സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

നാളെയാണ്... നാളെയാണ്... ദേശീയ ഗെയിംസ്‍‍‍‍

നാളെയാണ്...
നാളെയാണ്...നാളെയാണ്
ദേശീയ ഗെയിംസ്...
ലോട്ടറിക്കച്ചവടക്കാരുടേതു പോലെ കേരളത്തിന്റെ സ്‌പോര്‍ട്‌സ് മന്ത്രി പങ്കെടുക്കുന്ന വേദികളിലെല്ലാം ഉയരുന്ന വാക്കുകളാണിത്. രാജ്യത്തെ ഏറ്റവും വലിയ കായികമേള കണ്ണടച്ചുതുറക്കും മുന്‍പ് കെങ്കേമമായി നടത്തുമെന്നാണ് മന്ത്രിയുടെ വാഗ്ദാനം. മന്ത്രിയായി ചുമതലയേറ്റെടുത്തത് മുതല്‍ എല്ലാ ജില്ലകളിലും സ്‌പോര്‍ട്‌സ് കോംപ്‌ളക്‌സുകളും പഞ്ചായത്തുകള്‍ തോറും സ്‌റ്റേഡിയങ്ങളും നീന്തല്‍ക്കുളങ്ങളും നിര്‍മ്മിച്ച് "അത്ഭുതങ്ങള്‍' സൃഷ്ടിക്കുന്ന മന്ത്രിക്ക് ദേശീയ ഗെയിംസും നിസ്‌സാരം. ജാര്‍ഖണ്ഡില്‍ രണ്ടു വര്‍ഷം മുന്‍പ് നടക്കേണ്ട ദേശീയ ഗെയിംസ് എന്നു നടക്കുമെന്ന് അവര്‍ക്കുപോലും നിശ്ചയമില്ലാത്തപ്പോഴാണ് നമ്മുടെ മന്ത്രിയുടെ ഗ്വാ-ഗ്വാ വിളി.

പിടികിട്ടാത്ത ഗെയിംസുകള്‍

2008ലാണ് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ മുപ്പത്തിയഞ്ചാമത് ദേശീയ ഗയിംസ് കേരളത്തിന് അനുവദിച്ചത്; അവസാനമായി നടന്ന ഗുവാഹത്തി ദേശീയ ഗെയിംസിന് പിന്നാലെ. രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഗെയിംസ് നടത്തണമെന്നാണ് നിയമം. നാലുവര്‍ഷം കൂടുമ്പോള്‍ അരങ്ങേറുന്ന ഒളിംപിക്‌സിനും ഏഷ്യന്‍ ഗെയിംസിനും മുന്നോടിയായി താരങ്ങള്‍ക്ക് മത്‌സരപരിചയം ലഭിക്കുക എന്നതിനാലാണ് രണ്ടു വര്‍ഷത്തെ ഇടവേള നിശ്ചയിച്ചത്. 1985ല്‍ ദേശീയ ഗെയിംസ് നവീകരിച്ച ശേഷം ഒരിക്കല്‍ മാത്രമേ ഗെയിംസ് കൃത്യസമയത്ത് നടന്നിട്ടുളളൂ. 1987ല്‍ കേരളത്തില്‍. തുടര്‍ന്ന് പത്ത് ഗെയിസ് നടക്കേണ്ട സ്ഥാനത്ത് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് മുടന്തി മുടന്തി ഏഴു തവണയാണ് നടന്നത്. മുടന്തലിന്‍െറ ഏറ്റവും അവസാന പതിപ്പാണിപ്പോള്‍ കേരളത്തില്‍ ആഘോഷിച്ചുകൊണ്ടിരിക്കുന്നത്. ഈ ചരിത്രം നീണ്ടുനിവര്‍ന്നു കിടക്കുമ്പോഴാണ് സ്‌പോര്‍ട്‌സ് മന്ത്രി ഗെയിംസ് നാളെ നാളെയെന്ന് അലമുറയിടുന്നത്.ഗെയിംസ് കേരളത്തിന് അനുവദിച്ച ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനു പോലുമറിയാമായിരുന്നു നിശ്ചിതസമയത്ത് മത്‌സരങ്ങള്‍ നടക്കില്ലെന്ന്. കാരണം, എന്നു നടക്കുമെന്ന് ആര്‍ക്കും ഉറപ്പ് പറയാന്‍ കഴിയാത്ത ചരിത്രമാണ് ദേശീയ ഗെയിംസിനുളളത്.

