May 8, 2012

ബൗളര്‍മാരുടെ ഐ പി എല്‍

ട്വന്റി 20 ക്രിക്കറ്റ് ബാറ്റ്‌സ്മാന്‍മാരുടെ കളിയാണ്. നേരിടുന്ന ആദ്യപന്ത് മുതല്‍ ഗാലറിയിലേക്ക് പറത്താനുളള മനസ്സുമായാണ് ബാറ്റ്‌സ്മാന്‍മാര്‍ ക്രീസിലെത്തുക. ബൗളറുടെ വലുപ്പച്ചെറുപ്പം അവിടെ ബാധകമല്ല. സെവാഗും ഗെയ്‌ലും ഡിവിലിയേഴ്‌സും ഗംഭീറുമെല്ലാം റഹാനെയുമെല്ലാം കളിക്കളങ്ങള്‍ വാഴുമ്പോഴും അഞ്ചാം സീസണിലെ ഐ പി എല്ലില്‍ ബൗളര്‍മാരും മിന്നിത്തിളങ്ങുന്നു. ബൗളര്‍മാരുടെ മികവുതന്നെയാണ് അഞ്ചാം സീസണിലെ ഐ പി എല്ലിനെ മുന്‍പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

എങ്ങനെയെറിഞ്ഞാലും അടിച്ചുപറത്തുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് ബൗളര്‍മാര്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നത്. മിക്കവര്‍ക്കും ഇത് ഫലപ്രദമായി കളിക്കളത്തില്‍ പ്രാവര്‍ത്തികമാക്കാനായി. പുതിയ രീതിയിലുളള ബൗണ്‍സറുകളും സ്ലോകട്ടിംഗ് ബോളുകളുമെല്ലാമാണ് ബൗളര്‍മാരുടെ പുതിയ ആയുധങ്ങള്‍. ലംഗ്തിലെ വ്യതിയാനം, സ്ലോ ബൗണ്‍സര്‍, വേഗത്തിലുളള വ്യതിയാനം എന്നിവയും ബൗളര്‍മാരുടെ ആയുധങ്ങളാണ്. 44 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 16 ബൗളര്‍മാര്‍ മാന്‍ ഒഫ് ദ മാച്ചായി എന്നതുതന്നെ ഇതിന് ഏറ്റവും വലിയ തെളിവാണ്. ബാറ്റ്‌സ്മാന്‍മാര്‍ അരങ്ങുവാഴുന്ന മത്സരങ്ങളിലാണ് ബൗളര്‍മാരുടെ ഈ മികവെന്നത് പ്രത്യേക ശ്രദ്ധേയമാണ്.

പഞ്ചാബ് കിംഗ്‌സ് ഇലവന്റെ പ്രവീണ്‍ കുമാറാണ് ഇത്തവണത്തെ ഏറ്റവും മികച്ച ബൗളിംഗിന് ഉടമ.  വിക്കറ്റൊന്നും വീഴ്ത്താതെയാണ് പ്രവീണ്‍ ഈ നേട്ടം സ്വന്തമാക്കിയത്. അതിങ്ങനെ, നാലോവറില്‍ വഴങ്ങിയത് വെറും എട്ടു റണ്‍സ്. റണ്‍സൊഴുകുന്നു ഇന്ത്യയിലെ പിച്ചിലാണ് പ്രവീണിന്റെ അസാധാരണ നേട്ടം. പഞ്ചാബിന്റെ തന്നെ അസര്‍ മഹ്മൂദ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നാലോവറില്‍ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുനേടി. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അവസാന ഓവറുകളില്‍ റണ്ണൊഴുക്ക് നിയന്ത്രിക്കാനുളള മികവാണ് അസറിന്റെ സവിശേഷത.
പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലാണെങ്കിലും ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ ഡെയ്ല്‍ സ്റ്റെയ്ന്‍ ഇത്തവണത്തെ അവിസ്മരണീയ ബൗളിംഗ് സ്‌പെല്ലിന് ഉടമയാണ്. നാലോവറില്‍ പത്ത് റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ്. മുംബയ് ഇന്ത്യന്‍സിനെതിരെ ആയിരുന്നു സ്റ്റെയ്‌നിന്റെ തീപാറും ബൗളിംഗ്. എന്നാല്‍ സ്റ്റെയ്‌ന് പിന്തുണ നല്‍കാന്‍ ശേഷിയുളള ബൗളര്‍മാര്‍ ചാര്‍ജേഴ്‌സ് നിരയിലില്ല.

വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍ സുനില്‍ നരൈനാണ് ഇത്തവണത്തെ ഐ പി എല്ലിന്റെ കണ്ടെത്തല്‍. ഏഴു കളികളില്‍ നിന്ന് 12 വിക്കറ്റുകള്‍ നേടിയ സുനില്‍ റണ്‍സ് വിട്ടുനല്‍കുന്നതില്‍ പിശുക്കനാണ്. പഞ്ചാബിനെതിരെ നാലോവറില്‍ 19 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയതാണ് മികച്ച ബൗളിംഗ് പ്രകടനം.

ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ മോര്‍നെ മോര്‍കല്‍ ഇന്ത്യയിലെ ചത്ത പിച്ചുകളിലും അതിവേഗതയാല്‍ ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കുന്നു. വേഗത്തിന്റെ മിടുക്കില്‍ 10 കളികളില്‍ നിന്ന് 19 വിക്കറ്റുകളും നേടി. ഒരു കളിയില്‍ മാന്‍ ഒഫ് ദ മാച്ചായി.

ഇടംകൈയന്‍ സ്പിന്നര്‍മാര്‍ക്കും ഇത്തവണ ശോഭിക്കാനായി. ഡെവിള്‍സിന്റെ പവന്‍ നേഗിയും ഷഹബാസ് നദീമും  ചെന്നൈയുടെ രവീന്ദ്ര ജഡേജ, കൊല്‍ക്കത്തയുടെ ഷാക്കിബ് അല്‍ ഹസന്‍, റോയല്‍ ചലഞ്ചേഴ്‌സിന്റെ കെ പി അപ്പണ്ണ എന്നിവരാണ് ഇവരില്‍ പ്രമുഖര്‍.

