May 29, 2013

ധോണിയുടെ മൗനത്തിന് പിന്നില്‍

ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് ഒത്തുകളി വിവാദത്തില്‍ കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഒത്തുകളിക്ക് പിടിയിലായ എസ് ശ്രീശാന്തും അങ്കീത് ചവാനും അജിത് ചാന്ദിലയുമൊക്കെ വാര്‍ത്തയുടെ പിന്നാമ്പുറത്തായിക്കഴിഞ്ഞു. ബി സി സി ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസനും മരുമകന്‍ ഗുരുനാഥ് മെയ്യപ്പനും ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുമൊക്കെയാണ് ഇപ്പോഴത്തെ താരങ്ങള്‍. പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ലെന്ന ശ്രീനിവാസന്റെ തീരുമാനവും ഇതിനായുളള വാദങ്ങളും വാര്‍ത്താലോകത്ത് പറപറക്കുകയാണ്. എന്നാല്‍, ഇതിനിടയില്‍ എം എസ് ധോണിയുടെ മൗനമാണ് ഏറ്റവും ശ്രദ്ധേയം.

ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച സംഭവമായിട്ടും ഇക്കാര്യത്തില്‍ ധോണി പ്രതികരിക്കുന്നില്ലെന്നതാണ് കാര്യങ്ങള്‍ പുതിയ തലത്തിലെത്തിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ പതിനെട്ടടവും പയറ്റിയിട്ടും ധോണി മൗനം പാലിച്ചു. ധോണി എന്തൊക്കെയോ മറയ്ക്കുന്നു എന്നുതന്നെയാണ് ഈ മൗനം വ്യക്തമാക്കുന്നത്. അല്ലെങ്കില്‍ ആരെയൊക്കെയോ മനപൂര്‍വം സംരക്ഷിക്കുന്നു.

എല്ലാകാര്യത്തിലും വ്യക്തമായ അഭിപ്രായം ഉളള വ്യക്തിയാണ് ധോണി. ഇത് എപ്പോഴും തുറന്ന് പറയാറുമുണ്ട്. ഇങ്ങനെയൊരു വ്യക്തിയാണ് ചോദ്യങ്ങളുടെ മലവെളളപ്പാച്ചില്‍ ഉണ്ടായിട്ടും മൗനം പാലിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ എന്നത് വെറുമൊരു പദവിയല്ലെന്നതും ധോണിയുടെ മൗനത്തിന് പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കുന്നു. ബി സി സി ഐയുടെ വിലക്കുളളപ്പോള്‍ തന്നെ, ഇന്ത്യന്‍ ക്രിക്കറ്റിനെ സാരമായി ബാധിക്കുന്ന ആരോപണത്തില്‍ ധോണി മറുപടി പറയേണ്ടത് അനിവര്യതയാണ്. അല്ലാത്തപക്ഷം , ധോണിക്കും ഇതില്‍ പങ്കുണ്ടെന്ന് വിശ്വസിക്കേണ്ടിവരും. ഈ വിശ്വാസം സാധൂകരിക്കത്തക്ക വിധത്തിലാണിപ്പോള്‍ കാര്യങ്ങളുടെ പോക്ക്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സാണിപ്പോള്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് വിവാദക്കടലില്‍ പെട്ടിരിക്കുന്നത്. ടീം പ്രിന്‍സിപ്പല്‍ ഗുരുനാഥ് മെയ്യപ്പന്‍ അറസ്റ്റിലായിക്കഴിഞ്ഞു. മെയ്യപ്പന്‍ വാതുവയ്പില്‍ പങ്കാളിയായെന്നും തെളിവുകള്‍ ലഭിച്ചു. ഈ ടീം ബി സി സി ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെ ഉടമസ്ഥതയില്‍ ഉളളതാണ്. ഇന്ത്യാ സിമന്റ്‌സ് എന്ന കമ്പനിയുടെ പേരിലാണ് സി എസ് കെ ടീമുളളത്. ഇന്ത്യാ സിമന്റ്‌സിന്റെ വൈസ് പ്രസിഡന്റാണ് ധോണി. അപ്പോള്‍ ധോണി-ശ്രീനിവാസന്‍-മെയ്യപ്പന്‍ ബന്ധം പകല്‍പോലെ വ്യക്തം.

ധോണി-ശ്രീനിവാസന്‍-മെയ്യപ്പന്‍ എന്നിവര്‍ അറിഞ്ഞുകൊണ്ടു മാത്രമേ സി എസ് കെയില്‍ എന്തും സംഭവിക്കൂ. ഇങ്ങനെയെങ്കില്‍ ഒത്തുകളി ധോണിയും അറിഞ്ഞിരിക്കും. ധോണിയെയും മരുമകനെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ശ്രീനിവാസന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിയാത്തത്. അന്വേഷണ കമ്മീഷന്‍ എല്ലാ കാര്യങ്ങളും പരിശോധിക്കും എന്നാണ് ശ്രീനിവാസന്റെ വിശദീകരണം. ശ്രീനിവാസന്‍ അധ്യക്ഷനായിരിക്കേ, ബോര്‍ഡ് നടത്തുന്ന അന്വേഷണം എത്രമാത്രം നീതിയുക്തമായിരിക്കും എന്ന് ചിന്തിക്കാവുന്നതേയുളളൂ.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അവിഹിത ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്ന് തന്നെയാണ് കരുതേണ്ടത്. അല്ലെങ്കില്‍ എന്തുകൊണ്ട് അന്വേഷണം കഴിയുംവരെയെങ്കിലും ശ്രീനിവാസന് തല്‍സ്ഥാനത്തുനിന്ന് മാറിനിന്നുകൂടാ. ഇതേപശ്ചാത്തലത്തിലാണ് ധോണിയുടെ മേലും സംശയത്തില്‍ കരിനിഴല്‍ വീഴുന്നത്.

വാതുവയ്പിന് പിടിയിലായ ബോളിവുഡ് നടന്‍ വിന്ദു ധാരാസിംഗും ധോണിയുടെ ഭാര്യ സാക്ഷി റാവത്തും ചെന്നൈയുടെ മത്സരം കാണാന്‍ ഒരുമിച്ചിരുന്നത് ലോകം മുഴുവന്‍ കണ്ടുകഴിഞ്ഞു. വി വി ഐ പി പവലിയനില്‍ വിന്ദു എങ്ങനെ എത്തി എന്നതും ഇവരുടെ ബന്ധം വ്യക്തമാക്കുന്നത്. ഇതേക്കുറിച്ച് നിഷേധം നടത്താന്‍പോലും ധോണി തയ്യാറായിട്ടില്ല. ആളുകള്‍ അങ്ങനെ പലതും പറയുമെന്ന് മാത്രമായിരുന്നു വിവാദങ്ങളെക്കുറിച്ച് സാക്ഷിയുടെ പ്രതികരണം.

ധോണിയുടെ മൗനം ഇന്ത്യന്‍ ക്രിക്കറ്റിനെ ആകെയാണ് ബാധിക്കുക. ഐ പി എല്ലിന്റെ ആരവം അടങ്ങുംമുന്‍പ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കാനിറങ്ങുകയാണ്. ഒത്തുകളിയെന്ന ദുര്‍ഭൂതം ടീം ഇന്ത്യയെ വേട്ടയാടും എന്നുറപ്പാണ്. അതിനപ്പുറത്ത് മാധ്യമവിചാരണയും ടീം ഇന്ത്യയുടെ ഉറക്കംകെടുത്തും. ധോണിയുടെ വിശദീകരണത്തിലൂടെ ഒരുപരിധിവരെ ഇതിനൊക്കെ മറുപടി കണ്ടെത്താനാവും. എന്നാല്‍ ധോണി മൗനം പാലിക്കുന്നതിലൂടെ സംശയം വര്‍ധിക്കുകയാണ്, ആരോപണങ്ങളും.

