December 24, 2012

സച്ചിന് തുല്യന്‍ സച്ചിന്‍ മാത്രം


സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കര്‍

ഈ പേരില്‍ എല്ലാം ഉണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ്. റണ്‍ പ്രവാഹം. റെക്കോര്‍ഡുകള്‍. അംഗീകാരങ്ങള്‍, സെഞ്ച്വറികളുടെ സെഞ്ച്വറി. ഒരു ജനതയുടെ വിശ്വാസം. അങ്ങനെയെല്ലാമെല്ലാം.

ഏത് വാക്കുകള്‍ ഉപയോഗിച്ചാണ് സച്ചിനെക്കുറിച്ചെഴുതുക. 23 വര്‍ഷത്തിനിടെ ബാറ്റിംഗ് ഇതിഹാസം നേടിയ മൊത്തം റണ്‍സിന്റെ എത്രയോ ഇരട്ടി വാക്കുകള്‍ സച്ചിന് വേണ്ടി പിറവിയെടുത്തിരിക്കുന്നു. വാക്കുകളും വിശേഷണങ്ങളും ഉപയോഗിച്ചുപയോഗിച്ച് തേഞ്ഞിരിക്കുന്നു. തേയ്മാനം വന്ന വാക്കുകള്‍ക്കിടയിലേക്കാണ് സച്ചിന്‍ ഏകദിന ക്രിക്കറ്റില്‍ നിന്നുളള തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 1989 ഡിസംബര്‍ 18ന് പാകിസ്ഥാനെതിരെ തുടങ്ങിയ പ്രയാണത്തിനാണ് ബി സി സി ഐയ്ക്ക് നല്‍കിയ കത്തിലൂടെ അവസാനമായിരിക്കുന്നത്. അവസാന ഏകദിനവും പാകിസ്ഥാനെതിരെ ആയിരുന്നു എന്നത് മറ്റൊരു നിയോഗം. മാര്‍ച്ച് 18ന് ഏഷ്യാകപ്പിലായിരുന്നു സച്ചിന്റെ അവസാന ഏകദിനം.

സമീപകാലത്ത് സച്ചിന്‍ ബാറ്റിംഗില്‍ നിറംമങ്ങിയപ്പോള്‍ ഈ പ്രഖ്യാപനം എല്ലാവരും പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ സച്ചിന്റെ തീരുമാനം ആരെയും അമ്പരപ്പിച്ചില്ല. സച്ചിന്‍ കളിമതിയാക്കണമെന്ന് കളിവിദഗ്ധരെല്ലാം തന്നെ ഒരേസ്വരത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സച്ചിന്‍ ഏകദിനത്തില്‍ നിന്ന് പാഡഴിക്കാന്‍ തീരൂമാനിച്ചിരിക്കുന്നത്.

സച്ചിന്‍ വിരമിക്കുന്നതോടെ ലോകക്രിക്കറ്റിലെ സമാനതകളില്ലാത്ത ഒരധ്യായത്തിനാണ് തിരശീല വീണത്. 463 ഏകദിനങ്ങളില്‍ ബാറ്റുവീശിയ സച്ചിന്‍ 18,426 റണ്‍സാണ് അടിച്ചുകൂട്ടിയത്. 49 സെഞ്ച്വറികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ബാറ്റിംഗ് ശരാശരി 44.83. ഏകദിനത്തില്‍ ആദ്യമായി ഇരട്ട സെഞ്ച്വറി നേടിയ താരവും സച്ചിനാണ്. മറ്റൊരു ബാറ്റ്‌സ്മാനും അവകാശപ്പെടാനാവാത്ത നേട്ടമാണ് സച്ചിന്റെ പേരിനൊപ്പമുളളത്. 194 ടെസ്റ്റില്‍ നിന്ന് സച്ചിന്‍ 51 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 15645 റണ്‍സുമെടുത്തു. പുറത്താവാതെ 248 റണ്‍സെടുത്തതാണ് ഉയര്‍ന്ന സ്‌കോര്‍. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവുമധികം റണ്‍സ് നേടിയ താരവും സച്ചിന്‍ തന്നെയാണ്.

സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കര്‍ എന്ന അഞ്ചടി അഞ്ചിഞ്ചുകാരന്റെ പേരില്‍ റക്കോര്‍ഡുകളും സെഞ്ച്വറികളും ഏറെയുണ്ടെങ്കിലും എന്റെ മനസ്സിലേക്ക് ഓടിയെത്തുന്നത് 2010 ഫെബ്രുവരി 24 ആണ്. ഒരര്‍ഥത്തില്‍ ക്രിക്കറ്റ് ചരിത്രം ആ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു. ചരിത്രങ്ങളേറെ പറയാനുളള ഗ്വാളിയോറില്‍ ആയിരുന്നു അത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഇരട്ടസെഞ്ച്വറിയെന്ന സമാനതകളില്ലാത്ത നേട്ടം. വിരേന്ദര്‍ സെവാഗ് ഈ നേട്ടം മറികടന്നെങ്കിലും സച്ചിന്റെ തിളക്കത്തിന് ഒരു കുറവുമില്ല.

