December 10, 2010

ടിന്റു തോറ്റു, ഉഷയും

ലോകകപ്പ് ഫുട്ബോള്‍ ഫൈനലിന്റെ അതേ ആവേശത്തോടെയാണ് മലയാളികള്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതകളുടെ 800 മീറ്റര്‍ ഫൈനലിനായി കാത്തിരുന്നത്. ഒരുപക്ഷേ അതിനേക്കാള്‍ ആകാംക്ഷയോടെ. ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ പര്യായമായ ഒളിംപ്യന്‍ പി ടി ഉഷയുടെ ശിഷ്യ, ടിന്റു ലൂക്ക മത്സരിക്കുന്നതായിരുന്നു ആകാംക്ഷയ്‌ക്ക് കാരണം. ടിന്റുവിന്റെ സമീപകാല പ്രകടനവും ഉഷയുടെ വാക്കുകളും നല്‍കിയ പ്രതീക്ഷകളാണ് ആകാംക്ഷയിലേക്ക് നയിച്ചത്. ഒപ്പം സ്വന്തം നാട്ടിലെ പെണ്‍കുട്ടി സ്വര്‍ണത്തിളക്കത്തിലേക്ക് ഓടിയെത്തുന്നത് കാണുന്നതിലുളള അഭിമാനവും.

പക്ഷേ, എല്ലാം വെറുതെയായി. തുടക്കത്തിലെ ആവേശം പുറത്തെടുത്ത് ടിന്റു ഏറ്റവും അവസാന സ്ഥാനക്കാരിയായാണ് ഫിനിഷ്‌ ചെയ്‌തത്. ലണ്ടന്‍ ഒളിംപിക്‌സ് ലക്ഷ്യമിട്ട് പരിശീലനം നടത്തിയിരുന്ന ടിന്റുവിന്റെ ഡ്രസ് റിഹേഴ്‌സലായിരുന്നു കോമണ്‍വെല്‍ത്ത് ഗെയിംസ്. കാലാവസ്ഥ, കാണികള്‍ തുടങ്ങി ഇന്ത്യയില്‍ മത്സരിക്കുന്നതിന്റെ ആനുകൂല്യങ്ങള്‍ ഏറെയായിരുന്നു. ഇതിനുപുറമെ ലോകചാമ്പ്യന്‍ കാസ്‌റ്റര്‍ സെമാന്യ പിന്‍മാറിയത് നല്‍കിയ മുന്‍തൂക്കം. എന്നിട്ടും ടിന്റുവിന് പിഴച്ചു. നല്ല ഒന്നാന്തരം പിഴ. പിഴച്ചത് ടിന്റുവിനാണോ അതോ കോച്ച് സാക്ഷാല്‍ ഉഷയ്‌ക്കോ?.

ഒരൊറ്റമത്സരത്തില്‍ തോറ്റതുകൊണ്ട് ടിന്റുവിനെയോ ഉഷയെയോ എഴുതിത്തളളാനോ അവരുടെ ഇതുവരെയുളള പ്രകടനം വിസ്‌മരിക്കാനോ അല്ല ഈ ചോദ്യം. ലണ്ടന്‍ ഒളിംപിക്‌സ് ലക്ഷ്യമിട്ട് പരശീലിക്കുന്ന ഒരത്‌ലറ്റിന്റെ ഭാവിയിലേക്ക് വിരല്‍ ചൂണ്ടാന്‍ മാത്രമാണിത്. ക്രോയേഷ്യയില്‍ നടന്ന ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ 800 മീറ്ററിലെ ദേശീയ റെക്കോര്‍ഡ് തകര്‍ത്താണ് ടിന്റു ഡല്‍ഹിയിലെത്തിയത്. 1.59:17 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് 21കാരിയായ ടിന്റു ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചത്. ടിന്റുവിന്റെ കുതിപ്പിന് മുന്നില്‍ വഴിമാറിയത് 15 വര്‍ഷം മുന്‍പ് ഷൈനി വില്‍സണ്‍ സ്ഥാപിച്ച 1.59:85 സെക്കന്‍ഡിന്റെ റെക്കോര്‍ഡും. ഹീറ്റ്‌സില്‍ ഒന്നാമതെത്തിയാണ് ടിന്റു ഫൈനലിന് യോഗ്യതനേടിയത്.

ഫൈനലില്‍ വെടിമുഴങ്ങിയപ്പോള്‍ മുതല്‍ ആദ്യ 600 മീറ്റര്‍വരെ ടിന്റു മാത്രമായിരുന്നു മുന്നില്‍. മുന്നില്‍ എന്നുപറഞ്ഞാല്‍ വളരെ മുന്നില്‍. 1.27:52 സെക്കന്‍ഡിലാണ് ടിന്റു 600 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. 1.31: 50 സെക്കന്‍ഡാണ് ഇതിനുമുന്‍പ് ടിന്റു 600മീറ്റര്‍ പൂര്‍ത്തിയാക്കിയ മികച്ച സമയം. പക്ഷേ രണ്ടാം ലാപ്പിലെ മൂന്നാം വളവിന് മുന്‍പ് കെനിയന്‍താരം നാന്‍സി ലാംഗറ്റ് ടിന്റുവിനെ പിന്നിലാക്കി. തുടര്‍ന്ന് 40 മീറ്ററോളം രണ്ടാം സ്ഥാനത്തായി ടിന്റു. അവസാന 50 മീറ്റര്‍ ആയപ്പോഴേക്കും ടിന്റു തളര്‍ന്നു. എതിരാളികള്‍ ഒന്നൊന്നായി ടിന്റുവിന് മുന്നില്‍ ഫിനിഷ് ചെയ്യുകയും ചെയ്‌തു. അവസാന 10 മീറ്റര്‍വരെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കെനിയയുടെ വിന്നി ചെബെറ്റ് ഇടറിവീണതൊഴിച്ചാല്‍ ടിന്റുവിന് പിന്നില്‍ മത്സരിക്കാന്‍​ആരുമുണ്ടായിരുന്നില്ല.

ഇവിടെയാണ് പിഴച്ചത് ഉഷയ്‌ക്കാണോ എന്ന സംശയം ഉയരുന്നത്. സംസ്ഥാന സ്‌കൂള്‍ മീറ്റിലല്ല ഓടുന്നതെന്ന ബോധ്യം പോലുമില്ലാത്തവിധമാണ് ടിന്റു മത്സരിച്ചത്. ഉഷയെപ്പോലെ പരിചയസമ്പന്നയായ പരിശീലകയുടെ ശിക്ഷണത്തിന്റെ മിന്നലാട്ടംപോലും ടിന്റുവിന്റെ പന്തയത്തില്‍ കണ്ടില്ല. 800 മീറ്റര്‍ തന്ത്രപരമായി ഓടിത്തീര്‍ക്കേണ്ട ഇനമാണ്. എന്നാല്‍ ടിന്റുവില്‍ ഒരുതന്ത്രവും കണ്ടില്ലെന്ന് മാത്രമല്ല. എതിരാളികള്‍ക്ക് ജയിക്കാന്‍​അവസരമൊരുക്കുകയും ചെയ്‌തു. ഫിനിഷിംഗില്‍ സ്‌പ്രിന്റ് ചെയ്യാനുളള ഊര്‍ജം ടിന്റുവിനില്ലായിരുന്നു. എതിരാളികള്‍ക്ക് സ്‌പ്രിന്റ് ചെയ്യാനും കഴിഞ്ഞു. പരിശീലത്തിലെ പോരായ്‌മയാണ് ടിന്റുവിന് മെഡല്‍ നഷ്‌ടമാക്കിയതെന്ന് പകല്‍പോലെ വ്യക്തമാക്കുന്ന ഒന്നായിരുന്നു ഇത്.
പ്രമുഖ അത്‌ലറ്റിക് പരിശീലകരും ഇത് ശരിവയ്‌ക്കുന്നു.

ശാരീരികക്ഷമതയും എതിരാളികളുടെ കരുത്തും നോക്കിയാണ് ഏതൊരുതാരവും മത്സരത്തിനിറങ്ങുക. അതിന് അനുസരിച്ചാണ് പന്തയം സെറ്റ് ചെയ്യുക. വലിയ മത്സരങ്ങളില്‍ ആദ്യരണ്ട് സ്ഥാനക്കാര്‍ക്കൊപ്പത്തിനൊപ്പം നിന്ന് അവസാനം കുതിക്കുന്ന രീതിയാണ് ടിന്റുവിന് നല്ലതെന്ന് കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്‍പ് ഒരു പ്രമുഖകോച്ച് നിര്‍ദേശിച്ചിരുന്നു. പക്ഷേ ടിന്റവും ഉഷയും ഇത് ചെവിക്കൊണ്ടില്ല. മറ്റ്മത്സരാര്‍ഥികള്‍ ഇതേതന്ത്രമാണ് പയറ്റിയതെന്നുകൂടി അറിയുക. അതോടെ ടിന്റു ഏറ്റവും അവസാന സ്ഥാനക്കാരിയെന്ന നാണക്കേട് ഏറ്റുവാങ്ങേണ്ടിവന്നു. ടിന്റു 2.01.25 സെക്കന്‍ഡിലാണ് 800 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. ഒന്നാം സ്ഥാനത്തെത്തിയ നാന്‍സി 2.00.01 സെക്കന്‍ഡിലും. ദേശീയ റെക്കോര്‍ഡിന്റെ അടുത്തെത്തുന്ന പ്രകടനം ആവര്‍ത്തിച്ചിരുന്നെങ്കില്‍പ്പോലും ടിന്റുവിന് സ്വര്‍ണം നേടാമായിരുന്നു. മില്‍ഖാ സിംഗിനു ശേഷം ട്രാക്കില്‍ നിന്ന് സ്വര്‍ണം നേടുന്ന ആദ്യതാരമെന്ന ബഹുമതിയും സ്വന്തമാവുമായിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല.

