August 23, 2009

വന്‍മതില്‍ വീണ്ടും ഉയരുമ്പോള്‍

സാങ്കേതിക തകരാറുകള്‍ ഇല്ലാതാക്കാന്‍ മികച്ച ടെക്‌നീഷ്യനെ നിയോഗിക്കുക എന്നതാണ് ഏറ്റവും നല്ല മാര്‍ഗം. മിടുക്കനായ ടെക്‌നീഷ്യനെ ഏത് യന്ത്രത്തകരാറുകളും അതിവേഗം കണ്ടെത്തി പരിഹരിക്കാന്‍ കഴിയൂ. ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ താളപ്പിഴകള്‍ പരിഹരിക്കാന്‍ മുഖ്യ സെലക്ടര്‍ കെ ശ്രീകാന്തിനും കൂട്ടര്‍ക്കും മുന്നിലുണ്ടായിരുന്ന ഏക മാര്‍ഗവും ഇതായിരുന്നു; രാജ്യത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് ടെക്‌നീഷ്യനെ ടീമിലുള്‍പ്പെടുത്തുക. ഫലം;രാഹുല്‍ ശരദ് ദ്രാവിഡ് വീണ്ടും ഇന്ത്യന്‍ ടീമില്‍.

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഏകദിന ക്രിക്കറ്റില്‍ ടീം ഇന്ത്യക്ക് ഉരുക്കുകോട്ട കെട്ടാന്‍ ദ്രാവിഡ് പാഡുകെട്ടാനൊരുങ്ങുന്നത്. കൃത്യമായി പറഞ്ഞാല്‍ 2007 ഒക്‌ടോബര്‍ പതിനാലിന് ഓസ്‌ട്രേലിയക്കെതിരെ നാഗ്പൂരിലായിരുന്നു ദ്രാവിഡിന്റെ അവസാന രാജ്യാന്തര ഏകദിനം. യുവരക്തത്തിന് പ്രാമുഖ്യം നല്‍കുകയെന്ന തീരുമാനവുമായി സെലക്ടര്‍മാര്‍ "ക്രീസിലിറങ്ങിയപ്പോഴാണ്' ദ്രാവിഡിന് ഏകദിന ടീമിലെ സ്ഥാനം നഷ്ടമായത്. പകരമെത്തിയ യുവപ്രതിഭകള്‍ ഇന്ത്യയിലെ ചത്തപിച്ചുകളില്‍ റണ്‍മഴ ചൊരിഞ്ഞവരായിരുന്നു. പക്ഷേ വെസ്റ്റ് ഇന്‍ഡീസിലെയും ഇംഗ്‌ളണ്ടിലെയുമൊക്കെ ബൗണ്‍സും വേഗതയുമുളള വിക്കറ്റുകളില്‍ ഈയുവപ്രതിഭകള്‍ വെളളംകുടിച്ചു. മധ്യനിര ആടിയുലയുന്നതിന് പരിഹാരമെന്ത് എന്ന സെലക്ടര്‍മാരുടെ മില്യണ്‍ ഡോളര്‍ ചോദ്യത്തിന്റെ ഉത്തരം രാഹുല്‍ ദ്രാവിഡ് മാത്രമായിരുന്നു. അങ്ങനെയാണ് മുപ്പത്തിയാറാം വയസില്‍ വന്‍മതില്‍ ഇന്ത്യയുടെ നീലക്കുപ്പായത്തിലേക്ക് തിരിച്ചെത്തുന്നത്.

ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ മാത്രമല്ല ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന ത്രിരാഷ്ട്രഏകദിന പരമ്പരയിലെ കളിസംഘത്തിലും ദ്രാവിഡുണ്ട്. മുത്തയ്യാ മുരളീധരന്റെ കുത്തി തിരിയുന്ന പന്തുകളും മലിംഗയുടെയും തുഷാരയുടെയുമെല്ലാം അതിവേഗ പന്തുകളും നേരിടാനുളള ഇന്ത്യയുടെ വിശ്വസ്ത മറുപടിയാണ് വന്‍മതില്‍. 333 ഏകദിനങ്ങളുടെ അനുഭവ സമ്പത്തുമായാണ് മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ സംഘത്തിലേക്ക് തിരിച്ചെത്തുന്നത്. 308 ഇന്നിംഗ്‌സുകളില്‍ നിന്ന് 10,585 റണ്‍സാണ് ദ്രാവിഡിന്റെ പേരിനൊപ്പമുളളത്. ഇതില്‍ 12 സെഞ്ച്വറികളും 81 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടുന്നു. 39.49 ശരാശരിയിലാണ് ദ്രാവിഡ് ഈ റണ്‍മല പടുത്തുയര്‍ത്തിയത്. സ്വന്തം നാട്ടിലേക്കാള്‍ എതിരാളികളുടെ തട്ടകത്തില്‍ ഉയര്‍ന്ന ബാറ്റിംഗ് ശരാശരിയുളള അത്യപൂര്‍വ ബാറ്റ്‌സ്മാന്‍കൂടിയാണ് ദ്രാവിഡ്.ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയിലെക്കാള്‍ ഉയന്ന റണ്‍ ശരാശരിയാണ് വിദേശഗ്രൗണ്ടുകളില്‍ദ്രാവിഡിനുളളത്. വന്‍മതിലിന്റെ ഈ മികവും ടീമിലേക്കുളള തിരിച്ചു വരവിന് വഴിയൊരുക്കി. വിദേശപിച്ചുകളില്‍ 42.03 റണ്‍സാണ് ദ്രാവിഡിന്റെ ബാറ്റിംഗ് ശരാശരി. ടെസ്റ്റ് ബാറ്റ്‌സ്മാന്‍ എന്ന് മുദ്രകുത്തപ്പെട്ട താരമാണ് ദ്രാവിഡ്. എന്നാല്‍ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഇന്ത്യന്‍ ബാറ്റിംഗ് നെടുന്തൂണായ ദ്രാവിഡ് ഏകദിനത്തില്‍ പതിനായിരം റണ്‍സ് പൂര്‍ത്തിയാക്കിയ ആറാമത്തെ ബാറ്റ്‌സ്മാനാണ്. മൂന്നാമത്തെ ഇന്ത്യന്‍ താരവും. സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയുമാണ് ദ്രാവിഡിന് മുന്‍പ് ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍. ടെസ്റ്റ് ക്രിക്കറ്റിലും സുവര്‍ണ നേട്ടങ്ങളാണ് ദ്രാവിഡിന്റെ പേരിനൊപ്പം എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്നത്. 134 ടെസ്റ്റുകളില്‍ നിന്ന് ദ്രാവിഡ് 10,823 റണ്‍സ് നേടിക്കഴിഞ്ഞു. 26 സെഞ്ച്വറികളും വന്‍മതിലിന്റെ പേരിനൊപ്പമുണ്ട്. ഇതില്‍ അഞ്ചെണ്ണം ഇരട്ടസെഞ്ച്വറികളാണ്. ടെസ്റ്റില്‍ ഏറ്റവുമധികം ക്യാച്ചെടുത്ത(184) ഫീല്‍ഡറും വന്‍മതില്‍ തന്നെ.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് തന്റെ കരിയര്‍ ഇത്രയേറെ സമര്‍പ്പിക്കപ്പെട്ട താരവും അതിവിരളമായിരിക്കും. 2003 ലോകകപ്പിലുള്‍പ്പടെ നിരവധി മത്‌സരങ്ങളില്‍ വിക്കറ്റ് കീപ്പറുടെ വേഷത്തിലും ദ്രാവിഡ് കളത്തിലിറങ്ങി. ഒരു ബാറ്റ്‌സ്മാനെ അധികം ഇലവനില്‍ ഉള്‍പ്പെടുത്താമെ ടീം മാനേജ്‌മെന്റിന്റെ തന്ത്രം നടപ്പാക്കാന്‍ പ്രതിഷേധമില്ലാതെ ഗ്‌ളൗസണിയുകയായിരുന്നു ദ്രാവിഡ്. അതേ സമയം തന്നെ ഓപ്പണിംഗ് മുതല്‍ ഏഴാം നമ്പര്‍ ബാറ്റ്‌സ്മാനായി വരെ ദ്രാവിഡ് ക്രീസിലെത്തുകയും ചെയ്തു. വ്യക്തിഗത താല്‍പര്യത്തെക്കാള്‍ ടീമിന്റെ താല്‍പര്യം മാത്രമായിരുന്നു എന്നും ദ്രാവിഡിനെ നയിച്ചത്. മറ്റ് " ദൈവങ്ങള്‍' ബാറ്റിംഗ് പൊസഷനില്‍ പിടിവാശി പുലര്‍ത്തുന്ന സമയത്താണ് ദ്രാവിഡിന്‍െറ ഈ ഹൃദയവിശാലത.മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 1973 ജനുവരി 11ന് ജനിച്ച ദ്രാവിഡ് ബാംഗ്‌ളൂര്‍ സെന്റ് ജോസഫ്‌സ് ഹൈസ്കൂളിലൂടൊണ് ക്രിക്കറ്റിലേക്ക് ഗാര്‍ഡ് എടുക്കുന്നത്. 1984ല്‍ കേകി താരാപ്പൂറിന്റെ പരിശീലന ക്യാമ്പില്‍ എത്തിയത് ദ്രാവിഡിന്റെ ജീവിതം മാറ്റിമറിച്ചു. താരാപ്പൂരിന്റെ ശിക്ഷണത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദ്രാവിഡ് ജൂനിയര്‍ ക്രിക്കറ്റില്‍ റണ്‍മഴ ചൊരിഞ്ഞു.സ്കൂള്‍ ക്രിക്കറ്റില്‍ കേരളത്തിനെതിരെ ഇരട്ടസെഞ്ച്വറി നേടിയതോടെ സംസ്ഥാന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അതോടെ വിക്കറ്റ് കീപ്പിംഗ് ഉപേക്ഷിക്കാന്‍ ഗുണ്ടപ്പ വിശ്വനാഥ്, ബ്രിജേഷ് പട്ടേല്‍, റോജര്‍ ബിന്നി തുടങ്ങിയ മുന്‍ താരങ്ങള്‍ കൊച്ചു ദ്രാവിഡിനെ ഉപദേശിച്ചു. അതോടെയാണ് ദ്രാവിഡ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി മാറുന്നത്.1991ല്‍ മഹാരാഷ്ട്രയ്‌ക്കെതിരെ രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം. 1996ല്‍ രഞ്ജി ട്രോഫി ഫൈനലില്‍ തമിഴ്‌നാടിനതിരെ ഇരട്ടസെഞ്ച്വറി നേടിയതോടെ ഇന്ത്യന്‍ ടീമിലേക്കുളള വാതിലും തുറന്നു.

