സാല്‍ഗോക്കര്‍ ഗോവ കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ ഈസ്റ്റ് ബംഗാളിനെ ചവിട്ടിയരച്ച് ഫെഡറേഷന്‍ കപ്പില്‍ മുത്തമിട്ടപ്പോള്‍ എന്റെ ഓര്‍മകള്‍ ഡ്രിബിള്‍ ചെയ്ത് കയറിയത് രണ്ട് പതിറ്റാണ്ട് പിന്നിലേക്കായിരുന്നു, കണ്ണൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലേക്ക്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കി ഫെഡറേഷന്‍ കപ്പ് കസ്റ്റഡിയിലാക്കിയ മലയാളികളുടെ സ്വന്തം കേരള പൊലീസിന്റെ വിജയാരവങ്ങളിലേക്ക്. സാല്‍ഗോക്കര്‍ ഇത്തവണ കിരീടം ചൂടിയപ്പോള്‍ കേരള പൊലീസിന്റെ, കേരള ഫുട്‌ബോളിന്റെ ചരിത്ര നേട്ടത്തിന് രണ്ട് പതിറ്റാണ്ട് തികഞ്ഞു.
അതൊരു കാലമായിരുന്നു. സുവര്‍ണകാലം. കളിക്കാനും ജയിക്കാനും തങ്ങള്‍ക്കൊരു ടീമുണ്ടെന്ന് മലയാളികള്‍ വിശ്വസിച്ച, ആര്‍പ്പുവിളിച്ച കളിക്കാലം. ഫുട്‌ബോളിനെ ഇഷ്ടപ്പെട്ട ഓരോ മലയാളിയുടെയും ഹൃദയത്തിലായിരുന്നു പൊലീസ് താരങ്ങളുടെ സ്ഥാനം.കേരള ഫുട്‌ബോളെന്ന് കേള്‍ക്കുമ്പോള്‍ ഇന്നും അന്നത്തെ ആ സുവര്‍ണതാരങ്ങളാണ് എല്ലാവരുടെയും മനസ്സിലേക്ക് ഓടിയെത്തുക. മലയാളികള്‍ അത്രമേല്‍ അവരെ സ്‌നേഹിച്ചിരുന്നു, ആ സ്‌നേഹം അവര്‍ തിരച്ചറിയുകയും പകരം കളിക്കളത്തില്‍ മിന്നല്‍പ്പിണരുകളാവുകയും ചെയ്തു. ഇക്കാലയളവില്‍ തന്നെയായിരുന്നു സന്തോഷ് ട്രോഫിയിലെ കേരളത്തിന്റെ ഉയിര്‍പ്പും മുന്നേറ്റവും.
1991ല്‍ എഡിസന്റെ ഗോളിനായിരുന്നു കേരള പൊലീസ് ഫെഡറേഷന്‍ കപ്പുയര്‍ത്തിയത്. രണ്ടാം ഗോള്‍ മഹീന്ദ്രയുടെ സംഭാവനയായിരുന്നു. ടൂര്‍ണമെന്റില്‍ പൊലീസിന്റെ സക്കീര്‍ ആറുഗോളുകളോടെ നിറഞ്ഞുനിന്നും. തൊട്ടുമുന്‍പത്തെ വര്‍ഷം തൃശൂരിലും കപ്പ് പൊലീസിന്റെ കസ്റ്റഡിയില്‍ തന്നെയായിരുന്നു. അന്ന് സാല്‍ഗോക്കറിനെയാണ് കേരള പൊലീസ് വലയിലാക്കിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്. ടൈറ്റാനിയവും കെ എസ് ഇ ബിയും കെല്‍ട്രോണുമൊക്കെ ഉണ്ടായിരുന്നെങ്കിലും പൊലീസ് തന്നെയായിരുന്നു കേരളത്തിന്റെ ടീം.
