ഇരുപത് ടീമുകള്‍ മാറ്റുരയ്ക്കുന്നുണ്ടെങ്കിലും ബിഗ് ഫോര്‍ ആണ് എന്നും ഇംഗ്ലീഷ് പ്രിമിയര്‍ ലീഗിനെ ലോകമെമ്പാടുമുളള ഫുട്‌ബോള്‍ പ്രേമികളുടെ ഇഷ്ടപോരാട്ടവേദിയാക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, ആഴ്‌സനല്‍, ലിവര്‍പൂള്‍ എന്നിവരാണ് പ്രിമിയര്‍ ലീഗില്‍ തലയെടുപ്പോടെ നെഞ്ചുവിരിച്ചു നില്‍ക്കുന്ന നാല് ടീമുകള്‍. ഈ നാല് ടീമുകളുടെ ആധിപത്യമാണ് എല്ലാ വര്‍ഷവും ഉണ്ടാവാറുളളത്. ഇവരില്‍ ആര് കപ്പുനേടും എന്നതായിരിക്കും ചോദ്യം. ഈ ചോദ്യത്തില്‍ മാറ്റമുണ്ടാവില്ലെങ്കിലും ബിഗ് ഫോര്‍ ഉടച്ചുവാര്‍ക്കപ്പെടുന്നു എന്നതാണ് ഇത്തവണത്തെ പ്രിമിയര്‍ ലീഗിന്റെ സവിശേഷത.
ആഴ്‌സനലിന്റെയും ലിവര്‍പൂളിന്റെയും ശക്തിക്ഷയമാണ് പ്രിമിയര്‍ ലീഗിലെ പുതിയ കാഴ്ച. മാഞ്ചസ്റ്റര്‍ സിറ്റിയും ടോട്ടന്‍ഹാമുമാണ് ഇവരുടെ സ്ഥാനത്ത് എത്താന്‍ പോകുന്നത്. കഴിഞ്ഞ സീസണില്‍ തന്നെ ഇതിന്റെ സൂചനയുണ്ടായിരുന്നു. ഇത്തവണയാവട്ടെ ഇത് വളരെ പ്രകടവും ഉറപ്പുമായിക്കഴിഞ്ഞു. അത്ഭുതങ്ങള്‍ സംഭവിച്ചാലെ ബിഗ്‌ഫോറില്‍ മാറ്റം വരാതിരിക്കൂ.ഏഴാം റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോഴേക്കും 19 പോയിന്റ് വീതംനേടി മാഞ്ചസ്റ്റര്‍ യുണൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. 16 പോയിന്റുമായി ചെല്‍സിയും തൊട്ടുപിന്നിലുണ്ട്. ലിവര്‍പൂള്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്. ടോട്ടന്‍ഹാം ആറാമതും. ആഴ്‌സനലിന്റെ കാര്യമാണ് ദയനീയം. പതിനഞ്ചാം സ്ഥാനത്താണ് ഗണ്ണേഴ്‌സ്.
കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 80 പോയിന്റ് നേടിയാണ് കിരീടം നേടിയത്. ചെല്‍സി 71 പോയിന്റോടെ രണ്ടും മാഞ്ചസ്റ്റര്‍ സിറ്റി (71) മൂന്നും സ്ഥാനങ്ങളിലെത്തി. ആഴ്‌സനല്‍ (68),ടോട്ടന്‍ഹാം (62),ലിവര്‍പൂള്‍ (58) എന്നിവരാണ് തുടര്‍ന്നുളള സ്ഥാനങ്ങളില്‍ എത്തിയ ടീമുകള്‍. ഈ നിരയെന്തായാലും ഇത്തവണയുണ്ടാവില്ലെന്ന് കഴിഞ്ഞ മത്സരങ്ങള്‍ തെളിയിക്കുന്നു. കഴിഞ്ഞ 19 വര്‍ഷത്തിനിടെ ബിഗ്‌ഫോറിലുള്‍പ്പെടാത്ത ഒരെയൊരു ടീമേ കപ്പുയര്‍ത്തിയിട്ടുളളൂ. ബ്ലാക്ക്‌ബേണ്‍ ആണ് ആ നേട്ടത്തിന് അവകാശികള്‍. ഇത്തവണ ഈ അട്ടിമറി നടന്നാല്‍ അത്ഭുതപ്പെടേണ്ട. മാഞ്ചസ്റ്റര്‍ സിറ്റിയും ടോട്ടന്‍ഹാമും എന്തിനും പോന്ന കളിസംഘങ്ങളായിരിക്കുന്നു ഇപ്പോള്‍.