സിംഗപ്പൂരില്‍ നടന്ന സിംഗര്‍ കപ്പില്‍ 1996 ഏപ്രില്‍ മൂന്നിന് ശ്രീലയ്‌ക്കെതിരെ ആയിരുന്നു ഏകദിനത്തില്‍ ദ്രാവിഡിന്റെ അരങ്ങേറ്റം. മൂന്നു റണ്‍സിന് മടങ്ങാനായിരുന്നു ദ്രാവിഡിന്റെ വിധി. പരമ്പരയില്‍ താളം കണ്ടെത്താന്‍ വിഷമിച്ച ദ്രാവിഡ് ടീമില്‍ നിന്ന് പുറത്താവുകയും ചെയ്തു. തുടര്‍ന്ന് ജൂണില്‍ നടന്ന ഇംഗ്‌ളണ്ട് പര്യടനമാണ് കര്‍ണാടക താരത്തിന്റെ ക്രിക്കറ്റ് ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ്.ഇംഗ്‌ളണ്ട് പര്യടനത്തോടെ ദ്രാവിഡ് രാജ്യാന്തര ക്രിക്കറ്റിന്റെ പടവുകള്‍ കയറിത്തുടങ്ങി. സാങ്കേതികത്തികവില്‍ അതീവശ്രദ്ധാലുവായ ദ്രാവിഡിനെ ജെഫ് ബോയ്‌ക്കോട്ട്, സുനില്‍ ഗാവസ്കര്‍, ചാപ്പല്‍ സഹോദരന്‍മാര്‍, റോഹന്‍ കന്‍ഹായ് തുടങ്ങിയ സൂപ്പര്‍ ടെക്‌നീഷ്യന്‍മാരുടെ നിരയിലണ് വിദഗ്ധര്‍ ഉള്‍പ്പെടുത്തിയത്. കോപ്പിബുക്ക് ശൈലി തന്നെയായിരുന്നു എന്നും ദ്രാവിഡിന്റെ ബാറ്റിംഗിനെ മനോഹരമാക്കിയത്. അതുകൊണ്ടു തന്നെ ക്രിക്കറ്റ് കളിക്കുന്ന നാട്ടിലെല്ലാം പിച്ചുകളുടെ സ്വഭാവം അതിജീവിച്ച് റണ്‍ചൊരിയാന്‍ കഴിഞ്ഞു. എല്ലാ ടെസ്റ്റ് രാജ്യങ്ങള്‍ക്കെതിരെയും അവരുടെ നാട്ടില്‍ സെഞ്ച്വറി നേടിയ ഏക ബാറ്റ്‌സ്മാനാണ് ദ്രാവിഡ്. ഏത് വിക്കറ്റിലും ബൗളര്‍മാരുടെ മുനയൊടിക്കുന്ന ദ്രാവിഡ് ലോക ക്രിക്കറ്റിലെ വന്‍മതിലായതും സ്വാഭാവികം.വന്‍മതിലായി വളര്‍ന്ന ദ്രാവിഡ് 79 ഏകദിനങ്ങളില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. 42 ജയവും 33 തോല്‍വിയുമാണ് കണക്കിലുളളത്. രണ്ടാമത് ബാറ്റ് ചെയ്ത് തുടര്‍ച്ചയായ 15 മത്‌സരങ്ങളില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച റെക്കോര്‍ഡും ദ്രാവിഡിന് സ്വന്തം. 2005ല്‍ സൗരവ് ഗാംഗുലിയില്‍ നിന്ന് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ദ്രാവിഡ് 2007ല്‍ നായക സ്ഥാനം സ്വമേധയാ ഉപേക്ഷിച്ചു. ഇതിനിടയില്‍ 2007 ലോകകപ്പിന്റെ ആദ്യറൗണ്ടില്‍ തന്നെ ഇന്ത്യ പുറത്തായത് ദ്രാവിഡിന്റെ കരിയറിലെ കറുത്താപാടായി. തൊട്ടു പിന്നാലെ ഏകദിന ടീമിലെ സ്ഥാനവും നഷ്ടമായി. പക്ഷേ കാലം വീണ്ടും ദ്രാവിഡിനെ ടീം ഇന്ത്യയുടെ വന്‍മതിലായി തിരിച്ചുവിളിച്ചിരിക്കുന്നു. ഇനി ക്രീസില്‍ ബാറ്റുകൊണ്ടുളള കാവ്യരചനയ്ക്കായി കാത്തിരിക്കാം.

"എന്നും എപ്പോഴും എവിടെയും സ്ഥിരതയോടെ റണ്‍ചൊരിയുന്ന ബാറ്റ്‌സ്മാനാണ് ദ്രാവിഡ്. ഇന്ത്യക്ക് മാത്രമല്ല, എല്ലാ കാലത്തെയും എല്ലാവരുടെയും മികച്ച കളിക്കാരനാണ് ദ്രാവിഡെന്ന് ചരിത്രം തെളിയിക്കും'' കണക്കുകള്‍ക്കും റെക്കോര്‍ഡുകള്‍ക്കും അപ്പുറത്ത് ഗ്രെഗ് ചാപ്പലിന്റെ ഈ വാക്കുകള്‍ ദ്രാവിഡ് എന്ന വന്‍മതില്‍ എത്രവലിയ ക്രിക്കറ്ററാണെന്ന് വ്യക്തമാക്കുന്നതാണ്.

നാളെയാണ്... നാളെയാണ്... ദേശീയ ഗെയിംസ്‍‍‍‍

നാളെയാണ്...
നാളെയാണ്...നാളെയാണ്
ദേശീയ ഗെയിംസ്...
ലോട്ടറിക്കച്ചവടക്കാരുടേതു പോലെ കേരളത്തിന്റെ സ്‌പോര്‍ട്‌സ് മന്ത്രി പങ്കെടുക്കുന്ന വേദികളിലെല്ലാം ഉയരുന്ന വാക്കുകളാണിത്. രാജ്യത്തെ ഏറ്റവും വലിയ കായികമേള കണ്ണടച്ചുതുറക്കും മുന്‍പ് കെങ്കേമമായി നടത്തുമെന്നാണ് മന്ത്രിയുടെ വാഗ്ദാനം. മന്ത്രിയായി ചുമതലയേറ്റെടുത്തത് മുതല്‍ എല്ലാ ജില്ലകളിലും സ്‌പോര്‍ട്‌സ് കോംപ്‌ളക്‌സുകളും പഞ്ചായത്തുകള്‍ തോറും സ്‌റ്റേഡിയങ്ങളും നീന്തല്‍ക്കുളങ്ങളും നിര്‍മ്മിച്ച് "അത്ഭുതങ്ങള്‍' സൃഷ്ടിക്കുന്ന മന്ത്രിക്ക് ദേശീയ ഗെയിംസും നിസ്‌സാരം. ജാര്‍ഖണ്ഡില്‍ രണ്ടു വര്‍ഷം മുന്‍പ് നടക്കേണ്ട ദേശീയ ഗെയിംസ് എന്നു നടക്കുമെന്ന് അവര്‍ക്കുപോലും നിശ്ചയമില്ലാത്തപ്പോഴാണ് നമ്മുടെ മന്ത്രിയുടെ ഗ്വാ-ഗ്വാ വിളി.

പിടികിട്ടാത്ത ഗെയിംസുകള്‍

2008ലാണ് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ മുപ്പത്തിയഞ്ചാമത് ദേശീയ ഗയിംസ് കേരളത്തിന് അനുവദിച്ചത്; അവസാനമായി നടന്ന ഗുവാഹത്തി ദേശീയ ഗെയിംസിന് പിന്നാലെ. രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഗെയിംസ് നടത്തണമെന്നാണ് നിയമം. നാലുവര്‍ഷം കൂടുമ്പോള്‍ അരങ്ങേറുന്ന ഒളിംപിക്‌സിനും ഏഷ്യന്‍ ഗെയിംസിനും മുന്നോടിയായി താരങ്ങള്‍ക്ക് മത്‌സരപരിചയം ലഭിക്കുക എന്നതിനാലാണ് രണ്ടു വര്‍ഷത്തെ ഇടവേള നിശ്ചയിച്ചത്. 1985ല്‍ ദേശീയ ഗെയിംസ് നവീകരിച്ച ശേഷം ഒരിക്കല്‍ മാത്രമേ ഗെയിംസ് കൃത്യസമയത്ത് നടന്നിട്ടുളളൂ. 1987ല്‍ കേരളത്തില്‍. തുടര്‍ന്ന് പത്ത് ഗെയിസ് നടക്കേണ്ട സ്ഥാനത്ത് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് മുടന്തി മുടന്തി ഏഴു തവണയാണ് നടന്നത്. മുടന്തലിന്‍െറ ഏറ്റവും അവസാന പതിപ്പാണിപ്പോള്‍ കേരളത്തില്‍ ആഘോഷിച്ചുകൊണ്ടിരിക്കുന്നത്. ഈ ചരിത്രം നീണ്ടുനിവര്‍ന്നു കിടക്കുമ്പോഴാണ് സ്‌പോര്‍ട്‌സ് മന്ത്രി ഗെയിംസ് നാളെ നാളെയെന്ന് അലമുറയിടുന്നത്.ഗെയിംസ് കേരളത്തിന് അനുവദിച്ച ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനു പോലുമറിയാമായിരുന്നു നിശ്ചിതസമയത്ത് മത്‌സരങ്ങള്‍ നടക്കില്ലെന്ന്. കാരണം, എന്നു നടക്കുമെന്ന് ആര്‍ക്കും ഉറപ്പ് പറയാന്‍ കഴിയാത്ത ചരിത്രമാണ് ദേശീയ ഗെയിംസിനുളളത്.

