February 28, 2010

കാലം കാത്തിരുന്നു, സച്ചിനു വേണ്ടി...


അതെ, കാലം കാത്തിരിക്കുകയായിരുന്നു, 2010 ഫെബ്രുവരി 24 വരെ. ക്രിക്കറ്റ് കാത്തിരിക്കുകയായിരുന്നു, സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കര്‍ എന്ന അഞ്ചടി അഞ്ചിഞ്ചുകാരന്റെ ഈയൊരു ഇന്നിംഗ്സിനായി. ഒടുവില്‍ ചരിത്രങ്ങളേറെ പറയാനുളള ഗ്വാളിയോറില്‍ അതു സംഭവിച്ചു. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഇരട്ടസെഞ്ച്വറിയെന്ന സമാനതകളില്ലാത്ത നേട്ടം. റെക്കോര്‍ഡുകളില്‍ നിന്ന് റെക്കോര്‍ഡുകളിലേക്ക് ബാറ്റുവീശുന്ന ബാറ്റിംഗ് ദൈവത്തിന്റെ പേരിനൊപ്പം മറ്റൊരു പൊന്‍തിളക്കം കൂടി. പറഞ്ഞുപഴകിയിട്ടും ലോകമെമ്പാടുമുളള ക്രിക്കറ്റ് പ്രേമികള്‍ ആവര്‍ത്തിക്കുകയാണ്...ദൈവത്തിന് തുല്യം ദൈവം മാത്രം; സച്ചിന് തുല്യന്‍ സച്ചിന്‍ മാത്രവും.

1971 ജനുവരി അഞ്ചിന് ഏകദിന ക്രിക്കറ്റ് ആരംഭിക്കുമ്പോള്‍ വ്യക്തിഗത സ്കോര്‍ 200 കടക്കുമെന്ന് ആരും സ്വപ്നംപോലും കണ്ടിരുന്നില്ല. കാലവും കളിയും കളിക്കാരും മാറിയതോടെ എപ്പോഴും സംഭവിച്ചേക്കാവുന്ന മഹാത്ഭുതമായിരുന്നു ഏകദിനത്തിലെ ഇരട്ടസെഞ്ച്വറി. സയീദ് അന്‍വറും(194), ചാള്‍സ് കവണ്‍ട്രിയും(194*)വിവിയന്‍ റിച്ചാര്‍ഡ്സും(189*) സനത് ജയസൂര്യയുമെല്ലാം (189) ഈ സ്വപ്നനേട്ടത്തിനരികെ വീണത് സച്ചിനുവേണ്ടിയായിരുന്നു. ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസത്തിനുവേണ്ടി മാത്രം. അല്ലെങ്കില്‍ കവണ്‍ട്രി 194ല്‍ ബാറ്റുചെയ്യവേ അന്‍പതാം ഓവര്‍ പൂര്‍ത്തിയാവില്ലായിരുന്നു. അന്‍വറും ജയസൂര്യയും ചരിത്രത്തിന്റെ പടിവാതില്‍ക്കല്‍ ഇടറി വീഴില്ലായിരുന്നു. ചിലത് അങ്ങനെയാണ്. അതിനായി വിധിക്കപ്പെട്ടവര്‍ക്കേ ലക്ഷ്യത്തിലെത്താനാവൂ. ആരെങ്കിലും ഏകദിനത്തില്‍ 200ലെത്തിയാല്‍ , അത് ആഡം ഗില്‍ക്രിസ്റ്റോ വീരേന്ദര്‍ സെവാഗോ ആയിരിക്കുമെന്നാണ് ക്രിക്കറ്റ് പണ്ഡിതന്‍മാര്‍ ജാതകം കുറിച്ചത്. എന്നാല്‍ , മുപ്പത്തിയാറാം വയസ്സിലും ഇരുപതുകാരന്റെ ചുറുചുറുക്കോടെ ബാറ്റുവീശിയ സച്ചിന്‍ , ഓപ്പണറായെത്തി ഇരട്ടസെഞ്ച്വറിയുടെ തിളക്കത്തില്‍ അപരാജിതനായി മടങ്ങിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ക്രിക്കറ്റ്ചരിത്രം ആ മഹാപ്രതിഭയ്ക്ക് മുന്നില്‍ തലകുനിക്കുകയായിരുന്നു.

