തിരുവനന്തപുരം: നവാഗതരായ ബാംഗ്ലൂര്‍ എഫ് സിയുടെ കിരീടധാരണത്തോടെ ഐ ലീഗ് ഫുട്‌ബോളില്‍ കുറിക്കപ്പെട്ടത് പുതിയ ചരിത്രം. അന്ത്യമായത് ഗോവന്‍ ക്ലബ്ലുകളുടെ വാഴ്ചയും. ആദ്യമായാണ് ഐ ലീഗ് കിരീടം ഗോവയ്ക്ക് പുറത്തേക്ക് പോകുന്നത്. അത് കൊല്‍ക്കത്തയിലേക്ക് ആയില്ലെന്നത് മറ്റൊരു കൗതുകം. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ശക്തിസ്രോതസ്സായ കൊല്‍ക്കത്ത ഐ ലീഗ് കിരീടത്തിനായി ഇനിയും കാത്തിരിക്കണം.
ഐലീഗിന്റെ ഏഴാം പതിപ്പിലാണ് ബാംഗ്ലൂര്‍ എഫ് സിയുടെ അരങ്ങേറ്റവും വിജയകാഹളവും. സി കെ വിനീതും റിനോ ആന്റണിയും ബാംഗ്ലൂര്‍ വിജയത്തിലെ മലയാളി സാന്നിധ്യമായി. ഇന്ത്യന്‍ ഫുട്‌ബോളില്‍ ഇതുവരെയില്ലാത്ത പ്രൊഫഷണലിസം കളത്തിനകത്തും പുറത്തും നടപ്പാക്കിയാണ് ബാംഗ്ലൂര്‍ എതിരാളികളെ വിസ്മയിപ്പിച്ചത്. സുനില്‍ ഛെത്രിയുടെ ഉന്നംപിഴയ്ക്കാത്ത ബൂട്ടുകളും
ഇംഗ്ലീഷുകാരന്‍ കോച്ച് ആഷ്‌ലി വെസ്റ്റുവുഡിന്റെ തന്ത്രങ്ങളും ബാഗ്ലൂര്‍ ജയത്തില്‍ നിര്‍ണായകമായി.
2007-08 സീസണിലാണ് ഐ ലീഗിന് തുടക്കമായത്. ഡെംപോ ഗോവയായിരുന്നു ചാമ്പ്യന്‍മാര്‍. 2009-10 സീസണിലും, 2010-11 സീസണിലും ഡെംപോ തന്നെയായിരുന്നു ജേതാക്കള്‍. 2008-09ലും 2011-13ലും ചര്‍ച്ചില്‍ ബ്രദേഴ്‌സ് കപ്പുയര്‍ത്തി. 2011-12ല്‍ സാല്‍ഗോക്കറായിരുന്നു ഐലീഗ് തലപ്പത്ത്. എല്ലാം ഗോവന്‍ ടീമുകള്‍. ഈ പട്ടികയിലാണ് ബാംഗ്ലൂര്‍ എഫ് സി സ്ഥാനം പിടിച്ചത്. പക്ഷേ, കൊല്‍ക്കത്തന്‍ ക്ലബുകള്‍ക്ക് ഐ ലീഗ് ഇപ്പോഴും കിട്ടാക്കനിയാണ്.
1997ലാണ് ദേശീയ ഫുട്‌ബോള്‍ ലീഗിന് തുടക്കമായത്. ബൈച്ചുംഗ് ബൂട്ടിയയും ഐ എം വിജയനും കാള്‍ട്ടന്‍ ചാപ്മാനും തേജീന്ദര്‍ കുമാറുമൊക്കെ അടങ്ങിയ ജെ സി ടി മില്‍സ് ഫഗ്വാരയായിരുന്നു പ്രഥമ സീസണിലെ ജേതാക്കള്‍. ദേശീയ ലീഗ് ഇന്നത്തെ ഐ ലീഗായി മാറുന്നതിന് മുന്‍പ് കൊല്‍ക്കത്തന്‍ ക്ലബുകളായ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും മൂന്ന് തവണവീതവും മഹീന്ദ്ര ഒരിക്കലും കപ്പുയര്‍ത്തി. എന്നാല്‍ ഇന്ത്യന്‍ ഫുട്‌ബോളിനെ അടക്കിവാഴുന്ന കൊല്‍ക്കത്തന്‍ ടീമുകള്‍ക്ക് പത്തുവര്‍ഷത്തിനിടെ ദേശീയ കിരീടം നോടായിട്ടില്ല. 2003-04ല്‍ ഈസ്റ്റ് ബംഗാളാണ് അവസാനമായി ഇന്ത്യന്‍ ചാമ്പ്യമാരായ കൊല്‍ക്കത്തന്‍ ടീം. ഇത്തവണ ഈസ്റ്റ് ബംഗാള്‍ രണ്ടാം സ്ഥാനത്തുള്ളത് മാത്രമാണ് കൊല്‍ക്കത്തയ്ക്ക് ആശ്വസിക്കാനുള്ളത്.
കിരീടത്തില്‍ നിന്ന് അകന്നുനില്‍ക്കുകയാണെങ്കിലും ഐ ലീഗില്‍ ഏറ്റവും സ്ഥിരത പുലര്‍ത്തുന്ന ടീമാണ് ഈസ്റ്റ് ബംഗാള്‍. 18 സീസണുകളില്‍ 12ലും ഈസ്റ്റ് ബംഗാള്‍ ആദ്യ മൂന്ന് സ്ഥാനത്തെത്തി. ഡെംപോയാണ് ഏറ്റവുംകൂടുതല്‍ കിരീടം നേടിയ ടീം, അഞ്ച് തവണ. ഈസ്റ്റ് ബംഗാള്‍ ഇത്തവണ രണ്ടാം സ്ഥാനത്താണ്. അയല്‍ക്കാരായ മോഹന്‍ ബഗാനാവട്ടെ തരംതാഴ്ത്തല്‍ ഭീഷണിയുമായി പതിനൊന്നാം സ്ഥാനത്താണ്. പന്ത്രണ്ടും പതിമൂന്നും സ്ഥാനത്തുള്ള ചര്‍ച്ചില്‍ ബ്രദേഴ്‌സും മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗും ഇതേ ഭീഷണിയിലാണ്. എല്ലാവര്‍ക്കും ഓരോ കളികളാണ് ശേഷിക്കുന്നത്.
ചാമ്പ്യന്‍മാരായ ബാംഗ്ലൂര്‍ എഫ് സിയുടെ സുനില്‍ ഛേത്രിയാണ് സീസണിലെ ഗോള്‍ വേട്ടയില്‍ മുന്നില്‍, 13 ഗോളുകള്‍. 11 ഗോളുകളുമായി സാല്‍ഗോക്കറിന്റെ ഡാറിള്‍ ഡഫിയും 10 ഗോളുകളുമായി മുഹമ്മദന്‍സിന്റെ ജോസിമറും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.
0 Comments