രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഏകദിന ക്രിക്കറ്റില്‍ ടീം ഇന്ത്യക്ക് ഉരുക്കുകോട്ട കെട്ടാന്‍ ദ്രാവിഡ് പാഡുകെട്ടാനൊരുങ്ങുന്നത്. കൃത്യമായി പറഞ്ഞാല്‍ 2007 ഒക്‌ടോബര്‍ പതിനാലിന് ഓസ്‌ട്രേലിയക്കെതിരെ നാഗ്പൂരിലായിരുന്നു ദ്രാവിഡിന്റെ അവസാന രാജ്യാന്തര ഏകദിനം. യുവരക്തത്തിന് പ്രാമുഖ്യം നല്‍കുകയെന്ന തീരുമാനവുമായി സെലക്ടര്‍മാര്‍ "ക്രീസിലിറങ്ങിയപ്പോഴാണ്' ദ്രാവിഡിന് ഏകദിന ടീമിലെ സ്ഥാനം നഷ്ടമായത്. പകരമെത്തിയ യുവപ്രതിഭകള്‍ ഇന്ത്യയിലെ ചത്തപിച്ചുകളില്‍ റണ്‍മഴ ചൊരിഞ്ഞവരായിരുന്നു. പക്ഷേ വെസ്റ്റ് ഇന്‍ഡീസിലെയും ഇംഗ്‌ളണ്ടിലെയുമൊക്കെ ബൗണ്‍സും വേഗതയുമുളള വിക്കറ്റുകളില്‍ ഈയുവപ്രതിഭകള്‍ വെളളംകുടിച്ചു. മധ്യനിര ആടിയുലയുന്നതിന് പരിഹാരമെന്ത് എന്ന സെലക്ടര്‍മാരുടെ മില്യണ്‍ ഡോളര്‍ ചോദ്യത്തിന്റെ ഉത്തരം രാഹുല്‍ ദ്രാവിഡ് മാത്രമായിരുന്നു. അങ്ങനെയാണ് മുപ്പത്തിയാറാം വയസില്‍ വന്‍മതില്‍ ഇന്ത്യയുടെ നീലക്കുപ്പായത്തിലേക്ക് തിരിച്ചെത്തുന്നത്.
ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ മാത്രമല്ല ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന ത്രിരാഷ്ട്രഏകദിന പരമ്പരയിലെ കളിസംഘത്തിലും ദ്രാവിഡുണ്ട്. മുത്തയ്യാ മുരളീധരന്റെ കുത്തി തിരിയുന്ന പന്തുകളും മലിംഗയുടെയും തുഷാരയുടെയുമെല്ലാം അതിവേഗ പന്തുകളും നേരിടാനുളള ഇന്ത്യയുടെ വിശ്വസ്ത മറുപടിയാണ് വന്‍മതില്‍. 333 ഏകദിനങ്ങളുടെ അനുഭവ സമ്പത്തുമായാണ് മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ സംഘത്തിലേക്ക് തിരിച്ചെത്തുന്നത്. 308 ഇന്നിംഗ്‌സുകളില്‍ നിന്ന് 10,585 റണ്‍സാണ് ദ്രാവിഡിന്റെ പേരിനൊപ്പമുളളത്. ഇതില്‍ 12 സെഞ്ച്വറികളും 81 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടുന്നു. 39.49 ശരാശരിയിലാണ് ദ്രാവിഡ് ഈ റണ്‍മല പടുത്തുയര്‍ത്തിയത്. സ്വന്തം നാട്ടിലേക്കാള്‍ എതിരാളികളുടെ തട്ടകത്തില്‍ ഉയര്‍ന്ന ബാറ്റിംഗ് ശരാശരിയുളള അത്യപൂര്‍വ ബാറ്റ്‌സ്മാന്‍കൂടിയാണ് ദ്രാവിഡ്.
