സ്‌പോര്‍ട്‌സിന് അപ്പുറത്ത് രണ്ട് ക്രിസ്‌തീയ സഭകള്‍ തമ്മിലുളള മുക്കാല്‍ നൂറ്റാണ്ട് നീണ്ട പോരിന്റെ മറവില്‍ കൊമ്പുകോര്‍ക്കുന്ന കോതമംഗലത്തെ സെന്റ് ജോര്‍ജ്, മാര്‍ ബേസില്‍ സ്‌കൂളുകളുടെ പടയോട്ടത്തോടെ സംസ്‌ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന്റെ മറ്റൊരു അധ്യായത്തിന് തിരശീല വീണു. കോതമംഗലം സ്‌കൂളുകള്‍ കത്തിക്കയറിയപ്പോള്‍ പൊരുതിനോക്കാനായത് പാലക്കാട്ടെ മൂന്ന് സ്‌കൂളുകള്‍ക്കു മാത്രം. ഇതുതന്നെയാണ് 25 റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചിട്ടും കായികകേരളത്തിന്റെ ആവനാഴിയായിരുന്ന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിനെ ആശങ്കയിലാഴ്‌ത്തുന്നതും.
കഴിഞ്ഞവര്‍ഷം മാര്‍ ബേസില്‍ തട്ടിയെടുത്ത കിരീടം ഇത്തവണ ഫോട്ടോഫിനിഷിലാണ് സെന്റ് ജോര്‍ജ് വീണ്ടെടുത്തത്. വെറും അരപ്പോയിന്റിന്. സെന്റ് ജോര്‍ജിന് 131.5 പോയിന്റും മാര്‍ ബേസിലിന് 131 പോയിന്റുമാണ് ലഭിച്ചത്. മാര്‍ബേസിലുകാര്‍ ഹൃദയം തകര്‍ന്നിരുന്നപ്പോള്‍ സെന്റ് ജോര്‍ജ് സ്‌കൂള്‍ ആവേശ- ക്കൊടുമുടിയിലായിരുന്നു, ഒപ്പം ആശ്വാസത്തിലും. മീറ്റിന്റെ മൂന്നാംദിനം വൈകുന്നേരം കണക്കുകള്‍ കൂട്ടിക്കിഴിച്ച് സെന്റ് ജോര്‍ജ് സ്‌കൂളിന്റെ ഒരു മുഖ്യ അണിയറക്കാരന്‍ പറഞ്ഞത് ഇങ്ങനെ: " ഇന്ന് സമാധാനമായി ഉറങ്ങാം. ബേസിലിനെക്കാള്‍ ഇരുപത്തിരണ്ടര പോയിന്റെ ലീഡുണ്ട്. ആദ്യ രണ്ട് ദിവസവും മര്യാദയ്‌ക്ക് ഉറങ്ങാന്‍ പോലുമായില്ല". ഈ വാക്കുകളില്‍ നിന്നുതന്നെ കോതമംഗലം സ്‌കൂളുകളുടെ വീറും വാശിയും പോരും വായിച്ചെടുക്കാം. താരങ്ങളുടെ ഭാവിയോ സംസ്ഥാനത്തിന്റെ ഭാവിയോ അല്ല ഈ വറചട്ടിയിലുളളത്, സ്‌കൂളിന്റെ പെരുമ മാത്രം. അപ്പോള്‍ ആശങ്കയുടെ മുള്‍മുനയില്‍ നില്‍ക്കുക സ്വാഭാവികം.