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉഷയുടെ മറ്റൊരുവാദംകൂടിയാണ് പൊളിക്കുന്നത്. മികച്ച എതിരാളികളില്ലായിരുന്നു. പുറകില്‍നിന്ന് സമ്മര്‍ദം ചെലുത്താന്‍​ആളുണ്ടായിരുന്നെങ്കില്‍ മികച്ച സമയം വന്നേനെ...സംസ്ഥാന-ദേശീയ മത്സരങ്ങള്‍ കഴിയുമ്പോള്‍ ഉഷയുടെ പതിവ് മറുപടിയായിരുന്നു ഇത്. ഇത്തവണ പുഷ്‌ ചെയ്യാന്‍ പുറകില്‍ അഞ്ചുപേരുണ്ടായിട്ടും ഇന്ത്യക്കാരൊന്നും കണ്ടില്ല, ഒന്നാംക്ലാസായി ഓടിത്തോല്‍ക്കുന്നതല്ലാതെ. ആറുവര്‍ഷത്തിനിടെ ഈ ലേഖകന്‍ കണ്ട പന്തയങ്ങളിലെല്ലാം, എപ്പോഴെങ്കിലും രണ്ടാം സ്ഥാനത്തായിട്ടുണ്ടെങ്കില്‍ ടിന്റു മത്സരിച്ച് കയറി വരുന്നതുകണ്ടിട്ടില്ല. ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ മത്സരിക്കുമ്പോള്‍ തുടക്കത്തിലേ ലീഡെടുത്ത് കുതിക്കുന്നത് പ്രായോഗികമാണ്, എം ആര്‍ പൂവമ്മയെപോലുളളവര്‍ തിരിച്ചടി നല്‍കിയിട്ടുണ്ടെങ്കിലും. ഇതേ തന്ത്രം നന്നായി ഓടാനറിയുന്ന വിദേശതാരങ്ങളുടെ അടുത്ത് പയറ്റുമ്പോള്‍ കളിമാറും. അതാണ് കോമണ്‍വെല്‍ത്തിലും കണ്ടത്. ആദ്യലാപ്പിലെ അമിതവേഗമാണ് ടിന്റുവിന് തിരിച്ചടിയായതെന്നാണ് ഉഷയുടെ വിലയിരുത്തല്‍. എന്നാല്‍​ഈ അമിതവേഗതയ്‌ക്ക് ഉഷതന്നെയാണ് കുറ്റക്കാരി. ഓരോ 50 മീറ്ററിലും പൂര്‍ത്തിയാക്കേണ്ട സമയംപോലും മുന്‍കൂട്ടി നിശ്ചയിച്ചാണ് അത്‌ലറ്റുകളിറങ്ങുന്നത്.​ ഇത് നിര്‍ണയിക്കുന്നതാവട്ടെ പരിശീലകരും. അപ്പോള്‍ ഉഷയുടെ നിര്‍ദേശങ്ങള്‍ എവിടെയോ പിഴച്ചിരിക്കുന്നു.

ഒഴികഴിവുകള്‍ പറയാതെ തെറ്റുകള്‍ തിരുത്താനാണ് ടിന്റുവും ഉഷയും നോക്കേണ്ടത്. എങ്കിലേ 1984ലെ ലോസാഞ്ചലസ് ഒളിംപിക്‌സില്‍ സെക്കന്‍ഡിന്റെ നൂറിലൊരു അംശത്തില്‍ നഷ്‌ടമായ മെഡല്‍ ഇന്ത്യക്ക് തിരിച്ചുപിടിക്കാനാവൂ. കഴിഞ്ഞതെല്ലാം മറന്ന് ആ അസുലഭ നിമിഷത്തിനായി കാത്തിരിക്കാം.

May 12, 2010

ആനന്ദ്; ദ കിംഗ്

അതെ, ലോക ചെസിന്റെ നാഥന്‍ ആനന്ദ് തന്നെ. തുടര്‍ച്ചയായ മൂന്നാം ലോകകിരീടത്തോടെ ചെസിലെ ചക്രവര്‍ത്തി താന്‍തന്നെയെന്ന് അടിവരയിടുകയായിരുന്നു വിശ്വനാഥന്‍ ആനന്ദ്. ഇതോടെ ലോകചെസ്സിലെ ഇതിഹാസങ്ങള്‍ക്കൊപ്പമോ അവര്‍ക്കും മുകളിലോ എത്തിയിരക്കുന്നു ഇന്ത്യയുടെ അഭിമാനതാരം.

രണ്ടുപതിറ്റാണ്ടുനീണ്ട ജൈത്രയാത്രയില്‍ ഗാരി ഗാസ്‌പറോവിനുപോലും കഴിയാത്ത നേട്ടങ്ങളാണ് ആനന്ദിന്റെ നേട്ടങ്ങളുടെ പട്ടികയിലുളളത്. എല്ലാ ഫോര്‍മാറ്റുകളിലും വ്യത്യസ്ത എതിരാളികളെ മുട്ടുകുത്തിച്ചാണ് ആനന്ദ് ഈ സമാനതകളില്ലാത്തനേട്ടം കൈവശപ്പെടുത്തിയത്. നോക്കൗട്ട്, റൗണ്ട് റോബിന്‍ ലീഗ് ഫോര്‍മാറ്റുകളിലാണ് ആനന്ദിന്റെ അവിസ്‌മരണീയ വിജയങ്ങള്‍. തളരാത്ത, മായംചേര്‍ക്കാത്ത ആത്മസമര്‍പ്പണത്തിനുളള പ്രതിഫലം കൂടിയാണിത്.

ആറാം വയസ്സില്‍ ചെസ്ബോര്‍ഡിന് ജീവിതം സമര്‍പ്പിച്ചു തുടങ്ങിയ ആനന്ദ് ദേശീയ സബ്‌ജൂനിയര്‍ കിരീടം നേടിയാണ് വരവറിയിച്ചത്. 1983-84ലെ ചാമ്പ്യന്‍ഷിപ്പില്‍ ഒന്‍പതില്‍ ഒന്‍പത് പോയിന്റും നേടി റെക്കോര്‍ഡ് വിജയം. അതിനുശേഷം ആനന്ദിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

1984ല്‍ ലോക സബ്‌ജൂനിയര്‍ ചെസില്‍ വെങ്കലം നേടി അന്താരാഷ്‌ട്ര മത്സരരംഗത്ത് തന്റെ പേരടയാളപ്പെടുത്തിയ ആനന്ദ് അതേവര്‍ഷം തന്നെ അണ്ടര്‍ 19 വിഭാഗത്തില്‍ ഏഷ്യന്‍ ചാമ്പ്യനുമായി. പതിനഞ്ചാം വയസ്സില്‍ ഇന്റഞ്ഞനാഷണല്‍ മാസ്റ്ററായി സ്ഥാനക്കയറ്റം. ഈ നേട്ടം കൈവരിക്കുന്ന ആദ്യഏഷ്യക്കാരനാണ് ആനന്ദ്. 1986ല്‍ ദേശീയ ചാമ്പ്യനാവുന്ന ഏറ്റവും പ്രായം കുറഞ്ഞതാരമായി, പതിനാറാം വയസ്സില്‍. തൊട്ടടുത്തവര്‍ഷം ലോകജൂനിയര്‍ കിരീടം നേടുന്ന ആദ്യ ഏഷ്യക്കാരനുമായി ആനന്ദ്.
1987ലായിരുന്നു ആനന്ദിന്റെ കരിയറിലെ ഏറ്റവും തിളക്കമുളള നേട്ടം. ആവര്‍ഷം ആനന്ദ് ഇന്ത്യയിലെ ആദ്യ ഗ്രാന്‍ഡ്‌മാസ്റ്ററായി അവരോധിക്കപ്പെട്ടു.

ഗാരി കാസ്‌പറോവും അനത്തോലി കാര്‍പോവും കത്തിനിന്ന ഇറ്റലിയിലെ റഗ്ഗിയോ എമിലിയ ടൂര്‍ണമെന്റിലെ അട്ടിമറി വിജയം ആനന്ദിനെ പുതിയ ഉയരങ്ങളിലെത്തിച്ചു. 1995ല്‍ പിസിഎ ലോകറാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുമെത്തി. ഇതും ആദ്യമായി ഒരു ഏഷ്യക്കാരന്‍ കൈവരിക്കുന്ന നേട്ടമായിരുന്നു. ചെസ് ചരിത്രത്തിലെ ഏറ്റവും ദുഷ്കര ടൂര്‍ണമെന്റായ ലിനാറസില്‍ ജേതാവായി, 1998ല്‍. അതേസമയം തന്നെ കോറസ് ചെസ് ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ അഞ്ചുകിരീടവും നേടി.