വി പി സത്യന്‍, യു ഷറഫലി, കെ ടി ചാക്കോ, ഐ എം വിജയന്‍, സി വി പാപ്പച്ചന്‍, ഹബീബുര്‍ റഹ്മാന്‍, കുരികേശ് മാത്യു, തോബിയാസ്, സി ജാബിര്‍, പി ടി മെഹബൂബ്, എം റഷീദ്, സെബാസ്റ്റ്യന്‍ നെറ്റോ, അല്ക്‌സ് എബ്രഹാം, എം ബാബുരാജ്, ലിസ്റ്റന്‍, എ സക്കീര്‍, സുധീര്‍ കുമാര്‍, കലാധരന്‍, മൊയ്തീല്‍ ഹുസൈന്‍, സന്തോഷ്, രാജേഷ്, എഡിസന്‍...ഇവരായിരുന്നു ആ സുവര്‍ണതാരങ്ങള്‍. സത്യനും ഷറഫലിയും പാപ്പച്ചനും വിജയനും തോബിയാസും ചാക്കോയും ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ ബാങ്കിലേക്ക് ചേക്കേറുകയും പിന്നീട് ഓര്‍മകളിലേക്ക് മറയുകയും ചെയ്ത സത്യന്‍ ഒഴികെ മിക്കവരും ഇന്നും കേരള പൊലീസിന്റെ ഭാഗമാണ്. പ്രൊഫഷണല്‍ ഫുട്്‌ബോളിലേക്ക് ചേക്കേറിയ വിജയന്‍, ടീം വിട്ടെങ്കിലും ഇപ്പോള്‍ പൊലീസിലേക്ക് മടങ്ങിയെത്താനുളള ഒരുക്കത്തിലാണ്. മറ്റുളളവരെല്ലാം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ടിക്കുന്നു, നിറമുളള പഴയകാല ഓര്‍മകളില്‍.
1991ന് ശേഷം കേരള പൊലീസിന്റെ നേട്ടങ്ങള്‍ ചുരുങ്ങി വന്നു. അതിനേക്കാള്‍ വേഗത്തിലായിരുന്നു കേരള ഫുട്‌ബോളിന്റെ തളര്‍ച്ച. എഫ് സി കൊച്ചിനും എസ് ബി ടിയും വിവ കേരളയുമൊക്കെ തലയുയര്‍ത്താന്‍ നോക്കിയെങ്കിലും കേരള പൊലീസിന്റെ നേട്ടത്തിന് അരികിലെത്താന്‍ പോലുമായില്ല. മലയാളികള്‍ മാത്രം കളിച്ച് രാജ്യത്തെ ഒന്നാം നമ്പര്‍ ടീമായി മാറിയെന്നതാണ് പൊലീസിനെ വ്യത്യസ്തമാക്കിയത്. അതുകൊണ്ടുതന്നെ, പൊലീസ് ടീമിന് ലഭിച്ച സ്വീകാര്യതയോ സ്‌നേഹമോ മറ്റാര്‍ക്കും ലഭിച്ചില്ലെന്നതും സത്യം. കേരള പൊലീസിനെ ഉരുക്കുമുഷ്ടിക്കപ്പുറത്ത് ജനകീയമാക്കിയതും മലയാളികളുടെ ഹൃദയത്തിലേറ്റിയതും ഈ ഫുട്‌ബോള്‍ താരങ്ങളായിരുന്നു.
ഇന്ന് സന്തോഷ് ട്രോഫി സെമിഫൈനലില്‍പ്പോലും എത്താനാവാതെ വെളളം കുടിക്കുകയാണ് കേരള ഫുട്‌ബോള്‍. നല്ല കളിത്തട്ടുകളില്ല. ടീമുകളില്ല. കളിക്കാരുമില്ല. ജീവനില്ലാത്ത അസോസിയേഷനും ഫുട്‌ബോളിനെ ഒരിഞ്ചുപോലും സ്‌നേഹിക്കാത്ത ഫുട്‌ബോള്‍ ഭരണാധികാരികളും മാത്രം ബാക്കിയായി. പിന്നെ കുറെ നല്ല ഓര്‍മകളും....
0 Comments