സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

ഹാട്രിക്കില്‍ ഹാട്രിക്കുമായി അമിത് മിശ്ര

അമിത് മിശ്ര
ബാറ്റ്‌സ്മാന്‍മാരുടെ കളിയാണ് ട്വന്റി 20. കുതിച്ചെത്തുന്ന പന്തിനെ അതിനെക്കാള്‍ വേഗത്തില്‍ ഗാലറിയിലേക്ക് പറത്തുകയാണ് ഓരോ ബാറ്റ്‌സ്മാന്റെയും ലക്ഷ്യം. അതുകൊണ്ടുതന്നെ ഐ പി എല്‍ മിക്കപ്പോഴും ബൗളര്‍മാരുടെ ശവപ്പറമ്പായി മാറുന്നു. ഇതിനിടയിലും മിന്നില്‍പ്പിണറുകള്‍ തീര്‍ക്കുന്നു ചില ബൗളര്‍മാര്‍. ഇക്കൂട്ടത്തില്‍ ഒന്നാമനാണ് അമിത് മിശ്ര.

ബാറ്റ്‌സ്മാന്‍മാര്‍ അരങ്ങുവാഴുന്ന ഐ പി എല്ലില്‍ അമിത് മിശ്ര സമാനതകളില്ലാത്ത റെക്കോര്‍ഡാണ് സ്വന്തമാക്കിയത്. പൂനെ വാരിയേഴ്‌സിനെതിര ഹാട്രിക് നേടിയാണ് മിശ്ര ഐ പി എല്ലില്‍ വീണ്ടും ഇടിമിന്നലായത്. ഐ പി എല്ലിന്റെയും ട്വന്റി 20 ക്രിക്കറ്റിന്റെയും ചരിത്രത്തില്‍ മൂന്ന് ഹാട്രിക് നേടുന്ന ആദ്യ ബൗളറാണ് മിശ്ര.

പൂനെ വാരിയേഴ്‌സിനെതിരെ ആയിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരബാദിനെ വിജയത്തിലെത്തിച്ച മിശ്രയുടെ വിക്കറ്റ് കൊയ്ത്ത്. താരതമ്യേന ദുര്‍ബല സ്‌കോര്‍ പിന്തുടര്‍ന്ന പൂനെ അനായാസം ജയിക്കുമെന്ന ഘട്ടത്തിലായിരുന്നു ലഗ്‌സപിന്നറായ മിശ്ര ചുഴലിക്കൊടങ്കാറ്റായി വീശിയത്. ഹാട്രിക് അടക്കം ഒരോവറില്‍ നാല് വിക്കറ്റ്. അതോടെ അപ്രതീക്ഷിതമായി ജയം സണ്‍റൈസേഴ്‌സിന് സ്വന്തമാവുകയും ചെയ്തു.

പത്തൊമ്പതാം ഓവറിലെ രണ്ടാം പന്തില്‍ പുനെ നായകന്‍ ഏഞ്ചലോ മാത്യൂസിനെ പുറത്താക്കിയായിരുന്നു മിശ്രയുടെ തുടക്കം. അപ്പോള്‍ പൂനെയ്ക്ക് ജയിക്കാന്‍ വേണ്ടത് വെറും 14 റണ്‍സ്. നാലാം പന്തിലാണ് ഹാട്രിക്കിലേക്കുളള യാത്ര തുടങ്ങിയത്. മിശ്രയുടെ ഫഌപ്പറിന് മുന്നില്‍ വീണത് ഭുവനേശ്വര്‍ കുമാര്‍. അഞ്ചാം പന്ത് നേരിട്ട രാഹുല്‍ ശര്‍മയ്ക്കും മറുപടി ഉണ്ടായിരുന്നില്ല. അവസാന പന്തില്‍ അശോക ദിന്‍ഡയെ മിന്നുന്നൊരു ഗൂഗ്ലിയിലൂടെ പുറത്താക്കിയപ്പോള്‍ പൂനെയുടെ വിജയത്തിനൊപ്പം സമാനതകളില്ലാത്ത നേട്ടങ്ങളും മിശ്ര സ്വന്തമാക്കി.

ഐ പി എല്ലില്‍ മിശ്രയുടെ രണ്ടാമത്തെ മികച്ച ബൗളിംഗാണിത്. 19 റണ്‍സിന് നാല് വിക്കറ്റ്. 2008ല്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് വേണ്ടി ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരെ 17 റണ്‍സിന് അഞ്ച് വിക്കറ്റ് നേടിതാണ് മശ്രയുടെ മികച്ച ബൗളിംഗ് പ്രകടനം. മൂന്ന് വിത്യസ്ത ടീമുകള്‍ക്ക് വേണ്ടിയായിരുന്നു മിശ്രയുടെ ഹാട്രിക് നേട്ടമെന്ന പ്രത്യേകതയുമുണ്ട്.

