September 16, 2009

പ്രതീക്ഷയുടെ കോര്‍ട്ടില്‍ ഗീതു; ഇന്ത്യയും

ഏഷ്യന്‍ വനിതാ ബാസ്കറ്റ്‌ബോളിന്റെ ഒന്നാം ഡിവിഷനില്‍ ശക്തിപരീക്ഷണത്തിനിറങ്ങുകയാണ് ഇന്ത്യ. സ്വന്തം നാട്ടില്‍ വന്‍കരയിലെ അതികായര്‍ക്കെതിരെ പോരിനിറങ്ങുമ്പോള്‍ ഇന്ത്യ ഉറ്റുനോക്കുന്നത് ഒരു ആറടി രണ്ടിഞ്ചുകാരിയെയാണ്; ഗീതു അന്ന ജോസ് എന്ന തിരുവല്ലക്കാരിയെ. കാരണം രണ്ടു വര്‍ഷം മുന്‍പ് ഗീതു നടത്തിയ മിന്നും പ്രകടനമാണ് ഇന്ത്യയെ ഒന്നാം ഡിവിഷനിലെത്തിച്ചത്. പോയിന്റ് വേട്ടയുമായി ഇന്ത്യയുടെ പ്രതീക്ഷകള്‍ ചുമലിലേറ്റുന്ന ഗീതു തന്നെയാണ് ഇത്തവണ ടീമിനെ നയിക്കുന്നതും.

സെപ്റ്റംബര്‍ 17 മുതല്‍ 24 വരെ ചെന്നൈയിലാണ് ഫിബ ഏഷ്യന്‍ വനിതാ ബാസ്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി അരങ്ങേറുന്ന ചാമ്പ്യന്‍ഷിപ്പില്‍ ടീം ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഗീതു ഉറപ്പു നല്‍കുന്നു. " അതിശക്തരായ എതിരാളികളോടാണ് കളിക്കേണ്ടത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കുന്ന ആനുകൂല്യം മുതലെടുത്ത് ടീം ഏറ്റവും മികച്ചകളി പുറത്തെടുക്കും. വ്യക്തിപരമായും മികവ് നിലനിര്‍ത്താമെന്നാണ് പ്രതീക്ഷ. അതിവേഗ കളിയാണ് നമ്മുടെ കരുത്ത്. പ്രതീക്ഷയും അതുതന്നെ" ചെന്നൈയിലെ പരിശീലനക്യാമ്പില്‍ നിന്ന് ഗീതു പറഞ്ഞു.

രണ്ടു വര്‍ഷം മുന്‍പ് ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണില്‍ നടന്ന രണ്ടാം ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ പ്രിമിയര്‍ ഡിവിഷനിലേക്ക് യോഗ്യത നേടിയത്. അന്ന് ആറ് മത്‌സരങ്ങളില്‍ നിന്ന് 197 പോയിന്റായിരുന്നു ഗീതു വാരിക്കൂട്ടിയത്. ഓരോ മത്‌സരത്തിലെയും ശരാശരി സ്‌കോറിംഗ് 32.8 പോയിന്റായിരുന്നു. കളിയുടെ എല്ലാമേഖലകളിലും മിന്നിത്തിളങ്ങിയ ഗീതു മലേഷ്യക്കെതിരെയുളള നിര്‍ണായക മത്‌സരത്തില്‍ മാത്രം നേടിയത് 47 പോയിന്റായിരുന്നു. ടൂര്‍ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും മറ്റാരുമായിരുന്നില്ല. ഓസ്‌ട്രേലിയയില്‍ ലഭിച്ച പരിശീലനമികവ് പൂര്‍ണമായും ഗീതു കളിത്തട്ടില്‍ പുറത്തെടുത്തതാണ് അന്ന് ഇന്ത്യക്ക് അനുഗ്രഹമായത്.


