ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് ഒത്തുകളി വിവാദത്തില്‍ കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഒത്തുകളിക്ക് പിടിയിലായ എസ് ശ്രീശാന്തും അങ്കീത് ചവാനും അജിത് ചാന്ദിലയുമൊക്കെ വാര്‍ത്തയുടെ പിന്നാമ്പുറത്തായിക്കഴിഞ്ഞു. ബി സി സി ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസനും മരുമകന്‍ ഗുരുനാഥ് മെയ്യപ്പനും ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുമൊക്കെയാണ് ഇപ്പോഴത്തെ താരങ്ങള്‍. പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ലെന്ന ശ്രീനിവാസന്റെ തീരുമാനവും ഇതിനായുളള വാദങ്ങളും വാര്‍ത്താലോകത്ത് പറപറക്കുകയാണ്. എന്നാല്‍, ഇതിനിടയില്‍ എം എസ് ധോണിയുടെ മൗനമാണ് ഏറ്റവും ശ്രദ്ധേയം.
ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച സംഭവമായിട്ടും ഇക്കാര്യത്തില്‍ ധോണി പ്രതികരിക്കുന്നില്ലെന്നതാണ് കാര്യങ്ങള്‍ പുതിയ തലത്തിലെത്തിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ പതിനെട്ടടവും പയറ്റിയിട്ടും ധോണി മൗനം പാലിച്ചു. ധോണി എന്തൊക്കെയോ മറയ്ക്കുന്നു എന്നുതന്നെയാണ് ഈ മൗനം വ്യക്തമാക്കുന്നത്. അല്ലെങ്കില്‍ ആരെയൊക്കെയോ മനപൂര്‍വം സംരക്ഷിക്കുന്നു.
എല്ലാകാര്യത്തിലും വ്യക്തമായ അഭിപ്രായം ഉളള വ്യക്തിയാണ് ധോണി. ഇത് എപ്പോഴും തുറന്ന് പറയാറുമുണ്ട്. ഇങ്ങനെയൊരു വ്യക്തിയാണ് ചോദ്യങ്ങളുടെ മലവെളളപ്പാച്ചില്‍ ഉണ്ടായിട്ടും മൗനം പാലിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ എന്നത് വെറുമൊരു പദവിയല്ലെന്നതും ധോണിയുടെ മൗനത്തിന് പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കുന്നു. ബി സി സി ഐയുടെ വിലക്കുളളപ്പോള്‍ തന്നെ, ഇന്ത്യന്‍ ക്രിക്കറ്റിനെ സാരമായി ബാധിക്കുന്ന ആരോപണത്തില്‍ ധോണി മറുപടി പറയേണ്ടത് അനിവര്യതയാണ്. അല്ലാത്തപക്ഷം , ധോണിക്കും ഇതില്‍ പങ്കുണ്ടെന്ന് വിശ്വസിക്കേണ്ടിവരും. ഈ വിശ്വാസം സാധൂകരിക്കത്തക്ക വിധത്തിലാണിപ്പോള്‍ കാര്യങ്ങളുടെ പോക്ക്.
ചെന്നൈ സൂപ്പര്‍ കിംഗ്‌സാണിപ്പോള്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് വിവാദക്കടലില്‍ പെട്ടിരിക്കുന്നത്. ടീം പ്രിന്‍സിപ്പല്‍ ഗുരുനാഥ് മെയ്യപ്പന്‍ അറസ്റ്റിലായിക്കഴിഞ്ഞു. മെയ്യപ്പന്‍ വാതുവയ്പില്‍ പങ്കാളിയായെന്നും തെളിവുകള്‍ ലഭിച്ചു. ഈ ടീം ബി സി സി ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെ ഉടമസ്ഥതയില്‍ ഉളളതാണ്. ഇന്ത്യാ സിമന്റ്‌സ് എന്ന കമ്പനിയുടെ പേരിലാണ് സി എസ് കെ ടീമുളളത്. ഇന്ത്യാ സിമന്റ്‌സിന്റെ വൈസ് പ്രസിഡന്റാണ് ധോണി. അപ്പോള്‍ ധോണി-ശ്രീനിവാസന്‍-മെയ്യപ്പന്‍ ബന്ധം പകല്‍പോലെ വ്യക്തം.
