ലോക ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെയും കളിവിദഗ്ധരുടെയും കണക്കുപുസ്തകത്തില്‍ ലയണല്‍ മെസ്സിയാണ് ഇപ്പോഴത്തെ സൂപ്പര്‍ താരം. എന്നാല്‍ ഇന്റര്‍നെറ്റില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് മിന്നുംതാരം. നെറ്റില്‍ മെസ്സിക്ക് മൂന്നാം സ്ഥാനം മാത്രമേയുളളൂ. ബ്രസീലിന്റെ റയല്‍ മാഡ്രിഡ് താരം കക്കയാണ് ആരാധകരുടെ രണ്ടാമത്തെ പ്രിയതാരം. ഡേവിഡ് ബെക്കാം, ആന്ദ്രേ ഇനിയസ്റ്റ, വെയ്ന്‍ റൂണി, റൊണാള്‍ഡീഞ്ഞോ, ഫെര്‍ണാണ്ടോ ടോറസ്, സെസ്‌ക് ഫാബ്രിഗാസ്, നെയ്മര്‍ എന്നിവരാണ് നാലു മുതല്‍ പത്ത് വരെ സ്ഥാനങ്ങളിലുളളവര്‍. ഫെയിംകൗണ്ട് എന്ന വെബ്‌സൈറ്റാണ് ഇന്റര്‍നെറ്റില്‍ ഏറ്റവും ആരാധകരുളള ഫുട്‌ബോള്‍ താരങ്ങളുടെ പട്ടിക പുറത്തിറക്കിയത്. ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളെ അധികരിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ക്രിസ്റ്റിയാനോയ്ക്ക് ഫേസ്ബുക്കില്‍ 32 ദശലക്ഷം ആരാധകരും ട്വിറ്ററില്‍ 37 ലക്ഷം ഫോളോവേഴ്‌സും യൂട്യൂബില്‍ 50 ലക്ഷം സ്ഥിരം കാഴ്ചക്കാരുമുണ്ട്. രണ്ടാം സ്ഥാനത്തുളള കക്കയ്ക്ക് ട്വിറ്ററില്‍ 53 ലക്ഷം ഫോളോവേഴ്‌സും ഫേസ്ബുക്കില്‍ 10.7 ദശലക്ഷം ആരാധകരുമാണുളളത്.ട്വിറ്ററില്‍ ഏറ്റവും ഫോളോവേഴ്‌സുളള ഫുട്‌ബോളറും കക്കയാണ്. മെസ്സിക്ക് എല്ലാ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ നിന്നും 23 ദശലക്ഷം ആരാധകരേയുളളൂ. ഏറ്റവും ആരാധകരുളള ടീമെന്ന ബഹുമതി സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡിനാണ്. റയലിന്റെ ചിരവൈരികളായ ബാഴ്‌സലോണയാണ് രണ്ടാം സ്ഥാനത്ത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മൂന്നാം സ്ഥാനം സ്വന്തമാക്കി. ട്വിറ്ററിലും യൂട്യൂബിലുമാണ് റയലിനും ബാഴ്‌സയ്ക്കും കൂടുതല്‍ ആരാധകരുളളത്. ഫേസ്ബുക്കില്‍ മാത്രം മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് മുന്നില്‍. ഫേസ്ബുക്കില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയതും ഇംഗ്ലീഷ് ക്ലബുകളാണ്. ആഴ്‌സനലും ചെല്‍സിയുമാണ് മാന്‍യുവിന് പിന്നിലെത്തിയ ടീമുകള്‍. മാന്‍യുവിന് 18 ദശലക്ഷം ആരാധകരാണുളളത്. ഇതേസമയം ആഴ്‌സനലിന് 7.2 ദശലക്ഷം ആരാധകരും ചെല്‍സിക്ക് 6.8 ദശലക്ഷം ആരാധകരുമാണുളളത്.
0 Comments