എന്തൊക്കെയോ മറയ്ക്കാനുളളതിനാലാണ് ധോണിയുടെ മൗനമെന്നാണ് കരുതേണ്ടത്. ഒത്തുകളിയെ തളളിപ്പറയാന്‍പോലും ധോണി തയ്യാറാവാത്തതും അതുകൊണ്ടുതന്നെയാവണം. രാഹുല്‍ ദ്രാവിഡ്, കീര്‍ത്തി ആസാദ്, മനീന്ദര്‍ സിംഗ് എന്നിവര്‍ മാത്രമാണ് ഇതിനെതിരെ രംഗത്തെത്തിയത്. കപില്‍ ദേവ്, കെ ശ്രീകാന്ത്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സുനില്‍ ഗാവസ്‌കര്‍, രവി ശാസ്ത്രി എന്നിവരെല്ലാം ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ശ്രീനിവാസന്‍ രാജിവയ്ക്കണം എന്നുപറയാനുളള ധീരതപോലും ഇതിഹാസ താരങ്ങള്‍പോലും തയ്യാറാവുന്നില്ല. ബി സി സി ഐ നല്‍കുന്ന കോടിക്കണക്കിന് രൂപ ഇല്ലാതാവും എന്ന ഭയം മാത്രമാണ് ഈ മൗനത്തിന് പിന്നില്‍. അതോടെ ഒരുകാര്യം വ്യക്തം. പണമാണ് എല്ലാം ഭരിക്കുന്നത്. നീതിയും സത്യവുമെല്ലാം അധികാരത്തിനും പണത്തിനും മുന്നില്‍ തമസ്‌കരിക്കപ്പെടും.

May 23, 2013

ക്രിക്കറ്റ് മാന്യന്‍മാരുടെ കളി തന്നെയാണ്


ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ എസ് ശ്രീശാന്ത് അടക്കം മൂന്ന് കളിക്കാര്‍ ഒത്തുകളിക്ക്പിടിക്കപ്പെട്ടതോടെ ആ പഴകിത്തേഞ്ഞ ചോദ്യം വീണ്ടും സജീവമായി. ക്രിക്കറ്റ് മാന്യന്‍മാരുടെ കളിയാണോ എന്ന പഴഞ്ചന്‍ ചോദ്യം. ക്രിക്കറ്റ് മാന്യന്‍മാരുടെ കളിയല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ കാര്യകാരണങ്ങളുടെ ഘോഷയാത്രയും പിന്നാലെ വന്നു.

സത്യത്തില്‍ ഇത് ക്രിക്കറ്റിന്റെ മാത്രം കുഴപ്പമാണോ?. ലോകത്തിനാകെ സംഭവിച്ച അപചയത്തിന്റെ ഭാഗം മാത്രമല്ലേ ക്രിക്കറ്റിലും സംഭവിച്ചത്. അല്ലാതെ ക്രിക്കറ്റിന് മാത്രമായി അപചയം ഇവിടെ സംഭവിച്ചോ?. കരുതിക്കൂട്ടി കാടടച്ച് വെടിവയ്ക്കുന്നതില്‍ കഴമ്പുണ്ടോ?. തീര്‍ച്ചയായും ഇല്ലെന്നാണ് ഈയുളളവന്റെ അഭിപ്രായം. നിങ്ങള്‍ക്ക് യോജിക്കാം വിയോജിക്കാം. എങ്കിലും ക്രിക്കറ്റ് മാന്യന്‍മാരുടെ കളിയല്ലാതായി മാറി എന്ന വാദക്കാരോടുളള എന്റെ വിയോജനക്കുറിപ്പാണിത്.

എസ് ശ്രീശാന്ത്, അങ്കിത് ചവാന്‍, അജീത് ചാന്തില എന്നിവര്‍ രാജസ്ഥാന്‍ റോയല്‍സിനെയും ക്രിക്കറ്റിനെയും കാശ് മുടക്കിയും അല്ലാതെയും കളികാണുന്നവരെയും വഞ്ചിച്ചു എന്നതില്‍ തര്‍ക്കമില്ല. രാജ്യത്ത് കിട്ടാവുന്നതില്‍ വച്ചേറ്റവും വലിയ ശിക്ഷ മാതൃകാപരമായി ഇവര്‍ക്ക് നല്‍കുകയും വേണം. ഇക്കാര്യത്തില്‍ ലേഖകന് രണ്ടഭിപ്രായമില്ല. പക്ഷേ, ഈ വാതുവയ്പുകൊണ്ട് ക്രിക്കറ്റ് മാന്യന്‍മാരുടെ കളി അല്ലാതാവുന്നില്ല.

ഇരുന്നൂറിലധികം കളിക്കാര്‍ ഒന്‍പത് ടീമുകളിലായി ഐ പി എല്ലില്‍ കളിക്കുന്നുണ്ട്. ഇതില്‍ മൂന്ന് പേരാണ് പിടിക്കപ്പെട്ടത്. ഒരുപക്ഷേ, കുറേക്കളിക്കാര്‍കൂടെ പിടിക്കപ്പെട്ടേക്കാം. അപ്പോഴും അതെങ്ങനെ കളിയുടെ കുഴപ്പമാവും. ദുരാഗ്രഹികളായ കളിക്കാരുടെ കുഴപ്പത്തിന് കളിയെന്ത് പിഴച്ചു. നമ്മുടെ സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് ക്രിക്കറ്റ് ലോകവും. എല്ലാത്തരത്തിലുമുളള മനുഷ്യരെയും കളിക്കാര്‍ക്കിടയിലും കാണാം. അപ്പോള്‍ ഒത്തുകളി തികച്ചും വ്യക്തിപരമോ അല്ലെങ്കില്‍ ചില ആളുകളുടെയോ ദുരാഗ്രഹം മാത്രമാണ്.

നമ്മള്‍ ഒരുകുട്ട ആപ്പിള്‍ വാങ്ങുമ്പോള്‍ അതില്‍ ഒന്നോ രണ്ടോ ചീഞ്ഞ ആപ്പിള്‍ കണ്ടേക്കാം. എന്നുകരുതി ആ കുട്ടമുഴുവനായി നമ്മള്‍ ഉപേക്ഷിക്കാറില്ല. രുചിയോടെ മറ്റ് ആപ്പിളുകള്‍ ഭക്ഷിക്കുകയും ചെയ്യും. ഇതുപോലെ ഒത്തുകളിക്കാരെ ശിക്ഷിക്കുകയാണ് വേണ്ടത്. ക്രിക്കറ്റ് പ്രേമികള്‍ ഒത്തുകളിക്കാരെയല്ല ഇഷ്ടപ്പെടുന്നത്. കളിയുടെ ആവേശത്തെയാണ്.

ഒത്തുകളി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മനുഷ്യന്‍ സമൂഹമായി ജീവിക്കാന്‍ തുടങ്ങിയ കാലത്ത് തുടങ്ങിയതാണ് ഈ ഏര്‍പ്പാട്. ക്രിക്കറ്റില്‍ മാത്രമല്ല, ജീവിതത്തിന്റെ സമസ്ത മേഖലയിലും ഇത് കാണാം. എന്നുവച്ച് നാം അതെല്ലാം ഉപേക്ഷിക്കാറില്ല. രാഷ്ട്രീയത്തിലും മതത്തിലും വ്യവസായത്തിലുമെല്ലാം ഒത്തുകളി സര്‍വസാധാരണമാണ്. മനുഷ്യന്‍ ജന്മനാ അത്യാഗ്രഹിയാണ്. അല്ലാത്തവര്‍ വിരളമായിരിക്കും. ഈ ആഗ്രഹത്തെ നിയന്ത്രിക്കാനുളള ശ്രമമാണ് ഒരര്‍ഥത്തില്‍ ജീവിതത്തിലെ ഏറ്റവും വലിയ പോരാട്ടം. ഈ പോരാട്ടത്തില്‍ തളരുന്നവര്‍ ഒത്തുകളിക്കും മറ്റ് കുത്സിത പ്രവര്‍ത്തനങ്ങള്‍ക്കും പുറകേ പോകുന്നതില്‍ അത്ഭുതമില്ല. മിക്കതും നമ്മള്‍ അറിയാത്തതിനാല്‍ എല്ലാം മാന്യതയുടെ മുഖംമൂടിയണിഞ്ഞിരികുന്നു എന്നുമാത്രം.