സഭകള്‍ ട്രാക്കിലിറങ്ങുമ്പോള്‍
സെന്റ് ജോര്‍ജ്, മാര്‍ ബേസില്‍ സ്‌കൂളുകളുടെ പ്ലാറ്റിനം ജൂബിലിയാണ് ഈ വര്‍ഷം. അത്രത്തോളം പഴക്കമുണ്ട് ഇവരുടെ വൈരത്തിനും. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെയാണ് അതിത്ര മൂര്‍ച്ഛിച്ചതെന്നു മാത്രം. 75 വര്‍ഷം മുന്‍പ് ബോയ്‌സ് സ്‌കൂളായാണ് സെന്റ് ജോര്‍ജും മാര്‍ ബേസിലും ആരംഭിക്കുന്നത്. സെന്റ് ജോര്‍ജ് റോമന്‍ കത്തോലിക്കാ വിഭാഗത്തിന്റെയും മാര്‍ ബേസില്‍ യാക്കോബായ വിഭാഗത്തിന്റെയും സ്‌കൂളുകളാണ്. അറുപതുകളുടെ അവസാനവും എഴുപതുകളിലും കായികമേഖലയില്‍ സാന്നിധ്യം അറിയിച്ചെങ്കിലും കോതമംഗലത്തെ സ്‌കൂളുകള്‍ പിന്നീട് ചിത്രത്തിലേ ഉണ്ടായിരുന്നില്ല. കോതമംഗലം എം എ കോളേജിലൂടെയാണ് അവര്‍ കായിക പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചത്. പിന്നീട് മാര്‍ ബേസില്‍ ആദ്യം മിക്‌സഡ് സ്‌കൂളാക്കി. അതിന്റെ തുടര്‍ച്ചയായി ജിമ്മി ജോസഫ് എന്ന കായിക അധ്യാപകനെയും നിയമിച്ചു. 1998ലായിരുന്നുഇത്.
തോമസ് മാഷിന് കീഴില്‍ കോരുത്തോട് സികെഎം എച്ച് എസ് തൊട്ടതെല്ലാം പൊന്നാക്കുന്ന കാലം. ജിമ്മിക്ക് കീഴില്‍ മാര്‍ ബേസില്‍ വരവറിയിച്ചു. അതോടെ സെന്റ് ജോര്‍ജിന് പൊള്ളി. ഉടനെ രാജു പോള്‍ എന്ന കായിക അധ്യാപകനെ ഇടുക്കിയില്‍ നിന്ന് കോതമംഗലത്തെത്തിച്ചു. അവിടെത്തുടങ്ങുന്നു ഇവരുടെ ഇന്ന് കാണുംവിധമുള്ള തീപാറും പോരാട്ടം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികളെ ഇവര്‍ തേടിപ്പിടിച്ചു. പണവും പരിശീലനവും നല്‍കി. പന്തയക്കോഴികളെപ്പോലെ വളര്‍ത്തിവലുതാക്കുന്നു. ഒരൊറ്റ ലക്ഷ്യം മാത്രം, സംസ്‌ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ്. ഇതിന് മുന്നോടിയായി എല്ലാ വര്‍ഷവും നടക്കുന്ന ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ഈ സ്‌കൂളുകളിലെ കുട്ടികളെ കാണാനാവില്ല. ഗ്രേസ് മാര്‍ക്ക് ഉള്‍പ്പടെ മറ്റ് പല ആനുകൂല്യങ്ങള്‍ ഉണ്ടെങ്കിലും ദേശീയ മീറ്റ് ഇവര്‍ക്ക് പ്രശ്‌നമേയല്ല.
