ഉത്തേജക മരുന്ന് വിവാദത്തില്‍ മുങ്ങിനില്‍ക്കുന്ന ഇന്ത്യന്‍ അത്‌ലറ്റിക്‌സിന് ആശ്വാസമാവുകയാണ് മലയാളി താരം മയൂഖ ജോണി. ജപ്പാനിലെ കോബില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ ലോംഗ്ജംപില്‍ സ്വര്‍ണവും ട്രിപ്പിള്‍ ജംപില്‍ വെങ്കലവും നേടിയാണ് മയൂഖ ഇന്ത്യയുടെ ആശ്വാസമായത്. ട്രിപ്പിള്‍ ജംപിലെ വെങ്കലനേട്ടം മയൂഖയ്ക്ക് 2012ലെ ലണ്ടന്‍ ഒളിംപിക്‌സ് യോഗ്യതയും സമ്മാനിച്ചു. രണ്ടിനങ്ങളിലും മയൂഖ അടുത്തമാസം ദക്ഷിണ കൊറിയയില്‍ നടക്കുന്ന ലോക അത്‌ലറ്റിക് മീറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.
ട്രിപ്പിള്‍ ജംപില്‍ 14.11 മീറ്റര്‍ ചാടിയാണ് മയൂഖ വെങ്കലവും ഒളിംപിക് യോഗ്യതയും സ്വന്തമാക്കിയത്. സ്വന്തം ദേശീയ റെക്കോര്‍ഡ് മെച്ചപ്പെടുത്തിയ മയൂഖ നാലാം അവസരത്തിലാണ് ഒളിംപിക്‌സിനുളള ബി-മാര്‍ക്ക് യോഗ്യത(14.10 മീറ്റര്‍) മറികടന്നത്. മൂന്നാം അവസരത്തിലും (14.05മീറ്റര്‍) മയൂഖ ദേശീയ റെക്കോര്‍ഡ് മെച്ചപ്പെടുത്തിയിരുന്നു. കഴിഞ്ഞമാസം ചൈനയില്‍ നടന്ന ഏഷ്യന്‍ ഗ്രാന്‍പ്രി മീറ്റിനിടെ14.02 മീറ്റര്‍ ചാടിയാണ് മയൂഖ ദേശീയ റെക്കോര്‍ഡ് ആദ്യമായി സ്വന്തമാക്കിയത്. ഒരു ഇന്ത്യന്‍ വനിതാ ജംപര്‍ ആദ്യമായി 14 മീറ്റര്‍ മറികടക്കുന്നതും അന്നായിരുന്നു. അന്നത്തെ മികച്ച ഫോം തുടരുകയാണ് കോഴിക്കോട് ജില്ലയിലെ കല്ലാനോട് സ്വദേശിയായ മയൂഖ.
അഞ്ജു ബോബി ജോര്‍ജിനെപ്പോലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് മയൂഖയുടേതും. കോബില്‍ ഒറ്റചാട്ടംപോലും ഫൗളാക്കിയില്ല എന്നത് തന്നെ മയൂഖയുടെ ഫോമിന്റെയും ആത്മവിശ്വാസത്തിന്റെയും തെളിവാണ്. ലോംഗ്ജംപിലും ഒളിംപിക് യോഗ്യത നേടാമെന്ന പ്രതീക്ഷയിലായിരുന്നു മയൂഖ. 6.56 മീറ്റര്‍ ചാടിയാണ് സ്വര്‍ണം നേടിയത്. ഒളിംപിക് ബി-മാര്‍ക്ക് യോഗ്യത 6.65 മീറ്ററായിരുന്നു. ഏഷ്യന്‍ ചാമ്പ്യനെന്ന നിലയിലാണ് മയൂഖ ലോംഗ്ജംപില്‍ ലോക അത്‌ലറ്റിക് മീറ്റിന് യോഗ്യത നേടിയത്. ഈയിനത്തില്‍ 6.64 മീറ്ററാണ് മയൂഖയുടെ മികച്ച പ്രകടനം. ഏതന്‍സ് ഒളിംപിക്‌സില്‍ അഞ്ജു ബോബി ജോര്‍ജ് ചാടിയ 6.83 മീറ്ററാണ് ഇന്ത്യന്‍ റെക്കോര്‍ഡ്.
ലോംഗ്ജംപില്‍ ഏഴ്മീറ്റര്‍ മറികടക്കുകയാണ് മയൂഖയുടെ ലക്ഷ്യം. ഈ പ്രകടത്തിലെത്തിയാല്‍ മയൂഖയ്ക്ക് ഒളിംപിക് മെഡല്‍ അസാധ്യമല്ല. ബെയ്ജിംഗ് ഒളിംപിക്‌സില്‍ ആദ്യരണ്ട് സ്ഥാനക്കാരും ഏഴ് മീറ്ററിലധികം ദൂരം ചാടിയിരുന്നു. തലശേരി സായിയിലെ ജോസ് മാത്യുവിന്റെ പരിശീലനത്തോടെയാണ് മയൂഖ ദേശീയ തലത്തില്‍ ശ്രദ്ധേയ ആയത്. ഈ സീസണ്‍ മുതല്‍ മുന്‍ ഇന്ത്യന്‍താരം ശ്യാം കുമാറിന് കീഴിലാണ് മയൂഖയുടെ പരിശീലനം. ശ്യാം കുമാറിന് കീഴിലാണ് മയൂഖ 14 മീറ്റര്‍ മറികടന്നത്. ലോംഗ്ജംപില്‍ മയൂഖ ഏഴ് മീറ്റര്‍ മറികടക്കുമെന്ന് ശ്യാം കുമാറും ഉറപ്പിച്ച് പറയുന്നു.
അഞ്ജു ബോബി ജോര്‍ജ് അടക്കമുളള അത്‌ലറ്റുകള്‍ മുന്നിലുണ്ടെങ്കിലും മയൂഖയ്ക്ക് പ്രചോദനമേകുന്നത് സൈന നേവാളാണ്. ''ഇന്ത്യയിലെ എല്ലാ വനിതാ കായികതാരങ്ങള്‍ക്കും പ്രചോദനമാണ് സൈന. കഠിനാദ്ധ്വാനം ചെയ്താല്‍ ഫലമുണ്ടാവുമെന്നും ലോകോത്തര വേദികളില്‍ ഇന്ത്യന്‍ വനിതകള്‍ക്കും ജയിക്കാനാവുമെന്നും സൈന തെളിയിച്ചു'' മയൂഖ പറഞ്ഞു. ബാംഗ്ലൂരിലെ സായ് സെന്ററിലാണ് മയൂഖ ഇപ്പോള്‍ പരിശീലനം നടത്തുന്നത്.
0 Comments