രവീന്ദ്ര ജഡേജ, മാര്‍ലന്‍ സാമുവല്‍സ്, ലക്ഷ്മിപതി ബാലാജി, മോര്‍നെ മോര്‍കല്‍, കീറോണ്‍ പൊളളാര്‍ഡ്, ദിമിത്രി മസ്‌കരാനെസ്, ഷാകിബ് അല്‍ ഹസന്‍, സുനില്‍ നരൈന്‍, ഷഹബാസ് നദീം, നുവാന്‍ കുലശേഖര, സൗരവ് ഗാംഗുലി, ബ്രെറ്റ് ലീ, എ ബി ഡിവിലിയേഴ്‌സ്, ഡെയ്ല്‍ സ്റ്റെയ്ന്‍, പവന്‍ നേഗി എന്നിവരാണ് ബൗളിംഗ് മികവുകൊണ്ട് അഞ്ചാം സീസണിലെ ഐ പി എല്ലില്‍ ഇതുവരെ മാന്‍ ഒഫ് ദ മാച്ച് പുരസാകാരം നേടിയവര്‍.

May 5, 2012

എവര്‍ഗ്രീന്‍ റൂണി

പ്രിമിയര്‍ ലീഗിലെ എക്കാലത്തെയും മികച്ച ഗോള്‍ റൂണിയുടേത്
 

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്‌ട്രൈക്കര്‍ വെയ്ന്‍ റൂണിക്ക് അപൂര്‍വ ബഹുമതി. 20 വര്‍ഷത്തെ പ്രിമിയര്‍ ലീഗ് ഫുട്‌ബോളിലെ ഏറ്റവും മികച്ച ഗോളിന് ഉടമയായി വെയ്ന്‍ റൂണിയെ തിരഞ്ഞെടുത്തു. വോട്ടെടുപ്പിലൂടെയാണ് പ്രിമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ കണ്ടെത്തിയത്.ഡെന്നിസ് ബെര്‍ഗ്കാംപും തിയറി ഒന്റിയും രണ്ടും മൂന്നും മികച്ച ഗോളുകളുടെ അവകാശികളായി.

കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെയായിരുന്നു റൂണിയുടെ മനോഹര ഗോള്‍. സ്വന്തം തട്ടകത്തില്‍ നടന്ന കളിയില്‍ റൂണിയുടെ മികവില്‍ മാന്‍യു2-1ന് ജയിച്ചു. രണ്ട് സിറ്റി പ്രതിരോധനിരക്കാരുടെ മുകളിലൂടെ പറന്നുയര്‍ന്ന് ബൈസിക്കിള്‍ കിക്കിലൂടെയാണ് റൂണി പന്ത് വലയിലെത്തിച്ചത്.
മികച്ച ഗോള്‍ കണ്ടെത്താനുളള മത്സരത്തില്‍ 42 ലക്ഷം വോട്ടുകള്‍ രേഖപ്പെടുത്തി.ആകെ രേഖപ്പെടത്തിയ വോട്ടിന്റെ 26 ശതമാനം നേടിയാണ് റൂണി മിന്നും ഗോളിന് ഉടമയായത്. ബെര്‍ഗ്കാംപിന് 19 ശതമാനം വോട്ടുകളും ഒന്റിക്ക് 15 ശതമാനം വോട്ടുകളും ലഭിച്ചു.

ആഴ്‌സനല്‍ താരമായിരുന്നു ബെര്‍ഗ്കാംപ് ന്യൂകാസിലിനെതിരെ 2002ല്‍ നേടിയ ഗോളാണ് രണ്ടാം സ്ഥാനത്തെത്തിയത്. ഒന്റിക്ക് മൂന്നാം സ്ഥാനം നേടിക്കൊടുത്തത് രണ്ടായിരത്തില്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനെതിരെ വോളിയിലൂടെ നേടിയ ഗോളാണ്.
പ്രിമിയര്‍ ലീഗിലെ അസാധാരണ ഗോളുകൾ ടിവിയില്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അതേ ലീഗിലെ ഏറ്റവും മികച്ച ഗോളിന് ഉടമയായി വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടത് സ്വപ്‌നസാഫല്യമാണ്-റൂണി പറഞ്ഞു.

പ്രിമിയര്‍ ലീഗിന്റെ പത്തുവര്‍ഷ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളിനുളള പുരസ്‌കാരം ഡേവിഡ് ബെക്കാമിനായിരുന്നു ലഭിച്ചത്.

May 4, 2012

റൊണാള്‍ഡോ + മോറീഞ്ഞോ = റയല്‍

ധുനിക ഫുട്‌ബോള്‍ ലോകത്ത് ഏറ്റവുമധികം വിമര്‍ശനം ഏറ്റുവാങ്ങുന്ന പരിശീലകനാണ് ഹൊസെ മോറീഞ്ഞോ എന്ന പോര്‍ട്ടുഗീസുകാരന്‍. ഇതേസമയം യൂറോപ്യന്‍ ഫുട്‌ബോളില്‍ ഏറ്റവും ഡിമാന്‍ഡുളള പരിശീലകരില്‍ ഒരാളും മോറീഞ്ഞോ തന്നെ. ഈ വൈരുധ്യം ശരിവച്ചാണ് മോറീഞ്ഞോ നാലു വര്‍ഷത്തെ ഇടവേളയക്ക് ശേഷം റയല്‍ മാഡ്രിഡിനെ സ്പാനിഷ് ലീഗ് ചാമ്പ്യന്‍മാരാക്കിയത്. മോറീഞ്ഞോയുടെ കുശാഗ്ര ബുദ്ധിയോടൊപ്പം മറ്റൊന്നുകൂടിയുണ്ടായിരുന്നു റയലിന്റെ ആവനാഴിയില്‍. സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അക്ഷരാര്‍ഥത്തില്‍ മോറീഞ്ഞോ-റൊണാള്‍ഡോ കൂട്ടുകെട്ടാണ് റയലിനെ ലലീഗയിലെ രാജാക്കന്‍മാരാക്കിയത്.