39 വര്‍ഷത്തെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിനൊപ്പം സച്ചിനും തന്റെ നാനൂറ്റിനാല്‍പ്പത്തിരണ്ടാം ഏകദിനംവരെ കാത്തിരിക്കേണ്ടിവന്നു ഇരട്ടശതകത്തിന്റെ നിറവിലെത്താന്‍.ഡെയ്ല്‍ സ്റ്റെയിന്റെ നേതൃത്വത്തിലുളള ബൗളര്‍മാര്‍ക്കുമേല്‍ പടര്‍ന്നുകയറിയ സച്ചിന്‍ നേരിട്ട നൂറ്റിനാല്‍പ്പത്തിയേഴാം പന്തിലാണ് 200 റണ്‍സെന്ന കാലംകാത്തിരുന്ന കടമ്പകടന്നത്. അതിനിടെ സച്ചിന്റെ വില്ലോയില്‍നിന്ന് 25 ബൗണ്ടറികളും മൂന്നു സിക്സറുകളും അതിര്‍ത്തിവരയ്ക്കപ്പുറത്തേക്ക് ചീറിപ്പാഞ്ഞിരുന്നു. കണക്കുപുസ്തകത്തിന്റെ കളിയായ ക്രിക്കറ്റില്‍ സച്ചിന് മുന്നിലിപ്പോള്‍ തലകുനിക്കാതെ നില്‍ക്കുന്നത് ഒരൊറ്റ റെക്കോര്‍ഡ് മാത്രം. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്നവ്യക്തിഗത സ്കോറായ സാക്ഷാല്‍ ബ്രയന്‍ ചാള്‍സ് ലാറുയടെ പേരിലുളള 400 റണ്‍സിന്റെ റെക്കോര്‍ഡ്. ഇംഗ്ലണ്ടിനെതിരെ ആറുവര്‍ഷം മുന്‍പാണ് ലാറ പുറത്താവാതെ 400 റണ്‍സെടുത്ത് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോറിനുടമയായത്.

കുറച്ചുകാലം മുന്‍പ് സച്ചിന്‍ പരിക്കിന്റെ പിടിയിലായപ്പോള്‍, ഫോം അകന്നുനിന്നപ്പോള്‍ ചില ക്രിക്കറ്റ് വിദഗ്ധര്‍ പറഞ്ഞു... റിക്കി പോണ്ടിംഗ് റെക്കോര്‍ഡുകളുടെ അധിപനാവുമെന്ന്. എന്നാല്‍ തുടക്കക്കാരന്റെ ആവേശത്തോടെ ജീവിക്കുന്ന ബ്രാഡ്മാന്‍ ഈ സീസണില്‍ മാത്രം അടിച്ചുകൂട്ടിയത് പത്ത് സെഞ്ച്വറികളാണ്. ടെസ്റ്റില്‍ ബ്രാഡ്മാന്റെ 99.94 എന്ന ബാറ്റിംഗ് ശരാശരിക്ക് ഏറെ അകലെയാണെങ്കിലും. കഴിഞ്ഞ 12 മാസത്തിനിടെ ടെസ്റ്റില്‍ 78.3ഉം ഏകദിനത്തില്‍ 72.37മാണ് സച്ചിന്റെ ശരാശരി. 10 ടെസ്റ്റില്‍ നിന്ന് ആറ് സെഞ്ച്വറികളും ഏകദിനത്തില്‍ നാലു സെഞ്ച്വറികളുമാണ് ലിറ്റില്‍മാസ്റ്റര്‍ സ്കോര്‍ ചെയ്തത്.

