സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

കാലിക്കറ്റിന്റെ വിജയം, സതീവന്‍ ബാലന്റെയും

തിരുവനന്തപുരം:   കാല്‍പ്പന്തുകളിയെ നെഞ്ചേറ്റിയ മലയാളികള്‍ക്ക്  ലഭിച്ച പുതുവത്സര സമ്മാനമാണ് അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ കാലിക്കറ്റിന്റെ വിജയം. ആതിഥേയരായ എം ജി സര്‍വകലാശാലയെ മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് തോല്‍പിച്ചായിരുന്നു കാലിക്കറ്റിന്റെ കിരീടധാരണം. കോച്ച് സതീവന്‍ ബാലന്റെ പരിശീലന മികവിലാണ് രണ്ട് പതിറ്റാണ്ടിന് ശേഷം കാലിക്കറ്റ് അഖിലേന്ത്യാ തലത്തില്‍ ജേതാക്കളായത്. ഇത്തവണത്തെ കേരള സന്തോഷ് ട്രോഫി ടീമിന്റെ അസിസ്റ്റന്റ് കോച്ചായ സതീവന്‍ ബാലന്റെ പരിശീലന മികവിനുളള അംഗീകാരംകൂടിയായി കാലിക്കറ്റിന്റെ വിജയം.

കുറേവര്‍ഷങ്ങളായി അഖിലേന്ത്യാ തലത്തിലേക്ക് യോഗ്യതപോലും നേടാന്‍ കഴിയാതെ വിഷമിക്കുകയായിരുന്നു കാലിക്കറ്റ് സര്‍വകലാശാല. ഇതിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് സതീവന്‍ ബാലനെ പരിശീലകനായി നിയമിച്ചത്. കാലിക്കറ്റ് അധികൃതരുടെ തീരുമാനത്തോട് സതീവന്‍ ബാലന്‍ നൂറുശതമാനം നീതിപുലര്‍ത്തിയപ്പോള്‍ ടീം ദക്ഷിണമേഖലയിലും അഖിലേന്ത്യാ തലത്തിലും കപ്പുയര്‍ത്തി കാലിക്കറ്റ് സര്‍വകലാശാലയുടെ യശസ്സുകയര്‍ത്തുകയും ചെയ്തു. തകര്‍ച്ചയുടെ നെല്ലിപ്പലക കണ്ട കേരള ഫുട്‌ബോളില്‍ ഇപ്പോഴും പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് തെളിയിക്കുക കൂടിയായിരുന്നു തിരുവനന്തപുരം സ്വദേശിയായ സതീവന്‍ ബാലന്‍.

കാലിക്കറ്റിന്റെ പരിശീലകനായി ചുമതലയേല്‍ക്കുമ്പോള്‍ അഖിലേന്ത്യാ തലത്തിലേക്ക് യോഗ്യത നേടുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് സതീവന്‍ ബാലന്‍ പറയുന്നു- ''ആറേഴ് വര്‍ഷമായി കാലിക്കറ്റ് ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടില്‍ തന്നെ പുറത്താവുകയായിരുന്നു. ഇതുതന്നെയായിരുന്നു പ്രധാന വെല്ലുവിളിയും. ഇതുമറികടക്കാന്‍ ഇന്റര്‍കൊളീജിയറ്റ് മത്സരങ്ങളിലെ കളിമികവ് മാത്രം നോക്കി ടീമിനെ തിരഞ്ഞെടുത്തു. ഒരുമാസത്തെ ക്യാമ്പ് നടത്തി. ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടില്‍ അതിശക്തരായ എതിരാളികളെയാണ് കാലിക്കറ്റിന് ലഭിച്ചത്. അവരെയെല്ലാം തോല്‍പിച്ചതോടെ ടീം സെറ്റായി. പിന്നെ കിരീടം വരെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല''.

ദക്ഷിണമേഖലയിലും അഖിലേന്ത്യാ തലത്തിലും ഒരൊറ്റ കളിയിലും തോല്‍ക്കാതെയാണ് കാലിക്കറ്റ് കപ്പുയര്‍ത്തിയത്. 15 കളികളില്‍ നിന്ന് 54 ഗോളുകള്‍ അടിച്ചുകൂട്ടി. വഴങ്ങിയത് വെറും ഏഴ് ഗോളുകളും. ഇതില്‍ മൂന്നും ഫൈനലിലായിരുന്നു. 16 ഗോളുകള്‍ നേടിയ തൃശൂര്‍ ക്രൈസ്റ്റ് കോളേജിലെ സ്‌ട്രൈക്കര്‍ കെ സുഹൈര്‍ ആയിരുന്നു കാലിക്കറ്റിന്റെ ടോപ് സ്‌കോറര്‍.