30കാരനായ മിശ്ര 13 ടെസ്റ്റുകളിലും 15ഏകദിനങ്ങളിലും ഇന്ത്യക്ക് വേണ്ടി പന്തെറിഞ്ഞിട്ടുണ്ട്.  ടെസ്റ്റില്‍ 43 വിക്കറ്റുകളും ഏകദിനത്തില്‍ 19 വിക്കറ്റുകളും സ്വന്തം പേരിനൊപ്പമുണ്ട്.

അമിത് മിശ്രയെക്കൂടാതെ ഏഴുപേര്‍കൂടി ആറാം പതിപ്പില്‍ എത്തിനില്‍ക്കുന്ന ഹാട്രിക് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. എട്ടു ബൗളര്‍മാരിലൂടെ 11 തവണ ഐ പി എല്‍ ഹാട്രിക് പ്രകടനത്തിന് സാക്ഷിയായി. പ്രവീണ്‍ കുമാര്‍സ രോഹിത് ശര്‍മയ യുവരാജ് സിംഗ്, മഖായ എന്റിനി, സുനില്‍ നരൈന്‍, അജിത് ചന്ദില, ലക്ഷ്മതി ബാലാജി എന്നിവരാണ് മറ്റ് ഹാട്രിക് നേട്ടക്കാര്‍. ആറാം പതിപ്പിലെ ആദ്യ ഹാട്രിക്കിന് ഉടമ വെസ്റ്റ് ഇന്‍ഡീസ് ബൗളറായ സുനില്‍ നരൈനാണ്.


ഐ പി എല്ലിലെ ഹാട്രിക്കുകള്‍ ഇതുവരെ

പ്രവീണ്‍ കുമാര്‍, രോഹിത് ശര്‍മ, യുവരാജ് സിംഗ്, അമിത് മിശ്ര, മഖായ എന്റിനി,
സുനില്‍ നരൈന്‍, അജിത് ചന്ദില, ലക്ഷ്മിപതി ബാലാജി



ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമായിരുന്ന ലക്ഷ്മിപതീ ബാലാജിയാണ് ഐ പി എല്ലിലെ ആദ്യ ഹാട്രിക്കിനുടമ. 2008 മെയ് 10ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ആയിരുന്നു ബാലാജിയുടെ പടയോട്ടം. ഇരുപതാം ഓവറില്‍ കിംഗ്‌സിന് ജയിക്കാന്‍ വേണ്ടത് 27 റണ്‍സ്. ഇര്‍ഫാന്‍ പഠാന്‍, പിയൂഷ് ചൗള, വി ആര്‍ വി സിംഗ് എന്നിവരാണ് ബാലാജിക്ക് മുന്നില്‍ ഘോഷയാത്ര നടത്തിയത്.

ഐ പി എല്ലിലെ രണ്ടാമത്തെ ഹാട്രിക്കിന് ഉടമയും മിശ്ര തന്നെ. 2008 മേയ് 15ന് ഡെയര്‍ ഡെവിള്‍സിന് വേണ്ടി ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരെ. ഷാഹിദ് അഫ്രീദി, ഹെര്‍ഷല്‍ ഗിബ്‌സ് എന്നീ വമ്പന്‍മാര്‍ക്കൊപ്പം രവി തേജയെ പുറത്താക്കി ഹാട്രിക് തികച്ചു.

മൂന്നാമത്തെ ഹാട്രിക്കിന് ഉടമ ദക്ഷിണാഫ്രിക്കന്‍ പേസര്‍ മഖായ എന്റിനിയാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി നൈറ്റ് റൈഡേഴ്‌സിനെതിരെ. ഈഡന്‍ ഗാര്‍ഡനില്‍ സൗരവ് ഗാംഗുലി, ദേബബ്രത ദാസ്, ഡേവിഡ് ഹസി എന്നിവരാണ് എന്റിനിയുടെ വേഗത്തിന് കീഴടങ്ങിയത്. അഞ്ചാം ഓവറിലെ അവസാന പന്തിലും പതിനേഴാം ഓവറിലെ ആദ്യ രണ്ട് പന്തുകളിലും വിക്കറ്റ് വീഴ്ത്തിയാണ് എന്റിനി ഹാട്രിക്കിനിടയിലെ അപൂര്‍വത സൃഷ്ടിച്ചത്.

നാലാമത്തെ ഹാട്രിക് കിംഗ്‌സ് ഇലവന്‍ താരമായിരുന്നു യുവരാജ് സിംഗിന്റെ പേരിനൊപ്പമാണ്. 2009ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ. റോബിന്‍ ഉത്തപ്പ, ജാക് കാലിസ്, മാര്‍ക് ബൗച്ചര്‍ എന്നിവരായിരുന്നു ഇരകള്‍. രണ്ടോവറുകളിലായിട്ടാണ് യുവരാജും ഹാട്രിക് സ്വന്തമാക്കിയത്.