കണക്കുകളില്‍ സച്ചിന്‍ എന്നും ഒന്നാമനാണ്. 442 ഏകദിനങ്ങളില്‍ നിന്ന് 17598 റണ്‍സ്(46 സെഞ്ച്വറികള്‍) 166 ടെസ്റ്റുകളില്‍ നിന്ന് 13447 റണ്‍സുമാണ് (47 സെഞ്ച്വറികള്‍)സച്ചിന്‍ പേരിനൊപ്പമാക്കിയത്. പിന്നിലുളള ജയസൂര്യക്ക് 13428 റണ്‍സും(ഏകദിനം) ലാറയ്ക്ക് 11953(ടെസ്റ്റ്) റണ്‍സുമാണുളളത്. രണ്ട് വിഭാഗത്തിലും പോണ്ടിംഗാണ് മൂന്നാമന്‍. ഏകദിനത്തില്‍ 12731റണ്‍സും 11859 റണ്‍സുമാണ് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്റെ സമ്പാദ്യം. സെഞ്ച്വറികളിലും സച്ചിന്‍ ഏറെ മുന്നില്‍ത്തന്നെ.

രാജ്യാന്തരക്രിക്കറ്റില്‍ ഇരുപതാണ്ട് പിന്നിട്ടിട്ടും ബാറ്റിംഗിനോടുളള ഒടുങ്ങാത്ത അഭിനിവേശമാണ് സച്ചിനെ മറ്റുളളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. 1974 ഏപ്രില്‍ 24ന് മുംബയില്‍ ജനിച്ച സച്ചിന്‍ ശാരദാശ്രമം സ്കൂളില്‍ ബാറ്റുവീശിയ അതേ ആവേശത്തിലാണ് ഇന്നും ക്രീസിലെത്തുന്നത്.മാറുന്ന കാലത്തിനും തത്രങ്ങള്‍ക്കുമനുസരിച്ച് സ്വയം നവീകരിക്കുന്നതിലൂടെ സച്ചിന്‍ കമ്പ്യൂട്ടര്‍ബുദ്ധിയെ അതീജീവിക്കുന്നു. അതിലൂടെ പുതിയഷോട്ടുകള്‍ ജനിക്കുന്നു. പാഡ്ല്‍ സ്വീപ്പും അപ്പര്‍കട്ടുമെല്ലാം ഈ അതിജീവനത്തിന്റെ ഉല്‍പന്നങ്ങളാണ്. കണക്കുകള്‍ക്കപ്പുറം വരുംകാല ക്രിക്കറ്റിനുനുളള സച്ചിന്റെ സംഭാവന. ഇതുതന്നെയാണ് ഒരു ജീനിയസിന്റെ ജീവിതവും. അതെ നമ്മള്‍ ഭാഗ്യവാന്‍മാരാണ്. സച്ചിന്റെ കാലത്ത് ജീവിക്കാന്‍ കഴിഞ്ഞുവെന്ന ഭാഗ്യമാന്‍മാര്‍.

February 19, 2010

ഹര്‍ഭജന്റെ ഏദന്‍തോട്ടം; ലക്ഷ്മണിന്റെയും

കൊല്‍ക്കത്ത: ഒന്നാം ടെസ്റ്റിലെ ഇന്നിംഗ്സ് തോല്‍വിയോടെ കൊല്‍ക്കത്തയിലെത്തിയ ടീം ഇന്ത്യ ഒരൊറ്റവ്യക്തിയെയാണ് ഉറ്റുനോക്കിയത്,ആരാധകരും. ടര്‍ബണേറ്റര്‍ എന്ന ഹര്‍ഭജന്‍ സിംഗിനെ. കാരണം ഈഡന്‍സ് ഗാര്‍ഡന്‍സും ഹര്‍ഭജനും തമ്മിലുളള ബന്ധം അത്രമേല്‍ പ്രതീക്ഷയാണ് അവര്‍ക്ക് നല്‍കിയത്. ഭാജി പ്രതീക്ഷ തെറ്റിച്ചില്ല. എട്ടുവിക്കറ്റുമായി ഹര്‍ഭജന്‍ ഇന്ത്യയുടെ വിജയനക്ഷത്രമാവുകയും ചെയ്തു.