ഓസ്‌ട്രേലിയന്‍ വനിതാ ബാസ്കറ്റ്‌ബോള്‍ ലീഗില്‍ റിംഗ്‌വുഡിന്റെ താരമായിരുന്നു ഗീതു. ഓസ്‌ട്രേലിയന്‍ ലീഗില്‍ കളിക്കുന്ന ആദ്യ ഏഷ്യന്‍ താരവും ഗീതുവാണ്. അത്‌ലറ്റിക്‌സില്‍ നിന്ന് വഴിമാറി ബാസ്കറ്റ്‌ബോള്‍ കോര്‍ട്ടിലെത്തിയ ഗീതു മൂന്നു വര്‍ഷമാണ് ബിഗ് വി ലീഗില്‍ റിംഗ്‌വുഡിന് വേണ്ടി പോയിന്റുകള്‍ വാരിക്കൂട്ടിയത്.റിംഗ്‌വുഡ് ടീമിലെയും ഏറ്റവും ഉയരം കൂടിയ കളിക്കാരിയായിരുന്നു ഈ മലയാളി താരം. മൂന്നു സീസണുകളില്‍ റിംഗ്‌വുഡിന് വേണ്ടി കളിച്ച ഗീതുവിന് ഈ സീസണില്‍ ടീമിനൊപ്പം ചേരാന്‍ കഴിഞ്ഞിരുന്നില്ല. ജോലി ചെയ്യുന്ന ദക്ഷിണ റെയില്‍വേയുടെ അനുമതി ലഭിക്കാതിരുന്നതിനാലാണ് ഗീതുവിന്റെ ഓസ്‌ട്രേലിയന്‍ യാത്ര മുടങ്ങിയത്.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരു മലയാളി താരം ഇന്ത്യന്‍ ബാസ്കറ്റ്‌ബോള്‍ ടീമിന്റെ നായികയാവുന്നത്. ടീമിലെ ഏക മലയാളി സാന്നിധ്യം ഗീതുവാണെന്നതും ശ്രദ്ധേയം. യുവതാരങ്ങളായ സ്‌റ്റെഫി നിക്‌സണും ആര്‍ കെ സ്മൃതിയും ടീമിലുണ്ടായിരുന്നെങ്കിലും അന്തിമടീമില്‍ ഇടം നേടാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല." യുവതാരങ്ങള്‍ നിറഞ്ഞ ടീമാണ് ഇത്തവണത്തേത്. സ്‌റ്റെഫിയും സ്മൃതിയും ടീമിലുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ അവസാന ടീമില്‍ അര്‍ക്ക് ഇടംപിടിക്കാനായില്ല" ദക്ഷിണ റെയില്‍വേ താരമായ ഗീതു പറഞ്ഞു. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ദക്ഷിണ റെയില്‍വേ കിരീടം നേടുന്നതും ഈ 24 കാരിയുടെ മികവിലാണ്.

പത്ത് ടീമുകളാണ് ഒന്നാം ഡിവിഷനില്‍ മത്‌സരിക്കുന്നത്. നിലവിലെ റാങ്കിംഗില്‍ ആറാം സ്ഥാനത്താണ് ഇന്ത്യ. നിലവിലെ ചാമ്പ്യന്‍മാരായ കൊറിയയാണ് ഇന്ത്യയുടെ ആദ്യ എതിരളികള്‍. ചൈന, ജപ്പാന്‍ എന്നിവരാണ് ഏറ്റവും ശക്തരായ മറ്റ് ടീമുകള്‍.

September 2, 2009

കേരളത്തിന്റെ സ്വന്തം ഇന്ത്യന്‍ ടീംഓണ സമ്മാനമായി കായിക കേരളത്തിന് മറ്റൊരു അംഗീകാരംകൂടി. ഇന്ത്യന്‍ വോളിബോള്‍ ഫെഡറേഷനാണ് മലയാളികള്‍ക്ക് ഓണസമ്മാനം നല്‍കിയിരിക്കുന്നത്. ഏഷ്യന്‍ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി പൊരുതാന്‍ വോളിബോള്‍ ഫെഡറേഷന്‍ `കേരളത്തെയാണ്' ചുമതലപ്പെടുത്തിയിരിക്കുന്നത്. പന്ത്രണ്ടംഗ ഇന്ത്യന്‍ ടീമിലെ പത്ത് താരങ്ങളും മലയാളികളാണ്. ടീം മാനേജര്‍ ജെയ്‌സമ്മ മൂത്തേടനും അസിസ്റ്റന്റ് കോച്ച് ടി ബാലചന്ദ്രന്‍ കൂടി ചേരുമ്പോള്‍ ഇന്ത്യന്‍ ടീം അക്ഷരാര്‍ഥത്തില്‍ കേരള ടീമാകും.