|
ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയിലെക്കാള്‍ ഉയന്ന റണ്‍ ശരാശരിയാണ് വിദേശഗ്രൗണ്ടുകളില്‍ദ്രാവിഡിനുളളത്. വന്‍മതിലിന്റെ ഈ മികവും ടീമിലേക്കുളള തിരിച്ചു വരവിന് വഴിയൊരുക്കി. വിദേശപിച്ചുകളില്‍ 42.03 റണ്‍സാണ് ദ്രാവിഡിന്റെ ബാറ്റിംഗ് ശരാശരി. ടെസ്റ്റ് ബാറ്റ്‌സ്മാന്‍ എന്ന് മുദ്രകുത്തപ്പെട്ട താരമാണ് ദ്രാവിഡ്. എന്നാല്‍ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഇന്ത്യന്‍ ബാറ്റിംഗ് നെടുന്തൂണായ ദ്രാവിഡ് ഏകദിനത്തില്‍ പതിനായിരം റണ്‍സ് പൂര്‍ത്തിയാക്കിയ ആറാമത്തെ ബാറ്റ്‌സ്മാനാണ്. മൂന്നാമത്തെ ഇന്ത്യന്‍ താരവും. സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയുമാണ് ദ്രാവിഡിന് മുന്‍പ് ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍. ടെസ്റ്റ് ക്രിക്കറ്റിലും സുവര്‍ണ നേട്ടങ്ങളാണ് ദ്രാവിഡിന്റെ പേരിനൊപ്പം എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്നത്. 134 ടെസ്റ്റുകളില്‍ നിന്ന് ദ്രാവിഡ് 10,823 റണ്‍സ് നേടിക്കഴിഞ്ഞു. 26 സെഞ്ച്വറികളും വന്‍മതിലിന്റെ പേരിനൊപ്പമുണ്ട്. ഇതില്‍ അഞ്ചെണ്ണം ഇരട്ടസെഞ്ച്വറികളാണ്. ടെസ്റ്റില്‍ ഏറ്റവുമധികം ക്യാച്ചെടുത്ത(184) ഫീല്‍ഡറും വന്‍മതില്‍ തന്നെ.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് തന്റെ കരിയര്‍ ഇത്രയേറെ സമര്‍പ്പിക്കപ്പെട്ട താരവും അതിവിരളമായിരിക്കും. 2003 ലോകകപ്പിലുള്‍പ്പടെ നിരവധി മത്‌സരങ്ങളില്‍ വിക്കറ്റ് കീപ്പറുടെ വേഷത്തിലും ദ്രാവിഡ് കളത്തിലിറങ്ങി. ഒരു ബാറ്റ്‌സ്മാനെ അധികം ഇലവനില്‍ ഉള്‍പ്പെടുത്താമെ ടീം മാനേജ്‌മെന്റിന്റെ തന്ത്രം നടപ്പാക്കാന്‍ പ്രതിഷേധമില്ലാതെ ഗ്‌ളൗസണിയുകയായിരുന്നു ദ്രാവിഡ്. അതേ സമയം തന്നെ ഓപ്പണിംഗ് മുതല്‍ ഏഴാം നമ്പര്‍ ബാറ്റ്‌സ്മാനായി വരെ ദ്രാവിഡ് ക്രീസിലെത്തുകയും ചെയ്തു. വ്യക്തിഗത താല്‍പര്യത്തെക്കാള്‍ ടീമിന്റെ താല്‍പര്യം മാത്രമായിരുന്നു എന്നും ദ്രാവിഡിനെ നയിച്ചത്. മറ്റ് " ദൈവങ്ങള്‍' ബാറ്റിംഗ് പൊസഷനില്‍ പിടിവാശി പുലര്‍ത്തുന്ന സമയത്താണ് ദ്രാവിഡിന്‍െറ ഈ ഹൃദയവിശാലത.
|
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 1973 ജനുവരി 11ന് ജനിച്ച ദ്രാവിഡ് ബാംഗ്‌ളൂര്‍ സെന്റ് ജോസഫ്‌സ് ഹൈസ്കൂളിലൂടൊണ് ക്രിക്കറ്റിലേക്ക് ഗാര്‍ഡ് എടുക്കുന്നത്. 1984ല്‍ കേകി താരാപ്പൂറിന്റെ പരിശീലന ക്യാമ്പില്‍ എത്തിയത് ദ്രാവിഡിന്റെ ജീവിതം മാറ്റിമറിച്ചു. താരാപ്പൂരിന്റെ ശിക്ഷണത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദ്രാവിഡ് ജൂനിയര്‍ ക്രിക്കറ്റില്‍ റണ്‍മഴ ചൊരിഞ്ഞു.സ്കൂള്‍ ക്രിക്കറ്റില്‍ കേരളത്തിനെതിരെ ഇരട്ടസെഞ്ച്വറി നേടിയതോടെ സംസ്ഥാന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അതോടെ വിക്കറ്റ് കീപ്പിംഗ് ഉപേക്ഷിക്കാന്‍ ഗുണ്ടപ്പ വിശ്വനാഥ്, ബ്രിജേഷ് പട്ടേല്‍, റോജര്‍ ബിന്നി തുടങ്ങിയ മുന്‍ താരങ്ങള്‍ കൊച്ചു ദ്രാവിഡിനെ ഉപദേശിച്ചു. അതോടെയാണ് ദ്രാവിഡ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി മാറുന്നത്.1991ല്‍ മഹാരാഷ്ട്രയ്‌ക്കെതിരെ രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം. 1996ല്‍ രഞ്ജി ട്രോഫി ഫൈനലില്‍ തമിഴ്‌നാടിനതിരെ ഇരട്ടസെഞ്ച്വറി നേടിയതോടെ ഇന്ത്യന്‍ ടീമിലേക്കുളള വാതിലും തുറന്നു.
