ഇന്ത്യന്‍ ക്രിക്കറ്റ് വീണ്ടും ഒത്തുകളിയുടെ വിവാദച്ചുഴിയില്‍ വട്ടംകറങ്ങുന്നു. അതിന് കാരണമായതില്‍ പ്രധാനി മലയാളിയായാണെന്നതാണ് ഇത്തവണത്തെ പ്രത്യേകത. മാറ്റാരുമല്ല, ഇന്ത്യന്‍ ക്രിക്കറ്റില്‍ കേരളത്തിന്റെ അടയാളമായ എസ് ശ്രീശാന്ത്. വിവാദങ്ങളുടെ സഹയാത്രികനാണ് ശ്രീശാന്ത്. അതുകൊണ്ടുതന്നെ ശ്രീശാന്തിന്റെ കുടുംബവും അഭിഭാഷകനും, ശ്രീശാന്ത് കുറ്റക്കാരനല്ലെന്ന് ആവര്‍ത്തിക്കുമ്പോഴും പൊതുജനത്തിന് വിശ്വാസം വരുന്നില്ല. മാത്രമല്ല, ഡല്‍ഹി പൊലീസ് അവതരിപ്പിച്ച തെളിവുകളാവട്ടെ, വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നതുമാണ്. ശ്രീശാന്ത് കുറ്റക്കാരനാണെങ്കിലും അല്ലെങ്കിലും ഒരു കാര്യം ഉറപ്പാണ്, ശ്രീശാന്ത് എന്ന ക്രിക്കറ്ററുടെ രാജ്യാന്തര ക്രിക്കറ്റ് ജീവിതം ഏറക്കുറെ അസ്തമിച്ചിരിക്കുന്നു.
എട്ടുവര്‍ഷം മുന്‍പ് ഇന്ത്യന്‍ ടീമില്‍ അംഗമായത് മുതല്‍ ശ്രീശാന്ത് വിവാദങ്ങളുടെ സഹയാത്രികനാണ്. കളിക്കളത്തില്‍ മാത്രമല്ല, കളത്തിന് പുറത്തും ശ്രീശാന്ത് സംസാരത്തിലൂടെയും പെരുമാറ്റത്തിലൂടെയും വിവാദങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു. അഹങ്കാരിയെന്നും ധിക്കാരിയെന്നും നാട്ടുകാരെക്കൊണ്ട് പറയിച്ചുകൊണ്ടിരുന്നു. മാത്രമല്ല, ദേശീയതലത്തില്‍ ശ്രദ്ധേയനായ മറ്റൊരുകളിക്കാരനും ഇത്രമാത്രം കുപ്രസിദ്ധി ഇന്ത്യന്‍ ചരിത്രത്തില്‍ കാണാനുമാവില്ല. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച സീം ബൗളറാണെന്ന സത്യം മറന്നുകൊണ്ടല്ല ഇത് പറയുന്നത്. പക്ഷേ, തന്റെ അനുഗ്രഹീത മികവിനെക്കാള്‍ എന്നും മുന്നിട്ടുനിന്നത് വിവാദങ്ങളായിരുന്നു.#
എതിര്‍ താരങ്ങളോടുള്ള മോശം പെരുമാറ്റം, കളിക്കളത്തിലെ അമിത ആഘോഷ പ്രകടനങ്ങള്‍, സഹതാരങ്ങളുമയുള്ള മോശം പെരുമാറ്റം, കളത്തിന് പുറത്തെ ്പ്രകടനങ്ങള്‍ അങ്ങനെ വിവാദങ്ങള്‍ നിരവധിയാണ്. ഏറ്റവുമൊടുവില്‍ വന്ന ഒത്തുകളി വിവാദം ഇതിനേക്കാളേറെ ആഘാതമുളളതാണ്. ഒരുപക്ഷേ. ജീവിതത്തില്‍ ഒരിക്കലും കരകയറാന്‍ കഴിയാത്ത കുഴിയിലാണ് ശ്രീശാന്ത് വീണിരിക്കുന്നത്. കോടതി നടപടി ക്രമങ്ങളിലൂടെ കുറ്റവിമുക്തനാക്കപ്പെട്ടാലും അപ്പോഴേക്കും ശ്രീശാന്തിന്റെ ക്രിക്കറ്റ് കാലം കഴിയുമെന്നുറപ്പാണ്. മാത്രമല്ല, ഒത്തുകളിക്കാരന്‍ എന്ന് ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലേക്ക് വീണ തീപ്പൊരി അണയുകയുമില്ല.