അമിത പ്രതിരോധത്തിലൂന്നുന്ന കോച്ച് എന്ന വിമര്‍ശനം മോറീഞ്ഞോയുടെ സഹയാത്രികനാണ്. കളിയെ കൊല്ലുന്ന തന്ത്രങ്ങള്‍, ജയിക്കാനായി എന്തും ചെയ്യുന്നവന്‍ എന്ന വിമര്‍ശനങ്ങള്‍ വേറെയുമുണ്ട്. ഇതിനെല്ലാം ഒരിക്കല്‍ക്കൂടി മറുപടി നല്‍കിയിരിക്കുകയാണ് മോറീഞ്ഞോ. റയലിന്റെ കിരീടധാരണത്തോടെ അപൂര്‍വമായൊരു റെക്കോര്‍ഡും മോറീഞ്ഞോ സ്വന്തമാക്കി. യൂറോപ്പിലെ നാല് ആഭ്യന്തര ലീഗുകളില്‍ പരിശീലിപ്പിച്ച ടീമുകളെ ജേതാക്കളാക്കിയ കോച്ചെന്ന അപൂര്‍വ ബഹുമതി. ജിയോവനി ട്രപ്പട്ടോണി, ഏണസ്റ്റ് ഹാപ്പെല്‍, തോമിസ്ലാവ് ഇവിക് എന്നിവര്‍ക്ക് മാത്രമേ മോറീഞ്ഞോയ്ക്ക് മുന്‍പ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടുളളൂ.

പോര്‍ട്ടുഗല്‍ ക്ലബായ എഫ് സി പോര്‍ട്ടോയെ ജേതാക്കളാക്കിയാണ് മോറീഞ്ഞോ വെളളിവെളിച്ചത്തിലേക്ക് എത്തുന്നത്. തൊട്ടുപിന്നാലെ ചെല്‍സിയില്‍. ചെല്‍സി അരനൂറ്റാണ്ടിന് ശേഷം പ്രിമിയര്‍ ലീഗ് ചാമ്പ്യന്‍മാരാക്കി. ചെല്‍സിയുടെ പരിശീലകനായിരിക്കെയാണ് കളിയെ കൊല്ലുന്ന കോച്ചെന്ന വിമര്‍ശനം കേള്‍ക്കാന്‍ തുടങ്ങിയത്. ചെല്‍സി വിട്ട് ഇറ്റലിയിലെ ഇന്റര്‍ മിലാനിലെത്തിയപ്പോഴും ഭാഗ്യം മോറീഞ്ഞോയ്‌ക്കൊപ്പമായിരുന്നു. ഇന്ററിനെ സെരി എ ചാമ്പ്യന്‍മാരാക്കി. ഇപ്പോഴിതാ റയല്‍ മാഡ്രിഡിനെയും.

പ്രതിരോധത്തിലൂന്നിയ കോച്ചെന്ന വിമര്‍ശനത്തിനും ഒരുപരിധിവരെ മറുപടി നല്‍കാന്‍ മോറീഞ്ഞോയ്ക്ക് ഇത്തവണ കഴിഞ്ഞു. 115 ഗോളുകളാണ് ലലീഗയില്‍ മാത്രം റയല്‍ ഇത്തവണ അടിച്ചുകൂട്ടിയത്. വഴങ്ങിയതാവട്ടെ 30 ഗോളുകളും. തോറ്റത് രണ്ടേരണ്ട് കളികളിലും. സ്പാനിഷ് ലീഗില്‍ ഒരുസീസണില്‍ ഏതൊരു ടീമും നേടുന്ന ഏറ്റവും വലിയ ഗോള്‍വേട്ട കൂടിയാണിത്.

മോറീഞ്ഞോയുടെ തന്ത്രങ്ങള്‍ കടുകിട തെറ്റാതെ റയല്‍ കളിക്കളത്തില്‍ പ്രാവര്‍ത്തികമാക്കിയത് റൊണാള്‍ഡോയുടെ ബൂട്ടുകളിലൂടെ ആയിരുന്നു. 44 ഗോളുകള്‍ നേടിയാണ് റോണോ റയലിന്റെ കുന്തമുനയായത്. ഗൊണ്‍സാലോ ഹിഗ്വയ്ന്‍, കരീം ബന്‍സേമ മുന്നേറ്റനിരയെ ഏകോപിപ്പിച്ചതും റോണോയായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാല് ഗോളുകള്‍ റോണോ ഇത്തവണ നേടിക്കഴിഞ്ഞു. റൊണാള്‍ഡോ 44 ഗോളുകളുമായി നിറഞ്ഞുനിന്നപ്പോള്‍ 22 ഗോളുകളുമായി ഹിഗ്വയ്‌നും 20 ഗോളുകളുമായി കരീം ബന്‍സേമയും റയലിനെ കിരീടത്തിലെത്തിച്ചു. ലലീഗയില്‍ ആദ്യമായാണ് ഒരു ടീമിലെ മൂന്ന് കളിക്കാര്‍ ഇരുപതിലധികം ഗോളുകള്‍ നേടുന്നത്.