കോമണ്‍വെല്‍ത്ത് ഗെയിംസും തടസ്‌സം

2004ലെ ഗെയിംസ് ഗുവാഹത്തിയില്‍ നടന്നത് മൂന്നു വര്‍ഷം കഴിഞ്ഞായിരുന്നു. 2007ലെ ഗെയിംസാണെങ്കില്‍ ഇതുവരെ നടന്നിട്ടുമില്ല. സ്‌റ്റേഡിയങ്ങള്‍ അടക്കമുളള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവാത്തതിനാല്‍ നാല് തവണ ജാര്‍ഖണ്ഡ് ഗെയിംസ് മാറ്റിവച്ചു. ഈ വര്‍ഷം ഡിസംബര്‍ ഒന്നു മുതല്‍ 14 വരെയാണ് ഏറ്റവും ഒടുവില്‍ നിശ്ചയിച്ചിരിക്കുന്ന മത്‌സരക്രമങ്ങള്‍. അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ ഈ തീയതികളിലും ഗെയിംസ് നടക്കാനിടയില്ല. കാരണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും മന്ദഗതിയില്‍ തന്നെ. ഒപ്പം നിയമസഭാ തിരഞ്ഞെടുപ്പും ഇതിനോട് അടുപ്പിച്ചാണ് നടക്കാനിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാല്‍ സ്വാഭാവികമായും ഗെയിസ് നീട്ടിവയ്ക്കും.അപ്പോഴേക്കും കലണ്ടറില്‍ നിന്ന് ഒരു വര്‍ഷം കൂടി അടര്‍ന്നു വീഴും.അടുത്ത വര്‍ഷമാണെങ്കില്‍ ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയാവുകയാണ്. 2010 ഒക്‌ടോബര്‍ മൂന്നു മുതല്‍ 14 വരെ ഡല്‍ഹിയിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുക. ലോകശ്രദ്ധയാകര്‍ഷിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്‍പ് രണ്ടു തവണ ദേശീയ ഗെയിംസ് നടത്തുകയും പ്രയാസം. അതോടെ കേരളം 2009ല്‍ നിന്ന് ഇതിനകം മാറ്റിയ ഗെയിംസ് അടുത്ത വര്‍ഷവും നടക്കില്ലെന്ന് വ്യക്തം. ജാര്‍ഖണ്ഡ് ഗെയിംസ് കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്‍പ് നടത്തുക എന്നതുതന്നെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് വെല്ലുവിളിയായി നില്‍ക്കേ.

ട്രാക്കും ഫീല്‍ഡുമില്ലാതെ ഗെയിംസിന്

മത്‌സരങ്ങള്‍ നടത്താനാവശ്യമായ സൗകര്യങ്ങള്‍ ഒന്നുമില്ലാതെയാണ് ഗെയിംസ് നടത്താന്‍ കേരളം തയ്യാറായി നില്‍ക്കുന്നത്. നിലവില്‍ 2010 മേയ് ഒന്നു മുതല്‍ 14 വരെയാണ് ഗെയിംസ് നിശ്ചയിച്ചിരിക്കുന്നത്. മുഖ്യ വേദിയായ തിരുവനന്തപുരത്ത് ദേശീയ മത്‌സരങ്ങള്‍ക്ക് അനുയോജ്യമായ സ്‌റ്റേഡിയങ്ങളൊന്നുമില്ല. കൃത്യസമയത്ത് നടക്കുകയാണെങ്കില്‍ യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയം പൊടിതുടച്ചെടുക്കാനാണ് സംഘാടകരുടെ നീക്കം.

ഗെയിംസ് വില്ലേജ് എന്ന പദ്ധതി തന്നെ ഉപേക്ഷിച്ചു കഴിഞ്ഞു. നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത നഗരത്തിലെ ഫ്‌ളാറ്റുകളും ബാലരാമപുരത്ത് ഹൗസിംഗ് ബോര്‍ഡ് നിര്‍മ്മിക്കാനൊരുങ്ങുന്ന ഫ്‌ളാറ്റുകളും തട്ടിക്കൂട്ടിയെടുക്കാമെന്നും സംഘാടകര്‍ കരുതുന്നു. കാര്യവട്ടത്തെ മുഖ്യ സ്‌റ്റേഡിയവും വട്ടിയൂര്‍ക്കാവിലെ സ്‌പോര്‍ട്‌സ് കോംപ്‌ളക്‌സും കൊല്ലത്തെ ഹോക്കി സ്‌റ്റേഡിയവുമെല്ലാം ജലരേഖയായിക്കഴിഞ്ഞുവെന്ന് ചുരുക്കം. മറ്റ് ജില്ലകളിലെ മത്‌സരവേദികളുടെ അവസ്ഥയും ഇതൊക്കെയാണ്.

