October 16, 2009

നീന്തല്‍ക്കുളത്തിലെ `അര്‍ഹത'പ്പറവ‍‍‍

ഓര്‍ത്തുവയ്ക്കുക. നീന്തല്‍ക്കുളത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകളിലേക്ക് ഇതാ ഒരു പേരുകൂടി; അര്‍ഹതാ മാഗവി. ദേശീയതാരം റിച്ച മിശ്രയെ അട്ടമിറിച്ചാണ് പതിനഞ്ചുകാരിയായ അര്‍ഹതാ മാഗവി ഇന്ത്യന്‍ പ്രതീക്ഷയായി നീന്തിക്കയറുന്നത്. ഇരട്ടറെക്കോര്‍ഡുകളോടെ അര്‍ഹത തിരുവനന്തപുരത്ത് നടക്കുന്ന അറുപത്തിമൂന്നാമത് ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പിന്റെ താരമായിമാറിക്കഴിഞ്ഞു. ബട്ടര്‍ഫ്‌ളൈ മത്‌സരങ്ങളിലാണ് അര്‍ഹതയാടെ അര്‍ഹമായ സുവര്‍ണ നേട്ടങ്ങള്‍.

ഒളിമ്പ്യന്‍ നിഷാ മില്ലറ്റിന്റെ കണ്ടെത്തലായ അര്‍ഹത 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിാണ് രാജ്യത്തെ ഏറ്റവും മികച്ച നീന്തല്‍താരമായ റിച്ച മിശ്രയെ അട്ടിമറിച്ചത്. എല്‍ എന്‍ സി പി ഇ നീന്തല്‍ക്കുളം കണ്ട ഏറ്റവും വാശിയേറിയ പന്തയത്തില്‍ അര്‍ഹതയുടെ കുതിപ്പിനെ അതിജീവിക്കാന്‍ പരിചയസമ്പന്നയായ റിച്ചയ്ക്ക് കഴിഞ്ഞില്ല. റിച്ച 2003ല്‍ സ്ഥാപിച്ച 01:04:81 സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് അര്‍ഹതയുടെ അതിവേഗത്തിന് മുന്നില്‍ വഴിമാറിയത്. മികച്ച തുടക്കം ലഭിച്ച അര്‍ഹത 01:03:24 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. റിച്ചയും(01:04:52സെ) സ്വന്തം സമയം മെച്ചപ്പെടുത്തിയെങ്കിലും രണ്ടാമതെത്താനെ കഴിഞ്ഞുളളൂ.

"റിച്ച മിശ്രയെ രണ്ടാമതാക്കുക എന്നത് സ്വപ്നനേട്ടമാണ്; അതും റെക്കോര്‍ഡ് നേട്ടത്തോടെ. ഏറെനാളായി സ്വപ്നം കണ്ട നിമിഷമാണിത്. ഒന്നാമതായി ഫിനിഷ് ചെയ്തനിമിഷം വാക്കുകളില്‍ പറഞ്ഞൊതുക്കാനാവില്ല. നല്ലതുടക്കം ലഭിച്ചതിനാല്‍ നേരത്തേനിശ്ചയിച്ചപോലെതന്നെ മത്‌സരം പൂര്‍ത്തിയാക്കാനായി'' മത്‌സരശേഷം അതീവസന്തോഷവതിയായ അര്‍ഹത പറഞ്ഞു.
ബാംഗ്‌ളൂര്‍ ബാള്‍ഡ്‌വിംഗ് ബോയ്‌സ് ആന്‍ഡ് ഗേള്‍സ് സ്കൂളിലെ പത്താംക്‌ളാസ് വിദ്യാര്‍ഥിനിയായ അര്‍ഹത ആദ്യമായാണ് റിച്ചയെ തോല്‍പ്പിക്കുന്നത്. ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാംദിനം 200 മീറ്ററിലും അര്‍ഹത റെക്കോര്‍ഡ് സ്വര്‍ണം നേടി. കഴിഞ്ഞവര്‍ഷം ഹൈദരാബാദില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ അര്‍ഹത മൂന്നു വ്യക്തിഗത സ്വര്‍ണവും മൂന്നു റിലേ സ്വര്‍ണവും നേടിയിരുന്നു. ഈ വര്‍ഷം സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ യൂത്ത് ഗെയിംസിലെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ വെളളിയും 2007ല്‍ പാകിസ്ഥാനില്‍ നടന്ന ദക്ഷിണേഷ്യന്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നു സ്വര്‍ണവും നേടിയിട്ടുണ്ട്. പൂനെയില്‍ നടന്ന യൂത്ത് കോമണ്‍വെല്‍ത്ത് ഗെയിംസിലെ 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ ഫൈനലിലെത്തി. പത്താംക്‌ളാസ് പരീക്ഷയടുക്കുന്നതിനാല്‍ ഇനിയുളള കുറച്ചുനാള്‍ പഠനത്തില്‍ ശ്രദ്ധേകന്ദ്രീകരിക്കാണ് ഉദ്ദേശിക്കുന്നതെന്ന് അര്‍ഹത പറഞ്ഞു.ഇന്ത്യയിലെ ഏറ്റവും മികച്ച നീന്തല്‍ പരിശീലകനായ യു പ്രദീപ് കുമാറിന് കീഴില്‍ ബസവന്‍ഗുഡി അക്വാട്ടിക് ക്‌ളബിലാണ് അര്‍ഹതയുടെ പരിശീലനം. ഏഴു വയസുളളപ്പോള്‍, നിഷ മില്ലെറ്റ് നടത്തിയ പരിശീലനക്യാമ്പില്‍ പങ്കെടുത്തതാണ് അര്‍ഹതയെ ബി എ സി നീന്തല്‍ക്കുളത്തിലെത്തിച്ചത്. നിഷ പരിശീലക്യാമ്പില്‍ വച്ചുതന്നെ അര്‍ഹതയുടെ കഴിവുകള്‍ മുന്‍കൂട്ടികണ്ടു. നിഷയുടെ നിര്‍ദേശപ്രകാരം ബി എ സിയില്‍ വിദഗ്ധപരിശീലനവും ആരംഭിച്ചു. പ്രദീപ് കുമാറിന്റെ ശിക്ഷണം ലഭിച്ചതോടെ അര്‍ഹത രാജ്യമറിയുന്ന താരമായി വളരുകയും ചെയ്തു." റിച്ചയെ പരാജയപ്പെടുത്തുക എളുപ്പമല്ല. അതും ഈ പ്രായത്തില്‍. സവിശേഷമായ വിജയമാണ് അര്‍ഹത നേടിയത്'' മലയാളികൂടിയായ പ്രദീപ് പറഞ്ഞു.

