January 27, 2011

സ്‌കൂള്‍ മീറ്റില്‍ സഭകള്‍ക്കെന്തു കാര്യം?


സ്‌പോര്‍ട്‌സിന് അപ്പുറത്ത് രണ്ട് ക്രിസ്‌തീയ സഭകള്‍ തമ്മിലുളള മുക്കാല്‍ നൂറ്റാണ്ട് നീണ്ട പോരിന്റെ മറവില്‍ കൊമ്പുകോര്‍ക്കുന്ന കോതമംഗലത്തെ സെന്റ് ജോര്‍ജ്, മാര്‍ ബേസില്‍ സ്‌കൂളുകളുടെ പടയോട്ടത്തോടെ സംസ്‌ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന്റെ മറ്റൊരു അധ്യായത്തിന് തിരശീല വീണു. കോതമംഗലം സ്‌കൂളുകള്‍ കത്തിക്കയറിയപ്പോള്‍ പൊരുതിനോക്കാനായത് പാലക്കാട്ടെ മൂന്ന് സ്‌കൂളുകള്‍ക്കു മാത്രം. ഇതുതന്നെയാണ് 25 റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചിട്ടും കായികകേരളത്തിന്റെ ആവനാഴിയായിരുന്ന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിനെ ആശങ്കയിലാഴ്‌ത്തുന്നതും.

കഴിഞ്ഞവര്‍ഷം മാര്‍ ബേസില്‍ തട്ടിയെടുത്ത കിരീടം ഇത്തവണ ഫോട്ടോഫിനിഷിലാണ് സെന്റ് ജോര്‍ജ് വീണ്ടെടുത്തത്. വെറും അരപ്പോയിന്റിന്. സെന്റ് ജോര്‍ജിന് 131.5 പോയിന്റും മാര്‍ ബേസിലിന് 131 പോയിന്റുമാണ് ലഭിച്ചത്. മാര്‍ബേസിലുകാര്‍ ഹൃദയം തകര്‍ന്നിരുന്നപ്പോള്‍ സെന്റ് ജോര്‍ജ് സ്‌കൂള്‍ ആവേശ- ക്കൊടുമുടിയിലായിരുന്നു, ഒപ്പം ആശ്വാസത്തിലും. മീറ്റിന്റെ മൂന്നാംദിനം വൈകുന്നേരം കണക്കുകള്‍ കൂട്ടിക്കിഴിച്ച് സെന്റ് ജോര്‍ജ് സ്‌കൂളിന്റെ ഒരു മുഖ്യ അണിയറക്കാരന്‍ പറഞ്ഞത് ഇങ്ങനെ: " ഇന്ന് സമാധാനമായി ഉറങ്ങാം. ബേസിലിനെക്കാള്‍ ഇരുപത്തിരണ്ടര പോയിന്റെ ലീഡുണ്ട്. ആദ്യ രണ്ട് ദിവസവും മര്യാദയ്‌ക്ക് ഉറങ്ങാന്‍ പോലുമായില്ല". ഈ വാക്കുകളില്‍ നിന്നുതന്നെ കോതമംഗലം സ്‌കൂളുകളുടെ വീറും വാശിയും പോരും വായിച്ചെടുക്കാം. താരങ്ങളുടെ ഭാവിയോ സംസ്ഥാനത്തിന്റെ ഭാവിയോ അല്ല ഈ വറചട്ടിയിലുളളത്, സ്‌കൂളിന്റെ പെരുമ മാത്രം. അപ്പോള്‍ ആശങ്കയുടെ മുള്‍മുനയില്‍ നില്‍ക്കുക സ്വാഭാവികം.

സഭകള്‍ ട്രാക്കിലിറങ്ങുമ്പോള്‍

സെന്റ് ജോര്‍ജ്, മാര്‍ ബേസില്‍ സ്‌കൂളുകളുടെ പ്ലാറ്റിനം ജൂബിലിയാണ് ഈ വര്‍ഷം. അത്രത്തോളം പഴക്കമുണ്ട് ഇവരുടെ വൈരത്തിനും. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെയാണ് അതിത്ര മൂര്‍ച്ഛിച്ചതെന്നു മാത്രം. 75 വര്‍ഷം മുന്‍പ് ബോയ്‌സ് സ്‌കൂളായാണ് സെന്റ് ജോര്‍ജും മാര്‍ ബേസിലും ആരംഭിക്കുന്നത്. സെന്റ് ജോര്‍ജ് റോമന്‍ കത്തോലിക്കാ വിഭാഗത്തിന്റെയും മാര്‍ ബേസില്‍ യാക്കോബായ വിഭാഗത്തിന്റെയും സ്‌കൂളുകളാണ്. അറുപതുകളുടെ അവസാനവും എഴുപതുകളിലും കായികമേഖലയില്‍ സാന്നിധ്യം അറിയിച്ചെങ്കിലും കോതമംഗലത്തെ സ്‌കൂളുകള്‍ പിന്നീട് ചിത്രത്തിലേ ഉണ്ടായിരുന്നില്ല. കോതമംഗലം എം എ കോളേജിലൂടെയാണ് അവര്‍ കായിക പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചത്. പിന്നീട് മാര്‍ ബേസില്‍ ആദ്യം മിക്‌സഡ് സ്‌കൂളാക്കി. അതിന്റെ തുടര്‍ച്ചയായി ജിമ്മി ജോസഫ് എന്ന കായിക അധ്യാപകനെയും നിയമിച്ചു. 1998ലായിരുന്നു​ഇത്.

തോമസ് മാഷിന് കീഴില്‍ കോരുത്തോട് സികെഎം എച്ച് എസ് തൊട്ടതെല്ലാം പൊന്നാക്കുന്ന കാലം. ജിമ്മിക്ക് കീഴില്‍ മാര്‍ ബേസില്‍ വരവറിയിച്ചു. അതോടെ സെന്റ് ജോര്‍ജിന് പൊള്ളി. ഉടനെ രാജു പോള്‍​ എന്ന കായിക അധ്യാപകനെ ഇടുക്കിയില്‍ നിന്ന് കോതമംഗലത്തെത്തിച്ചു. അവിടെത്തുടങ്ങുന്നു ഇവരുടെ ഇന്ന് കാണുംവിധമുള്ള തീപാറും പോരാട്ടം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികളെ ഇവര്‍ തേടിപ്പിടിച്ചു. പണവും പരിശീലനവും നല്‍കി. പന്തയക്കോഴികളെപ്പോലെ വളര്‍ത്തിവലുതാക്കുന്നു. ഒരൊറ്റ ലക്ഷ്യം മാത്രം, സംസ്‌ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ്. ഇതിന് മുന്നോടിയായി എല്ലാ വര്‍ഷവും നടക്കുന്ന ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍​ ഈ സ്‌കൂളുകളിലെ കുട്ടികളെ കാണാനാവില്ല. ഗ്രേസ് മാര്‍ക്ക് ഉള്‍പ്പടെ മറ്റ് പല ആനുകൂല്യങ്ങള്‍ ഉണ്ടെങ്കിലും ദേശീയ മീറ്റ് ഇവര്‍ക്ക് പ്രശ്‌നമേയല്ല.