രണ്ടാം ഇന്നിംഗ്സില്‍ അഞ്ചും ഒന്നാം ഇന്നിംഗ്സില്‍ മൂന്നും വിക്കറ്റുകളാണ് ഭാജി വീഴ്ത്തിയത്. ഇതോടെ ഈഡന്‍സ് ഗാര്‍ഡസില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ ബൗളറുമായി ഹര്‍ഭജന്‍. ഈഡനില്‍ ഹര്‍ഭജനിപ്പോള്‍ 46 വിക്കറ്റായി. 40 വിക്കറ്റ് വീഴ്ത്തിയ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ളെയെയാണ് ഹര്‍ഭജന്‍ മറികടന്നത്. ഇതിനേക്കാളുമൊക്കെ വലുതായിരുന്നു രണ്ടാം ഇന്നിംഗ്സില്‍ ഹര്‍ഭജന്‍ വീഴ്ത്തിയ ആല്‍ബി മോര്‍ക്കലിന്റെ വിക്കറ്റ്. അക്ഷരാര്‍ഥത്തില്‍ മില്യണ്‍ ഡോളര്‍ വിക്കറ്റ്. ഇതോടെ ഇന്ത്യ പരമ്പര സമനിലയാക്കി. ഒപ്പം ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിറുത്തകയും ചെയ്തു ധോണിയും സംഘവും.

അനില്‍ കുംബ്ളെ വിരമിച്ചതിന് ശേഷം ഇന്ത്യന്‍ ബൗളിംഗിന്റെ കുന്തമുനയായ ഹര്‍ഭജന്റെ കഴിവില്‍ പലതവണ സംശയമുണര്‍ന്നിരുന്നു. ഒറ്റയ്ക്ക് ടീമിനെ ചുമലിലേറ്റാനാവുമോ എന്ന സംശയം. സംശയം ബാക്കിയാണെക്കിലും ഭാജി കൊല്‍ക്കത്തയില്‍ ഇന്ത്യയുടെ മാനം കാത്തു. നാടകീയമായ മത്സരത്തില്‍ ഒന്‍പത് പന്ത് ശേഷിക്കെയായിരുന്നു ഭാജി മോര്‍നെ മോര്‍ക്കലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്.

വിമര്‍ശനങ്ങള്‍ ബാക്കിനില്‍ക്കെ രണ്ടാം ഇന്നിംഗ്സില്‍ 48.3 ഓവറില്‍ വെറും 59 റണ്‍സ് വഴങ്ങിയാണ് ഭാജി അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. 1.21 റണ്‍സ് വീതമാണ് ഭാജി ഒരോവറില്‍ വിട്ടുകൊടുത്തത്. രണ്ടായിരത്തിന് ശേഷം ഒരിന്ത്യന്‍ ബൗളരുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം കൂടിയാണിത്.

ഹര്‍ഭജന് ഇടത്-വലതുകൈയന്‍ ബാറ്റ്സ്മാന്‍മാര്‍ക്കെതിരെ ഒരുപോലെ മികവു പുലര്‍ത്താനായി എന്നതാണ് മത്സരത്തിന്റെ പ്രത്യേകത. ദക്ഷിണാഫ്രിക്കന്‍ മധ്യനിരയിലെ ഇടംകൈയന്‍മാരായ ആഷ് വെല്‍ പ്രിന്‍സിനെയും ജെ പി ഡ്യുമിനിയെയും തുടക്കത്തിലേ പുറത്താക്കിയതായിരുന്നുമത്സരത്തിലെ വഴിത്തിരിവ്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാജി ടെസ്റ്റില്‍ അഞ്ചുവിക്കറ്റ് പ്രകടനം പുറത്തെടുക്കുന്നത്.