രാഷ്ട്രീയക്കാരുടെ കാര്യം തന്നെനോക്കൂ. അഴിമതി നടത്താത്ത എത്ര നേതാക്കള്‍ നമ്മുടെ നാട്ടിലുണ്ട്. കണക്കുകൂട്ടാന്‍പോലും പ്രയാസമുളളത്രയും കോടികളാണ് അഴിമതിയിലൂടെ നാടിനെ നന്നാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ സ്വന്തം അക്കൗണ്ടുകളിലേക്ക് ഒഴുക്കുന്നത്. രാഷ്ട്രീയപ്രബുദ്ധത പ്രസംഗിക്കുന്നവര്‍ ഇതൊക്കെ വിഴുങ്ങി രാഷ്ട്രീയക്കാരുടെ വാലാട്ടികളായി പോകുന്നില്ലേ?. അങ്ങനെയെങ്കില്‍ രാഷ്ട്രീയം ഇപ്പോള്‍ മാന്യന്‍മാരുടെ ഇടപാടാണോ?.

ലോകത്തില്‍ ഏറ്റവുമധികം മനുഷ്യരുടെ ജീവന്‍ അപഹരിച്ചത് ഇവിടെയുളള വിവിധ മതങ്ങളാണ്. മതങ്ങളുടെ പേരില്‍ ഇന്നും നിരവധിപ്പേര്‍ കൊല്ലപ്പെടുന്നു. എന്നിട്ടും ലോകം മതത്തിന് പിന്നാലെ പായുന്നു. മതപുരോഹിതരുടെ കാര്യമോ?. വേദങ്ങളെ ഉദ്ധരിച്ച് പ്രബോധനം നടത്തുന്ന പുരോഹിതന്മാരുടെ സ്വകാര്യജീവിതം (എല്ലാവരുടേയുമല്ല) എല്ലാവര്‍ക്കും അറിയാവുന്നതാണ്. എല്ലാംഅറിഞ്ഞിട്ടും ഒന്നും കണ്ടില്ലെന്ന് നടിക്കുന്നതിന് മാസ്റ്റര്‍ ഡിഗ്രിയുളള നമ്മള്‍ക്ക് അപ്പോഴും കുഴപ്പമൊന്നുമില്ല. മതം ഇപ്പോള്‍ മാന്യന്‍മാരുടെ ഇടപാടാണോ?.

ലോകത്തിന്റെ കാവലാളുകളായ മാധ്യമപ്രവര്‍ത്തകരുടെ കാര്യവും വ്യത്യസ്തമല്ല. പണംവാങ്ങി വാര്‍ത്ത നല്‍കുന്നതും പണംവാങ്ങി വാര്‍ത്ത നല്‍കാതിരിക്കുന്നതും പരസ്യമായ രഹസ്യമാണ്. അപ്പോള്‍ മാധ്യമപ്രവര്‍ത്തനം മാന്യന്‍മാരുടെ ഇടപാടാണോ?.

ലോകത്തെ ഏറ്റവും ജനനപ്രിയ കളിയാണ് ഫുട്‌ബോള്‍. ഇറ്റാലിയന്‍ ഫുട്‌ബോള്‍ എന്നും ഒത്തുകളി വിവാദത്തിന്റെ നിഴലിലാണ്. മൂന്ന് വര്‍ഷം മുന്‍പ് സെരി എ ചാമ്പ്യന്‍മാരായ യുവന്റസിനെ രണ്ടാം ഡിവിഷനിലേക്ക് ഒത്തുകളിയെത്തുടര്‍ന്ന് തരംതാഴ്ത്തി. സാക്ഷാല്‍ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കളിക്കുന്ന സ്പാനിഷ് ലീഗും ഇത്തവണ ഒത്തുകളി ആരോപണം നേരിട്ടിരിക്കുന്നു. ഇക്കാര്യത്തില്‍ സ്‌പെയ്‌നില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഫുട്‌ബോളില്‍ മാത്രമല്ല മറ്റ് കളികളിലും ഈ ഒത്തുകളിയെ നമുക്ക് അവഗണിക്കാനാവില്ല. കാരണം അത് യാഥാര്‍ഥ്യമാണ്. നന്‍മയും തിന്‍മയും ഉണ്ടെങ്കില്‍ സത്യവും അസത്യവും ഉണ്ടെങ്കില്‍ ഒത്തുകളിയും ചതിയും വഞ്ചനയുമെല്ലാം യാഥാര്‍ഥ്യമാണ്. അതുംകൂടി ചേര്‍ന്നതാണല്ലോ ഈ ലോകം. അപ്പോള്‍ ക്രിക്കറ്റ് എന്ന കളിമാത്രം ഇതില്‍നിന്നെങ്ങനെ മുക്തമാവും.

ലോകം മാറിക്കഴിഞ്ഞു. സുഖജീവതിമാണ് എല്ലാവരുടെയും ലക്ഷ്യം. അപ്പോള്‍ അടിച്ചുപൊളിക്കാനും ഇടിച്ച് നിരത്താനുമെല്ലാം കൈനിറയെ പണം വേണം. അതിന് ഏത് മാര്‍ഗവും സ്വീകരിക്കാന്‍ മനുഷ്യരിലെ ഒരുകൂട്ടര്‍ ഒരുക്കമാണ്. അക്കൂട്ടത്തില്‍പ്പെട്ടവരാണ് ക്രിക്കറ്റിലെ ഒത്തുകളിക്കാര്‍.

ഒത്തുകളിക്കാരെ ന്യായീകരിക്കുകയല്ല, മറിച്ച് ക്രിക്കറ്റിനെ, മറ്റ് കളികളെ, മാന്യന്‍മാരായ കളിക്കാരെയാണ് ഞാന്‍ ന്യായീകരിക്കുന്നത്. മൂന്നോ നാലോ പേര്‍ ചൂതാട്ടം നടത്തുന്നതിന് കളിയോ നല്ല കളിക്കാരോ ബലിയാടുകളാവരുത്. രാഹുല്‍ ദ്രാവിഡ് എന്ന ക്രിക്കറ്ററെ നോക്കുക. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത്രയേറെ ബഹുമാനം  നേടിയ കളിക്കാരന്‍ സമീപകാലത്തുണ്ടായിട്ടില്ല. കളിക്കളത്തിനകത്തും പുറത്തും തികഞ്ഞ മാന്യന്‍. എസ് ശ്രീശാന്തിനെപ്പോലുളള ദുരാഗ്രഹികള്‍ കോഴവാങ്ങുമ്പോള്‍ ദ്രാവിഡിനെപ്പോലുളളവരെയും ബാധിക്കുന്നു. ഇത് തടയേണ്ടത് കളിയെ നിയന്ത്രിക്കുന്നവരാണ്.

വ്യക്തികളാണ് പ്രധാനം. വ്യക്തികളുടെ അപചയത്തിന് ക്രിക്കറ്റിനെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. വ്യക്തികളുടെ അപചയം ഉണ്ടാവാതെ നോക്കേണ്ടത് കളിസംഘടനകളാണ്.  കാരണം, പെട്ടെന്ന് പണക്കാരാവുമ്പോല്‍ പലരും സ്വയംനിയന്ത്രണ രേഖയില്‍ നിന്ന് കുതറിപ്പോവുന്നു. ആക്രാന്തം അവരെ തെറ്റായ വഴികളിലേക്ക് നയിച്ചേക്കും. ഇവിടെയാണ് കളിമേലാളരുടെ നിയന്ത്രണ രേഖ വേണ്ടത്. ആ വര വരച്ചില്ലെങ്കില്‍ മാന്യന്‍മാരായ കളിക്കാരും കളങ്കിതരുടെ നിഴലില്‍ ആവും.