ലക്ഷ്യം എവിടെ വരെ

ലക്ഷങ്ങള്‍ മുടക്കിയാണ് ഇരു സംഘവും സ്‌കൂള്‍ മീറ്റിന് എത്തുന്നത്. ഇരു സ്‌കൂളുകള്‍ക്കും അത്‌ലറ്റിക് അക്കാഡമിയും ഉണ്ട്. സെന്റ് ജോര്‍ജ് ട്രാക്ക് ഇനങ്ങളിലും മാര്‍ ബേസില്‍ ഫീല്‍ഡ് ഇങ്ങളിലുമാണ് പ്രധാനമായും ശ്രദ്ധിക്കുന്നത്. ഈ ശ്രദ്ധയുടെ അടിസ്ഥാനവും പോയിന്റ് എന്ന ലക്ഷ്യം വച്ചുളളതുതന്നെ. എം എ കോളേജിലെ കായികാധ്യാപകനായ പി ഐ ബാബുവാണ് മാര്‍ ബേസിലിന്റെയും ഫീല്‍ഡ് ഇനങ്ങളുടെ പരിശീലകന്‍. പ്രത്യേകിച്ചും ത്രോ ഇനങ്ങളില്‍. സാങ്കേതികമായും ശാസ്‌ത്രീയമായും ഇദ്ദേഹത്തിന്റെ പരിശീലനം മറ്റുളളവരെക്കാള്‍ ബഹുദൂരം മുന്നിലാണ്. പക്ഷെ, മുന്നോട്ടു നോക്കുമ്പോഴാണ് പ്രശ്‌നം. ദേശീയ മീറ്റുകളില്‍പ്പോലും ത്രോ ഇനങ്ങളില്‍ നമുക്ക് ശോഭിക്കാന്‍ കഴിയാറില്ല. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുളളവരാണ് പൊതുവെ ഈ മേഖലയുടെ കുത്തകക്കാര്‍. ഇവര്‍പോലും അന്തര്‍ദേശീയ തലത്തില്‍ വളരെ പിന്നിലാവുന്നു. അപ്പോള്‍ ഏഷ്യന്‍ ഗെയിംസ്, ഒളിംപിക്‌സ് സ്വപ്‌നങ്ങള്‍ കാണുകപോലും പ്രയാസമായിരിക്കും. (മാര്‍ബേസിലിന്റെയും പി ഐ ബാബുവിന്റെയും പരിശ്രമങ്ങളെ വിലകുറച്ച് കാണിക്കാനോ അവമതിക്കാനോ അല്ല ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്).

ദീര്‍ഘവീക്ഷണത്തോടെ ഒരു ലക്ഷ്യത്തിനായി (ഏഷ്യന്‍ ഗെയിംസ്, ഒളിംപിക്‌സ്) വളര്‍ത്തിയെടുക്കേണ്ട കായികതാരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അല്ലെങ്കില്‍ റെയില്‍വേയില്‍ ഒരു ജോലി എന്ന വേലിക്കെട്ടിനകത്തേക്ക് ചുരുങ്ങുന്നതാണ് സമീപകാല കേരളം കാണുന്നത്. ഇത്തരം പരിശീലന പദ്ധതികള്‍ നല്‍കുന്ന ദിശയും അതാണ്. ട്രാക്കിനങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനാല്‍ സെന്റ് ജോര്‍ജില്‍ നിന്ന് സിനി ജോസിനെപ്പോലെ ഒരു ഒളിംപ്യന്‍ ഉയര്‍ന്നുവന്നുവെന്നതും മറക്കുന്നില്ല. എങ്കിലും കഴിഞ്ഞ പത്തുവര്‍ഷമായി ഈ സ്‌കൂളുകള്‍ തമ്മിലുളള പോരിനിടയില്‍ നിന്ന് ദേശീയതലത്തിലേക്ക് ഉയര്‍ന്നുവന്നവര്‍ വിരളമാണെന്നത് യാഥാര്‍ഥ്യമാണ്. അതുതന്നെയാണ് കായിക കേരളം നേരിടുന്ന ആശങ്കയും. ഓരോ തവണയും ചാനലിലും പത്രങ്ങളിലും നിറയുന്ന പൊന്‍മുഖങ്ങള്‍ സ്‌കൂള്‍ മീറ്റിന് ശേഷം മഷിയിട്ട് നോക്കിയാലും കാണാറില്ല. അവരെവിടെ പോകുന്നു?. എങ്ങനെ, എന്തുകൊണ്ട് പോകുന്നു എന്നുകൂടി നമ്മള്‍ ആലോചിക്കേണ്ടതുണ്ട്. എങ്കിലേ ഈ കായികമാമാങ്കം വര്‍ഷാവര്‍ഷം ആഘോഷിക്കുന്നതില്‍ കാര്യമുളളൂ.

ആശ്വാസമായി പാലക്കാടന്‍ കാറ്റ്

കോതമംഗലം സ്‌കൂളുകളുടെ പെരും പോരിനിടയില്‍ പാലക്കാട്ടെ കുമരംപുത്തൂര്‍ കല്ലടി, മുണ്ടൂര്‍ , പറളി സ്‌കൂളുകളാണ് ആശയ്‌ക്ക് വകനല്‍കുന്നത്. സാധാരണക്കാരായ, സ്‌കൂളിന് സമീപത്തെ കുട്ടികളെ കണ്ടെത്തിയാണ് ഇവര്‍ പ്രതിഭകളെ വാര്‍ത്തെടുക്കുന്നത്. കല്ലടി സ്‌കൂളിനാണ് അല്‍പമെങ്കിലും ഭേദപ്പെട്ട സൗകര്യമുളളത്. അതാവട്ടെ സ്‌കൂള്‍ മാനേജര്‍ സെയ്‌ദ് അലിയുടെ വ്യക്തിപരമായി താല്‍പര്യത്തില്‍നിന്ന് ഉണ്ടായതാണ്. താരത്തിളക്കമുളള പരിശീലകര്‍ക്കിടയില്‍ കല്ലടിയുടെ രജീഷിനെയും പറളിയുടെ മനോജിനെയും മുണ്ടൂരിന്റെ സിജിനെയും മറക്കുന്നത് അപരാധമായിരിക്കും. ഇവരുടെ പരിശീലത്തിന്റെ കരുത്തിലാണ് പാലക്കാടിന്റെ കുട്ടികള്‍ പൊരുതുന്നത്.


സംസ്ഥാന അത്‌ലറ്റിക് മീറ്റ് ചില പ്രത്യേക സ്‌കൂളുകളുടെ മീറ്റായി ചുരുങ്ങി വരുന്നതാണ് കുറച്ച് വര്‍ഷങ്ങളായി കണ്ടുവരുന്നത്. അത് ഓരോ വര്‍ഷംകൂടി വരികയും ചെയ്യുന്നു. ആതിഥേയരായ തിരുവനന്തപുരത്തുനിന്ന് മത്സരിച്ച ജനറല്‍ സ്‌കൂളുകളുടെ കുട്ടികളുടെ എണ്ണം തന്നെ ഇതിന് ഏറ്റവും വലിയ തെളിവ്. രണ്ടേ രണ്ട് കുട്ടികളെയാണ് സ്വന്തം മുറ്റത്ത് മത്സരം നടന്നിട്ട് തിരുവനന്തപുരത്തിന് പങ്കെടുപ്പിക്കാനായത്. കുട്ടികള്‍ കുറയുന്നു എന്നത് അത്‌ലറ്റിക്‌സിന്റെ വേര് മുറിയുന്നു എന്നത് തന്നെയാണ്. ആ വേര് മുറിയാതിരിക്കാന്‍ ശ്രമിക്കുകയാണ് അധികൃതര്‍ ചെയ്യേണ്ടത്. അതാണ് സ്‌പോര്‍ട്‌സിനെ സ്‌നോഹിക്കുന്നവര്‍ ചെയ്യേണ്ടത്.

കത്തിവച്ചത് കടയ്‌ക്കല്‍ തന്നെ

വര്‍ഷങ്ങള്‍ക്ക് ശേഷം ജനറല്‍ സ്‌കൂളുകളും സ്‌പോര്‍ട്സ് ഡിവിഷന്‍ സ്‌കൂളുകളും ഒരുമിച്ച് മത്സരിച്ച മീറ്റായിരുന്നു ഇത്തവണത്തേത്. നമ്മുടെ കായിക ഭരണകര്‍ത്താക്കുളുടെ കൈയാങ്കളിമൂലം അവയുടെ നെല്ലിപ്പടിക കാണുന്നതിനും തിരുവനന്തപുരത്തെ സിന്തറ്റിക് ട്രാക്ക് സാക്ഷ്യം വഹിച്ചു. ഏഴ് സ്‌പോര്‍ട്സ് സ്‌കൂളുകള്‍ ചേര്‍ന്ന് ആകെ നേടിയത് വെറും 70 പോയിന്റാണ്. കല്ലടി സ്‌കൂള്‍ മാത്രം 68 പോയിന്റ് നേടിയെന്ന് അറിയുമ്പോഴാണ് സ്‌പോര്‍ട്സ് പഠിക്കുന്ന കുട്ടികള്‍ താഴേക്ക് ഇങ്ങനെ വീണത്. വര്‍ഷങ്ങളായി സ്‌കൂള്‍ മീറ്റുകളുടെ സൂപ്പര്‍കോച്ചുമാരായി അറിയപ്പെടുന്ന ടോമി ചെറിയാനും അജയരാജും സജീവ സാന്നിധ്യമില്ലാത മാറനിന്നതും കായികപ്രേമികള്‍ ശ്രദ്ധിച്ചു. ഇവര്‍ കണ്ണൂര്‍ സ്‌പോര്‍ട്സ് ഡിവിഷനില്‍​നിന്ന് സ്ഥലം മാറ്റപ്പെട്ടതോടെ ആ സ്‌കൂളിന്റെ പതനവും ആരംഭിച്ചു. ജനറല്‍ സ്‌കൂളുകളിലെ കുട്ടികള്‍ സംസ്ഥാന മീറ്റുകള്‍ക്ക് ശേഷം ചരിത്രത്തിന്റെ ഭാഗമാവുമ്പോള്‍ ദേശീയ - അന്തര്‍ ദേശീയ തലത്തില്‍ കേരളത്തിന്റെ യശസ്സ് ഉയര്‍ത്തുന്നത് സ്‌പോര്‍ട്സ് ഡിവിഷനിലെ കുട്ടികളായിരുന്നു.​ ആ പാരമ്പര്യത്തിന് കൂടിയാണ് ഇത്തവണ കത്തിവച്ചിരിക്കുന്നത്.

