വെസ്റ്റ് ഇന്‍ഡീസി നെതിരായ മൂന്നാം ടെസ്റ്റില്‍ സെഞ്ച്വറിയും അഞ്ച് വിക്കറ്റ് നേട്ടവുമായി കളിയിലെ കേമനായ രവിചന്ദ്രന്‍ അശ്വിന് അതൊരു വാക്കുപാലിക്കല്‍ കൂടിയായിരുന്നു. താനൊരു ഓള്‍റൗണ്ടറാണെന്ന് തെളിയിച്ച വാക്കുപാലിക്കല്‍.
2006-07 സീസണിലായിരുന്നു അശ്വിന്‍ രഞ്ജി ട്രോഫിയില്‍ അരങ്ങേറിയത്. ആ വര്‍ഷമാവട്ടെ തമിഴ്‌നാടിന് തൊട്ടതെല്ലാം പിഴച്ച കാലവും. കര്‍ണാടകയ്‌ക്കെതിരെ പത്തുവിക്കറ്റിന് തോറ്റതായിരുന്നു ഏറ്റവും വലിയ നാണക്കേട്. ഈയവസരത്തില്‍ പുതുമുഖമായ അശ്വിന്‍ കോച്ചും ഇന്ത്യയുടെ മുന്‍താരവുമായ ഡബ്ലിയു വി രാമന്റെ അരികിലെത്തി.ഓഫ് സ്പിന്നറായ തനിക്ക് ബാറ്റിംഗിലും ശോഭിക്കാനാവുമെന്ന് അശ്വിന്‍ കോച്ചിനോട് പറഞ്ഞു. പക്ഷേ തോല്‍വിയുടെ ആഘാതത്തില്‍ തലപുകഞ്ഞിരിക്കുന്ന കോച്ചിന് അശ്വിന്റെ വാക്കുകളില്‍ വിശ്വാസമില്ലായിരുന്നു. ഒരു മത്സരത്തില്‍ സെഞ്ച്വറിയും മൂന്ന് വിക്കറ്റ് പ്രകടനവും നടത്തിയാല്‍ അശ്വിനെ ഓള്‍ റൗണ്ടറായി അംഗീകരിക്കാമെന്ന് പറഞ്ഞാണ് രാമന്‍ അശ്വിനെ മടക്കിയത്.
രാമന്റെ അന്നത്തെ ആവശ്യമാണിപ്പോള്‍ അശ്വിന്‍ സാക്ഷാത്കരിച്ചത്. നേരത്തേ ആഭ്യന്തര ക്രിക്കറ്റില്‍ രണ്ട് തവണ സെഞ്ച്വറിയും അഞ്ച് വിക്കറ്റ് നേട്ടവും അശ്വിന്‍ സ്വന്തമാക്കിയിരുന്നു. മൂന്നാമത്തേതാവട്ടെ രാജ്യാന്തര ക്രിക്കറ്റിലും. അതും ഇന്ത്യയെ ഫോളോഓണില്‍ നിന്ന് രക്ഷിക്കുന്ന പ്രകടനത്തോടെ.
അന്ന് അശ്വിന് മുന്നില്‍ വലിയൊരു ദൗത്യം വയ്ക്കാന്‍ തനിക്ക് കാരണങ്ങളുണ്ടായിരുന്നെന്ന് രാമന്‍ പറയുന്നു. ' അശ്വിന്‍ നല്ലൊരു ബൗളിംഗ് ഓള്‍റൗണ്ടറാണെന്ന് എനിക്ക് പണ്ടേ അറിയാമായിരുന്നു. പക്ഷേ, അശ്വിന്‍ തുടക്കകാലത്ത് ബൗളിംഗില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് അന്ന് ഞാനങ്ങനെ പറഞ്ഞത്. അല്ലായിരുന്നെങ്കില്‍ ബാറ്റിംഗിലും ബൗളിംഗിലും ശ്രദ്ധിച്ച് അശ്വിന്റെ കരിയര്‍തന്നെ വഴിതെറ്റിപ്പോയേനെ. ഇന്ത്യയിലെ സാഹചര്യങ്ങള്‍ അങ്ങനെയാണ്. ഒന്നില്‍ കരുത്ത് തെളിയിച്ചിട്ടേ മറ്റൊന്നിലേക്ക് ശ്രദ്ധിക്കാനാവൂ. അശ്വിനിപ്പോള്‍ നടപ്പാക്കുന്നതും അതുതന്നെ'.
ജൂനിയര്‍ ക്രിക്കറ്റിലെ ബാറ്റിംഗ് മികവാണ് രാമനോട് അന്നങ്ങനെ പറയാന്‍ പുതുമുഖമായ അശ്വിന് ധൈര്യം നല്‍കിയത്. അണ്ടര്‍ 17 മത്സരത്തില്‍ തമിഴ്‌നാടിന് വേണ്ടി ഒരു മത്സരത്തില്‍ 212 റണ്‍സും പുറത്താവാതെ 44 റണ്‍സും നേടിയ ചരിത്രമുണ്ട് അശ്വിന്. അന്ന് ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍കൂടിയായിരുന്നു അശ്വിന്‍. പിന്നീടാണ് അശ്വിന്‍ ഓഫ് സ്പിന്‍ ബൗളിംഗില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. അപ്പോഴും ബാറ്റിംഗിനോടുളള ഇഷ്ടം കൈവിട്ടിരുന്നില്ല. അതാണ് വെസ്റ്റ് ഇന്‍ഡീസിനെതിരെയും കണ്ടത്.
അരങ്ങേറ്റ പരമ്പരയില്‍ ഒട്ടേറെ റെക്കോര്‍ഡുകളും അശ്വിന്‍ സ്വന്തമാക്കി. മൂന്ന് ടെസ്റ്റുകളില്‍ നിന്ന് 22 വിക്കറ്റുകളും 121 റണ്‍സുമാണ് അശ്വിന്റെ സമ്പാദ്യം. മൂന്നാമത്തെ ടെസ്റ്റില്‍ തന്നെ സെഞ്ച്വറി നേടാനായി. അതേ ടെസ്റ്റില്‍ തന്നെ അഞ്ച് വിക്കറ്റ് നേട്ടവും കൈവരിച്ചു. ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍താരവുമായി അശ്വിന്‍. 1952ല്‍ വിനൂ മങ്കാദും(ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ 184 റണ്‍സും അഞ്ച് വിക്കറ്റും) 1962ല്‍ പോളി ഉമ്രിഗറുമാണ് ( പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 172 നോട്ടൗട്ടും അഞ്ചുവിക്കറ്റും) അശ്വിന് മുന്‍പ് ഈ നേട്ടം കൈവരിച്ചത്. രണ്ടു ടെസ്റ്റുകളിലും അശ്വിനായിരുന്നു കളിയിലെ കേമന്‍. മാന്‍ ഓഫ് ദ സീരീസും മറ്റാരുമായിരുന്നില്ല. ഇതോടെ ബിസിസിഐയുടെ ദിലീപ് സര്‍ദേശായി പുരസ്‌കാരത്തിനും അശ്വിനെ തിരഞ്ഞെടുത്തു.
21 ഏകദിനങ്ങളില്‍ നിന്ന് അശ്വിന്‍ 358 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ആറ് ട്വന്റി 20യില്‍ നിന്ന് നാല് വിക്കറ്റുകളും.
0 Comments