തിരുവനന്തപുരം: ചൂടും ചൂരുമുള്ള കളിക്കാരും കളികളും. ആളും ആരവവുമുള്ള ഗാലറികള്‍. എണ്‍പതുകളിലെ ജി വി രാജ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനെക്കുറിച്ചുള്ള അനന്തപുരിയിലെ പഴമക്കാരുടെ ഓര്‍മയാണിത്. നിറഞ്ഞുതുളുമ്പിയ ഗാലറിക്ക് മുന്നിലായിരുന്നു ഓരോ കളികളും അരങ്ങേറിയിരുന്നത്. കാലങ്ങള്‍ക്കിപ്പുറം
കായിക കേരളത്തിന്റെ പിതാവിന്റെ പേരിലുള്ള ടൂര്‍ണമെന്റ് തൊഴുത്തില്‍ക്കെട്ടിയ ആനയെപ്പോലെ ആയിരിക്കുന്നു. ചൂടും ചൂരുമുള്ള കളിക്കാരും കളികളുമില്ല. അതുകൊണ്ടുതന്നെ ഗാലറികളില്‍ ആളും ആരവവുമില്ല.

കേരളമെന്ന ഇട്ടാവട്ടത്തെ ലോകകായിക ഭൂപടത്തില്‍ പ്രതിഷ്ഠിച്ച ജി വി രാജയോടുള്ള ആദരവായാണ് തലസ്ഥാന നഗരിയില്‍ അദ്ദേഹത്തിന്റെ പേരില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായത്. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനായിരുന്നു സംഘാടകര്‍. മുംബൈ ടാറ്റാസ്, ബി എസ് എഫ് ജലന്ധര്‍, പഞ്ചാബ് പൊലീസ്, ഇ എം ഇ സെക്കഡന്‍ഡറാബാദ്, എം ഇ ജി ബാംഗ്ലൂര്‍, ജെര്‍ണെയ്ല്‍ സിംഗ് നയിച്ച ലീഡേഴ്‌സ് പഞ്ചാബ്, സേസ ഗോവ, വാസ്‌കോ ഗോവ, കേരള ടീമുകളായ പ്രിമിയര്‍ ടയേഴ്‌സ്, കെല്‍ട്രോണ്‍, ടൈറ്റാനിയം, അലിന്‍ഡ് തുടങ്ങിയവരാണ് ജി വി രാജ ട്രോഫിക്കായി പോരടിച്ചത്. രാജ്യത്തെ മുന്‍നിര താരങ്ങളുടെ കളികാണാന്‍ തലസ്ഥാന നഗരിലെ ഫുട്‌ബോള്‍ പ്രേമികളെല്ലാം ഗാലറികളിലേക്ക് ഒഴുകിയെത്തി.

കുട്ടിക്കാലത്ത് അച്ഛനോടൊപ്പമാണ് ജി വി രാജ ടൂര്‍ണമെന്റ് കാണാനെത്തിയിരുന്നത്. ആഘോഷമായിരുന്നു ആ ദിവസങ്ങളില്‍. മത്സരത്തിന് പോകാത്ത ദിവസങ്ങളില്‍ കളിവിവരണം തത്സമയം കേള്‍ക്കാന്‍ കാതുകള്‍ റേഡിയോയോട് ചേര്‍ത്തുവച്ചു. ആവേശം തുളുമ്പുന്ന  ജനസാഗരമായിരുന്നു ഗാലറികളില്‍. ഗോള്‍പോസ്റ്റിന് പുറകിലെ ആവേശക്കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. സേസ ഗോവ - മുംബൈ ടാറ്റാസ് ഫൈനല്‍ 1-1ന് സമനിലിയില്‍ അവസാനിച്ചപ്പോള്‍ മത്സരം വീണ്ടും നടത്തി. അപ്പോഴും സമനിയിലാണ് ഇരുടീമുകളും പിരിഞ്ഞത്. മത്സരത്തിലെ ഓരോ ഷോട്ടുകള്‍ക്കും നല്ല മുന്നേറ്റങ്ങള്‍ക്കും ഗാലറികള്‍ ആര്‍ത്തിരമ്പിയത് ഇപ്പോഴും എന്റെ കാതുകളിലുണ്ട്- അന്നത്തെ നിറഞ്ഞുകവിഞ്ഞ ഗാലറിയുടെ അസ്ഥികൂടംപോലുമില്ലാത്ത ഇന്നത്തെ മത്സരം കാണവേ പ്രമുഖ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് പ്രവീണ്‍ ചന്ദ്രന്‍ ഓര്‍ക്കുന്നു.