2010 ഓര്‍മിപ്പിക്കുന്നു, ക്രിക്കറ്റ് മാത്രമല്ല ഇന്ത്യന്‍ സ്‌പോര്‍ട്സ്

ലോക കായികവേദിയില്‍ ഇന്ത്യ ഉദിച്ചുയര്‍ന്ന വര്‍ഷമാണ് 2010. കാലം പുതിയൊരു ഇന്നിംഗ്സ് തുറക്കാനൊരുങ്ങമ്പോള്‍ ഓര്‍മയില്‍ തെളിയുന്ന സുവര്‍ണ മുഹൂര്‍ത്തങ്ങള്‍ നിരവധിയാണ്. കോമണ്‍വെല്‍ത്ത് ഗെയിംസിലെയും ഏഷ്യന്‍ ഗെയിംസിലെയും മെഡല്‍വേട്ട. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സമാനതകളില്ലാത്ത നേട്ടങ്ങള്‍. എം സി മേരി കോമിന്റെയും സൈന നേവാളിന്റെയും തിളക്കമുളള നേട്ടങ്ങള്‍...ക്രിക്കറ്റിന് അപ്പുറത്തേക്ക് ഇന്ത്യന്‍ കായികരംഗം ചുവടുവച്ച വര്‍ഷംകൂടിയാണ് 2010.

സ്വന്തം നാട്ടില്‍ നടന്ന ആദ്യമായി നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് തന്നെയായിരുന്നു സ്വര്‍ണത്തിളക്കത്തോടെ മുന്നില്‍ നില്‍ക്കുന്നത്. അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിനിന്ന സംഘാടകര്‍ രാജ്യത്തെ നാണക്കേടിലേക്ക് തളളിയിട്ടെങ്കിലും വര്‍ണാഭമായ ഉദ്ഘാടന ചടങ്ങോടെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച നേട്ടങ്ങളിലൊന്നായി മാറി. 38 സ്വര്‍ണമടക്കം 101 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. ഗെയിംസ് ചരിത്രത്തിലെ സൂപ്പര്‍ മെഡല്‍വേട്ട. തൊട്ടുപിന്നാലെ ചൈനയിലെ ഗുവാംഗ്ഷൂവില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലും ഇന്ത്യ മോശാമാക്കിയില്ല. 14 സ്വര്‍ണമടക്കം 64 മെഡലുകളായിരുന്നു ഇന്ത്യയുടെ സമ്പാദ്യം.

ഇന്ത്യന്‍ വനിതാ റിലേ ടീം കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണത്തിക്കത്തിലേക്ക് ഓടിയെത്തിയതാണ് 2010ലെ ഏറ്റവും വലിയ അത്‌ലറ്റിക്‌സ് നേട്ടം. രണ്ട് നേട്ടത്തിലും മലയാളിതാരം സിനി ജോസ് നിര്‍ണായക പങ്കുവഹിച്ചു. ഏഷ്യന്‍ ഗെയിംസില്‍ പ്രീജ ശ്രീധരനും ജോസഫ് എബ്രഹാമും സ്വര്‍ണം നേടി കേരളത്തിന്റെ യശസ്സ് ഏഷ്യയുടെ ഉയരങ്ങളിലെത്തിച്ചു. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയ കര്‍ണാടകക്കാരി അശ്വിനി ചിതാനന്ദയുടെ പ്രകടനവും കായികപ്രേമികളുടെ മനസ്സില്‍ നിന്ന് മായില്ല.

ക്രിക്കറ്റ് പതിവുപോലെ സച്ചിന്‍ ടെന്‍ഡുല്‍ക്കറില്‍ തന്നെ കേന്ദ്രീകരിച്ചു. ഏകദിനത്തില്‍ ഇരട്ടസെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്‌സ്‌മാന്‍ എന്ന അതുല്യ റെക്കോര്‍ഡിന് അവകാശിയായ സച്ചിന്‍, ടെസ്‌റ്റ് ക്രിക്കറ്റില്‍ 50 സെഞ്ച്വറി നേടുന്ന ആദ്യ താരവുമായി. ഇതിനിടയിലും സച്ചിന് ഇന്ത്യയുടെ വിജയശില്‍പി ആവാന്‍ കഴിയാത്തത് എന്തെന്ന ചോദ്യം ബാക്കിനില്‍ക്കുന്നു. അതേസമയം വിവിഎസ് ലക്ഷ്‌മണ്‍ മാസ്റ്റര്‍ ഇന്നിംഗ്സുകളിലൂടെ ഇന്ത്യയുടെ വിജയശില്‍പിയാവുന്നതിനും 2010 സാക്ഷ്യം വഹിച്ചു. ഒരിക്കലല്ല, പലതവണ. രണ്ടാം ഇന്നിംഗ്സിലെ മാസ്‌മരിക പ്രകടനത്തോടെയായിരുന്നു സച്ചിനെപ്പോലും നിഷ്‌പ്രഭമാക്കുന്ന വിവിഎസ് മാജിക്. ട്വന്റി 20 ലോകകപ്പില്‍ ചലനമുണ്ടാക്കാനായില്ലെങ്കിലും ടെസ്‌റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്താന്‍ എം എസ് ധോണിയുടെ സംഘത്തിന് കഴിഞ്ഞു. അഴിമതിയുടെ ഭാരത്തില്‍ മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡി നാണക്കേടിന്റെ പടുകുഴിയിലേക്ക് മുങ്ങുന്നതും കൊച്ചി ഐ പിഎല്‍ ടീമിന്റെ വിവാദങ്ങളും കളിക്ക് പുറത്തെ കളിയിലൂടെ ക്രിക്കറ്റിനെ കൂടുതല്‍ ഹോട്ടാക്കുന്നതും നമ്മള്‍ കണ്ടു.

ഏഷ്യന്‍ ഗെയിംസില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ലെങ്കിലും സൈന നേവാള്‍ ലോക ബാഡ്‌മിന്റണ്‍ വേദിയില്‍ ഇന്ത്യയുടെ നക്ഷത്രമായി തിളങ്ങി നിന്നു. ലോകറാങ്കിംഗിലെ രണ്ടാംസ്ഥാനം തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ തെളിവ്. ഇന്ത്യന്‍ ഓപ്പണ്‍ ഗ്രാന്‍പ്രി ഗോള്‍ഡ്, സിംഗപ്പൂര്‍ സീരീസ് , ഇന്തോനേഷ്യന്‍ ഓപ്പണിലെ കിരീട നേട്ടമാണ് സൈനയെ ലോകതാരമാക്കിയത്. കളിക്കളത്തില്‍ മിന്നിത്തിളങ്ങിയ സൈനയെ രാജീവ് ഗാന്ധി ഖേല്‍രത്‌ന നല്‍കി രാജ്യം​ആദരിക്കുകയും ചെയ്‌തു.

ബോക്‌സിംഗില്‍ വിജേന്ദര്‍ സിംഗ്, ഗുസ്‌തിയില്‍ സുശീല്‍ കുമാര്‍, ഷൂട്ടിംഗില്‍ ഗഗന്‍ നാരംഗ്, ടെന്നിസില്‍ സോംദേവ് ദേവ് വര്‍മന്‍ , ബില്യാര്‍ഡ്‌സില്‍ പങ്കജ് അഡ്വാനി എന്നിവരും ഇന്ത്യയുടെ അഭിമാനങ്ങളായി. അഭിനവ് ബിന്ദ്രയുടെ മോശംഫോം കോട്ടങ്ങളുടെ കൂട്ടത്തില്‍ വയ്‌ക്കാം.

