December 24, 2012

സച്ചിന് തുല്യന്‍ സച്ചിന്‍ മാത്രം


സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കര്‍

ഈ പേരില്‍ എല്ലാം ഉണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ്. റണ്‍ പ്രവാഹം. റെക്കോര്‍ഡുകള്‍. അംഗീകാരങ്ങള്‍, സെഞ്ച്വറികളുടെ സെഞ്ച്വറി. ഒരു ജനതയുടെ വിശ്വാസം. അങ്ങനെയെല്ലാമെല്ലാം.

ഏത് വാക്കുകള്‍ ഉപയോഗിച്ചാണ് സച്ചിനെക്കുറിച്ചെഴുതുക. 23 വര്‍ഷത്തിനിടെ ബാറ്റിംഗ് ഇതിഹാസം നേടിയ മൊത്തം റണ്‍സിന്റെ എത്രയോ ഇരട്ടി വാക്കുകള്‍ സച്ചിന് വേണ്ടി പിറവിയെടുത്തിരിക്കുന്നു. വാക്കുകളും വിശേഷണങ്ങളും ഉപയോഗിച്ചുപയോഗിച്ച് തേഞ്ഞിരിക്കുന്നു. തേയ്മാനം വന്ന വാക്കുകള്‍ക്കിടയിലേക്കാണ് സച്ചിന്‍ ഏകദിന ക്രിക്കറ്റില്‍ നിന്നുളള തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 1989 ഡിസംബര്‍ 18ന് പാകിസ്ഥാനെതിരെ തുടങ്ങിയ പ്രയാണത്തിനാണ് ബി സി സി ഐയ്ക്ക് നല്‍കിയ കത്തിലൂടെ അവസാനമായിരിക്കുന്നത്. അവസാന ഏകദിനവും പാകിസ്ഥാനെതിരെ ആയിരുന്നു എന്നത് മറ്റൊരു നിയോഗം. മാര്‍ച്ച് 18ന് ഏഷ്യാകപ്പിലായിരുന്നു സച്ചിന്റെ അവസാന ഏകദിനം.

സമീപകാലത്ത് സച്ചിന്‍ ബാറ്റിംഗില്‍ നിറംമങ്ങിയപ്പോള്‍ ഈ പ്രഖ്യാപനം എല്ലാവരും പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ സച്ചിന്റെ തീരുമാനം ആരെയും അമ്പരപ്പിച്ചില്ല. സച്ചിന്‍ കളിമതിയാക്കണമെന്ന് കളിവിദഗ്ധരെല്ലാം തന്നെ ഒരേസ്വരത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സച്ചിന്‍ ഏകദിനത്തില്‍ നിന്ന് പാഡഴിക്കാന്‍ തീരൂമാനിച്ചിരിക്കുന്നത്.

സച്ചിന്‍ വിരമിക്കുന്നതോടെ ലോകക്രിക്കറ്റിലെ സമാനതകളില്ലാത്ത ഒരധ്യായത്തിനാണ് തിരശീല വീണത്. 463 ഏകദിനങ്ങളില്‍ ബാറ്റുവീശിയ സച്ചിന്‍ 18,426 റണ്‍സാണ് അടിച്ചുകൂട്ടിയത്. 49 സെഞ്ച്വറികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ബാറ്റിംഗ് ശരാശരി 44.83. ഏകദിനത്തില്‍ ആദ്യമായി ഇരട്ട സെഞ്ച്വറി നേടിയ താരവും സച്ചിനാണ്. മറ്റൊരു ബാറ്റ്‌സ്മാനും അവകാശപ്പെടാനാവാത്ത നേട്ടമാണ് സച്ചിന്റെ പേരിനൊപ്പമുളളത്. 194 ടെസ്റ്റില്‍ നിന്ന് സച്ചിന്‍ 51 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 15645 റണ്‍സുമെടുത്തു. പുറത്താവാതെ 248 റണ്‍സെടുത്തതാണ് ഉയര്‍ന്ന സ്‌കോര്‍. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവുമധികം റണ്‍സ് നേടിയ താരവും സച്ചിന്‍ തന്നെയാണ്.

സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കര്‍ എന്ന അഞ്ചടി അഞ്ചിഞ്ചുകാരന്റെ പേരില്‍ റക്കോര്‍ഡുകളും സെഞ്ച്വറികളും ഏറെയുണ്ടെങ്കിലും എന്റെ മനസ്സിലേക്ക് ഓടിയെത്തുന്നത് 2010 ഫെബ്രുവരി 24 ആണ്. ഒരര്‍ഥത്തില്‍ ക്രിക്കറ്റ് ചരിത്രം ആ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു. ചരിത്രങ്ങളേറെ പറയാനുളള ഗ്വാളിയോറില്‍ ആയിരുന്നു അത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഇരട്ടസെഞ്ച്വറിയെന്ന സമാനതകളില്ലാത്ത നേട്ടം. വിരേന്ദര്‍ സെവാഗ് ഈ നേട്ടം മറികടന്നെങ്കിലും സച്ചിന്റെ തിളക്കത്തിന് ഒരു കുറവുമില്ല.

ഏകദിന ക്രിക്കറ്റ് 1971 ജനുവരി അഞ്ചിന് ആരംഭിക്കുമ്പോള്‍ വ്യക്തിഗത സ്‌കോര്‍ 200 കടക്കുമെന്ന് ആരും സ്വപ്നംപോലും കണ്ടിരുന്നില്ല. കാലവും കളിയും കളിക്കാരും മാറിയതോടെ എപ്പോഴും സംഭവിച്ചേക്കാവുന്ന മഹാത്ഭുതമായിരുന്നു ഏകദിനത്തിലെ ഇരട്ടസെഞ്ച്വറി. സയീദ് അന്‍വറും(194), ചാള്‍സ് കവണ്‍ട്രിയും(194*)വിവിയന്‍ റിച്ചാര്‍ഡ്‌സും(189*) സനത് ജയസൂര്യയുമെല്ലാം (189) ഈ സ്വപ്നനേട്ടത്തിനരികെ വീണത് സച്ചിനുവേണ്ടിയായിരുന്നു.അല്ലെങ്കില്‍ കവണ്‍ട്രി 194ല്‍ ബാറ്റുചെയ്യവേ അന്‍പതാം ഓവര്‍ പൂര്‍ത്തിയാവില്ലായിരുന്നു. അന്‍വറും ജയസൂര്യയും ചരിത്രത്തിന്റെ പടിവാതില്‍ക്കല്‍ ഇടറി വീഴില്ലായിരുന്നു. ചിലത് അങ്ങനെയാണ്. അതിനായി വിധിക്കപ്പെട്ടവര്‍ക്കേ ലക്ഷ്യത്തിലെത്താനാവൂ. അത് സച്ചിനായിരുന്നു.

39 വര്‍ഷത്തെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിനൊപ്പം സച്ചിനും തന്റെ നാനൂറ്റിനാല്‍പ്പത്തിരണ്ടാം ഏകദിനംവരെ കാത്തിരിക്കേണ്ടിവന്നു ഇരട്ടശതകത്തിന്റെ നിറവിലെത്താന്‍.ഡെയ്ല്‍ സ്‌റ്റെയിന്റെ നേതൃത്വത്തിലുളള ബൗളര്‍മാര്‍ക്കുമേല്‍ പടര്‍ന്നുകയറിയ സച്ചിന്‍ നേരിട്ട നൂറ്റിനാല്‍പ്പത്തിയേഴാം പന്തിലാണ് 200 റണ്‍സെന്ന കാലംകാത്തിരുന്ന കടമ്പകടന്നത്. അതിനിടെ സച്ചിന്റെ വില്ലോയില്‍നിന്ന് 25 ബൗണ്ടറികളും മൂന്നു സിക്‌സറുകളും അതിര്‍ത്തിവരയ്ക്കപ്പുറത്തേക്ക് ചീറിപ്പാഞ്ഞിരുന്നു. കണക്കുപുസ്തകത്തിന്റെ കളിയായ ക്രിക്കറ്റില്‍ സച്ചിന് മുന്നിലിപ്പോള്‍ തലകുനിക്കാതെ നില്‍ക്കുന്നത് ഒരൊറ്റ റെക്കോര്‍ഡ് മാത്രം. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്നവ്യക്തിഗത സ്‌കോറായ സാക്ഷാല്‍ ബ്രയന്‍ ചാള്‍സ് ലാറുയടെ പേരിലുളള 400 റണ്‍സിന്റെ റെക്കോര്‍ഡ്. ഇംഗ്ലണ്ടിനെതിരെ ആറുവര്‍ഷം മുന്‍പാണ് ലാറ പുറത്താവാതെ 400 റണ്‍സെടുത്ത് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറിനുടമയായത്.

റെക്കോര്‍ഡുകളുടെ എവറസ്റ്റ് താണ്ടുമ്പോഴും ബാറ്റിംഗിനോടുളള ഒടുങ്ങാത്ത അഭിനിവേശമാണ് സച്ചിനെ മറ്റുളളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. 1974 ഏപ്രില്‍ 24ന് മുംബൈയില്‍ ജനിച്ച സച്ചിന്‍ ശാരദാശ്രമം സ്‌കൂളില്‍ ബാറ്റുവീശിയ അതേ ആവേശത്തിലാണ് എന്നും ക്രീസിലെത്തിയത്. ഒരു ജനതയുടെ പ്രതീക്ഷകള്‍ അപ്പോള്‍ വാനോളമുയരുന്നതും സ്വാഭാവികം. ഈ പ്രതീക്ഷകളാണ് രണ്ടുപതിറ്റാണ്ടോളം സച്ചിന്‍ ചുമലിലേറ്റിയത്.

മാറുന്ന കാലത്തിനും തത്രങ്ങള്‍ക്കുമനുസരിച്ച് സ്വയം നവീകരിച്ചു എന്നതാണ് സച്ചിന്റെ പ്രധാന സവിശേഷത. സ്വയം നവീകരിക്കുന്ന സച്ചിന്‍ കമ്പ്യൂട്ടര്‍ബുദ്ധിയെ അതീജീവിക്കുന്നു. അതിലൂടെ പുതിയഷോട്ടുകള്‍ ജനിക്കുന്നു. പാഡ്ല്‍ സ്വീപ്പും അപ്പര്‍കട്ടുമെല്ലാം ഈ അതിജീവനത്തിന്റെ ഉല്‍പന്നങ്ങളാണ്. കണക്കുകള്‍ക്കപ്പുറം വരുംകാല ക്രിക്കറ്റിനുനുളള സച്ചിന്റെ സംഭാവന. ഇതുതന്നെയാണ് ഒരു ജീനിയസിന്റെ ജീവിതവും. അതെ നമ്മള്‍ ഭാഗ്യവാന്‍മാരാണ്. സച്ചിന്റെ കാലത്ത് ജീവിക്കാന്‍ കഴിഞ്ഞുവെന്ന ഭാഗ്യമാന്‍മാര്‍.

December 1, 2012

പ്രായം തളര്‍ത്തിയ പോരാളി

സ്വരം നന്നാവുമ്പോള്‍ പാട്ടുനിറുത്തുക എന്നതാണ് മര്യാദ. എന്നാല്‍ മിക്കവര്‍ക്കും അതിന് കഴിയാറില്ല. കാരണം അനുഭവിച്ചുകൊണ്ടിരിക്കുന്ന പദവിയും പ്രശസ്തിയും സാമ്പത്തിക നേട്ടവും ഒറ്റയടിക്ക് വേണ്ടെന്ന് വയ്ക്കുക പ്രയാസമാണ്. ക്രിക്കറ്റില്‍ റെക്കോര്‍ഡുകളുടെ മറുകരകണ്ട സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന മഹാരഥന്‍ ഇപ്പോള്‍ നേരിടുന്ന പ്രധാന വിമര്‍ശനവും ഇതുതന്നെ. സമീപകാല പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ ടീമില്‍ ഇടംനേടാന്‍ പോലും സച്ചിന്‍ അര്‍ഹനല്ല. പക്ഷേ, സച്ചിന്‍ മുപ്പത്തിയൊന്‍പതാം വയസ്സിലും ടീമില്‍ കടിച്ചുതൂങ്ങി തുടരുകയാണ്. 