ഓസ്ട്രേലിയക്കെതിരെ 2001ല്‍ ഇന്ത്യ നേടിയ ചരിത്രവിജയത്തിലും ഹര്‍ഭജന്റെ ബൗളിംഗ് നിര്‍ണായകമായിരുന്നു, അതിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ടര്‍ബണേറ്ററുടെ ബൗളിംഗ്. അന്നും നിര്‍ണായകമായ അവസാന വിക്കറ്റ് ലഗ് ബിഫോര്‍ വിക്കറ്റിലൂടെ ഭാജിയാണ് നേടിയത്.

ഭാജിക്ക് മാത്രമല്ല വിവിഎസ് ലക്ഷ്മണിനും മറക്കാനാവാത്ത ടെസ്റ്റായിരുന്നു ഇത്. ലക്ഷ്ണണ്‍ ഈഡനില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കി. ഈനേട്ടം കൈവരിക്കുന്ന ആദ്യ ബാറ്റ്സ്മാനാണ് ലക്ഷ്മണ്‍ . ഒമ്പത് ടെസ്റ്റുകളില്‍ നിന്ന് നാലു സെഞ്ച്വറികളോടെയാണ് ലക്ഷ്ണണ്‍ ഈഡനില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയത്. മധ്യനിരയില്‍ തന്റെ സാന്നിധ്യം എത്രമാത്രം വലുതാണെന്ന് ഒരൊറ്റ ഇന്നിംഗ്സിലൂടെ ലക്ഷ്ണണ്‍ തെളിയച്ചു. ലക്ഷ്ണണ്‍ പുറത്താവാതെ 143 റണ്‍സാണ് നേടിയത്. ടെസ്റ്റില്‍ ലക്ഷ്ണണിന്റെ പതിനഞ്ചാം സെഞ്ച്വറിയായിരുന്നു ഇത്.

രണ്ടിന്നിംഗ്സിലും ശതകം നേടിയ ഹാഷിം അംലയുടെ നേട്ടവും ശ്രദ്ധേയമാണ്. അവസാന ശ്വാസംവരെ പൊരുതിയിട്ടും ടീമിനെ രക്ഷിക്കാനാവാത്തതിന്റെ ദു:ഖവും അംലയെ ഏറെനാള്‍ തുടരുമെന്നുറപ്പ്. മൂന്നിന്നിംഗ്സുകളില്‍ നിന്ന് അംല 490 റണ്‍സാണ് നേടിയത്. ഇരട്ടശതകമടക്കം മൂന്നു സെഞ്ച്വറി. രണ്ടു ടെസ്റ്റുകളിലായി 1402 മിനിറ്റാണ് അംല ക്രീസില്‍ ചിലവഴിച്ചത്. 23 മണിക്കൂറും 22 മിനിറ്റും.