പൊന്‍തിളക്കത്തിലുംവേണ്ടത്ര അംഗീകാരം ലഭിക്കാത്ത താരം മണിപ്പൂരുകാരി എം സി മേരികോം ആയിരുന്നു. തുടര്‍ച്ചായായി അഞ്ചാം തവണയാണ് മേരികോം ലോകവനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായത്. ഇന്ത്യന്‍ കായികചരിത്രത്തിലെ സമാനതകളില്ലാത്ത നേട്ടമായിട്ടുപോലും മാധ്യമങ്ങളടക്കം മേരികോമിന് വേണ്ടത്ര അംഗീകാരം നല്‍കിയില്ല.

ഹോക്കി വിവാദങ്ങളില്‍ മുങ്ങിനിന്നാണ് 2010നെ സജീവമാക്കിയത്. ഹോക്കി ഇന്ത്യയിലെ ചേരിതിരിവുകളും വോട്ടെടുപ്പുമെല്ലാം വാര്‍ത്തകളില്‍ വെണ്ടക്കയായപ്പോള്‍ വനിതാ ടീം കോച്ച് എം കെ കൗശിക്കിനെ ലൈംഗിക ആരോപണങ്ങളുടെ പേരില്‍ പുറത്താക്കി. ഫുട്ബോളില്‍ അഖിലന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ഐ എം ജി റിലയന്‍സുമായി 700 കോടിയുടെ കരാറില്‍ ഒപ്പുവച്ചത് മാത്രമായിരുന്നു നേട്ടം. എങ്കിലും ഏഷ്യന്‍ കപ്പിന് മുന്നോടിയായി നടത്തിയ പോര്‍ട്ടുഗല്‍ പര്യടനത്തില്‍ മികച്ചപ്രകടനം നടത്തിയത് മറക്കാനാവില്ല.

സംഭവ ബഹുലമായ 2010ന് തിരശീല വീഴുമ്പോഴുളള കണക്കെടുപ്പില്‍ നേട്ടത്തിന്റെ പട്ടികതന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്. വരാനിരിക്കുന്ന ദിനങ്ങളില്‍ കൂടുതല്‍ അഭിമാന നിമിഷങ്ങളുണ്ടാവുമെന്ന് പ്രതീക്ഷിക്കാം... കാത്തിരിക്കാം.

സ്വപ്‌ന ഇലവനില്‍ സച്ചിനും സെവാഗും കപിലും

ക്രിക്കറ്റ് ചരിത്രത്തിലെ സ്വപ്‌ന ഇലവനില്‍ ഇന്ത്യയുടെ മൂന്ന് താരങ്ങള്‍ ഇടംപിടിച്ചു. കപില്‍ ദേവ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരേന്ദര്‍ സെവാഗ് എന്നിവരാണ് ഐ സി സിയുടെ എക്കാലത്തെയും മികച്ച ഏകദിന ടീമില്‍ ഇടം പിടിച്ച താരങ്ങള്‍. ലോകമെമ്പാടുമുളള ക്രിക്കറ്റ് ആരാധകര്‍ വോട്ടെടുപ്പിലൂടെയാണ് ഏകദിന ചരിത്രത്തിലെ സ്വപ്‌ന ഇലവനെ കണ്ടെത്തിയത്. ഏകദിന ക്രിക്കറ്റിന്റെ നാല്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായിട്ടായിരുന്നു വോട്ടെടുപ്പ്.

ഇന്ത്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്ന് മൂന്നുവീതവും വെസ്‌റ്റ് ഇന്‍ഡീസില്‍ നിന്ന് രണ്ടു പേരും ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍ , ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്ന് ഓരോ താരങ്ങളുമാണ് സ്വപ്‌ന ഇലവനിലുളളത്. ഡിസംബര്‍ 22 മുതല്‍ ജനുവരി രണ്ടു വരെയായിരുന്നു വോട്ടെടുപ്പ്. 97 രാജ്യങ്ങളില്‍ നിന്നുളള 600,000 ആളുകള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു.

1971 ജനുവരി അഞ്ചിന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലായിരുന്നു ആദ്യ ഏകദിന മത്സരം. എക്കാലത്തെയും മികച്ച മത്സരമായി തിരഞ്ഞെടുക്കപ്പെട്ടത് 2008ല്‍ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മില്‍ വാണ്ടറേഴ്‌സില്‍ നടന്ന പോരാട്ടമാണ്. ഓസീസിന്റെ 434 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചാണ് ദക്ഷിണാഫ്രിക്ക ഏകദിന ചരിത്രത്തിലെ ഏറ്റവും മികച്ച ജയം സ്വന്തമാക്കിയത്. ഐസിസി ഷോര്‍ട്ട് ലിസ്റ്റ് ചെയ്‌ത 48 കളിക്കാരില്‍ നിന്നാണ് ആരാധകര്‍ വോട്ടെടുപ്പിലൂടെ സ്വപ്‌ന ഇലവനെ കണ്ടെത്തിയത്. മികച്ച മത്സരങ്ങളായി ഐ സിസി 10 പോരാട്ടങ്ങളാണ് നിര്‍ദേശിച്ചിരുന്നത്.


കപില്‍ ദേവ്
ടീമിലെ ഏക ഓള്‍റൗണ്ടറാണ് 1983ലെ ലോകകപ്പില്‍​ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച നായകനായ കപില്‍ദേവ്. മുത്തയ്യാ മുരളീധരന്‍ ഏക സ്‌പിന്നറും. സച്ചിനും സെവാഗുമാണ് ഓപ്പണര്‍മാര്‍. സൗരവ് ഗാംഗുലി, എം എസ് ധോണി, ഹര്‍ഭജന്‍ സിംഗ്, അനില്‍ കുംബ്ലെ​എന്നിവര്‍ക്ക് അന്തിമ ഇലവനില്‍ സ്ഥാനം കണ്ടെത്താനായില്ല. ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്‌മാന്‍ മൈക്കല്‍ ബെവന്‍ പന്ത്രണ്ടാമനായി തിരഞ്ഞെടുക്കപ്പെട്ടു.

സ്വപ്‌ന ഇലവന്‍

ഓപ്പണര്‍മാര്‍ : സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ , വിരേന്ദര്‍ സെവാഗ്

മധ്യനിര : ബ്രയന്‍ ലാറ, വിവ് റിച്ചാര്‍ഡ്സ്, റിക്കി പോണ്ടിംഗ്
ആള്‍റൗണ്ടര്‍ : കപില്‍ ദേവ്

വിക്കറ്റ് കീപ്പര്‍ : ആഡം ഗില്‍ക്രിസ്‌റ്റ്

സ്‌പിന്നര്‍ : മുത്തയ്യാ മുരളീധരന്‍

ഫാസ്‌റ്റ് ബൗളര്‍മാര്‍ : വസീം അക്രം, ഗ്ലെന്‍ മഗ്രാത്ത്, അലന്‍ ഡൊണാള്‍ഡ്

പന്ത്രണ്ടാമന്‍ : മൈക്കല്‍ ബെവന്‍

January 3, 2011

സെഞ്ച്വറികളുടെ സച്ചിന്‍

ടെസ്‌റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറികളുടെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ സച്ചിന്റെ ജീവിതത്തിലേക്ക്...
1985ലെ ചുട്ടുപൊളളുന്നൊരു പകല്‍. ചെന്നൈ എം ആര്‍ എഫ് പേസ് ഫൗണ്ടേഷനില്‍ ഫാസ്റ്റ് ബൗളിംഗ് പഠിക്കാനെത്തിയ ഉയരം കുറഞ്ഞൊരു പന്ത്രണ്ടു വയസ്‌സുകാരന്‍. ഒപ്പമുളള ഉയരക്കാര്‍ക്കിടയില്‍ സര്‍വശക്തിയുമെടുത്ത് പന്തെറിയുന്ന പയ്യനോട് ഫാസ്റ്റ് ബൗളിംഗ് ഇതിഹാസം ഡെന്നിസ് ലില്ലി പറഞ്ഞു...നീ ബാറ്റിംഗില്‍ ശ്രദ്ധിക്കുകയാണ് നല്ലത്. ലില്ലിയുടെ ഈ വാക്കുകള്‍ ഇന്ത്യക്ക് മാത്രമല്ല ലോകക്രിക്കറ്റിനു തന്നെ സമ്മാനിച്ചത് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനെയായിരുന്നു. സാക്ഷാല്‍ സച്ചിന്‍ രമേശ് ടെന്‍ഡുല്‍ക്കറെ. ശേഷം ചരിത്രം.