കോമണ്‍വെല്‍ത്ത് ഗെയിംസും തടസ്‌സം

2004ലെ ഗെയിംസ് ഗുവാഹത്തിയില്‍ നടന്നത് മൂന്നു വര്‍ഷം കഴിഞ്ഞായിരുന്നു. 2007ലെ ഗെയിംസാണെങ്കില്‍ ഇതുവരെ നടന്നിട്ടുമില്ല. സ്‌റ്റേഡിയങ്ങള്‍ അടക്കമുളള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവാത്തതിനാല്‍ നാല് തവണ ജാര്‍ഖണ്ഡ് ഗെയിംസ് മാറ്റിവച്ചു. ഈ വര്‍ഷം ഡിസംബര്‍ ഒന്നു മുതല്‍ 14 വരെയാണ് ഏറ്റവും ഒടുവില്‍ നിശ്ചയിച്ചിരിക്കുന്ന മത്‌സരക്രമങ്ങള്‍. അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ ഈ തീയതികളിലും ഗെയിംസ് നടക്കാനിടയില്ല. കാരണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും മന്ദഗതിയില്‍ തന്നെ. ഒപ്പം നിയമസഭാ തിരഞ്ഞെടുപ്പും ഇതിനോട് അടുപ്പിച്ചാണ് നടക്കാനിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാല്‍ സ്വാഭാവികമായും ഗെയിസ് നീട്ടിവയ്ക്കും.



അപ്പോഴേക്കും കലണ്ടറില്‍ നിന്ന് ഒരു വര്‍ഷം കൂടി അടര്‍ന്നു വീഴും.അടുത്ത വര്‍ഷമാണെങ്കില്‍ ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയാവുകയാണ്. 2010 ഒക്‌ടോബര്‍ മൂന്നു മുതല്‍ 14 വരെ ഡല്‍ഹിയിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുക. ലോകശ്രദ്ധയാകര്‍ഷിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്‍പ് രണ്ടു തവണ ദേശീയ ഗെയിംസ് നടത്തുകയും പ്രയാസം. അതോടെ കേരളം 2009ല്‍ നിന്ന് ഇതിനകം മാറ്റിയ ഗെയിംസ് അടുത്ത വര്‍ഷവും നടക്കില്ലെന്ന് വ്യക്തം. ജാര്‍ഖണ്ഡ് ഗെയിംസ് കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്‍പ് നടത്തുക എന്നതുതന്നെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് വെല്ലുവിളിയായി നില്‍ക്കേ.

ട്രാക്കും ഫീല്‍ഡുമില്ലാതെ ഗെയിംസിന്

മത്‌സരങ്ങള്‍ നടത്താനാവശ്യമായ സൗകര്യങ്ങള്‍ ഒന്നുമില്ലാതെയാണ് ഗെയിംസ് നടത്താന്‍ കേരളം തയ്യാറായി നില്‍ക്കുന്നത്. നിലവില്‍ 2010 മേയ് ഒന്നു മുതല്‍ 14 വരെയാണ് ഗെയിംസ് നിശ്ചയിച്ചിരിക്കുന്നത്. മുഖ്യ വേദിയായ തിരുവനന്തപുരത്ത് ദേശീയ മത്‌സരങ്ങള്‍ക്ക് അനുയോജ്യമായ സ്‌റ്റേഡിയങ്ങളൊന്നുമില്ല. കൃത്യസമയത്ത് നടക്കുകയാണെങ്കില്‍ യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയം പൊടിതുടച്ചെടുക്കാനാണ് സംഘാടകരുടെ നീക്കം.

