സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

കേരളത്തിന്റെ സ്വന്തം ഇന്ത്യന്‍ ടീം



ഓണ സമ്മാനമായി കായിക കേരളത്തിന് മറ്റൊരു അംഗീകാരംകൂടി. ഇന്ത്യന്‍ വോളിബോള്‍ ഫെഡറേഷനാണ് മലയാളികള്‍ക്ക് ഓണസമ്മാനം നല്‍കിയിരിക്കുന്നത്. ഏഷ്യന്‍ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി പൊരുതാന്‍ വോളിബോള്‍ ഫെഡറേഷന്‍ `കേരളത്തെയാണ്' ചുമതലപ്പെടുത്തിയിരിക്കുന്നത്. പന്ത്രണ്ടംഗ ഇന്ത്യന്‍ ടീമിലെ പത്ത് താരങ്ങളും മലയാളികളാണ്. ടീം മാനേജര്‍ ജെയ്‌സമ്മ മൂത്തേടനും അസിസ്റ്റന്റ് കോച്ച് ടി ബാലചന്ദ്രന്‍ കൂടി ചേരുമ്പോള്‍ ഇന്ത്യന്‍ ടീം അക്ഷരാര്‍ഥത്തില്‍ കേരള ടീമാകും.

കേരള താരങ്ങള്‍ക്കും സംസ്ഥാന വോളിബോള്‍ ഫെഡറേഷനുമുളള അംഗീകാരവും പ്രോത്‌സാഹനവുമാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ടീമെന്ന് ടീം മാനേജറും മുന്‍ ഇന്ത്യന്‍ താരവുമായ ജെയ്‌സമ്മ മൂത്തേടന്‍ പരിശീലന ചെന്നൈയിലെ പരിശീലന ക്യട്ടമ്പില്‍ നിന്ന് വൈഗന്യൂസിനോട് പറഞ്ഞു. അശ്വിനി എസ് കുമാര്‍, ടിജി രാജു, പി ജെ ജോമോള്‍ (കെ എസ് ഇ ബി), കെ ജെ ഷിബി, പ്രിന്‍സി ജോസഫ്, കെ രേഷ്മ(പശ്ചിമ റെയില്‍വേ), ടെറിന്‍ ആന്റണി(സെന്‍ട്രല്‍ റെയില്‍വേ), പി വി ജിഷ( അസംപ്ഷന്‍ കോളേജ്), മിനിമോള്‍ എബ്രഹാം,കെ ടി ബെറ്റ്‌സി( ദക്ഷിണ റെയില്‍വേ) എന്നിവരാണ് കേരളത്തിന്റെ കായിക പാരമ്പര്യവും അഭിമാനവുമയര്‍ത്തി ഇന്ത്യന്‍ ടീമിലിടം പിടിച്ചത്. ക്യാപ്റ്റന്‍ പ്രിയങ്ക ബോറയും(പൂനെ) ജിലി ലതയുമാണ്(ഒറീസ) ടീമിലെ മറ്റുതാരങ്ങള്‍. മഹാരാഷ്ട്രക്കാരനായ ഡി ആര്‍ യാദവാണ് മുഖ്യപരിശീലകന്‍.


അശ്വിനിയും ഷിബിയുമായിരക്കും ആക്രമണത്തിന് ചുക്കാന്‍ പിടിക്കുക. മിനിമോള്‍ യൂണിവേഴ്‌സല്‍ റോളിലെത്തുമ്പോള്‍ ടിജി രാജുവും ക്യാപ്റ്റന്‍ പ്രിയങ്കയും പ്രതിരോധക്കോട്ടകെട്ടും. പ്രിന്‍സിയാണ് സെറ്റര്‍. ജിഷയും ടെറിന്‍ ആന്റണിയുമാണ് ലിബറോമാര്‍. അശ്വിനി, പ്രിയങ്ക, ജിലി, ഷിബി എന്നിവരൊഴികെയുളളവര്‍ എല്ലാം സീനിയര്‍ ടീമില്‍ പുതമുഖങ്ങളാണെന്ന സവിശേഷതയുമുണ്ട്. ജൂനിയര്‍ ടീമിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് താരങ്ങള്‍ സീനിയര്‍ ടീമിലെത്തിയത്. ചെന്നൈയിലെ വേലമ്മാള്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടന്ന പരിശീലന ക്യാമ്പിലുണ്ടായിരുന്ന പത്തൊന്‍പത് താരങ്ങളില്‍ പതിമ്മൂന്ന് പേരും മലയാളികളായിരുന്നു. കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളേജിലെ സി സൗമ്യ, അനില, ദീപ്തി എന്നിവര്‍ക്കാണ് അവസാന നിമിഷം ടീമില്‍ നിന്നൊഴിവാക്കപ്പെട്ട മലയാളികള്‍.