കാലത്തിനൊപ്പം ബാറ്റ്‌ചെയ്ത് റെക്കോര്‍ഡുകള്‍ ഒന്നൊന്നായി സ്വന്തം പേരിനൊപ്പമാക്കി മുന്നേറുന്ന സച്ചിന്‍ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടു, ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറികളുടെ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയ ആദ്യ ബാറ്റ്‌സ്മാന്‍.
1989 നവംബര്‍ 15ന് പാകിസ്ഥാനെതിരെ പതിനാറാം വയസ്‌സില്‍ കറാച്ചിയിലായിലായിരുന്നു സച്ചിന്റെ അരങ്ങേറ്റം. ആറാമനായി ക്രീസിലെത്തിയ സച്ചിന്‍ നേടിയത് 15 റണ്‍സ്!. ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടറായ കപില്‍ദേവിന്റെ നൂറാം ടെസ്റ്റും വഖാര്‍ യൂനിസിന്റെ അരങ്ങേറ്റ ടെസ്റ്റുമായിരുന്നു ഇത്. കപില്‍ നൂറ് ടെസ്റ്റുകള്‍ കളിക്കുന്ന ആദ്യ ബൗളറെന്ന നേട്ടം കൈവരിച്ചിട്ടും ഈ മത്സരത്തെ കാലം അടയാളപ്പെടുത്തിയത് സച്ചിന്റെ അരങ്ങേറ്റ ടെസ്റ്റ് എന്നായിരുന്നു. അതേ വര്‍ഷംതന്നെ ഡിസംബര്‍ 18നായിരുന്നു ഏകദിനത്തില്‍ സച്ചിന്റെ അരങ്ങേറ്റം. അതിനാടകീയ നിമിഷങ്ങള്‍ നിറഞ്ഞ മത്സരത്തില്‍ സച്ചിന്‍ പൂജ്യത്തിന് പുറത്തായി. 87 റണ്‍സിന്റെ വിജയലകഷ്യവുമായി ബാറ്റുവീശിയ ഇന്ത്യ 7 റണ്‍സിന് തോറ്റു. ബാറ്റിംഗില്‍ സച്ചിന്റെ നേട്ടങ്ങള്‍ക്ക് സമാനതകളില്ല. 174 ടെസ്റ്റുകളില്‍ നിന്ന് 14366 റണ്‍സ്.(സെഞ്ചൂറിയന്‍ ടെസ്റ്റ ഉള്‍പ്പെടുത്തിയിട്ടില്ല) 442 ഏകദിനങ്ങളില്‍ നിന്ന് 17598 റണ്‍സ്. എതിരാളികളെ ഒപ്പമെത്താന്‍പോലും അനുവദിക്കാത്ത റണ്‍വേട്ട. ഏകദിനത്തില്‍ 46 സെഞ്ച്വറികള്‍. ടെസ്റ്റില്‍ 248* റണ്‍സും ഏകദിനത്തില്‍ 200* റണ്‍സുമാണ് ഉയര്‍ന്ന സ്‌കോറുകള്‍. ഏകദിന ക്രിക്കറ്റില്‍ആദ്യ ഇരട്ട സെഞ്ച്വറിക്കുടമയും സച്ചിനാണ്.

സമകാലിക ക്രിക്കറ്റിലെ മറ്റുതാരങ്ങള്‍ക്ക് സ്വപ്നംകാണാന്‍ കാണാന്‍പോലും കഴിയാത്ത നേട്ടങ്ങള്‍.
മറാത്തി നോവലിസ്റ്റ് രമേഷ് ടെന്‍ഡുല്‍ക്കറുടെയും രജനിയുടെയും രണ്ടാമത്തെ മകനായി 1973 ഏപ്രില്‍ 24ന് ബോംബെയിലായിരുന്നു ഇതിഹാസതാരത്തിന്റെ ജനനം. ഇഷ്ട സംഗീതസംവിധായകന്‍ സച്ചിന്‍ ദേവ് ബര്‍മന്റെ പേരാണ് രമേഷ് ടെന്‍ഡുല്‍ക്കര്‍ രണ്ടാമത്തെ മകന് നല്‍കിയത്. മൂത്തജ്യേഷ്ഠന്‍ അജിത്താണ് സച്ചിനെ ക്രിക്കറ്റിലേക്ക് വഴിനടത്തിയത്. രണ്ടു സഹോദരങ്ങള്‍ കൂടിയുണ്ട് സച്ചിന്; നിതിനും സവിതയും. 1995ലായിരുന്നു സച്ചിന്റെ വിവാഹം. ഡോക്ടറായ അഞ്ജലി മേത്തയാണ് ഭാര്യ. രണ്ടു മക്കളുണ്ട് സാറയും അര്‍ജുനും .

ഡെന്നിസ് ലില്ലിയുടെ നിര്‍ദേശപ്രകാരം ഫാസ്റ്റ് ബൗളിംഗ് സ്വപ്നം ഉപേക്ഷിച്ച സച്ചിന്‍ എത്തിയത് പ്രശസ്തകോച്ച് രമാകാന്ദ് അച് രേക്കറുടെ അടുത്തായിരുന്നു; പ്രഗല്‍ഭതാരങ്ങള്‍ പിറവിയെടുത്ത ശാരദാശ്രം സ്‌കൂളില്‍. ജ്യേഷ്ഠന്‍ അജിത്ത്തന്നെയാണ് സച്ചിനെ ശാരദാശ്രം സ്‌കൂളില്‍ എത്തിച്ചതും. മടുപ്പില്‌ളാതെ മണിക്കൂറുകളോളം പരിശീലനം നടത്തുന്ന സച്ചിനിലെ പ്രതിഭയെ അച് രേക്കര്‍ തുടക്കത്തിലേ തിരിച്ചറിഞ്ഞു. നീണ്ട ചിലപരിശീലന വേളകളില്‍ സച്ചിന്‍ ബാറ്റുചെയ്യുമ്പോള്‍ അച് രേക്കര്‍ സ്റ്റംപിന് മുകളില്‍ ഒരുരൂപ നാണയം വയ്ക്കുമായിരുന്നു. സച്ചിനെ പുറത്താക്കുന്നവര്‍ക്കുളളതായിരുന്നു ആ നാണയം. പകേഷ മിക്കപേ്പാഴും സച്ചിന്‍ അപരാജിതനായി നിന്നു. ഇങ്ങനെ നേടിയ 13 ഒരുരൂപ നാണയങ്ങള്‍ വിലപെ്പട്ട സമ്പാദ്യമായി സച്ചിന്‍ ഇന്നും സൂക്ഷിക്കുന്നു.


1988ലെ ലോര്‍ഡ് ഹാരിസ് ഷീല്‍ഡ് ഇന്റര്‍ സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റാണ് സച്ചിന്റെ കരിയര്‍ മാറ്റിമറിച്ചത്. അതിനുമുന്‍പുതന്നെ സച്ചിന്‍ ബോംബെ ക്രിക്കറ്റ് വൃത്തങ്ങളിലെ ചര്‍ച്ചാവിഷയമായിരുന്നു. ഫൈനലില്‍ അന്‍ജുമാം ഇസ്‌ളാം സ്‌കൂളിനെതിരെ സച്ചിനും കൂട്ടുകാരന്‍ കാംബ്‌ളിയും ചേര്‍ന്ന് അടിച്ചെടുത്തത് 664 റണ്‍സായിരുന്നു. സച്ചിന്‍ 326 റണ്‍സുമായും കാംബ്‌ളി 349 റണ്‍സുമായും അപരാജിതരായി നിന്നു. 2006വരെ ഈ ലോകറെക്കോര്‍ഡിന് ഇളക്കം തട്ടിയില്‌ള. തൊട്ടുപിന്നാലെ സച്ചിന്‍ ബോംബെ രഞ്ജി ട്രോഫി ടീമിലുമെത്തി.1988 ഡിസംബര്‍ 11ന് 15 വര്‍ഷവും 232 ദിവസവും പ്രായമുളളപേ്പാള്‍ ഗുജറാത്തിനെതിരെ ആയിരുന്നു സച്ചിന്റെ അരങ്ങേറ്റം. ഒന്നാം ക്‌ളാസ് ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരായി മാറിയ സച്ചിന്‍ ആദ്യമത്സരത്തില്‍ തന്നെ സെഞ്ച്വറിനേടി; 100 നോട്ടൗട്ട്. ധേവ്ധര്‍ ട്രോഫിയിലും ദുലീപ് ട്രോഫിയിലും അരങ്ങേറ്റത്തില്‍ സെഞ്ച്വറി കുറിച്ച സച്ചിന്‍ ഇറാനി ട്രോഫി ഫൈനലിലും സെഞ്ച്വറിനേടി.ഒരൊറ്റ സീസണ്‍കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് കീഴടക്കിയ സച്ചിന്‍ പതിനാറാം വയസ്‌സില്‍ ഇന്ത്യന്‍ ടീമിലുമെത്തി. ഇന്ന് വിശേഷണങ്ങള്‍ക്ക് അതീതനായി സച്ചിന്‍ ലോകക്രിക്കറ്റിന്റെ നെറുകയില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭിമാനമായി, പ്രതീകമായി.