ബാംഗ്‌ളൂരില്‍ സിവില്‍ എഞ്ചിനിയറായ ഗുരുബസവപ്പ മാഗവിയുടെയും നന്ദ മാഗവിയുടെയും മകളാണ് അര്‍ഹത.

ചിറകറ്റ ഫുട്‌ബോള്‍...‍‍

കാര്‍ലോസ് ആല്‍ബര്‍ട്ടോയില്‍ നിന്ന് ഏറ്റുവാങ്ങിയ പന്തുമായി ടച്ച് ലൈനിനരികിലൂടെ കുതിക്കുന്ന ഗാരിഞ്ച. അസാമാന്യ പന്തടക്കവുമായി ശരവേഗത്തില്‍ എതിരാളികളെ വെട്ടിയൊഴിഞ്ഞ് പെനാല്‍റ്റിബോക്‌സിലേക്ക് ഗാരിഞ്ചയുടെ അളന്നുമുറിച്ച ക്രോസ്. ഗോള്‍മുഖത്ത് കാലുകൊണ്ടും തലകൊണ്ടും പന്ത് ലക്ഷ്യത്തിലേക്ക് തിരിച്ചുവിടാന്‍ സജ്ജനായിനില്‍ക്കുന്ന പെലെ....ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും സുവര്‍ണ നിമിഷങ്ങളില്‍ ചിലതാണിത്. ജോര്‍ജ് ബെസ്റ്റും ജോണ്‍ മാത്യൂസും ടോം ഫിന്നിയുമെല്ലാം ആരാധകരുടെ നെഞ്ചകങ്ങളിലേക്ക് ചിറുകുവിരിച്ച് ഓടിക്കയറിയത് ടച്ച്‌ലൈനിന് അരികിലൂടെയുളള മിന്നല്‍പ്പിണറുകളിലൂടെ ആയിരുന്നു. സമീപകാലത്ത് ലൂയിസ് ഫിഗോയും മാര്‍ക് ഓര്‍മാര്‍സും റയാന്‍ ഗിഗ്‌സുമെല്ലാം വിംഗുകളിലൂടെ തീപ്പൊരി ചിതറി... എന്നാലിന്ന് ഗിഗ്‌സിന്റെ പിന്‍ഗാമിക്കായി കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം.

കളിക്കളംവാണ് ഒരൊറ്റക്രോസുകൊണ്ടു മത്‌സരരഗതിയ മാറ്റിമറിച്ച വിംഗര്‍മാര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നിത്യഹരിതതാരം റയാന്‍ ഗിഗ്‌സില്‍ അവസാനിക്കുകയാണോ?. നിര്‍ഭാഗ്യവശാല്‍ അതെയെന്ന് മറുപടി പറയേണ്ടിവരും. ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ആര്യന്‍ റോബനും ഫ്രാങ്ക് റിബറിയുമെല്ലാം കളിക്കളത്തില്‍ മിന്നിത്തിളങ്ങുന്നുണ്ടെങ്കിലും ഇവരെ ലക്ഷണംതികഞ്ഞ വിംഗര്‍മാരെന്ന് വിളിക്കാനാവില്ല. കാരണം ഇവര്‍ പലപ്പോഴും മിഡ്ഫീല്‍മാരുടെ റോളിലേക്ക് ഒതുങ്ങുന്നു എന്നതുതന്നെ. അതോടെ വിംഗുകളില്‍ ചിറകുവിടര്‍ത്തി പറക്കുന്ന താരങ്ങള്‍ ഓര്‍മ്മയാവുന്നു.


തൊണ്ണൂറുകളുടെ അന്ത്യംവരെ യൂറോപ്പിലെ മിക്ക ടീമുകളുടെയും ശക്തി പറന്നുകളിക്കുന്ന വിംഗര്‍മാരായിരുന്നു. സ്റ്റീവ് മക്‌നാനമന്‍ ലിവര്‍പൂളിന്റെയും റയല്‍മാഡ്രിഡിന്റെയും ഗിനോള ന്യൂകാസിലിന്റെയും ടോട്ടന്‍ഹാമിന്റെയും മാര്‍ക് ഓവര്‍മാര്‍സും റോബര്‍ട്ട് പിറസും ആഴ്‌സനലിന്റെയും വിജയങ്ങളില്‍ വഹിച്ച പങ്ക് നിര്‍ണായകമായിരുന്നു. വിംഗുകളില്‍ നിന്ന് ഇവര്‍തൊടുത്തുവിട്ട അണുവിട വ്യത്യാസമില്ലാത്ത ക്രോസുകളായിരുന്നു അന്ന് ആടീമുകളുടെ കരുത്ത്. പ്രതിരോധത്തിലൂന്നി തന്ത്രങ്ങള്‍ മെനയുന്ന പരിശീലകനെന്ന് വിമര്‍ശനമേറ്റു വാങ്ങുമ്പോഴും ഹൊസെ മോറീഞ്ഞോ ചെല്‍സിയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടത്തിലേക്ക് തിരികെ കൊണ്ടുവന്നത് വിംഗുകളില്‍ രണ്ടുപേരെ അഴിച്ചുവിട്ടായിരുന്നു; ഡാമിയന്‍ ഡഫിനെയും ആര്യന്‍ റോബനേയും. എന്നാല്‍ ഇവരെയെല്ലാം അതിശയിപ്പിച്ചാണ് ഗിഗ്‌സ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ പന്തുതട്ടുന്നത്. രണ്ടു ദശകത്തിനിടെ യുണൈറ്റഡ് നേടിയ കിരീടങ്ങളിലും വിജയങ്ങളിലും ഗിഗ്‌സിന്റെ ബൂട്ടുകള്‍ പതിഞ്ഞിട്ടുണ്ട്.


