സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

പ്രായം തളര്‍ത്തിയ പോരാളി

സ്വരം നന്നാവുമ്പോള്‍ പാട്ടുനിറുത്തുക എന്നതാണ് മര്യാദ. എന്നാല്‍ മിക്കവര്‍ക്കും അതിന് കഴിയാറില്ല. കാരണം അനുഭവിച്ചുകൊണ്ടിരിക്കുന്ന പദവിയും പ്രശസ്തിയും സാമ്പത്തിക നേട്ടവും ഒറ്റയടിക്ക് വേണ്ടെന്ന് വയ്ക്കുക പ്രയാസമാണ്. ക്രിക്കറ്റില്‍ റെക്കോര്‍ഡുകളുടെ മറുകരകണ്ട സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന മഹാരഥന്‍ ഇപ്പോള്‍ നേരിടുന്ന പ്രധാന വിമര്‍ശനവും ഇതുതന്നെ. സമീപകാല പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ ടീമില്‍ ഇടംനേടാന്‍ പോലും സച്ചിന്‍ അര്‍ഹനല്ല. പക്ഷേ, സച്ചിന്‍ മുപ്പത്തിയൊന്‍പതാം വയസ്സിലും ടീമില്‍ കടിച്ചുതൂങ്ങി തുടരുകയാണ്. 

തീര്‍ച്ചയായും ലോകക്രിക്കറ്റിന് ഇന്ത്യ നല്‍കിയ ഏറ്റവും വലിയ സംഭാവന സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്നെയാണ്. 23 വര്‍ഷം നീണ്ട കരിയറില്‍ സച്ചിന്റെ പേരിനൊപ്പം ചേര്‍ന്ന റെക്കോര്‍ഡുകള്‍ ഇത് സാക്ഷ്യം വയ്ക്കും. ലോകക്രിക്കറ്റില്‍ തന്നെ സച്ചിന് തുല്യരില്ല. പക്ഷേ, സച്ചിന്റെ സമീപകാല പ്രകടനങ്ങളാണ് കാര്യങ്ങള്‍ തകിടം മറിക്കുന്നത്. തന്റെ സുവര്‍ണനേട്ടങ്ങളുടെ നിറംകെടുത്തുന്ന രീതിയിലാണ് ഇപ്പോള്‍ സച്ചിന്റെ കളി. ക്രിക്കറ്റില്‍ ഫോം നഷ്ടമാവുക പുതിയ സംഭവമല്ല. സച്ചിന്‍ കഴിഞ്ഞ കുറേമത്സരങ്ങളിലായി പരിശോധിച്ചല്‍ മനസ്സിലാവും ഫോം മാത്രമല്ല പ്രശ്‌നമെന്ന്. കണ്ണും കയ്യും തമ്മിലുളള ഐക്യമാണ് ബാറ്റിംഗിന്റെ മര്‍മം. ഇത് സച്ചിന് നഷ്ടമായിരിക്കുന്നു. പന്തിന്റെ ഗതിക്കൊത്ത് ബാറ്റ് വീശാന്‍ സച്ചിന് കഴിയുന്നില്ല. അതുകൊണ്ടുതന്നെയാണ് മിക്ക ഇന്നിംഗ്‌സുകളിലും സച്ചിന്റെ വിക്കറ്റ് തെറിക്കുന്നത്.

സച്ചിന്റെ കളിമികവിനെ പ്രായം തളര്‍ത്തിയിരിക്കുന്നുവെന്ന് രണ്ടുവര്‍ഷത്തെ  കണക്കുകള്‍  വ്യക്തമാക്കുന്നു. സെഞ്ച്വറികളുടെ തമ്പുരാനായ സച്ചിന്‍ രണ്ടുവര്‍ഷത്തിനിടെ മൂന്നക്കത്തിലെത്തിയത് രണ്ടുതവണമാത്രം.  2011 ജനുവരിയില്‍ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ് ടെസ്റ്റില്‍ സച്ചിന്റെ അവസാന സെഞ്ച്വറി. കേപ്ടൗണില്‍ സച്ചിന്‍ നേടിയത് 146 റണ്‍സ്. അതിന് ശേഷം 37 ഇന്നിംഗ്‌സുകളില്‍ നിന്ന് ആകെ നേടിയത് 870 റണ്‍സ്, ആറ് അര്‍ധസെഞ്ച്വറികള്‍ മാത്രമാണ് ഇതിലുളളത്. ഇംഗ്ലണ്ടിനെതിരെ ഇക്കഴിഞ്ഞ രണ്ട് ടെസ്റ്റുകളില്‍ നിന്ന് നേടാനായത്  29 റണ്‍സ്. ഉയര്‍ന്ന സ്‌കോര്‍ 13. 