February 11, 2010

സ്വയം കുഴിച്ചകുഴിയില്‍ വീണ ടീം ഇന്ത്യ

നാഗ്പൂരില്‍ ഭയപ്പെട്ടത് തന്നെ സംഭവിച്ചു. പ്രതീക്ഷിച്ചതിലും ദാരുണമായി. ഇന്നിംഗ്സിനും ആറു റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വീഴ്ച. അതും രണ്ടും ദിവസം ബാക്കിനില്‍ക്കേ. വിരേന്ദര്‍ സെവാഗും സച്ചിന്‍ ടെന്‍ഡുല്‍ക്കറും സെഞ്ച്വറി നേടിയിട്ടും ഇന്നിംഗ്സ് തോല്‍വിയെന്ന നാണക്കേട് ഒഴിവാക്കാന്‍ മഹേന്ദ്ര സിംഗ് ധോണിക്കും സംഘത്തിനും കഴിഞ്ഞില്ല. ലോക റാങ്കിംഗില്‍ ഒന്നാമന്‍മാരായ ഇന്ത്യക്ക് പിഴച്ചതെവിടെയാണ്. എതിരാളികളുടെ കരുത്തിലോ അതോ സ്വയം കുഴിച്ചകുഴിയില്‍ വീഴുകയായിരുന്നോ ടീം ഇന്ത്യ. പരമ്പര ആരംഭിക്കുന്നതിനു മുന്‍പുതന്നെ ക്രിക്കറ്റ്ലോകം ആകാംക്ഷയോടെ ഉറ്റുനോക്കിയത് ഇന്ത്യന്‍ മധ്യനിരയിലേക്കായിരുന്നു. ഒരുപതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ ബാറ്റിംഗിന്റെ വന്‍മതിലായ രാഹുല്‍ ദ്രാവിഡിന്റെയും അപകടഘട്ടങ്ങളില്‍ ടീമിന്റെ രക്ഷകനായി അവതരിക്കുന്ന വിവിഎസ് ലക്ഷ്മണിന്റെയും അഭാവമായിരുന്നു ഇതിന് കാരണം. 18,398 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ടെസ്റ്റില്‍ നിന്ന് അടിച്ചുകൂട്ടിയിട്ടുളളത്. വന്‍മതിലും രക്ഷകനുമില്ലാത്ത ടീം ഇന്ത്യ എന്താകുമെന്ന് മനസ്സിലാകാന്‍ വെറും മുന്നു ദിവസമേ വേണ്ടിവന്നുളളൂ. നാഗ്പൂര്‍ ടെസ്റ്റില് ‍172.2 ഓവറായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്സുകളുടെ ആയുസ്സ്. ഹാഷിം അംലയും ജാക് കാലിസും തകര്‍ത്താടിയ പിച്ചിലായിരുന്നു ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ കൂട്ടയാത്മഹത്യ എന്നുകൂടിയോര്‍ക്കണം. അതോടെ ദ്രാവിഡും ലക്ഷ്മണും അസാന്നിധ്യം കൊണ്ടും താരങ്ങളായി.

ഡെയ്ല്‍ സ്റ്റെയ്ന്‍ ഇന്ത്യന്‍ ഇന്നിംഗ്സിനെ എങ്ങനെ ചുരുട്ടിക്കെട്ടിയെന്നതും ശ്രദ്ധേയമാണ്. സ്റ്റെയ്ന്റെ പേസിനും സ്വിംഗിനും ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല; പോള്‍ ഹാരിസിന്റെ സ്പിന്നിനും. സ്റ്റെയ്ന്‍ പത്തുവിക്കറ്റാണ് മത്സരത്തില്‍ കൊയ്തെടുത്തത്. അസാധാരണ പ്രതിഭകളായ സെവാഗും സച്ചിനും സെഞ്ച്വറി നേടിയെങ്കിലും അതൊന്നും ഇന്ത്യന്‍ തകര്‍ച്ചയെ രക്ഷിക്കാന്‍ മതിയായിരുന്നില്ല.സുബ്രഹ്മണ്യം ബദരിനാഥിന്റെ അരങ്ങേറ്റ ഇന്നിംഗ്സിലെ അര്‍ധസെഞ്ച്വറികൂടി മാറ്റിയാല്‍ ശുഷ്കമാണ് ഇന്ത്യന്‍ സ്കോര്‍കാര്‍ഡ്. രണ്ടിന്നിംഗ്സിലും പൊരുതാതെയാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ കൂടാരം കയറിയത്. ഗംഭീറിന്റെ പരാജയവും യുവരാജിന്റെ അഭാവംകൂടിയായപ്പോള്‍ എല്ലാം ഇന്ത്യയുടെ കൈവിട്ടു. ബൗളര്‍മാര്‍കൂടി കളിമറന്നതതോടെ ദക്ഷിണാഫ്രിക്കയ്ക്ക് കാര്യങ്ങള്‍ എളുപ്പമാവുകയും ചെയ്തു.