ലക്ഷ്യം എവിടെ വരെ
ലക്ഷങ്ങള്‍ മുടക്കിയാണ് ഇരു സംഘവും സ്‌കൂള്‍ മീറ്റിന് എത്തുന്നത്. ഇരു സ്‌കൂളുകള്‍ക്കും അത്‌ലറ്റിക് അക്കാഡമിയും ഉണ്ട്. സെന്റ് ജോര്‍ജ് ട്രാക്ക് ഇനങ്ങളിലും മാര്‍ ബേസില്‍ ഫീല്‍ഡ് ഇങ്ങളിലുമാണ് പ്രധാനമായും ശ്രദ്ധിക്കുന്നത്. ഈ ശ്രദ്ധയുടെ അടിസ്ഥാനവും പോയിന്റ് എന്ന ലക്ഷ്യം വച്ചുളളതുതന്നെ. എം എ കോളേജിലെ കായികാധ്യാപകനായ പി ഐ ബാബുവാണ് മാര്‍ ബേസിലിന്റെയും ഫീല്‍ഡ് ഇനങ്ങളുടെ പരിശീലകന്‍. പ്രത്യേകിച്ചും ത്രോ ഇനങ്ങളില്‍. സാങ്കേതികമായും ശാസ്‌ത്രീയമായും ഇദ്ദേഹത്തിന്റെ പരിശീലനം മറ്റുളളവരെക്കാള്‍ ബഹുദൂരം മുന്നിലാണ്. പക്ഷെ, മുന്നോട്ടു നോക്കുമ്പോഴാണ് പ്രശ്‌നം. ദേശീയ മീറ്റുകളില്‍പ്പോലും ത്രോ ഇനങ്ങളില്‍ നമുക്ക് ശോഭിക്കാന്‍ കഴിയാറില്ല. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുളളവരാണ് പൊതുവെ ഈ മേഖലയുടെ കുത്തകക്കാര്‍. ഇവര്‍പോലും അന്തര്‍ദേശീയ തലത്തില്‍ വളരെ പിന്നിലാവുന്നു. അപ്പോള്‍ ഏഷ്യന്‍ ഗെയിംസ്, ഒളിംപിക്‌സ് സ്വപ്‌നങ്ങള്‍ കാണുകപോലും പ്രയാസമായിരിക്കും. (മാര്‍ബേസിലിന്റെയും പി ഐ ബാബുവിന്റെയും പരിശ്രമങ്ങളെ വിലകുറച്ച് കാണിക്കാനോ അവമതിക്കാനോ അല്ല ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്).
ദീര്‍ഘവീക്ഷണത്തോടെ ഒരു ലക്ഷ്യത്തിനായി (ഏഷ്യന്‍ ഗെയിംസ്, ഒളിംപിക്‌സ്) വളര്‍ത്തിയെടുക്കേണ്ട കായികതാരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അല്ലെങ്കില്‍ റെയില്‍വേയില്‍ ഒരു ജോലി എന്ന വേലിക്കെട്ടിനകത്തേക്ക് ചുരുങ്ങുന്നതാണ് സമീപകാല കേരളം കാണുന്നത്. ഇത്തരം പരിശീലന പദ്ധതികള്‍ നല്‍കുന്ന ദിശയും അതാണ്. ട്രാക്കിനങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനാല്‍ സെന്റ് ജോര്‍ജില്‍ നിന്ന് സിനി ജോസിനെപ്പോലെ ഒരു ഒളിംപ്യന്‍ ഉയര്‍ന്നുവന്നുവെന്നതും മറക്കുന്നില്ല. എങ്കിലും കഴിഞ്ഞ പത്തുവര്‍ഷമായി ഈ സ്‌കൂളുകള്‍ തമ്മിലുളള പോരിനിടയില്‍ നിന്ന് ദേശീയതലത്തിലേക്ക് ഉയര്‍ന്നുവന്നവര്‍ വിരളമാണെന്നത് യാഥാര്‍ഥ്യമാണ്. അതുതന്നെയാണ് കായിക കേരളം നേരിടുന്ന ആശങ്കയും. ഓരോ തവണയും ചാനലിലും പത്രങ്ങളിലും നിറയുന്ന പൊന്‍മുഖങ്ങള്‍ സ്‌കൂള്‍ മീറ്റിന് ശേഷം മഷിയിട്ട് നോക്കിയാലും കാണാറില്ല. അവരെവിടെ പോകുന്നു?. എങ്ങനെ, എന്തുകൊണ്ട് പോകുന്നു എന്നുകൂടി നമ്മള്‍ ആലോചിക്കേണ്ടതുണ്ട്. എങ്കിലേ ഈ കായികമാമാങ്കം വര്‍ഷാവര്‍ഷം ആഘോഷിക്കുന്നതില്‍ കാര്യമുളളൂ.