കേരള താരങ്ങള്‍ക്കും സംസ്ഥാന വോളിബോള്‍ ഫെഡറേഷനുമുളള അംഗീകാരവും പ്രോത്‌സാഹനവുമാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ടീമെന്ന് ടീം മാനേജറും മുന്‍ ഇന്ത്യന്‍ താരവുമായ ജെയ്‌സമ്മ മൂത്തേടന്‍ പരിശീലന ചെന്നൈയിലെ പരിശീലന ക്യട്ടമ്പില്‍ നിന്ന് വൈഗന്യൂസിനോട് പറഞ്ഞു. അശ്വിനി എസ് കുമാര്‍, ടിജി രാജു, പി ജെ ജോമോള്‍ (കെ എസ് ഇ ബി), കെ ജെ ഷിബി, പ്രിന്‍സി ജോസഫ്, കെ രേഷ്മ(പശ്ചിമ റെയില്‍വേ), ടെറിന്‍ ആന്റണി(സെന്‍ട്രല്‍ റെയില്‍വേ), പി വി ജിഷ( അസംപ്ഷന്‍ കോളേജ്), മിനിമോള്‍ എബ്രഹാം,കെ ടി ബെറ്റ്‌സി( ദക്ഷിണ റെയില്‍വേ) എന്നിവരാണ് കേരളത്തിന്റെ കായിക പാരമ്പര്യവും അഭിമാനവുമയര്‍ത്തി ഇന്ത്യന്‍ ടീമിലിടം പിടിച്ചത്. ക്യാപ്റ്റന്‍ പ്രിയങ്ക ബോറയും(പൂനെ) ജിലി ലതയുമാണ്(ഒറീസ) ടീമിലെ മറ്റുതാരങ്ങള്‍. മഹാരാഷ്ട്രക്കാരനായ ഡി ആര്‍ യാദവാണ് മുഖ്യപരിശീലകന്‍.


അശ്വിനിയും ഷിബിയുമായിരക്കും ആക്രമണത്തിന് ചുക്കാന്‍ പിടിക്കുക. മിനിമോള്‍ യൂണിവേഴ്‌സല്‍ റോളിലെത്തുമ്പോള്‍ ടിജി രാജുവും ക്യാപ്റ്റന്‍ പ്രിയങ്കയും പ്രതിരോധക്കോട്ടകെട്ടും. പ്രിന്‍സിയാണ് സെറ്റര്‍. ജിഷയും ടെറിന്‍ ആന്റണിയുമാണ് ലിബറോമാര്‍. അശ്വിനി, പ്രിയങ്ക, ജിലി, ഷിബി എന്നിവരൊഴികെയുളളവര്‍ എല്ലാം സീനിയര്‍ ടീമില്‍ പുതമുഖങ്ങളാണെന്ന സവിശേഷതയുമുണ്ട്. ജൂനിയര്‍ ടീമിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് താരങ്ങള്‍ സീനിയര്‍ ടീമിലെത്തിയത്. ചെന്നൈയിലെ വേലമ്മാള്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടന്ന പരിശീലന ക്യാമ്പിലുണ്ടായിരുന്ന പത്തൊന്‍പത് താരങ്ങളില്‍ പതിമ്മൂന്ന് പേരും മലയാളികളായിരുന്നു. കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളേജിലെ സി സൗമ്യ, അനില, ദീപ്തി എന്നിവര്‍ക്കാണ് അവസാന നിമിഷം ടീമില്‍ നിന്നൊഴിവാക്കപ്പെട്ട മലയാളികള്‍.

വിയറ്റ്‌നാമിലെ ഹാനോയില്‍ സെപ്റ്റംബര്‍ അഞ്ചിനാണ് ഏഷ്യന്‍ വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമാവുക. ടൂര്‍ണമെന്റ് പതിമൂന്ന് വരെ നീണ്ടുനില്‍ക്കും. ഗ്രൂപ്പ് ഡിയില്‍ ശക്തരായ ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, തായ്‌ലന്‍ഡ് എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യയുടെ പോരാട്ടം.`` തായ്‌ലന്‍ഡും കൊറിയയും ഇന്ത്യക്ക് അതിശക്തമായ വെല്ലുവിളി ഉയര്‍ത്തും. നല്ലകളിക്കാരുണ്ടെങ്കിലും പരിശീലന മത്‌സരങ്ങളുടെ കുറവ് ഇന്ത്യക്ക് തിരിച്ചടിയാവും. രണ്ടുമാസം നീണ്ട പരിശീലന ക്യാമ്പ് നടന്നെങ്കിലും ഒറ്റ സന്നാഹ മത്‌സരം പോലും കളിക്കാന്‍ നമുക്ക് കഴിഞ്ഞില്ല. വിദേശ പരിശീലകന്റെ സഹായവും ലഭിച്ചില്ല. പരസ്പരം കളിച്ചുള്ള പരിചയമേനമുക്കുള്ളൂ. രാജ്യാന്തര മത്‌സര പരിചയമാണ് ഇന്ത്യയുടെ പോരായ്മ'' ജെയ്‌സമ്മ മൂത്തേടന്‍ പറഞ്ഞു.


