ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും ഡേവിഡ് മില്‍നറുടെയും വെടിക്കെട്ട് ബാറ്റിംഗ്. പഞ്ചാബ് കിംഗ്‌സ് ഇലവന്റെ തുടര്‍ച്ചയായ വിജയങ്ങള്‍. മനന്‍ വോറ, അക്ഷര്‍ പട്ടേല്‍, സന്ദീപ് ശര്‍മ തുടങ്ങിയ യുവതാരങ്ങള്‍.  ഗാലറിയില്‍ ആഹ്ലാദനൃത്തം ചവിട്ടുന്ന പ്രീതി സിന്റ. ഇന്ത്യന്‍ പ്രിമിയര്‍ ലീഗിന്റെ ഏഴാം സീസണില്‍ നിറഞ്ഞുനില്‍ക്കുന്ന കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ കാഴ്ചകളും വിശേഷങ്ങളും അവസാനിക്കുന്നില്ല. സ്‌ഫോടനാത്മക വിജയങ്ങളോടെ കിംഗ്‌സ് ഇലവന്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ അധികമാരും ശ്രദ്ധിക്കപ്പെടാത്തൊരാളാണ് ഇതിനെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. സഞ്ജയ് ബാംഗര്‍ എന്ന പരിശീലകന്‍.  ഐപിഎല്ലിലെ ഏക ഇന്ത്യന്‍ പരിശീലകന്‍കൂടിയാണ് ബാംഗര്‍.

ഐപിഎല്ലിലെ ആറ് സീസണുകളിലും നിരാശ മാത്രമായിരുന്നു കിംഗ്‌സ് ഇലവന്റെ സമ്പാദ്യം. പേരുകേട്ട പരിശീലകരും കളിക്കാരും ഉണ്ടായിട്ടും പ്രീതി സിന്റയ്ക്ക് ഇന്നത്തെപ്പോലെ തുള്ളിച്ചാടാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തരമൊരു ശൂന്യതയില്‍ നിന്ന് കിംഗ്‌സ് ഇലവനെ തുടര്‍വിജയങ്ങളിലേക്ക് വഴിനടത്തിയത് അത്രയൊന്നും തലയെടുപ്പില്ലാത്ത ബാംഗറുടെ കുശാഗ്ര ബുദ്ധിയാണ്. ടീമിലേക്കുള്ള താരലേലത്തില്‍ തുടങ്ങുന്നു ബാംഗറുടെ കണിശത.
ചെന്നൈ സുപ്പര്‍ കിംഗ്‌സിനെപ്പോലെയെ മുംബൈ ഇന്ത്യന്‍സിനെപ്പോലെയോ ആസ്ഥിയുള്ള ടീമല്ല കിംഗ്‌സ് ഇലവന്‍. ഐ പി എല്ലിലെ ഏറ്റവും കുറച്ച് കാശുള്ള ടീമുടമ പ്രീതി സിന്റയാണ്. ഈ സാഹചര്യത്തിലാണ് ബാംഗര്‍ ഏഴാം സീസണിലേക്കുള്ള താരങ്ങളെ കിംഗ്‌സ് ഇലവന്‍ താരങ്ങളെ തെരഞ്ഞെടുക്കുന്നത്.

മുന്‍സീസണുകളില്‍ കാര്യമായ പ്രകടനങ്ങളൊന്നും കാഴ്ചവയ്ക്കാത്ത താരങ്ങളായിരുന്നു മാക്‌സ് വെല്ലും മില്ലറും ജോര്‍ജ് ബെയ്‌ലിയും മിച്ചണ്‍ ജോണ്‍സനുമെല്ലാം. രാജ്യാന്തര തലത്തില്‍ വെടിക്കെട്ടുകാരനാണെങ്കിലും വിരേന്ദര്‍ സെവാഗിനും ഐപിഎല്ലില്‍ നല്ല റെക്കോര്‍ഡല്ല. സന്ദീപ് ശര്‍മ, അക്ഷര്‍, വോറ തുടങ്ങിയ യുവതാരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍പ്പോലും അത്രപേരുകേട്ടവരായിരുന്നില്ല. എന്നിട്ടും ബാംഗര്‍ ഇവരില്‍ പ്രതീക്ഷയര്‍പ്പിച്ചു. സന്തുലിതമായ ടീമിനെ തെരഞ്ഞെടുത്തു. ഇതിനുള്ള ഫലമാണിപ്പോള്‍ പ്രീതി സിന്റ അനുഭവിക്കുന്നതും.
ഏഴാം സീസണ്‍ തുടങ്ങും മുന്‍പ് കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് വിദഗ്ധരും ആരാധകരും വലിയ സാധ്യതയൊന്നും കല്‍പിച്ചിരുന്നില്ല. നല്ല പരിശീലകനില്ലെന്ന ആരോപണവും ചിലര്‍ ഉന്നയിച്ചു. എന്നാല്‍ ടീം മാനേജ്‌മെന്റ് തന്നില്‍ അര്‍പ്പിച്ച വിശ്വാസം ശരിയായിരുന്നുവെന്ന് തെളിയിക്കുകയായിരുന്നും ബാംഗര്‍. കോച്ചിന്റെ തലയെടുപ്പിനേക്കാള്‍ പ്രാധാന്യം പെരുമാറ്റത്തിനും തന്ത്രങ്ങള്‍ക്കുമാണെന്ന് ബാംഗര്‍ തെളിയിച്ചു. വളരെ ലളിതമാണ് ബാംഗറുടെ വിജയരഹസ്യം.  തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനേക്കാള്‍ ടീമംഗങ്ങളില്‍ ഒരാളായാണ് ബാംഗര്‍ പെരുമാറുന്നത്. മുതിര്‍ന്ന താരങ്ങള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കുന്നു. അവരുടെ നിര്‍ദേശങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നു. തങ്ങള്‍ക്കും തീരുമാനങ്ങളിലും ടീമിന്റെ പദ്ധതികളിലും പങ്കുണ്ടെന്ന് ബോധ്യപ്പെടുത്തി. വളരെ സൗമ്യമായി ടീമിനെ ഒറ്റക്കെട്ടാക്കി. ഒറ്റലക്ഷ്യത്തോടെ എല്ലാവരും കളത്തിലിറങ്ങിയതോടെ ജയം കിംഗ്‌സ് ഇലവനൊപ്പമായി.