സച്ചിന്റെ കളിമികവിനെ രാജീവ് ഗാന്ധി ഖേല്‍ രത്‌ന, അര്‍ജുന അവാര്‍ഡ്, പത്മശ്രീ, പത്മവിഭൂഷണ്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ആദരിക്കുകയും ചെയ്തു. തന്റെ പിന്‍ഗാമിയെന്ന് സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്‍ വിശേഷിപ്പിച്ച സച്ചിനെ ക്രിക്കറ്റിന്റെ ബൈബിള്‍ എന്നറിയപ്പടുന്ന വിസ്ഡന്‍ മാഗസിന്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബാറ്റ്‌സ്മാനായും ഏകദിനത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായും തിരഞ്ഞെടുത്തു. ഇന്ത്യയില്‍ ഏറ്റവുമധികം വിപണനമൂല്യമുളള കായികതാരവും സച്ചിന്‍ തന്നെ.

January 1, 2011

ഹൃദയംകൊണ്ട് പന്ത് തട്ടുന്നവര്‍


ഫുട്ബോളില്‍ എന്നും ഗോളടിക്കുന്നവരാണ് വാഴ്‌ത്തപ്പെടാറുളളത്. ഗോള്‍വേട്ടക്കാരാണ് ദൈവങ്ങള്‍. അവരുടെ മിന്നല്‍പ്രകടനങ്ങളായിരിക്കും ആരാധകരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുക. എന്നാല്‍ താരത്തിളക്കത്തിന്റെ ഭാരമില്ലാതെ കളിക്കളത്തില്‍ ഹൃദയംകൊണ്ട് കളിക്കുന്ന മറ്റൊരുകൂട്ടര്‍ കൂടിയുണ്ട്, ഡിഫന്‍ഡര്‍മാര്‍. എതിരാളിയുടെ നീക്കങ്ങള്‍ക്ക് മുന്നില്‍ പ്രതിരോധത്തിന്റെ ഉരുക്കുകോട്ടകെട്ടി ടീമിനെ രക്ഷിക്കാന്‍ കയ്യുംമെയ്യും മറന്ന് പോരടിക്കുന്നവര്‍. ഒരു ചെറുപിഴവിന്പോലും വലിയ വിലകൊടുക്കുന്നവര്‍. അവരില്‍ ചിലരെക്കുറിച്ച്

പലപ്പോഴും ഡിഫന്‍ഡര്‍മാരുടെ ഒരുസേവിന് ഗോളിനോളമോ ചിലപ്പോള്‍ അതിനേക്കാളുമോ വിലയുണ്ടാകും. പക്ഷേ അതെല്ലാം ഒറ്റദിവസംകൊണ്ട് ജലരേഖയായി മറുകയാണ് പതിവ്. കളിയും തന്ത്രങ്ങളും മാറിയതോടെ വിംഗ്ബാക്കുകളുടെ പ്രാധാന്യവും വര്‍ധിച്ചു. പലപ്പോളും മിഡ്ഫീല്‍ഡറേക്കാളും ഗോള്‍മുഖത്തേക്ക് പന്തെത്തിക്കുന്നത് ഇക്കൂട്ടരായിരിക്കും.

ഡാനിയേല്‍ ആല്‍വസ്
(ബ്രസീല്‍)

കഫുവിന്റെ പിന്‍ഗാമിയാര് എന്ന ചോദ്യത്തിനുളള ബ്രസീലിന്റെ മറുപടിയാണ് ഡാനിയേല്‍ ആല്‍വസ്. വിശേണങ്ങള്‍ ആവശ്യമില്ലാത്ത കഫുവിന്റെ സ്ഥാനം എല്ലാ അര്‍ഥത്തിലും നികത്തുകയാണ് ബാഴ്‌സലോണ താരമായ ആല്‍വസ്. കരുത്തും സാങ്കേതികതയും ഒത്തുചേര്‍ന്ന ആല്‍വസ് കാലോസ് ദുംഗയുടെ ടീമില്‍ സ്ഥിരം സാന്നിധ്യമായി മാറിക്കഴിഞ്ഞു.

പ്രതിരോധം എന്ന ചുമതലമാത്രമല്ലെ ഇന്ന് വിംഗ്ബാക്കുകള്‍ക്കുളളത്. ഇത് ഏറ്റവും ഫലപ്രദമായി നടപ്പാക്കുന്ന താരമാണ് ആല്‍വസ്.കൃത്യമായി പറഞ്ഞാല്‍ ഒരു വിംഗര്‍ക്ക് തുല്യമാണ് കളിത്തട്ടില്‍ ആല്‍വസിന്റെ പ്രകടനം. കോച്ച് യുവാനന്‍ഡെ റാമോസിന് കീഴില്‍ സെവിയയിലാണ് ആല്‍വസിന്റെ വളര്‍ച്ച. തുടര്‍ന്ന് ബാഴ്‌സലോണയിലെത്തിയതോടെ ലോകശ്രദ്ധനേടുകയും ചെയ്‌തു. ബാഴ്‌സലോണയുടെ ചരിത്തത്തില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന ഡിഫന്‍ഡറാണ് ആല്‍വസ്.

ബാഴ്‌സലോണയില്‍ ലയണല്‍ മെസ്സി നേടുന്ന ഒട്ടുമിക്ക ഗോളുകളും വലതുവിംഗില്‍ നിന്ന് ആല്‍വസ് പറത്തിയ അളന്നുമുറിച്ച ക്രോസുകളില്‍​നിന്നായിരുന്നു. ഒപ്പം നിര്‍ണായക മത്സരങ്ങളില്‍ ഗോള്‍നേടാനും ആല്‍വസിന് കഴിയുന്നു. ബ്രസീലിനുവേണ്ടി ആല്‍വസ് 33 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. എട്ടുഗോളുകളും സ്കോര്‍ ചെയ്തു. ഇന്റര്‍ മിലാന്‍ കാരം മൈക്കോണും ഇതേ പൊസിഷനില്‍ കളിക്കുന്നതിനാല്‍​എല്ലാ മത്സരങ്ങളിലും ആല്‍വസിന് സ്ഥാനം ലഭിക്കാറില്ല. എന്നാല്‍ ഇത്തവണത്തെ ലോകകപ്പില്‍ ചിത്രം മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

പാട്രിസ് ഇവ്ര
(ഫ്രാന്‍സ്)

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഉരുക്കുകാലുകളാണ് പാട്രിസ് ഇവ്ര. വെയ്ന്‍ റൂണി ഗോളുകളടിച്ചുകൂട്ടുമ്പോള്‍ പ്രതിരോധത്തില്‍ പിഴവില്ലാതെ യുണൈറ്റഡിനെ രക്ഷിക്കുന്ന താരം. നാലുവര്‍ഷമായി യുണൈറ്റഡില്‍ കളിക്കുന്ന ഇവ്ര മൂന്ന് പ്രിമിയര്‍ ലീഗ് കിരീടവും മൂന്ന് ലീഗ് കപ്പും ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടവും ലോക ക്ലബ് കപ്പും സ്വന്തം പേരിനൊപ്പം എഴുതിച്ചേര്‍ത്തിട്ടുണ്ട്.