വ്യക്തിഗത മികവിനേക്കാള്‍ ടീമിനായിരുന്നു പ്രാധാന്യം. പ്രതിരോധം ശക്തിപ്പെടുത്തി, പ്രത്യാക്രമണങ്ങളില്‍ ലക്ഷ്യം കാണുക എന്നാതായിരുന്നു എന്റെ തന്ത്രം. അത് വിജയിച്ചു. പ്രതിരോധ-മധ്യനിരയിലെ ചില കളിക്കാര്‍ക്ക് പരിക്കേറ്റതിനാലാണ് ഫൈനലില്‍ ഗോള്‍ വഴങ്ങേണ്ടിവന്നത്. അതും രണ്ടാം പകുതിയില്‍ പരിഹരിക്കാന്‍ കഴിഞ്ഞു- കാലിക്കറ്റിന്റെ ഗെയിം പ്ലാനിനെക്കുറിച്ച് സതീവന്‍ ബാലന്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷം കേരള സര്‍വകലാശാലയുടെ കോച്ചായിരുന്നു സതീവന്‍ ബാലന്‍. കേരളയെ അഖിലേന്ത്യാ തലത്തില്‍ റണ്ണറപ്പാക്കി. പക്ഷേ, കോച്ചിനുളള പ്രതിഫലമോ മറ്റ് ആനുകൂല്യങ്ങളോ കേരള സര്‍വകലാശാല നല്‍കിയില്ല. ഇതോടെയാണ് സതീവന്‍ ബാലന്‍ കാലിക്കറ്റിലേക്ക് കളംമാറിയത്. സ്വന്തം കൈയില്‍ നിന്ന് കാശുമുടക്കിയാണ് കേരള സര്‍വകലാശാല ടീമിനെ ദേശീയ തലത്തില്‍ രണ്ടാം സ്ഥാനക്കാരാക്കിയത്. അതുപോലും തിരികെ തന്നില്ല. ആകെ കുത്തഴിഞ്ഞാണ് അവിടുത്തെ കായിക വിഭാഗം പ്രവര്‍ത്തിക്കുന്നത്- സതീവന്‍ ബാലന്‍ പറഞ്ഞു.

തിരുവനന്തപുരം എം ജി കോളേജിന്റെ താരമായിരുന്ന സതീവന്‍ ബാലന്‍ കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെ ക്യൂബയില്‍ നിന്നാണ് ഫുട്‌ബോള്‍ പരിശീലനത്തില്‍ പഠനം പൂര്‍ത്തിയാക്കിയത്. 1995ല്‍ കൊല്‍ക്കത്ത സായിയില്‍ പരിശീലകനായി അരങ്ങേറ്റം. മൂന്നുവര്‍ഷത്തിന് ശേഷം കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ചായി. 2003ല്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ പരിശീലകനായി നിയമിക്കപ്പെട്ടു. ആദ്യവര്‍ഷം തന്നെ ഇന്ത്യന്‍ ടീം വെയ്ല്‍സില്‍ നടന്ന ടൂര്‍ണമെന്റില്‍ ജേതാക്കളായി. തൊട്ടടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടന്ന സാഫ് കപ്പിലും ഇന്ത്യ ജേതാക്കളായി. തുടര്‍ന്ന് ജൂനിയര്‍ തലത്തിലെ വിവിധ പ്രായഗ്രൂപ്പുകളുടെ പരിശീലകനായി. നിരവധി രാജ്യങ്ങളിലെ ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം നടത്തി. നിരവധി പ്രതിഭകളെ വാര്‍ത്തെടുക്കാനും സതീവന്‍ ബാലന് കഴിഞ്ഞു. ഇന്ത്യന്‍ ഫുട്‌ബോളിലെ മുന്‍നിര താരളങ്ങളില്‍ പലരും സതീവന്‍ ബാലന്റെ ശിഷ്യരാണ്.

Post a Comment

0 Comments