ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറികളുടെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ സച്ചിന്റെ ജീവിതത്തിലേക്ക്...
1985ലെ ചുട്ടുപൊളളുന്നൊരു പകല്‍. ചെന്നൈ എം ആര്‍ എഫ് പേസ് ഫൗണ്ടേഷനില്‍ ഫാസ്റ്റ് ബൗളിംഗ് പഠിക്കാനെത്തിയ ഉയരം കുറഞ്ഞൊരു പന്ത്രണ്ടു വയസ്‌സുകാരന്‍. ഒപ്പമുളള ഉയരക്കാര്‍ക്കിടയില്‍ സര്‍വശക്തിയുമെടുത്ത് പന്തെറിയുന്ന പയ്യനോട് ഫാസ്റ്റ് ബൗളിംഗ് ഇതിഹാസം ഡെന്നിസ് ലില്ലി പറഞ്ഞു...നീ ബാറ്റിംഗില്‍ ശ്രദ്ധിക്കുകയാണ് നല്ലത്. ലില്ലിയുടെ ഈ വാക്കുകള്‍ ഇന്ത്യക്ക് മാത്രമല്ല ലോകക്രിക്കറ്റിനു തന്നെ സമ്മാനിച്ചത് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനെയായിരുന്നു. സാക്ഷാല്‍ സച്ചിന്‍ രമേശ് ടെന്‍ഡുല്‍ക്കറെ. ശേഷം ചരിത്രം.
കാലത്തിനൊപ്പം ബാറ്റ്‌ചെയ്ത് റെക്കോര്‍ഡുകള്‍ ഒന്നൊന്നായി സ്വന്തം പേരിനൊപ്പമാക്കി മുന്നേറുന്ന സച്ചിന്‍ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടു, ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറികളുടെ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയ ആദ്യ ബാറ്റ്‌സ്മാന്‍. 1989 നവംബര്‍ 15ന് പാകിസ്ഥാനെതിരെ പതിനാറാം വയസ്‌സില്‍ കറാച്ചിയിലായിലായിരുന്നു സച്ചിന്റെ അരങ്ങേറ്റം. ആറാമനായി ക്രീസിലെത്തിയ സച്ചിന്‍ നേടിയത് 15 റണ്‍സ്!. ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടറായ കപില്‍ദേവിന്റെ നൂറാം ടെസ്റ്റും വഖാര്‍ യൂനിസിന്റെ അരങ്ങേറ്റ ടെസ്റ്റുമായിരുന്നു ഇത്. കപില്‍ നൂറ് ടെസ്റ്റുകള്‍ കളിക്കുന്ന ആദ്യ ബൗളറെന്ന നേട്ടം കൈവരിച്ചിട്ടും ഈ മത്സരത്തെ കാലം അടയാളപ്പെടുത്തിയത് സച്ചിന്റെ അരങ്ങേറ്റ ടെസ്റ്റ് എന്നായിരുന്നു. അതേ വര്‍ഷംതന്നെ ഡിസംബര്‍ 18നായിരുന്നു ഏകദിനത്തില്‍ സച്ചിന്റെ അരങ്ങേറ്റം. അതിനാടകീയ നിമിഷങ്ങള്‍ നിറഞ്ഞ മത്സരത്തില്‍ സച്ചിന്‍ പൂജ്യത്തിന് പുറത്തായി. 87 റണ്‍സിന്റെ വിജയലകഷ്യവുമായി ബാറ്റുവീശിയ ഇന്ത്യ 7 റണ്‍സിന് തോറ്റു. ബാറ്റിംഗില്‍ സച്ചിന്റെ നേട്ടങ്ങള്‍ക്ക് സമാനതകളില്ല. 174 ടെസ്റ്റുകളില്‍ നിന്ന് 14366 റണ്‍സ്.(സെഞ്ചൂറിയന്‍ ടെസ്റ്റ ഉള്‍പ്പെടുത്തിയിട്ടില്ല) 442 ഏകദിനങ്ങളില്‍ നിന്ന് 17598 റണ്‍സ്. എതിരാളികളെ ഒപ്പമെത്താന്‍പോലും അനുവദിക്കാത്ത റണ്‍വേട്ട. ഏകദിനത്തില്‍ 46 സെഞ്ച്വറികള്‍. ടെസ്റ്റില്‍ 248* റണ്‍സും ഏകദിനത്തില്‍ 200* റണ്‍സുമാണ് ഉയര്‍ന്ന സ്‌കോറുകള്‍. ഏകദിന ക്രിക്കറ്റില്‍ആദ്യ ഇരട്ട സെഞ്ച്വറിക്കുടമയും സച്ചിനാണ്.
