ്കിംഗില്‍ ആദ്യ പത്തില്‍ ആദ്യമായി ഇടംപിടിക്കുകയും ചെയ്തു.

ഇംഗ്ലണ്ടിനെതിരെ നാല് അര്‍ധസെഞ്ച്വറികളാണ് റെയ്‌ന നേടിയത്. ഇവയെല്ലാം ടീം ഇന്ത്യ പ്രതിരോധത്തിലായ ഘട്ടത്തിലായിരുന്നു. സമ്മര്‍ദത്തെ ആത്മവിശ്വാസം കൊണ്ട് മറികടക്കുകയായിരുന്നു റെയ്‌ന. ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ എല്ലാവരും കീഴടങ്ങിയപ്പോഴാണ് റെയ്‌നയുടെ പോരാട്ടങ്ങളെല്ലാം.

രാജ്‌കോട്ട് എകദിനത്തില്‍ 49 പന്തില്‍ 50 റണ്‍സെടുത്ത റെയ്‌ന കൊച്ചിയില്‍ 78 പന്തില്‍ 55 റണ്‍സെടുത്തു. ധര്‍മശാലിയില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ അടിത്തറയും റെയ്‌ന തന്നെയായിരുന്നു. 93 പന്തില്‍ 83 റണ്‍സ്. പരമ്പരയിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളില്‍ ഒന്നുകൂടിയായിരുന്നു ഇത്.
പരമ്പരയിലാകെ 277 റണ്‍സാണ് റെയ്‌ന നേടിയത്. ഇതില്ഡ 26 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നു. അലസ്റ്റര്‍ കുക്കും (35), ഇയാന്‍ ബെല്ലും (27) പരമ്പരയില്‍ റെയ്‌നയേക്കാള്‍ ബൗണ്ടറി നേടിയ ബാറ്റ്‌സ്മാന്‍മാര്‍. 92.33 ആയിരുന്നു റെയ്‌നയുടെ സ്‌ട്രൈക്ക് റേറ്റ്.

ഇംഗ്ലണ്ടിനെതിരെയുളള പരമ്പരയോടെ ഇന്ത്യന്‍ മധ്യനിരയുടെ ശക്തിദുര്‍ഗമായി വളര്‍ന്നിരിക്കുകയാണ് റെയ്‌ന. 2005ല്‍ ശ്രീലങ്കയ്‌ക്കെതിരെ ആയിരുന്നു റെയ്‌നയുടെ അരങ്ങേറ്റം. ടെസ്റ്റില്‍ അവസരം ലഭിക്കാനായി അഞ്ചുവര്‍ഷം കൂടെ കാത്തിരിക്കേണ്ടി വന്നു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലും സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍കൂടിയാണ് 26കാരനായ റെയ്‌ന.

കശ്മീരി പണ്ഡിറ്റ് കുടുംബത്തില്‍ ജനിച്ച റെയ്‌ന അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലൂടെയാണ് ശ്രദ്ധേയനാവുന്നത്. പതിനാറാം വയസ്സില്‍ ഉത്തര്‍പ്രദേശിന് വേണ്ടി രഞ്ജി ട്രോഫിയില്‍ അരങ്ങേറി. ബോര്‍ഡര്‍ ഗാവസ്‌കര്‍ സ്‌കോളര്‍ഷിപ്പോടെ ഓസ്‌ട്രേലിയയില്‍ പരിശീലനം നടത്തിയത് റെയ്‌നയിലെ ബാറ്റ്‌സ്മാനെ തേച്ചുമിനുക്കി. സൗരവ് ഗാംഗുലിയുടെ പകരക്കാരനായാണ് റെയ്‌ന ഇന്ത്യന്‍ ടീമിലെത്തിയത്. പിന്നാട് സെവാഗ്, യുവരാജ്, ഗംഭീര്‍ തുടങ്ങിയവരുടെയൊക്കെ പകരക്കാരനായി. ടീമില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ റെയ്‌ന ഇന്ത്യന്‍ താരമാവും. തുടക്കത്തിലെ പാളിച്ചകള്‍ മറികടന്ന് കിട്ടിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്തിയതോടെ റെയ്‌ന ടീമിലെ സ്ഥിരാംഗമാവുകയും ചെയ്തു. ഫീല്‍ഡിംഗ് മികവും റെയ്‌നയ്ക്ക് തുണയായി.

17 ടെസ്റ്റുകളില്‍ പാഡണിഞ്ഞ റെയ്‌ന 768 റണ്‍സെടുത്തു. ഒരു സെഞ്ച്വറിയും ഏഴ് അര്‍ധസെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടുന്നു. 120 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 159 ഏകദിനങ്ങളില്‍ നിന്ന് നേടിയത് 4068 റണ്‍സ്. മൂന്ന് സെഞ്ച്വറികള്‍. 28 അര്‍ധസെഞ്ചറികള്‍. പുറത്താവാതെ നേടിയ 116 റണ്‍സ് ഉയര്‍ന്ന സ്‌കോര്‍. 36 ട്വന്റി 20യില്‍ നിന്ന് 840 റണ്‍സും നേടിയിട്ടുണ്ട്.

Key Words: Suresh Raina, Indian cricketer , Uttar Pradesh, Middle-order batsman, Off-spin bowler, Domestic cricket , Chennai Super Kings , Indian Premier League, Raina, ODI debut , Sri Lanka, World Cup winning

Post a Comment

1 Comments