Keywords: Cricket, match fixing, spot fixing, bookies, Mohammad Azharuddin, Hansie Cronje, Kapil Dev, Manoj Prabhakar, Herschelle Gibbs, Ajay Jadeja, Indian cricket, Cricket in India, BCCI, cricket in Pakistan, s reeshanth, IPL 2013

May 21, 2013

ആന്‍ഡേഴ്‌സന്‍ മുന്നൂറിന്റെ തിളക്കത്തില്‍


ക്രിക്കറ്റ് ലോകം ഇന്ത്യന്‍ പ്രിമിയര്‍ ലീഗിന്റെ പിന്നാലെയാണ്. കളിയേക്കാള്‍ ഐ പി എല്ലിലെ കളിക്ക് പുറത്തുളള കളികളാണ് വാര്‍ത്തകളില്‍ നിറയുന്നത്. എസ് ശ്രീശാന്തും അങ്കിത് ചവാനും അജിത് ചാന്ദിലയും ഐ പി എല്ലിന് മുന്‍പില്ലാത്തവിധം കുപ്രസിദ്ധി നേടിക്കൊടുത്തു. മാധ്യമപ്പടയും ഈ ഒറ്റുകാര്‍ക്കും അവരുടെ വാലാട്ടികള്‍ക്കും പിന്നാലെ പായുകയായിരുന്നു. ഇതിനിടയിലും കായികലോകത്ത് പലതും നടക്കുന്നുണ്ടായിരുന്നു. കടുത്ത ക്രിക്കറ്റ് പ്രേമികള്‍പോലും ഇതൊക്കെ അറിഞ്ഞുവോ എന്ന് സംശയം.

ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ട് - ന്യൂസിലാന്‍ഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് പൂര്‍ത്തിയായി. ഇംഗ്ലണ്ട് മിന്നും വിജയം സ്വന്തമാക്കി. ഈ ടെസ്റ്റില്‍ ജയിംസ് ആന്‍ഡേഴ്‌സന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 300 വിക്കറ്റ് തികച്ചു. ഒട്ടുമിക്ക മലയാള പത്രങ്ങള്‍ക്കും ഇത് വാര്‍ത്തപോലും ആയിരുന്നില്ല. അവരപ്പോഴും ഗോപുമോന്റെ അടുക്കളക്കാര്യങ്ങളും കിടപ്പറകാര്യങ്ങളും തിരയുകയായിരുന്നു.

സമീപകാല ഇംഗ്ലീഷ് ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളറാണ് ആന്‍ഡേഴ്‌സന്‍. ന്യൂസിലാന്‍ഡിനെതിരെ മുന്നൂറ് വിക്കറ്റ് തികച്ചത് ഇത് അടിവരയിടുന്ന പ്രകടനമാണ്. മാത്രമല്ല, ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ബൗളര്‍മാത്രമാണ് ആന്‍ഡേഴ്‌സന്‍. ക്രിക്കറ്റ് ചരിത്രത്തിലെ ഇരുപത്തിയാറമത്തെ ബൗളറും.

തന്റെ എണ്‍പത്തിയൊന്നാമത്തെ ടെസ്റ്റിലാണ് ആന്‍ഡേഴ്‌സന്‍ 300 വിക്കറ്റ് ക്ലബിലെത്തിയത്. പീറ്റര്‍ ഫുള്‍ടനായിരുന്നു മുന്നൂറാമത്തെ ഇര. 2003ല്‍ സിംബാംബ് വേയ്‌ക്കെതിരെ ആയിരുന്നു ആന്‍ഡേഴ്‌സന്റെ ടെസ്റ്റ് അരങ്ങേറ്റം. 298 വിക്കറ്റുമായാണ് ആന്‍ഡേഴ്‌സന്‍ ലോര്‍ഡ്‌സ് ടെസ്റ്റിനിറങ്ങിയത്. ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ലോര്‍ഡ്‌സില്‍ തന്നെയാണ് ആന്‍ഡേഴ്‌സന്‍ മൂന്നൂറ് വിക്കറ്റ് നേട്ടം കൈവരിച്ചതും.

ഇയാന്‍ ബോതം, ബോബ് വില്ലിസ്, ഫ്രെഡ് ട്രൂമാന്‍ എന്നിവരാണ് ആന്‍ഡേഴ്‌സന് മുന്‍പ് 300 വിക്കറ്റ് നേട്ടം കൈവരിച്ച ഇംഗ്ലീഷ് ബൗളര്‍മാര്‍. ബോതം 383 വിക്കറ്റുകളും ട്രൂമാന്‍ 307 വിക്കറ്റുകളും  വില്ലിസ് 325 വിക്കറ്റുകളുമാണ് നേടിയത്. 800 വിക്കറ്റ് നേടിയ മുത്തയ്യ മുരളീധരനാണ് ടെസ്റ്റ് വിക്കറ്റ് വേട്ടയിലെ ഒന്നാമന്‍. ഷെയ്ന്‍ വോണ്‍ (708), അനില്‍ കുംബ്ലെ (619) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

ഗ്ലെന്‍ മഗ്രാത്തും കോര്‍ട്‌നി വാല്‍ഷും അഞ്ഞൂറ് വിക്കറ്റ് ക്ലബിലെ അംഗങ്ങളാണ്. ഇപ്പോള്‍ കളിക്കുന്നവരില്‍ ഹര്‍ഭജന്‍ സിംഗാണ് വിക്കറ്റ് വേട്ടയില്‍ മുന്നില്‍, 413 വിക്കറ്റുകള്‍. ഡാനിയേല്‍ വെട്ടോറി 360 വിക്കറ്റുകളും ഡെയ്ല്‍ സ്‌റ്റെയ്ന്‍ 332 വിക്കറ്റുകളും നേടിയിട്ടുണ്ട്.

ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തി പത്താം വര്‍ഷത്തിലാണ് ആന്‍ഡേഴ്‌സന്‍ 300 വിക്കറ്റ് തികച്ചത്. പരിക്കും മോശം ഫോമും അലട്ടിയില്ലായിരുന്നെങ്കില്‍ ആന്‍ഡേഴ്‌സന്‍ ഇതിന് മുന്‍പേ ഈ നേട്ടം കൈവരിച്ചേനെ. ദക്ഷിണാഫ്രിക്കയ്ക്കും ഇന്ത്യക്കുമെതിരെയുമാണ് ആന്‍ഡേഴ്‌സന്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടിയിട്ടുളളത്. 57 വിക്കറ്റുകള്‍ വീതം. ഓസ്‌ട്രേലിയയുടെ 41 വിക്കറ്റുകളും വെസ്റ്റ് ഇന്‍ഡീസിന്റെ 36 വിക്കറ്റുകളും ന്യൂസിലാന്‍ഡിന്റെ 39 വിക്കറ്റുകളും പാകിസ്ഥാന്റെ 32 വിക്കറ്റുകളും ശ്രീലങ്കയുടെ 18 വിക്കറ്റുകളും സിംബാബ് വേയുടെ 11 വിക്കറ്റുകളും ബംഗ്ലാദേശിന്റെ ഒന്‍പത് വിക്കറ്റുകളും ആന്‍ഡേഴ്‌സന്റെ പോക്കറ്റിലുണ്ട്.