കാലം മാറിയതിന് അനുസരിച്ച് കളിക്കളത്തിലെ തന്ത്രങ്ങളും മാറിയതോടെയാണ് വിംഗര്‍മാരുടെ നിശ്ശബ്ദമരണത്തിന് തുടക്കമായത്. പ്രത്യേകിച്ചും പരിശീലകര്‍ പ്രതിരോധത്തിലൂന്നിയുളള തന്ത്രങ്ങള്‍ മെനയാന്‍ തുടങ്ങിയതോടെ. ഗോള്‍ അടിക്കുന്നതിനേക്കാള്‍ ഗോള്‍ വഴങ്ങാതിരിക്കാനാണ് ഇന്നത്തെ ഒട്ടുമിക്ക പരിശീലകരും ആദ്യം താരങ്ങളെ പഠിപ്പിക്കുന്നത്. അതോടെ വിംഗര്‍മാര്‍ക്ക് പകരം ഹോള്‍ഡിംഗ് മിഡ്ഫീല്‍ഡര്‍ എന്ന പുതിയൊരു താരവര്‍ഗം ഉടലെടുത്തു. റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് താരമായിരുന്ന ക്‌ളോദ് മക്‌ലെലെയാണ് പൊസിഷനില്‍ വ്യക്തിമുദ്ര പതിച്ച ആദ്യപ്രമുഖന്‍. പ്രതിരോധനിരയെ സഹായിക്കുന്നതായിരുന്നു മക്‌ലെലെയുടെ പ്രധാന ചുമതല; അതേസമയം മധ്യനിരയില്‍ സാന്നിധ്യമറിയിക്കുകയും ചെയ്തു.ഇപ്പോള്‍ സി മിലാന്റെ ഗെന്നാര ഗെട്ടൂസോയും ഹോള്‍ഡിംഗ് മിഡ്ഫീല്‍ഡറുടെ ചുമതല ഭംഗിയായി നിര്‍വഹിക്കുന്ന താരമാണ്.

വിംഗ്ബാക്കുകള്‍ ആക്രമണത്തിനിറങ്ങുന്ന ശൈലി ബ്രസീല്‍ ദേശീയ ടീമാണ് ഏറ്റവും ഫലവത്തായി ഉപയോഗിച്ചത്. കഴിഞ്ഞ ഒന്നരദശകത്തില്‍ റോബര്‍ട്ടോ കാര്‍ലോസും കഫുവും ഇത് ഭംഗിയായി നിറവേറ്റുന്നത് ഫുട്‌ബോള്‍ ലോകം കണ്ടു. കാര്‍ലോസിന്റെയും കഫുവിന്റെയും പാസുകളില്‍ നിന്നായിരുന്നു ബ്രസീലിന്റെ പലഗോളുകളുടെയും പിറവി. ഒപ്പം ഇവര്‍ ഗോളുകള്‍ നേടുകയും ചെയ്തു. വിംഗ്ബാക്കുകള്‍ ആക്രമണത്തിനിറങ്ങുന്ന ശൈലി മറ്റുടീമുകളും സ്വീകരിച്ചതോടെ ഹോള്‍ഡിംഗ് മിഡ്ഫീല്‍ഡര്‍മാരുടെ പ്രാധാന്യമേറി. മധ്യനിരയിലെ രണ്ടുതാരങ്ങള്‍ പ്രതിരോധനിരയെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ടു. അതോടെ വിംഗര്‍മാരുടെ പ്രാധാന്യം കുറയുകയും ചെയ്തു.

സാവി ഹെര്‍ണാണ്ടസ്, ആന്ദ്രേ പിര്‍ലോ,ഇനിയസ്റ്റ,ഡേവിഡ് ബെക്കാം, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, റൊണാള്‍ഡീഞ്ഞോ, സ്റ്റീവന്‍ ജെറാര്‍ഡ്, ജോ കോള്‍, ഫ്രാങ്ക് ലാംപാര്‍ഡ്, കാക, മെസ്സി തുടങ്ങിയവരൊക്കെ സമീപകാല ഫുട്‌ബോളില്‍ അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിച്ച താരങ്ങളാണ്. പക്ഷേ ഇവര്‍ക്കൊന്നും ഗിഗ്‌സിനെയോ ഫീഗോയെപ്പോലെയോ വിംഗുകളില്‍ മാസ്മരികത പുറത്തെടക്കാനായിട്ടില്ല. അതേസമയം ഇവരില്‍ പലരുംടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റാന്‍ കെല്‍പ്പുളളവരുമാണ്.