സമകാലിക ക്രിക്കറ്റിലെ മറ്റുതാരങ്ങള്‍ക്ക് സ്വപ്നംകാണാന്‍ കാണാന്‍പോലും കഴിയാത്ത നേട്ടങ്ങള്‍. മറാത്തി നോവലിസ്റ്റ് രമേഷ് ടെന്‍ഡുല്‍ക്കറുടെയും രജനിയുടെയും രണ്ടാമത്തെ മകനായി 1973 ഏപ്രില്‍ 24ന് ബോംബെയിലായിരുന്നു ഇതിഹാസതാരത്തിന്റെ ജനനം. ഇഷ്ട സംഗീതസംവിധായകന്‍ സച്ചിന്‍ ദേവ് ബര്‍മന്റെ പേരാണ് രമേഷ് ടെന്‍ഡുല്‍ക്കര്‍ രണ്ടാമത്തെ മകന് നല്‍കിയത്. മൂത്തജ്യേഷ്ഠന്‍ അജിത്താണ് സച്ചിനെ ക്രിക്കറ്റിലേക്ക് വഴിനടത്തിയത്. രണ്ടു സഹോദരങ്ങള്‍ കൂടിയുണ്ട് സച്ചിന്; നിതിനും സവിതയും. 1995ലായിരുന്നു സച്ചിന്റെ വിവാഹം. ഡോക്ടറായ അഞ്ജലി മേത്തയാണ് ഭാര്യ. രണ്ടു മക്കളുണ്ട് സാറയും അര്‍ജുനും .
ഡെന്നിസ് ലില്ലിയുടെ നിര്‍ദേശപ്രകാരം ഫാസ്റ്റ് ബൗളിംഗ് സ്വപ്നം ഉപേക്ഷിച്ച സച്ചിന്‍ എത്തിയത് പ്രശസ്തകോച്ച് രമാകാന്ദ് അച് രേക്കറുടെ അടുത്തായിരുന്നു; പ്രഗല്‍ഭതാരങ്ങള്‍ പിറവിയെടുത്ത ശാരദാശ്രം സ്‌കൂളില്‍. ജ്യേഷ്ഠന്‍ അജിത്ത്തന്നെയാണ് സച്ചിനെ ശാരദാശ്രം സ്‌കൂളില്‍ എത്തിച്ചതും. മടുപ്പില്‌ളാതെ മണിക്കൂറുകളോളം പരിശീലനം നടത്തുന്ന സച്ചിനിലെ പ്രതിഭയെ അച് രേക്കര്‍ തുടക്കത്തിലേ തിരിച്ചറിഞ്ഞു. നീണ്ട ചിലപരിശീലന വേളകളില്‍ സച്ചിന്‍ ബാറ്റുചെയ്യുമ്പോള്‍ അച് രേക്കര്‍ സ്റ്റംപിന് മുകളില്‍ ഒരുരൂപ നാണയം വയ്ക്കുമായിരുന്നു. സച്ചിനെ പുറത്താക്കുന്നവര്‍ക്കുളളതായിരുന്നു ആ നാണയം. പകേഷ മിക്കപേ്പാഴും സച്ചിന്‍ അപരാജിതനായി നിന്നു. ഇങ്ങനെ നേടിയ 13 ഒരുരൂപ നാണയങ്ങള്‍ വിലപെ്പട്ട സമ്പാദ്യമായി സച്ചിന്‍ ഇന്നും സൂക്ഷിക്കുന്നു.