രണ്ടായിരത്തില്‍ ആനന്ദ് കാത്തുകാത്തിരുന്ന ചരിത്രനേട്ടത്തിലെത്തി, ഇന്ത്യയും. അലക്‌സി ഷിറോവിനെ തോല്‍പിച്ച്, ചെസിലെ റഷ്യന്‍ ആധിപത്യത്തിന് അന്ത്യം കുറിച്ച് ആനന്ദ് ലോകചാമ്പ്യനായി. ചെസ് ചരിത്രത്തിലെ പതിനഞ്ചാമത്തെ ലോകചാമ്പ്യന്‍. 2000,2002 വര്‍ഷങ്ങളിലെ ഫിഡെ ലോകചാമ്പ്യനും മറ്റാരുമായിരുന്നില്ല.
അതിവേഗ നീക്കങ്ങളായിരുന്നു ആനന്ദിനെ അപകടകാരിയാക്കിയത്. ഈ മികവ് ലോകത്തിലെ ഏറ്റവുംവേഗതയേറിയ താരമെന്ന ബഹുമതിയും ആനന്ദിന് നേടിക്കൊടുത്തു. പിന്നീട് ഡോര്‍ട്ട്‌മുണ്ട്, മെയിന്‍സ്, വിക് ആന്‍ സീ, ലിയോണ്‍, കോര്‍സിക മാസ്റ്റേഴ്‌സ് കിരീടങ്ങളെല്ലാം ആനന്ദിന്റെ കുത്തകയായി. മെയിന്‍സില്‍ തുടര്‍ച്ചയായി 10 തവണയാണ് ആനന്ദ് ജേതാവായത്. അതിനിടെ ആരുകമ്പ്യൂട്ടറുകള്‍ക്കെതിരെ ഒരേസമയം കളിച്ച് ജയിച്ചു. 2004ല്‍ ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ ടീമിനുവേണ്ടിയും കളിച്ചു.

ചെസ് ഓസ്‌കര്‍ മൂന്നുതവണ നേടിയ ആനന്ദിനെ എണ്ണിയാലൊടുങ്ങാത്ത പുരസ്കാരങ്ങളാണ് തേടിയെത്തിയത്. രാജീവ് ഗാന്ധി ഖേല്‍രത്ന, അര്‍ജുന അവാര്‍ഡ്, പദ്മശ്രീ(ഈ ബഹുമതി നേടുന്ന ഏറ്റവും പ്രായം കുറര്‍ വ്യക്തിയും ആനന്ദാണ്),പദ്മഭൂഷണ്‍, സോവ്യറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡ്...പട്ടികനീളുന്നു.

മത്സരങ്ങള്‍ക്കും പരിശീലനത്തിനുമായി സ്പെയിനില്‍ സ്ഥിരതാമസമാക്കിയ ആനന്ദ് ഒരു പുസ്തകവും രചിച്ചു; മൈ ബെസ്റ്റ് ഗെയിംസ് ഒഫ് ചെസ്. സ്പാനിഷ് സര്‍ക്കാരിന്റെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ജാമിയോ ഡി ഓറോ പുരസ്കാരവും ആനന്ദിനെ തേടിയെത്തി.

March 24, 2010

ഐലീഗില്‍ എഐഎഫ്എഫിന് സ്വന്തം ടീം

തിരുവനന്തപുരം: ഇന്ത്യന്‍ ഫുട്ബോളിന്റെ നിലവാരമുയര്‍ത്താന്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പുതിയ പദ്ധതിക്ക് രൂപം നല്‍കി. ഇതിന്റെഭാഗമായി എഐഎഫ്എഫ് ദേശീയ ലീഗില്‍ സ്വന്തം ടീമിനെ അണിനിരത്തും. 21 വയസ്സില്‍ താഴെയുളള​താരങ്ങളാണ് ടീമിലുണ്ടാവുക. 2018 ലോകകപ്പ് യോഗ്യതാറൗണ്ടിനുളള ഇന്ത്യന്‍ സംഘത്തെ വാര്‍ത്തെടുക്കുകയാണ് ഫുട്ബോള്‍ ഫെഡറേഷന്‍ സ്വന്തം ടീമിലൂടെ ലക്ഷ്യമിടുന്നത്.

ഡല്‍ഹി കേന്ദ്രമാക്കിയാണ് എഐഎഫ്എഫിന്റെ ടീം രൂപീകരിക്കുക. ഇതിനായി 24 യുവതാരങ്ങളുടെ പട്ടിക തയ്യാറാക്കി. ഇതില്‍ ഒരൊറ്റ മലയാളി താരംപോലുമില്ല. വിവിധ ക്ളബുകളില്‍ നിന്നും അക്കാഡമികളില്‍ നിന്നുമാണ് കളിക്കാരെ കണ്ടെത്തിയത്. ഇവരില്‍ പലരും ഏഷ്യന്‍ ഗെയിംസിനുളള ക്യാമ്പിലുളളവരാണ്. ഇവരുമായി നാലുവര്‍ഷ കരാറാണ് എഐഎഫ്എഫിനുണ്ടാവുക. കളിക്കാര്‍ക്ക് രാജ്യാന്തര നിലവാരത്തിലുളള സൗകര്യങ്ങളൊരുക്കുമെന്നാണ് എഐഎഫ്എഫ് പറയുന്നത്.

ഐലീഗ് ടീമുകളുടെ എണ്ണം പതിനാറായി ഉയര്‍ത്താന്‍ തീരുമാനിച്ചതോടെയാണ് എഐഎഫ്എഫ് സ്വന്തം ടീം എന്ന ആശയത്തിലെത്തിയത്. അടുത്ത സീസണോടെ ഫെഡറേഷന്റെ ക്ലബ് യാഥാര്‍ഥ്യമാവും. ഫിഫയുടെയും എഎഫ് സിയുടെയും മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ടീം പ്രവര്‍ത്തിക്കുക. നിലവില്‍ ഇന്ത്യന്‍ ഫുട്ബോളില്‍ ലഭിക്കുന്ന നിരക്കിലെ പ്രതിഫലം താരങ്ങള്‍ക്ക് നല്‍കും. 2010 ലോകകപ്പ് യോഗ്യതാ റൗണ്ടിനുളള ഇന്ത്യന്‍ടീമിലേക്ക് ചുരുങ്ങിയത് 10 താരങ്ങളെയെങ്കിലും സംഭാവന ചെയ്യുകയെന്നതാണ് ടീമിലൂടെ എഐഎഫ്എഫ് ഉദ്ദേശിക്കുന്നത്.

മഹീന്ദ്ര യുണൈറ്റഡ്, ഈസ്റ്റ് ബംഗാള്‍, സാല്‍ഗോക്കര്‍, പൂനെ എഫ് സി, ഡെംബോ ഗോവ, ചര്‍ച്ചില്‍ ബ്രദേഴ്സ്, ചിരാഗ് യുണൈറ്റഡ് എന്നീ ക്ലബുകളില്‍ നിന്നും ടാറ്റ ഫുട്ബോള്‍ അക്കാഡമിയില്‍ നിന്നുമാണ് പ്രധാനമായും കളിക്കാരെ തിരഞ്ഞെടുത്തിരിക്കുന്നത്. ഒരു ക്ലബിലും ഇല്ലാത്ത നാലുതാരങ്ങളും 24 അംഗ പ്രാഥമിക ടീമിലുണ്ട്.

അതേസമയം എഐഎഫ്എഫിന്റെ തീരുമാനം ക്ലബുകള്‍ക്ക് തിരിച്ചടിയാവും. ദേശീയ ക്യാമ്പിലെ 30 കളിക്കാരെ ഏഴുമാസത്തേക്ക് ക്ലബുകള്‍ക്ക് വിട്ടുനല്‍കില്ലെന്ന് ദേശീയകോച്ച് ബോബ് ഹൂട്ടന്‍ വ്യക്തമാക്കിക്കഴിഞ്ഞു. 2011 ഏഷ്യാകപ്പിനുളള ടീമിനെ സജ്ജമാക്കാനാണ് ഹൂട്ടന്റെ ഈ തീരുമാനം. ഇവര്‍ക്കൊപ്പം 24 കളിക്കാരെക്കൂടി സ്വന്തമാക്കുന്നതോടെ ക്ളബുകള്‍ എഐഎഫ്എഫിന്റെ ടീമിനെ ശക്തമായി എതിര്‍ക്കുമെന്നാണ് കരുതുന്നത്.

February 28, 2010

കാലം കാത്തിരുന്നു, സച്ചിനു വേണ്ടി...