ഗോളുകളുടെ തമ്പുരാന്‍

സ്വപ്‌നതുല്യമായ ഗോള്‍വേട്ടയുമായി കുതിക്കുന്ന ലയണല്‍ മെസ്സിക്ക് മുന്നില്‍ മറ്റൊരു റെക്കോര്‍ഡുകൂടി വഴിമാറി. യൂറോപ്യന്‍ ഫുട്‌ബോളില്‍ ഒരു സീസണില്‍ ഏറ്റവുമധികം ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇനി മെസ്സിക്ക് സ്വന്തം. 39 വര്‍ഷം മുന്‍പ് ജര്‍മന്‍ ഗോളടിയന്ത്രം ഗെര്‍ഡ് മുളളര്‍ സ്ഥാപിച്ച 67 ഗോളുകളുടെ റെക്കോര്‍ഡാണ് മെസ്സി മാറ്റിക്കുറിച്ചത്. മെസ്സിക്കിപ്പോള്‍ 68 ഗോളുകളായി.

മലാഗയ്‌ക്കെതിരെ ഹാട്രിക് നേടിയാണ് മെസ്സി, മുളളറുടെ റെക്കോര്‍ഡ് ഭേദിച്ചത്. സ്പാനിഷ് ലീഗില്‍ മെസ്സിയുടെ നാല്‍പ്പത്തിയാറാം ഗോളുകള്‍കൂടിയായിരുന്നു ഇത്. സീസണിലെ ഒന്‍പതാമത്തെ ഹാട്രിക്കും. മുളളര്‍ 1972-73 സീസണില്‍ ബയേണ്‍ മ്യൂണിക്കിന് വേണ്ടിയാണഅ  67 ഗോളുകള്‍ അടിച്ചുകൂട്ടിയത്.


24കാരനായ മെസ്സി, ബാഴ്‌സലോണയ്ക്ക് വേണ്ടി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരവുമാണ്. 248 ഗോളുകളാണ് ബാഴ്‌സയുടെ പേരില്‍ മെസ്സി എതിരാളികളുടെ വലയിലെത്തിച്ചത്. കാള്‍ റോഡ്രിഗസിന്റെ 60 വര്‍ഷം പഴക്കമുളള 232 ഗോളിന്റെ റെക്കോര്‍ഡ് മെസ്സി മറികടന്നതും ഈ സീസണില്‍ തന്നെ. 


പതിനേഴാം വയസ്സില്‍, 2005 മെയ് ഒന്നിന് അല്‍ബാസറ്റെയ്‌ക്കെതിരെ ആയിരുന്നു ബാഴ്‌സയ്ക്ക് വേണ്ടി മെസ്സിയുടെ ആദ്യഗോള്‍.

May 3, 2012

യുണൈറ്റഡോ അതോ സിറ്റിയോ

കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങ പോലെയാണിപ്പോള്‍ ഇത്തവണത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം. രണ്ടു മാഞ്ചസ്റ്റര്‍ ടീമുകള്‍ ഇഞ്ചോടിഞ്ച് പൊരുതുമ്പോള്‍ ആവേശം അതിരുകളില്ലാതെ കുതിച്ചുയരുന്നു. രണ്ട് റൗണ്ട് വീതം മത്സരങ്ങള്‍ മാത്രം ശേഷിക്കേ ആരായിരിക്കും പുതിയ കിരീടാവകാശികള്‍?. മാഞ്ചസ്റ്റര്‍ യുണൈറ്റഡോ അതോ മാഞ്ചസ്റ്റര്‍ സിറ്റിയോ?. ഇരുടീമുകളുടെയും കടുത്ത ആരാധകര്‍ക്കുപോലും ഉറപ്പിച്ചൊരു ഉത്തരം പറയാന്‍ കഴിയാത്ത അവസ്ഥ.

36 റൗണ്ടു വീതം മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 83 പോയിന്റ് വീതം നേടി ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ് മാന്‍യുവും സിറ്റിയും. ഗോള്‍ശരാശരിയില്‍ ഇപ്പോള്‍ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുളള ആഴ്‌സനലിന് 66 പോയിന്റ് മാത്രമേയുളളൂ. അതുകൊണ്ടുതന്നെ കിരീടപ്പോരാട്ടത്തില്‍ മറ്റൊരു ടീം ഇനി പരാമര്‍ശിക്കുക കൂടി വേണ്ട. മാന്‍യുവാണ് നിലവിലെ ജേതാക്കള്‍. ലിവര്‍പൂള്‍ ആദ്യ എട്ടില്‍പോലും സ്ഥാനം പിടിക്കില്ലെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. ഇതോടെ പ്രിമിയര്‍ ലീഗിലെ ബിഗ് ഫോര്‍ എന്ന വിശേഷണത്തിനും ഇത്തവണ ഇളക്കം തട്ടുമെന്നുറപ്പായി.

ലോകത്തേറ്റവും ആരാധകരുളള കളിസംഘമാണ് മാന്‍യു. അതുകൊണ്ടുതന്നെ ആരാധക പിന്തുണയില്‍ മാന്‍യു തന്നെയായിരിക്കും മുന്നില്‍. ചാണക്യ തന്ത്രങ്ങളുമായി എതിരാളികളെ അമ്പരപ്പിക്കുന്ന സാക്ഷാല്‍ അലക്‌സ് ഫെര്‍ഗ്യൂസന്‍ ഇത്തവണയും അത്ഭുതം പുറത്തെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സിറ്റിയാവട്ടെ റോബര്‍ട്ടോ മാന്‍സീനിയുടെ തന്ത്രങ്ങളെയാണ് ഉറ്റുനോക്കുന്നത്.

മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ സിറ്റിയോട് ഒറ്റഗോള്‍ തോല്‍വി വഴങ്ങിയതോടെയാണ് മാന്‍യുവിന്റെ പ്രതീക്ഷകള്‍ തുലാസിലായത്. സിറ്റി പ്രതീക്ഷ വീണ്ടെടുത്തതും. വിന്‍സന്റ് കോംപനിയുടെ ഹെഡറാണ് ഇത്തവണത്തെ പ്രിമിയര്‍ഷിപ്പിനെ മുള്‍മുനയിലെത്തിച്ചത്. ഇനി അവസാന ദിനംവരെ കാത്തിരുന്നേ മതിയാവൂ.