ഏകദിന ക്രിക്കറ്റ് 1971 ജനുവരി അഞ്ചിന് ആരംഭിക്കുമ്പോള്‍ വ്യക്തിഗത സ്‌കോര്‍ 200 കടക്കുമെന്ന് ആരും സ്വപ്നംപോലും കണ്ടിരുന്നില്ല. കാലവും കളിയും കളിക്കാരും മാറിയതോടെ എപ്പോഴും സംഭവിച്ചേക്കാവുന്ന മഹാത്ഭുതമായിരുന്നു ഏകദിനത്തിലെ ഇരട്ടസെഞ്ച്വറി. സയീദ് അന്‍വറും(194), ചാള്‍സ് കവണ്‍ട്രിയും(194*)വിവിയന്‍ റിച്ചാര്‍ഡ്‌സും(189*) സനത് ജയസൂര്യയുമെല്ലാം (189) ഈ സ്വപ്നനേട്ടത്തിനരികെ വീണത് സച്ചിനുവേണ്ടിയായിരുന്നു.അല്ലെങ്കില്‍ കവണ്‍ട്രി 194ല്‍ ബാറ്റുചെയ്യവേ അന്‍പതാം ഓവര്‍ പൂര്‍ത്തിയാവില്ലായിരുന്നു. അന്‍വറും ജയസൂര്യയും ചരിത്രത്തിന്റെ പടിവാതില്‍ക്കല്‍ ഇടറി വീഴില്ലായിരുന്നു. ചിലത് അങ്ങനെയാണ്. അതിനായി വിധിക്കപ്പെട്ടവര്‍ക്കേ ലക്ഷ്യത്തിലെത്താനാവൂ. അത് സച്ചിനായിരുന്നു.

39 വര്‍ഷത്തെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിനൊപ്പം സച്ചിനും തന്റെ നാനൂറ്റിനാല്‍പ്പത്തിരണ്ടാം ഏകദിനംവരെ കാത്തിരിക്കേണ്ടിവന്നു ഇരട്ടശതകത്തിന്റെ നിറവിലെത്താന്‍.ഡെയ്ല്‍ സ്‌റ്റെയിന്റെ നേതൃത്വത്തിലുളള ബൗളര്‍മാര്‍ക്കുമേല്‍ പടര്‍ന്നുകയറിയ സച്ചിന്‍ നേരിട്ട നൂറ്റിനാല്‍പ്പത്തിയേഴാം പന്തിലാണ് 200 റണ്‍സെന്ന കാലംകാത്തിരുന്ന കടമ്പകടന്നത്. അതിനിടെ സച്ചിന്റെ വില്ലോയില്‍നിന്ന് 25 ബൗണ്ടറികളും മൂന്നു സിക്‌സറുകളും അതിര്‍ത്തിവരയ്ക്കപ്പുറത്തേക്ക് ചീറിപ്പാഞ്ഞിരുന്നു. കണക്കുപുസ്തകത്തിന്റെ കളിയായ ക്രിക്കറ്റില്‍ സച്ചിന് മുന്നിലിപ്പോള്‍ തലകുനിക്കാതെ നില്‍ക്കുന്നത് ഒരൊറ്റ റെക്കോര്‍ഡ് മാത്രം. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്നവ്യക്തിഗത സ്‌കോറായ സാക്ഷാല്‍ ബ്രയന്‍ ചാള്‍സ് ലാറുയടെ പേരിലുളള 400 റണ്‍സിന്റെ റെക്കോര്‍ഡ്. ഇംഗ്ലണ്ടിനെതിരെ ആറുവര്‍ഷം മുന്‍പാണ് ലാറ പുറത്താവാതെ 400 റണ്‍സെടുത്ത് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറിനുടമയായത്.

റെക്കോര്‍ഡുകളുടെ എവറസ്റ്റ് താണ്ടുമ്പോഴും ബാറ്റിംഗിനോടുളള ഒടുങ്ങാത്ത അഭിനിവേശമാണ് സച്ചിനെ മറ്റുളളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. 1974 ഏപ്രില്‍ 24ന് മുംബൈയില്‍ ജനിച്ച സച്ചിന്‍ ശാരദാശ്രമം സ്‌കൂളില്‍ ബാറ്റുവീശിയ അതേ ആവേശത്തിലാണ് എന്നും ക്രീസിലെത്തിയത്. ഒരു ജനതയുടെ പ്രതീക്ഷകള്‍ അപ്പോള്‍ വാനോളമുയരുന്നതും സ്വാഭാവികം. ഈ പ്രതീക്ഷകളാണ് രണ്ടുപതിറ്റാണ്ടോളം സച്ചിന്‍ ചുമലിലേറ്റിയത്.

മാറുന്ന കാലത്തിനും തത്രങ്ങള്‍ക്കുമനുസരിച്ച് സ്വയം നവീകരിച്ചു എന്നതാണ് സച്ചിന്റെ പ്രധാന സവിശേഷത. സ്വയം നവീകരിക്കുന്ന സച്ചിന്‍ കമ്പ്യൂട്ടര്‍ബുദ്ധിയെ അതീജീവിക്കുന്നു. അതിലൂടെ പുതിയഷോട്ടുകള്‍ ജനിക്കുന്നു. പാഡ്ല്‍ സ്വീപ്പും അപ്പര്‍കട്ടുമെല്ലാം ഈ അതിജീവനത്തിന്റെ ഉല്‍പന്നങ്ങളാണ്. കണക്കുകള്‍ക്കപ്പുറം വരുംകാല ക്രിക്കറ്റിനുനുളള സച്ചിന്റെ സംഭാവന. ഇതുതന്നെയാണ് ഒരു ജീനിയസിന്റെ ജീവിതവും. അതെ നമ്മള്‍ ഭാഗ്യവാന്‍മാരാണ്. സച്ചിന്റെ കാലത്ത് ജീവിക്കാന്‍ കഴിഞ്ഞുവെന്ന ഭാഗ്യമാന്‍മാര്‍.

Resistance Bands, Free Blogger Templates