അതെ, കാലം കാത്തിരിക്കുകയായിരുന്നു, 2010 ഫെബ്രുവരി 24 വരെ. ക്രിക്കറ്റ് കാത്തിരിക്കുകയായിരുന്നു, സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കര്‍ എന്ന അഞ്ചടി അഞ്ചിഞ്ചുകാരന്റെ ഈയൊരു ഇന്നിംഗ്സിനായി. ഒടുവില്‍ ചരിത്രങ്ങളേറെ പറയാനുളള ഗ്വാളിയോറില്‍ അതു സംഭവിച്ചു. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഇരട്ടസെഞ്ച്വറിയെന്ന സമാനതകളില്ലാത്ത നേട്ടം. റെക്കോര്‍ഡുകളില്‍ നിന്ന് റെക്കോര്‍ഡുകളിലേക്ക് ബാറ്റുവീശുന്ന ബാറ്റിംഗ് ദൈവത്തിന്റെ പേരിനൊപ്പം മറ്റൊരു പൊന്‍തിളക്കം കൂടി. പറഞ്ഞുപഴകിയിട്ടും ലോകമെമ്പാടുമുളള ക്രിക്കറ്റ് പ്രേമികള്‍ ആവര്‍ത്തിക്കുകയാണ്...ദൈവത്തിന് തുല്യം ദൈവം മാത്രം; സച്ചിന് തുല്യന്‍ സച്ചിന്‍ മാത്രവും.

1971 ജനുവരി അഞ്ചിന് ഏകദിന ക്രിക്കറ്റ് ആരംഭിക്കുമ്പോള്‍ വ്യക്തിഗത സ്കോര്‍ 200 കടക്കുമെന്ന് ആരും സ്വപ്നംപോലും കണ്ടിരുന്നില്ല. കാലവും കളിയും കളിക്കാരും മാറിയതോടെ എപ്പോഴും സംഭവിച്ചേക്കാവുന്ന മഹാത്ഭുതമായിരുന്നു ഏകദിനത്തിലെ ഇരട്ടസെഞ്ച്വറി. സയീദ് അന്‍വറും(194), ചാള്‍സ് കവണ്‍ട്രിയും(194*)വിവിയന്‍ റിച്ചാര്‍ഡ്സും(189*) സനത് ജയസൂര്യയുമെല്ലാം (189) ഈ സ്വപ്നനേട്ടത്തിനരികെ വീണത് സച്ചിനുവേണ്ടിയായിരുന്നു. ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസത്തിനുവേണ്ടി മാത്രം. അല്ലെങ്കില്‍ കവണ്‍ട്രി 194ല്‍ ബാറ്റുചെയ്യവേ അന്‍പതാം ഓവര്‍ പൂര്‍ത്തിയാവില്ലായിരുന്നു. അന്‍വറും ജയസൂര്യയും ചരിത്രത്തിന്റെ പടിവാതില്‍ക്കല്‍ ഇടറി വീഴില്ലായിരുന്നു. ചിലത് അങ്ങനെയാണ്. അതിനായി വിധിക്കപ്പെട്ടവര്‍ക്കേ ലക്ഷ്യത്തിലെത്താനാവൂ. ആരെങ്കിലും ഏകദിനത്തില്‍ 200ലെത്തിയാല്‍ , അത് ആഡം ഗില്‍ക്രിസ്റ്റോ വീരേന്ദര്‍ സെവാഗോ ആയിരിക്കുമെന്നാണ് ക്രിക്കറ്റ് പണ്ഡിതന്‍മാര്‍ ജാതകം കുറിച്ചത്. എന്നാല്‍ , മുപ്പത്തിയാറാം വയസ്സിലും ഇരുപതുകാരന്റെ ചുറുചുറുക്കോടെ ബാറ്റുവീശിയ സച്ചിന്‍ , ഓപ്പണറായെത്തി ഇരട്ടസെഞ്ച്വറിയുടെ തിളക്കത്തില്‍ അപരാജിതനായി മടങ്ങിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ക്രിക്കറ്റ്ചരിത്രം ആ മഹാപ്രതിഭയ്ക്ക് മുന്നില്‍ തലകുനിക്കുകയായിരുന്നു.

39 വര്‍ഷത്തെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിനൊപ്പം സച്ചിനും തന്റെ നാനൂറ്റിനാല്‍പ്പത്തിരണ്ടാം ഏകദിനംവരെ കാത്തിരിക്കേണ്ടിവന്നു ഇരട്ടശതകത്തിന്റെ നിറവിലെത്താന്‍.ഡെയ്ല്‍ സ്റ്റെയിന്റെ നേതൃത്വത്തിലുളള ബൗളര്‍മാര്‍ക്കുമേല്‍ പടര്‍ന്നുകയറിയ സച്ചിന്‍ നേരിട്ട നൂറ്റിനാല്‍പ്പത്തിയേഴാം പന്തിലാണ് 200 റണ്‍സെന്ന കാലംകാത്തിരുന്ന കടമ്പകടന്നത്. അതിനിടെ സച്ചിന്റെ വില്ലോയില്‍നിന്ന് 25 ബൗണ്ടറികളും മൂന്നു സിക്സറുകളും അതിര്‍ത്തിവരയ്ക്കപ്പുറത്തേക്ക് ചീറിപ്പാഞ്ഞിരുന്നു. കണക്കുപുസ്തകത്തിന്റെ കളിയായ ക്രിക്കറ്റില്‍ സച്ചിന് മുന്നിലിപ്പോള്‍ തലകുനിക്കാതെ നില്‍ക്കുന്നത് ഒരൊറ്റ റെക്കോര്‍ഡ് മാത്രം. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്നവ്യക്തിഗത സ്കോറായ സാക്ഷാല്‍ ബ്രയന്‍ ചാള്‍സ് ലാറുയടെ പേരിലുളള 400 റണ്‍സിന്റെ റെക്കോര്‍ഡ്. ഇംഗ്ലണ്ടിനെതിരെ ആറുവര്‍ഷം മുന്‍പാണ് ലാറ പുറത്താവാതെ 400 റണ്‍സെടുത്ത് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോറിനുടമയായത്.

കുറച്ചുകാലം മുന്‍പ് സച്ചിന്‍ പരിക്കിന്റെ പിടിയിലായപ്പോള്‍, ഫോം അകന്നുനിന്നപ്പോള്‍ ചില ക്രിക്കറ്റ് വിദഗ്ധര്‍ പറഞ്ഞു... റിക്കി പോണ്ടിംഗ് റെക്കോര്‍ഡുകളുടെ അധിപനാവുമെന്ന്. എന്നാല്‍ തുടക്കക്കാരന്റെ ആവേശത്തോടെ ജീവിക്കുന്ന ബ്രാഡ്മാന്‍ ഈ സീസണില്‍ മാത്രം അടിച്ചുകൂട്ടിയത് പത്ത് സെഞ്ച്വറികളാണ്. ടെസ്റ്റില്‍ ബ്രാഡ്മാന്റെ 99.94 എന്ന ബാറ്റിംഗ് ശരാശരിക്ക് ഏറെ അകലെയാണെങ്കിലും. കഴിഞ്ഞ 12 മാസത്തിനിടെ ടെസ്റ്റില്‍ 78.3ഉം ഏകദിനത്തില്‍ 72.37മാണ് സച്ചിന്റെ ശരാശരി. 10 ടെസ്റ്റില്‍ നിന്ന് ആറ് സെഞ്ച്വറികളും ഏകദിനത്തില്‍ നാലു സെഞ്ച്വറികളുമാണ് ലിറ്റില്‍മാസ്റ്റര്‍ സ്കോര്‍ ചെയ്തത്.

കണക്കുകളില്‍ സച്ചിന്‍ എന്നും ഒന്നാമനാണ്. 442 ഏകദിനങ്ങളില്‍ നിന്ന് 17598 റണ്‍സ്(46 സെഞ്ച്വറികള്‍) 166 ടെസ്റ്റുകളില്‍ നിന്ന് 13447 റണ്‍സുമാണ് (47 സെഞ്ച്വറികള്‍)സച്ചിന്‍ പേരിനൊപ്പമാക്കിയത്. പിന്നിലുളള ജയസൂര്യക്ക് 13428 റണ്‍സും(ഏകദിനം) ലാറയ്ക്ക് 11953(ടെസ്റ്റ്) റണ്‍സുമാണുളളത്. രണ്ട് വിഭാഗത്തിലും പോണ്ടിംഗാണ് മൂന്നാമന്‍. ഏകദിനത്തില്‍ 12731റണ്‍സും 11859 റണ്‍സുമാണ് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്റെ സമ്പാദ്യം. സെഞ്ച്വറികളിലും സച്ചിന്‍ ഏറെ മുന്നില്‍ത്തന്നെ.