തീര്‍ച്ചയായും ലോകക്രിക്കറ്റിന് ഇന്ത്യ നല്‍കിയ ഏറ്റവും വലിയ സംഭാവന സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്നെയാണ്. 23 വര്‍ഷം നീണ്ട കരിയറില്‍ സച്ചിന്റെ പേരിനൊപ്പം ചേര്‍ന്ന റെക്കോര്‍ഡുകള്‍ ഇത് സാക്ഷ്യം വയ്ക്കും. ലോകക്രിക്കറ്റില്‍ തന്നെ സച്ചിന് തുല്യരില്ല. പക്ഷേ, സച്ചിന്റെ സമീപകാല പ്രകടനങ്ങളാണ് കാര്യങ്ങള്‍ തകിടം മറിക്കുന്നത്. തന്റെ സുവര്‍ണനേട്ടങ്ങളുടെ നിറംകെടുത്തുന്ന രീതിയിലാണ് ഇപ്പോള്‍ സച്ചിന്റെ കളി. ക്രിക്കറ്റില്‍ ഫോം നഷ്ടമാവുക പുതിയ സംഭവമല്ല. സച്ചിന്‍ കഴിഞ്ഞ കുറേമത്സരങ്ങളിലായി പരിശോധിച്ചല്‍ മനസ്സിലാവും ഫോം മാത്രമല്ല പ്രശ്‌നമെന്ന്. കണ്ണും കയ്യും തമ്മിലുളള ഐക്യമാണ് ബാറ്റിംഗിന്റെ മര്‍മം. ഇത് സച്ചിന് നഷ്ടമായിരിക്കുന്നു. പന്തിന്റെ ഗതിക്കൊത്ത് ബാറ്റ് വീശാന്‍ സച്ചിന് കഴിയുന്നില്ല. അതുകൊണ്ടുതന്നെയാണ് മിക്ക ഇന്നിംഗ്‌സുകളിലും സച്ചിന്റെ വിക്കറ്റ് തെറിക്കുന്നത്.

സച്ചിന്റെ കളിമികവിനെ പ്രായം തളര്‍ത്തിയിരിക്കുന്നുവെന്ന് രണ്ടുവര്‍ഷത്തെ  കണക്കുകള്‍  വ്യക്തമാക്കുന്നു. സെഞ്ച്വറികളുടെ തമ്പുരാനായ സച്ചിന്‍ രണ്ടുവര്‍ഷത്തിനിടെ മൂന്നക്കത്തിലെത്തിയത് രണ്ടുതവണമാത്രം.  2011 ജനുവരിയില്‍ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ് ടെസ്റ്റില്‍ സച്ചിന്റെ അവസാന സെഞ്ച്വറി. കേപ്ടൗണില്‍ സച്ചിന്‍ നേടിയത് 146 റണ്‍സ്. അതിന് ശേഷം 37 ഇന്നിംഗ്‌സുകളില്‍ നിന്ന് ആകെ നേടിയത് 870 റണ്‍സ്, ആറ് അര്‍ധസെഞ്ച്വറികള്‍ മാത്രമാണ് ഇതിലുളളത്. ഇംഗ്ലണ്ടിനെതിരെ ഇക്കഴിഞ്ഞ രണ്ട് ടെസ്റ്റുകളില്‍ നിന്ന് നേടാനായത്  29 റണ്‍സ്. ഉയര്‍ന്ന സ്‌കോര്‍ 13. 

രണ്ടുവര്‍ഷത്തെ സച്ചിന്റെ ബാറ്റിംഗ് ശരാശരി 35.72 ആണ്. ഇതേസമയം 39.56 ബാറ്റിംഗ് ശരാശരിയില്‍ റണ്‍വേട്ട നടത്തുമ്പോഴാണ് വിവിഎസ് ലക്ഷ്മണ്‍ പാഡഴിച്ചത്. രാഹുല്‍ ദ്രാവിഡാവട്ടെ 42.63 റണ്‍ശരാശരിയില്‍ ബാറ്റുവീശുമ്പോഴാണ് തലയെടുപ്പോടെ വിരമിക്കലിലും മാന്യതകാട്ടിയത്. വിരമിക്കുമ്പോള്‍ തൊട്ടുമുന്‍പുളള മത്സരങ്ങളില്‍ നിന്ന് എട്ട് സെഞ്ച്വറികളാണ് ദ്രാവിഡ് സ്വന്തം പേരിനൊപ്പം ചേര്‍ത്തത്. ദ്രാവിഡും ലക്ഷ്മണും സ്വരം നന്നായിരിക്കെ തന്നെ പാഡഴിച്ച് മാതൃക കാണിച്ചിട്ടും സച്ചിന്‍ അനങ്ങാപ്പാറയായി നിന്നു, വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ ഏറ്റുവാങ്ങാനായി.

കളിക്കളം മാത്രമല്ല സച്ചിനെ നിയന്ത്രിക്കുന്നത്. കളത്തിന് പുറത്തുളള മാര്‍ക്കറ്റ് കൂടിയാണ്. സച്ചിന് വേണ്ടി കോടികളാണ് വിവിധ കമ്പനികള്‍ പരസ്യത്തിനായി മുടക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സച്ചിന്‍ കളിക്കളത്തില്‍ തുടരേണ്ടത് ഈ കമ്പനികളുടെ ആവശ്യമാണ്. സച്ചിന്‍ റണ്‍നേടിയോ ഇല്ലയോ എന്നതല്ല അവര്‍ നോക്കുന്നത്. സച്ചിന്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണോ എന്ന് മാത്രമാണ്. പണം മാത്രം മാനദണ്ഡമാക്കിയ ബിസിസിഐയെ നിയന്ത്രിക്കുക എന്നത് ഈ കമ്പനികളെ സംബന്ധിച്ചിടത്തോളം നിസാര കാര്യം. ഇതുതന്നെയാണ് സച്ചിന്റെ കാര്യത്തില്‍ അക്ഷരാര്‍ഥത്തില്‍ സംഭവിക്കുന്നതും.

മാര്‍ക്കറ്റിന്റെ സമ്മര്‍ദത്തെ അതിജീവിക്കാനായാല്‍ സച്ചിന്‍ ഏതൊരു ക്രിക്കറ്റ് പ്രേമിയുടെയും മനസ്സില്‍ നിത്യനക്ഷത്രമായി ഉദിച്ചുനില്‍ക്കുമെന്നുറപ്പാണ്. കാരണം, സമകാലിക ക്രിക്കറ്റിലെ മറ്റുതാരങ്ങള്‍ക്ക് സ്വപ്നംകാണാന്‍ കാണാന്‍പോലും കഴിയാത്ത നേട്ടങ്ങളാണ് സച്ചിന്റെ സമ്പാദ്യം. 192 ടെസ്റ്റുകളില്‍ നിന്ന് 51 സെഞ്ച്വറികളോടെ 15562 റണ്‍സ്. 463 ഏകദിനങ്ങളില്‍ നിന്ന് 49 സെഞ്ച്വറികളോടെ 18426 റണ്‍സ്. സമാനതകളില്ലാത്ത റണ്‍വേട്ടയ്‌ക്കൊപ്പമുളള റെക്കോര്‍ഡുകള്‍ എണ്ണിയാലൊടുങ്ങാത്തത്രയുണ്ട്. ബാറ്റിംഗിലെ ഒട്ടുമിക്ക റെക്കോര്‍ഡുകളും സച്ചിന്റെ പേരിനൊപ്പമാണ്.

മറാത്തി നോവലിസ്റ്റ് രമേഷ് ടെന്‍ഡുല്‍ക്കറുടെയും രജനിയുടെയും രണ്ടാമത്തെ മകനായി 1973 ഏപ്രില്‍ 24ന് ബോംബെയിലായിരുന്നു ഇതിഹാസതാരത്തിന്റെ ജനനം. ഇഷ്ട സംഗീതസംവിധായകന്‍ സച്ചിന്‍ ദേവ് ബര്‍മന്റെ പേരാണ് രമേഷ് ടെന്‍ഡുല്‍ക്കര്‍ രണ്ടാമത്തെ മകന് നല്‍കിയത്. മൂത്തജ്യേഷ്ഠന്‍ അജിത്താണ് സച്ചിനെ ക്രിക്കറ്റിലേക്ക് വഴിനടത്തിയത്. രണ്ടു സഹോദരങ്ങള്‍ കൂടിയുണ്ട് സച്ചിന്; നിതിനും സവിതയും. 1995ലായിരുന്നു സച്ചിന്റെ വിവാഹം. ഡോക്ടറായ അഞ്ജലി മേത്തയാണ് ഭാര്യ. രണ്ടു മക്കളുണ്ട് സാറയും അര്‍ജുനും.

ഡെന്നിസ് ലില്ലിയുടെ നിര്‍ദേശപ്രകാരം ഫാസ്റ്റ് ബൗളിംഗ് സ്വപ്നം ഉപേക്ഷിച്ച സച്ചിന്‍ എത്തിയത് പ്രശസ്തകോച്ച് രമാകാന്ദ് അച് രേക്കറുടെ അടുത്തായിരുന്നു; പ്രഗല്‍ഭതാരങ്ങള്‍ പിറവിയെടുത്ത ശാരദാശ്രം സ്‌കൂളില്‍. ജ്യേഷ്ഠന്‍ അജിത്ത്തന്നെയാണ് സച്ചിനെ ശാരദാശ്രം സ്‌കൂളില്‍ എത്തിച്ചതും. മടുപ്പില്ലാതെ മണിക്കൂറുകളോളം പരിശീലനം നടത്തുന്ന സച്ചിനിലെ പ്രതിഭയെ അച് രേക്കര്‍ തുടക്കത്തിലേ തിരിച്ചറിഞ്ഞു. നീണ്ട ചിലപരിശീലന വേളകളില്‍ സച്ചിന്‍ ബാറ്റുചെയ്യുമ്പോള്‍ അച്‌രേക്കര്‍ സ്റ്റംപിന് മുകളില്‍ ഒരുരൂപ നാണയം വയ്ക്കുമായിരുന്നു. സച്ചിനെ പുറത്താക്കുന്നവര്‍ക്കുളളതായിരുന്നു ആ നാണയം. പകേഷ മിക്കപ്പോഴും സച്ചിന്‍ അപരാജിതനായി നിന്നു. ഇങ്ങനെ നേടിയ 13 ഒരുരൂപ നാണയങ്ങള്‍ വിലപ്പെട്ട സമ്പാദ്യമായി സച്ചിന്‍ ഇന്നും സൂക്ഷിക്കുന്നു.

1988ലെ ലോര്‍ഡ് ഹാരിസ് ഷീല്‍ഡ് ഇന്റര്‍ സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റാണ് സച്ചിന്റെ കരിയര്‍ മാറ്റിമറിച്ചത്. അതിനുമുന്‍പുതന്നെ സച്ചിന്‍ ബോംബെ ക്രിക്കറ്റ് വൃത്തങ്ങളിലെ ചര്‍ച്ചാവിഷയമായിരുന്നു. ഫൈനലില്‍ അന്‍ജുമാം ഇസഌം സ്‌കൂളിനെതിരെ സച്ചിനും കൂട്ടുകാരന്‍ കാംബഌയും ചേര്‍ന്ന് അടിച്ചെടുത്തത് 664 റണ്‍സായിരുന്നു. സച്ചിന്‍ 326 റണ്‍സുമായും കാംബ്ലി  349 റണ്‍സുമായും അപരാജിതരായി നിന്നു. 2006വരെ ഈ ലോകറെക്കോര്‍ഡിന് ഇളക്കം തട്ടിയില്ല. തൊട്ടുപിന്നാലെ സച്ചിന്‍ ബോംബെ രഞ്ജി ട്രോഫി ടീമിലുമെത്തി.

1988 ഡിസംബര്‍ 11ന് 15 വര്‍ഷവും 232 ദിവസവും പ്രായമുളളപ്പോള്‍ ഗുജറാത്തിനെതിരെ ആയിരുന്നു സച്ചിന്റെ അരങ്ങേറ്റം. ഒന്നാം കഌസ് ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരായി മാറിയ സച്ചിന്‍ ആദ്യമത്സരത്തില്‍ തന്നെ സെഞ്ച്വറിനേടി; 100 നോട്ടൗട്ട്. ധേവ്ധര്‍ ട്രോഫിയിലും ദുലീപ് ട്രോഫിയിലും അരങ്ങേറ്റത്തില്‍ സെഞ്ച്വറി കുറിച്ച സച്ചിന്‍ ഇറാനി ട്രോഫി ഫൈനലിലും സെഞ്ച്വറിനേടി.ഒരൊറ്റ സീസണ്‍കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് കീഴടക്കിയ സച്ചിന്‍ പതിനാറാം വയസ്‌സില്‍ ഇന്ത്യന്‍ ടീമിലുമെത്തി.

November 30, 2012

ജിമ്മി ജോര്‍ജ് ഓര്‍മകളില്‍ നിറയുമ്പോള്‍

ഇന്ത്യയുടെ എക്കാലത്തേയും മികച്ച വോളിബോള്‍ താരമായ ജിമ്മി ജോര്‍ജ് ഓര്‍മയായിട്ട് ഇന്ന് (നവംബര്‍ 30) കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാവുന്നു. 1987ല്‍ ഇറ്റലിയില്‍ നടന്നൊരു കാറപകടത്തിലാണ് ജിമ്മി ഓര്‍മയായത്. ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണല്‍ വോളി താരമായിരുന്നു കോര്‍ട്ടിന്റെ ഏത് ഭാഗത്തുനിന്നും വെളളിടി തീര്‍ത്തിരുന്ന ജിമ്മി. പേരാവൂരിലെ ഗ്രാമവഴികളില്‍ നിന്ന് ജിമ്മി നടന്നു കയറിയത് തനിക്ക് മുന്‍പ് ആരുംനടക്കാത്ത ഇടങ്ങളിലൂടെ ആയിരുന്നു. ഇന്നും ആര്‍ക്കും ആ വഴികളിലൂടെ നടക്കാനാവുന്നില്ലെന്നതും ജിമ്മിയുടെ മഹത്വം ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നു.