സമീര്‍ നസ്രി, കോംപനി, ഡേവിഡ് സില്‍വ, സെര്‍ജിയോ അഗ്യൂറോ, കാര്‍ലോസ് ടെവസ്, യായ ടൂറെ എന്നിവരടങ്ങിയ താരനിരയാണ് സിറ്റിയുടെ കരുത്ത്. പണം വാരിയെറിഞ്ഞാണ് സിറ്റി ഈ സീസണില്‍ താരങ്ങളെ വാരിക്കൂട്ടിയത്. വെയ്ന്‍ റൂണി, നാനി, റയാന്‍ ഗിഗ്‌സ്, പാര്‍ക് ജി സുംഗ്, പാട്രിസ് ഇവ്ര, അന്റോണിയോ വലന്‍സിയ തുടങ്ങിയവരിലൂടെയാണ് മാന്‍യു മറുപടി നല്‍കുക. ഇതോടൊപ്പം പത്തൊന്‍പത് കിരീടം നേടിയതിന്റെ പാരമ്പര്യവും മാന്‍യുവിന് കൂട്ടായുണ്ട്.

ന്യൂകാസില്‍ യുണൈറ്റഡും ക്യൂന്‍സ് പാര്‍ക് റേഞ്ചേഴ്‌സുമാണ് സിറ്റിയുടെ ഇനിയുളള എതിരാളികള്‍. മാന്‍യുവാകട്ടെ സ്വാന്‍സീ, സണ്ടര്‍ലാന്‍ഡ് എന്നിവരുമായി ഏറ്റുമുട്ടും. സിറ്റിക്കാണ് താരതമ്യേന ശക്തരായ എതിരാളികളെ നേരിടേണ്ടത്. ഗോള്‍ശരാശരിയില്‍ സിറ്റിയാണിപ്പോള്‍ മുന്നില്‍. ശേഷിക്കുന്ന മത്സരങ്ങളില്‍ ഇരുടീമുകളും ജയിച്ചുകയറിയാല്‍ ജേതാക്കളെ നിശ്ചയിക്കുന്നത് ഗോള്‍ശരാശരി തന്നെയായിരിക്കും. അതുകൊണ്ടുതന്നെ പരമാവധി ഗോളുകള്‍ നേടി ജയിക്കാനായിരിക്കും മാന്‍യുവിന്റെയും സിറ്റിയുടെയും ലക്ഷ്യം. ഗോള്‍ശരാശരിയില്‍ കിരീടം നഷ്ടമാവുക എന്നത് ഇരുടീമുകള്‍ക്കും ഹൃദയഭേദകം ആവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

May 2, 2012

ഇനി ഹോഡ്ജ്‌സണ്‍ യുഗം

ഇംഗ്ലീഷ് ഫുട്‌ബോളില്‍ ഇനി റോയ് ഹോഡ്ജ്‌സണ്‍ യുഗം.

ഇംഗ്ലണ്ട് ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി റോയ് ഹോഡ്ജസനെ നിയമിച്ചു. നാലു വര്‍ഷത്തോക്കാണ് കരാര്‍. പ്രിമിയര്‍ ലീഗ് ടീമായ വെസ്റ്റ് ബ്രോമിന്റെ പരിശീലകനാണ് ഹോഡ്ജ്‌സണ്‍. സീസണില്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ഹോഡ്ജ്‌സണ്‍ തന്നെയായിരിക്കും വെസ്റ്റ് ബ്രോമിന്റെ പരിശീലകന്‍.

ഫെബ്രുവരിയില്‍ സ്ഥാനമൊഴിഞ്ഞ ഫാബിയോ കപ്പെല്ലോയ്ക്ക് പകരമാണ് ഹോഡ്ജ്‌സന്റെ അപ്രതീക്ഷിത നിയമനം. ടോട്ടന്‍ഹാമിന്റെ ഹാരി റെഡ്‌നാപ്പ് ഇംഗ്ലീഷ് കോച്ചാവുമെന്നായിരുന്നു പരക്കെ വിശ്വസിച്ചിരുന്നത്. റെഡ്‌നാപ്പും പരിശീകസ്ഥാനം ഏറ്റെടുക്കാന്‍ മാനസികമായി തയ്യാറെടുത്തിരുന്നു. ഹോഡ്ജ്‌സനുമായി നാലു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് ഇംഗ്ലീഷ് എഫ് എ പുതിയ കോച്ചിനെ പ്രഖ്യാപിച്ചത്. സ്റ്റുവര്‍ട്ട് പിയേഴ്‌സായിരുന്നു ഇംഗ്ലണ്ടിന്റെ താല്‍ക്കാലിക കോച്ച്. ഇംഗ്ലണ്ടിന്റെ ഒളിംപിക് ടീം കോച്ചാണ് പിയേഴ്‌സ്.

ഹോഡ്ജ്‌സന് കീഴില്‍ മെയ് 26ന് നോര്‍വേയ്‌ക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ ആദ്യമത്സരം. ജൂണ്‍ രണ്ടിന് ബല്‍ജിയവുമായും ഇംഗ്ലണ്ട് ഏറ്റുമുട്ടും. തൊട്ടുപിന്നാലെയെത്തുന്ന യൂറോ 2012 ആയിരിക്കും ഹോഡ്ജ്‌സന്റെ ഏറ്റവും വലിയ വെല്ലുവിളി. ജൂണ്‍ 11 മുതല്‍ പോളണ്ടിലും ഉക്രെയ്‌നിലുമായിട്ടാണ് യൂറോ 2012 നടക്കുക.