ദീര്‍ഘവീക്ഷണമില്ലാതെയുളള ഒരുക്കം

സാധാരണ ദേശീയ ഗെയിംസ് ഒരു നഗരത്തിനാണ് അനുവദിക്കുക. ഗെയിംസ് നടക്കുന്നതോടെ ആ നഗരം ഒരു സ്‌പോര്‍ട്‌സ് സിറ്റിയാവും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വിവിധ മത്‌സരങ്ങള്‍ക്കുളള ഗ്രൗണ്ടുകളും മറ്റ് സൗകര്യങ്ങളും ഒരൊറ്റ നഗരത്തില്‍ ലഭ്യമാവും. തുടര്‍ പരിശീലനങ്ങള്‍ക്കും ദേശീയ- അന്തര്‍ദേശീയ മത്‌സരങ്ങള്‍ക്കും ഇങ്ങനെയുളള നഗരങ്ങള്‍ തിരഞ്ഞെടുക്കപ്പെടും. ഹൈദരാബാദും പൂനെയും ഗുവാഹത്തിയുമെല്ലാം കണ്‍മുന്നിലെ ഉദാഹരണങ്ങളാണ്. ഹൈദരാബാദിലും പൂനെയിലും രാജ്യാന്തര മത്‌സരങ്ങള്‍ ഇടക്കിടെ നടക്കുന്നതും ശ്രദ്ധേയം. ഈ സാഹചര്യത്തിലാണ് കേരളം ഏഴു നഗരങ്ങളിലായി ഗെയിംസ് നടത്താനൊരുങ്ങുന്നത്. കൊല്ലം, തൃശൂര്‍, കോഴിക്കോട്, എറണാകുളം, കണ്ണൂര്‍, ആലപ്പുഴ എന്നിവയാണ് തിരുവനന്തപുരത്തെക്കൂടാതെ മത്‌സരവേദികളായി നിശ്ചയിച്ചിരിക്കുന്നത്. ഈ വീതംവെപ്പിലൂടെ ഒരൊറ്റ കളിക്കളംപോലും പുതിയതായി ഉണ്ടാവില്ല. നിലവിലെ സ്‌റ്റേഡിയങ്ങളും വേദികളും മുഖം മിനുക്കുകയാവും ഉണ്ടാവുക. അതോടെ ഇന്നത്തെ താരങ്ങള്‍ക്ക് മാത്രമല്ല നാളെയുടെ താരങ്ങള്‍ക്ക് കൂടി ലഭ്യമാവേണ്ട മികച്ച അടിസ്ഥാനസൗകര്യങ്ങള്‍ സ്വപ്നമായി അവശേഷിക്കും.

