നെയ്മര്‍, തിയാഗോ സില്‍വ, ഡാനിയേല്‍ ആല്‍വസ്, ഓസ്‌കാര്‍... താരസമ്പന്നമാണ് ലോകകപ്പിനുള്ള ബ്രസീല്‍ ഫുട്‌ബോള്‍ ടീം. കോച്ച് ലൂയി ഫിലിപ്പ് സ്‌കൊളാരി 23 അംഗ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ടീമിനെ തേടി മറ്റൊരു നേട്ടവുമെത്തി. കളിക്കളത്തിലെയല്ല, കണക്കിലെ കളിയിലുള്ള നേട്ടം. മറ്റൊന്നുമല്ല, ലോകത്തിലെ ഏറ്റവും മൂല്യമുള്ള ടീമെന്ന നേട്ടമാണ് ബ്രസീലിന് സ്വന്തമായത്. അരലക്ഷം കോടി യൂറോയാണ് ബ്രസീല്‍ ടീമിന്റെ മൂല്യം.

ബ്രസീലിലെ ധനകാര്യ പ്രസിദ്ധീകരണമാണ് ടീമിന്റെ മൂല്യം കണക്കാക്കിയത്. ഇവരുടെ കണക്കനുസരിച്ച് 514.23 ദശലക്ഷം യൂറോയാണ് ബ്രസീല്‍ ടീമിന്റെ മൂല്യം. ലോകചാമ്പ്യന്‍മാരായ സ്‌പെയ്‌നും ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. സ്‌പെയ്‌ന് 486.9 ദശലക്ഷത്തിന്റെയും അര്‍ജന്റീനയ്ക്ക് 474.1 ദശലക്ഷത്തിന്റെയും മൂല്യമാണ് കണക്കാക്കിയിരിക്കുന്നത്.

വിവിധ ക്ലബുകളില്‍ കളിക്കുന്ന താരങ്ങളുടെ പ്രതിഫലം കണക്കാക്കിയാണ് ടീമുകളുടെ മൂല്യം കണക്കാക്കിയിരിക്കുന്നത്. വ്യക്തിഗത മൂല്യത്തില്‍ ലയണല്‍ മെസ്സിയാണ് ഒന്നാം സ്ഥാനത്ത്. 138.1 ദശലക്ഷം യൂറോയാണ് മെസ്സിയുടെ മൂല്യം. രണ്ടാം സ്ഥാനം പോര്‍ട്ടുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കാണ്, 107.3 ദശലക്ഷം യൂറോ.67.4 ദശലക്ഷം യൂറോയുടെ മൂല്യമുള്ള നെയ്മറാണ് മൂന്നാം സ്ഥാനത്ത്.

സൂപ്പര്‍ താരങ്ങളായ റോബീഞ്ഞോ, കക്ക, റൊണാള്‍ഡീഞ്ഞോ എന്നിവരില്ലാതെയാണ് ബ്രസീല്‍ തരാമൂല്യത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയതെന്ന പ്രത്യേകതയുമുണ്ട്. ലോകകപ്പില്‍ കളിച്ച ആറ് കളിക്കാര്‍ മാത്രമാണ് പുതിയ ബ്രസീല്‍ നിരയിലുള്ളൂ.

2002ല്‍ സ്‌കൊളാരി പരിശീലിപ്പിച്ച ടീം ലോകകപ്പ് നേടുമ്പോള്‍ 26.7 ആയിരുന്നു കളിക്കാരുടെ ശരാശരി പ്രായം. എന്നാല്‍ ഇത്തവണ കളിക്കാരുടെ പ്രായത്തിന്റെ ശരാശരി 28.4 ആയി ഉയര്‍ന്നിട്ടുണ്ട്. 2002ലെ ടീമില്‍ റൊണാള്‍ഡോ, റിവാള്‍ഡോ, റൊണാള്‍ഡീഞ്ഞോ തുടങ്ങിയ അതികായരുണ്ടായിരുന്നു. മാത്രമല്ല, അന്ന് ബ്രസീലില്‍ കളിക്കുന്ന താരങ്ങളായിരുന്നു കൂടുതലും ടീമിലുണ്ടായിരുന്നത്.

 ഇത്തവണ നാല് കളിക്കാര്‍ മാത്രമാണ് പ്രാദേശിക ലീഗില്‍ നിന്നുള്ളവര്‍. ടീമിലെ പത്തൊമ്പതുപേരും യൂറോപ്യന്‍ ക്ലബുകളില്‍ കളിക്കുന്നവരാണ്. ഫ്രെഡ്, ജോ, ജെഫേഴ്‌സന്‍, വിക്ടര്‍ എന്നിവരാണ് ബ്രസീലിയന്‍ ക്ലബുകളില്‍ കളിക്കുന്നവര്‍.

 ജൂണ്‍ 12 മുതല്‍ ജൂലൈ 13 വരെയാണ് ലോകകപ്പ്. ബ്രസീലിലാണ് ഇത്തവണത്തെ ലോകകപ്പ് നടക്കുന്നത്.