ഇന്ത്യ രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സീനിയര്‍ വനിതാ ടീമിനെ ഒരു ടൂര്‍ണമെന്റിന് അയക്കുന്നത്. 2007ല്‍ തായ്ന്‍ഡില്‍ നടന്ന പ്രിന്‍സസ് കപ്പിലാണ് ഇന്ത്യ അവസാനമായി കളിച്ചത്. അന്ന് ഇന്ത്യക്ക് ഒന്‍പതാം സ്ഥാനമായിരുന്നു. 2005 ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് പതിനൊന്നാം സ്ഥാനമാണ് ലഭിച്ചത്. അന്നത്തെ ടീമിനെ നിലനിറുത്തുകയും തുടര്‍ പരിശീലനം നല്‍കുകയും ചെയ്തിരുന്നുവെങ്കില്‍ ഇന്ത്യക്ക് ഇപ്പോള്‍ ശക്തമായ ടീമുണ്ടാവുമായിരുന്നെന്ന് ജെയ്‌സമ്മ ചൂണ്ടിക്കാട്ടുന്നു.`` രണ്ടു വര്‍ഷമായി നമ്മുടെ ടീം രാജ്യാന്തര മത്‌സരത്തില്‍ പങ്കെടുത്തിട്ടില്ല. പലവിധകാരണങ്ങള്‍ പറഞ്ഞ് സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഇത്തവണ ഭാഗ്യം തുണച്ചു. നേരത്തെയുണ്ടായിരുന്ന ടീം നിലനിറുത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ മികച്ച ടീമായി മാറിയേനെ. തുടര്‍ച്ചയായി മത്‌സരങ്ങളില്ലാതായതോടെ പലതാരങ്ങളും കളിയില്‍ നിന്ന് വിട്ടുനിന്നു. അതോടെ പരിചയസമ്പന്നര്‍ ഇല്ലാതായി. ഈ ടൂര്‍ണമെന്റ് തിരിച്ചുവരവിനുളള വേദിയായി മാത്രമേ കാണുന്നുളളൂ. എതിരാളികളുടെ ശ്തിദൗര്‍ബല്യങ്ങളൊന്നും നമുക്കറിയില്ല. അതുകൊണ്ടു തന്നെ ഒന്നും പ്രതീക്ഷിച്ചലേ പോകുന്നത്. ഈ ടീമിനെ നിലനിറുത്തി അടുത്ത ഏഷ്യന്‍ ഗെയിംസിന് യോഗ്യത നേടുകയാണ് ലക്ഷ്യം.1982ന് ശേഷം ഇന്ത്യ ഏഷ്യന്‍ഗെയിംസില്‍ കളിച്ചിട്ടില്ല''.

1982ഏഷ്യന്‍ ഗെയിംസ് ടീമിലെ നാലു മലയാളി താരങ്ങളില്‍ ഒരാളായിരുന്നു ജെയ്‌സമ്മ. സാലി ജോസഫ്, ബിനി വര്‍ഗീസ്, റോസമ്മ കുര്യന്‍ എന്നിവരായിരുന്നു അന്നത്തെ ടീമിലെ മറ്റ് മലയാളികള്‍. ഇപ്പോള്‍ വീണ്ടും മലയാളിക്കരുത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് ഇന്ത്യ. ``ടീമിലെ മലയാളി ആധിപത്യം കേരളത്തിന്റെ മികവാണ് തെളിയിക്കുന്നത്. ഒട്ടേറെ പ്രതിഭകള്‍ കേരളത്തിലുണ്ട്. അവര്‍ക്കും ഈ താരാധിപത്യം പ്രചോദനമാകും. മികച്ച റോള്‍മോഡലുകള്‍ കളിയില്‍ വലിയ മാറ്റമാണുണ്ടാക്കുക'': ജെയ്‌സമ്മ മൂത്തേടന്‍ പറഞ്ഞു.