കേളീശൈലിയേക്കാള്‍ ഡെഡ്‌ബോള്‍ സ്‌കോറിംഗ് മികവുമായാണ് ബെക്കാം പ്രമുഖരുടെ പട്ടികയിലേക്കെത്തിയത്. ബെക്കാമിന്റെ ഫ്രീകിക്കുകളും ക്രോസുകളും സമീപകാല ഫുട്‌ബോളിലെ മനോഹരകാഴ്ചകളാണെന്നതില്‍ തര്‍ക്കമില്ല. പിര്‍ലോയുടെ ഭാവനാസമ്പന്നമായ നീക്കങ്ങളും കാകയുടെ വേഗവും കൃത്യതയുമായിരുന്നു സി മിലാന്റെ ചാലകശക്തി. കാക റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയപ്പോള്‍ മിലാന് അത് നികത്താനാവാത്ത വിടവായി മാറി. റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കുന്തമുനയായിരുന്നു. എന്നാല്‍ റയലിലേക്കുളള റൊണാള്‍ഡോയുടെ ചേക്കേറല്‍ മൈക്കല്‍ ഓവന്‍, വെയ്ന്‍ റൂണി, ദിമിറ്റാര്‍ ബെര്‍ബറ്റോവ് എന്നിവരിലൂടെ നികത്തുകയാണ് യുണൈറ്റഡ് കോച്ച് അലക്‌സ് ഫെര്‍ഗ്യൂസന്‍. കളിക്കാരേക്കാള്‍ ടീമിന് പ്രാധാന്യം നല്‍കുന്ന ഫെര്‍ഗ്യൂസന്‍ ഏത്‌കൊമ്പന്‍ താരം കൂടുമാറിയാലും കുലുങ്ങാറില്ല;ഇത്തവണയും അങ്ങനെതന്നെ. ലിവര്‍പൂളിന്റെ ഹൃദയവും തലച്ചോറുമാണ് ജെറാര്‍ഡ്. ഇരുപെനാല്‍റ്റി ബോക്‌സുകള്‍ക്കിടയിലും നിറഞ്ഞുകളിക്കുന്ന ജെറാര്‍ഡിനെ ആശ്രയിച്ചാണ് ലിവര്‍പൂളിന്റെ ജയപരാജയങ്ങളെല്ലാം. കളിക്കളത്തില്‍ നിറഞ്ഞൊഴുകുമ്പോഴും ജെറാര്‍ഡിനെയും സമ്പൂര്‍ണ വിംഗറെന്ന് വിളിക്കാനാവില്ല. ഇനിയസ്റ്റ ബാഴ്‌ലോണയുടെയും മൈക്കല്‍ ബല്ലാക്കും ലാംപാര്‍ഡും മൈക്കല്‍ എസ്സിയനുമൊക്കെ ചെല്‍സിയുടെയും എണ്ണയിട്ടയന്ത്രങ്ങളാണ്. പക്ഷേ ഇവരും മധ്യനിയരയില്‍ തളയ്ക്കപ്പെടാന്‍ നിര്‍ബന്ധിതരായവരാണ്.ലോകഫുട്‌ബോളില്‍ ഇന്ന് ഏറ്റവും അപകടകാരിയായ അര്‍ജന്റീനയുടെ ബാഴ്‌സലോണതാരം ലയണല്‍ മെസ്സിയും അറ്റാക്കിംഗ് മിഡ്ഫീല്‍ഡറുടെ കുപ്പായമണിഞ്ഞ സ്‌െ്രെടക്കറാണ്. ജെറാര്‍ഡിന്റെയോ എസ്സിയന്റെയോ ശാരീരികക്ഷമതയില്ലെങ്കിലും റൊണാള്‍ഡോയെക്കാളും കാകയെക്കാളും എതിര്‍നിരയെ വിറപ്പിക്കാന്‍ മെസ്സിക്ക് കഴിയും. ഒറ്റയ്ക്ക് എതിര്‍പ്രതിരോധനിരയെ പിച്ചിച്ചീന്താന്‍ കഴിയുമെന്നതാണ് മെസ്സിയുടെ ഏറ്റവും വലിയ സവിശേഷത. മെസ്സിയടക്കം മേല്‍പ്പറഞ്ഞ സമകാലിക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളെല്ലാം ജയത്തിനായി പടയ്ക്കിറങ്ങുമ്പോള്‍ പരിശീലകര്‍ക്ക് പരീക്ഷണത്തിനുളള സാധ്യതകള്‍ കുറയുന്നു. നിലനില്‍പ്പിനും മുന്നേറ്റത്തിനുംവേണ്ടിയുളള പോരാട്ടങ്ങള്‍ക്കിടയില്‍ പാര്‍ശ്വരേഖയ്ക്ക് അരികിലെ സ്വാതന്ത്ര്യം കളിക്കാര്‍ക്ക് എന്നന്നേക്കുമായി നഷ്ടമാവുകയും ചെയ്യുന്നു. അതോടെ ഫുട്‌ബോളിന്റെ ചിറകുകള്‍ തന്നെ അപ്രത്യക്ഷമാവുന്നു. അപ്പോള്‍ ഗിഗ്‌സിന് പിന്‍ഗാമിയുണ്ടാവുമോ ?

സാധ്യത വളരെ വളരെ വിരളം.

പെലെയോ മാറഡോണയോ...അതോ ഡിസ്‌റ്റെഫാനോയോ ?