കണ്ണൂര്‍ പേരാവൂര്‍ സ്വദേശിയായ കുടക്കച്ചിറ ജോസഫ് ജോര്‍ജിന്റെയും മേരിയുടെയും പത്തുമക്കളില്‍ രണ്ടാമനായിരുന്നു ജിമ്മി. എട്ടാണ്‍മക്കളെ ചേര്‍ത്ത് ജോസഫ് ജോര്‍ജ് ബ്രദേഴ്‌സ് എന്ന ടീമുണ്ടാക്കി. ഒരുപക്ഷേ, ഇന്ത്യയില്‍ തന്നെ ഇങ്ങനെയൊരു ടീം ഇത് മാത്രമായിരിക്കും. ജോര്‍ജ് ബ്രദേഴ്‌സില്‍ നിന്ന് വളര്‍ന്ന ജിമ്മി ഇന്ത്യയുടെ ശയസ്സ് ലോകകായിക വേദികളിലെത്തിച്ചു. 

സമാനതകളില്ലാത്ത താമായിരുന്നു ജിമ്മി. സ്മാഷിനായി നിലത്തുനിന്ന് നാലുമീറ്ററോളം കുതിച്ചുയരുന്ന ജിമ്മി ഒരു സെക്കന്‍ഡിലേറെ വായുവില്‍ നിശ്ചലനായി നില്‍ക്കും. വില്ലുപോലെ പുറകോട്ടാഞ്ഞ്  എതിര്‍ക്കോട്ടിലേക്ക് വീഴുന്ന വെളളിടിക്ക് മറുപടി അസാധ്യം.ക. പ്രതിരോധമില്ലാത്ത ആക്രണം. ഇത് തന്നെയായിരുന്നു ജിമ്മിയുടെ ഏറ്റവും വലിയ സവിശേഷത. ലോകത്തിലെ ഏറ്റവും മികച്ച പത്ത് സ്‌പൈക്കര്‍മാരിലൊരാളായിരുന്നു പേരാവുകാരനായ ജിമ്മി. ജിമ്മിയുടെ കാലത്ത് ലോകവോളിയില്‍ തന്നെ ഈ ജംപിംഗ് മികവ് പുലര്‍ത്തിയ മറ്റൊരു താരമില്ലായിരുന്നു.

1955 മാര്‍ച്ച് എട്ടിനായിരുന്നു ജിമ്മിയുടെ ജനനം. 1970ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമിലെത്തി. തൊട്ടടുത്ത വര്‍ഷം കേരള ടീമിലും. 73ല്‍ കേരള ടീമിന്റെ നായകനായി. 1974ലെ ടെഹ്‌റാന്‍ ഏഷ്യന്‍ ഗെയിംസിലൂടെ ഇന്ത്യന്‍ ടീമില്‍. തുടര്‍ന്ന് ബാങ്കോക്ക് ഏഷ്യാഡിലും സോള്‍ ഏഷ്യാഡിലും ഇന്ത്യയുടെ കുന്തമുന. 1976ല്‍ തന്നെ രാജ്യം അര്‍ജുന അവാര്‍ നല്‍കി ആദരിച്ചു. 32 വയസ്സിനിടെ ആയിരുന്നു ജിമ്മിയുടെ ഈ നേട്ടങ്ങളെല്ലാം എന്നത് മറ്റൊരു വിസ്മയം.

ബാങ്കോക്ക് ഏഷ്യാഡിലെ പ്രകടനാണ് ജിമ്മിയെ ലോകതാരമാക്കി മാറ്റിയത്. അബുദാബി സ്‌പോര്‍ട്‌സ് ക്ലബിന്റെ കുപ്പായമണിഞ്ഞ് ജിമ്മി ഇന്ത്യയിലെ ആദ്യത്തെ പ്രൊഷണല്‍ വോളി താരമായി. കളിക്കളത്തില്‍ മിന്നല്‍പ്പിണറുകള്‍ തീര്‍ത്ത ജിമ്മി സഹതാരങ്ങള്‍ക്കും എതിരാളികള്‍ക്കും എന്നും വിസ്മയമായിരുന്നു. ദുബായിലെ കളിമികവ് ജിമ്മിയെ ലോകത്തിലെ ഒന്നാംനമ്പര്‍ ലീഗുകളിലൊന്നായ ഇറ്റലിയില്‍ എത്തിച്ചു. ഇറ്റാലിയന്‍ ക്ലബായ ട്രെവിസ്‌കോയ്ക്ക് വേണ്ടിയായിരുന്നു ജിമ്മി കളിച്ചത്. ബി ഡിവിഷനില്‍ നിന്ന് ട്രെവിസ്‌കോയെ എ ഡിവിഷനിലേക്ക് എത്തിച്ചത് ജിമ്മിയുടെ മിന്നല്‍പ്പിണറുകളായിരുന്നു.

അകാലത്തില്‍ ജമ്മി ഓര്‍മകളിലേക്ക് മാഞ്ഞെങ്കിലും ഇറ്റലിക്കാര്‍ക്ക് ജിമ്മി ഇന്നും പ്രിയങ്കരനാണ്. ഇറ്റലിയില്‍ ജിമ്മിയുടെ പേരില്‍ നിര്‍മിച്ച സ്റ്റേഡിയം തന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണം. പന്തില്‍ തീപ്പൊരി ചിതറുന്ന ജിമ്മി എന്നും സൗമ്യനായിരുന്നു. മിതഭാഷി. എതിരാളികളെ ആദരിക്കുന്നവന്‍. അതുകൊണ്ടുതന്നെ  എതിരാളികള്‍ക്ക്‌പോലും ജിമ്മി ഇന്നും പ്രിയങ്കരന്‍.

May 8, 2012

ബൗളര്‍മാരുടെ ഐ പി എല്‍

ട്വന്റി 20 ക്രിക്കറ്റ് ബാറ്റ്‌സ്മാന്‍മാരുടെ കളിയാണ്. നേരിടുന്ന ആദ്യപന്ത് മുതല്‍ ഗാലറിയിലേക്ക് പറത്താനുളള മനസ്സുമായാണ് ബാറ്റ്‌സ്മാന്‍മാര്‍ ക്രീസിലെത്തുക. ബൗളറുടെ വലുപ്പച്ചെറുപ്പം അവിടെ ബാധകമല്ല. സെവാഗും ഗെയ്‌ലും ഡിവിലിയേഴ്‌സും ഗംഭീറുമെല്ലാം റഹാനെയുമെല്ലാം കളിക്കളങ്ങള്‍ വാഴുമ്പോഴും അഞ്ചാം സീസണിലെ ഐ പി എല്ലില്‍ ബൗളര്‍മാരും മിന്നിത്തിളങ്ങുന്നു. ബൗളര്‍മാരുടെ മികവുതന്നെയാണ് അഞ്ചാം സീസണിലെ ഐ പി എല്ലിനെ മുന്‍പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

എങ്ങനെയെറിഞ്ഞാലും അടിച്ചുപറത്തുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് ബൗളര്‍മാര്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നത്. മിക്കവര്‍ക്കും ഇത് ഫലപ്രദമായി കളിക്കളത്തില്‍ പ്രാവര്‍ത്തികമാക്കാനായി. പുതിയ രീതിയിലുളള ബൗണ്‍സറുകളും സ്ലോകട്ടിംഗ് ബോളുകളുമെല്ലാമാണ് ബൗളര്‍മാരുടെ പുതിയ ആയുധങ്ങള്‍. ലംഗ്തിലെ വ്യതിയാനം, സ്ലോ ബൗണ്‍സര്‍, വേഗത്തിലുളള വ്യതിയാനം എന്നിവയും ബൗളര്‍മാരുടെ ആയുധങ്ങളാണ്. 44 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 16 ബൗളര്‍മാര്‍ മാന്‍ ഒഫ് ദ മാച്ചായി എന്നതുതന്നെ ഇതിന് ഏറ്റവും വലിയ തെളിവാണ്. ബാറ്റ്‌സ്മാന്‍മാര്‍ അരങ്ങുവാഴുന്ന മത്സരങ്ങളിലാണ് ബൗളര്‍മാരുടെ ഈ മികവെന്നത് പ്രത്യേക ശ്രദ്ധേയമാണ്.

പഞ്ചാബ് കിംഗ്‌സ് ഇലവന്റെ പ്രവീണ്‍ കുമാറാണ് ഇത്തവണത്തെ ഏറ്റവും മികച്ച ബൗളിംഗിന് ഉടമ.  വിക്കറ്റൊന്നും വീഴ്ത്താതെയാണ് പ്രവീണ്‍ ഈ നേട്ടം സ്വന്തമാക്കിയത്. അതിങ്ങനെ, നാലോവറില്‍ വഴങ്ങിയത് വെറും എട്ടു റണ്‍സ്. റണ്‍സൊഴുകുന്നു ഇന്ത്യയിലെ പിച്ചിലാണ് പ്രവീണിന്റെ അസാധാരണ നേട്ടം. പഞ്ചാബിന്റെ തന്നെ അസര്‍ മഹ്മൂദ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നാലോവറില്‍ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുനേടി. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അവസാന ഓവറുകളില്‍ റണ്ണൊഴുക്ക് നിയന്ത്രിക്കാനുളള മികവാണ് അസറിന്റെ സവിശേഷത.
പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലാണെങ്കിലും ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ ഡെയ്ല്‍ സ്റ്റെയ്ന്‍ ഇത്തവണത്തെ അവിസ്മരണീയ ബൗളിംഗ് സ്‌പെല്ലിന് ഉടമയാണ്. നാലോവറില്‍ പത്ത് റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ്. മുംബയ് ഇന്ത്യന്‍സിനെതിരെ ആയിരുന്നു സ്റ്റെയ്‌നിന്റെ തീപാറും ബൗളിംഗ്. എന്നാല്‍ സ്റ്റെയ്‌ന് പിന്തുണ നല്‍കാന്‍ ശേഷിയുളള ബൗളര്‍മാര്‍ ചാര്‍ജേഴ്‌സ് നിരയിലില്ല.

വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍ സുനില്‍ നരൈനാണ് ഇത്തവണത്തെ ഐ പി എല്ലിന്റെ കണ്ടെത്തല്‍. ഏഴു കളികളില്‍ നിന്ന് 12 വിക്കറ്റുകള്‍ നേടിയ സുനില്‍ റണ്‍സ് വിട്ടുനല്‍കുന്നതില്‍ പിശുക്കനാണ്. പഞ്ചാബിനെതിരെ നാലോവറില്‍ 19 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയതാണ് മികച്ച ബൗളിംഗ് പ്രകടനം.

ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ മോര്‍നെ മോര്‍കല്‍ ഇന്ത്യയിലെ ചത്ത പിച്ചുകളിലും അതിവേഗതയാല്‍ ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കുന്നു. വേഗത്തിന്റെ മിടുക്കില്‍ 10 കളികളില്‍ നിന്ന് 19 വിക്കറ്റുകളും നേടി. ഒരു കളിയില്‍ മാന്‍ ഒഫ് ദ മാച്ചായി.

ഇടംകൈയന്‍ സ്പിന്നര്‍മാര്‍ക്കും ഇത്തവണ ശോഭിക്കാനായി. ഡെവിള്‍സിന്റെ പവന്‍ നേഗിയും ഷഹബാസ് നദീമും  ചെന്നൈയുടെ രവീന്ദ്ര ജഡേജ, കൊല്‍ക്കത്തയുടെ ഷാക്കിബ് അല്‍ ഹസന്‍, റോയല്‍ ചലഞ്ചേഴ്‌സിന്റെ കെ പി അപ്പണ്ണ എന്നിവരാണ് ഇവരില്‍ പ്രമുഖര്‍.

രവീന്ദ്ര ജഡേജ, മാര്‍ലന്‍ സാമുവല്‍സ്, ലക്ഷ്മിപതി ബാലാജി, മോര്‍നെ മോര്‍കല്‍, കീറോണ്‍ പൊളളാര്‍ഡ്, ദിമിത്രി മസ്‌കരാനെസ്, ഷാകിബ് അല്‍ ഹസന്‍, സുനില്‍ നരൈന്‍, ഷഹബാസ് നദീം, നുവാന്‍ കുലശേഖര, സൗരവ് ഗാംഗുലി, ബ്രെറ്റ് ലീ, എ ബി ഡിവിലിയേഴ്‌സ്, ഡെയ്ല്‍ സ്റ്റെയ്ന്‍, പവന്‍ നേഗി എന്നിവരാണ് ബൗളിംഗ് മികവുകൊണ്ട് അഞ്ചാം സീസണിലെ ഐ പി എല്ലില്‍ ഇതുവരെ മാന്‍ ഒഫ് ദ മാച്ച് പുരസാകാരം നേടിയവര്‍.