രാജ്യാന്തരക്രിക്കറ്റില്‍ ഇരുപതാണ്ട് പിന്നിട്ടിട്ടും ബാറ്റിംഗിനോടുളള ഒടുങ്ങാത്ത അഭിനിവേശമാണ് സച്ചിനെ മറ്റുളളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. 1974 ഏപ്രില്‍ 24ന് മുംബയില്‍ ജനിച്ച സച്ചിന്‍ ശാരദാശ്രമം സ്കൂളില്‍ ബാറ്റുവീശിയ അതേ ആവേശത്തിലാണ് ഇന്നും ക്രീസിലെത്തുന്നത്.മാറുന്ന കാലത്തിനും തത്രങ്ങള്‍ക്കുമനുസരിച്ച് സ്വയം നവീകരിക്കുന്നതിലൂടെ സച്ചിന്‍ കമ്പ്യൂട്ടര്‍ബുദ്ധിയെ അതീജീവിക്കുന്നു. അതിലൂടെ പുതിയഷോട്ടുകള്‍ ജനിക്കുന്നു. പാഡ്ല്‍ സ്വീപ്പും അപ്പര്‍കട്ടുമെല്ലാം ഈ അതിജീവനത്തിന്റെ ഉല്‍പന്നങ്ങളാണ്. കണക്കുകള്‍ക്കപ്പുറം വരുംകാല ക്രിക്കറ്റിനുനുളള സച്ചിന്റെ സംഭാവന. ഇതുതന്നെയാണ് ഒരു ജീനിയസിന്റെ ജീവിതവും. അതെ നമ്മള്‍ ഭാഗ്യവാന്‍മാരാണ്. സച്ചിന്റെ കാലത്ത് ജീവിക്കാന്‍ കഴിഞ്ഞുവെന്ന ഭാഗ്യമാന്‍മാര്‍.

February 19, 2010

ഹര്‍ഭജന്റെ ഏദന്‍തോട്ടം; ലക്ഷ്മണിന്റെയും

കൊല്‍ക്കത്ത: ഒന്നാം ടെസ്റ്റിലെ ഇന്നിംഗ്സ് തോല്‍വിയോടെ കൊല്‍ക്കത്തയിലെത്തിയ ടീം ഇന്ത്യ ഒരൊറ്റവ്യക്തിയെയാണ് ഉറ്റുനോക്കിയത്,ആരാധകരും. ടര്‍ബണേറ്റര്‍ എന്ന ഹര്‍ഭജന്‍ സിംഗിനെ. കാരണം ഈഡന്‍സ് ഗാര്‍ഡന്‍സും ഹര്‍ഭജനും തമ്മിലുളള ബന്ധം അത്രമേല്‍ പ്രതീക്ഷയാണ് അവര്‍ക്ക് നല്‍കിയത്. ഭാജി പ്രതീക്ഷ തെറ്റിച്ചില്ല. എട്ടുവിക്കറ്റുമായി ഹര്‍ഭജന്‍ ഇന്ത്യയുടെ വിജയനക്ഷത്രമാവുകയും ചെയ്തു.

രണ്ടാം ഇന്നിംഗ്സില്‍ അഞ്ചും ഒന്നാം ഇന്നിംഗ്സില്‍ മൂന്നും വിക്കറ്റുകളാണ് ഭാജി വീഴ്ത്തിയത്. ഇതോടെ ഈഡന്‍സ് ഗാര്‍ഡസില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ ബൗളറുമായി ഹര്‍ഭജന്‍. ഈഡനില്‍ ഹര്‍ഭജനിപ്പോള്‍ 46 വിക്കറ്റായി. 40 വിക്കറ്റ് വീഴ്ത്തിയ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ളെയെയാണ് ഹര്‍ഭജന്‍ മറികടന്നത്. ഇതിനേക്കാളുമൊക്കെ വലുതായിരുന്നു രണ്ടാം ഇന്നിംഗ്സില്‍ ഹര്‍ഭജന്‍ വീഴ്ത്തിയ ആല്‍ബി മോര്‍ക്കലിന്റെ വിക്കറ്റ്. അക്ഷരാര്‍ഥത്തില്‍ മില്യണ്‍ ഡോളര്‍ വിക്കറ്റ്. ഇതോടെ ഇന്ത്യ പരമ്പര സമനിലയാക്കി. ഒപ്പം ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിറുത്തകയും ചെയ്തു ധോണിയും സംഘവും.

അനില്‍ കുംബ്ളെ വിരമിച്ചതിന് ശേഷം ഇന്ത്യന്‍ ബൗളിംഗിന്റെ കുന്തമുനയായ ഹര്‍ഭജന്റെ കഴിവില്‍ പലതവണ സംശയമുണര്‍ന്നിരുന്നു. ഒറ്റയ്ക്ക് ടീമിനെ ചുമലിലേറ്റാനാവുമോ എന്ന സംശയം. സംശയം ബാക്കിയാണെക്കിലും ഭാജി കൊല്‍ക്കത്തയില്‍ ഇന്ത്യയുടെ മാനം കാത്തു. നാടകീയമായ മത്സരത്തില്‍ ഒന്‍പത് പന്ത് ശേഷിക്കെയായിരുന്നു ഭാജി മോര്‍നെ മോര്‍ക്കലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്.

വിമര്‍ശനങ്ങള്‍ ബാക്കിനില്‍ക്കെ രണ്ടാം ഇന്നിംഗ്സില്‍ 48.3 ഓവറില്‍ വെറും 59 റണ്‍സ് വഴങ്ങിയാണ് ഭാജി അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. 1.21 റണ്‍സ് വീതമാണ് ഭാജി ഒരോവറില്‍ വിട്ടുകൊടുത്തത്. രണ്ടായിരത്തിന് ശേഷം ഒരിന്ത്യന്‍ ബൗളരുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം കൂടിയാണിത്.

ഹര്‍ഭജന് ഇടത്-വലതുകൈയന്‍ ബാറ്റ്സ്മാന്‍മാര്‍ക്കെതിരെ ഒരുപോലെ മികവു പുലര്‍ത്താനായി എന്നതാണ് മത്സരത്തിന്റെ പ്രത്യേകത. ദക്ഷിണാഫ്രിക്കന്‍ മധ്യനിരയിലെ ഇടംകൈയന്‍മാരായ ആഷ് വെല്‍ പ്രിന്‍സിനെയും ജെ പി ഡ്യുമിനിയെയും തുടക്കത്തിലേ പുറത്താക്കിയതായിരുന്നുമത്സരത്തിലെ വഴിത്തിരിവ്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാജി ടെസ്റ്റില്‍ അഞ്ചുവിക്കറ്റ് പ്രകടനം പുറത്തെടുക്കുന്നത്.

ഓസ്ട്രേലിയക്കെതിരെ 2001ല്‍ ഇന്ത്യ നേടിയ ചരിത്രവിജയത്തിലും ഹര്‍ഭജന്റെ ബൗളിംഗ് നിര്‍ണായകമായിരുന്നു, അതിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ടര്‍ബണേറ്ററുടെ ബൗളിംഗ്. അന്നും നിര്‍ണായകമായ അവസാന വിക്കറ്റ് ലഗ് ബിഫോര്‍ വിക്കറ്റിലൂടെ ഭാജിയാണ് നേടിയത്.

ഭാജിക്ക് മാത്രമല്ല വിവിഎസ് ലക്ഷ്മണിനും മറക്കാനാവാത്ത ടെസ്റ്റായിരുന്നു ഇത്. ലക്ഷ്ണണ്‍ ഈഡനില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കി. ഈനേട്ടം കൈവരിക്കുന്ന ആദ്യ ബാറ്റ്സ്മാനാണ് ലക്ഷ്മണ്‍ . ഒമ്പത് ടെസ്റ്റുകളില്‍ നിന്ന് നാലു സെഞ്ച്വറികളോടെയാണ് ലക്ഷ്ണണ്‍ ഈഡനില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയത്. മധ്യനിരയില്‍ തന്റെ സാന്നിധ്യം എത്രമാത്രം വലുതാണെന്ന് ഒരൊറ്റ ഇന്നിംഗ്സിലൂടെ ലക്ഷ്ണണ്‍ തെളിയച്ചു. ലക്ഷ്ണണ്‍ പുറത്താവാതെ 143 റണ്‍സാണ് നേടിയത്. ടെസ്റ്റില്‍ ലക്ഷ്ണണിന്റെ പതിനഞ്ചാം സെഞ്ച്വറിയായിരുന്നു ഇത്.

രണ്ടിന്നിംഗ്സിലും ശതകം നേടിയ ഹാഷിം അംലയുടെ നേട്ടവും ശ്രദ്ധേയമാണ്. അവസാന ശ്വാസംവരെ പൊരുതിയിട്ടും ടീമിനെ രക്ഷിക്കാനാവാത്തതിന്റെ ദു:ഖവും അംലയെ ഏറെനാള്‍ തുടരുമെന്നുറപ്പ്. മൂന്നിന്നിംഗ്സുകളില്‍ നിന്ന് അംല 490 റണ്‍സാണ് നേടിയത്. ഇരട്ടശതകമടക്കം മൂന്നു സെഞ്ച്വറി. രണ്ടു ടെസ്റ്റുകളിലായി 1402 മിനിറ്റാണ് അംല ക്രീസില്‍ ചിലവഴിച്ചത്. 23 മണിക്കൂറും 22 മിനിറ്റും.