രണ്ടുവര്‍ഷത്തെ സച്ചിന്റെ ബാറ്റിംഗ് ശരാശരി 35.72 ആണ്. ഇതേസമയം 39.56 ബാറ്റിംഗ് ശരാശരിയില്‍ റണ്‍വേട്ട നടത്തുമ്പോഴാണ് വിവിഎസ് ലക്ഷ്മണ്‍ പാഡഴിച്ചത്. രാഹുല്‍ ദ്രാവിഡാവട്ടെ 42.63 റണ്‍ശരാശരിയില്‍ ബാറ്റുവീശുമ്പോഴാണ് തലയെടുപ്പോടെ വിരമിക്കലിലും മാന്യതകാട്ടിയത്. വിരമിക്കുമ്പോള്‍ തൊട്ടുമുന്‍പുളള മത്സരങ്ങളില്‍ നിന്ന് എട്ട് സെഞ്ച്വറികളാണ് ദ്രാവിഡ് സ്വന്തം പേരിനൊപ്പം ചേര്‍ത്തത്. ദ്രാവിഡും ലക്ഷ്മണും സ്വരം നന്നായിരിക്കെ തന്നെ പാഡഴിച്ച് മാതൃക കാണിച്ചിട്ടും സച്ചിന്‍ അനങ്ങാപ്പാറയായി നിന്നു, വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ ഏറ്റുവാങ്ങാനായി.

കളിക്കളം മാത്രമല്ല സച്ചിനെ നിയന്ത്രിക്കുന്നത്. കളത്തിന് പുറത്തുളള മാര്‍ക്കറ്റ് കൂടിയാണ്. സച്ചിന് വേണ്ടി കോടികളാണ് വിവിധ കമ്പനികള്‍ പരസ്യത്തിനായി മുടക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സച്ചിന്‍ കളിക്കളത്തില്‍ തുടരേണ്ടത് ഈ കമ്പനികളുടെ ആവശ്യമാണ്. സച്ചിന്‍ റണ്‍നേടിയോ ഇല്ലയോ എന്നതല്ല അവര്‍ നോക്കുന്നത്. സച്ചിന്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണോ എന്ന് മാത്രമാണ്. പണം മാത്രം മാനദണ്ഡമാക്കിയ ബിസിസിഐയെ നിയന്ത്രിക്കുക എന്നത് ഈ കമ്പനികളെ സംബന്ധിച്ചിടത്തോളം നിസാര കാര്യം. ഇതുതന്നെയാണ് സച്ചിന്റെ കാര്യത്തില്‍ അക്ഷരാര്‍ഥത്തില്‍ സംഭവിക്കുന്നതും.

മാര്‍ക്കറ്റിന്റെ സമ്മര്‍ദത്തെ അതിജീവിക്കാനായാല്‍ സച്ചിന്‍ ഏതൊരു ക്രിക്കറ്റ് പ്രേമിയുടെയും മനസ്സില്‍ നിത്യനക്ഷത്രമായി ഉദിച്ചുനില്‍ക്കുമെന്നുറപ്പാണ്. കാരണം, സമകാലിക ക്രിക്കറ്റിലെ മറ്റുതാരങ്ങള്‍ക്ക് സ്വപ്നംകാണാന്‍ കാണാന്‍പോലും കഴിയാത്ത നേട്ടങ്ങളാണ് സച്ചിന്റെ സമ്പാദ്യം. 192 ടെസ്റ്റുകളില്‍ നിന്ന് 51 സെഞ്ച്വറികളോടെ 15562 റണ്‍സ്. 463 ഏകദിനങ്ങളില്‍ നിന്ന് 49 സെഞ്ച്വറികളോടെ 18426 റണ്‍സ്. സമാനതകളില്ലാത്ത റണ്‍വേട്ടയ്‌ക്കൊപ്പമുളള റെക്കോര്‍ഡുകള്‍ എണ്ണിയാലൊടുങ്ങാത്തത്രയുണ്ട്. ബാറ്റിംഗിലെ ഒട്ടുമിക്ക റെക്കോര്‍ഡുകളും സച്ചിന്റെ പേരിനൊപ്പമാണ്.

മറാത്തി നോവലിസ്റ്റ് രമേഷ് ടെന്‍ഡുല്‍ക്കറുടെയും രജനിയുടെയും രണ്ടാമത്തെ മകനായി 1973 ഏപ്രില്‍ 24ന് ബോംബെയിലായിരുന്നു ഇതിഹാസതാരത്തിന്റെ ജനനം. ഇഷ്ട സംഗീതസംവിധായകന്‍ സച്ചിന്‍ ദേവ് ബര്‍മന്റെ പേരാണ് രമേഷ് ടെന്‍ഡുല്‍ക്കര്‍ രണ്ടാമത്തെ മകന് നല്‍കിയത്. മൂത്തജ്യേഷ്ഠന്‍ അജിത്താണ് സച്ചിനെ ക്രിക്കറ്റിലേക്ക് വഴിനടത്തിയത്. രണ്ടു സഹോദരങ്ങള്‍ കൂടിയുണ്ട് സച്ചിന്; നിതിനും സവിതയും. 1995ലായിരുന്നു സച്ചിന്റെ വിവാഹം. ഡോക്ടറായ അഞ്ജലി മേത്തയാണ് ഭാര്യ. രണ്ടു മക്കളുണ്ട് സാറയും അര്‍ജുനും.