സച്ചിന്‍ ടെന്‍ഡുല്‍ക്കറെയാണ് ആന്‍ഡേഴ്‌സന്‍ ഏറ്റവുമധികം പുറത്താക്കിയത്, 14 ടെസ്റ്റുകളില്‍ ഒന്‍പത് തവണ. ജാക് കാലിസിനെ ഏഴ് തവണയും ഗ്രേം സ്മിത്തിനെയും മാര്‍ക് ബൗച്ചറെയും മൈക്കല്‍ ക്ലാര്‍ക്കിനെയും കുമാര്‍ സംഗകാരയെയും ആറ് തവണ വീതവും പുറത്താക്കി.

Key Words: New Zealand batsman , Peter Fulton , First Test , Lords, Anderson , Ian Botham, Bob Willis,  Fred Trueman , Botham, England captain , Michael Vaughan , Test Match, Test debut, Zimbabwe,  Lord's, England shirt ,  New Zealand,  Peter Moores, England's coach , Ashes whitewash

May 19, 2013

ശ്രീശാന്ത് ക്ലീന്‍ ബൗള്‍ഡ്‌


ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രിമിയര്‍ ലീഗിലെ ഒത്തുകളിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായതോടെ ദേശീയ ക്രിക്കറ്റില്‍ കേരളത്തിന്റെ മേല്‍വിലാസമായ എസ് ശ്രീശാന്തിന്റെ കളിജീവിതം അവസാനിക്കുന്നു. പ്രാഥമിക നടപടിയായി ബി.സി.സി.ഐ ശ്രീശാന്തിനെ സസ്‌പെന്റ് ചെയ്തു. ശീശാന്തിനൊപ്പം അറസ്റ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സിന്റെ മറ്റ് രണ്ട് താരങ്ങളെയും ബി.സി.സി.ഐ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

ബി.സി.സി.ഐ വാര്‍ത്ത കുറിപ്പിലാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഇത് വളരെ ഗൗരവമുള്ള വിഷയമാമെന്നും ആരോപണങ്ങള്‍ ശരിയാമെന്ന് തെളിഞ്ഞാല്‍ കളിക്കാര്‍ക്ക് ആജീവാന്ത വിലക്കേര്‍പ്പെടുത്തുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുളള ടീമിലേക്ക് പരിഗണിക്കവേയാണ് ശ്രീശാന്ത് കെണിയിലായത്. ശക്തമായ തെളിവുകളാണ് ഡല്‍ഹി പൊലീസ്  നിരത്തിയിരിക്കുന്നത്. അറസ്റ്റിന് മുന്‍പ് വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നും തെളിവുകള്‍ ശേഖരിച്ചുവെന്നും വ്യക്തം.

കാര്യങ്ങള്‍ ഇത്രത്തോളമായതോടെ നിരപരാധിത്വം തെളിയിക്കണമെങ്കിലും ശ്രീശാന്തിന് നിരവധി കടമ്പകള്‍ കടക്കേണ്ടി വരും. ഇതിനിടെ ശ്രീശാന്തിന്റെ ക്രിക്കറ്റ് ജീവിതം അവസാനിക്കുമെന്നുറപ്പാണ്. രണ്ടായിരത്തിന്റെ തുടക്കത്തില്‍ കുറ്റാരോപിതനായ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദിന്‍ കുറ്റവിമുക്തനാക്കപ്പെട്ടത് 2012ല്‍ ആയിരുന്നു. ഈ കാലതാമസം സ്വാഭാവികമായും ശ്രീശാന്തും നേരിടേണ്ടിവരും.

കുറ്റക്കാരനാണെന്ന് പൂര്‍ണമായും തെളിയിക്കപ്പെട്ടാല്‍ അത് കേരള ക്രിക്കറ്റിനെയും സാരമായി ബാധിക്കും. സഞ്ജു വി സാംസണ്‍ ഉള്‍പ്പടെയുളള യുവതാരങ്ങള്‍ ഐപിഎല്ലില്‍ ശ്രദ്ധേയ പ്രകടനം നടത്തുമ്പോഴാണ് ശ്രീശാന്ത് പിടിക്കപ്പെട്ടിരിക്കുന്നത്. മലായാളികളായ സഞ്ജുവും സച്ചിന്‍ ബേബിയുമെല്ലാം രാജസ്ഥാന്‍ റോയല്‍സിന്റെ താരങ്ങളാണ്.

സത്യസന്ധതയില്ലാത്ത കളിക്കാരാണ് വാതുവെപ്പില്‍ ഏര്‍പ്പെടുന്നതെന്ന് രാജസ്ഥാന്‍ റോയല്‍സ് ടീം സഹഉടമ രാജ് കുന്ദ്ര പ്രതികരിച്ചു. ഐ.പി.എല്ലില്‍ ഏതെങ്കിലും ടീം ഒന്നടങ്കം വാതുവെപ്പില്‍ ഏര്‍പ്പെടുമെന്ന് കരുതുന്നില്ലെന്നും ശ്രീശാന്ത്, അജിത് ചണ്ഡില, അങ്കിത് ചവാന്‍ എന്നിവരുടെ അറസ്റ്റിനെക്കുറിച്ച് പ്രതികരിക്കവെ കുന്ദ്ര പറഞ്ഞു. റോയല്‍സ് ഉടമ ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവാണ് രാജ്.

May 17, 2013

ശ്രീശാന്ത്: വിവാദങ്ങളുടെ സഹയാത്രികന്‍


ഇന്ത്യന്‍ ക്രിക്കറ്റ് വീണ്ടും ഒത്തുകളിയുടെ വിവാദച്ചുഴിയില്‍ വട്ടംകറങ്ങുന്നു. അതിന് കാരണമായതില്‍ പ്രധാനി മലയാളിയായാണെന്നതാണ് ഇത്തവണത്തെ പ്രത്യേകത. മാറ്റാരുമല്ല, ഇന്ത്യന്‍ ക്രിക്കറ്റില്‍ കേരളത്തിന്റെ അടയാളമായ എസ് ശ്രീശാന്ത്. വിവാദങ്ങളുടെ സഹയാത്രികനാണ് ശ്രീശാന്ത്. അതുകൊണ്ടുതന്നെ ശ്രീശാന്തിന്റെ കുടുംബവും അഭിഭാഷകനും, ശ്രീശാന്ത് കുറ്റക്കാരനല്ലെന്ന് ആവര്‍ത്തിക്കുമ്പോഴും പൊതുജനത്തിന് വിശ്വാസം വരുന്നില്ല. മാത്രമല്ല, ഡല്‍ഹി പൊലീസ് അവതരിപ്പിച്ച തെളിവുകളാവട്ടെ, വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നതുമാണ്. ശ്രീശാന്ത് കുറ്റക്കാരനാണെങ്കിലും അല്ലെങ്കിലും ഒരു കാര്യം ഉറപ്പാണ്, ശ്രീശാന്ത് എന്ന ക്രിക്കറ്ററുടെ രാജ്യാന്തര ക്രിക്കറ്റ് ജീവിതം ഏറക്കുറെ അസ്തമിച്ചിരിക്കുന്നു.