ധോണി-ശ്രീനിവാസന്‍-മെയ്യപ്പന്‍ എന്നിവര്‍ അറിഞ്ഞുകൊണ്ടു മാത്രമേ സി എസ് കെയില്‍ എന്തും സംഭവിക്കൂ. ഇങ്ങനെയെങ്കില്‍ ഒത്തുകളി ധോണിയും അറിഞ്ഞിരിക്കും. ധോണിയെയും മരുമകനെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ശ്രീനിവാസന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിയാത്തത്. അന്വേഷണ കമ്മീഷന്‍ എല്ലാ കാര്യങ്ങളും പരിശോധിക്കും എന്നാണ് ശ്രീനിവാസന്റെ വിശദീകരണം. ശ്രീനിവാസന്‍ അധ്യക്ഷനായിരിക്കേ, ബോര്‍ഡ് നടത്തുന്ന അന്വേഷണം എത്രമാത്രം നീതിയുക്തമായിരിക്കും എന്ന് ചിന്തിക്കാവുന്നതേയുളളൂ.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അവിഹിത ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്ന് തന്നെയാണ് കരുതേണ്ടത്. അല്ലെങ്കില്‍ എന്തുകൊണ്ട് അന്വേഷണം കഴിയുംവരെയെങ്കിലും ശ്രീനിവാസന് തല്‍സ്ഥാനത്തുനിന്ന് മാറിനിന്നുകൂടാ. ഇതേപശ്ചാത്തലത്തിലാണ് ധോണിയുടെ മേലും സംശയത്തില്‍ കരിനിഴല്‍ വീഴുന്നത്.
വാതുവയ്പിന് പിടിയിലായ ബോളിവുഡ് നടന്‍ വിന്ദു ധാരാസിംഗും ധോണിയുടെ ഭാര്യ സാക്ഷി റാവത്തും ചെന്നൈയുടെ മത്സരം കാണാന്‍ ഒരുമിച്ചിരുന്നത് ലോകം മുഴുവന്‍ കണ്ടുകഴിഞ്ഞു. വി വി ഐ പി പവലിയനില്‍ വിന്ദു എങ്ങനെ എത്തി എന്നതും ഇവരുടെ ബന്ധം വ്യക്തമാക്കുന്നത്. ഇതേക്കുറിച്ച് നിഷേധം നടത്താന്‍പോലും ധോണി തയ്യാറായിട്ടില്ല. ആളുകള്‍ അങ്ങനെ പലതും പറയുമെന്ന് മാത്രമായിരുന്നു വിവാദങ്ങളെക്കുറിച്ച് സാക്ഷിയുടെ പ്രതികരണം.
ധോണിയുടെ മൗനം ഇന്ത്യന്‍ ക്രിക്കറ്റിനെ ആകെയാണ് ബാധിക്കുക. ഐ പി എല്ലിന്റെ ആരവം അടങ്ങുംമുന്‍പ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കാനിറങ്ങുകയാണ്. ഒത്തുകളിയെന്ന ദുര്‍ഭൂതം ടീം ഇന്ത്യയെ വേട്ടയാടും എന്നുറപ്പാണ്. അതിനപ്പുറത്ത് മാധ്യമവിചാരണയും ടീം ഇന്ത്യയുടെ ഉറക്കംകെടുത്തും. ധോണിയുടെ വിശദീകരണത്തിലൂടെ ഒരുപരിധിവരെ ഇതിനൊക്കെ മറുപടി കണ്ടെത്താനാവും. എന്നാല്‍ ധോണി മൗനം പാലിക്കുന്നതിലൂടെ സംശയം വര്‍ധിക്കുകയാണ്, ആരോപണങ്ങളും.
എന്തൊക്കെയോ മറയ്ക്കാനുളളതിനാലാണ് ധോണിയുടെ മൗനമെന്നാണ് കരുതേണ്ടത്. ഒത്തുകളിയെ തളളിപ്പറയാന്‍പോലും ധോണി തയ്യാറാവാത്തതും അതുകൊണ്ടുതന്നെയാവണം. രാഹുല്‍ ദ്രാവിഡ്, കീര്‍ത്തി ആസാദ്, മനീന്ദര്‍ സിംഗ് എന്നിവര്‍ മാത്രമാണ് ഇതിനെതിരെ രംഗത്തെത്തിയത്. കപില്‍ ദേവ്, കെ ശ്രീകാന്ത്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സുനില്‍ ഗാവസ്‌കര്‍, രവി ശാസ്ത്രി എന്നിവരെല്ലാം ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ശ്രീനിവാസന്‍ രാജിവയ്ക്കണം എന്നുപറയാനുളള ധീരതപോലും ഇതിഹാസ താരങ്ങള്‍പോലും തയ്യാറാവുന്നില്ല. ബി സി സി ഐ നല്‍കുന്ന കോടിക്കണക്കിന് രൂപ ഇല്ലാതാവും എന്ന ഭയം മാത്രമാണ് ഈ മൗനത്തിന് പിന്നില്‍. അതോടെ ഒരുകാര്യം വ്യക്തം. പണമാണ് എല്ലാം ഭരിക്കുന്നത്. നീതിയും സത്യവുമെല്ലാം അധികാരത്തിനും പണത്തിനും മുന്നില്‍ തമസ്‌കരിക്കപ്പെടും.
2 Comments
Continue...
Regards,
Girls HSS
Need free mobile apps? Visit http://www.vrad.in