ഗെയിംസ് വില്ലേജ് എന്ന പദ്ധതി തന്നെ ഉപേക്ഷിച്ചു കഴിഞ്ഞു. നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത നഗരത്തിലെ ഫ്‌ളാറ്റുകളും ബാലരാമപുരത്ത് ഹൗസിംഗ് ബോര്‍ഡ് നിര്‍മ്മിക്കാനൊരുങ്ങുന്ന ഫ്‌ളാറ്റുകളും തട്ടിക്കൂട്ടിയെടുക്കാമെന്നും സംഘാടകര്‍ കരുതുന്നു. കാര്യവട്ടത്തെ മുഖ്യ സ്‌റ്റേഡിയവും വട്ടിയൂര്‍ക്കാവിലെ സ്‌പോര്‍ട്‌സ് കോംപ്‌ളക്‌സും കൊല്ലത്തെ ഹോക്കി സ്‌റ്റേഡിയവുമെല്ലാം ജലരേഖയായിക്കഴിഞ്ഞുവെന്ന് ചുരുക്കം. മറ്റ് ജില്ലകളിലെ മത്‌സരവേദികളുടെ അവസ്ഥയും ഇതൊക്കെയാണ്.

ദീര്‍ഘവീക്ഷണമില്ലാതെയുളള ഒരുക്കം

സാധാരണ ദേശീയ ഗെയിംസ് ഒരു നഗരത്തിനാണ് അനുവദിക്കുക. ഗെയിംസ് നടക്കുന്നതോടെ ആ നഗരം ഒരു സ്‌പോര്‍ട്‌സ് സിറ്റിയാവും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വിവിധ മത്‌സരങ്ങള്‍ക്കുളള ഗ്രൗണ്ടുകളും മറ്റ് സൗകര്യങ്ങളും ഒരൊറ്റ നഗരത്തില്‍ ലഭ്യമാവും. തുടര്‍ പരിശീലനങ്ങള്‍ക്കും ദേശീയ- അന്തര്‍ദേശീയ മത്‌സരങ്ങള്‍ക്കും ഇങ്ങനെയുളള നഗരങ്ങള്‍ തിരഞ്ഞെടുക്കപ്പെടും. ഹൈദരാബാദും പൂനെയും ഗുവാഹത്തിയുമെല്ലാം കണ്‍മുന്നിലെ ഉദാഹരണങ്ങളാണ്. ഹൈദരാബാദിലും പൂനെയിലും രാജ്യാന്തര മത്‌സരങ്ങള്‍ ഇടക്കിടെ നടക്കുന്നതും ശ്രദ്ധേയം. ഈ സാഹചര്യത്തിലാണ് കേരളം ഏഴു നഗരങ്ങളിലായി ഗെയിംസ് നടത്താനൊരുങ്ങുന്നത്. കൊല്ലം, തൃശൂര്‍, കോഴിക്കോട്, എറണാകുളം, കണ്ണൂര്‍, ആലപ്പുഴ എന്നിവയാണ് തിരുവനന്തപുരത്തെക്കൂടാതെ മത്‌സരവേദികളായി നിശ്ചയിച്ചിരിക്കുന്നത്. ഈ വീതംവെപ്പിലൂടെ ഒരൊറ്റ കളിക്കളംപോലും പുതിയതായി ഉണ്ടാവില്ല. നിലവിലെ സ്‌റ്റേഡിയങ്ങളും വേദികളും മുഖം മിനുക്കുകയാവും ഉണ്ടാവുക. അതോടെ ഇന്നത്തെ താരങ്ങള്‍ക്ക് മാത്രമല്ല നാളെയുടെ താരങ്ങള്‍ക്ക് കൂടി ലഭ്യമാവേണ്ട മികച്ച അടിസ്ഥാനസൗകര്യങ്ങള്‍ സ്വപ്നമായി അവശേഷിക്കും.

Post a Comment

0 Comments