പെലെയോ മാറഡോണയോ ഏറ്റവും മികച്ച ഫുട്‌ബോളര്‍ ?.പതിറ്റാണ്ടുകളായി ഫുട്‌ബോള്‍ ലോകത്തെ ബില്യണ്‍ ഡോളര്‍ ചോദ്യമാണിത്. കാലത്തിനും ദേശത്തിനും അതീതമായി തര്‍ക്കങ്ങളും വാദങ്ങളും ഡ്രിബിള്‍ ചെയ്തു മുന്നേറുമ്പോള്‍ പുതിയൊരു പേരുകൂടി ഉയര്‍ന്നു വരുന്നു; ആല്‍ഫ്രഡോ ഡിസ്‌റ്റെഫാനോ. എക്കാലത്തെയും മികച്ചതാരം താന്‍ തന്നെയെന്ന് ഡീഗോ മാറഡോണ ആവര്‍ത്തിക്കുമ്പോള്‍, ഫുട്‌ബോള്‍ രാജാവ് സാക്ഷാല്‍ പെലെ തന്നെയാണ് ഡിസ്‌റ്റെഫാനോയെ താരങ്ങളുടെ താരമായി അവരോധിച്ചത്. ഇതോടെ കേമന്‍മാരില്‍ കേമനാരെന്ന ഫുട്‌ബോള്‍ ലോകത്തെ തര്‍ക്കപ്പട്ടിക മൂന്നായി ഉയരുന്നു.

രാജ്യാന്തരതലത്തില്‍ ഫുട്‌ബോളിലെ അവസാനവാക്കായ ഫിഫയ്ക്കുപോലും ഉത്തരം കണ്ടെത്താനാവാത്ത സമസ്യയാണ് ഏറ്റവും മികച്ച താരം ആരെന്നത്. കണക്കെടുപ്പുകളിലും വിലയിരുത്തലുകളിലും പെലെയും മാറഡോണയും മാറി മാറി മുന്നിലെത്തുന്നു. ഇതുതന്നെയാണ് എക്കാലത്തെയും മികച്ച താരം ആരെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം അസാധ്യമാക്കുന്നത്. ഈ ഇട്ടാവട്ടം ഒറ്റയടിക്ക് ഡിസ്‌റ്റെഫാനോയിലൂടെ വലുതാക്കുകയായിരുന്നു പെലെ. പറഞ്ഞത് പെലെയായതിനാല്‍ ലോകമത് ഏറ്റെടുക്കുകയും ചെയ്തു. ചര്‍ച്ച രണ്ടില്‍ നിന്ന് മൂന്നിലേക്ക് കുതിച്ചു ചാടുകയും ചെയ്തു.

പെലെയും മാറഡോണയും തമ്മിലുളള വാക്പയറ്റ് മുറുകുമ്പോഴാണ് ഡിസ്‌റ്റെഫാനോയുടെ `അരങ്ങേറ്റം' എന്നതും ശ്രദ്ധേയം. പെലെയെക്കാള്‍ മികച്ചതാരം താന്‍തന്നെയെന്ന് മാറഡോണ വാദിച്ചതിന് പെലെയുടെ ഏറ്റവും ഒടുവിലെ മറുപടി ആയിരുന്നു അര്‍ജന്റീനക്കാരന്‍ കൂടിയായ ഡിസ്‌റ്റെഫാനോ.കഴിഞ്ഞ നൂറ്റാണ്ടിലെ താരത്തെ കണ്ടെത്താനുളള ഫിഫയുടെ വോട്ടെടുപ്പില്‍ നാലാം സ്ഥാനത്തായിരുന്നു റയല്‍ മാഡ്രിഡിന്റെ ഈ സുവര്‍ണ താരം. പെലെയും മാറഡോണയും ബ്രസീലിനും അര്‍ജന്റീനയ്ക്കും വേണ്ടി കളിക്കളത്തില്‍ദൈവങ്ങളായപ്പോള്‍ ഡിസ്‌റ്റെഫാനോ റയല്‍ മാഡ്രിഡിനുവേണ്ടി അടിച്ചുകൂട്ടിയ ഗോളുകളിലൂടെയാണ് ഫുട്‌ബോള്‍ പ്രേമികളുടെ നെഞ്ചകങ്ങളില്‍ ഇടംപിടിച്ചത്. ജന്‍മനാടായ അര്‍ജന്റീനയ്ക്കും പൗരത്വം സ്വീകരിച്ച സ്‌പെയ്‌നും കൊളംബിയയ്ക്കും വേണ്ടി രാജ്യാന്തര മത്‌സരങ്ങളില്‍ ബൂട്ടുകെട്ടിയെങ്കിലും ഡിസ്‌റ്റെഫാനോയ്ക്ക് ലോകകപ്പില്‍ കളിക്കാനായില്ലെന്നതും ചരിത്രം.