ഫ്രെഡി മടങ്ങുന്നു;തലയുയര്‍ത്തി ‍‍‍‍‍

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ അഹന്തയ്ക്ക് മേല്‍ തീമഴ വര്‍ഷിച്ച് ഇംഗ്‌ളണ്ട് ആഷസ് ട്രോഫി വീണ്ടെടുത്തു; നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം. ടെസ്റ്റ് ക്രിക്കറ്റിലെ മുടിചൂടാമന്നന്‍മാര്‍ക്കെതിരെ നേടിയ ചരിത്ര വിജയത്തില്‍ ആനന്ദനൃത്തം ചവിട്ടുമ്പോഴും ഇംഗ്‌ളീഷ് ക്രിക്കറ്റ് തേങ്ങുകയാണ്. കാരണം അവരുടെ പ്രിയപ്പെട്ട ഫ്രെഡിയെ ഇനി തൂവെളളക്കുപ്പായത്തില്‍ കാണാനാവില്ല. കെന്നിംഗ്ടണ്‍ ഓവലിലെ വിജയത്തോടെ ആന്‍ഡ്രു ഫ്‌ളിന്റോഫ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങി.

പരിക്കിനോട് തോറ്റ് അകാലത്തില്‍ മടങ്ങുമ്പോഴും ഫ്‌ളിന്റോഫിന് തല ഉയര്‍ത്തിപ്പിടിക്കാം. അഭിമാനമായ സ്തംഭമായ ആഷസ് ട്രോഫി നാട്ടിലെത്തിച്ചാണ് ഇയാന്‍ ബോതത്തിന് ശേഷം ഇംഗ്‌ളീഷ് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടറായ ഫ്‌ളിന്റോഫ് ടെസ്റ്റില്‍ നിന്ന് വിരമിച്ചത്. ഏകദിനത്തിലും, ട്വന്റി20യിലും തുടര്‍ന്നും കളിക്കുമെന്ന വാഗ്ദാനത്തോടെയാണ് ഫ്‌ളിന്റോഫിന്റെ വിരമിക്കല്‍. പക്ഷേ പരിക്കെന്ന വില്ലന്‍ ആറടി നാലിഞ്ചുകാരനായ അതികായനെ എത്രനാള്‍ കളിക്കളത്തിലിറങ്ങാന്‍ അനുവദിക്കുമെന്ന് കാത്തിരുന്നുതന്നെ കാണണം. ഡോക്ടര്‍മാരുടെ അതികര്‍ശന നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും മറന്നാണ് ഫ്‌ളിന്റോഫ് വിടവാങ്ങല്‍ പരമ്പരയില്‍ പന്തെറിഞ്ഞത്. ആ മനക്കരുത്ത് ഇംഗ്‌ളണ്ടിനെ സ്വപ്നതുല്യമായ വിജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായകമാവുകയും ചെയ്തു.
പ്രതിഭയുടെ ധാരാളിത്തംകൊണ്ട് ശ്രദ്ധേയനായ ഫ്രെഡി 79 ടെസ്റ്റുകളുടെ ചരിത്രവുമായാണ് പിന്‍വാങ്ങിയത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ എതിര്‍നിരയെ വിറപ്പിക്കാന്‍ കഴിയുമായിരുന്ന ഫ്‌ളിന്റോഫ് തന്റെ പ്രതിഭയോട് പൂര്‍ണമായും നീതി പുലര്‍ത്തിയിരുന്നോ? ഇല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കണക്കുകളും ഇത് ശരിവയ്ക്കുന്നു. 31.77 ശരാശരിയില്‍ 3845 റണ്‍സ് മാത്രമാണ് ഫ്രെഡിയുടെ പേരില്‍ കുറിക്കപ്പെട്ടത്. സെഞ്ച്വറികള്‍ അഞ്ചെണ്ണം മാത്രം. അര്‍ധസെഞ്ച്വറികള്‍ ഇരുപത്തിയാറും. 167 റണ്‍സാണ് ഉയന്ന സ്‌കോര്‍. ബൗളിംഗിലാണ് അല്‍പമെങ്കിലും ഭേദപ്പെട്ട കണക്കുകളുളളത്. ആകെ 14,951 പന്തുകളെറിഞ്ഞ ഫ്രെഡിക്ക് 226 വിക്കറ്റുകള്‍ വീഴ്ത്താനായി. വിടാതെ പിന്തുടര്‍ന്ന പരിക്കിനൊപ്പം അലസതകൂടി ചേര്‍ന്നപ്പോള്‍ അര്‍ഹമായ പലനേട്ടങ്ങളും ഫ്‌ളിന്റോഫില്‍ നിന്ന് അകലുകയായിരുന്നു.