February 11, 2010

സ്വയം കുഴിച്ചകുഴിയില്‍ വീണ ടീം ഇന്ത്യ

നാഗ്പൂരില്‍ ഭയപ്പെട്ടത് തന്നെ സംഭവിച്ചു. പ്രതീക്ഷിച്ചതിലും ദാരുണമായി. ഇന്നിംഗ്സിനും ആറു റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വീഴ്ച. അതും രണ്ടും ദിവസം ബാക്കിനില്‍ക്കേ. വിരേന്ദര്‍ സെവാഗും സച്ചിന്‍ ടെന്‍ഡുല്‍ക്കറും സെഞ്ച്വറി നേടിയിട്ടും ഇന്നിംഗ്സ് തോല്‍വിയെന്ന നാണക്കേട് ഒഴിവാക്കാന്‍ മഹേന്ദ്ര സിംഗ് ധോണിക്കും സംഘത്തിനും കഴിഞ്ഞില്ല. ലോക റാങ്കിംഗില്‍ ഒന്നാമന്‍മാരായ ഇന്ത്യക്ക് പിഴച്ചതെവിടെയാണ്. എതിരാളികളുടെ കരുത്തിലോ അതോ സ്വയം കുഴിച്ചകുഴിയില്‍ വീഴുകയായിരുന്നോ ടീം ഇന്ത്യ. പരമ്പര ആരംഭിക്കുന്നതിനു മുന്‍പുതന്നെ ക്രിക്കറ്റ്ലോകം ആകാംക്ഷയോടെ ഉറ്റുനോക്കിയത് ഇന്ത്യന്‍ മധ്യനിരയിലേക്കായിരുന്നു. ഒരുപതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ ബാറ്റിംഗിന്റെ വന്‍മതിലായ രാഹുല്‍ ദ്രാവിഡിന്റെയും അപകടഘട്ടങ്ങളില്‍ ടീമിന്റെ രക്ഷകനായി അവതരിക്കുന്ന വിവിഎസ് ലക്ഷ്മണിന്റെയും അഭാവമായിരുന്നു ഇതിന് കാരണം. 18,398 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ടെസ്റ്റില്‍ നിന്ന് അടിച്ചുകൂട്ടിയിട്ടുളളത്. വന്‍മതിലും രക്ഷകനുമില്ലാത്ത ടീം ഇന്ത്യ എന്താകുമെന്ന് മനസ്സിലാകാന്‍ വെറും മുന്നു ദിവസമേ വേണ്ടിവന്നുളളൂ. നാഗ്പൂര്‍ ടെസ്റ്റില് ‍172.2 ഓവറായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്സുകളുടെ ആയുസ്സ്. ഹാഷിം അംലയും ജാക് കാലിസും തകര്‍ത്താടിയ പിച്ചിലായിരുന്നു ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ കൂട്ടയാത്മഹത്യ എന്നുകൂടിയോര്‍ക്കണം. അതോടെ ദ്രാവിഡും ലക്ഷ്മണും അസാന്നിധ്യം കൊണ്ടും താരങ്ങളായി.

ഡെയ്ല്‍ സ്റ്റെയ്ന്‍ ഇന്ത്യന്‍ ഇന്നിംഗ്സിനെ എങ്ങനെ ചുരുട്ടിക്കെട്ടിയെന്നതും ശ്രദ്ധേയമാണ്. സ്റ്റെയ്ന്റെ പേസിനും സ്വിംഗിനും ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല; പോള്‍ ഹാരിസിന്റെ സ്പിന്നിനും. സ്റ്റെയ്ന്‍ പത്തുവിക്കറ്റാണ് മത്സരത്തില്‍ കൊയ്തെടുത്തത്. അസാധാരണ പ്രതിഭകളായ സെവാഗും സച്ചിനും സെഞ്ച്വറി നേടിയെങ്കിലും അതൊന്നും ഇന്ത്യന്‍ തകര്‍ച്ചയെ രക്ഷിക്കാന്‍ മതിയായിരുന്നില്ല.സുബ്രഹ്മണ്യം ബദരിനാഥിന്റെ അരങ്ങേറ്റ ഇന്നിംഗ്സിലെ അര്‍ധസെഞ്ച്വറികൂടി മാറ്റിയാല്‍ ശുഷ്കമാണ് ഇന്ത്യന്‍ സ്കോര്‍കാര്‍ഡ്. രണ്ടിന്നിംഗ്സിലും പൊരുതാതെയാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ കൂടാരം കയറിയത്. ഗംഭീറിന്റെ പരാജയവും യുവരാജിന്റെ അഭാവംകൂടിയായപ്പോള്‍ എല്ലാം ഇന്ത്യയുടെ കൈവിട്ടു. ബൗളര്‍മാര്‍കൂടി കളിമറന്നതതോടെ ദക്ഷിണാഫ്രിക്കയ്ക്ക് കാര്യങ്ങള്‍ എളുപ്പമാവുകയും ചെയ്തു.

ദ്രാവിഡും ലക്ഷ്മണും ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ തോല്‍ക്കില്ലായിരുന്നു എന്ന് സമര്‍ഥിക്കാനുളള ശ്രമമല്ലിത്. പക്ഷേ, അവരുണ്ടായിരുന്നെങ്കില്‍ ഇന്ത്യക്ക് ഇങ്ങനെയൊരു തോല്‍വിയുണ്ടാവില്ലെന്നുറപ്പായിരുന്നു. അതിനേക്കാള്‍ പ്രധാനം ഇവരുടെ അഭാവം ഇന്ത്യന്‍ ക്രിക്കറ്റിനെ എങ്ങനെ ബാധിക്കുന്നുവെന്നതാണ്. 37കാരനായ ദ്രാവിഡും 36കാരനായ സച്ചിനും 35കാരനായ ലക്ഷ്മണും ഏറിയാല്‍ മൂന്നോനാലോ വര്‍ഷംകൂടിയേ രാജ്യാന്തര ക്രിക്കറ്റില്‍ പാഡണിയാന്‍ സാധ്യതയുളളൂ. പേസും സ്പിന്നും ഒരുപോലെനേരിടുന്ന, ടീമിന്റെ നെടുന്തൂണുകളായ ഇവര്‍ക്ക്ശേഷം ഇന്ത്യന്‍ മധ്യനിരയുടെ അവസ്ഥയെന്താകും?.ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങിയ ടീമുകള്‍ ശക്തരായ പകരക്കാരെ വാര്‍ത്തെടുക്കുന്ന സാഹചര്യത്തില്‍.

ഇവിടെയാണ് വന്‍മതിലായ ദ്രാവിഡിന്റെയും ലക്ഷ്മണിന്റെയും സാന്നിധ്യം വീണ്ടും നിര്‍ണായകമാവുന്നത്. ദ്രാവിഡും ഗാംഗുലിയും ലക്ഷ്മണുമെല്ലാം ഒറ്റയടിക്ക് താരങ്ങളായവരല്ല. മികച്ച ബാറ്റിംഗ് നിരയുടെഭാഗമായി, മുതിര്‍ന്നതാരങ്ങളുടെ നേരനുഭവങ്ങളില്‍ നിന്ന് പാഠങ്ങള്‍ പഠിച്ചാണ് ഇവര്‍ ടീം ഇന്ത്യയുടെ അവിഭാജ്യഘടകങ്ങളായത്. അതേസമയം ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിലേക്ക് നോക്കൂ, എസ് ബദരിനാഥ്, വൃദ്ധിമാന്‍ സാഹ, മുരളി വിജയ് തുടങ്ങിയവര്‍ക്ക് മുന്നിലുളളത് സച്ചിന്‍ മാത്രം.ഇവരാണ് വരുനാളുകളില്‍ ഇന്ത്യയുടെ മധ്യനിരയ്ക്ക് കരുത്ത് പകരേണ്ടത് എന്നുകൂടിയോര്‍ക്കുക.
ലഭിച്ച അവസരം വേണ്ടവിധം ഉപയോഗിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല എന്നതും മറ്റൊരു സത്യം. ടീമിലേക്ക് വരുന്ന സുരേഷ് റെയ്ന, ദിനേശ് കാര്‍ത്തിക്, വരാനിടയുളള രോഹിത് ശര്‍മ, വിരാട് കോലി, മനോജ് തിവാരി തുടങ്ങിയവരുടെ അവസ്ഥയും വ്യത്യസ്തമല്ല.

ആരാണിതിന് ഉത്തരവാദി?. ഒരൊറ്റയുത്തരമേയുളളൂ. ദീര്‍ഘവീക്ഷണമില്ലാത്ത നമ്മുടെ സെലക്ടര്‍മാര്‍. ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍മഴചൊരിഞ്ഞ ബദരിനാഥ് ഇരുപത്തിയൊന്‍പതാം വയസിലാണ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. വൃദ്ധിമാന്‍ സാഹയെക്കാള്‍ മികച്ച റെക്കോര്‍ഡുളള ദിനേശ് കാര്‍ത്തിക് ഒന്നാം ടെസ്റ്റിനുളള ടീമില്‍പ്പോലും അംഗമായിരുന്നില്ല. ടീം കോമ്പിനേഷനില്‍പ്പോലും സെലക്ടര്‍മാര്‍ക്ക് ധാരണയുണ്ടായിരുന്നില്ല.