ഫ്രഞ്ച് ടീമായ എ എസ് മൊണാക്കോയില്‍ നിന്ന് ഗബ്രിയേല്‍ ഹെയ്ന്‍സിയുടെ പകരക്കാരനായാണ് ഇവ്ര യുണൈറ്റഡിലെത്തിയത്. തുടര്‍ന്ന് ടീമിലെ സ്ഥിരം സാന്നിധ്യമാവുകയായിരുന്നു.
കളിക്കളത്തിലെ ഈ മികവിന് ഫ്രഞ്ച് കോച്ച് വൈസ് ക്യാപ്റ്റന്‍ പദവി നല്‍കിയാണ് ഇവ്രയെ അംഗീകരിച്ചത്. അതുകൊണ്ടുതന്നെ ഫ്രാന്‍സിന്റെ പ്രതിരോധ പ്രതീക്ഷകളും ഇവ്രയുടെ ബൂട്ടിലാണ്.

ആഷ്‌ലി കോള്‍
(ഇംഗ്ലണ്ട്)

ഇംഗ്ലീഷ് ഫുട്ബോള്‍ സമീപകാലത്ത് കണ്ട ഏറ്റവും മികച്ച വിംഗ്ബാക്കാണ് ആഷ്‌ലി കോള്‍. ചെല്‍സി പ്രതിരോധത്തിന്റെ നെടുന്തൂണുകളിലൊരാളായ കോള്‍ ഇംഗ്ലണ്ടിന്റെയും പ്രതീക്ഷയാണ്. ചെല്‍സിയില്‍​ദ്രോഗ്ബയും അനല്‍ക്കയും ഗോളുകളടിച്ചുകൂട്ടിയത് മൈതാനത്തിന്റെ പാര്‍ശ്വവരയ്ക്കരികില്‍ നിന്ന് കോള്‍ നല്‍കിയ പാസുകളില്‍ നിന്നായിരുന്നു. ഇതേ മികവ് കോള്‍ ദക്ഷിണാഫ്രിക്കയിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് കോച്ച് ഫാബിയോ കപ്പെല്ലോ.

ഇടതുവിംഗിലാണ് കോളും ആധിപത്യമുറപ്പിച്ചിരിക്കുന്നത്. പരിക്കില്‍ നിന്ന് മോചിതനായെത്തുന്ന കോള്‍ പഴയഫോമില്‍ കളിത്തട്ടില്‍ നിന്നിത്തിളങ്ങുമെന്നാണ് ആരാധകരുടെയും പ്രതീക്ഷ. 77 മത്സരങ്ങളില്‍ ഇംഗ്ലണ്ടിന്റെ കുപ്പായമണിഞ്ഞ കോള്‍ മറ്റൊരു റെക്കോര്‍ഡിന്റെ
പടിവാതില്‍ക്കലാണ്. രണ്ടു മത്സരങ്ങള്‍കൂടി കളിച്ചാല്‍ ഇംഗ്ലീഷ് കുപ്പായത്തിലിറങ്ങിയാല്‍ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ കറുത്തവംശജനാവും കോള്‍. മൂന്നു മത്സരത്തില്‍ കളിക്കുന്നതോടെ എറ്റവുമധികം രാജ്യാന്തര മത്സരങ്ങള്‍ കളിച്ച ഇംഗ്ലണ്ടിലെ കറുത്ത വംശജനാവും ഈ ഇടതുവിംഗ് ബാക്ക്. 79 മത്സരങ്ങള്‍ കളിച്ച ജോണ്‍ ബാര്‍നസിന്റെ റെക്കോര്‍ഡാണ് കോളിന്റെ പേരിനൊപ്പമാവുക. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഈ ലോകകപ്പില്‍തന്നെ കോള്‍ ആ റെക്കോര്‍ഡിന് അവകാശിയാവും.

മൈക്കോണ്‍
(ബ്രസീല്‍)

വലതുവിംഗില്‍ ബ്രസീലിന്റെ മറ്റൊരുഭാഗ്യമാണ് മൈക്കോണ്‍. ആല്‍വസിനെപ്പോലെ കഫുവിന്റെ നേരവകശിയാണ് മൈക്കോണും.വലതുവിംഗിലെ വിശ്വസ്തന്‍. യഥാര്‍ഥത്തില്‍ കോച്ച് ദുംഗയാണ് ആശയക്കുഴപ്പത്തിലാവുന്നത്. വലതുവിംഗില്‍ ആരെക്കളിപ്പിക്കുമെന്ന സംശയം.

സാംബാ താളത്തിനൊത്ത് പന്തുതട്ടുന്ന മൈക്കോണ്‍ ടാക്ലിംഗിലും പാര്‍ശ്വരേഖയ്ക്ക് സമാന്തരമായി കുതിക്കുന്നതിനലും മിടുക്കനാണ് ഇന്റര്‍ മിലാന്‍ താരമായ മൈക്കോണ്‍. ഇന്റര്‍ കോച്ച് ഹൊസെ മോറീഞ്ഞോയുടെ ഏറ്റവും വിശ്വസ്തനും പ്രിയതാരവും മറ്റാരുമല്ല. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഡീഗോ മിലീറോയുടെ ഗോളുകള്‍ക്ക് വഴിതുതുറന്നതും മൈക്കോണായിരുന്നു.

ഇംഗ്ലീഷ് ക്ലബുകളായ ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും മൈക്കോണിനെ ടീമിലെത്തിക്കാന്‍ ശ്രമമാരംഭിച്ചുകഴിഞ്ഞു. ഈ ലോകകപ്പിലെ പ്രകടനം അതിന് കൂടുതല്​ഊര്‍ജം പകരും.

ഫിലിപ് ലാം
(ജര്‍മനി)

പട്ടികയില്‍ അവസാനമെത്തുന്നത് ജര്‍മന്‍ ക്യാപ്റ്റന്‍ ഫിലിപ് ലാമാണ്. മൈക്കല്‍ ബല്ലാക്കിന്റ അഭാവത്തില്‍ ലാമിന്റെ ചുമതലകള്‍ ഭാരിച്ചതാണ്. സ്ഥിരതയാര്‍ന്ന വിശ്വസ്തഎ എന്ന വിശേഷണം മാത്രംമതി ലാമിന്റെ കളിമികവറിയാന്‍. ക്ലബിനും രാജ്യത്തിനും ഒരുപോലെ തിളങ്ങുന്നു എന്നതാണ് ലാമിന്റെ ഏറ്റവും വലിയ സവിശേഷത.

ബയേണ്‍ മ്യൂണിക്കിന്റെ വലതു വിംഗിലെ വിശ്വസ്തനാണ് ലാം. ഈ മികവ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ബാഴ്‌സലോണ ടീമുകളെ ആകര്‍ഷിക്കുകയും ചെയ്തു. ഇരുടീമുകളും ലാമിനെ സ്വന്തമാക്കാനുളള ശ്രമത്തിലാണ്.

26 വയസ്സുളള​ലാം 64 മത്സരങ്ങളില്‍ ജര്‍മന്‍​കുപ്പായമണിഞ്ഞുകഴിഞ്ഞു. അഞ്ചടി ഏഴിഞ്ചുമായാണ് പ്രതിരോധത്തില്‍ ലാം ശക്തിപരീക്ഷണം നടത്തുന്നത്.

(2010 ലോകകപ്പ്)

റൂണിയുടെ ദുരന്തം, ഇംഗ്ലണ്ടിന്റെയും


ഇപ്പോഴല്ലെങ്കില്‍ എപ്പോള്‍?. ഇംഗ്ലണ്ട് ഫുട്ബോള്‍ ടീം ലോകകപ്പിന് തയ്യാറെടുത്തപ്പോള്‍ എല്ലാവരും, പ്രത്യേകിച്ച് ഇംഗ്ലീഷ് ആരാധകര്‍ ഉന്നയിച്ച ചോദ്യമായിരുന്നു ഇത്. ചോദ്യത്തില്‍ തരിമ്പും അതിശയോക്തിയില്ല. കാരണം യൂറോപ്യന്‍ ഫുട്ബോളിലെ ഏറ്റവും മികച്ച ആഭ്യന്തര ലീഗ്. ഓരോ പൊസിഷനിലും ബൂട്ടുകെട്ടാന്‍ സൂപ്പര്‍താരങ്ങള്‍. പോരാത്തതിന് തന്ത്രമോതാന്‍ താരങ്ങളോളം താരത്തിളക്കമുളള കോച്ചും. ലോകകപ്പ് നേടാന്‍ എന്തുകൊണ്ടും കെല്‍പ്പുളളവരായിരുന്നു ഇംഗ്ലണ്ടുകാര്‍. പക്ഷേ 1966നു ശേഷം ലോകകപ്പ് വീണ്ടെടുക്കുകയെന്ന ഇംഗ്ലീഷ് മോഹം സ്വപ്‌നമായിതന്നെ അവസാനിച്ചു, ദുരന്തമായി.