എട്ടുവര്‍ഷം മുന്‍പ് ഇന്ത്യന്‍ ടീമില്‍ അംഗമായത് മുതല്‍ ശ്രീശാന്ത് വിവാദങ്ങളുടെ സഹയാത്രികനാണ്. കളിക്കളത്തില്‍ മാത്രമല്ല, കളത്തിന് പുറത്തും ശ്രീശാന്ത് സംസാരത്തിലൂടെയും പെരുമാറ്റത്തിലൂടെയും വിവാദങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു. അഹങ്കാരിയെന്നും ധിക്കാരിയെന്നും നാട്ടുകാരെക്കൊണ്ട് പറയിച്ചുകൊണ്ടിരുന്നു. മാത്രമല്ല, ദേശീയതലത്തില്‍ ശ്രദ്ധേയനായ മറ്റൊരുകളിക്കാരനും ഇത്രമാത്രം കുപ്രസിദ്ധി ഇന്ത്യന്‍ ചരിത്രത്തില്‍ കാണാനുമാവില്ല. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച സീം ബൗളറാണെന്ന സത്യം മറന്നുകൊണ്ടല്ല ഇത് പറയുന്നത്. പക്ഷേ, തന്റെ അനുഗ്രഹീത മികവിനെക്കാള്‍ എന്നും മുന്നിട്ടുനിന്നത് വിവാദങ്ങളായിരുന്നു.#

എതിര്‍ താരങ്ങളോടുള്ള മോശം പെരുമാറ്റം, കളിക്കളത്തിലെ അമിത ആഘോഷ പ്രകടനങ്ങള്‍, സഹതാരങ്ങളുമയുള്ള മോശം പെരുമാറ്റം, കളത്തിന് പുറത്തെ ്പ്രകടനങ്ങള്‍ അങ്ങനെ വിവാദങ്ങള്‍ നിരവധിയാണ്. ഏറ്റവുമൊടുവില്‍ വന്ന ഒത്തുകളി വിവാദം ഇതിനേക്കാളേറെ ആഘാതമുളളതാണ്. ഒരുപക്ഷേ. ജീവിതത്തില്‍ ഒരിക്കലും കരകയറാന്‍ കഴിയാത്ത കുഴിയിലാണ് ശ്രീശാന്ത് വീണിരിക്കുന്നത്. കോടതി നടപടി ക്രമങ്ങളിലൂടെ കുറ്റവിമുക്തനാക്കപ്പെട്ടാലും അപ്പോഴേക്കും ശ്രീശാന്തിന്റെ ക്രിക്കറ്റ് കാലം കഴിയുമെന്നുറപ്പാണ്. മാത്രമല്ല, ഒത്തുകളിക്കാരന്‍ എന്ന് ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലേക്ക് വീണ തീപ്പൊരി അണയുകയുമില്ല.


ശ്രീലങ്കക്കെതിരെ 2005 ഒക്ടോബര്‍ 25ന് നാഗ്പൂരിലായിരുന്നു ശ്രീശാന്തിന്റെ ഏകദിന അരങ്ങേറ്റം.2006 മാര്‍ച്ച് ഒന്നിന് ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിലും അരങ്ങേറ്റം കുറിച്ചു. ഇതും നാഗ്പൂരിലായിരുന്നു. സ്വിംഗിന് അനുകൂലമായ സാഹചര്യത്തില്‍ ഏറ്റവും മാരകമായ ബൗളറായിരുന്നു ശ്രീശാന്ത്. അടുത്തിടെ മുന്‍ ഇന്ത്യന്‍ കോച്ച് ഗ്രെഗ് ചാപ്പല്‍ ഇത് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം, ശ്രീശാന്തിന്റെ പെരുമാറ്റം നിയന്ത്രിക്കുക പ്രയാസമായിരുന്നുവെന്നും ചാപ്പല്‍ ഓര്‍മിക്കുന്നു.

കളിക്കളത്തിലെ മോശം പ്രതികരണത്തിന് പലതവണ ശ്രീശാന്ത് ശാസിക്കപ്പെട്ടു. ഐ സി സിയും ടീം മാനേജ്‌മെന്റും ക്യാപ്റ്റനും മുതിര്‍ന്നതാരങ്ങളുമെല്ലാം ശ്രീശാന്തിനെ ശാസിച്ചിരുന്നു. ക്യാപ്റ്റന്‍ ധോണിക്ക് പലപ്പോഴും ശ്രീശാന്തിനെതിരെ പരസ്യമായി പ്രതികരിക്കേണ്ടിവന്നു. ഇതുകൊണ്ടൊന്നും ശ്രീശാന്ത് പാഠം പഠിച്ചില്ലെന്ന് മാത്രമല്ല, കൂടുതല്‍ കെണികളിലേക്ക് വീഴുകയും ചെയ്തു. കേരള ക്രിക്കറ്റ് അസോസിയേഷനുമായും ശ്രീശാന്തിന് മോശം ബന്ധമാണുളളത്. കെ സി എയെക്കാള്‍ ഉയരത്തിലാണ് താനെന്നായിരുന്നു ശ്രീശാന്തിന്റെ ചിന്ത. ഇത് അംഗീകരിക്കാന്‍ കെ സി എയും ഒരുക്കമായിരുന്നില്ല. അതോടെ, അവിടെയും പ്രശ്‌നങ്ങള്‍ സ്വാഭാവികം മാത്രം. ഇതിന്റെ തുടര്‍ച്ചയായി കേരള ടീമില്‍നിന്ന് പോലും ഒഴിവാക്കപ്പെട്ടു.

ആേ്രന്ദ നെല്‍, കെവിന്‍ പീറ്റേഴ്‌സന്‍, മൈക്കല്‍ വോണ്‍, റിക്കി പോണ്ടിംഗ്, മാത്യൂ ഹെയ്ഡന്‍, ആന്‍ഡ്രു സൈമണ്‍സ് എന്നിവരോടൊക്കെ കളിക്കളത്തില്‍ ശ്രീശാന്ത് കൊമ്പുകോര്‍ത്തു. ഇതില്‍ പലതും അനാവശ്യമായി ശ്രീശാന്ത് വിളിച്ചു വരുത്തുകയായിരുന്നു. ഇതിനെക്കാളേറെ വിവാദങ്ങളുണ്ടാക്കിയതാണ് ആദ്യ ഐ പി എല്ലില്‍ ഹര്‍ഭജന്‍ സിംഗിന്റെ അടി വാങ്ങിയത്. ഭാജിയുടെ അടിയേറ്റ് കരയുന്ന ശ്രീശാന്തിന്റെ മുഖം ക്രിക്കറ്റ് പ്രേമികളാരും മറക്കുമെന്ന് തോന്നുന്നില്ല. ബി സി സി ഐ ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയെങ്കിലും അടുത്തിടെ ശ്രീശാന്ത് വീണ്ടും ഇതേ വിവാദം എടുത്തിട്ടു. ഭാജിയും സംഘവും കരുതിക്കൂട്ടി നടത്തിയ ആക്രമണമാണെന്നായിരുന്നു ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍. ഒത്തുകളിക്ക് പിടിക്കപ്പെട്ടതോടെ ഇതിന് പിന്നില്‍ ധോണിയും ഭാജിയുമാണെന്ന് ശ്രീശാന്തിന്റെ കുടുംബം ആരോപിക്കുകയും ചെയ്തു. ശ്രീശാന്തിന്റെ അഭിപ്രായം കുടുംബാംഗങ്ങളിലൂടെ പുറത്തുവരികയായിരുന്നുവെന്നും വ്യക്തം.

സംസാരിക്കുമ്പോഴൊക്കെ സച്ചിനെയും ദ്രാവിഡിനെയും ഗാംഗുലിയെയുമൊക്കെ വാഴ്ത്തുന്ന ശ്രീശാന്ത് അവരില്‍ നിന്ന് ഒന്നും പഠിച്ചില്ലെന്നത് ദുരന്തമായേ കാണാനാവു. കാരണം സച്ചിനൊപ്പം ഏറെക്കാലം ഒരുമിച്ച് കളിക്കാന്‍ ഭാഗ്യം ലഭിച്ചയാളാണ് ശ്രീശാന്ത്. മാത്രമല്ല, രാഹുല്‍ ദ്രാവിഡിന് കീഴിലാണ് ഇപ്പോള്‍ കളിക്കുന്നത്. അടിമുടി മാന്യനായ മനുഷ്യനാണ് ദ്രാവിഡ്. ആ ദ്രാവിഡിന് പോലും നാണക്കേടുണ്ടാക്കുന്നതായി ശ്രീശാന്തിന്റെ ഒത്തുകളി. വെറും നാല്‍പത് ലക്ഷം രൂപയ്ക്ക് ശ്രീശാന്തിന് നഷ്ടമായത് ജീവിതമാണ്. നാനൂറ് കോടി മുടക്കിയാലും ഇനി വിശ്വാസ്യത വീണ്ടെടുക്കാനാവുമെന്ന് തോന്നുന്നില്ല.