ദ്രാവിഡും ലക്ഷ്മണും കഴിഞ്ഞ ബംഗ്ലാദേശ് പര്യടനത്തിനിടെയാണ് പരിക്കിന്റെ പിടിയിലായത്. എന്നാല്‍ ബംഗ്ലാദേശിനെപ്പോലെ ദുര്‍ബലമായൊരു ടീമിനെതിരെ ദ്രാവിഡിനും ലക്ഷ്മണും സച്ചിനുമെല്ലാം വിശ്രമം നല്‍കുകയായിരുന്നു വേണ്ടിയിരുന്നത്. അങ്ങനെയെങ്കില്‍ ദക്ഷിണാഫ്രിക്കപോലുളള അതിശക്തരായ ടീമിനെതിരെയുളള​ ഇന്ത്യന്‍ ഇലവനില്‍ ദ്രാവിഡും ലക്ഷ്മണും ഉണ്ടാവുമായിരുന്നു. ഇവര്‍ക്ക് വിശ്രമം നല്‍കുന്നത് വഴി ബദരിനാഥിനെപ്പോലുളള നവാഗതര്‍ക്ക് മത്സരപരിചയത്തിന് അവസരമൊരുക്കാമായിരുന്നു. അതിനേക്കാളുപരി തുടക്കക്കാര്‍ക്ക് ബംഗ്ലാദേശിനെ പോലുളള​ടീമുകള്‍ക്കെതിരെ കളിക്കുമ്പോഴുണ്ടാകുന്ന ആത്മവിശ്വാസവും വളരെവലുതാണ്. പകരക്കാരെ കണ്ടെത്താനുളള ഇത്തരം അവസരങ്ങളാണ് സെലക്ടര്‍മാര്‍ കളഞ്ഞുകുളിച്ചത്, കുളിച്ചുകൊണ്ടിരിക്കുന്നത്.

നാളെയുടെ താരങ്ങളെ എങ്ങനെ കണ്ടെത്തുന്നു, അവര്‍ക്ക് എങ്ങനെ അവസരം നല്‍കുന്നു എന്നതിനെ ആശ്രയിച്ചുതന്നെയായിരിക്കും ഏതൊരുടീമിന്റയും ഭാവി. ബാറ്റിംഗില്‍ മാത്രമല്ല ബൗളിംഗിലും ഇന്ത്യയുടെ നില ഭദ്രമല്ല. ഹര്‍ഭജന്‍ സിംഗിന് പകരക്കാരനെ ചൂണ്ടിക്കാണിക്കാന്‍ ആഭ്യന്തരക്രിക്കറ്റില്‍പ്പോലും ഒരുപേരില്ല. ഇങ്ങനെയുളള അവസ്ഥയിലാണ് ടീം ഇന്ത്യ ലോകറാങ്കിംഗിലെ ഒന്നാം സ്ഥാനം നിലനിറുത്താനൊരുങ്ങുന്നതെന്നോര്‍ക്കുക.

January 30, 2010

ലോകകപ്പിലെ നഷ്ടനക്ഷത്രങ്ങള്‍

ഫുട്ബോളിലെ പെരുങ്കളിയാട്ടമാണ് ലോകകപ്പ്. താരങ്ങളും ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന മഹാമേള. ലോകമെമ്പാടുമുളള ഫുട്ബോള്‍ പ്രേമികള്‍ ആവേശത്തോടെ ഉറ്റുനോക്കുന്ന തീപാറും പോരാട്ടങ്ങളില്‍ പന്തുതട്ടുക ഏതൊരു താരത്തിന്റെയും സ്വപ്നസാഫല്യമാണ്. പക്ഷേ കളിത്തട്ടുകളില്‍ സമാനതകളില്ലാത്ത മിന്നല്‍പ്പിണറുകളായി ആരാധകരുടെ ഇടനെഞ്ചിലിടം നേടിയ പല മഹാരഥന്‍മാര്‍ക്കും ലോകകപ്പ് എന്നും സ്വപ്നമായിരുന്നു. ക്ളബ് തലത്തില്‍ നക്ഷത്ര പദവിയിലേക്ക് ഉയര്‍ന്നെങ്കിലും അസാന്നിധ്യം കൊണ്ട് ലോകകപ്പില്‍ ശ്രദ്ധേയരായ താരങ്ങള്‍ നിരവധിയാണ്. ഇവരില്‍ പ്രമുഖരായ ചിലരെക്കുറിച്ച്...

ആല്‍ഫ്രഡോ സിസ്റ്റെഫാനോ

ലോകകപ്പ് ഫുട്ബാളിന്റെ എക്കാലത്തെയും വലിയ നഷ്ടമാണ് ആല്‍ഫ്രഡോ സിസ്റ്റെഫാനോ. മൂന്നു രാജ്യങ്ങള്‍ക്ക് വേണ്ടി പന്തുതട്ടിയ(അര്‍ജന്റീന, കൊളംബിയ, സ്പെയ്ന്‍), റയല്‍ മാഡ്രിഡിനെ അഞ്ചു തവണ യൂറോപ്യന്‍ ചാമ്പ്യന്‍മാരാക്കിയ, പെലെയുടെ സമശീര്‍ഷനായ സിസ്റ്റെഫാനോയ്ക്ക് ഒരിക്കല്‍പ്പോലും ലോകകപ്പില്‍ കളിക്കാനായില്ല. സിസ്റ്റെഫാനോയുടെ അര്‍ജന്റീനന്‍ ടീം 1950ലും 1954ലും ലോകകപ്പില്‍ കളിക്കാന്‍ വിസമ്മതിച്ചു. 1956ല്‍ സ്പാനിഷ് പൗരത്വം സ്വീകരിച്ചതിനാല്‍ 1958ലെ ലോകകപ്പില്‍ കൊളംബിയ സിസ്റ്റെഫാനോയെ ടീമിലെടുത്തില്ല. തൊട്ടടുത്ത ലോകകപ്പില്‍ സാഹചര്യങ്ങളെല്ലാം അനുകൂലമായിരുന്നു. പക്ഷേ വിധിയുടെ ഫൗള്‍പ്ലേ ഇതിഹാസ താരത്തെ ലോകകപ്പില്‍ നിന്നകറ്റി. ടൂര്‍ണമെന്റിന് തൊട്ടുമുമ്പേറ്റ പരിക്കാണ് സിസ്റ്റെഫാനോയെ ലോകകപ്പിന്റെ നഷ്ടമാക്കി മാറ്റിയത്.

ജോര്‍ജ് ബെസ്റ്റ്

ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും നൈസര്‍ഗിക താരങ്ങളിലൊരാളായിരുന്നു വടക്കന്‍ അയര്‍ലന്‍ഡിന്റെ ജോര്‍ജ് ബെസ്റ്റ്. പ്രതിഭയുടെ ധാരാളിത്തംകൊണ്ടു കളിക്കളത്തെ കോരിത്തരിപ്പിച്ച ബെസ്റ്റ് 37 മത്സരങ്ങളില്‍ മാത്രമാണ് രാജ്യത്തിനു വേണ്ടി കളിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുവേണ്ടി 137 ഗോളുകള്‍ അടിച്ചുകൂട്ടിയ ബെസ്റ്റ് യൂറോപ്യന്‍ ഫുട്ബോളര്‍ പട്ടവും സ്വന്തമാക്കി. 1982ലെ ലോകകപ്പിന് വടക്കന്‍ അയര്‍ലന്‍ഡ് യോഗ്യതനേടിയെങ്കിലും മദ്യത്തില്‍ മുങ്ങിയ ബെസ്റ്റിന് ടീമിനൊപ്പം ചേരാനായില്ല. അങ്ങനെ ബെസ്റ്റിനും ആരാധകര്‍ക്കും ലോകകപ്പിലെ അത്യപൂര്‍വ നിമിഷങ്ങള്‍ ആഗ്രഹമായി അവശേഷിച്ചു.

ജോര്‍ജ് വീയ

ആഫ്രിക്കന്‍ ഫുട്ബോള്‍ ചരിത്രത്തിലെ തിളക്കമുളള നക്ഷത്രമാണ് ലൈബീരിയയുടെ ജോര്‍ജ് വീയ. കളിത്തട്ടുകളില്‍ ആഫ്രിക്കന്‍ ഫുട്ബോളിന്റെ പതാകവാഹകനായ വീയയുടെ ലൈബീരിയയ്ക്ക് 2002 ലോകകപ്പ് ഒരൊറ്റ പോയിന്റിനാണ് നഷ്ടമായത്. ലൈബീരിയയ്ക്ക് കളിക്കാരന്‍ മാത്രമായിരുന്നില്ല വീയ. ക്ലബ് ഫുട്ബോളില്‍ കളിച്ചുകിട്ടിയ പണം മുടക്കിയാണ് വീയ ലൈബീരിയയുടെ പരിശീലന ക്യാമ്പ് നടത്തിയത്. പരീശീലകനും മറ്റാരുമായിരുന്നില്ല. 2002ല്‍ വീയ ഒരഭിമുഖത്തില്‍ പറഞ്ഞു` ഫ്രാന്‍സിനു വേണ്ടി എനിക്ക് ലോകകപ്പ് കളിക്കാമായിരുന്നു. വേണമെങ്കില്‍ കാമറൂണിന്റെ ജഴ്സിയിലും ലോകകപ്പില്‍ കളിക്കാന്‍ അവസരമുണ്ടായിരുന്നു. പക്ഷേ ലൈബീരിയയ്ക്ക് വേണ്ടി ലോകകപ്പില്‍ ബൂട്ടുകെട്ടുകയായിരുന്നു എന്റെ സ്വപ്നം'. ലോക ഫുട്ബോളര്‍,യൂറോപ്യന്‍ ഫുട്ബോളര്‍, ആഫ്രിക്കന്‍ ഫുട്ബോളര്‍ അവാര്‍ഡുകള്‍ നേടിയ വീയയ്ക്ക് അങ്ങനെ ലോകകപ്പ് സ്വപ്നമാക്കി ബൂട്ടഴിക്കേണ്ട വന്നു.