May 5, 2012

എവര്‍ഗ്രീന്‍ റൂണി

പ്രിമിയര്‍ ലീഗിലെ എക്കാലത്തെയും മികച്ച ഗോള്‍ റൂണിയുടേത്
 

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്‌ട്രൈക്കര്‍ വെയ്ന്‍ റൂണിക്ക് അപൂര്‍വ ബഹുമതി. 20 വര്‍ഷത്തെ പ്രിമിയര്‍ ലീഗ് ഫുട്‌ബോളിലെ ഏറ്റവും മികച്ച ഗോളിന് ഉടമയായി വെയ്ന്‍ റൂണിയെ തിരഞ്ഞെടുത്തു. വോട്ടെടുപ്പിലൂടെയാണ് പ്രിമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ കണ്ടെത്തിയത്.ഡെന്നിസ് ബെര്‍ഗ്കാംപും തിയറി ഒന്റിയും രണ്ടും മൂന്നും മികച്ച ഗോളുകളുടെ അവകാശികളായി.

കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെയായിരുന്നു റൂണിയുടെ മനോഹര ഗോള്‍. സ്വന്തം തട്ടകത്തില്‍ നടന്ന കളിയില്‍ റൂണിയുടെ മികവില്‍ മാന്‍യു2-1ന് ജയിച്ചു. രണ്ട് സിറ്റി പ്രതിരോധനിരക്കാരുടെ മുകളിലൂടെ പറന്നുയര്‍ന്ന് ബൈസിക്കിള്‍ കിക്കിലൂടെയാണ് റൂണി പന്ത് വലയിലെത്തിച്ചത്.
മികച്ച ഗോള്‍ കണ്ടെത്താനുളള മത്സരത്തില്‍ 42 ലക്ഷം വോട്ടുകള്‍ രേഖപ്പെടുത്തി.ആകെ രേഖപ്പെടത്തിയ വോട്ടിന്റെ 26 ശതമാനം നേടിയാണ് റൂണി മിന്നും ഗോളിന് ഉടമയായത്. ബെര്‍ഗ്കാംപിന് 19 ശതമാനം വോട്ടുകളും ഒന്റിക്ക് 15 ശതമാനം വോട്ടുകളും ലഭിച്ചു.

ആഴ്‌സനല്‍ താരമായിരുന്നു ബെര്‍ഗ്കാംപ് ന്യൂകാസിലിനെതിരെ 2002ല്‍ നേടിയ ഗോളാണ് രണ്ടാം സ്ഥാനത്തെത്തിയത്. ഒന്റിക്ക് മൂന്നാം സ്ഥാനം നേടിക്കൊടുത്തത് രണ്ടായിരത്തില്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനെതിരെ വോളിയിലൂടെ നേടിയ ഗോളാണ്.
പ്രിമിയര്‍ ലീഗിലെ അസാധാരണ ഗോളുകൾ ടിവിയില്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അതേ ലീഗിലെ ഏറ്റവും മികച്ച ഗോളിന് ഉടമയായി വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടത് സ്വപ്‌നസാഫല്യമാണ്-റൂണി പറഞ്ഞു.

പ്രിമിയര്‍ ലീഗിന്റെ പത്തുവര്‍ഷ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളിനുളള പുരസ്‌കാരം ഡേവിഡ് ബെക്കാമിനായിരുന്നു ലഭിച്ചത്.

May 4, 2012

റൊണാള്‍ഡോ + മോറീഞ്ഞോ = റയല്‍

ധുനിക ഫുട്‌ബോള്‍ ലോകത്ത് ഏറ്റവുമധികം വിമര്‍ശനം ഏറ്റുവാങ്ങുന്ന പരിശീലകനാണ് ഹൊസെ മോറീഞ്ഞോ എന്ന പോര്‍ട്ടുഗീസുകാരന്‍. ഇതേസമയം യൂറോപ്യന്‍ ഫുട്‌ബോളില്‍ ഏറ്റവും ഡിമാന്‍ഡുളള പരിശീലകരില്‍ ഒരാളും മോറീഞ്ഞോ തന്നെ. ഈ വൈരുധ്യം ശരിവച്ചാണ് മോറീഞ്ഞോ നാലു വര്‍ഷത്തെ ഇടവേളയക്ക് ശേഷം റയല്‍ മാഡ്രിഡിനെ സ്പാനിഷ് ലീഗ് ചാമ്പ്യന്‍മാരാക്കിയത്. മോറീഞ്ഞോയുടെ കുശാഗ്ര ബുദ്ധിയോടൊപ്പം മറ്റൊന്നുകൂടിയുണ്ടായിരുന്നു റയലിന്റെ ആവനാഴിയില്‍. സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അക്ഷരാര്‍ഥത്തില്‍ മോറീഞ്ഞോ-റൊണാള്‍ഡോ കൂട്ടുകെട്ടാണ് റയലിനെ ലലീഗയിലെ രാജാക്കന്‍മാരാക്കിയത്.

അമിത പ്രതിരോധത്തിലൂന്നുന്ന കോച്ച് എന്ന വിമര്‍ശനം മോറീഞ്ഞോയുടെ സഹയാത്രികനാണ്. കളിയെ കൊല്ലുന്ന തന്ത്രങ്ങള്‍, ജയിക്കാനായി എന്തും ചെയ്യുന്നവന്‍ എന്ന വിമര്‍ശനങ്ങള്‍ വേറെയുമുണ്ട്. ഇതിനെല്ലാം ഒരിക്കല്‍ക്കൂടി മറുപടി നല്‍കിയിരിക്കുകയാണ് മോറീഞ്ഞോ. റയലിന്റെ കിരീടധാരണത്തോടെ അപൂര്‍വമായൊരു റെക്കോര്‍ഡും മോറീഞ്ഞോ സ്വന്തമാക്കി. യൂറോപ്പിലെ നാല് ആഭ്യന്തര ലീഗുകളില്‍ പരിശീലിപ്പിച്ച ടീമുകളെ ജേതാക്കളാക്കിയ കോച്ചെന്ന അപൂര്‍വ ബഹുമതി. ജിയോവനി ട്രപ്പട്ടോണി, ഏണസ്റ്റ് ഹാപ്പെല്‍, തോമിസ്ലാവ് ഇവിക് എന്നിവര്‍ക്ക് മാത്രമേ മോറീഞ്ഞോയ്ക്ക് മുന്‍പ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടുളളൂ.

പോര്‍ട്ടുഗല്‍ ക്ലബായ എഫ് സി പോര്‍ട്ടോയെ ജേതാക്കളാക്കിയാണ് മോറീഞ്ഞോ വെളളിവെളിച്ചത്തിലേക്ക് എത്തുന്നത്. തൊട്ടുപിന്നാലെ ചെല്‍സിയില്‍. ചെല്‍സി അരനൂറ്റാണ്ടിന് ശേഷം പ്രിമിയര്‍ ലീഗ് ചാമ്പ്യന്‍മാരാക്കി. ചെല്‍സിയുടെ പരിശീലകനായിരിക്കെയാണ് കളിയെ കൊല്ലുന്ന കോച്ചെന്ന വിമര്‍ശനം കേള്‍ക്കാന്‍ തുടങ്ങിയത്. ചെല്‍സി വിട്ട് ഇറ്റലിയിലെ ഇന്റര്‍ മിലാനിലെത്തിയപ്പോഴും ഭാഗ്യം മോറീഞ്ഞോയ്‌ക്കൊപ്പമായിരുന്നു. ഇന്ററിനെ സെരി എ ചാമ്പ്യന്‍മാരാക്കി. ഇപ്പോഴിതാ റയല്‍ മാഡ്രിഡിനെയും.

പ്രതിരോധത്തിലൂന്നിയ കോച്ചെന്ന വിമര്‍ശനത്തിനും ഒരുപരിധിവരെ മറുപടി നല്‍കാന്‍ മോറീഞ്ഞോയ്ക്ക് ഇത്തവണ കഴിഞ്ഞു. 115 ഗോളുകളാണ് ലലീഗയില്‍ മാത്രം റയല്‍ ഇത്തവണ അടിച്ചുകൂട്ടിയത്. വഴങ്ങിയതാവട്ടെ 30 ഗോളുകളും. തോറ്റത് രണ്ടേരണ്ട് കളികളിലും. സ്പാനിഷ് ലീഗില്‍ ഒരുസീസണില്‍ ഏതൊരു ടീമും നേടുന്ന ഏറ്റവും വലിയ ഗോള്‍വേട്ട കൂടിയാണിത്.

മോറീഞ്ഞോയുടെ തന്ത്രങ്ങള്‍ കടുകിട തെറ്റാതെ റയല്‍ കളിക്കളത്തില്‍ പ്രാവര്‍ത്തികമാക്കിയത് റൊണാള്‍ഡോയുടെ ബൂട്ടുകളിലൂടെ ആയിരുന്നു. 44 ഗോളുകള്‍ നേടിയാണ് റോണോ റയലിന്റെ കുന്തമുനയായത്. ഗൊണ്‍സാലോ ഹിഗ്വയ്ന്‍, കരീം ബന്‍സേമ മുന്നേറ്റനിരയെ ഏകോപിപ്പിച്ചതും റോണോയായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാല് ഗോളുകള്‍ റോണോ ഇത്തവണ നേടിക്കഴിഞ്ഞു. റൊണാള്‍ഡോ 44 ഗോളുകളുമായി നിറഞ്ഞുനിന്നപ്പോള്‍ 22 ഗോളുകളുമായി ഹിഗ്വയ്‌നും 20 ഗോളുകളുമായി കരീം ബന്‍സേമയും റയലിനെ കിരീടത്തിലെത്തിച്ചു. ലലീഗയില്‍ ആദ്യമായാണ് ഒരു ടീമിലെ മൂന്ന് കളിക്കാര്‍ ഇരുപതിലധികം ഗോളുകള്‍ നേടുന്നത്.

ഗോളുകളുടെ തമ്പുരാന്‍

സ്വപ്‌നതുല്യമായ ഗോള്‍വേട്ടയുമായി കുതിക്കുന്ന ലയണല്‍ മെസ്സിക്ക് മുന്നില്‍ മറ്റൊരു റെക്കോര്‍ഡുകൂടി വഴിമാറി. യൂറോപ്യന്‍ ഫുട്‌ബോളില്‍ ഒരു സീസണില്‍ ഏറ്റവുമധികം ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇനി മെസ്സിക്ക് സ്വന്തം. 39 വര്‍ഷം മുന്‍പ് ജര്‍മന്‍ ഗോളടിയന്ത്രം ഗെര്‍ഡ് മുളളര്‍ സ്ഥാപിച്ച 67 ഗോളുകളുടെ റെക്കോര്‍ഡാണ് മെസ്സി മാറ്റിക്കുറിച്ചത്. മെസ്സിക്കിപ്പോള്‍ 68 ഗോളുകളായി.

മലാഗയ്‌ക്കെതിരെ ഹാട്രിക് നേടിയാണ് മെസ്സി, മുളളറുടെ റെക്കോര്‍ഡ് ഭേദിച്ചത്. സ്പാനിഷ് ലീഗില്‍ മെസ്സിയുടെ നാല്‍പ്പത്തിയാറാം ഗോളുകള്‍കൂടിയായിരുന്നു ഇത്. സീസണിലെ ഒന്‍പതാമത്തെ ഹാട്രിക്കും. മുളളര്‍ 1972-73 സീസണില്‍ ബയേണ്‍ മ്യൂണിക്കിന് വേണ്ടിയാണഅ  67 ഗോളുകള്‍ അടിച്ചുകൂട്ടിയത്.


24കാരനായ മെസ്സി, ബാഴ്‌സലോണയ്ക്ക് വേണ്ടി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരവുമാണ്. 248 ഗോളുകളാണ് ബാഴ്‌സയുടെ പേരില്‍ മെസ്സി എതിരാളികളുടെ വലയിലെത്തിച്ചത്. കാള്‍ റോഡ്രിഗസിന്റെ 60 വര്‍ഷം പഴക്കമുളള 232 ഗോളിന്റെ റെക്കോര്‍ഡ് മെസ്സി മറികടന്നതും ഈ സീസണില്‍ തന്നെ. 


പതിനേഴാം വയസ്സില്‍, 2005 മെയ് ഒന്നിന് അല്‍ബാസറ്റെയ്‌ക്കെതിരെ ആയിരുന്നു ബാഴ്‌സയ്ക്ക് വേണ്ടി മെസ്സിയുടെ ആദ്യഗോള്‍.

May 3, 2012

യുണൈറ്റഡോ അതോ സിറ്റിയോ

കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങ പോലെയാണിപ്പോള്‍ ഇത്തവണത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം. രണ്ടു മാഞ്ചസ്റ്റര്‍ ടീമുകള്‍ ഇഞ്ചോടിഞ്ച് പൊരുതുമ്പോള്‍ ആവേശം അതിരുകളില്ലാതെ കുതിച്ചുയരുന്നു. രണ്ട് റൗണ്ട് വീതം മത്സരങ്ങള്‍ മാത്രം ശേഷിക്കേ ആരായിരിക്കും പുതിയ കിരീടാവകാശികള്‍?. മാഞ്ചസ്റ്റര്‍ യുണൈറ്റഡോ അതോ മാഞ്ചസ്റ്റര്‍ സിറ്റിയോ?. ഇരുടീമുകളുടെയും കടുത്ത ആരാധകര്‍ക്കുപോലും ഉറപ്പിച്ചൊരു ഉത്തരം പറയാന്‍ കഴിയാത്ത അവസ്ഥ.