രണ്ടു കാലഘട്ടത്തിന്റെ പ്രതിനിധികളാണ് പെലയും മാറഡോണയും. അതുകൊണ്ടുതന്നെ ഇവരെ താരതമ്യം ചെയ്യുക ദുഷ്‌കരം. കളിമികവുമായി പെലെ പത്രത്താളുകള്‍ കീഴടക്കിയപ്പോള്‍ മാറഡോണ ടെലിവിഷന്‍ യുഗത്തിലാണ് പന്തുതട്ടിയത്. ഇത് മാറഡോണയെ ജനകീയനാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. നൂറ്റാണ്ടിന്റെ താരത്തെ കണ്ടെത്താന്‍ ഫിഫ നടത്തിയ വോട്ടെടുപ്പ് ഇതു പകല്‍പോലെ വ്യക്തമാക്കുന്നു. ഫിഫ വെബ്‌സൈറ്റിലൂടെ നടത്തിയ വോട്ടെടുപ്പില്‍ മാറഡോണയ്ക്ക് കിട്ടിയത് 53.60 ശതമാനം വോട്ടുകളായിരുന്നു. രണ്ടാം സ്ഥാനത്തെത്തിയ പെലെയ്ക്ക് ലഭിച്ചത് 18.53 ശതമാനം വോട്ടുകള്‍ മാത്രം. ഡിസ്‌റ്റെഫാനോ(0.68%) പതിനാലാം സ്ഥാനത്തായിരുന്നു. യുസേബിയോ(6.21%) , റോബര്‍ട്ടോ ബാജിയോ(5.42%), റൊമാരിയോ(1.69%) എന്നിവരായിരുന്നു മൂന്നു മുതല്‍ അഞ്ചുവരെ സ്ഥനങ്ങളില്‍. എന്നാല്‍ പരിശീലകര്‍, ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റുകള്‍, വിദഗ്ധര്‍ എന്നിവരുള്‍പ്പെട്ട ഫിഫ സമിതിയുടെ വോട്ടെടുപ്പില്‍ പെലെ ഒന്നാം സ്ഥാനത്തത്തെത്തി. മാറഡോണ അഞ്ചാമതായപ്പോള്‍ യോഹാന്‍ ക്രൈഫ്, ഫ്രാന്‍സ് ബെക്കന്‍ബോവര്‍, ഡിസ്‌റ്റെഫാനോ എന്നിവരാണ് രണ്ടു മുതല്‍ നാല് വരെയുളള സ്ഥാനങ്ങളില്‍ എത്തിയത്. ഫിഫ മാഗസിന്റെയും ഗ്രാന്റ് ജൂറിയുടെയും വോട്ടെടുപ്പിലും പെലെയ്ക്ക് തന്നെ ഒന്നാം സ്ഥാനം. 72.8% വോട്ടുകളാണ് നേടിയത്. 6.0%വോട്ടുകളുമായി മാറഡോണയ്ക്ക് മൂന്നാമതെത്താനെ കഴിഞ്ഞുളളൂ. ഡിസ്‌റ്റെഫാനോ 9.8% വോട്ടുകളുമായി രണ്ടാമതെത്തി. ആധുനിക യുഗത്തിന്റെ മാധ്യമമായ ഇന്റര്‍നെറ്റ് പോളിംഗില്‍ മാത്രമാണ് മാറഡോണ മുന്നിലെത്തിയത്. വിദഗ്ധസമിതിയുടെ കളങ്ങളിലെല്ലാം നിറഞ്ഞ് നിന്നത് ബ്രസീലിയന്‍ ഇതിഹാസമായിരുന്നു.മാറഡോണയെ മറികടന്ന് ഡിസ്‌റ്റെഫാനോ മുന്നേറിയെന്നതും ശ്രദ്ധേയം.

ഇനിയല്‍പ്പം പഴയകാലത്തിലേക്ക്...

1957-1971 വരെയായിരുന്നു പെലെ ബ്രസീലിനുവേണ്ടി ബൂട്ടുകെട്ടിയത്. 92 മത്‌സരങ്ങളില്‍ നിന്ന് 77ഗോളുകള്‍. ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസിനുവേണ്ടി 438മത്‌സരങ്ങളില്‍ നിന്ന് 474 ഗോളുകളും അടിച്ചുകൂട്ടി. അവസാനകാലത്ത് അമേരിക്കന്‍ ക്ലബ്ബായ ന്യൂയോര്‍ക്ക് കോസ്‌മോസിനുവേണ്ടി 64 മത്‌സരങ്ങളില്‍ നിന്ന് 17 ഗോളുകളും പെലെ നേടി. കരിയറില്‍ ആയിരത്തിലധികം ഗോള്‍നേടുന്ന ആദ്യ താരവും പെലെ തന്നെ. മൂന്നു ലോകകപ്പുകളില്‍ മുത്തമിട്ട പെലെ നാലു ലോകകപ്പുകളില്‍ ബ്രസീലിനുവേണ്ടി ബൂട്ടുകെട്ടി(1958, 1962, 1966, 1970). മൂന്നു ലോകകപ്പ് ഫൈനലുകളില്‍(1958, 1962, 1970) കളിച്ച ഏകതാരവും പെലെയാണ്. പതിനാറാം വയസില്‍(1957) ദേശീയ ടീമിലെത്തിയ പെലെ തൊട്ടടുത്ത വര്‍ഷം ലോകകപ്പില്‍ അരങ്ങേറി. സ്വീഡനെ 5-2ന് തോല്‍പ്പിച്ച് കിരീടം നേടുമ്പോള്‍ രണ്ടു എണ്ണംപറഞ്ഞ ഗോളുകള്‍ എഡ്‌സന്‍ അരാന്റസ് ഡോ നാസിമെന്റോയെന്ന പെലെയുടെ പേരിനൊപ്പമുണ്ടായിരുന്നു. ഇതില്‍ ആദ്യത്തെ ഗോള്‍ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോളുകളിലൊന്നായിട്ടാണ് ഇന്നും കണക്കാക്കുന്നത്. അരങ്ങേറ്റ ലോകകപ്പില്‍ ആറു ഗോളുകളായിരുന്നു പെലെയുടെ സംഭാവന.ലോകകപ്പില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞതാരം, ഫൈനലില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞതാരം, ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞതാരം,തുടങ്ങിയ ഒട്ടനവധി റെക്കോര്‍ഡുകളും പെലെയ്ക്ക് സ്വന്തമായി. തുടര്‍ന്ന് മൂന്നുലോകകപ്പുകളില്‍ കൂടി പന്തുതട്ടിയ പെലെ ഫുട്‌ബോള്‍ രാജാവ് എന്ന പേരും സ്വന്തമാക്കി. ക്‌ളബ് തലത്തില്‍ സാന്റോസിലായിരുന്നു പെലെയുടെ കരിയര്‍ മുഴുവന്‍. കോസ്‌മോസിനുവേണ്ടി ഒരൊറ്റ വര്‍ഷമാണ് പെലെ കളിച്ചത്. ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി 1999ല്‍ പെലെയെ അത്‌ലറ്റ് ഒഫ് ദ സെഞ്ച്വറിയായി തിരഞ്ഞെടുത്തു. ടൈംമാഗസിന്‍ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട 100 വ്യക്തികളിലൊരാളായും തിരഞ്ഞെടുത്തു.