പ്രിമിയര്‍ ലീഗില്‍ രണ്ടുതവണയുള്‍പ്പടെ 13 തവണ ഇംഗ്ലീഷ് ചാമ്പ്യന്‍മാരായ ടീമാണ് ആഴ്‌സനല്‍. എട്ട് തവണ രണ്ടാം സ്ഥാനക്കാരായി. എന്നാലിന്ന് ആഴ്‌സനലിന്റെ ആയുധപ്പുര ശുഷ്‌കമാണ്. ബിഗ്‌ഫോറിലെ സ്ഥാനംപോലും അവര്‍ക്ക് വിദൂരമാണിപ്പോള്‍. ആഴ്‌സനലിന്റെ മുന്‍പ്രതിരോധതാരം ലീ ഡിക്‌സനും ഇതേഅഭിപ്രായമാണ് പങ്കുവയ്ക്കുന്നത്. ആദ്യ നാല് സ്ഥാനത്തെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട. ടീമിന്റെ ഇപ്പോഴത്തെ കളികണ്ടാല്‍ ആദ്യ എട്ടില്‍ എത്താന്‍ കഴിയുമോ എന്നുപോലും സംശയമാണ്. ആദ്യ ആറില്‍ എത്തിയാല്‍ മഹാഭാഗ്യം. ഇതുവരെ രണ്ട് കളികള്‍ മാത്രമാണ് ആഴ്‌സനലിന് ജയിക്കാനായത്.
മുന്‍നിര താരങ്ങള്‍ ഒന്നടങ്കം ടീംവിട്ടുപോയതും പ്രതിരോധനിര പരുക്കിന്റെ പിടിയിലായതുമാണ് ആഴ്‌സനലിന്റെ കെട്ടുപൊട്ടിച്ചത്. ക്യാപ്റ്റന്‍ സെസ്‌ക് ഫാബ്രിഗാസിന്റേയും സമീര്‍ നസ്രിയുടെയും കൂടുമാറ്റം ഉണ്ടാക്കിയ ക്ഷീണത്തില്‍ നിന്ന് ആഴ്‌സനലിന് ഉടനെയൊന്നും മോചനം നേടാനാവില്ല. ഇവര്‍ക്കൊപ്പം നില്‍ക്കുന്ന പകരക്കാരെ ടീമിലെടുക്കാനാവുന്നില്ല എന്നത് തന്നെയാണ് ഇതിന് കാരണം. പാട്രിക് വിയേര, തിയറി ഒന്റി, ഡെന്നിസ് ബെര്‍ഗ്കാംപ് എന്നിവരടങ്ങിയ താരനിരയുളളപ്പോഴായിരുന്നു ആഴ്‌സനലിന്റെ സമീപകാലമിന്നുംകാലം. ഇവര്‍ ഓരോരുത്തരായി ടീം വിട്ടതോടെ ആഴ്‌സനല്‍ കിതയ്ക്കാന്‍ തുടങ്ങി. യുവതാതരങ്ങളിലായിരുന്നു അപ്പോഴും കോച്ച് ആര്‍സന്‍ വെംഗറുടെ പ്രതീക്ഷ. അത് അസ്ഥാനത്തല്ലായിരുന്നു താനും. എന്നാല്‍ അസമയത്ത് ഇവരെല്ലാം മറ്റ് ക്ലബുകളിലേക്ക് ചേക്കറിയത് വെംഗറുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.
പ്രതിരോധനിരയിലെ തോമസ് വെര്‍മാലെന്‍, യോഹാന്‍ ജൗറൂ, സെബാസ്റ്റിയന്‍ സ്‌കിലാചി, ലോറന്റ് കോസിയെല്‍നി, ബകാരി സാംഗ എന്നിവരെല്ലാം പരിക്കിന്റെ പിടിയിലാണ്. ഇവരുടെ അഭാവത്തില്‍ ആഴ്‌സനല്‍ പ്രതിരോധം ദുര്‍ബലമായി. ഇവര്‍ക്കൊപ്പം മധ്യനിരയിലെ അബൂ ദിയബിയും ജാക് വില്‍ഷേറും പരുക്കേറ്റ് പുറത്തായത് ആഴ്‌സനലിന് ഇരട്ടപ്രഹരമായി. തിയോ വാല്‍ക്കോട്ട്, റോബിന്‍ വാന്‍പേഴ്‌സി, ആരോണ്‍ റാംസേ, ആന്ദ്രേ അര്‍ഷാവിന്‍ തുടങ്ങിയവരുടെ ബൂട്ടുകളില്‍ അമിതപ്രതീക്ഷയര്‍പ്പിച്ചാണ് ആഴ്‌സനലിപ്പോള്‍ പോരിനിറങ്ങുന്നത്. അര്‍ഷാവിനടക്കമുളള താരങ്ങള്‍ പഴയഫോമിന്റെ നിഴലുകള്‍ മാത്രമായതും ആഴ്‌സനലിന്റെ നില ഗുരുതരമാക്കി. ലിവര്‍പൂളിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. സ്റ്റീവന്‍ ജെറാര്‍ഡിനെ മാത്രം ആശ്രയിച്ചാണ് ലിവര്‍പൂളിന്റെ ഗതിവിഗതികള്‍.
0 Comments