വേഗം + ബോള്‍ട്ട് = ജമൈക്ക‍‍

സമയത്തെ വേഗംകൊണ്ട് കീഴടക്കാന്‍ ജനിച്ചവരാണവര്‍. വേഗമാണ് അവരുടെ ഹൃദയതാളം. ഉസൈന്‍ സെന്റ് ലിയോ ബോള്‍ട്ട് അവരുടെ ഹൃദയവും. കരീബിയന്‍ സമുദ്രത്തില്‍ 234 കിലോമീറ്റര്‍ നീളവും 80 കിലോമീറ്റര്‍ വീതിയുമുളള ദ്വീപില്‍ നിന്നാണ് ഇവര്‍ വരുന്നത്. അവരുടെ പേര്-ജമൈക്കക്കാര്‍. പണത്തിളക്കത്തെയും ശാസ്ത്രീയ പരിശീലനമുറകളെയും അതിവേഗത്തിലൂടെ നിഷ്പ്രഭമാക്കി ട്രാക്കില്‍ പുത്തന്‍ ചരിത്രം രചിക്കുകയാണിവര്‍.
മൈക്കല്‍ ഹോള്‍ഡിംഗ്, കോര്‍ട്‌നി വാല്‍ഷ്, ജെഫ് ഡുജോണ്‍, ഫ്രാങ്ക് വൊറേല്‍, ആല്‍ഫ്രഡ് വാലന്റൈന്‍...ജമൈക്കയുടെ കൊടിയടയാളങ്ങളായിരുന്നു ഇവര്‍. ക്രിക്കറ്റ് കളിത്തട്ടുകളില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ വിജയക്കൊടി പാറിക്കുന്നതില്‍ മുന്നില്‍ നിന്നവര്‍. ഇപ്പോള്‍ ഇവരെല്ലാം ഉസൈന്‍ ബോള്‍ട്ടിന്റെയും ഷെല്ലി ആന്‍ ഫ്രേസറിന്റെയുമെല്ലാം വേഗത്തിന് മുന്നില്‍ പിന്നിലായിരിക്കുന്നു. ലോകത്തിന് വേഗമാണിപ്പോള്‍ ജമൈക്ക. ജമൈക്കക്കാര്‍ ഭൂമുഖത്തെ അതിവേഗക്കാരും.
ജമൈക്കയിലെ മനുഷ്യരുടെ വേഗത്തിന് മുന്നില്‍ അക്ഷരാര്‍ഥത്തില്‍ സ്തബ്ധരായിരിക്കുകയാണ് കായികലോകം. ബെയ്ജിംഗ് ഒളിംപിക്‌സിലാണ് അവര്‍ ലോകത്തെ ആദ്യം ഞെട്ടിച്ചത്. കൃത്യം ഒരുവര്‍ഷത്തിന് ശേഷം ബര്‍ലിനിലെ ലോക അത്‌ലറ്റിക് മീറ്റില്‍ ജമൈക്ക 100 മീറ്റര്‍ പന്തയത്തിലെ പുരുഷ-വനിതാ വിഭാഗങ്ങളില്‍ സ്വര്‍ണം നേടി ആ അത്ഭുതം ആവര്‍ത്തിക്കുകയും ചെയ്തു. ജമൈക്കയുടെ അതിവേഗത്തിന് മുന്നില്‍ വീണുടഞ്ഞത് അമേരിക്കയുടെ ട്രാക്കിലെ സര്‍വാധിപത്യം കൂടിയായിരുന്നു. ഉസൈന്‍ ബോള്‍ട്ടെന്ന ഇരുപത്തിമൂന്നുകാരനാണ് ജമൈക്കന്‍ എക്‌സ്പ്രസ് അതിവേഗത്തില്‍ റെക്കോര്‍ഡ് പുസ്തകങ്ങളിലേക്ക് പായിക്കുന്നത്.
ഒരു പതിറ്റാണ്ട് മുന്‍പുവരെ ലിന്‍ഫോര്‍ഡ് ക്രിസ്റ്റിയും ഡൊണോവന്‍ ബെയ്‌ലിയുമെല്ലാം 100 മീറ്റര്‍ പന്തയങ്ങളില്‍ സ്വര്‍ണത്തിളക്കത്തിലേക്ക് ഒടിക്കയറുന്നത് ജൈമക്കക്കാര്‍ അഭിമാനത്തോടെ നോക്കിനില്‍ക്കുമായിരുന്നു. ജമൈക്കകാരായിരുന്നുവെങ്കിലും ക്രിസ്റ്റി ഇംഗ്‌ളണ്ടിന്റെയും ബെയ്‌ലി കാനഡയുടെയും പതാകകള്‍ക്ക് കീഴിലായിരുന്നു പന്തയത്തിനിറങ്ങിയിരുന്നത്. ക്രിസ്റ്റി 1992ലെ ഒളിംപിക്‌സിലും ബെയ്‌ലി 1996ലെ ഒളിംപിക്‌സിലും 100 മീറ്റര്‍ സര്‍ണം നേടുകയും ചെയ്തു. ട്രാക്കിന്റെ രാജകുമാരനായി വാഴ്ത്തപ്പെട്ട് വില്ലനായി മാറിയ ബെന്‍ ജോണ്‍സനും ജമൈക്കകാരനാണ്. അപ്പോഴും സ്വന്തം പതാകയ്ക്ക് കീഴില്‍ ഒന്നാമനായി ഓടിയെത്തുന്ന ജമൈക്കക്കാരനെ സ്വപ്നം കാണുകയായിരുന്നു ആറര ദശലക്ഷം ദ്വീപുകാര്‍. അവരുടെ സ്വപ്നം ഇന്ന് മഴവില്ലിനെക്കാള്‍ ചാരുതയോടെ യാഥാര്‍ഥ്യമായിരിക്കുന്നു;ഉസൈന്‍ ബോള്‍ട്ടിന്റെ കാലുകളിലൂടെ.
ക്രിക്കറ്റും ബാസ്കറ്റ്‌ബോളും ഫുട്‌ബോളുമൊക്കെ നിറഞ്ഞുനിന്ന ജമൈക്ക അതിവേഗ അത്‌ലറ്റുകളുടെ പറുദീസയാണിപ്പോള്‍. ലോകത്തിന്റെ തന്നെ മാതൃകാ താരങ്ങുടെ നാട്. അമേരിക്കയും ഇംഗ്‌ളണ്ടുമെല്ലാം ശാസ്ത്രത്തിന്റെ സഹായത്തോടെ താരങ്ങളെ ട്രാക്കിലിറക്കുമ്പോള്‍ കാരിരിമ്പിന്റെ കരുത്തുമയി കഠിന പ്രയത്‌നത്തില്‍ ആത്മവിശ്വാസമര്‍പ്പിച്ചാണ് അവരുടെ ജൈത്രയാത്ര. 1948 ലണ്ടന്‍ ഒളിംപിക്‌സിലാണ് ജമൈക്കന്‍ അത്‌ലറ്റിക്‌സിന്റെ ചരിത്രത്തിന്റെ യഥാര്‍ഥ പിറവി; പുരുഷന്‍മാരുടെ 400 മീറ്ററില്‍ ആര്‍തര്‍ വിന്റ് സ്വര്‍ണം നേടിയതോടെ. തുടര്‍ന്ന് ഹെര്‍ബ് മക്കെന്‍ലിയും കീത്ത് ഗാര്‍ഡ്‌നറും ഡൊണാള്‍ഡ് ക്വയ്‌റെയുമെല്ലാം മികച്ച പ്രകടനം നടത്തിയെങ്കിലും വേണ്ടത്ര ശ്രദ്ധയോ പിന്തുണയോ ലഭിച്ചില്ല.യുവതലമുറ എന്‍ ബി എ ബാസ്കറ്റ്‌ബോളിലേക്ക് ആകൃഷ്ടരായതോടെ ട്രാക്കില്‍ ജമൈക്കന്‍ തിളക്കം കുറഞ്ഞു.
എണ്‍പതുകളില്‍ മെര്‍ലിന്‍ ഓട്ടിയാണ് ജമൈക്കയെ വീണ്ടും ട്രാക്കിലേക്ക് മടക്കികൊണ്ടുവന്നത്. ലോസാഞ്ചലസ് ഒളിംപിക്‌സില്‍ ഓട്ടി നേടിയ രണ്ട് വെങ്കലമെഡലുകള്‍ അവരുടെ കണ്ണുതുറപ്പിച്ചു. ജമൈക്കന്‍ യൂണിവേഴ്‌സിറ്റി ഒഫ് ടാക്‌നോളജിയുടെ സ്‌പോര്‍ട്‌സ് ഡയറകടര്‍ അന്തോണി ഡേവിസായിരുന്നു ഇതിന് ചുക്കാന്‍ പിടിച്ചത്. പ്രതിഭാശാലികളായ താരങ്ങളുടെ അമേരിക്കയിലേക്കുളള ഒഴുക്ക് തടയുകയായിരുന്നു ഡേവിസിന്റെ ലക്ഷ്യം.താരങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പും ലഭ്യമായ ഏറ്റവും മികച്ച പരിശീലന ജന്‍മനാട്ടില്‍തന്നെ ലഭ്യമാക്കുകയാണ് അദ്ദേഹം ചെയ്തത്. മുന്നൂറോളം അത്‌ലറ്റുകളാണ് ഈ പദ്ധതിക്ക് കീഴില്‍ പരിശീലനം നടത്തുന്നത്. പത്തൊന്‍പത് വയസില്‍ താഴെയുളള കുട്ടികള്‍ക്ക് വിവിധ തലത്തിലുളള മത്‌സരങ്ങള്‍ നടത്തിയാണ് ഭാവിയുടെ വാഗ്ദാനങ്ങളെ കണ്ടെത്തുന്നത്. ഇരുന്നൂറിലധികം താരങ്ങള്‍ക്ക് അമേരിക്കയില്‍ ഉന്നത പരിശീലനവും ലഭ്യമാക്കുന്നു. ബോള്‍ട്ടും പവലും ആന്‍ഫ്രേസറും സ്റ്റുവര്‍ട്ടുമെല്ലാം ഈ പരിശീലന പരിപാടിയുടെ സംഭാവനകളായിരുന്നു.
2005 ജൂണില്‍ നടന്ന ഏഥന്‍സ് ഒളിംപിക്‌സില്‍ ജമൈക്കയുടെ സ്വപ്നം സാക്ഷാത്കരിച്ച് അസഫ പവല്‍ ലോകത്തിലെ ഏറ്റവും വേഗമേറിയ അത്‌ലറ്റായി. അമേരിക്കയുടെ ടിം മോണ്ട്‌ഗോമറിയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി. 9.77 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് പവല്‍ ലോകത്തിലെ ഏറ്റവും വേഷമേറിയ പുരുഷനായത്. പിന്നീട് പവല്‍ റെക്കോര്‍ഡ് 9.74 സക്കന്‍ഡായി മെച്ചപ്പെടുത്തുകയും ചെയ്തു.
2008 മെയ് 31ന് ബോള്‍ട്ടിന്റെ വേഗം പവലിനെ പിന്തളളി. 9.72 സെക്കന്‍ഡിലായിരുന്നു ബോള്‍ട്ടന്റെ ആദ്യ റെക്കോര്‍ഡ് ഫിനിഷ്. അതേവര്‍ഷം ബെയ്ജിംഗ് ഒളിംപിക്‌സില്‍ ബോള്‍ട്ട് 100,200 മീറ്ററുകളില്‍ മിന്നല്‍പ്പിണറുകള്‍ തീര്‍ത്ത് ചരിത്രത്തെ ഇളക്കിമറിച്ചു. 100 മീറ്ററില്‍ 9.69 സെക്കന്‍ഡിന്റെയും 200 മീറ്ററില്‍ 19.30 സെക്കന്‍ഡിന്റെയും റെക്കോര്‍ഡാണ് ബോള്‍ട്ടിളക്കിയത്. കൃത്യം ഒരുവര്‍ഷത്തിനിപ്പുറം ലോക അത്‌ലറ്റിക്മീറ്റില്‍ സമയം വീണ്ടും ബോള്‍ട്ടിന്റെ കുതിപ്പിന് കീഴടങ്ങി. ട്രാക്കിനെ പ്രകമ്പനംകൊളളിച്ച് ബോള്‍ട്ട് കുതിച്ച് പാഞ്ഞപ്പോള്‍ ഇതേ റെക്കോര്‍ഡുകള്‍ വീണ്ടും കടപുഴകി. എതിരാളികളെ നിഷ്പ്രഭരാക്കിയാണ് ഇത്തവണ ബോള്‍ട്ട് റെക്കോര്‍ഡിലേക്ക് പറന്നെത്തിയത്. 100 മീറ്ററില്‍ 9.58 സെക്കന്‍ഡിന്റെയും 200മീറ്ററില്‍ 19.19 സെക്കന്‍ഡിന്റെയും റെക്കോര്‍ഡാണ് ബോള്‍ട്ട് സ്വന്തമാക്കിയത്. കാള്‍ ലൂയിസിന് ശേഷം ഒളിംപിക്‌സില്‍ സ്പ്രിന്റ് ഡബിള്‍ നേടുന്ന താരമാണ് ബോള്‍ട്ട്. അതോടെപ്പം ഒരേസമയം ലോക ചാമ്പ്യന്‍ഷിപ്പിലും ഒളിംപിക്‌സിലും സ്പ്രിന്റ് ചാമ്പ്യനാവുന്ന ആദ്യ താരവുമായി. റിലേയിലും ജമൈക്കന്‍ വേഗത്തിന് മുന്നില്‍ സമയം വഴിമാറി.
പുരുഷന്‍മാര്‍ മാത്രമല്ല വനിതകളും സ്പ്രിന്റില്‍ ജമൈക്കന്‍ പെരുമ കാക്കുന്നു. ബെയ്ജിംഗില്‍ 100 മീറ്റര്‍ സ്വര്‍ണം നേടിയ ഷെല്ലി ആന്‍ ഫ്രേസര്‍ ബര്‍ലിനിലും ആ നേട്ടം ആവര്‍ത്തിച്ചു. കെറോണ്‍ സ്റ്റുവര്‍ട്ട് രണ്ട് മീറ്റുകളിലും വെളളി മെഡല്‍ നേടി. ഷെറോണ്‍ സിംസണ്‍, ഷെറിക്ക വില്യംസ്, മെലയ്ന്‍ വാക്കര്‍, അയ്ന്‍സ്‌ലി വോ, ജര്‍മെയ്ന്‍ മേസന്‍ എന്നിവരും ട്രാക്കില്‍ ജമൈക്കന്‍ കരുത്ത് തെളിയിച്ചുകൊണ്ടിരിക്കുന്നു.
ആഫ്രിക്കന്‍ ജനിതക ഘടകങ്ങളും ട്രാക്കില്‍ തീ പടര്‍ത്താന്‍ ഇവര്‍ക്ക് അനുഗ്രഹമാകുന്നുണ്ടെന്നാണ് ശാസ്ത്രീയ കണ്ടെത്തലുകള്‍. അതോടെപ്പം ഉത്തേജക മരുന്ന് ഉപയോഗിക്കുന്നു എന്ന ആക്ഷേപവുമുണ്ട്. എന്നാല്‍ ലോക ഉത്തേജക വിരുദ്ധ സമിതിയുടെ കണിശതയാര്‍ന്ന പരിശോധനയില്‍ ഇവരാരും ഇതുവരെ പിടിക്കപ്പെട്ടിട്ടില്ല. മറ്റു താരങ്ങളേക്കാള്‍ കൂടുതല്‍ പരിശോധനയാണ് ഇവര്‍ക്ക് നടത്തുന്നത്. ജമൈക്കന്‍ താരങ്ങള്‍ ഉത്തേജകമരുന്ന് ഉപയോഗിക്കാന്‍ സാധ്യത കുറവാണെന്ന് അമേരിക്കന്‍ അത്‌ലറ്റുകളും സമ്മതിക്കുന്നു.