36 റൗണ്ടു വീതം മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 83 പോയിന്റ് വീതം നേടി ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ് മാന്‍യുവും സിറ്റിയും. ഗോള്‍ശരാശരിയില്‍ ഇപ്പോള്‍ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുളള ആഴ്‌സനലിന് 66 പോയിന്റ് മാത്രമേയുളളൂ. അതുകൊണ്ടുതന്നെ കിരീടപ്പോരാട്ടത്തില്‍ മറ്റൊരു ടീം ഇനി പരാമര്‍ശിക്കുക കൂടി വേണ്ട. മാന്‍യുവാണ് നിലവിലെ ജേതാക്കള്‍. ലിവര്‍പൂള്‍ ആദ്യ എട്ടില്‍പോലും സ്ഥാനം പിടിക്കില്ലെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. ഇതോടെ പ്രിമിയര്‍ ലീഗിലെ ബിഗ് ഫോര്‍ എന്ന വിശേഷണത്തിനും ഇത്തവണ ഇളക്കം തട്ടുമെന്നുറപ്പായി.

ലോകത്തേറ്റവും ആരാധകരുളള കളിസംഘമാണ് മാന്‍യു. അതുകൊണ്ടുതന്നെ ആരാധക പിന്തുണയില്‍ മാന്‍യു തന്നെയായിരിക്കും മുന്നില്‍. ചാണക്യ തന്ത്രങ്ങളുമായി എതിരാളികളെ അമ്പരപ്പിക്കുന്ന സാക്ഷാല്‍ അലക്‌സ് ഫെര്‍ഗ്യൂസന്‍ ഇത്തവണയും അത്ഭുതം പുറത്തെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സിറ്റിയാവട്ടെ റോബര്‍ട്ടോ മാന്‍സീനിയുടെ തന്ത്രങ്ങളെയാണ് ഉറ്റുനോക്കുന്നത്.

മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ സിറ്റിയോട് ഒറ്റഗോള്‍ തോല്‍വി വഴങ്ങിയതോടെയാണ് മാന്‍യുവിന്റെ പ്രതീക്ഷകള്‍ തുലാസിലായത്. സിറ്റി പ്രതീക്ഷ വീണ്ടെടുത്തതും. വിന്‍സന്റ് കോംപനിയുടെ ഹെഡറാണ് ഇത്തവണത്തെ പ്രിമിയര്‍ഷിപ്പിനെ മുള്‍മുനയിലെത്തിച്ചത്. ഇനി അവസാന ദിനംവരെ കാത്തിരുന്നേ മതിയാവൂ.

സമീര്‍ നസ്രി, കോംപനി, ഡേവിഡ് സില്‍വ, സെര്‍ജിയോ അഗ്യൂറോ, കാര്‍ലോസ് ടെവസ്, യായ ടൂറെ എന്നിവരടങ്ങിയ താരനിരയാണ് സിറ്റിയുടെ കരുത്ത്. പണം വാരിയെറിഞ്ഞാണ് സിറ്റി ഈ സീസണില്‍ താരങ്ങളെ വാരിക്കൂട്ടിയത്. വെയ്ന്‍ റൂണി, നാനി, റയാന്‍ ഗിഗ്‌സ്, പാര്‍ക് ജി സുംഗ്, പാട്രിസ് ഇവ്ര, അന്റോണിയോ വലന്‍സിയ തുടങ്ങിയവരിലൂടെയാണ് മാന്‍യു മറുപടി നല്‍കുക. ഇതോടൊപ്പം പത്തൊന്‍പത് കിരീടം നേടിയതിന്റെ പാരമ്പര്യവും മാന്‍യുവിന് കൂട്ടായുണ്ട്.

ന്യൂകാസില്‍ യുണൈറ്റഡും ക്യൂന്‍സ് പാര്‍ക് റേഞ്ചേഴ്‌സുമാണ് സിറ്റിയുടെ ഇനിയുളള എതിരാളികള്‍. മാന്‍യുവാകട്ടെ സ്വാന്‍സീ, സണ്ടര്‍ലാന്‍ഡ് എന്നിവരുമായി ഏറ്റുമുട്ടും. സിറ്റിക്കാണ് താരതമ്യേന ശക്തരായ എതിരാളികളെ നേരിടേണ്ടത്. ഗോള്‍ശരാശരിയില്‍ സിറ്റിയാണിപ്പോള്‍ മുന്നില്‍. ശേഷിക്കുന്ന മത്സരങ്ങളില്‍ ഇരുടീമുകളും ജയിച്ചുകയറിയാല്‍ ജേതാക്കളെ നിശ്ചയിക്കുന്നത് ഗോള്‍ശരാശരി തന്നെയായിരിക്കും. അതുകൊണ്ടുതന്നെ പരമാവധി ഗോളുകള്‍ നേടി ജയിക്കാനായിരിക്കും മാന്‍യുവിന്റെയും സിറ്റിയുടെയും ലക്ഷ്യം. ഗോള്‍ശരാശരിയില്‍ കിരീടം നഷ്ടമാവുക എന്നത് ഇരുടീമുകള്‍ക്കും ഹൃദയഭേദകം ആവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

May 2, 2012

ഇനി ഹോഡ്ജ്‌സണ്‍ യുഗം

ഇംഗ്ലീഷ് ഫുട്‌ബോളില്‍ ഇനി റോയ് ഹോഡ്ജ്‌സണ്‍ യുഗം.

ഇംഗ്ലണ്ട് ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി റോയ് ഹോഡ്ജസനെ നിയമിച്ചു. നാലു വര്‍ഷത്തോക്കാണ് കരാര്‍. പ്രിമിയര്‍ ലീഗ് ടീമായ വെസ്റ്റ് ബ്രോമിന്റെ പരിശീലകനാണ് ഹോഡ്ജ്‌സണ്‍. സീസണില്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ഹോഡ്ജ്‌സണ്‍ തന്നെയായിരിക്കും വെസ്റ്റ് ബ്രോമിന്റെ പരിശീലകന്‍.

ഫെബ്രുവരിയില്‍ സ്ഥാനമൊഴിഞ്ഞ ഫാബിയോ കപ്പെല്ലോയ്ക്ക് പകരമാണ് ഹോഡ്ജ്‌സന്റെ അപ്രതീക്ഷിത നിയമനം. ടോട്ടന്‍ഹാമിന്റെ ഹാരി റെഡ്‌നാപ്പ് ഇംഗ്ലീഷ് കോച്ചാവുമെന്നായിരുന്നു പരക്കെ വിശ്വസിച്ചിരുന്നത്. റെഡ്‌നാപ്പും പരിശീകസ്ഥാനം ഏറ്റെടുക്കാന്‍ മാനസികമായി തയ്യാറെടുത്തിരുന്നു. ഹോഡ്ജ്‌സനുമായി നാലു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് ഇംഗ്ലീഷ് എഫ് എ പുതിയ കോച്ചിനെ പ്രഖ്യാപിച്ചത്. സ്റ്റുവര്‍ട്ട് പിയേഴ്‌സായിരുന്നു ഇംഗ്ലണ്ടിന്റെ താല്‍ക്കാലിക കോച്ച്. ഇംഗ്ലണ്ടിന്റെ ഒളിംപിക് ടീം കോച്ചാണ് പിയേഴ്‌സ്.

ഹോഡ്ജ്‌സന് കീഴില്‍ മെയ് 26ന് നോര്‍വേയ്‌ക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ ആദ്യമത്സരം. ജൂണ്‍ രണ്ടിന് ബല്‍ജിയവുമായും ഇംഗ്ലണ്ട് ഏറ്റുമുട്ടും. തൊട്ടുപിന്നാലെയെത്തുന്ന യൂറോ 2012 ആയിരിക്കും ഹോഡ്ജ്‌സന്റെ ഏറ്റവും വലിയ വെല്ലുവിളി. ജൂണ്‍ 11 മുതല്‍ പോളണ്ടിലും ഉക്രെയ്‌നിലുമായിട്ടാണ് യൂറോ 2012 നടക്കുക.

64കാരനായ ഹോഡ്ജ്‌സണ്‍ 18 ടീമുകളെ പരിശീലിപ്പിച്ച അനുഭവ സമ്പത്തുമായാണ് ഇംഗ്ലീഷ് ടീമിന്റെ ചുമതല ഏറ്റെടുക്കുന്നത്. ഇത്തവണത്തെ യൂറോകപ്പിന് പുറമെ 2014 ലോകകപ്പും 2016ലെ യൂറോകപ്പും ഹോഡ്ജ്‌സന്റെ കരാര്‍ കാലാവധിക്കുളളില്‍ ഉള്‍പ്പെടുന്നുണ്ട്.

1947ല്‍ ജനിച്ച ഹോഡ്ജ്‌സണ്‍ മുന്‍നിര ക്ലബുകള്‍ക്ക് വേണ്ടിയൊന്നും കളിച്ചിട്ടില്ല. സ്വീഡിഷ് ക്ലബായ ഹാംസ്റ്റഡിന്റെ കോച്ചായാണ് പരിശീലക ജീവിതം തുടങ്ങുന്നത്, 1976ല്‍.  തുടര്‍ന്ന് ഇംഗ്ലണ്ട്, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഇറ്റലി, ഡെന്‍മാര്‍ക്ക്, നോര്‍വേ എന്നിവിടങ്ങളിലെ ക്ലബുകളെ പരിശീലിപ്പിച്ചു.

1994 ലോകകപ്പില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ കോച്ചായിരുന്നു. പിന്നീട് യു എ ഇ , ഫിന്‍ലന്‍ഡ് ദേശീയ ടീമുകളുടെ ചുമതല വഹിച്ചു. ഇന്റര്‍ മിലാന്‍, ബ്ലാക്ക്‌ബേണ്‍, ഫുള്‍ഹാം, ലിവര്‍പൂള്‍ എന്നീ ക്ലബുകളുടെയും പരിശീലകനായിരുന്നു. കഴിഞ്ഞ സീസണ്‍ പകുതിയായപ്പോള്‍ ലിവര്‍പൂളില്‍ നിന്ന് പുറത്താക്കുകയായിരുന്നു. തുടര്‍ന്നാണ് വെസ്റ്റ് ബ്രോമിന്റെ അമരക്കാരനായത്.

May 1, 2012

സച്ചിന്‍ രാഷ്ട്രീയ കളിത്തട്ടിലേക്ക് ?

കളിജീവിതത്തിന്റെ സായാഹ്നത്തില്‍ എത്തിനില്‍ക്കുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പുതിയ കളിത്തട്ടിലേക്ക് ചുവടുവയ്ക്കുന്നുവെന്ന് സൂചന. ഇന്ത്യയില്‍ ഏറ്റവും അംഗീകരാമുളള വ്യക്തികളില്‍ ഒരാളായ സച്ചിന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യസഭാംഗത്വം നല്‍കിയതിനു പിന്നാലെ കോണ്‍ഗ്രസ് സച്ചിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതാണ് പുതിയ വാര്‍ത്തകളുടെ പിറവിക്ക് കാരണം.

മറാഠ നേതാവും എംപിയുമായ സഞ്ജയ് നിരുപമാണു മാസ്റ്റര്‍ ബ്ലാസ്റ്ററെ കോണ്‍ഗ്രസിലേക്കു ക്ഷണിച്ചത്. സച്ചിനു താത്പര്യമുണ്ടെങ്കില്‍ പാര്‍ട്ടി അംഗത്വം നല്‍കുമെന്നും സഞ്ജയ് നിരുപം പറഞ്ഞു. സച്ചിന്റെ രാജ്യസഭാ പ്രവേശത്തെക്കുറിച്ച് വിവിധ കോണുകളില്‍ നിന്ന് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ഇതേസമയം, സച്ചിന്‍ ആയതിനാല്‍ പരസ്യവിമര്‍ശനം ഉന്നയിക്കാന്‍ എതിരാളികള്‍ക്ക് കഴിയുന്നുമില്ല. മുന്‍ ഇന്ത്യന്‍താരം സഞ്ജയ് മഞ്ചരേക്കര്‍ മാത്രമാണ് സച്ചിന്റെ തീരുമാനം ഞെട്ടിക്കുന്നതാണെന്ന് പ്രതികരിച്ചത്.

കളിയില്‍ തുടരുന്ന സച്ചിന്‍ രാജ്യസഭാംഗത്വം സ്വീകരിക്കുമെന്ന് തീരെ പ്രിതീക്ഷിച്ചില്ല. ക്രിക്കറ്റിന് ഇത്രയേറെ സംഭാവന നല്‍കിയ, അനുഭവ സമ്പത്തുളള സച്ചിന്‍ പരിശീലകനായോ മറ്റേതെങ്കിലും തരത്തിലോ കളിയില്‍ നില്‍ക്കുമെന്നാണ് കരുതിയത്. വ്യവസായ സംരഭം ആണെങ്കില്‍പ്പോലും ഞെട്ടലുണ്ടാവില്ലായിരുന്നു. സച്ചിന്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് സങ്കല്‍പ്പിക്കാന്‍പോലും കഴിയുന്നില്ല-മഞ്ചരേക്കര്‍ പറഞ്ഞു.