64കാരനായ ഹോഡ്ജ്‌സണ്‍ 18 ടീമുകളെ പരിശീലിപ്പിച്ച അനുഭവ സമ്പത്തുമായാണ് ഇംഗ്ലീഷ് ടീമിന്റെ ചുമതല ഏറ്റെടുക്കുന്നത്. ഇത്തവണത്തെ യൂറോകപ്പിന് പുറമെ 2014 ലോകകപ്പും 2016ലെ യൂറോകപ്പും ഹോഡ്ജ്‌സന്റെ കരാര്‍ കാലാവധിക്കുളളില്‍ ഉള്‍പ്പെടുന്നുണ്ട്.

1947ല്‍ ജനിച്ച ഹോഡ്ജ്‌സണ്‍ മുന്‍നിര ക്ലബുകള്‍ക്ക് വേണ്ടിയൊന്നും കളിച്ചിട്ടില്ല. സ്വീഡിഷ് ക്ലബായ ഹാംസ്റ്റഡിന്റെ കോച്ചായാണ് പരിശീലക ജീവിതം തുടങ്ങുന്നത്, 1976ല്‍.  തുടര്‍ന്ന് ഇംഗ്ലണ്ട്, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഇറ്റലി, ഡെന്‍മാര്‍ക്ക്, നോര്‍വേ എന്നിവിടങ്ങളിലെ ക്ലബുകളെ പരിശീലിപ്പിച്ചു.

1994 ലോകകപ്പില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ കോച്ചായിരുന്നു. പിന്നീട് യു എ ഇ , ഫിന്‍ലന്‍ഡ് ദേശീയ ടീമുകളുടെ ചുമതല വഹിച്ചു. ഇന്റര്‍ മിലാന്‍, ബ്ലാക്ക്‌ബേണ്‍, ഫുള്‍ഹാം, ലിവര്‍പൂള്‍ എന്നീ ക്ലബുകളുടെയും പരിശീലകനായിരുന്നു. കഴിഞ്ഞ സീസണ്‍ പകുതിയായപ്പോള്‍ ലിവര്‍പൂളില്‍ നിന്ന് പുറത്താക്കുകയായിരുന്നു. തുടര്‍ന്നാണ് വെസ്റ്റ് ബ്രോമിന്റെ അമരക്കാരനായത്.

May 1, 2012

സച്ചിന്‍ രാഷ്ട്രീയ കളിത്തട്ടിലേക്ക് ?

കളിജീവിതത്തിന്റെ സായാഹ്നത്തില്‍ എത്തിനില്‍ക്കുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പുതിയ കളിത്തട്ടിലേക്ക് ചുവടുവയ്ക്കുന്നുവെന്ന് സൂചന. ഇന്ത്യയില്‍ ഏറ്റവും അംഗീകരാമുളള വ്യക്തികളില്‍ ഒരാളായ സച്ചിന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യസഭാംഗത്വം നല്‍കിയതിനു പിന്നാലെ കോണ്‍ഗ്രസ് സച്ചിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതാണ് പുതിയ വാര്‍ത്തകളുടെ പിറവിക്ക് കാരണം.

മറാഠ നേതാവും എംപിയുമായ സഞ്ജയ് നിരുപമാണു മാസ്റ്റര്‍ ബ്ലാസ്റ്ററെ കോണ്‍ഗ്രസിലേക്കു ക്ഷണിച്ചത്. സച്ചിനു താത്പര്യമുണ്ടെങ്കില്‍ പാര്‍ട്ടി അംഗത്വം നല്‍കുമെന്നും സഞ്ജയ് നിരുപം പറഞ്ഞു. സച്ചിന്റെ രാജ്യസഭാ പ്രവേശത്തെക്കുറിച്ച് വിവിധ കോണുകളില്‍ നിന്ന് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ഇതേസമയം, സച്ചിന്‍ ആയതിനാല്‍ പരസ്യവിമര്‍ശനം ഉന്നയിക്കാന്‍ എതിരാളികള്‍ക്ക് കഴിയുന്നുമില്ല. മുന്‍ ഇന്ത്യന്‍താരം സഞ്ജയ് മഞ്ചരേക്കര്‍ മാത്രമാണ് സച്ചിന്റെ തീരുമാനം ഞെട്ടിക്കുന്നതാണെന്ന് പ്രതികരിച്ചത്.

കളിയില്‍ തുടരുന്ന സച്ചിന്‍ രാജ്യസഭാംഗത്വം സ്വീകരിക്കുമെന്ന് തീരെ പ്രിതീക്ഷിച്ചില്ല. ക്രിക്കറ്റിന് ഇത്രയേറെ സംഭാവന നല്‍കിയ, അനുഭവ സമ്പത്തുളള സച്ചിന്‍ പരിശീലകനായോ മറ്റേതെങ്കിലും തരത്തിലോ കളിയില്‍ നില്‍ക്കുമെന്നാണ് കരുതിയത്. വ്യവസായ സംരഭം ആണെങ്കില്‍പ്പോലും ഞെട്ടലുണ്ടാവില്ലായിരുന്നു. സച്ചിന്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് സങ്കല്‍പ്പിക്കാന്‍പോലും കഴിയുന്നില്ല-മഞ്ചരേക്കര്‍ പറഞ്ഞു.

സച്ചിന്റെ രാജ്യസഭാ പ്രവേശത്തെ പരസ്യമായി എതിര്‍ക്കാന്‍ കഴിയാത്ത ബിജെപിയും ശിവസേനയും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിക്കഴിഞ്ഞു. സച്ചിനെ രാജ്യസഭാംഗമാക്കിയതിനോടു യോജിക്കുന്നു. അദ്ദേഹം അത് അര്‍ഹിക്കുന്നുണ്ട്. പക്ഷേ, കോണ്‍ഗ്രസ് പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനമെടുത്തത് ബോഫോഴ്‌സ് പോലുള്ള അഴിമതി വിവാദങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കാനല്ലേ എന്നു സംശയമുണ്ട് - ശിവസേനാ നേതാവ് രാഹുല്‍ നര്‍വേകര്‍ പറഞ്ഞു. സമാന അഭിപ്രായമാണ് ബിജെപിയും പ്രകടിപ്പിച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നാണ് എംഎന്‍എസ് നേതാവ് രാജ്താക്കറെയുടെ പക്ഷം. മഹാനായ താരത്തെ ആദരിക്കുന്നുവെന്നു മാത്രം കണ്ടാല്‍ മതിയെന്നാണ് രാജ് താക്കറെ പറയുന്നത്.