ദ്രാവിഡും ലക്ഷ്മണും ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ തോല്‍ക്കില്ലായിരുന്നു എന്ന് സമര്‍ഥിക്കാനുളള ശ്രമമല്ലിത്. പക്ഷേ, അവരുണ്ടായിരുന്നെങ്കില്‍ ഇന്ത്യക്ക് ഇങ്ങനെയൊരു തോല്‍വിയുണ്ടാവില്ലെന്നുറപ്പായിരുന്നു. അതിനേക്കാള്‍ പ്രധാനം ഇവരുടെ അഭാവം ഇന്ത്യന്‍ ക്രിക്കറ്റിനെ എങ്ങനെ ബാധിക്കുന്നുവെന്നതാണ്. 37കാരനായ ദ്രാവിഡും 36കാരനായ സച്ചിനും 35കാരനായ ലക്ഷ്മണും ഏറിയാല്‍ മൂന്നോനാലോ വര്‍ഷംകൂടിയേ രാജ്യാന്തര ക്രിക്കറ്റില്‍ പാഡണിയാന്‍ സാധ്യതയുളളൂ. പേസും സ്പിന്നും ഒരുപോലെനേരിടുന്ന, ടീമിന്റെ നെടുന്തൂണുകളായ ഇവര്‍ക്ക്ശേഷം ഇന്ത്യന്‍ മധ്യനിരയുടെ അവസ്ഥയെന്താകും?.ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങിയ ടീമുകള്‍ ശക്തരായ പകരക്കാരെ വാര്‍ത്തെടുക്കുന്ന സാഹചര്യത്തില്‍.

ഇവിടെയാണ് വന്‍മതിലായ ദ്രാവിഡിന്റെയും ലക്ഷ്മണിന്റെയും സാന്നിധ്യം വീണ്ടും നിര്‍ണായകമാവുന്നത്. ദ്രാവിഡും ഗാംഗുലിയും ലക്ഷ്മണുമെല്ലാം ഒറ്റയടിക്ക് താരങ്ങളായവരല്ല. മികച്ച ബാറ്റിംഗ് നിരയുടെഭാഗമായി, മുതിര്‍ന്നതാരങ്ങളുടെ നേരനുഭവങ്ങളില്‍ നിന്ന് പാഠങ്ങള്‍ പഠിച്ചാണ് ഇവര്‍ ടീം ഇന്ത്യയുടെ അവിഭാജ്യഘടകങ്ങളായത്. അതേസമയം ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിലേക്ക് നോക്കൂ, എസ് ബദരിനാഥ്, വൃദ്ധിമാന്‍ സാഹ, മുരളി വിജയ് തുടങ്ങിയവര്‍ക്ക് മുന്നിലുളളത് സച്ചിന്‍ മാത്രം.ഇവരാണ് വരുനാളുകളില്‍ ഇന്ത്യയുടെ മധ്യനിരയ്ക്ക് കരുത്ത് പകരേണ്ടത് എന്നുകൂടിയോര്‍ക്കുക.
ലഭിച്ച അവസരം വേണ്ടവിധം ഉപയോഗിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല എന്നതും മറ്റൊരു സത്യം. ടീമിലേക്ക് വരുന്ന സുരേഷ് റെയ്ന, ദിനേശ് കാര്‍ത്തിക്, വരാനിടയുളള രോഹിത് ശര്‍മ, വിരാട് കോലി, മനോജ് തിവാരി തുടങ്ങിയവരുടെ അവസ്ഥയും വ്യത്യസ്തമല്ല.