ഇന്‍സൈഡ് ഫോര്‍വേഡായും, സ്‌ട്രൈക്കറായും ബൂട്ടുകെട്ടിയ പെലെ പില്‍ക്കാലത്ത് പ്‌ളേമേക്കറുടെ റോളിലേക്ക് ഉയരുകയും ചെയ്തു. കണിശതയാര്‍ന്ന പാസുകളും എതിരാളികളെ വട്ടംകറക്കുന്ന ഡ്രിബഌംഗും അതിശക്തമായ ഷോട്ടുകളും വേഗതുമായിരുന്നു പെലെയുടെ മികവിന്റെ മുഖമുദ്ര. അര്‍ധാവസരങ്ങള്‍പോലം ലക്ഷ്യത്തിലെത്തിക്കുന്ന ബ്രസീലിയന്‍ ഇതിഹാസം ഹെഡറിലൂടെ ഗോള്‍നേടുന്നതിലും അഗ്രഗണ്യനായിരുന്നു.

പെലെയുടെ സമകാലികനായിരുന്ന ഡിസ്‌റ്റെഫാനോ തുടര്‍ച്ചയായി അഞ്ചുവര്‍ഷം റയല്‍ മാഡ്രിഡിനെ യൂറോപ്യന്‍ ചാമ്പ്യന്‍മാരാക്കിയാണ് (1955-56, 1956-57, 1957-58, 1958-59, 1959-60) ഇതിഹാസ താരങ്ങളുടെ പട്ടികയിലേക്ക് ഡ്രിബിള്‍ചെയ്ത് കയറിയത്. റയലിന് വേണ്ടി 282 മത്‌സരങ്ങളില്‍ നിന്ന് 216 ഗോളുകളാണ് ഡിസ്‌റ്റെഫാനോ അടിച്ചുകൂട്ടിയത്. അര്‍ജന്റീനന്‍ ക്ലബ്ബായ റിവര്‍പ്‌ളേറ്റിനുവേണ്ടി 49 ഗോളുകളും കൊളംബിയന്‍ ക്ലബ്ബായ മില്യണയേഴ്‌സിനുവേണ്ടി 88 ഗോളുകളും സ്‌പെയ്‌നിലെ എസ്പാനിയോളിന് വേണ്ടി 11 ഗോളുകളും ഡിസ്‌റ്റെഫാനോ നേടി. കുന്തമുനയെന്ന് കളിക്കളത്തില്‍ അറിയപ്പെട്ട ഡിസ്‌റ്റെഫാനോ അര്‍ജന്റീനയ്ക്ക് വേണ്ടി ആറുമത്‌സരങ്ങള്‍ കളിച്ചു. പക്ഷേ അന്ന് അര്‍ജന്റീന ലോകകപ്പിന് യോഗ്യത നേടിയില്ല. സ്‌പെയ്‌ന് വേണ്ടി 31 മത്‌സരങ്ങളില്‍ നിന്ന് 23 ഗോളുകള്‍ നേടിയെങ്കിലും സ്‌പെയ്‌നും അക്കാലത്ത് ലോകകപ്പ് ബെര്‍ത്ത് നേടിയില്ല. കൊളംബിയയ്ക്ക് വേണ്ടി നാലു മത്‌സരങ്ങളിലും ഡിസ്‌റ്റെഫാനോ ജഴ്‌സിയണിഞ്ഞു.

കാളക്കൂറ്റന്റെ കരുത്തും വേഗതയും തന്ത്രങ്ങളുമാണ് ഡിസ്‌റ്റെഫാനോയെ ഗോള്‍വേട്ടയ്‌ക്കൊപ്പം ശ്രദ്ധേയനാക്കിയത്. എതിരാളികളുടെ പ്രതിരോധക്കോട്ടകള്‍ പിളര്‍ക്കുന്ന ഡിസ്‌റ്റെഫാനോയെ ഗ്രറണ്ടിന്റെ ഏതുഭാഗത്തും കാണാമായിരുന്നു. എതിരാളിയുടെ നീക്കംമുന്‍കൂട്ടിക്കാണാനുളള ശേഷിയായിരുന്നു ഡിസ്‌റ്റെഫാനോയുടെ ഏറ്റവും വലിയ പ്രത്യേകത. റയലിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായ ഡിസ്‌റ്റെഫാനോ ഇപ്പോള്‍ ക്ലബിന്റെ ഓണററി പ്രസിഡന്റ്കൂടിയാണ്.