പ്രാഥമിക നടപടിയായി ബി.സി.സി.ഐ ശ്രീശാന്തിനെ സസ്‌പെന്റ് ചെയ്ത് കഴിഞ്ഞു. ശീശാന്തിനൊപ്പം അറസ്റ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സിന്റെ മറ്റ് രണ്ട് താരങ്ങളെയും ബി.സി.സി.ഐ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ബി.സി.സി.ഐ വാര്‍ത്ത കുറിപ്പിലാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഇത് വളരെ ഗൗരവമുള്ള വിഷയമാമെന്നും ആരോപണങ്ങള്‍ ശരിയാമെന്ന് തെളിഞ്ഞാല്‍ കളിക്കാര്‍ക്ക് ആജീവാന്ത വിലക്കേര്‍പ്പെടുത്തുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുളള ടീമിലേക്ക് പരിഗണിക്കവേയാണ് ശ്രീശാന്ത് കെണിയിലായത്. ശക്തമായ തെളിവുകളാണ് ഡല്‍ഹി പൊലീസ്  നിരത്തിയിരിക്കുന്നത്. അറസ്റ്റിന് മുന്‍പ് വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നും തെളിവുകള്‍ ശേഖരിച്ചുവെന്നും വ്യക്തം. കാര്യങ്ങള്‍ ഇത്രത്തോളമായതോടെ നിരപരാധിത്വം തെളിയിക്കണമെങ്കിലും ശ്രീശാന്തിന് നിരവധി കടമ്പകള്‍ കടക്കേണ്ടി വരും. ഇതിനിടെ ശ്രീശാന്തിന്റെ ക്രിക്കറ്റ് ജീവിതം അവസാനിക്കുമെന്നുറപ്പാണ്. രണ്ടായിരത്തിന്റെ തുടക്കത്തില്‍ കുറ്റാരോപിതനായ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദിന്‍ കുറ്റവിമുക്തനാക്കപ്പെട്ടത് 2012ല്‍ ആയിരുന്നു. ഈ കാലതാമസം സ്വാഭാവികമായും ശ്രീശാന്തും നേരിടേണ്ടിവരും.

 ശ്രീശാന്ത് കുറ്റക്കാരനാണെന്ന് പൂര്‍ണമായും തെളിയിക്കപ്പെട്ടാല്‍ അത് കേരള ക്രിക്കറ്റിനെയും സാരമായി ബാധിക്കും. സഞ്ജു വി സാംസണ്‍ ഉള്‍പ്പടെയുളള യുവതാരങ്ങള്‍ ഐപിഎല്ലില്‍ ശ്രദ്ധേയ പ്രകടനം നടത്തുമ്പോഴാണ് ശ്രീശാന്ത് പിടിക്കപ്പെട്ടിരിക്കുന്നത്. മലായാളികളായ സഞ്ജുവും സച്ചിന്‍ ബേബിയുമെല്ലാം രാജസ്ഥാന്‍ റോയല്‍സിന്റെ താരങ്ങളാണ്.

27 ടെസ്റ്റുകളില്‍ നിന്ന് 87 വിക്കറ്റുകളും 53 ഏകദിനങ്ങളില്‍ നിന്ന് 75 വിക്കറ്റുകളുമാണ് ശ്രീശാന്തിന്റെ സമ്പാദ്യം. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ശ്രീശാന്ത് എന്ന മലയാളി ക്രിക്കറ്ററുടെ കരിയര്‍ ഈ കണക്കുകളില്‍ അവാസാനിക്കുകയാണ്. അതിലേക്കാണ് ഡല്‍ഹി പൊലീസ് വഴിതെളിച്ചിരിക്കുന്നത്. സ്വയം വരുത്തിവച്ച വിനയിലൂടെ ശ്രീശാന്ത് പടുകുഴിയിലേക്ക് വീണത് ബാക്കിയുളളവര്‍ക്ക് ഞെട്ടിക്കുന്ന ഓര്‍മയാകുമെന്നെങ്കിലും പ്രതീക്ഷിക്കാം.

May 16, 2013

ഡേവിഡ് ബെക്കാം: കാല – ദേശങ്ങളില്ലാത്ത താരം


ലോകത്തെ ഏറ്റവും പ്രശസ്തനായ കായികതാരം പടിയിറങ്ങുന്നു- ഡേവിഡ് ബെക്കാം പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിടവാങ്ങുന്നുവെന്ന് പ്രഖ്യാപിച്ചപ്പോള്‍ ഇംഗ്ലണ്ടിന്റെ മുന്‍കോച്ച് സ്വന്‍ ഗോരാന്‍ എറിക്‌സന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. എറിക്‌സന്റെ ഈ പ്രതികരണത്തില്‍ ബെക്കാം എന്തായിരുന്നുവെന്ന് പൂര്‍ണമായും വ്യക്തമാവും. തന്റെ സമകാലിക സൂപ്പര്‍താരങ്ങളുടെ കളിമികവ് ഉണ്ടായിരുന്നില്ലെങ്കിലും ബെക്കാം ആയിരുന്നു താരം. ബെക്കാമിനെ സ്വന്തമാക്കാന്‍ ക്ലബുകള്‍ മത്സരിച്ചു. ബെക്കാമിന്റെ വിപണിമൂല്യം ഫുട്‌ബോള്‍ ചരിത്രത്തിലില്ലാത്ത വിധം അതിരുകള്‍ക്കപ്പുറത്തേക്ക് വ്യാപിച്ചു. ഇരുപത് വര്‍ഷത്തെ കളിജീവിതത്തില്‍ നിന്ന് ബൂട്ടഴിക്കുമ്പോഴും ബെക്കാം താരങ്ങളുടെ താരം തന്നെയാണ്.

ഇംഗ്ലീഷ് ഫുട്‌ബോളിലെയോ ലോക ഫുട്‌ബോളിലേയോ എക്കാലത്തേയും മികച്ച താരങ്ങളുടെ പട്ടികയില്‍ ബെക്കാമിന്റെ പേര് നമുക്ക് കണ്ടെത്താനായേക്കില്ല. പക്ഷേ, ലോകത്തെ ഏറ്റവും പ്രശസ്തനായ, ഫുട്‌ബോളിനെ കാലദേശങ്ങള്‍ക്ക് അപ്പുറത്തേക്ക് പടര്‍ത്തിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമനായിരിക്കും ബെക്കാം. ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച അംബാസഡര്‍ എന്ന പദവിയും ബെക്കാം എന്ന പേരിനപ്പുറത്തേക്ക് പോവുക പ്രയാസമായിരിക്കും. ഇത് തന്നെയാണ് ബെക്കാം എന്ന താരത്തെ ലോകത്തിന്റെ പ്രിയതാരമാക്കുന്നതും.

ബെക്കാം വിരമിച്ചു എന്ന വാര്‍ത്ത വന്നപ്പോള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പിന്നെ മറ്റൊന്നുമുണ്ടായിരുന്നില്ല. ബെക്കാം വീണ്ടും വിരമിച്ചോ?. റയല്‍ മാഡ്രിഡില്‍ നിന്ന് ലോസാഞ്ചലസ് ഗാലക്‌സിയിലേക്ക് പോയത് തന്നെ വിരമിക്കല്‍ ആയിരുന്നില്ലേ തുടങ്ങി അഭിപ്രായ-അഭിനന്ദന പ്രവാഹങ്ങളായിരുന്നു പിന്നീട്.  അഭിപ്രായ സ്വാതന്ത്ര്യം തോന്നിയപോലെ വാപിളരുന്നതിനിടെയും ബെക്കാം താരമായിത്തന്നെ തിളങ്ങുന്നു.