ഡെന്നിസ് ലില്ലിയുടെ നിര്‍ദേശപ്രകാരം ഫാസ്റ്റ് ബൗളിംഗ് സ്വപ്നം ഉപേക്ഷിച്ച സച്ചിന്‍ എത്തിയത് പ്രശസ്തകോച്ച് രമാകാന്ദ് അച് രേക്കറുടെ അടുത്തായിരുന്നു; പ്രഗല്‍ഭതാരങ്ങള്‍ പിറവിയെടുത്ത ശാരദാശ്രം സ്‌കൂളില്‍. ജ്യേഷ്ഠന്‍ അജിത്ത്തന്നെയാണ് സച്ചിനെ ശാരദാശ്രം സ്‌കൂളില്‍ എത്തിച്ചതും. മടുപ്പില്ലാതെ മണിക്കൂറുകളോളം പരിശീലനം നടത്തുന്ന സച്ചിനിലെ പ്രതിഭയെ അച് രേക്കര്‍ തുടക്കത്തിലേ തിരിച്ചറിഞ്ഞു. നീണ്ട ചിലപരിശീലന വേളകളില്‍ സച്ചിന്‍ ബാറ്റുചെയ്യുമ്പോള്‍ അച്‌രേക്കര്‍ സ്റ്റംപിന് മുകളില്‍ ഒരുരൂപ നാണയം വയ്ക്കുമായിരുന്നു. സച്ചിനെ പുറത്താക്കുന്നവര്‍ക്കുളളതായിരുന്നു ആ നാണയം. പകേഷ മിക്കപ്പോഴും സച്ചിന്‍ അപരാജിതനായി നിന്നു. ഇങ്ങനെ നേടിയ 13 ഒരുരൂപ നാണയങ്ങള്‍ വിലപ്പെട്ട സമ്പാദ്യമായി സച്ചിന്‍ ഇന്നും സൂക്ഷിക്കുന്നു.

1988ലെ ലോര്‍ഡ് ഹാരിസ് ഷീല്‍ഡ് ഇന്റര്‍ സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റാണ് സച്ചിന്റെ കരിയര്‍ മാറ്റിമറിച്ചത്. അതിനുമുന്‍പുതന്നെ സച്ചിന്‍ ബോംബെ ക്രിക്കറ്റ് വൃത്തങ്ങളിലെ ചര്‍ച്ചാവിഷയമായിരുന്നു. ഫൈനലില്‍ അന്‍ജുമാം ഇസഌം സ്‌കൂളിനെതിരെ സച്ചിനും കൂട്ടുകാരന്‍ കാംബഌയും ചേര്‍ന്ന് അടിച്ചെടുത്തത് 664 റണ്‍സായിരുന്നു. സച്ചിന്‍ 326 റണ്‍സുമായും കാംബ്ലി  349 റണ്‍സുമായും അപരാജിതരായി നിന്നു. 2006വരെ ഈ ലോകറെക്കോര്‍ഡിന് ഇളക്കം തട്ടിയില്ല. തൊട്ടുപിന്നാലെ സച്ചിന്‍ ബോംബെ രഞ്ജി ട്രോഫി ടീമിലുമെത്തി.

1988 ഡിസംബര്‍ 11ന് 15 വര്‍ഷവും 232 ദിവസവും പ്രായമുളളപ്പോള്‍ ഗുജറാത്തിനെതിരെ ആയിരുന്നു സച്ചിന്റെ അരങ്ങേറ്റം. ഒന്നാം കഌസ് ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരായി മാറിയ സച്ചിന്‍ ആദ്യമത്സരത്തില്‍ തന്നെ സെഞ്ച്വറിനേടി; 100 നോട്ടൗട്ട്. ധേവ്ധര്‍ ട്രോഫിയിലും ദുലീപ് ട്രോഫിയിലും അരങ്ങേറ്റത്തില്‍ സെഞ്ച്വറി കുറിച്ച സച്ചിന്‍ ഇറാനി ട്രോഫി ഫൈനലിലും സെഞ്ച്വറിനേടി.ഒരൊറ്റ സീസണ്‍കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് കീഴടക്കിയ സച്ചിന്‍ പതിനാറാം വയസ്‌സില്‍ ഇന്ത്യന്‍ ടീമിലുമെത്തി.

Post a Comment

1 Comments

Arjun Bhaskaran said…
സച്ചിന്‍ എന്ന മഹാപ്രതിഭ അര്‍ഹിച്ച ഒരു വിടവാങ്ങല്‍ അദ്ദേഹത്തിനു ലഭിച്ചില്ല എന്നതില്‍ ഏതൊരു ആരാധകനെയും പോലെ മനസ്സില്‍ ഒരു ദുഃഖം..