സംസ്ഥാന അത്‌ലറ്റിക് മീറ്റ് ചില പ്രത്യേക സ്‌കൂളുകളുടെ മീറ്റായി ചുരുങ്ങി വരുന്നതാണ് കുറച്ച് വര്‍ഷങ്ങളായി കണ്ടുവരുന്നത്. അത് ഓരോ വര്‍ഷംകൂടി വരികയും ചെയ്യുന്നു. ആതിഥേയരായ തിരുവനന്തപുരത്തുനിന്ന് മത്സരിച്ച ജനറല്‍ സ്‌കൂളുകളുടെ കുട്ടികളുടെ എണ്ണം തന്നെ ഇതിന് ഏറ്റവും വലിയ തെളിവ്. രണ്ടേ രണ്ട് കുട്ടികളെയാണ് സ്വന്തം മുറ്റത്ത് മത്സരം നടന്നിട്ട് തിരുവനന്തപുരത്തിന് പങ്കെടുപ്പിക്കാനായത്. കുട്ടികള്‍ കുറയുന്നു എന്നത് അത്‌ലറ്റിക്‌സിന്റെ വേര് മുറിയുന്നു എന്നത് തന്നെയാണ്. ആ വേര് മുറിയാതിരിക്കാന്‍ ശ്രമിക്കുകയാണ് അധികൃതര്‍ ചെയ്യേണ്ടത്. അതാണ് സ്‌പോര്‍ട്‌സിനെ സ്‌നോഹിക്കുന്നവര്‍ ചെയ്യേണ്ടത്.
കത്തിവച്ചത് കടയ്‌ക്കല്‍ തന്നെ
വര്‍ഷങ്ങള്‍ക്ക് ശേഷം ജനറല്‍ സ്‌കൂളുകളും സ്‌പോര്‍ട്സ് ഡിവിഷന്‍ സ്‌കൂളുകളും ഒരുമിച്ച് മത്സരിച്ച മീറ്റായിരുന്നു ഇത്തവണത്തേത്. നമ്മുടെ കായിക ഭരണകര്‍ത്താക്കുളുടെ കൈയാങ്കളിമൂലം അവയുടെ നെല്ലിപ്പടിക കാണുന്നതിനും തിരുവനന്തപുരത്തെ സിന്തറ്റിക് ട്രാക്ക് സാക്ഷ്യം വഹിച്ചു. ഏഴ് സ്‌പോര്‍ട്സ് സ്‌കൂളുകള്‍ ചേര്‍ന്ന് ആകെ നേടിയത് വെറും 70 പോയിന്റാണ്. കല്ലടി സ്‌കൂള്‍ മാത്രം 68 പോയിന്റ് നേടിയെന്ന് അറിയുമ്പോഴാണ് സ്‌പോര്‍ട്സ് പഠിക്കുന്ന കുട്ടികള്‍ താഴേക്ക് ഇങ്ങനെ വീണത്. വര്‍ഷങ്ങളായി സ്‌കൂള്‍ മീറ്റുകളുടെ സൂപ്പര്‍കോച്ചുമാരായി അറിയപ്പെടുന്ന ടോമി ചെറിയാനും അജയരാജും സജീവ സാന്നിധ്യമില്ലാത മാറനിന്നതും കായികപ്രേമികള്‍ ശ്രദ്ധിച്ചു. ഇവര്‍ കണ്ണൂര്‍ സ്‌പോര്‍ട്സ് ഡിവിഷനില്‍നിന്ന് സ്ഥലം മാറ്റപ്പെട്ടതോടെ ആ സ്‌കൂളിന്റെ പതനവും ആരംഭിച്ചു. ജനറല്‍ സ്‌കൂളുകളിലെ കുട്ടികള്‍ സംസ്ഥാന മീറ്റുകള്‍ക്ക് ശേഷം ചരിത്രത്തിന്റെ ഭാഗമാവുമ്പോള്‍ ദേശീയ - അന്തര്‍ ദേശീയ തലത്തില്‍ കേരളത്തിന്റെ യശസ്സ് ഉയര്‍ത്തുന്നത് സ്‌പോര്‍ട്സ് ഡിവിഷനിലെ കുട്ടികളായിരുന്നു. ആ പാരമ്പര്യത്തിന് കൂടിയാണ് ഇത്തവണ കത്തിവച്ചിരിക്കുന്നത്.
2 Comments