ഏഷ്യന്‍ വനിതാ ബാസ്കറ്റ്‌ബോളിന്റെ ഒന്നാം ഡിവിഷനില്‍ ശക്തിപരീക്ഷണത്തിനിറങ്ങുകയാണ് ഇന്ത്യ. സ്വന്തം നാട്ടില്‍ വന്‍കരയിലെ അതികായര്‍ക്കെതിരെ പോരിനിറങ്ങുമ്പോള്‍ ഇന്ത്യ ഉറ്റുനോക്കുന്നത് ഒരു ആറടി രണ്ടിഞ്ചുകാരിയെയാണ്; ഗീതു അന്ന ജോസ് എന്ന തിരുവല്ലക്കാരിയെ. കാരണം രണ്ടു വര്‍ഷം മുന്‍പ് ഗീതു നടത്തിയ മിന്നും പ്രകടനമാണ് ഇന്ത്യയെ ഒന്നാം ഡിവിഷനിലെത്തിച്ചത്. പോയിന്റ് വേട്ടയുമായി ഇന്ത്യയുടെ പ്രതീക്ഷകള്‍ ചുമലിലേറ്റുന്ന ഗീതു തന്നെയാണ് ഇത്തവണ ടീമിനെ നയിക്കുന്നതും.
സെപ്റ്റംബര്‍ 17 മുതല്‍ 24 വരെ ചെന്നൈയിലാണ് ഫിബ ഏഷ്യന്‍ വനിതാ ബാസ്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി അരങ്ങേറുന്ന ചാമ്പ്യന്‍ഷിപ്പില്‍ ടീം ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഗീതു ഉറപ്പു നല്‍കുന്നു. " അതിശക്തരായ എതിരാളികളോടാണ് കളിക്കേണ്ടത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കുന്ന ആനുകൂല്യം മുതലെടുത്ത് ടീം ഏറ്റവും മികച്ചകളി പുറത്തെടുക്കും. വ്യക്തിപരമായും മികവ് നിലനിര്‍ത്താമെന്നാണ് പ്രതീക്ഷ. അതിവേഗ കളിയാണ് നമ്മുടെ കരുത്ത്. പ്രതീക്ഷയും അതുതന്നെ" ചെന്നൈയിലെ പരിശീലനക്യാമ്പില്‍ നിന്ന് ഗീതു പറഞ്ഞു.
രണ്ടു വര്‍ഷം മുന്‍പ് ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണില്‍ നടന്ന രണ്ടാം ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ പ്രിമിയര്‍ ഡിവിഷനിലേക്ക് യോഗ്യത നേടിയത്. അന്ന് ആറ് മത്‌സരങ്ങളില്‍ നിന്ന് 197 പോയിന്റായിരുന്നു ഗീതു വാരിക്കൂട്ടിയത്. ഓരോ മത്‌സരത്തിലെയും ശരാശരി സ്‌കോറിംഗ് 32.8 പോയിന്റായിരുന്നു. കളിയുടെ എല്ലാമേഖലകളിലും മിന്നിത്തിളങ്ങിയ ഗീതു മലേഷ്യക്കെതിരെയുളള നിര്‍ണായക മത്‌സരത്തില്‍ മാത്രം നേടിയത് 47 പോയിന്റായിരുന്നു. ടൂര്‍ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും മറ്റാരുമായിരുന്നില്ല. ഓസ്‌ട്രേലിയയില്‍ ലഭിച്ച പരിശീലനമികവ് പൂര്‍ണമായും ഗീതു കളിത്തട്ടില്‍ പുറത്തെടുത്തതാണ് അന്ന് ഇന്ത്യക്ക് അനുഗ്രഹമായത്.
ഓസ്‌ട്രേലിയന്‍ വനിതാ ബാസ്കറ്റ്‌ബോള്‍ ലീഗില്‍ റിംഗ്‌വുഡിന്റെ താരമായിരുന്നു ഗീതു. ഓസ്‌ട്രേലിയന്‍ ലീഗില്‍ കളിക്കുന്ന ആദ്യ ഏഷ്യന്‍ താരവും ഗീതുവാണ്. അത്‌ലറ്റിക്‌സില്‍ നിന്ന് വഴിമാറി ബാസ്കറ്റ്‌ബോള്‍ കോര്‍ട്ടിലെത്തിയ ഗീതു മൂന്നു വര്‍ഷമാണ് ബിഗ് വി ലീഗില്‍ റിംഗ്‌വുഡിന് വേണ്ടി പോയിന്റുകള്‍ വാരിക്കൂട്ടിയത്.റിംഗ്‌വുഡ് ടീമിലെയും ഏറ്റവും ഉയരം കൂടിയ കളിക്കാരിയായിരുന്നു ഈ മലയാളി താരം. മൂന്നു സീസണുകളില്‍ റിംഗ്‌വുഡിന് വേണ്ടി കളിച്ച ഗീതുവിന് ഈ സീസണില്‍ ടീമിനൊപ്പം ചേരാന്‍ കഴിഞ്ഞിരുന്നില്ല. ജോലി ചെയ്യുന്ന ദക്ഷിണ റെയില്‍വേയുടെ അനുമതി ലഭിക്കാതിരുന്നതിനാലാണ് ഗീതുവിന്റെ ഓസ്‌ട്രേലിയന്‍ യാത്ര മുടങ്ങിയത്.
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരു മലയാളി താരം ഇന്ത്യന്‍ ബാസ്കറ്റ്‌ബോള്‍ ടീമിന്റെ നായികയാവുന്നത്. ടീമിലെ ഏക മലയാളി സാന്നിധ്യം ഗീതുവാണെന്നതും ശ്രദ്ധേയം. യുവതാരങ്ങളായ സ്‌റ്റെഫി നിക്‌സണും ആര്‍ കെ സ്മൃതിയും ടീമിലുണ്ടായിരുന്നെങ്കിലും അന്തിമടീമില്‍ ഇടം നേടാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല." യുവതാരങ്ങള്‍ നിറഞ്ഞ ടീമാണ് ഇത്തവണത്തേത്. സ്‌റ്റെഫിയും സ്മൃതിയും ടീമിലുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ അവസാന ടീമില്‍ അര്‍ക്ക് ഇടംപിടിക്കാനായില്ല" ദക്ഷിണ റെയില്‍വേ താരമായ ഗീതു പറഞ്ഞു. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ദക്ഷിണ റെയില്‍വേ കിരീടം നേടുന്നതും ഈ 24 കാരിയുടെ മികവിലാണ്.
പത്ത് ടീമുകളാണ് ഒന്നാം ഡിവിഷനില്‍ മത്‌സരിക്കുന്നത്. നിലവിലെ റാങ്കിംഗില്‍ ആറാം സ്ഥാനത്താണ് ഇന്ത്യ. നിലവിലെ ചാമ്പ്യന്‍മാരായ കൊറിയയാണ് ഇന്ത്യയുടെ ആദ്യ എതിരളികള്‍. ചൈന, ജപ്പാന്‍ എന്നിവരാണ് ഏറ്റവും ശക്തരായ മറ്റ് ടീമുകള്‍.
0 Comments