ആരാണിതിന് ഉത്തരവാദി?. ഒരൊറ്റയുത്തരമേയുളളൂ. ദീര്‍ഘവീക്ഷണമില്ലാത്ത നമ്മുടെ സെലക്ടര്‍മാര്‍. ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍മഴചൊരിഞ്ഞ ബദരിനാഥ് ഇരുപത്തിയൊന്‍പതാം വയസിലാണ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. വൃദ്ധിമാന്‍ സാഹയെക്കാള്‍ മികച്ച റെക്കോര്‍ഡുളള ദിനേശ് കാര്‍ത്തിക് ഒന്നാം ടെസ്റ്റിനുളള ടീമില്‍പ്പോലും അംഗമായിരുന്നില്ല. ടീം കോമ്പിനേഷനില്‍പ്പോലും സെലക്ടര്‍മാര്‍ക്ക് ധാരണയുണ്ടായിരുന്നില്ല.

ദ്രാവിഡും ലക്ഷ്മണും കഴിഞ്ഞ ബംഗ്ലാദേശ് പര്യടനത്തിനിടെയാണ് പരിക്കിന്റെ പിടിയിലായത്. എന്നാല്‍ ബംഗ്ലാദേശിനെപ്പോലെ ദുര്‍ബലമായൊരു ടീമിനെതിരെ ദ്രാവിഡിനും ലക്ഷ്മണും സച്ചിനുമെല്ലാം വിശ്രമം നല്‍കുകയായിരുന്നു വേണ്ടിയിരുന്നത്. അങ്ങനെയെങ്കില്‍ ദക്ഷിണാഫ്രിക്കപോലുളള അതിശക്തരായ ടീമിനെതിരെയുളള​ ഇന്ത്യന്‍ ഇലവനില്‍ ദ്രാവിഡും ലക്ഷ്മണും ഉണ്ടാവുമായിരുന്നു. ഇവര്‍ക്ക് വിശ്രമം നല്‍കുന്നത് വഴി ബദരിനാഥിനെപ്പോലുളള നവാഗതര്‍ക്ക് മത്സരപരിചയത്തിന് അവസരമൊരുക്കാമായിരുന്നു. അതിനേക്കാളുപരി തുടക്കക്കാര്‍ക്ക് ബംഗ്ലാദേശിനെ പോലുളള​ടീമുകള്‍ക്കെതിരെ കളിക്കുമ്പോഴുണ്ടാകുന്ന ആത്മവിശ്വാസവും വളരെവലുതാണ്. പകരക്കാരെ കണ്ടെത്താനുളള ഇത്തരം അവസരങ്ങളാണ് സെലക്ടര്‍മാര്‍ കളഞ്ഞുകുളിച്ചത്, കുളിച്ചുകൊണ്ടിരിക്കുന്നത്.

നാളെയുടെ താരങ്ങളെ എങ്ങനെ കണ്ടെത്തുന്നു, അവര്‍ക്ക് എങ്ങനെ അവസരം നല്‍കുന്നു എന്നതിനെ ആശ്രയിച്ചുതന്നെയായിരിക്കും ഏതൊരുടീമിന്റയും ഭാവി. ബാറ്റിംഗില്‍ മാത്രമല്ല ബൗളിംഗിലും ഇന്ത്യയുടെ നില ഭദ്രമല്ല. ഹര്‍ഭജന്‍ സിംഗിന് പകരക്കാരനെ ചൂണ്ടിക്കാണിക്കാന്‍ ആഭ്യന്തരക്രിക്കറ്റില്‍പ്പോലും ഒരുപേരില്ല. ഇങ്ങനെയുളള അവസ്ഥയിലാണ് ടീം ഇന്ത്യ ലോകറാങ്കിംഗിലെ ഒന്നാം സ്ഥാനം നിലനിറുത്താനൊരുങ്ങുന്നതെന്നോര്‍ക്കുക.

Resistance Bands, Free Blogger Templates