സിംഗപ്പൂരില്‍ നടന്ന സിംഗര്‍ കപ്പില്‍ 1996 ഏപ്രില്‍ മൂന്നിന് ശ്രീലയ്‌ക്കെതിരെ ആയിരുന്നു ഏകദിനത്തില്‍ ദ്രാവിഡിന്റെ അരങ്ങേറ്റം. മൂന്നു റണ്‍സിന് മടങ്ങാനായിരുന്നു ദ്രാവിഡിന്റെ വിധി. പരമ്പരയില്‍ താളം കണ്ടെത്താന്‍ വിഷമിച്ച ദ്രാവിഡ് ടീമില്‍ നിന്ന് പുറത്താവുകയും ചെയ്തു. തുടര്‍ന്ന് ജൂണില്‍ നടന്ന ഇംഗ്‌ളണ്ട് പര്യടനമാണ് കര്‍ണാടക താരത്തിന്റെ ക്രിക്കറ്റ് ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ്.ഇംഗ്‌ളണ്ട് പര്യടനത്തോടെ ദ്രാവിഡ് രാജ്യാന്തര ക്രിക്കറ്റിന്റെ പടവുകള്‍ കയറിത്തുടങ്ങി. സാങ്കേതികത്തികവില്‍ അതീവശ്രദ്ധാലുവായ ദ്രാവിഡിനെ ജെഫ് ബോയ്‌ക്കോട്ട്, സുനില്‍ ഗാവസ്കര്‍, ചാപ്പല്‍ സഹോദരന്‍മാര്‍, റോഹന്‍ കന്‍ഹായ് തുടങ്ങിയ സൂപ്പര്‍ ടെക്‌നീഷ്യന്‍മാരുടെ നിരയിലണ് വിദഗ്ധര്‍ ഉള്‍പ്പെടുത്തിയത്. കോപ്പിബുക്ക് ശൈലി തന്നെയായിരുന്നു എന്നും ദ്രാവിഡിന്റെ ബാറ്റിംഗിനെ മനോഹരമാക്കിയത്. അതുകൊണ്ടു തന്നെ ക്രിക്കറ്റ് കളിക്കുന്ന നാട്ടിലെല്ലാം പിച്ചുകളുടെ സ്വഭാവം അതിജീവിച്ച് റണ്‍ചൊരിയാന്‍ കഴിഞ്ഞു. എല്ലാ ടെസ്റ്റ് രാജ്യങ്ങള്‍ക്കെതിരെയും അവരുടെ നാട്ടില്‍ സെഞ്ച്വറി നേടിയ ഏക ബാറ്റ്‌സ്മാനാണ് ദ്രാവിഡ്. ഏത് വിക്കറ്റിലും ബൗളര്‍മാരുടെ മുനയൊടിക്കുന്ന ദ്രാവിഡ് ലോക ക്രിക്കറ്റിലെ വന്‍മതിലായതും സ്വാഭാവികം.
|
വന്‍മതിലായി വളര്‍ന്ന ദ്രാവിഡ് 79 ഏകദിനങ്ങളില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. 42 ജയവും 33 തോല്‍വിയുമാണ് കണക്കിലുളളത്. രണ്ടാമത് ബാറ്റ് ചെയ്ത് തുടര്‍ച്ചയായ 15 മത്‌സരങ്ങളില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച റെക്കോര്‍ഡും ദ്രാവിഡിന് സ്വന്തം. 2005ല്‍ സൗരവ് ഗാംഗുലിയില്‍ നിന്ന് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ദ്രാവിഡ് 2007ല്‍ നായക സ്ഥാനം സ്വമേധയാ ഉപേക്ഷിച്ചു. ഇതിനിടയില്‍ 2007 ലോകകപ്പിന്റെ ആദ്യറൗണ്ടില്‍ തന്നെ ഇന്ത്യ പുറത്തായത് ദ്രാവിഡിന്റെ കരിയറിലെ കറുത്താപാടായി. തൊട്ടു പിന്നാലെ ഏകദിന ടീമിലെ സ്ഥാനവും നഷ്ടമായി. പക്ഷേ കാലം വീണ്ടും ദ്രാവിഡിനെ ടീം ഇന്ത്യയുടെ വന്‍മതിലായി തിരിച്ചുവിളിച്ചിരിക്കുന്നു. ഇനി ക്രീസില്‍ ബാറ്റുകൊണ്ടുളള കാവ്യരചനയ്ക്കായി കാത്തിരിക്കാം.
"എന്നും എപ്പോഴും എവിടെയും സ്ഥിരതയോടെ റണ്‍ചൊരിയുന്ന ബാറ്റ്‌സ്മാനാണ് ദ്രാവിഡ്. ഇന്ത്യക്ക് മാത്രമല്ല, എല്ലാ കാലത്തെയും എല്ലാവരുടെയും മികച്ച കളിക്കാരനാണ് ദ്രാവിഡെന്ന് ചരിത്രം തെളിയിക്കും'' കണക്കുകള്‍ക്കും റെക്കോര്‍ഡുകള്‍ക്കും അപ്പുറത്ത് ഗ്രെഗ് ചാപ്പലിന്റെ ഈ വാക്കുകള്‍ ദ്രാവിഡ് എന്ന വന്‍മതില്‍ എത്രവലിയ ക്രിക്കറ്ററാണെന്ന് വ്യക്തമാക്കുന്നതാണ്.
1 Comments
ബ്രാവോ... ദ്രാവിഡ്...
നല്ല പോസ്റ്റ്.