ബാറ്റ്‌സ്മാന്‍ ഹാട്രിക് തിളക്കം സ്വന്തമാക്കുന്നതായിരുന്നു അടുത്ത സംഭവം. 2009 മേയ് ആറിന് മുംബയ് ഇന്ത്യന്‍സിന്റെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത് രോഹിത് ശര്‍മ. ഡെക്കാന്‍ ചാര്‍ജേഴ്‌സിന് വേണ്ടിയായിരുന്നു രോഹിതിന്റെ അവിശ്വസനീയ ബൗളിംഗ്. അഭിഷേക് നായകര്‍, ഹര്‍ഭജന്‍ സിംഗ് , ജെ പി ഡുമിനി എന്നിവരാണ് രോഹിതിന്റെ ഹാട്രിക് നേട്ടത്തിന് മുന്നില്‍ വീണത്.

യുവരാജ് സിംഗ് വീണ്ടും ഹാട്രിക് പ്രകടനത്തോടെ ഗാലറികളെ ത്രസിപ്പിച്ചു, 2009 മേയ് 17ന് ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരെ. ഹെര്‍ഷല്‍് ഗിബ്‌സ്, ആന്‍ഡ്രു സൈമണ്ട്‌സ്, വേണുഗോപാല്‍ റാവു എന്നിവരായിരുന്നു യുവരാജിന്റെ ഹാട്രിക് വഴിയില്‍ മടങ്ങിയത്.

പ്രവീണ്‍ കുമാര്‍ റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടി ഐ പി എല്ലിലെ ഏഴാമത്തെ ഹാട്രിക് സ്വന്തം പേരിനൊപ്പം കുറിച്ചു. 2010 നേയ് 18ന് രാജസ്ഥാന്‍ റോയല്‍സിനെതിരെ. പുറത്തായത് ഡാമിയന്‍ മാര്‍ട്ടിന്‍, മുമിത് നര്‍വാള്‍, പരസ് ദോഗ്ര. 2010 സീസണിലെ ഏക ഹാട്രിക്കും ഇതായിരുന്നു.

എട്ടാമത്തെ ഹാട്രിക് വീണ്ടും അമിത് മിശ്രയുടെ പേരിനൊപ്പം. കഴിഞ്ഞ സീസണില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിന് വേണ്ടി പഞ്ചാബ് കിംഗ്‌സ് ഇലവനെതിരെ ആയിരുന്നു വിക്കറ്റ് വേട്ട. റയാന്‍ മക്ലാരന്‍, മന്‍ദീപ് സിംഗ്, റയാന്‍ ഹാരിസ് എന്നിവരായിരുന്നു  ഇരകള്‍.

രാജസ്ഥാന്‍ റോയല്‍സിന്റെ അജിത് ചന്ദിലയാണ് ഒന്‍പതാം ഹാട്രിക്കിന് അവകാശി. പുറത്തായത് പൂനെ വാരിയേഴ്‌സിന്റെ ജെസ്സി റൈഡര്‍, സൗരവ് ഗാംഗുലി, റോബിന്‍ ഉത്തപ്പ എന്നിവര്‍. ഹരിയാന താരമായ അജിത്തിന്റെ നാല് വിക്കറ്റ് പ്രകടും പൂനെയെ തോല്‍വിയിലേക്ക് തളളിയിട്ടു.

പത്താം ഹാട്രിക് ഈ സീസണില്‍ സുനില്‍ നരൈന്റെ പേരിനൊപ്പം ചേര്‍ക്കപ്പെട്ടു. കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഡേവിഡ് ഹസി, അസ്ഹര്‍ മഹ്മൂദ് . ഗുര്‍കീരത് സിംഗ് എന്നിവരെ പുറത്താക്കിയാണ് നരൈന്റെ ഹാട്രിക് നേട്ടം.
സുനില്‍ നരൈന്‍

ഒടുവില്‍ അമിത് മിശ്ര ഐ പി എല്ലിലെ പതിനൊന്നാം ഹാട്രിക്കിനും അവകാശിയായി, 2013 ഏപ്രില്‍ 17ന്. പൂനെയിലെ സുബ്രത സഹാറ സ്റ്റേഡിയത്തില്‍. കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടതും മറ്റാരുമായിരുന്നില്ല. ഐ പി എല്ലില്‍ മിശ്രയുടെ ആറാമത്തെ മാന്‍ ഒഫ് ദ മാച്ച് പുരസ്‌കാരംകൂടിയായിരുന്നു ഇത്. ബാറ്റിംഗിനിറങ്ങിയപ്പോള്‍ 30 റണ്‍സും മിശ്രയുടെ സംഭാവനയുണ്ടായിരുന്നു. ഇതും ഹൈദരാബാദ് വിജയത്തില്‍ നിര്‍ണായകമായി.

Post a Comment

1 Comments

Karthika said…
This blog is really informative . Thank you very much for your post . keep posting more.