കളിക്ക് പുറത്തെ കളി; ദത്ത്‌യ്ക്ക് ഇന്ത്യന്‍ ടീമിനൊപ്പം ചേരാനാവുന്നില്ല‍‍‍‍‍

രാജ്യത്തെ ഏറ്റവും മികച്ച ഫിസിക്കല്‍ ട്രെയിനറായ പ്രദീപ് ദത്തയ്ക്ക് വീണ്ടും ചുവപ്പുനാടയും വ്യക്തിവിദ്വേഷവും വില്ലനാവുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിനുളള ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഫിസിക്കല്‍ ട്രെയിനറായി തിരഞ്ഞെടുക്കപ്പെട്ടിട്ടും ടീമിനൊപ്പം ചേരാനാവാതെ വിഷമിക്കുകയാണ് തിരുവനന്തപുരം എല്‍ എന്‍ സി പിയിലെ സീനിയര്‍ ലക്ചററും ഫിസിക്കല്‍ ട്രെയിനറുമായ പ്രദീപ് ദത്ത. എല്‍ എന്‍ സി പി ഇ അനുമതി നല്‍കാത്തതിനാലാണ് പ്രദീപ് ദത്തയ്ക്ക് ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ കഴിയാത്തത്. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അംഗീകരിച്ച ഏക എലീറ്റ് ഫിസിക്കല്‍ കണ്ടീഷനിംഗ് പരിശീലകനാണ് ബംഗാള്‍ സ്വദേശിയായ പ്രദീപ് ദത്ത.