സച്ചിന്റെ രാജ്യസഭാ പ്രവേശത്തെ പരസ്യമായി എതിര്‍ക്കാന്‍ കഴിയാത്ത ബിജെപിയും ശിവസേനയും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിക്കഴിഞ്ഞു. സച്ചിനെ രാജ്യസഭാംഗമാക്കിയതിനോടു യോജിക്കുന്നു. അദ്ദേഹം അത് അര്‍ഹിക്കുന്നുണ്ട്. പക്ഷേ, കോണ്‍ഗ്രസ് പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനമെടുത്തത് ബോഫോഴ്‌സ് പോലുള്ള അഴിമതി വിവാദങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കാനല്ലേ എന്നു സംശയമുണ്ട് - ശിവസേനാ നേതാവ് രാഹുല്‍ നര്‍വേകര്‍ പറഞ്ഞു. സമാന അഭിപ്രായമാണ് ബിജെപിയും പ്രകടിപ്പിച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നാണ് എംഎന്‍എസ് നേതാവ് രാജ്താക്കറെയുടെ പക്ഷം. മഹാനായ താരത്തെ ആദരിക്കുന്നുവെന്നു മാത്രം കണ്ടാല്‍ മതിയെന്നാണ് രാജ് താക്കറെ പറയുന്നത്.

സച്ചിനെയും നടി രേഖയെയും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ലക്ഷ്യം പകല്‍പോലെ വ്യക്തമാണെന്നു ബിഎസ്പി അധ്യക്ഷ മായാവതി ആരോപിച്ചു.
സച്ചിന്‍ ഇത് അര്‍ഹിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിനിത് വോട്ടിനുള്ള തന്ത്രം മാത്രമാണ്. രാജ്യസഭയില്‍ സച്ചിന്‍ കാര്യശേഷി തെളിയിക്കേണ്ടതുണ്ടെന്നും മായാവതി  പറഞ്ഞു. ഇതേസമയം, നടി ഹേമമാലിനി രസകരമായാണ് സച്ചിന്റെ രാജ്യസഭാ പ്രവേശത്തോട് പ്രതികരിച്ചത്- വിരമിച്ചവര്‍ക്കുള്ള സഭയില്‍ സച്ചിനു ബോറടിക്കാതിരുന്നാല്‍ മതിയായിരുന്നു.

ഡാര്‍ഡിയോള പടിയിറങ്ങുന്നു; ഇനി വിലനോവ യുഗം

ബാഴ്‌സലോണയെ ആധുനിക ഫുട്‌ബോളിലെ ഒന്നാംനമ്പര്‍ കളിസംഘമാക്കി ലോകത്തെ വിസ്മയിപ്പിച്ച പെപ് ഗാര്‍ഡിയോള പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിലെ തോല്‍വിക്ക് തൊട്ടുപിന്നാലെയാണ് ഗാര്‍ഡിയോളയുടെ വിടവാങ്ങല്‍ പ്രഖ്യാപനം. ഗാര്‍ഡിയോളയുടെ സഹായി ഫ്രാന്‍സെസ്‌കോ ടിറ്റോ വിലനോവയായിരിക്കും ബാഴ്‌സലോണയുടെ പുതിയ പരിശീലകന്‍. ഈ സീസണ്‍ അവസാനത്തോടെയായിരിക്കും ഗാര്‍ഡിയോള സ്ഥാനമൊഴിയുക.

നാലുവര്‍ഷമായി ബാഴ്‌സലോണയുടെ പരിശീലകനാണ് ക്ലബിന്റെ മുന്‍താരം കൂടിയായ ഗാര്‍ഡിയോള, സ്പാനിഷ് ലീഗിലും ചാമ്പ്യന്‍സ് ലീഗിലും ക്ലബ് ലോകകപ്പിലും ബാഴ്‌സയെ ജേതാക്കളാക്കി ഏറ്റവും മികച്ച പരിശീലകന്‍ എന്ന പേരിന് ഉടമയായി. 13 ട്രോഫികളാണ് ആകെ ഗാര്‍ഡിയോള ബാഴ്‌സയുടെ ഷെല്‍ഫിലെത്തിച്ചത്. എന്നാല്‍ ഇത്തവണ ഗാര്‍ഡിയോളയ്ക്ക് ആ മികവ് പുലര്‍ത്താനായില്ല. ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ മുട്ടുമടക്കേണ്ടി വന്നു. അതിന് തൊട്ടുമുന്‍പ് റയല്‍ മാഡ്രിഡിനോട് തോറ്റ് സ്പാനിഷ് ലീഗ് കിരീടവും കൈവിട്ടിരുന്നു.


കഴിഞ്ഞ കുറേദിവസങ്ങളായി ഗാര്‍ഡിയോള ബാഴ്‌സയില്‍ തുടരുമോയെന്ന ചര്‍ച്ചകള്‍ ഫുട്‌ബോള്‍ ലോകത്ത് സജീവമായിരുന്നു. ഇതിനാണിപ്പോള്‍ ഗാര്‍ഡിയോള ഉത്തരം നല്‍കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങളായി പല ഊഹാപോഹങ്ങളും ഉണ്ടായിരുന്നു. ബാഴ്‌സലോണയുടെ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും വളരെ വലുതാണ്. എനിക്ക് ചെറിയ ലക്ഷ്യങ്ങളേയുളളൂ. അതുകൊണ്ട് ചെറിയ കരാറേ എനിക്ക് സാധ്യമാവൂ. ഇത്തവണ പ്രധാനപ്പെട്ട രണ്ട് ടൂര്‍ണമെന്റുകളില്‍ നിന്ന് ഞങ്ങള്‍ പിന്തളളപ്പെട്ടു. സ്ഥാനമൊഴിയുന്ന കാര്യം വെളിപ്പെടുത്താന്‍ പറ്റിയ സമയം ഇതാണ്. നാലുവര്‍ഷംകൊണ്ട് ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്തു. എനിക്ക് ചെയ്യാന്‍ കഴിയാത്തതെല്ലാം എന്റെ പിന്‍ഗാമിക്ക് കഴിയട്ടെ-41കാരനായ ഗാര്‍ഡിയോള പറഞ്ഞു.
ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ ചെല്‍സിയോടൊണ് ബാഴ്‌സ തോറ്റത്. സ്പാനിഷ് ലീഗില്‍ നിര്‍ണായക തോല്‍വി ഏറ്റുവാങ്ങിയത് ചിരവൈരികളായ റയല്‍ മാഡ്രിഡിനോടും.


വമ്പന്‍ പരിശീലകരെ പരിഗണിക്കാതെയാണ് ബാഴ്‌സലോണ നാലുവര്‍ഷം മുന്‍പ് ഗാര്‍ഡിയോളയെ പിരിശീലകനാക്കിയത്. അന്ന് ബി ടീമിന്റെ പരിശീലകനായിരുന്നു ഗാര്‍ഡിയോള. ഇപ്പോള്‍ ഇതേ വഴിതന്നെയാണ് ബാഴ്‌സ തിരഞ്ഞെടുത്തിരിക്കുന്നത്, ടിറ്റോ വിലനോവയെ പരിശീലകനാക്കുന്നതിലൂടെ.


ഇതേസമയം, ഗാര്‍ഡിയോളയെ സ്വന്തമാക്കാന്‍ ചെല്‍സി, ഇന്റര്‍ മിലാന്‍ എന്നീ ക്ലബുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇംഗ്ലണ്ട് ദേശീയ ടീമിന്റെ പരിശീലകനായും ഗാര്‍ഡിയോളയെ പരിഗണിക്കുന്നുവെന്നാണ് സൂചന.

പതിനായിരം ക്ലബില്‍ പത്താമനായ് ചന്ദര്‍പോള്‍

ടെസ്റ്റ് ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് പൂര്‍ത്തിയാക്കിയ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയിലേക്ക് ഒരാള്‍കൂടി. ഇന്ത്യന്‍ വംശജനായ വെസ്റ്റ് ഇന്‍ഡീസിന്റെ ശിവ്‌നാരായണ്‍ ചന്ദര്‍പോളാണ് പതിനായിരം ക്ലബിലെ പുതിയ അംഗം. ടെസ്റ്റ് ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് നേടുന്ന പത്താമത്തെ ബാറ്റ്‌സ്മാനാണ് ചന്ദര്‍പോള്‍.  ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ വെസ്റ്റ് ഇന്റീസുകാരനും.

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലാണ് ചന്ദര്‍പോള്‍ ഈ നേട്ടത്തിനുടമയായത്. 14 റണ്‍സിലെത്തിയപ്പോഴാണ് ടന്ദര്‍പോള്‍ ടെസ്റ്റില്‍ പതിനായിരം റണ്‍സ് തികച്ചത്. നാലാം ദിവസത്തെ അവസാന ഓവറില്‍ 69 റണ്‍സെടുത്ത് ചന്ദര്‍പോള്‍ പുറത്തായി.
ബ്രയന്‍ ലാറയാണ് ചന്ദര്‍പോളിന് മുന്‍പ് ഈനേട്ടം കൈവരിച്ച വിന്‍ഡീസ് ബാറ്റ്‌സ്മാന്‍.11,953 റണ്‍സാണ് ലാറയുടെ അക്കൗണ്ടിലുള്ളത്.1994ല്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ചന്ദര്‍പോള്‍ ഇതുവരെയായി 140 ടെസ്റ്റുകളില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ തൊപ്പിയണിഞ്ഞു. 25 സെഞ്ച്വറിയും 59 അര്‍ദ്ധസെഞ്ച്വറികളും നേടിയിട്ടുണ്ട്. 10,055 റണ്‍സ് നേടിയിട്ടുണ്ട്. 268 ഏകദിനങ്ങളില്‍ നിന്നായി 41.60 ശരാശരിയോടെ 8778 റണ്‍സെടുത്തിട്ടുണ്ട്. 11 സെഞ്ച്വറികളും 59 അര്‍ദ്ധസെഞ്ച്വറികളും നേടിയിട്ടുണ്ട്.

ബാറ്റിംഗ് ശൈലിയിലും സ്റ്റാന്‍ഡ്‌സിലുമെല്ലാം മറ്റുളളവരില്‍ നിന്ന് ഏറെ വ്യത്യസ്തനായ ചന്ദര്‍പോള്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നതിലും മുന്‍പന്തിയിലായിരുന്നു. ക്രീസിലെത്തി ഗാര്‍ഡെടുക്കും മുതല്‍ തുടങ്ങുന്നു ചന്ദര്‍പോളിന്റെ വ്യത്യസ്തത. ബെയില്‍സുകൊണ്ട് പിച്ചില്‍ ഗാര്‍ഡ് രേഖപ്പെടുത്തുന്ന ചന്ദര്‍പോള്‍ പന്ത് നേരിടുന്നതിന് മുന്‍പോ രണ്ടോമൂന്നോ തവണ ചുവടുമാറ്റുന്നു. അതുകൊണ്ടുതന്നെയാണ്  മോശം ടെക്‌നിക്കുള്ള ബാറ്റ്‌സ്മാന്‍ എന്ന് പലരും ചന്ദര്‍പോളിനെ ആക്ഷേപിച്ചത്. എന്നാല്‍ അസാധാരണമായ ഇച്ഛാശക്തിയും ക്ഷമയും ഏകാഗ്രതയുമായി ചന്ദര്‍പോള്‍ ഇതിനെയെല്ലാം മറികടന്നു. ഇപ്പോള്‍ നീണ്ട പതിനെട്ട് വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തിലെത്തിയപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിലെ അപൂര്‍വനേട്ടമായ പതിനായിരം ക്ലബില്‍ അംഗവുമായി.

പ്രതാപത്തിന്റെ നിഴലിലായ വിന്‍ഡീസ് ക്രിക്കറ്റിന്റെ ആശ്വാസംകൂടിയായിരുന്നു ഈ ഇന്ത്യന്‍വംശജന്‍. ടീം പലപ്പോഴും തോല്‍വിയിലേക്ക് കൂപ്പുകുത്തുമ്പോഴും നാണക്കേടിന്റെ ഭാരം കുറച്ചിരുന്നത് ചന്ദര്‍പോളിന്റെ ബാറ്റായിരുന്നു.