1984ലാണ് ജി വി രാജ ഫുട്‌ബോളില്‍ കണ്ണീര്‍ വീണത്. അന്ന് ഫൈനലില്‍ തിരുവനന്തപുരത്തിന്റെ സ്വന്തം ടൈറ്റാനിയും കരുത്തരായ മുംബൈ ടാറ്റാസിനെ നേരിടാന്‍ തയ്യാറെടുക്കുന്നു. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം അന്നുവരെ കാണാത്ത ജനക്കൂട്ടമാണ് ഫൈനല്‍ കാണാനെത്തിയത്. പക്ഷേ മത്സരം തുടങ്ങുന്നതിന് മുന്‍പ് താല്‍ക്കാലികമായി നിര്‍മിച്ച പടിഞ്ഞാറുവശത്തെ ഗാലറി തകര്‍ന്നുവീണു. രണ്ടുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഫൈനല്‍ നടന്നില്ല.

''റെക്കോര്‍ഡ് കളക്ഷനായിരുന്നു ഫൈനലിന്. ഗാലികളില്‍ ഒരിഞ്ചു സ്ഥലംപോലും ബാക്കിയില്ല. തിരുവനന്തപുരം അത്രവലിയ ജനക്കൂട്ടത്തെ ഫുട്‌ബോളിനായി അതിന് മുന്‍പ് കണ്ടിട്ടില്ല. മത്സേരത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ മഴപെയ്തതിനാല്‍ മുള ഉപയോഗിച്ചുള്ള ഗാലറികളിലെ ചില കെട്ടുകളെല്ലാം അയഞ്ഞുപോയിരുന്നു. അത് ശ്രദ്ധിച്ചിരുന്നില്ല. കളി തുടങ്ങുന്നതിന് മുന്‍പേ കാണികള്‍ ചാട്ടവും ആഹ്ലാദ പ്രകടനങ്ങളുമെല്ലാം തുടങ്ങി. അതോടെ ഗാലറി തര്‍ന്നുവീണു'- 1984ലെ ദുരന്തത്തെക്കുറിച്ച് അന്നത്തെ സംഘാടകരില്‍ പ്രമുഖനായ കെ ബോധാനന്ദന്‍ പറഞ്ഞു. രണ്ടുപേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അപകടം നടന്നതോടെ ടൂര്‍ണമെന്റിനും ലോംഗ് വിസില്‍ മുഴങ്ങി.

കലണ്ടറില്‍ നിന്ന് വര്‍ഷങ്ങള്‍ ഏറെമറിഞ്ഞുപോയി. കാല്‍ നൂറ്റാണ്ടിന് ശേഷം ജി വി രാജ ടൂര്‍ണമെന്റ് പുനരുജ്ജീവിപ്പിച്ചു, 2010ല്‍. ഊര്‍ധ്വന്‍ വലിക്കുന്ന കേരള ഫുട്‌ബോളിന് ഏറെ പ്രതീക്ഷ നല്‍കുന്ന തീരുമാനമായിരുന്നു അത്. പക്ഷേ, ടൂര്‍ണമെന്റ് 2014ല്‍ എത്തിനില്‍ക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ അവതാളത്തിലാണ്. നിലവാരമില്ലാത്ത കളികള്‍. ആളൊഴിഞ്ഞ ഗാലറികള്‍. മത്സരം തുടങ്ങുന്നത് നട്ടുച്ചയ്ക്ക്. ഇപ്പോഴത്തെ പൊരിവെയിലില്‍ പത്തുമിനിറ്റ് ഗ്രൗണ്ടില്‍ നിന്നാല്‍പ്പോലും കത്തിച്ചാമ്പലാവും. അപ്പോള്‍ 90 മിനിറ്റ് കളിക്കുന്ന താരങ്ങളുടെ അവസ്ഥ അതിനേക്കാള്‍ ഭയാനകവും. പ്രവേശനം സൗജന്യമാക്കിയിട്ടും കാല്‍പ്പന്തുകളിയെ സ്‌നേഹിക്കുന്ന അനന്തപുരിക്കാര്‍ ഗാലറികളിലേക്ക് എത്താത്തിന് പ്രധാന കാരണവും ഇതുതന്നെ. ഇതേസമയം, സീസണ്‍ അവസാനിക്കുന്നു, മത്സരം സംഘടിപ്പിക്കുന്നതിലെ ഭാരിച്ച ചെലവ്, മഴക്കാലത്തിന് മുന്‍പ് ടൂര്‍ണമെന്റ് നടത്തിത്തീര്‍ക്കണം തുടങ്ങിയ കാരണങ്ങളാണ് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പറയുന്നത്.

ജി വി രാജ ടൂര്‍ണമെന്റിന്റെ പഴയകാല ഓര്‍മകള്‍ താലോലിക്കുന്നവര്‍ക്ക് ഹൃദയഭേദകമാണ് ഇപ്പോഴത്തെ കാഴ്ചകള്‍. അവര്‍ സങ്കടത്തോടെ ചോദിക്കുന്നു, തിരികെ വരുമോ ആ നല്ലകാലം.