1988ലെ ലോര്‍ഡ് ഹാരിസ് ഷീല്‍ഡ് ഇന്റര്‍ സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റാണ് സച്ചിന്റെ കരിയര്‍ മാറ്റിമറിച്ചത്. അതിനുമുന്‍പുതന്നെ സച്ചിന്‍ ബോംബെ ക്രിക്കറ്റ് വൃത്തങ്ങളിലെ ചര്‍ച്ചാവിഷയമായിരുന്നു. ഫൈനലില്‍ അന്‍ജുമാം ഇസ്‌ളാം സ്‌കൂളിനെതിരെ സച്ചിനും കൂട്ടുകാരന്‍ കാംബ്‌ളിയും ചേര്‍ന്ന് അടിച്ചെടുത്തത് 664 റണ്‍സായിരുന്നു. സച്ചിന്‍ 326 റണ്‍സുമായും കാംബ്‌ളി 349 റണ്‍സുമായും അപരാജിതരായി നിന്നു. 2006വരെ ഈ ലോകറെക്കോര്‍ഡിന് ഇളക്കം തട്ടിയില്‌ള. തൊട്ടുപിന്നാലെ സച്ചിന്‍ ബോംബെ രഞ്ജി ട്രോഫി ടീമിലുമെത്തി.1988 ഡിസംബര്‍ 11ന് 15 വര്‍ഷവും 232 ദിവസവും പ്രായമുളളപേ്പാള്‍ ഗുജറാത്തിനെതിരെ ആയിരുന്നു സച്ചിന്റെ അരങ്ങേറ്റം. ഒന്നാം ക്‌ളാസ് ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരായി മാറിയ സച്ചിന്‍ ആദ്യമത്സരത്തില്‍ തന്നെ സെഞ്ച്വറിനേടി; 100 നോട്ടൗട്ട്. ധേവ്ധര്‍ ട്രോഫിയിലും ദുലീപ് ട്രോഫിയിലും അരങ്ങേറ്റത്തില്‍ സെഞ്ച്വറി കുറിച്ച സച്ചിന്‍ ഇറാനി ട്രോഫി ഫൈനലിലും സെഞ്ച്വറിനേടി.ഒരൊറ്റ സീസണ്‍കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് കീഴടക്കിയ സച്ചിന്‍ പതിനാറാം വയസ്‌സില്‍ ഇന്ത്യന്‍ ടീമിലുമെത്തി. ഇന്ന് വിശേഷണങ്ങള്‍ക്ക് അതീതനായി സച്ചിന്‍ ലോകക്രിക്കറ്റിന്റെ നെറുകയില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭിമാനമായി, പ്രതീകമായി.
സച്ചിന്റെ കളിമികവിനെ രാജീവ് ഗാന്ധി ഖേല്‍ രത്‌ന, അര്‍ജുന അവാര്‍ഡ്, പത്മശ്രീ, പത്മവിഭൂഷണ്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ആദരിക്കുകയും ചെയ്തു. തന്റെ പിന്‍ഗാമിയെന്ന് സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്‍ വിശേഷിപ്പിച്ച സച്ചിനെ ക്രിക്കറ്റിന്റെ ബൈബിള്‍ എന്നറിയപ്പടുന്ന വിസ്ഡന്‍ മാഗസിന്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബാറ്റ്‌സ്മാനായും ഏകദിനത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായും തിരഞ്ഞെടുത്തു. ഇന്ത്യയില്‍ ഏറ്റവുമധികം വിപണനമൂല്യമുളള കായികതാരവും സച്ചിന്‍ തന്നെ.
0 Comments