April 23, 2012

റോബിന്‍ വാന്‍പേഴ്‌സി പ്ലെയര്‍ ഒഫ് ദ ഇയര്‍

ഇംഗ്ലണ്ടിലെ പ്രൊഫഷണല്‍ ഫുട്‌ബോളേഴ്‌സ് അസോസിയേഷന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ചതാരത്തിനുളള പുരസ്‌കാരം ആഴ്‌സനല്‍ സ്‌ട്രൈക്കര്‍ റോബിന്‍ വാന്‍പേഴ്‌സിക്ക്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഡേവിഡ് സില്‍വ, സെര്‍ജിയോ അഗ്യൂറോ, ജോ ഹാര്‍ട്ട് , മാന്‍യുവിന്റെ വെയ്ന്‍ റൂണിയും ടോട്ടന്‍ഹാമിന്റെ സ്‌കോട്ട് പാര്‍ക്കര്‍ എന്നിവരെ മറികടന്നാണ് റോബിന്‍ വാന്‍പേഴ്‌സി ഇംഗ്ലണ്ടിലെ മികച്ച താരമായത്.
വാന്‍പേഴ്‌സിയുടെ ഒറ്റയാന്‍ മികവിലാണ് ആഴ്‌സനലിന്റെ മുന്നേറ്റം. വാന്‍പേഴ്‌സി ഇതുവരെ 38 ഗോളുകള്‍ നേടിയിട്ടുണ്ട്. പ്രിമിയര്‍ ലീഗില്‍ മാത്രം 27 ഗോളുകളും. ഈ സ്‌കോറിംഗ് മികവാണ് റോബിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
ടോട്ടന്‍ഹാമിന്റെ കെയ്ല്‍ വാക്കറാണ് മികച്ച യുവതാരം. സെര്‍ജിയോ അഗ്യൂറോ, ഗാരെത്ത് ബാലി, അലക്‌സ് ഒക്‌സാഡെ–ചമ്പെരിയന്‍, ഡാനിയേല്‍ സ്റ്റുറിഡ്ജ്, ഡാനി വെല്‍ബാക്ക് എന്നിവരെയാണ് വാക്കര്‍ പിന്തളളിയത്.
ഇതോടൊപ്പം ഈ സീസണിലെ ഓള്‍സ്റ്റാര്‍ പ്രിമിയര്‍ ലീഗ് ടീമിനെയും പ്രഖ്യാപിച്ചു.
ടീം: ജോ ഹാര്‍ട്ട്, കെയ്ല്‍ വാക്കര്‍, വിന്‍സന്റ് കോംപനി, ഫാബ്രിസിയോ കൊളോചീനി, ലെയ്റ്റന്‍ ബെയ്ന്‍സ്, ഡേവിഡ് സില്‍വ, യായ ടൂറെ, ഗാരെത്ത് ബാലി, സ്‌കോട്ട് പാര്‍ക്കര്‍, റോബിന്‍ വാന്‍പേഴ്‌സി, വെയ്ന്‍ റൂണി.

April 3, 2012

ക്രിക്കറ്റ് കാര്‍ണിവല്‍

ഒന്‍പത് ടീമുകള്‍. 54 ദിവസങ്ങള്‍. 76 മത്സരങ്ങള്‍. 12 വേദികള്‍. താരത്തിളക്കം. പണക്കൊഴുപ്പ്. ബോളിവുഡിന്റെ മാസ്മരികത. ക്രിക്കറ്റ് പ്രേമികള്‍ക്ക് മനംനിറയ്ക്കാന്‍ ചടുലതയുടെ ആവേശവുമായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അഞ്ചാം പതിപ്പിന് ഏപ്രില്‍ നാലിന് തുടക്കമാവും. ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ മുംബയ് ഇന്ത്യന്‍സിനെ നേരിടും. എം എ ചിദംബരം സ്റ്റേഡിയത്തിലാണ് കളി. ഫൈനല്‍ മെയ് 27ന്.

ഉദ്ഘാടനം

അമേരിക്കന്‍ പോപ് താരം കാറ്റി പെറിയും സാക്ഷാല്‍ അമിതാബ് ബച്ചനും പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിന് വര്‍ണാഭമായ ദൃശ്യവിരുന്നാണ് സജ്ജമാക്കിയിരിക്കുന്നത്. ബിഗ് ബിയ്‌ക്കൊപ്പം സല്‍മാന്‍ ഖാന്‍, പ്രിയങ്ക ചോപ്ര, കരീന കപൂര്‍, പ്രഭുദേവ തുടങ്ങിയവരും അണിനിരക്കും. ഷാരൂഖ് ഖാന്‍, ശില്‍പ ഷെട്ടി, മാധുരി ദീക്ഷിത് എന്നിലര്‍ ടീം ഉടമകളായി എത്തും. ഇതേസമയം വൈ എം സി എ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ് ഗ്രൗണ്ടില്‍ ഒന്‍പത് നായകന്‍മാരും അണിനിരക്കും. നായകന്‍മാര്‍ എം സി സിയുടെ സ്പിരിറ്റ് ഒഫ് ക്രിക്കറ്റ് പ്രതിജ്ഞ ഏറ്റുചൊല്ലും. താരത്തിളക്കത്താല്‍ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്ന ഉദ്ഘാടന ചടങ്ങ് നേരിട്ടുകാണാന്‍ 1500 രൂപയാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്.

ടീമുകള്‍

രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ബാംഗ്‌ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്, ഹൈദരാബാദ് ഡെക്കാന്‍ ചാര്‍ജേഴ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, പൂനെ വാരിയേഴ്‌സ് എന്നിവരാണ് ഐ പി എല്‍ കിരീടത്തിനായി പൊരുതുന്ന ടീമുകള്‍. കഴിഞ്ഞ വര്‍ഷം ഐ പി എല്ലില്‍ 10 ടീമുകളുണ്ടായിരുന്നു. കൊച്ചി ടസ്‌കേഴ്‌സ് കേരളയെ പിരിച്ചുവിട്ടതോടെയാണ് ടീമുകളുടെ എണ്ണം ഒന്‍പതായത്. ഇതോടെ ഐ പി എല്ലില്‍ കേരളത്തിന്റെ പ്രാതിനിധ്യം ഒരൊറ്റ സീസണ്‍കൊണ്ട് അവസാനിക്കുകയും ചെയ്തു.

പ്രധാന താരങ്ങള്‍

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

എം എസ് ധോണി(ക്യാപ്റ്റന്‍), ആര്‍ അശ്വിന്‍, എസ് ബദരിനാഥ്, ഡൗഗ് ബോളിഞ്ചര്‍, ഡ്വയിന്‍ ബ്രാവോ, മൈക് ഹസി, ബെന്‍ ഹില്‍ഫെനോസ്, രവീന്ദ്ര ജഡേജ, സുരേഷ് റെയ്‌ന, ആല്‍ബി മോര്‍കല്‍, മുരളി വിജയ്.

ഹൈദരാബാദ് ഡെക്കാന്‍ ചാര്‍ജേഴ്‌സ്

കുമാര്‍ സംഗകാര(ക്യാപ്റ്റന്‍), ഡാരെന്‍ ബ്രാവോ, ഡാനിയേല്‍ ക്രിസ്റ്റിയന്‍. മന്‍പ്രീത് ഗോണി, ജെ പി ഡുമിനി, ശിഖര്‍ ധവാന്‍, പാര്‍ഥിവ് പട്ടേല്‍, അമിത് മിശ്ര, ഡെയ്ല്‍ സ്റ്റെയ്ന്‍, കാമറൂണ്‍ വൈറ്റ്.

ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ്

വിരേന്ദര്‍ സെവാഗ് (ക്യാപ്റ്റന്‍), വരുണ്‍ ആരോണ്‍, അജിത് അഗാര്‍ക്കര്‍, മഹേല ജയവര്‍ധനെ, മോര്‍നെ മോര്‍കല്‍, കെവിന്‍ പീറ്റേഴ്‌സന്‍, ഇര്‍ഫാന്‍ പഠാന്‍, നമന്‍ ഓജ, ഡേവിഡ് വാര്‍നര്‍, വേണുഗോപാല്‍ റാവു. വാന്‍ഡര്‍ മെര്‍വ്, ടോസ് ടൈലര്‍.

കിംഗ്‌സ് ഇലവന്‍ പഞ്ചാബ്

ആഡം ഗില്‍ക്രിസ്റ്റ് (ക്യാപ്റ്റന്‍), അസ്ഹര്‍ മഹ്മൂദ്, സ്റ്റുവര്‍ട്ട് ബ്രോഡ്, പിയൂഷ് ചൗള, പ്രവീണ്‍ കുമാര്‍, ഡേവിഡ് ഹസി, റയാന്‍ ഹാരിസ്, ഷോണ്‍ മാര്‍ഷ്, മസ്‌കരാനെസ് , അഭിഷേക് നായര്‍, പോള്‍ വല്‍ത്താട്ടി.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഗൗതം ഗംഭീര്‍(ക്യാപ്റ്റന്‍), എല്‍ ബാലാജി, രജത് ഭാട്ടിയ, ബ്രാഡ് ഹാഡിന്‍, ഇഖ്ബാല്‍ അബ്ദുളള, ജാക് കാലിസ്, ബ്രെറ്റ് ലീ, ബ്രണ്ടന്‍ മക്കല്ലം, ഇയോന്‍ മോര്‍ഗന്‍, യൂസഫ് പഠാന്‍, ജെയിംസ് പാറ്റിന്‍സന്‍, സഞ്ചു സാംസണ്‍, മനോജ് തിവാരി, ഷാക്കിബ് അ്ല്‍ ഹസന്‍.

മുംബയ് ഇന്ത്യന്‍സ്

ഹര്‍ഭജന്‍ സിംഗ് (ക്യാപ്റ്റന്‍), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മിച്ചല്‍ ജോണ്‍സന്‍, ദിനേശ് കാര്‍ത്തിക്, ലസിത് മലിംഗ, പ്രഖ്യാന്‍ ഓജ, അംബാട്ടി റായ്ഡു, കീറോണ്‍ പൊളളാര്‍ഡ്, മുനാഫ് പട്ടേല്‍, ആര്‍ പി സിംഗ്, രോഹിത് ശര്‍മ.

പൂനെ വാരിയേഴ്‌സ്

സൗരവ് ഗാംഗുലി (ക്യാപ്റ്റന്‍), മൈക്കല്‍ ക്ലാര്‍ക്ക്, അശോക് ദിന്‍ഡ, കല്ലം ഫെര്‍ഗ്യൂസന്‍, റൈഫി വിന്‍സന്റ് ഗോമസ്, ജയിംസ് ഹോപ്‌സ്, ധീരജ് ജാധവ്, മുരളി കാര്‍ക്കിക്, ഏഞ്ചലോ മാത്യൂസ്, മനീഷ് പാണ്ഡെ, ആശിഷ് നെഹ്‌റ, വെയ്ന്‍ പാര്‍നല്‍, ഗ്രേം സ്മിത്ത്, മാര്‍ലന്‍ സാമുവല്‍സ്, രാഹുല്‍ ശര്‍മ, മിച്ചല്‍ മാര്‍ഷ്.

രാജസ്ഥാന്‍ റോയല്‍സ്

രാഹുല്‍ ദ്രാവിഡ് (ക്യാപ്റ്റന്‍), യോഹാന്‍ ബോത്ത, ആകാശ് ചോപ്ര, പോള്‍ കോളിംഗ് വുഡ്, ബ്രാഡ് ഹോഡ്ജ്, ബ്രാഡ് ഹോഗ്, അജിന്‍ക്യ റഹാനെ, ഒവൈസ് ഷാ,ശ്രീശാന്ത്, ഷോണ്‍ ടെയ്റ്റ്, ഷെയ്ന്‍ വാട്‌സന്‍.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

ഡാനിയേല്‍ വെട്ടോറി (ക്യാപ്റ്റന്‍), എ ബി ഡിവിലിയേഴ്‌സ്, തിലകരത്‌നെ ദില്‍ഷന്‍, ക്രിസ് ഗെയ്ല്‍, മുഹമ്മദ് കെയ്ഫ്, സഹീര്‍ ഖാന്‍, വിരാട് കോലി, മുത്തയ്യാ മുരളീധരന്‍, ഡിര്‍ക് നാനെസ്, ചേതേശ്വര്‍ പൂജാര, മനോജ് തിവാരി, ആര്‍ വിനയ് കുമാര്‍

നിയമങ്ങള്‍

ഫിസിയോയും കോച്ചും അടക്കം ടീമില്‍ 18 പേരെ ഉള്‍പ്പെടുത്താം. ഓരോ ടീമും കുറഞ്ഞത് 14 ഇന്ത്യന്‍ കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്തണം. ഇതില്‍ ആറുപേര്‍ 22 വയസ്സില്‍ താഴെയുളളവര്‍ ആയിരിക്കണം. ടീമില്‍ ആകെ 11 വിദേശതാരങ്ങളേ ഉണ്ടാവാന്‍ പാടുളളൂ. ഒരു മത്സരത്തില്‍ നാല് വിദേശികളെ കളിപ്പിക്കാം.

ജേതാക്കള്‍ ഇതുവരെ

2008 രാജസ്ഥാന്‍ റോയല്‍സ് ( ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പിച്ചു)
2009 ഹൈദരാബാദ് ഡെക്കാന്‍ ചാര്‍ജേഴ്‌സ് ( റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോല്‍പിച്ചു)
2010 ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (മുംബയ് ഇന്ത്യന്‍സിനെ തോല്‍പിച്ചു)
2011 ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ തോല്‍പിച്ചു)

വേദികള്‍

ചെന്നൈ എം എ ചിദംബരം സ്‌റ്റേഡിയം, മുബയ് വാങ്കഡേ സ്റ്റേഡിയം, പൂനെ സുബ്രത റോയ് സഹാറ സ്‌റ്റേഡിയം, പി സി എ സ്റ്റേഡിയം മൊഹാലി , രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം ഹൈദരാബാദ്, എസിഎ-വിഡിസിഎ സ്റ്റേഡിയം വിശാഖപട്ടണം, സവായ് മാന്‍ സിംഗ് സ്റ്റേഡിയം ജയ്പൂര്‍, ബരാബതി സ്റ്റേഡിയം കട്ടക്ക്, ബാംഗ്ലൂര്‍ ചിന്ന സ്വാമി സ്റ്റേഡിയം, കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ്, ഡല്‍ഹി ഫിറോസ് ഷാ കോട്‌ല, എച്ച് പി സി എ ധര്‍മ്മശാല എന്നിവിടങ്ങളിലാണ് അഞ്ചാം സീസണിലെ മത്സരങ്ങള്‍ അരങ്ങേറുക.