സച്ചിനെയും നടി രേഖയെയും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ലക്ഷ്യം പകല്‍പോലെ വ്യക്തമാണെന്നു ബിഎസ്പി അധ്യക്ഷ മായാവതി ആരോപിച്ചു.
സച്ചിന്‍ ഇത് അര്‍ഹിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിനിത് വോട്ടിനുള്ള തന്ത്രം മാത്രമാണ്. രാജ്യസഭയില്‍ സച്ചിന്‍ കാര്യശേഷി തെളിയിക്കേണ്ടതുണ്ടെന്നും മായാവതി  പറഞ്ഞു. ഇതേസമയം, നടി ഹേമമാലിനി രസകരമായാണ് സച്ചിന്റെ രാജ്യസഭാ പ്രവേശത്തോട് പ്രതികരിച്ചത്- വിരമിച്ചവര്‍ക്കുള്ള സഭയില്‍ സച്ചിനു ബോറടിക്കാതിരുന്നാല്‍ മതിയായിരുന്നു.

ഡാര്‍ഡിയോള പടിയിറങ്ങുന്നു; ഇനി വിലനോവ യുഗം

ബാഴ്‌സലോണയെ ആധുനിക ഫുട്‌ബോളിലെ ഒന്നാംനമ്പര്‍ കളിസംഘമാക്കി ലോകത്തെ വിസ്മയിപ്പിച്ച പെപ് ഗാര്‍ഡിയോള പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിലെ തോല്‍വിക്ക് തൊട്ടുപിന്നാലെയാണ് ഗാര്‍ഡിയോളയുടെ വിടവാങ്ങല്‍ പ്രഖ്യാപനം. ഗാര്‍ഡിയോളയുടെ സഹായി ഫ്രാന്‍സെസ്‌കോ ടിറ്റോ വിലനോവയായിരിക്കും ബാഴ്‌സലോണയുടെ പുതിയ പരിശീലകന്‍. ഈ സീസണ്‍ അവസാനത്തോടെയായിരിക്കും ഗാര്‍ഡിയോള സ്ഥാനമൊഴിയുക.

നാലുവര്‍ഷമായി ബാഴ്‌സലോണയുടെ പരിശീലകനാണ് ക്ലബിന്റെ മുന്‍താരം കൂടിയായ ഗാര്‍ഡിയോള, സ്പാനിഷ് ലീഗിലും ചാമ്പ്യന്‍സ് ലീഗിലും ക്ലബ് ലോകകപ്പിലും ബാഴ്‌സയെ ജേതാക്കളാക്കി ഏറ്റവും മികച്ച പരിശീലകന്‍ എന്ന പേരിന് ഉടമയായി. 13 ട്രോഫികളാണ് ആകെ ഗാര്‍ഡിയോള ബാഴ്‌സയുടെ ഷെല്‍ഫിലെത്തിച്ചത്. എന്നാല്‍ ഇത്തവണ ഗാര്‍ഡിയോളയ്ക്ക് ആ മികവ് പുലര്‍ത്താനായില്ല. ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ മുട്ടുമടക്കേണ്ടി വന്നു. അതിന് തൊട്ടുമുന്‍പ് റയല്‍ മാഡ്രിഡിനോട് തോറ്റ് സ്പാനിഷ് ലീഗ് കിരീടവും കൈവിട്ടിരുന്നു.


കഴിഞ്ഞ കുറേദിവസങ്ങളായി ഗാര്‍ഡിയോള ബാഴ്‌സയില്‍ തുടരുമോയെന്ന ചര്‍ച്ചകള്‍ ഫുട്‌ബോള്‍ ലോകത്ത് സജീവമായിരുന്നു. ഇതിനാണിപ്പോള്‍ ഗാര്‍ഡിയോള ഉത്തരം നല്‍കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങളായി പല ഊഹാപോഹങ്ങളും ഉണ്ടായിരുന്നു. ബാഴ്‌സലോണയുടെ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും വളരെ വലുതാണ്. എനിക്ക് ചെറിയ ലക്ഷ്യങ്ങളേയുളളൂ. അതുകൊണ്ട് ചെറിയ കരാറേ എനിക്ക് സാധ്യമാവൂ. ഇത്തവണ പ്രധാനപ്പെട്ട രണ്ട് ടൂര്‍ണമെന്റുകളില്‍ നിന്ന് ഞങ്ങള്‍ പിന്തളളപ്പെട്ടു. സ്ഥാനമൊഴിയുന്ന കാര്യം വെളിപ്പെടുത്താന്‍ പറ്റിയ സമയം ഇതാണ്. നാലുവര്‍ഷംകൊണ്ട് ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്തു. എനിക്ക് ചെയ്യാന്‍ കഴിയാത്തതെല്ലാം എന്റെ പിന്‍ഗാമിക്ക് കഴിയട്ടെ-41കാരനായ ഗാര്‍ഡിയോള പറഞ്ഞു.
ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ ചെല്‍സിയോടൊണ് ബാഴ്‌സ തോറ്റത്. സ്പാനിഷ് ലീഗില്‍ നിര്‍ണായക തോല്‍വി ഏറ്റുവാങ്ങിയത് ചിരവൈരികളായ റയല്‍ മാഡ്രിഡിനോടും.