ശ്രീലങ്കക്കെതിരെ 2005 ഒക്ടോബര്‍ 25ന് നാഗ്പൂരിലായിരുന്നു ശ്രീശാന്തിന്റെ ഏകദിന അരങ്ങേറ്റം.2006 മാര്‍ച്ച് ഒന്നിന് ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിലും അരങ്ങേറ്റം കുറിച്ചു. ഇതും നാഗ്പൂരിലായിരുന്നു. സ്വിംഗിന് അനുകൂലമായ സാഹചര്യത്തില്‍ ഏറ്റവും മാരകമായ ബൗളറായിരുന്നു ശ്രീശാന്ത്. അടുത്തിടെ മുന്‍ ഇന്ത്യന്‍ കോച്ച് ഗ്രെഗ് ചാപ്പല്‍ ഇത് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം, ശ്രീശാന്തിന്റെ പെരുമാറ്റം നിയന്ത്രിക്കുക പ്രയാസമായിരുന്നുവെന്നും ചാപ്പല്‍ ഓര്‍മിക്കുന്നു.
കളിക്കളത്തിലെ മോശം പ്രതികരണത്തിന് പലതവണ ശ്രീശാന്ത് ശാസിക്കപ്പെട്ടു. ഐ സി സിയും ടീം മാനേജ്‌മെന്റും ക്യാപ്റ്റനും മുതിര്‍ന്നതാരങ്ങളുമെല്ലാം ശ്രീശാന്തിനെ ശാസിച്ചിരുന്നു. ക്യാപ്റ്റന്‍ ധോണിക്ക് പലപ്പോഴും ശ്രീശാന്തിനെതിരെ പരസ്യമായി പ്രതികരിക്കേണ്ടിവന്നു. ഇതുകൊണ്ടൊന്നും ശ്രീശാന്ത് പാഠം പഠിച്ചില്ലെന്ന് മാത്രമല്ല, കൂടുതല്‍ കെണികളിലേക്ക് വീഴുകയും ചെയ്തു. കേരള ക്രിക്കറ്റ് അസോസിയേഷനുമായും ശ്രീശാന്തിന് മോശം ബന്ധമാണുളളത്. കെ സി എയെക്കാള്‍ ഉയരത്തിലാണ് താനെന്നായിരുന്നു ശ്രീശാന്തിന്റെ ചിന്ത. ഇത് അംഗീകരിക്കാന്‍ കെ സി എയും ഒരുക്കമായിരുന്നില്ല. അതോടെ, അവിടെയും പ്രശ്‌നങ്ങള്‍ സ്വാഭാവികം മാത്രം. ഇതിന്റെ തുടര്‍ച്ചയായി കേരള ടീമില്‍നിന്ന് പോലും ഒഴിവാക്കപ്പെട്ടു.
ആേ്രന്ദ നെല്‍, കെവിന്‍ പീറ്റേഴ്‌സന്‍, മൈക്കല്‍ വോണ്‍, റിക്കി പോണ്ടിംഗ്, മാത്യൂ ഹെയ്ഡന്‍, ആന്‍ഡ്രു സൈമണ്‍സ് എന്നിവരോടൊക്കെ കളിക്കളത്തില്‍ ശ്രീശാന്ത് കൊമ്പുകോര്‍ത്തു. ഇതില്‍ പലതും അനാവശ്യമായി ശ്രീശാന്ത് വിളിച്ചു വരുത്തുകയായിരുന്നു. ഇതിനെക്കാളേറെ വിവാദങ്ങളുണ്ടാക്കിയതാണ് ആദ്യ ഐ പി എല്ലില്‍ ഹര്‍ഭജന്‍ സിംഗിന്റെ അടി വാങ്ങിയത്. ഭാജിയുടെ അടിയേറ്റ് കരയുന്ന ശ്രീശാന്തിന്റെ മുഖം ക്രിക്കറ്റ് പ്രേമികളാരും മറക്കുമെന്ന് തോന്നുന്നില്ല. ബി സി സി ഐ ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയെങ്കിലും അടുത്തിടെ ശ്രീശാന്ത് വീണ്ടും ഇതേ വിവാദം എടുത്തിട്ടു. ഭാജിയും സംഘവും കരുതിക്കൂട്ടി നടത്തിയ ആക്രമണമാണെന്നായിരുന്നു ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍. ഒത്തുകളിക്ക് പിടിക്കപ്പെട്ടതോടെ ഇതിന് പിന്നില്‍ ധോണിയും ഭാജിയുമാണെന്ന് ശ്രീശാന്തിന്റെ കുടുംബം ആരോപിക്കുകയും ചെയ്തു. ശ്രീശാന്തിന്റെ അഭിപ്രായം കുടുംബാംഗങ്ങളിലൂടെ പുറത്തുവരികയായിരുന്നുവെന്നും വ്യക്തം.
