ലോകത്തെ ഏറ്റവും പ്രശസ്തനായ കായികതാരം പടിയിറങ്ങുന്നു- ഡേവിഡ് ബെക്കാം പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിടവാങ്ങുന്നുവെന്ന് പ്രഖ്യാപിച്ചപ്പോള്‍ ഇംഗ്ലണ്ടിന്റെ മുന്‍കോച്ച് സ്വന്‍ ഗോരാന്‍ എറിക്‌സന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. എറിക്‌സന്റെ ഈ പ്രതികരണത്തില്‍ ബെക്കാം എന്തായിരുന്നുവെന്ന് പൂര്‍ണമായും വ്യക്തമാവും. തന്റെ സമകാലിക സൂപ്പര്‍താരങ്ങളുടെ കളിമികവ് ഉണ്ടായിരുന്നില്ലെങ്കിലും ബെക്കാം ആയിരുന്നു താരം. ബെക്കാമിനെ സ്വന്തമാക്കാന്‍ ക്ലബുകള്‍ മത്സരിച്ചു. ബെക്കാമിന്റെ വിപണിമൂല്യം ഫുട്‌ബോള്‍ ചരിത്രത്തിലില്ലാത്ത വിധം അതിരുകള്‍ക്കപ്പുറത്തേക്ക് വ്യാപിച്ചു. ഇരുപത് വര്‍ഷത്തെ കളിജീവിതത്തില്‍ നിന്ന് ബൂട്ടഴിക്കുമ്പോഴും ബെക്കാം താരങ്ങളുടെ താരം തന്നെയാണ്.
ഇംഗ്ലീഷ് ഫുട്‌ബോളിലെയോ ലോക ഫുട്‌ബോളിലേയോ എക്കാലത്തേയും മികച്ച താരങ്ങളുടെ പട്ടികയില്‍ ബെക്കാമിന്റെ പേര് നമുക്ക് കണ്ടെത്താനായേക്കില്ല. പക്ഷേ, ലോകത്തെ ഏറ്റവും പ്രശസ്തനായ, ഫുട്‌ബോളിനെ കാലദേശങ്ങള്‍ക്ക് അപ്പുറത്തേക്ക് പടര്‍ത്തിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമനായിരിക്കും ബെക്കാം. ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച അംബാസഡര്‍ എന്ന പദവിയും ബെക്കാം എന്ന പേരിനപ്പുറത്തേക്ക് പോവുക പ്രയാസമായിരിക്കും. ഇത് തന്നെയാണ് ബെക്കാം എന്ന താരത്തെ ലോകത്തിന്റെ പ്രിയതാരമാക്കുന്നതും.
ബെക്കാം വിരമിച്ചു എന്ന വാര്‍ത്ത വന്നപ്പോള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പിന്നെ മറ്റൊന്നുമുണ്ടായിരുന്നില്ല. ബെക്കാം വീണ്ടും വിരമിച്ചോ?. റയല്‍ മാഡ്രിഡില്‍ നിന്ന് ലോസാഞ്ചലസ് ഗാലക്‌സിയിലേക്ക് പോയത് തന്നെ വിരമിക്കല്‍ ആയിരുന്നില്ലേ തുടങ്ങി അഭിപ്രായ-അഭിനന്ദന പ്രവാഹങ്ങളായിരുന്നു പിന്നീട്. അഭിപ്രായ സ്വാതന്ത്ര്യം തോന്നിയപോലെ വാപിളരുന്നതിനിടെയും ബെക്കാം താരമായിത്തന്നെ തിളങ്ങുന്നു.
ഈ സീസണ്‍ അവസാനത്തോടെയാണ് മത്സരഫുട്‌ബോളില്‍ നിന്ന് ബെക്കാം വിടവാങ്ങുന്നത്. 38കാരനായ ബെക്കാം ഫ്രഞ്ച് ക്ലബായ പാരിസ് സെന്റ് ജെര്‍മെയ്‌ന്റെ കളിക്കാരനാണ്. പി എസ് ജിക്ക് ഈ സീസണില്‍ രണ്ട് മത്സരങ്ങള്‍ കൂടി ശേഷിക്കുന്നുണ്ട്. മേയ് 26ന് ലോറിയന്റിനെതിരെയാണ് ബെക്കാമിന്റെ അവസാന മത്സരം. ഇരുപത് വര്‍ഷം നീണ്ട കരിയറിനിടെ ബെക്കാം ഇംഗ്ലണ്ടിന് വേണ്ടി 115 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് , റയല്‍ മാഡ്രിഡ്, ലോസാഞ്ചലസ് ഗാലക്‌സി, എ സി മിലാന്‍ എന്നീ ക്ലബുകള്‍ക്ക് വേണ്ടി ജഴ്‌സിയണിഞ്ഞ ബെക്കാം ഈ ടീമുകളിലെല്ലാം അതത് രാജ്യത്തെ ലീഗുകളിലെ കിരീടം നേടി. ഈ നേട്ടം കൈവരിച്ച ഏക ഇഅംഗ്ലീഷ് ഫുട്‌ബോളറാണ് ബെക്കാം.