അവിചാരിതമയാണ് ബാംഗര്‍ കിംഗ്‌സ് ഇലവന്റെ പരിശീലകനാവുന്നത്. ആഡം ഗില്‍ക്രിസ്റ്റായിരുന്നു ടീമിന്റെ നായകനും കോച്ചും. ഗില്‍ക്രിസ്റ്റ് രണ്ട് സ്ഥാനങ്ങളിലും തുടരാന്‍ താല്‍പര്യപ്പെട്ടില്ല. ബാറ്റിംഗ് കോച്ചായ ഡാരെന്‍ ലെഹ്മാനും മറ്റ് ഉത്തരവാദിത്തങ്ങള്‍ ഉള്ളതിനാല്‍ ടീം വിട്ടു. അതോടെ കോച്ചിന്റെ തൊപ്പി ബാംഗറുടെ തലയിലാവുകയായിരുന്നു.
ടീമിലെ മുതിര്‍ന്ന താരങ്ങളായ വിരേന്ദര്‍ സെവാഗ്, മിച്ചല്‍ ജോണ്‍സന്‍, ലക്ഷ്മിപതി ബാലാജി എന്നിവരെ  യുവതാരങ്ങള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും ബാംഗര്‍ പ്രയോജനപ്പെടുത്തുന്നു. ഇവര്‍ പകര്‍ന്നുനല്‍കിയ ഊര്‍ജമാണ് സന്ദീപ്, റിഷി ധവാന്‍, അക്ഷര്‍, വോറ തുടങ്ങിയവരുടെ മികച്ച പ്രകടനത്തിന് പിന്നില്‍. ഓരോ കളിക്കാരന്റെയും ആത്മവിശ്വാസം വര്‍ധിപ്പിക്കുക എന്നതാണ് ബാംഗറുടെ രീതി. കളിക്കാരുടെ നേട്ടങ്ങള്‍ പൂര്‍ണമായും അവര്‍ക്ക് വിട്ടുനല്‍കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു.

ക്രിക്കറ്റ് ആഴത്തില്‍ മനസ്സിലാക്കിയ പരിശീലകന്‍ എന്നാണ് ടീമംഗങ്ങള്‍ ബാംഗറെ വിശേഷിപ്പിക്കുന്നത്. 11 കളികളില്‍ നിന്ന് 531 റണ്‍സുമായി തകര്‍ത്തടിച്ച് മുന്നേറുന്ന മാക്‌സ് വെല്ലിനെ തലക്കനത്തിലേക്ക് വീഴാതെയും ലക്ഷ്യത്തില്‍ നിന്ന് അകറ്റാതെയും കൊണ്ടുപോകുന്നത് ബാംഗറുടെ കോച്ചിംഗ് മികവിന് ഏറ്റവും വലിയ ഉദാഹരണമാണ്. ഒന്നോരണ്ടോ ഇന്നിംഗ്‌സുകളുടെ പിന്‍ബലത്തില്‍ നക്ഷത്രതിളക്കത്തിലെത്തിയവര്‍ അതിനേക്കാള്‍ വേഗത്തില്‍ ഇല്ലാതായത് നമുക്കറിയാം. ഈ അവസ്ഥയിലേക്ക് വീഴാതെയാണ് ഓരോ താരത്തേയും ബാംഗര്‍ കാത്തുസൂക്ഷിക്കുന്നത്.

യുവതാരങ്ങളായ സന്ദീപ്, അക്ഷര്‍ തുടങ്ങിയവരെയും ടീമുകള്‍ എഴുതിത്തള്ളിയ സെവാഗ്, ബാലാജി തുടങ്ങിയവരിലും ബാംഗര്‍ അര്‍പ്പിച്ച വിശ്വാസം വെറുതെയായില്ല. വിക്കറ്റ് കീപ്പറായി വൃദ്ധിമാന്‍ സാഹയെ തെരഞ്ഞടുത്ത തീരുമാനവും നീതീകരിക്കപ്പെട്ടു. ഐ പി എല്ലില്‍ കൊച്ചി ടസ്‌കേഴ്‌സിന്റെ സഹപരിശീലകനായിരുന്ന ബാംഗര്‍ 12 ടെസ്റ്റുകളിലും 15 ഏകദിനങ്ങളിലും ഇന്ത്യന്‍ തൊപ്പിയണിഞ്ഞു. ടെസ്റ്റില്‍ 470 റണ്‍സും ഏഴ് വിക്കറ്റുകളും ഏകദിനത്തില്‍ 180 റണ്‍സും ഏഴ് വിക്കറ്റുകളും നേടിയിട്ടുണ്ട്. 41കാരനായ ബാംഗര്‍ മഹാരാഷ്ട്രക്കാരനാണെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ റെയില്‍വേയ്ക്ക് വേണ്ടിയാണ് കളിച്ചത്. 2004-05 സീസണില്‍ രഞ്ജി ട്രോഫിയില്‍ റെയില്‍വേസിനെ ജേതാക്കളാക്കാനും ബാംഗറിന് കഴിഞ്ഞു.