ലയണല്‍ മെസ്സിയോ നെയ്മറോ മലപ്പുറം ജില്ലയിലൂടെ സഞ്ചരിച്ചാല്‍ അമ്പരന്നുപോകും, തീര്‍ച്ച. തങ്ങളുടെ നാട്ടിലുള്ളതിനേക്കാള്‍ ഫ്‌ളക്‌സുകളും കട്ടൗട്ടുകളും കൊടിതോരണങ്ങളുമാണ് മലപ്പുറത്തെ തെരുവുകളിലെല്ലാം. ഗ്രാമ-നഗര വ്യത്യാസമില്ലാതെ ലോകകപ്പ് ഫുട്‌ബോളിനെ വരവേല്‍ക്കാന്‍ കാല്‍പ്പന്തുകളിയെ നെഞ്ചോടുചേര്‍ത്ത മലപ്പുറത്തുകാര്‍ ഒരുങ്ങിക്കഴിഞ്ഞു. ജൂണ്‍ പന്ത്രണ്ടിനാണ് ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കമാവുക. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ബ്രസീല്‍ ക്രോയേഷ്യയെ നേരിടും.
പതിവുപോലെ ബ്രസീലിന്റെയും അര്‍ജന്റീനയുടെയും ആരാധകരാണ് ആഘോഷത്തിന് ചുക്കാന്‍ പിടിക്കുന്നത്. നിലവിലെ ജേതാക്കളായ സ്‌പെയ്ന്‍, ഇംഗ്ലണ്ട്, ഹോളണ്ട്, ഉറൂഗ്വേ തുടങ്ങിയ ടീമുകള്‍ക്കും ആരാധകരേറെയുണ്ട്. എങ്കിലും അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ആരാധകരാണ് ഫ്‌ളക്‌സുകളും കൊടികളും സ്ഥാപിക്കുന്നതില്‍ മത്സരിക്കുന്നത്. കര്‍ക്കിടകത്തിലെപ്പോലെ വേനല്‍മഴ തിമിര്‍ത്ത് പെയ്യുന്നതൊന്നും ആരാധകരുടെ ആവേശം തണുപ്പിക്കുന്നില്ല.
ലോകകപ്പ് മത്സരങ്ങള്‍ നാട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം കാണാന്‍ ഗള്‍ഫില്‍ നിന്ന് അവധിയെടുത്ത് എത്തുന്നവരും നിരവധിയാണ്. ലോകകപ്പ് ഗാലറികളിലെ അതേ ആവേശമാണ് മലപ്പുറത്തെ ഫുട്‌ബോള്‍ കൂട്ടായ്മകളിലെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. കളി കാണുകയാണെങ്കില്‍ അത് നമ്മുടെ നാട്ടിലിരുന്ന് തന്നെ കാണണം. അതിനായി ലീവ് നേരത്തേ തന്നെ പറഞ്ഞിരുന്നു. ലോകകപ്പിന് മുന്‍പ് നാ്ട്ടിലെത്തും-സൗദിയില്‍ ജോലി ചെയ്യുന്ന മുസ്തഫ പാറയ്ക്കല്‍ പറഞ്ഞു.
ലോകകപ്പ് അടുത്തതോടെ കച്ചവടക്കാര്‍ക്കും കൊയ്ത്തുകാലമാണ്. വിവിധ ടീമുകളുടെ ജഴ്‌സികള്‍ക്കും പതാകകള്‍ക്കും നിരവധി ആവശ്യക്കാരാണ് വരുന്നത്. പലടീമുകളുടെയും ആരാധകര്‍ ഇപ്പോഴേ പതാകകള്‍ ഉയര്‍ത്തിക്കഴിഞ്ഞു. ഇഷ്ട ടീമുകളുടെ ജഴ്‌സിയണിഞ്ഞാണ് മിക്കവരും ചൂടന്‍ ചര്‍ച്ചകള്‍ നടത്തുന്നത്. തമിഴ്‌നാട്ടില്‍ നിന്നാണ് പതാകകളും ജഴ്‌സികളും കൊണ്ടുവരുന്നത്. 25 രൂപ മുതല്‍ 300 രൂപവരെയാണ് പതാകകളുടെ വില. 700 രൂപവരെയുള്ള ജഴ്‌സികളും വിപണയില്‍ സുലഭം.
ഫ്‌ളക്‌സ് ബോര്‍ഡ് നിര്‍മിക്കുന്നവര്‍ക്കും ലോകകപ്പ് ചാകരക്കാലമാണ്. അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ആരാധകര്‍ മത്സരിച്ചാണ് ഫ്‌ളക്‌സുകള്‍ സ്ഥാപിക്കുന്നത്. ഫ്‌ളക്‌സുകളുടെ വലുപ്പം മാത്രമല്ല, എതിരാളികളെ കളിയാക്കിയും സ്വന്തം ടീമിനെ പര്‍വതീകരിച്ചുമുള്ള വാചകങ്ങളും പതിവ് കാഴ്ചയാവുന്നു. ഇഷ്ട ടീമുകള്‍ക്കൊപ്പം സ്വന്തം ചിത്രങ്ങള്‍ ആലേഖനം ചെയ്തും ആരാധകര്‍ ആവേശം കൂട്ടൂന്നു.
ലോകകപ്പിന് കിക്കോഫ് ആവുന്നതോടെ ആവേശം അതിര്‍ത്തികള്‍പ്പുറത്തേക്ക് ഉയരും.പ്രിയ ടീമിന്റെ ജയവും എതിരാളികളുടെ തോല്‍വിയും ആഘോഷമാവും. അത്തരം ആവേശക്കാഴ്ചകളിലേക്ക് ഇനി വിരലിലെണ്ണാവുന്ന നാളുകള്‍ കൂടി. കാത്തിരിക്കാം ബ്രസീലിലേയും മലപ്പുറത്തിന്റേയും കളിയാവേശത്തിനായി.
0 Comments