1998 ജൂലൈ 23ന് നോട്ടിംഗ്ഹാമില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആയിരുന്നു ടെസ്റ്റില്‍ ഫ്‌ളിന്റോഫിന്റെ അരങ്ങേറ്റം. ജാക് കാലിസിന്റെ വിക്കറ്റ് വീഴ്ത്തി വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. കളിയുടെ കയറ്റിയറക്കങ്ങള്‍ക്ക് ഇടയിലൂടെ കാലം നീങ്ങിയെങ്കിലും 2005 ആഷസ് പരമ്പരയിലാണ് ഈ അതികായന്റെ കരുത്ത് ക്രിക്കറ്റ് ലോകം ശരിക്കുമറിഞ്ഞത്. അഞ്ചു ടെസ്റ്റുകളില്‍ നിന്ന് നേടിയത് 24 വിക്കറ്റുകളും 402 റണ്‍സുമായിരുന്നു. ഫ്‌ളിന്റോഫിന്റെ ഈ മിന്നല്‍ ഫോമിന് മുന്നില്‍ ഓസീസ് 1987ന് ശേഷം ആദ്യമായി ആഷസ് ട്രോഫി ഇംഗ്‌ളണ്ടിന് അടിയറവച്ചു. ഷെയ്ന്‍ വോണും ഗ്‌ളെന്‍ മഗ്രാത്തും മാത്യു ഹെയ്ഡനും ജസ്റ്റിന്‍ ലാംഗറും ഡാമിയന്‍ മാര്‍ട്ടിനും ആഡം ഗില്‍ക്രിസ്റ്റുമൊക്കെ അണിനിരന്ന കങ്കാരുക്കള്‍ക്കെതിരെ 2-1നായിരുന്നു ഇംഗ്‌ളീഷ് വിജയം. മാന്‍ ഒഫ് ദ സീരീസായ ഫ്രെഡി ബിബിസിയുടെ സ്‌പോര്‍ട്‌സ് പേഴ്‌സണാലിറ്റി ഒഫ് ദ ഇയറായും
തിരഞ്ഞെടുക്കപ്പെട്ടു. ഇയാന്‍ ബോതത്തിന് (1981)ശേഷം ഈ പുരസ്കാരം നേടുന്ന ആദ്യ ക്രിക്കറ്ററുമായി ഫ്‌ളിന്റോഫ്.
രണ്ടായിരത്തി ഏഴോടെയാണ് പരിക്ക് ഇംഗ്‌ളീഷ് താരത്തെ വിടാതെ പിടികൂടിയത്. 2007-09 കാലയളവില്‍ ഇംഗ്‌ളണ്ട് 36 ടെസ്റ്റ് കളിച്ചപ്പോള്‍ ഫ്‌ളിന്റോഫിന് ടീമില്‍ അംഗമാവാന്‍ കഴിഞ്ഞത് വെറും 13 മത്‌സരങ്ങളില്‍ മാത്രം.തുടര്‍ ശസ്ത്രക്രിയകള്‍ ഫ്രെഡിയെ മാനസികമായും തളര്‍ത്തി. ക്രിക്കറ്റ് തന്നെ നഷ്ടമായേക്കുമെന്ന തിരിച്ചറിവില്‍ നിന്നാണ് ഫ്രെഡി ഏകദിനത്തിലും ട്വന്റി20യിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കാരണം.
ഫ്‌ളിന്റോഫ് 141 ഏകദിനങ്ങളില്‍ നിന്ന് 3394 റണ്‍സും 169 വിക്കറ്റുകളും നേടിയിട്ടുണ്ട്. 123 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 19 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തിയത് മികച്ച ബൗളിംഗ് പ്രകടനവും. ഏഴ് ട്വന്റി 20 മത്‌സരങ്ങളിലും ഫ്‌ളിന്റോഫ് കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ പ്രിമിയര്‍ ലീഗിലും അരങ്ങേറി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പൊന്‍ താരമാണ് ഫ്‌ളിന്റോഫ്. വര്‍ണക്കുപ്പായത്തില്‍ ഫ്രെഡിയുടെ കരുത്തുറ്റ പ്രകടനങ്ങള്‍ ഇനിയുമുണ്ടാവും, അതിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.

Resistance Bands, Free Blogger Templates