ബോളിവുഡിന്റെ തിളക്കം

ബോളിവുഡ് താരങ്ങളുടെ സാന്നിധ്യമാണ് ഐ പി എല്ലിന്റെ പ്രധാന സവിശേഷത. ഷാരൂഖ് ഖാനും ജൂഹി ചൌളയും പ്രീതി സിന്റയും ടീം ഉടമസ്ഥരായി കളിക്കാര്‍ക്കൊപ്പം തന്നെ ഐ പി എല്ലില്‍ മിന്നിത്തിളങ്ങി നിന്നു. ഷാരൂഖ് ഖാന്റെയും ജൂഹി ചൌളയുടെയും ഉടമസ്ഥതയിലുളള ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. പ്രീതി സിന്റ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ ഉടമസ്ഥയാണ്. ഇവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ശില്‍പ ഷെട്ടിയും ഇത്തവണ ഐ പി എല്ലിലേക്ക് രംഗപ്രവേശം ചെയ്തുകഴിഞ്ഞു. ശില്‍പയും കാമുകന്‍ രാജ് കുന്ദ്രയും ചാംപ്യന്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിലാണ് മുതല്‍ മുടക്കിയിരിക്കുന്നത്. 75 കോടി മുടക്കിയ ഇവര്‍ക്ക് രാജസ്ഥാന്‍ റോയല്‍സിന്റെ 11.7 ശതമാനം ഓഹരി ലഭിച്ചു. കത്രീന കെയ്ഫ്,കരീന കൂപൂര്‍, ദീപിക പദുക്കോണ്‍ തുടങ്ങിയവര്‍ വിവിധ ടീമുകളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായും ഗാലറികളെ കോരിത്തരിപ്പിക്കാനെത്തും.

കോടികളുടെ ടീമുകള്‍

ടീം ഫ്രാഞ്ചൈസികളുടെ ഉടമസ്ഥാവകാശം നേടാന്‍ രാജ്യത്തെ പണച്ചാക്കുകള്‍ കോടികളാണ് വാരിയെറിഞ്ഞത്. പത്ത് വര്‍ഷത്തേക്കാണ് കരാര്‍. മുംബൈ ഇന്ത്യന്‍സ് ടീം സ്വന്തമാക്കാന്‍ മുകേഷ് അംബാനി മുടക്കിയത് 111.9 ദശലക്ഷം ഡോളര്‍. ആദ്യ ലേലത്തില്‍ ടീം ഫ്രാഞ്ചൈസിക്ക് വേണ്ടി ഏറ്റവുമധികം പണം മുടക്കിയതും അംബാനി തന്നെ. ബാംഗ്‌ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കാന്‍ മദ്യവ്യവസായി വിജയ് മല്ല്യ ചൊരിഞ്ഞത് 111.6 ദശലക്ഷം ഡോളറായിരുന്നു. പഞ്ചാബ് കിംഗ്‌സ് ഇലവന്‍ 76 ദശലക്ഷം ഡോളറും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 91 ദശലക്ഷം ഡോളറും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 75.09 ദശലക്ഷം ഡോളറും ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് 84 ദശലക്ഷം ഡോളറും ടീം ഫ്രാഞ്ചൈസിക്കായി മുടക്കി. ഹെദരാബാദ് ഡെക്കാന്‍ ചാര്‍ജേഴ്‌സ് മുടക്കിയത് 107 ദശലക്ഷം ഡോളറായിരുന്നു. ലേലത്തില്‍ ഏറ്റവും കുറച്ച് പണമിറക്കിയത് രാജസ്ഥാന്‍ റോയല്‍സ് ആയിരുന്നു; 67 ദശലക്ഷം ഡോളര്‍. 2011ല്‍ നടന്ന ലേലത്തിലൂടെയാണ് സഹാറ ഗ്രൂപ്പ് പൂനെ ടീം സ്വന്തമാക്കിയത്. 370 ദശലക്ഷം ഡോളര്‍.

Tags: Mumbai Indians, Chennai Super Kings, Deccan Chargers, Delhi Daredevils, Kolkata Knight Riders, Pune Warriors India, Rajasthan Royals, Royal Challengers Bangalore, Kings XI Punjab, Michael Bevan , Adam Gilchrist, Punjab Cricket Association Stadium

March 21, 2012

ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുതിയമുഖം

രാഹുല്‍ ദ്രാവിഡ് പാഡഴിച്ചു കഴിഞ്ഞു. വി വി എസ് ലക്ഷ്മണും സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഏറെ താമസിയാതെ ദ്രാവിഡിന്റെ വഴിയെ ഓര്‍മകളിലേക്ക് പിന്‍വാങ്ങും. രണ്ടുപതിറ്റാണ്ടോളം ഇന്ത്യന്‍ ബാറ്റിംഗിന്റെ നെടുന്തൂണുകളായിരുന്നു ഇവര്‍. കളിമികവുകൊണ്ടും അച്ചടക്കംകൊണ്ടും ക്രിക്കറ്റിന്റെ മറുപുറം കണ്ടവര്‍. ഓര്‍മകളിലേക്ക് ഇവരുടെ അനുപമായ ഇന്നിംഗ്‌സുകള്‍ മനോഹരമായ കവര്‍ഡ്രൈവ് പോലെ ഒഴുകിയെത്തുമ്പോള്‍ ഒരു ചോദ്യം ഉയരുന്നു. മഹാരഥന്‍മാരായ ദ്രാവിഡിനും ലക്ഷ്മണിനും സച്ചിനും പിന്‍ഗാമികളുണ്ടാവുമോ?. 

ഈ ചോദ്യത്തിനുളള ഉത്തരമാണ് 23 കാരനായ വിരാട് കോലിയെന്ന ഡല്‍ഹിക്കാരന്‍. 
പാകിസ്ഥാനെതിരെയുളള ഒരൊറ്റ ഇന്നിംഗ്‌സോടെ വിരാട് കോലി വീരപുരുഷനായി കഴിഞ്ഞു. 183 റണ്‍സോടെ വിജയശില്‍പി ആയി എന്നത് മാത്രമല്ല കോലിയുടെ ഇന്നിംഗ്‌സിന്റെ സവിശേഷത. കളിക്കളത്തില്‍ മാത്രമല്ല, മനസ്സിലും ഹൃദയത്തിലും പോരാട്ടം നടക്കുന്ന, പാകിസ്ഥാനെതിരെയുളള മത്സരത്തില്‍ രണ്ടാമത് ബാറ്റ് ചെയ്ത് 183 റണ്‍സ് നേടിയെന്നതാണ് ഏറ്റവും പ്രധാനം. ഏഷ്യാകപ്പില്‍ കോലിയുടെ രണ്ടാമത്തെ സെഞ്ച്വറിയാണിത്. നാല് മത്സരത്തിനിടെ മൂന്നാമത്തെ സെഞ്ച്വറിയും. ഏകദിനത്തിലെ പതിനൊന്നാമത്തെ സെഞ്ച്വറിയാണ് കോലി പാകിസ്ഥാനെതിരെ സ്വന്തം പേരിനൊപ്പമാക്കിയത്.
പാകിസ്ഥാനെതിരെ 148 പന്തുകള്‍ നേരിട്ടാണ് കോലി 183 റണ്‍സുമായി ഇന്ത്യയെ രക്ഷിച്ചത് (330 റണ്‍സായിരുന്നു ഇന്ത്യയുടെ ലക്ഷ്യം). 85 മത്സരങ്ങളുടെ അനുഭവസമ്പത്തുളള കളിക്കാരനില്‍ നിന്നുളള ഇന്നിംഗ്‌സായിരുന്നില്ല അത്. നിശ്ചയദാര്‍ഢ്യത്തോടെ ലക്ഷ്യം കാണുംവരെയുളള പോരാട്ടമായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്. ഈ മികവ് തന്നെയാണ് കോലിയുടെ റെക്കോര്‍ഡ് ബുക്കിനെയും തിളക്കമുളളതാക്കുന്നത്. 85 ഏകദിനങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ 3590 റണ്‍സ് കോലിയുടെ പേരിനൊപ്പമായി. ശരാശരി: 50.56 റണ്‍സ്. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ പത്ത് സെഞ്ച്വറി നേടുന്ന ബാറ്റ്‌സാമാന്‍ എന്ന റെക്കോര്‍ഡും കോലി സ്വന്തമാക്കിക്കഴിഞ്ഞു.
1988 നവംബര്‍ അഞ്ചിന് ജനിച്ച വിരാട് കോലി, വെസ്റ്റ് ഡല്‍ഹി ക്രിക്കറ്റ് അക്കാഡമിയിലൂടെയാണ് കളിക്കളത്തിലെത്തുന്നത്. 2006 നവംബര്‍ 23ന് തമിഴ്‌നാടിനെതിരെ രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം. പത്ത് റണ്‍സായിരുന്നു ആദ്യ ഇന്നിംഗ്‌സിലെ സമ്പാദ്യം. രണ്ടുവര്‍ഷത്തിനിപ്പുറം കര്‍ണാടകയ്‌ക്കെതിരെയുളള മത്സരത്തിലെ പ്രകടനമാണ് കോലിയെ വാര്‍ത്തകളില്‍ നിറച്ചത്. അച്ഛന്റെ മരണവാര്‍ത്തകേട്ട് ക്രീസിലിറങ്ങിയ കോലി നേടിയത് 90 റണ്‍സ്. നിര്‍ണായക മത്സരത്തില്‍ നിര്‍ണായക ഇന്നിംഗ്‌സ് പുറത്തെടുത്ത കോലിയെ പ്രതിബദ്ധതയുടെ പ്രതിരൂപം എന്നാണ് ഡല്‍ഹി ക്യാപ്റ്റന്‍ മിഥുന്‍ മനാസ് അന്ന് വിശേഷിപ്പിച്ചത്.
രഞ്ജി ട്രോഫിയിലെ മികവ് കോലിയെ ഇന്ത്യന്‍ ജൂനിയര്‍ ടീമിലെത്തിച്ചു. 2008ല്‍ മലേഷ്യയില്‍ നടന്ന അണ്ടര്‍19 ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കി. നാലാമനായി ലോകകപ്പില്‍ ബാറ്റ്വീശിയ കോലി നേടിയത് 235 റണ്‍സ്. ആറു വിക്കറ്റും കോലിയുടെ നേട്ടത്തില്‍ ഉണ്ടായിരുന്നു. തൊട്ടടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന എമേര്‍ജിംഗ് പ്ലയേഴ്‌സ് 398 റണ്‍സെടുത്ത് ടോപ് സ്‌കോററായതോടെ ( ഏഴ് മത്സരം, രണ്ട് സെഞ്ച്വറി, രണ്ട് അര്‍ധസെഞ്ച്വറി) കോലി ടീം ഇന്ത്യയുടെ പടിവാതില്‍ക്കലെത്തി. താമസിയാതെ ഏകദിന ടീമിലേക്കുളള വിളിയും വന്നു. 
ശ്രീലങ്കയ്‌ക്കെതിരെ ഓപ്പണറായി അരങ്ങേറ്റം(12 റണ്‍സ്). നാലാം കളിയില്‍ തന്നെ അര്‍ധസെഞ്ച്വറി(54) നേടി പ്രതിഭയുടെ മാറ്ററിയിച്ചു. പിന്നീട് പകരക്കാരന്റെ വേഷത്തില്‍ മാറിമാറിയെത്തിയ കോലി 2009 അവസാനത്തോടെ സ്ഥിരാംഗമായി മാറി. ശേഷം ചരിത്രം.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 20ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ ആയിരുന്നു ടെസ്റ്റിലെ അരങ്ങേറ്റം. പിന്നീട് ഏഴു ടെസ്റ്റുകളില്‍കൂടി മധ്യനിരയിലെത്തി. ആകെ 491 റണ്‍സ്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറികളും. തോറ്റമ്പിയ ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍നിന്ന് തലയുയര്‍ത്തി മടങ്ങിയത് കോലി മാത്രമായിരുന്നു. ഈ മികവിനുളള അംഗീകാരമായി ഉപനായകന്റെ ചുമതലയും സെലക്ടര്‍മാര്‍ കോലിക്ക് നല്‍കി. ധോണിയുടെ പിന്‍ഗാമി ആരെന്ന് സംശയമില്ലാതെ അറിയിക്കുക കൂടിയായിരുന്നു കൃഷ്മാചാരി ശ്രീകാന്തും സംഘവും.
കാലം കാത്തിരിക്കുകയാണ് കോലിയുടെ മനോഹര ഇന്നിംഗ്‌സുകള്‍ക്കായി, ആരാധകരും.

Resistance Bands, Free Blogger Templates