1992ലാണ് ബെക്കാം മാന്‍യുവിന്റെ സീനിയര്‍ ടീമിലെത്തുന്നത്. 2003ല്‍ ടീം വിടുമ്പോള്‍ യുണൈറ്റഡിന് വേണ്ടി ബൂട്ടണിഞ്ഞത് 35694 കളികളില്‍. 85 ഗോളുകളും സ്വന്തം പേരില്‍ കുറിച്ചു. 2007 വരെ റയല്‍ മാഡ്രിഡില്‍. 157 മത്സരങ്ങളില്‍ നിന്ന് 19 ഗോളുകള്‍. ലോസാഞ്ചലസ് ഗാലക്‌സിയില്‍ 118 കളികളും 20 ഗോളുകളും. എ സി മിലാനില്‍ 33 കളികളില്‍ നിന്നായി രണ്ട് ഗോളുകള്‍. ഏറ്റവുമൊടുവില്‍ പി എസ് ജിയില്‍ ബൂട്ടഴിക്കല്‍. പി എസ് ജി ലീഗ് ചാമ്പ്യന്‍മാരാവുന്നതില്‍ പങ്കാളിയായാണ് ബെക്കാം പടിയിറങ്ങുന്നത്. യുണൈറ്റഡിന്റെ ആര് പ്രിമിയര്‍ ലീഗ് വിജയങ്ങളിലും ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടധാരണത്തിലും പങ്കാളിയായി.
ഡെഡ്‌ബോള്‍ സ്‌പെഷ്യലിസ്റ്റായ ബെക്കാം അളന്നുമുറിച്ച ക്രോസുകള്‍ കൊണ്ടും ത്രൂപാസുകള്‍ കൊണ്ടും സ്‌ട്രൈക്കര്‍മാരുടെ ഹൃദയമായി പ്രവര്‍ത്തിച്ചു. മിക്കപ്പോഴും ബെക്കാമിന്റെ ക്രാസുകള്‍ തളികയിലെന്ന പോലെയാണ് ഗോള്‍മുഖത്തേക്ക് എത്തിയിരുന്നത്. ബെക്കാമിന്റെ വലങ്കാലില്‍നിന്ന് പറന്ന പന്തുകളെക്കാള്‍ വളരെ വലുതായിരുന്നു അദ്ദേഹത്തിന്റെ വിപണിമൂല്യം. ഏഷ്യയില്‍ ഇത്രത്തോളം ആരാധകരുളള മറ്റൊരു ഫുട്‌ബോളര്‍ ഉണ്ടായിട്ടില്ല. ഈ ജനപ്രീതി മാത്രമാണ് റയല്‍ മാഡ്രിഡിനെ ബെക്കാമിനെ ടീമിലെത്തിക്കാന്‍ പ്രേരിപ്പിച്ചത്. ബെക്കാമിന്റെ പ്രശസ്തി പണമായിത്തന്നെ റയല്‍ അധികൃതര്‍ തിരിച്ച് പിടിക്കുകയും ചെയ്തു.
ലോകമറിയുന്ന താരമായി തലയെടുപ്പോടെ നടക്കുമ്പോളും വിവാദങ്ങളില്‍ നിന്നെല്ലാം ബെക്കാം മുക്തനായിരുന്നു. സഹതാരങ്ങളില്‍ പലരും കുത്തഴിഞ്ഞ ജീവിതത്തിന് കുപ്രസിദ്ധരായപ്പോള്‍ ബെക്കാമിന്റെ സ്വകാര്യജീവിതം അസൂയാവഹമായിരുന്നു. സ്‌പൈസ് ഗേള്‍സ് ബാന്‍ഡിലെ അഗമായ വിക്ടോറിയ ആഡംസ് 1999ലാണ് ബെക്കാമിന്റെ ജീവിത പങ്കാളിയായത്. പിന്നീട് ഇരുവരും ലോകത്തിലെ ഏറ്റവും പ്രശസ്തരായ ദമ്പതികളായി. കുടുംബജീവിതത്തിലും ബെക്കാം സഹതാരങ്ങള്‍ക്ക് മാതൃകയായി.
ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം ഗാരി ലിനേക്കറും ഇത് ശരിവയ്ക്കുന്നു. എല്ലാകാലത്തേക്കുമുളള റോള്‍ മോഡലാണ് ബെക്കാം. മികച്ച കളിക്കാരന്‍, ആഗോള സൂപ്പര്‍സ്റ്റാര്‍, ഇംഗ്ലീഷ് ഫുട്‌ബോളിനെ ചക്രവാളങ്ങള്‍ക്ക് അപ്പുറത്തേക്ക് എത്തിയ കളിക്കാരന്‍… ലിനേക്കറുടെ വാക്കുകള്‍ അവസാനിക്കുന്നില്ല. ലോകഫുട്‌ബോളില്‍ ഏറ്റവുമധികം സ്വാധീനമുളള വ്യക്തിയെന്നായിരുന്നു ഗാരി നെവിലിന്റെ പ്രതികരണം.
ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമെല്ലാം പ്രതിഫലമായി കോടികള്‍ വാരുമ്പോഴും ഫുട്‌ബോളില്‍ നിന്ന് ഏറ്റവും വരുമാനമുളള താരം ഇപ്പോഴും ബെക്കാം തന്നെയാണ്. ബെക്കാമിന്റെ ജനപ്രീതിയും സ്വീകാര്യതയുമാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. പരസ്യമാര്‍ക്കറ്റില്‍ ബെക്കാം കഴിഞ്ഞിട്ടേ മറ്റൊരു താരമുളളു. മറ്റ്താരങ്ങളുടെ കളിമിടുക്കില്ലാതെ വലങ്കാലിന്റെ കൃത്യത മാത്രം ഉപയോഗിച്ചാണ് ബെക്കാം ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത്. അതുകൊണ്ടുതന്നെ ബെക്കാം എന്ന കളിക്കാരന് പകരക്കാരനില്ല. ബെക്കാമിന് തുല്യം ബെക്കാം മാത്രം.
0 Comments