വമ്പന്‍ പരിശീലകരെ പരിഗണിക്കാതെയാണ് ബാഴ്‌സലോണ നാലുവര്‍ഷം മുന്‍പ് ഗാര്‍ഡിയോളയെ പിരിശീലകനാക്കിയത്. അന്ന് ബി ടീമിന്റെ പരിശീലകനായിരുന്നു ഗാര്‍ഡിയോള. ഇപ്പോള്‍ ഇതേ വഴിതന്നെയാണ് ബാഴ്‌സ തിരഞ്ഞെടുത്തിരിക്കുന്നത്, ടിറ്റോ വിലനോവയെ പരിശീലകനാക്കുന്നതിലൂടെ.


ഇതേസമയം, ഗാര്‍ഡിയോളയെ സ്വന്തമാക്കാന്‍ ചെല്‍സി, ഇന്റര്‍ മിലാന്‍ എന്നീ ക്ലബുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇംഗ്ലണ്ട് ദേശീയ ടീമിന്റെ പരിശീലകനായും ഗാര്‍ഡിയോളയെ പരിഗണിക്കുന്നുവെന്നാണ് സൂചന.

പതിനായിരം ക്ലബില്‍ പത്താമനായ് ചന്ദര്‍പോള്‍

ടെസ്റ്റ് ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് പൂര്‍ത്തിയാക്കിയ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയിലേക്ക് ഒരാള്‍കൂടി. ഇന്ത്യന്‍ വംശജനായ വെസ്റ്റ് ഇന്‍ഡീസിന്റെ ശിവ്‌നാരായണ്‍ ചന്ദര്‍പോളാണ് പതിനായിരം ക്ലബിലെ പുതിയ അംഗം. ടെസ്റ്റ് ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് നേടുന്ന പത്താമത്തെ ബാറ്റ്‌സ്മാനാണ് ചന്ദര്‍പോള്‍.  ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ വെസ്റ്റ് ഇന്റീസുകാരനും.

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലാണ് ചന്ദര്‍പോള്‍ ഈ നേട്ടത്തിനുടമയായത്. 14 റണ്‍സിലെത്തിയപ്പോഴാണ് ടന്ദര്‍പോള്‍ ടെസ്റ്റില്‍ പതിനായിരം റണ്‍സ് തികച്ചത്. നാലാം ദിവസത്തെ അവസാന ഓവറില്‍ 69 റണ്‍സെടുത്ത് ചന്ദര്‍പോള്‍ പുറത്തായി.
ബ്രയന്‍ ലാറയാണ് ചന്ദര്‍പോളിന് മുന്‍പ് ഈനേട്ടം കൈവരിച്ച വിന്‍ഡീസ് ബാറ്റ്‌സ്മാന്‍.11,953 റണ്‍സാണ് ലാറയുടെ അക്കൗണ്ടിലുള്ളത്.1994ല്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ചന്ദര്‍പോള്‍ ഇതുവരെയായി 140 ടെസ്റ്റുകളില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ തൊപ്പിയണിഞ്ഞു. 25 സെഞ്ച്വറിയും 59 അര്‍ദ്ധസെഞ്ച്വറികളും നേടിയിട്ടുണ്ട്. 10,055 റണ്‍സ് നേടിയിട്ടുണ്ട്. 268 ഏകദിനങ്ങളില്‍ നിന്നായി 41.60 ശരാശരിയോടെ 8778 റണ്‍സെടുത്തിട്ടുണ്ട്. 11 സെഞ്ച്വറികളും 59 അര്‍ദ്ധസെഞ്ച്വറികളും നേടിയിട്ടുണ്ട്.

ബാറ്റിംഗ് ശൈലിയിലും സ്റ്റാന്‍ഡ്‌സിലുമെല്ലാം മറ്റുളളവരില്‍ നിന്ന് ഏറെ വ്യത്യസ്തനായ ചന്ദര്‍പോള്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നതിലും മുന്‍പന്തിയിലായിരുന്നു. ക്രീസിലെത്തി ഗാര്‍ഡെടുക്കും മുതല്‍ തുടങ്ങുന്നു ചന്ദര്‍പോളിന്റെ വ്യത്യസ്തത. ബെയില്‍സുകൊണ്ട് പിച്ചില്‍ ഗാര്‍ഡ് രേഖപ്പെടുത്തുന്ന ചന്ദര്‍പോള്‍ പന്ത് നേരിടുന്നതിന് മുന്‍പോ രണ്ടോമൂന്നോ തവണ ചുവടുമാറ്റുന്നു. അതുകൊണ്ടുതന്നെയാണ്  മോശം ടെക്‌നിക്കുള്ള ബാറ്റ്‌സ്മാന്‍ എന്ന് പലരും ചന്ദര്‍പോളിനെ ആക്ഷേപിച്ചത്. എന്നാല്‍ അസാധാരണമായ ഇച്ഛാശക്തിയും ക്ഷമയും ഏകാഗ്രതയുമായി ചന്ദര്‍പോള്‍ ഇതിനെയെല്ലാം മറികടന്നു. ഇപ്പോള്‍ നീണ്ട പതിനെട്ട് വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തിലെത്തിയപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിലെ അപൂര്‍വനേട്ടമായ പതിനായിരം ക്ലബില്‍ അംഗവുമായി.

പ്രതാപത്തിന്റെ നിഴലിലായ വിന്‍ഡീസ് ക്രിക്കറ്റിന്റെ ആശ്വാസംകൂടിയായിരുന്നു ഈ ഇന്ത്യന്‍വംശജന്‍. ടീം പലപ്പോഴും തോല്‍വിയിലേക്ക് കൂപ്പുകുത്തുമ്പോഴും നാണക്കേടിന്റെ ഭാരം കുറച്ചിരുന്നത് ചന്ദര്‍പോളിന്റെ ബാറ്റായിരുന്നു.

Resistance Bands, Free Blogger Templates