അര്‍ജന്റീനയ്ക്കും ആരാധകര്‍ക്കും ദൈവവും സാത്താനുമാണ് ഡീഗോ അര്‍മാന്‍ഡോ മാറഡോണ. കളിക്കളത്തിലെ മാന്ത്രിക സ്പര്‍ശം അദ്ദേഹത്തെ ദൈവമാക്കുമ്പോള്‍ വ്യകതിജീവിതത്തിലെ താളപ്പിഴകള്‍ സാത്താനാക്കുന്നു. ആധുനിക കാലത്തെ താരമായ മാറഡോണ അര്‍ജന്റീനയ്ക്ക് വേണ്ടി 91 മത്‌സരങ്ങളില്‍ നിന്ന് 34 ഗോളുകള്‍ നേടി. പെലെയെപ്പോലെ നാലു ലോകകപ്പുകളില്‍(1982,1986,1990,1994) അര്‍ജന്റീനന്‍ കുപ്പായമണിഞ്ഞു.1986 മെക്‌സിക്കോ ലോകകപ്പില്‍ അര്‍ജന്റീനയെ ചാമ്പ്യന്‍മാരുമാക്കി. ഈ ലോകകപ്പിലെ ഇംഗഌണ്ടിനെതിരെയുളള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്‌സരവും മാറഡോണയെന്ന ഇതിഹാസതാരത്തിന്റെ ഇരുപുറങ്ങള്‍ കായികലോകം കണ്ടു.
ദൈവത്തിന്റെ കൈ എന്ന് പില്‍ക്കാല ചരിത്രം വിശേഷിപ്പിച്ച കുപ്രസിദ്ധമായ ഗോള്‍. തലയ്ക്ക് പകരം കൈകൊണ്ടായിരുന്നു ഡീഗോ പന്ത് ഇംഗ്‌ളണ്ടക വലയിലെത്തിച്ചത്. രണ്ടാം ഗോള്‍ ഫുട്‌ബോളിന്റെ ഓര്‍മ്മയില്‍ അതുവരെ ഇല്ലാത്ത ഒന്നായിരുന്നു. അറുപത് മീറ്റര്‍ ഓട്ടത്തിനിടെ ആറ്ഇംഗ്ലീഷ്‌ താരങ്ങളെയും ഗോള്‍കീപ്പറെയും മറികടന്ന് നേടിയ ഗോള്‍. കഴിഞ്ഞനൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോളായി വിലയിരുത്തുന്നതും ഈ മാറഡോണ ഗോള്‍തന്നെ. പക്ഷേ മയക്കുമരുന്നുപയോഗിച്ചതിന് 1994 ലോകകപ്പിനിടെ ഡീഗോയെ നാട്ടിലേക്ക് മടക്കിയയച്ചു. അതിനു മുന്‍പും പതിനഞ്ച് മാസത്തെ വിലക്ക് നേരിടേണ്ടി വന്നിരുന്നു.

അര്‍ജന്റീന ജൂനിയേഴ്‌സ്(116 ഗോളുകള്‍), ബോക്ക ജൂനിയേഴ്‌സ്(70ഗോളുകള്‍),ബാഴ്‌സലോണ(36 ഗോളുകള്‍),നാപ്പോളി(188 ഗോളുകള്‍) എന്നിവിടങ്ങളിലായിരുന്നു മാഡോണയുടെ ക്‌ളബ് കരിയര്‍. കളിക്കളത്തിലെ മികവിനൊപ്പം എന്നുമൊപ്പം വിവാദങ്ങളുടെയും സഹയാത്രികനായിരുന്നു ഈ ഇടങ്കാലന്‍.അഞ്ചടി അഞ്ചിഞ്ചുകാരനായ മാറഡോണ ഗോളടിക്കുന്നതിനൊപ്പം ഗോളടിപ്പിക്കുന്നതിലും മാതൃകയായിരുന്നു. അസാധാരണ പന്തടക്കത്തിലൂടെ എതിരാളിയെ വട്ടംകറക്കി സഹതാരങ്ങള്‍ക്ക് മുന്നേറാന്‍ വഴിയൊരുക്കുന്നതും ഏത്പ്രതിരോധവും പിളര്‍ക്കുന്ന അപ്രതീക്ഷിത പാസുകളും

മാറഡോണ സ്‌പെഷ്യല്‍ തന്നെ. അതിവേഗത്തില്‍ എതിരാളികളെ കബളിപ്പിച്ച് ഇടതുവിംഗിലൂടെ പാഞ്ഞിരുന്ന മാറഡോണ എല്ലാവരുടെയും പേടിസ്വപ്‌നമായിരുന്നു. ഈ മിടുക്ക് സൂപ്പര്‍താരത്തെ നിരന്തര ഫൗളിന് വിധേയനാക്കുകയും ചെയ്തു.

പെലെ ബ്രസീലിലും ലോകകപ്പിലും മാത്രം കളിച്ചാണ് രാജപദവിയിലെത്തിയത്. ഡിസ്‌റ്റെഫാനോയും മാറഡോണയും ഏറ്റവും മികച്ച പ്രതിരോധനിരക്കാരുളള യൂറോപ്പിലും; ഇറ്റാലിയന്‍ ലീഗില്‍ കളിച്ച മാറഡോണ പ്രത്യേകിച്ചും. 1986ല്‍ മാറഡോണ ഏറക്കുറെ ഒറ്റയ്ക്കാണ് അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിച്ചത്. പെലെയ്ക്കാവട്ടെ ദിദി, ഗാരിഞ്ച തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ പിന്തുണയുണ്ടായിരുന്നു.പക്ഷെ മികവുറ്റ താരനിരയുണ്ടായിരുന്നെങ്കിലും അവരെയെല്ലാം അതിശയിക്കുന്ന സ്‌കോറിംഗ് മികവ് പെലെയെ മുന്നിലെത്തിക്കുന്നു. കൂട്ടിക്കിഴിക്കലുകളില്‍ ഇവരുടെ കളങ്ങള്‍ ഏറിയും കുറഞ്ഞും ഗോളുകളാല്‍ നിറയുന്നു . കാലഘട്ടമെന്ന `സൂപ്പര്‍താരവും' കൂട്ടിക്കിഴിക്കലില്‍ ഒപ്പത്തിനൊപ്പമുണ്ട്. കാലവും ചരിത്രവും ഇതൊക്കെയാണ്. കേമന്‍മാരില്‍ കേമനാരെന്ന, ഇന്നലെ വരെയുണ്ടായിരുന്ന ചര്‍ച്ച ഇനിയും കൊഴുക്കും. ഉത്തരം കണ്ടെത്തുക അപ്പോഴും അസാധ്യമായിരിക്കും. അപ്പോള്‍ താരങ്ങളുടെ താരമാരെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. നിങ്ങളുടെ മാത്രം ഇഷ്ടത്തിന് അനുസരിച്ച്.

Resistance Bands, Free Blogger Templates