ഈ സീസണ്‍ അവസാനത്തോടെയാണ് മത്സരഫുട്‌ബോളില്‍ നിന്ന് ബെക്കാം വിടവാങ്ങുന്നത്.  38കാരനായ ബെക്കാം ഫ്രഞ്ച് ക്ലബായ പാരിസ് സെന്റ് ജെര്‍മെയ്‌ന്റെ കളിക്കാരനാണ്. പി എസ് ജിക്ക് ഈ സീസണില്‍ രണ്ട് മത്സരങ്ങള്‍ കൂടി ശേഷിക്കുന്നുണ്ട്. മേയ് 26ന് ലോറിയന്റിനെതിരെയാണ് ബെക്കാമിന്റെ അവസാന മത്സരം. ഇരുപത് വര്‍ഷം നീണ്ട കരിയറിനിടെ ബെക്കാം ഇംഗ്ലണ്ടിന് വേണ്ടി 115 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് , റയല്‍ മാഡ്രിഡ്, ലോസാഞ്ചലസ് ഗാലക്‌സി, എ സി മിലാന്‍ എന്നീ ക്ലബുകള്‍ക്ക് വേണ്ടി ജഴ്‌സിയണിഞ്ഞ ബെക്കാം ഈ ടീമുകളിലെല്ലാം അതത് രാജ്യത്തെ ലീഗുകളിലെ കിരീടം നേടി. ഈ നേട്ടം കൈവരിച്ച ഏക ഇഅംഗ്ലീഷ് ഫുട്‌ബോളറാണ് ബെക്കാം.

1992ലാണ് ബെക്കാം മാന്‍യുവിന്റെ സീനിയര്‍ ടീമിലെത്തുന്നത്. 2003ല്‍ ടീം വിടുമ്പോള്‍ യുണൈറ്റഡിന് വേണ്ടി ബൂട്ടണിഞ്ഞത് 35694 കളികളില്‍. 85 ഗോളുകളും സ്വന്തം പേരില്‍ കുറിച്ചു. 2007 വരെ റയല്‍ മാഡ്രിഡില്‍. 157 മത്സരങ്ങളില്‍ നിന്ന് 19 ഗോളുകള്‍. ലോസാഞ്ചലസ് ഗാലക്‌സിയില്‍ 118 കളികളും 20 ഗോളുകളും. എ സി മിലാനില്‍ 33 കളികളില്‍ നിന്നായി രണ്ട് ഗോളുകള്‍. ഏറ്റവുമൊടുവില്‍ പി എസ് ജിയില്‍ ബൂട്ടഴിക്കല്‍. പി എസ് ജി ലീഗ് ചാമ്പ്യന്‍മാരാവുന്നതില്‍ പങ്കാളിയായാണ് ബെക്കാം പടിയിറങ്ങുന്നത്. യുണൈറ്റഡിന്റെ ആര് പ്രിമിയര്‍ ലീഗ് വിജയങ്ങളിലും ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടധാരണത്തിലും പങ്കാളിയായി.

ഡെഡ്‌ബോള്‍ സ്‌പെഷ്യലിസ്റ്റായ ബെക്കാം അളന്നുമുറിച്ച ക്രോസുകള്‍ കൊണ്ടും ത്രൂപാസുകള്‍ കൊണ്ടും സ്‌ട്രൈക്കര്‍മാരുടെ ഹൃദയമായി പ്രവര്‍ത്തിച്ചു. മിക്കപ്പോഴും ബെക്കാമിന്റെ ക്രാസുകള്‍ തളികയിലെന്ന പോലെയാണ് ഗോള്‍മുഖത്തേക്ക് എത്തിയിരുന്നത്. ബെക്കാമിന്റെ വലങ്കാലില്‍നിന്ന് പറന്ന പന്തുകളെക്കാള്‍ വളരെ വലുതായിരുന്നു അദ്ദേഹത്തിന്റെ വിപണിമൂല്യം. ഏഷ്യയില്‍ ഇത്രത്തോളം ആരാധകരുളള മറ്റൊരു ഫുട്‌ബോളര്‍ ഉണ്ടായിട്ടില്ല. ഈ ജനപ്രീതി മാത്രമാണ് റയല്‍ മാഡ്രിഡിനെ ബെക്കാമിനെ ടീമിലെത്തിക്കാന്‍ പ്രേരിപ്പിച്ചത്. ബെക്കാമിന്റെ പ്രശസ്തി പണമായിത്തന്നെ റയല്‍ അധികൃതര്‍ തിരിച്ച് പിടിക്കുകയും ചെയ്തു.

ലോകമറിയുന്ന താരമായി തലയെടുപ്പോടെ നടക്കുമ്പോളും വിവാദങ്ങളില്‍ നിന്നെല്ലാം ബെക്കാം മുക്തനായിരുന്നു. സഹതാരങ്ങളില്‍ പലരും കുത്തഴിഞ്ഞ ജീവിതത്തിന് കുപ്രസിദ്ധരായപ്പോള്‍ ബെക്കാമിന്റെ സ്വകാര്യജീവിതം അസൂയാവഹമായിരുന്നു. സ്‌പൈസ് ഗേള്‍സ് ബാന്‍ഡിലെ അഗമായ വിക്ടോറിയ ആഡംസ് 1999ലാണ് ബെക്കാമിന്റെ ജീവിത പങ്കാളിയായത്. പിന്നീട് ഇരുവരും ലോകത്തിലെ ഏറ്റവും പ്രശസ്തരായ ദമ്പതികളായി. കുടുംബജീവിതത്തിലും ബെക്കാം സഹതാരങ്ങള്‍ക്ക് മാതൃകയായി.

ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം ഗാരി ലിനേക്കറും ഇത് ശരിവയ്ക്കുന്നു. എല്ലാകാലത്തേക്കുമുളള റോള്‍ മോഡലാണ് ബെക്കാം. മികച്ച കളിക്കാരന്‍, ആഗോള സൂപ്പര്‍സ്റ്റാര്‍, ഇംഗ്ലീഷ് ഫുട്‌ബോളിനെ ചക്രവാളങ്ങള്‍ക്ക് അപ്പുറത്തേക്ക് എത്തിയ കളിക്കാരന്‍… ലിനേക്കറുടെ വാക്കുകള്‍ അവസാനിക്കുന്നില്ല. ലോകഫുട്‌ബോളില്‍ ഏറ്റവുമധികം സ്വാധീനമുളള വ്യക്തിയെന്നായിരുന്നു ഗാരി നെവിലിന്റെ പ്രതികരണം.

ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമെല്ലാം പ്രതിഫലമായി കോടികള്‍ വാരുമ്പോഴും ഫുട്‌ബോളില്‍ നിന്ന് ഏറ്റവും വരുമാനമുളള താരം ഇപ്പോഴും ബെക്കാം തന്നെയാണ്. ബെക്കാമിന്റെ ജനപ്രീതിയും സ്വീകാര്യതയുമാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. പരസ്യമാര്‍ക്കറ്റില്‍ ബെക്കാം കഴിഞ്ഞിട്ടേ മറ്റൊരു താരമുളളു. മറ്റ്താരങ്ങളുടെ കളിമിടുക്കില്ലാതെ വലങ്കാലിന്റെ കൃത്യത മാത്രം ഉപയോഗിച്ചാണ് ബെക്കാം ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത്. അതുകൊണ്ടുതന്നെ ബെക്കാം എന്ന കളിക്കാരന് പകരക്കാരനില്ല. ബെക്കാമിന് തുല്യം ബെക്കാം മാത്രം.

Resistance Bands, Free Blogger Templates