ദുരന്തം എന്നവാക്കേ ഇംഗ്ലീഷ് പതനത്തെ വിശേഷിപ്പിക്കാനാവൂ. അതേസമയം പ്രീക്വാര്‍ട്ടറിലെ തോല്‍വിയില്‍ അത്ഭുതപ്പെടാനുമില്ല. തട്ടിമുട്ടി നോക്കൗട്ട് റൗണ്ടിലെത്തിയ ഇംഗ്ലണ്ടിന്റെ അനിവാര്യ പതനമായിരുന്നു ഇത്. പക്ഷേ ആ വീഴ്‌ച ഇത്ര മാരകമാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, ജര്‍മനിപോലും. ലോകകപ്പിലെ തന്നെ ഏറ്റവും ആധികാരിക വിജയങ്ങളിലൊന്നാണ് ഇംഗ്ലണ്ടിനെതിരെ ജര്‍മനി സ്വന്തമാക്കിയത്. ഒന്നിനെതിരെ നാലുഗോളുകളാണ് ജര്‍മനി ഇംഗ്ലീഷ് വലയില്‍ നിക്ഷേപിച്ചത്. അതും നാണംകെടുത്തുന്ന രീതിയില്‍.

തന്ത്രശാലികളില്‍ മുമ്പനാണ് ഫാബിയോ കപ്പെല്ലോ. ഇറ്റാലിയന്‍ ബുദ്ധിയില്‍ ഇംഗ്ലണ്ട് കപ്പുയര്‍ത്തുമെന്ന് കരുതിയവര്‍ ഏറെയായിരുന്നു.മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുവേണ്ടി ഗോളുകളടിച്ചുകൂട്ടുന്ന വെയ്‌ന്‍ റൂണി, ലിവര്‍പൂളിന്റെ ഹൃദയവും ക്യാപ്റ്റനുമായ സ്റ്റീവന്‍ ജെറാര്‍ഡ്, ചെല്‍സിയുടെ ഉരുക്കുകാല്‍ ജോണ്‍ ടെറി, സൂത്രധാരന്‍ ഫ്രാങ്ക് ലാംപാര്‍ഡ്, ജോ കോള്‍, അഷ്‌ലി കോള്‍...നിരനീളുകയാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തീപ്പൊരി ചിതറുന്നവര്‍. വ്യക്തിഗത മികവില്‍ 1966ലെ ചാമ്പ്യന്‍ ടീമിനേക്കാള്‍ ഒരുപടിമുന്നില്‍ നില്‍ക്കുന്ന താരങ്ങള്‍. ഇഗ്ലീഷ് ഫുട്ബോളിന്റെ സുവര്‍ണ തലമുറ. പക്ഷേ തുടര്‍ച്ചയായ രണ്ടുലോകകപ്പുകളിലും നിരാശമാത്രമാണ് ഈ സുവര്‍ണതലമുറയ്‌ക്ക് സമ്മാനിക്കാനായുളളൂ. സുവര്‍ണതലമുറ ഈ ലോകകപ്പോടെ അരങ്ങൊഴിയുകയാണ്. അതിനര്‍ഥം വിശ്വകിരീടത്തിനായി അവരിനിയും കാത്തിരിക്കണമെന്നുകൂടിയാണ്.

ലോകകപ്പിലെ താരമാവുമെന്ന് കരുതപ്പെട്ടവരില്‍ പ്രമുഖനായിരുന്നു റൂണി. എന്നാല്‍ റൂണി നിഴല്‍പോലുമാവാതെ കളിക്കളത്തില്‍​അലയുകയായിരുന്നു. നാലുമത്സരങ്ങളില്‍ കളിച്ച റൂണി പന്ത്തൊട്ടതു തന്നെ വിരലിലെണ്ണാവുന്നത്ര തവണയേ ഉണ്ടായിരുന്നുളളൂ. ഗോള്‍കീപ്പറെ പരീക്ഷിക്കുന്ന ഒരൊറ്റഷോട്ടുതിര്‍ക്കാന്‍ പോലും ഇംഗ്ലീഷ് ദൈവത്തിന് കഴിഞ്ഞില്ല. ഇക്കഴിഞ്ഞ സീസണില്‍ യുണൈറ്റഡിനുവേണ്ടി 44 മത്സരങ്ങളില്‍ 34 ഗോള്‍നേടിയ റൂണിയാണ് എറ്റവും വലിയ പരാജയമായി, തലകുനിച്ച് മടങ്ങിയത്. റൂണിയുടെ വീഴ്‌ച ഇംഗ്ലണ്ടിന്റേതുകൂടിയായി. ഇംഗ്ലണ്ട് കൊട്ടിഘോഷിച്ച് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന ബിംബങ്ങളെല്ലാം യഥാര്‍ഥപോരില്‍ പൊയ്‌ക്കോലങ്ങളായി മാറുന്നുവെന്നതും ചരിത്രം. റൂണി മാത്രമല്ല ടീമിലെ മറ്റുതാരങ്ങളെല്ലാം പ്രിമിയര്‍ ലീഗിലെ അതിമാനുഷരായിരുന്നു. ശൂന്യതയില്‍നിന്നുപോലും ടീമിന്റെ രക്ഷകരാവുന്നവര്‍. പക്ഷേ അതെല്ലാം ക്ലബ് ഫുട്ബോളില്‍ മറന്നുവച്ചാണ് താരങ്ങള്‍ ദക്ഷിണാഫ്രിക്കയിലേക്ക് വണ്ടികയറിയത്. അടുത്തസീസണിലെ പ്രിമിയര്‍ ലീഗില്‍ ഇവരെല്ലാം മിന്നിത്തിളങ്ങുമെന്നതും മറ്റൊരുകാര്യം.

ഗോളുകള്‍ വഴങ്ങുന്നതും തോല്‍ക്കുന്നതും ഫുട്ബോളിന്റെ ഭാഗമാണ്. പക്ഷേ, ഗോളുകള്‍ വഴങ്ങുന്നതിന്റെയും തോല്‍ക്കുന്നതിന്റെയും രീതിയാണ് പ്രധാനം. ജോണ്‍ ടെറിയും ആഷ്‌ലി കോളുമെല്ലാം കാവല്‍നിന്ന പ്രതിരോധത്തെ കാഴ്‌ചക്കാരാക്കിയായിരുന്നു ജര്‍മനിയുടെ നാലുഗോളുകളും.തോമസ് മുളളറുടെയും ഓസിലിന്റെയും പൊഡോള്‍സ്‌കിയുടെയും ചോരത്തിളപ്പിനും വേഗതയ്‌ക്കും മുന്നില്‍ ടെറിയും കൂട്ടരും കാഴ്‌ചക്കാരായി മാറിയത് അവിശ്വസനീയ കാഴ്‌ചതന്നെയായിരുന്നു. ഇരുവിംഗുകളും തുറന്നിട്ടുകൊടുക്കുകയായിരുന്നു അവര്‍. കൗണ്ടര്‍ അറ്റാക്കില്‍ നിലതെറ്റിയതും അതുകൊണ്ടുതന്നെ. അതിനുമുന്‍പുതന്നെ ഫ്രാങ്ക് ലാംപാര്‍ഡിന്റെഗോള്‍ നിഷേധിച്ചതോടെ ഇംഗ്ലീഷുകാര്‍ തളര്‍ന്നിരുന്നു. പിന്നീട് പരാജയമുറപ്പിച്ചായിരുന്നു കോടികള്‍ വിലയുളള കാലുകള്‍ പന്തുതട്ടിയത്. ശരീരഭാഷയില്‍പ്പോലും തോല്‍വി സമ്മതിച്ച ഇംഗ്ലണ്ട് ഇങ്ങനെയൊരു നാണക്കേട് ചോദിച്ചുവാങ്ങിയതില്‍ അത്ഭുതമില്ല.

(2010 ലോകകപ്പ്)

Resistance Bands, Free Blogger Templates