സ്‌പോര്‍ട്‌സ് മന്ത്രാലയവും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയും(സായി) ആവശ്യപ്പെട്ടിട്ടും എല്‍ എന്‍ സി പി ഇ പ്രിന്‍സിപ്പലിന്റെ അനുമതി ഇല്ലാത്തതിനാലാണ് പ്രദീപ് ദത്ത്‌യ്ക്ക് ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ കഴിയാത്തതെന്ന് ഹോക്കി ഇന്ത്യ ജനറല്‍സെക്രട്ടറി അസ്‌ലം ഖാന്‍ വൈഗന്യൂസിനോട് പറഞ്ഞു." ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും മികച്ച ഫിസിക്കല്‍ ട്രെയിനറാണ് പ്രദീപ് ദത്ത. രാജ്യ താല്‍പര്യം മുന്‍നിറുത്തിയാണ് അദ്ദേഹത്തിന്റെ സേവനം ഹോക്കി ഇന്ത്യ സ്‌പോര്‍ട്‌സ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ എല്‍ എന്‍ സി പി ഇ പ്രിന്‍സിപ്പല്‍ പലകാരണങ്ങള്‍ പറഞ്ഞ് പ്രദീപ് ദത്തയെ ടീമിനൊപ്പം ചേരാന്‍ അനുമതി നല്‍കിയിട്ടില്ല. പരിചയ സമ്പന്നനായ അദ്ദേഹത്തെ വിട്ടുകിട്ടാന്‍ ലഭ്യമായ എല്ലാ മാര്‍ഗങ്ങളും തേടും". അനുമതി ലഭിക്കാതിരുന്നതിനാല്‍ ഹോക്കി ടീമിന്റെ ഇക്കഴിഞ്ഞ യൂറോപ്യന്‍ പര്യടനത്തില്‍ പങ്കാളിയാവാന്‍ ദത്തയ്ക്ക് കഴിഞ്ഞിരുന്നില്ല.

ദത്തയ്ക്ക് ഇന്ത്യന്‍ ടീമിനൊപ്പം ചേരുന്നതിന് ഇതിനു മുന്‍പും എല്‍ എന്‍ സി പിയില്‍ നിന്ന് തടസങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദത്ത ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നാല്‍ എല്‍ എന്‍ സി പിയിലെ ക്‌ളാസുകള്‍ മുടങ്ങുമെന്നാണ് പ്രിന്‍സിപ്പലിന്റെ വാദം. എന്നാല്‍ ഇന്ത്യയൊട്ടാകെ സായിയില്‍ നിരവധി പരിശീലകര്‍ ഉളളപ്പോഴാണ് പ്രിന്‍സിപ്പലിന്റെ ഈ ന്യായീകരണമെന്നും വ്യകതിവിദ്വേഷമാണ് ദത്തയ്ക്ക് ടീമിനൊപ്പം ചേരാന്‍ അനുമതി നല്‍കാത്തതിന് കാരണമെന്നും മറ്റ് പരിശീലകര്‍ ചൂണ്ടിക്കാണിക്കുന്നു. മുന്‍പ് ഇതേ സാഹചര്യമുണ്ടായപ്പോഴും ഇക്കാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

1995 മുതല്‍ എല്‍ എന്‍ സി പിയിലെ കായികാധ്യാപകനാണ് ദത്ത. നിരവധി തവണ ഇന്ത്യന്‍ ഫുട്‌ബോള്‍, ഹോക്കി ടീമുകളുടെ ഫിസിക്കല്‍ ട്രെയിനറായിരുന്നു. ലോകകപ്പ് യോഗ്യതാ മത്‌സരം, വാന്‍കൂവര്‍ നേഷന്‍ കപ്പ്, ഒളിംപിക് യോഗ്യതാ മത്‌സരം, പാകിസ്ഥാന്‍ പര്യടനം എന്നിവയില്‍ ഇന്ത്യന്‍ സീനിയര്‍ ഫുട്‌ബോളിന്റെ ഫിസിക്കല്‍ ട്രെയിനറായിരുന്നു ദത്ത. എ എഫ് സി കപ്പിനുളള വനിതാ ജൂനിയര്‍ ഫുട്‌ബോള്‍ ടീമിനെയും പരിശീലിപ്പിച്ചുണ്ട്. ഹോക്കിയില്‍ ഇന്ത്യയുടെ ജൂനിയര്‍-സീനിയര്‍ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഹോക്കി ടീമിന്റെ മുഖ്യ കോച്ച് ഹൊസെ ബ്രാസയുടെ പ്രത്യേക താത്പര്യപ്രകാരമാണ് ദത്തയെ കോച്ചിംഗ് സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത്.

ഹോക്കി ഇന്ത്യയുടെ നേരിട്ടുളള ഇടപെടലിലൂടെ ടീമിനൊപ്പം ചേരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണിപ്പോള്‍ പ്രദീപ് ദത്ത. ബംഗാളിലെ 24 പര്‍ഗാന സ്വദേശിയാണ് പ്രദീപ് ദത്ത. അതിനിടെ ഓഗസ്റ്റ് 26ന് ആരംഭിക്കി ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാമ്പ് മാറ്റിവച്ചു." നേരത്തേ ഓഗസ്റ്റ് 26ന് പൂനെയിലെ ബാലവാഡി സ്‌പോര്‍ട്‌സ് കോംപ്‌ളക്‌സില്‍ പരിശീലന ക്യാമ്പ് ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പൂനെയില്‍ പന്നിപ്പനി പടര്‍ന്ന് പിടിച്ചിരിക്കുകയാണ്. ക്യാമ്പ് ബാംഗ്‌ളൂരിലേക്ക് മാറ്റാന്‍ ആലോചിച്ചു, പക്ഷേ അവിടെയും പന്നിപ്പനി ബാധയുണ്ട്. എന്തായാലും വിശദമായ ആലോചനകള്‍ക്ക് ശേഷമേ ക്യാമ്പ് എവിടെയെന്ന് തീരുമാനിക്കൂ" അസ്‌ലം ഖാന്‍ വൈഗന്യൂസിനോട് പറഞ്ഞു.

Resistance Bands, Free Blogger Templates