സംസാരിക്കുമ്പോഴൊക്കെ സച്ചിനെയും ദ്രാവിഡിനെയും ഗാംഗുലിയെയുമൊക്കെ വാഴ്ത്തുന്ന ശ്രീശാന്ത് അവരില്‍ നിന്ന് ഒന്നും പഠിച്ചില്ലെന്നത് ദുരന്തമായേ കാണാനാവു. കാരണം സച്ചിനൊപ്പം ഏറെക്കാലം ഒരുമിച്ച് കളിക്കാന്‍ ഭാഗ്യം ലഭിച്ചയാളാണ് ശ്രീശാന്ത്. മാത്രമല്ല, രാഹുല്‍ ദ്രാവിഡിന് കീഴിലാണ് ഇപ്പോള്‍ കളിക്കുന്നത്. അടിമുടി മാന്യനായ മനുഷ്യനാണ് ദ്രാവിഡ്. ആ ദ്രാവിഡിന് പോലും നാണക്കേടുണ്ടാക്കുന്നതായി ശ്രീശാന്തിന്റെ ഒത്തുകളി. വെറും നാല്‍പത് ലക്ഷം രൂപയ്ക്ക് ശ്രീശാന്തിന് നഷ്ടമായത് ജീവിതമാണ്. നാനൂറ് കോടി മുടക്കിയാലും ഇനി വിശ്വാസ്യത വീണ്ടെടുക്കാനാവുമെന്ന് തോന്നുന്നില്ല.
പ്രാഥമിക നടപടിയായി ബി.സി.സി.ഐ ശ്രീശാന്തിനെ സസ്‌പെന്റ് ചെയ്ത് കഴിഞ്ഞു. ശീശാന്തിനൊപ്പം അറസ്റ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സിന്റെ മറ്റ് രണ്ട് താരങ്ങളെയും ബി.സി.സി.ഐ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ബി.സി.സി.ഐ വാര്‍ത്ത കുറിപ്പിലാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഇത് വളരെ ഗൗരവമുള്ള വിഷയമാമെന്നും ആരോപണങ്ങള്‍ ശരിയാമെന്ന് തെളിഞ്ഞാല്‍ കളിക്കാര്‍ക്ക് ആജീവാന്ത വിലക്കേര്‍പ്പെടുത്തുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുളള ടീമിലേക്ക് പരിഗണിക്കവേയാണ് ശ്രീശാന്ത് കെണിയിലായത്. ശക്തമായ തെളിവുകളാണ് ഡല്‍ഹി പൊലീസ് നിരത്തിയിരിക്കുന്നത്. അറസ്റ്റിന് മുന്‍പ് വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നും തെളിവുകള്‍ ശേഖരിച്ചുവെന്നും വ്യക്തം. കാര്യങ്ങള്‍ ഇത്രത്തോളമായതോടെ നിരപരാധിത്വം തെളിയിക്കണമെങ്കിലും ശ്രീശാന്തിന് നിരവധി കടമ്പകള്‍ കടക്കേണ്ടി വരും. ഇതിനിടെ ശ്രീശാന്തിന്റെ ക്രിക്കറ്റ് ജീവിതം അവസാനിക്കുമെന്നുറപ്പാണ്. രണ്ടായിരത്തിന്റെ തുടക്കത്തില്‍ കുറ്റാരോപിതനായ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദിന്‍ കുറ്റവിമുക്തനാക്കപ്പെട്ടത് 2012ല്‍ ആയിരുന്നു. ഈ കാലതാമസം സ്വാഭാവികമായും ശ്രീശാന്തും നേരിടേണ്ടിവരും.
ശ്രീശാന്ത് കുറ്റക്കാരനാണെന്ന് പൂര്‍ണമായും തെളിയിക്കപ്പെട്ടാല്‍ അത് കേരള ക്രിക്കറ്റിനെയും സാരമായി ബാധിക്കും. സഞ്ജു വി സാംസണ്‍ ഉള്‍പ്പടെയുളള യുവതാരങ്ങള്‍ ഐപിഎല്ലില്‍ ശ്രദ്ധേയ പ്രകടനം നടത്തുമ്പോഴാണ് ശ്രീശാന്ത് പിടിക്കപ്പെട്ടിരിക്കുന്നത്. മലായാളികളായ സഞ്ജുവും സച്ചിന്‍ ബേബിയുമെല്ലാം രാജസ്ഥാന്‍ റോയല്‍സിന്റെ താരങ്ങളാണ്.
27 ടെസ്റ്റുകളില്‍ നിന്ന് 87 വിക്കറ്റുകളും 53 ഏകദിനങ്ങളില്‍ നിന്ന് 75 വിക്കറ്റുകളുമാണ് ശ്രീശാന്തിന്റെ സമ്പാദ്യം. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ശ്രീശാന്ത് എന്ന മലയാളി ക്രിക്കറ്ററുടെ കരിയര്‍ ഈ കണക്കുകളില്‍ അവാസാനിക്കുകയാണ്. അതിലേക്കാണ് ഡല്‍ഹി പൊലീസ് വഴിതെളിച്ചിരിക്കുന്നത്. സ്വയം വരുത്തിവച്ച വിനയിലൂടെ ശ്രീശാന്ത് പടുകുഴിയിലേക്ക് വീണത് ബാക്കിയുളളവര്‍ക്ക് ഞെട്ടിക്കുന്ന ഓര്‍മയാകുമെന്നെങ്കിലും പ്രതീക്ഷിക്കാം.
0 Comments