വിയറ്റ്‌നാമിലെ ഹാനോയില്‍ സെപ്റ്റംബര്‍ അഞ്ചിനാണ് ഏഷ്യന്‍ വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമാവുക. ടൂര്‍ണമെന്റ് പതിമൂന്ന് വരെ നീണ്ടുനില്‍ക്കും. ഗ്രൂപ്പ് ഡിയില്‍ ശക്തരായ ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, തായ്‌ലന്‍ഡ് എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യയുടെ പോരാട്ടം.`` തായ്‌ലന്‍ഡും കൊറിയയും ഇന്ത്യക്ക് അതിശക്തമായ വെല്ലുവിളി ഉയര്‍ത്തും. നല്ലകളിക്കാരുണ്ടെങ്കിലും പരിശീലന മത്‌സരങ്ങളുടെ കുറവ് ഇന്ത്യക്ക് തിരിച്ചടിയാവും. രണ്ടുമാസം നീണ്ട പരിശീലന ക്യാമ്പ് നടന്നെങ്കിലും ഒറ്റ സന്നാഹ മത്‌സരം പോലും കളിക്കാന്‍ നമുക്ക് കഴിഞ്ഞില്ല. വിദേശ പരിശീലകന്റെ സഹായവും ലഭിച്ചില്ല. പരസ്പരം കളിച്ചുള്ള പരിചയമേനമുക്കുള്ളൂ. രാജ്യാന്തര മത്‌സര പരിചയമാണ് ഇന്ത്യയുടെ പോരായ്മ'' ജെയ്‌സമ്മ മൂത്തേടന്‍ പറഞ്ഞു.


ഇന്ത്യ രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സീനിയര്‍ വനിതാ ടീമിനെ ഒരു ടൂര്‍ണമെന്റിന് അയക്കുന്നത്. 2007ല്‍ തായ്ന്‍ഡില്‍ നടന്ന പ്രിന്‍സസ് കപ്പിലാണ് ഇന്ത്യ അവസാനമായി കളിച്ചത്. അന്ന് ഇന്ത്യക്ക് ഒന്‍പതാം സ്ഥാനമായിരുന്നു. 2005 ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് പതിനൊന്നാം സ്ഥാനമാണ് ലഭിച്ചത്. അന്നത്തെ ടീമിനെ നിലനിറുത്തുകയും തുടര്‍ പരിശീലനം നല്‍കുകയും ചെയ്തിരുന്നുവെങ്കില്‍ ഇന്ത്യക്ക് ഇപ്പോള്‍ ശക്തമായ ടീമുണ്ടാവുമായിരുന്നെന്ന് ജെയ്‌സമ്മ ചൂണ്ടിക്കാട്ടുന്നു.`` രണ്ടു വര്‍ഷമായി നമ്മുടെ ടീം രാജ്യാന്തര മത്‌സരത്തില്‍ പങ്കെടുത്തിട്ടില്ല. പലവിധകാരണങ്ങള്‍ പറഞ്ഞ് സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഇത്തവണ ഭാഗ്യം തുണച്ചു. നേരത്തെയുണ്ടായിരുന്ന ടീം നിലനിറുത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ മികച്ച ടീമായി മാറിയേനെ. തുടര്‍ച്ചയായി മത്‌സരങ്ങളില്ലാതായതോടെ പലതാരങ്ങളും കളിയില്‍ നിന്ന് വിട്ടുനിന്നു. അതോടെ പരിചയസമ്പന്നര്‍ ഇല്ലാതായി. ഈ ടൂര്‍ണമെന്റ് തിരിച്ചുവരവിനുളള വേദിയായി മാത്രമേ കാണുന്നുളളൂ. എതിരാളികളുടെ ശ്തിദൗര്‍ബല്യങ്ങളൊന്നും നമുക്കറിയില്ല. അതുകൊണ്ടു തന്നെ ഒന്നും പ്രതീക്ഷിച്ചലേ പോകുന്നത്. ഈ ടീമിനെ നിലനിറുത്തി അടുത്ത ഏഷ്യന്‍ ഗെയിംസിന് യോഗ്യത നേടുകയാണ് ലക്ഷ്യം.1982ന് ശേഷം ഇന്ത്യ ഏഷ്യന്‍ഗെയിംസില്‍ കളിച്ചിട്ടില്ല''.

1982ഏഷ്യന്‍ ഗെയിംസ് ടീമിലെ നാലു മലയാളി താരങ്ങളില്‍ ഒരാളായിരുന്നു ജെയ്‌സമ്മ. സാലി ജോസഫ്, ബിനി വര്‍ഗീസ്, റോസമ്മ കുര്യന്‍ എന്നിവരായിരുന്നു അന്നത്തെ ടീമിലെ മറ്റ് മലയാളികള്‍. ഇപ്പോള്‍ വീണ്ടും മലയാളിക്കരുത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് ഇന്ത്യ. ``ടീമിലെ മലയാളി ആധിപത്യം കേരളത്തിന്റെ മികവാണ് തെളിയിക്കുന്നത്. ഒട്ടേറെ പ്രതിഭകള്‍ കേരളത്തിലുണ്ട്. അവര്‍ക്കും ഈ താരാധിപത്യം പ്രചോദനമാകും. മികച്ച റോള്‍മോഡലുകള്‍ കളിയില്‍ വലിയ മാറ്റമാണുണ്ടാക്കുക'': ജെയ്‌സമ്മ മൂത്തേടന്‍ പറഞ്ഞു.

Post a Comment

0 Comments