റയാന്‍ ഗിഗ്സ്

ബ്രസീലിയന്‍ കോച്ച് ദുംഗ ടീമിലെടുക്കാന്‍ ആഗ്രഹിക്കുന്ന താരമേതെന്ന ചോദ്യത്തിനുളള ഉത്തരമാണ് റയാന്‍ ഗിഗ്സ്. ദുംഗ മാത്രമല്ല ആധുനിക ഫുട്ബോളിലെ ഏതൊരു പരിശീലകനും ടീമിലുള്‍പ്പെടുത്താന്‍ കൊതിക്കുന്ന താരമാണ് വെയ്ല്‍സിന്റെ ഗിഗ്സ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എവര്‍ഗ്രീന്‍ താരമായ ഗിഗ്സിനും ലോകകപ്പ് മോഹം മാത്രമായി അവശേഷിക്കുന്നു. 1994ല്‍ വെയ്ല്‍സ് ലോകകപ്പിന്റെ പടിവാതില്‍ക്കല്‍ വരെയെത്തിയെങ്കിലും അവസാന കടമ്പ കടക്കാനായില്ല. 1958ന് ശേഷം വെയ്ല്‍സ് ലോകകപ്പിന് യോഗ്യത നേടിയിട്ടില്ല.

ബേണ്‍ഡ് ഷൂസ്റ്റര്‍

റയല്‍ മാഡ്രിഡിലും ബാഴ്സലോണയിലും മിന്നിത്തിളങ്ങിയ പശ്ചിമ ജര്‍മന്‍ താരമാണ് ബേണ്‍ഡ് ഷൂസ്റ്റര്‍. പ്രതിഭാധനനായ ബേണ്‍ഡ് ഷൂസ്റ്റര്‍ ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനുമായുളള തര്‍ക്കത്തെ തുടര്‍ന്ന് ഇരുപത്തിനാലാം വയസ്സില്‍ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കുകയായിരുന്നു. ഷൂസ്റ്റര്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന കാലത്ത് പശ്ചിമ ജര്‍മനി മൂന്നുതവണ ലോകകപ്പില്‍ കളിച്ചുവെന്നതും ചരിത്രം.

വാലെന്റീനോ മസ്സോള

ഫുട്ബോള്‍ ചരിത്രത്തിലെ ദുരന്തനായകന്‍മാരില്‍ മുന്‍നിരക്കാരനാണ് ഇറ്റാലിയന്‍ ഫുട്ബോളിലെ സൂപ്പര്‍താരമായിരുന്ന വാലെന്റീനോ മസ്സോള. 12 തവണ ഇറ്റാലിയന്‍ കുപ്പായമണിഞ്ഞ മസ്സോള ആധുനിക ഫുട്ബോളിലെ ആദ്യ ഓള്‍റൗണ്ടറായിരുന്നു. ഇറ്റാലിയന്‍ ലീഗിയ ടോറിനോയുടെ നായകനായിരുന്ന മസ്സോള സുപേര്‍ഗ വിമാന ദുരന്തത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ടോറിനോയുടെ 30 അംഗ ടീമാണ് അന്ന് വിമാന ദുരന്തത്തില്‍ മരണത്തിന് കീഴടങ്ങിയത്. മസ്സോളയുടെ മകന് മൂന്നു ലോകകപ്പുകളില്‍ ബൂട്ടണിയുകയും ചെയ്തു.

എറിക് കന്റോണ

കളിക്കളത്തിലെ പ്രകടനം മാത്രം ചിലരെ രക്ഷിക്കില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു വേണ്ടി തകര്‍പ്പന്‍ കളി കെട്ടഴിച്ചിട്ടും കന്റോണ ഫ്രഞ്ച് ടീമില്‍ ഇടംപിടിച്ചില്ല. പരിശീലകരുടെ ഗുഡ് ബുക്കില്‍ ഇടം പിടിക്കാനായില്ല എന്നത് മാത്രമായിരുന്നു കന്റോണയെ ലോകകപ്പില്‍ നിന്ന് അകറ്റിയത്.

ആവശ്യമുണ്ട്... ഗോള്‍വേട്ടക്കാരെ

സാക്ഷാല്‍ ഡീഗോ മാറഡോണയുടെ തന്ത്രങ്ങള്‍...ലയണല്‍ മെസ്സി, കാര്‍ലോസ് ടെവസ്, സെര്‍ജിയോ അഗ്യൂറോ, ഗൊണ്‍സാലോ ഹിഗ്വയ്ന്‍ തുടങ്ങിയ എണ്ണം പറഞ്ഞ താരങ്ങള്‍. ഇതൊക്കെയുണ്ടായിട്ടും കളിത്തട്ടുകളില്‍ മുടന്തുകയാണ് അര്‍ജന്റീന. തട്ടിമുട്ടിയാണ് അര്‍ജന്റീന ലോകകപ്പിന് യോഗ്യത നേടിയത്. എന്തു പറ്റിഅര്‍ജന്റീനയ്ക്ക് ?. ഫുട്ബോള്‍പ്രേമികള്‍ ഏകസ്വരത്തില്‍ ഉയര്‍ത്തുന്ന ചോദ്യമാണിത്. ഇതിനുത്തരം കാണാനുളള ശ്രമമാണിത്. വായനക്കാര്‍ക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. വിമര്‍ശനങ്ങളും സ്വാഗതം ചെയ്യുന്നു.

ഉന്നം പിഴയ്ക്കാത്ത ഗോള്‍വേട്ടക്കാരായിരുന്നു എന്നും അര്‍ജന്റീനയുടെ കരുത്ത്. പ്രഥമ ലോകകപ്പിലെ(1930) ടോപ് സ്കോററായ ഗീയര്‍മോ സ്റ്റാബിലെയില്‍ തുടങ്ങുന്നു അര്‍ജന്റീനന്‍ സ്ട്രൈക്കര്‍മാരുടെ ഗോളടിപ്പെരുമ. 1978ല്‍ മാരിയോ കെംപസിന്റെ മിന്നും ഗോളുകളാണ് അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിച്ചത്. 1986ല്‍ മാറഡോണ മാജിക്കും. കാലങ്ങള്‍ക്കിപ്പുറം ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയും ഹെര്‍നാന്‍ ക്രെസ്പോയും വരെ ഈ ഗോളടിപ്പെരുമ കാത്തു. എന്നാല്‍ ഇവര്‍ക്കുശേഷം നല്ലൊരു സ്ട്രൈക്കറെ കണ്ടെത്താന്‍ അര്‍ജന്റീനയ്ക്ക് കഴിഞ്ഞിട്ടില്ല. ഇതുതന്നെയാണ് അര്‍ജന്റീന നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും. കളംനിറഞ്ഞ് കളിച്ചിട്ടും ഗോള്‍മാത്രം അര്‍ജന്റീനന്‍ സംഘത്തിന് ബാലികേറാമലയാവുന്നു.

ലയണല്‍ മെസ്സി, കാര്‍ലോസ് ടെവസ്, സെര്‍ജിയോ അഗ്യൂറോ, ഗൊണ്‍സാലോ ഹിഗ്വയ്ന്‍ തുടങ്ങിയ പ്രതിഭാധനരുളളപ്പോഴാണ് അര്‍ജന്റീനയുടെ ദുര്‍ഗതി. ക്ലബ് തലത്തില്‍ ഗോളുകളടിച്ചുകൂട്ടുന്നുണ്ടെങ്കിലും നീലയും വെളളയും കുപ്പായത്തില്‍ ഇവര്‍ക്ക് പലപ്പോഴും ചുവടുപിഴയ്ക്കുന്നു. കണക്കുകളും ഇതുശരിവയ്ക്കുന്നു. ഇത്തവണത്തെ ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാറൗണ്ടില്‍ അര്‍ജന്റീന നേടിയത് വെറും 23 ഗോളുകളാണ്.(1998 ലോകകപ്പ്‌ യോഗ്യതാറൗണ്ടിലും അര്‍ജന്റീന നേടിയത് 23 ഗോളുകളായിരുന്നു). യോഗ്യതാ റ‍ൗണ്ട് നിലവില്‍ വന്നതിനുശേഷമുളള അര്‍ജന്റീനയുടെ ഏറ്റവും മോശം പ്രകടനം. സെര്‍ജിയോ അഗ്യൂറോ, യുവാന്‍​റൊമാന്‍​റിക്വല്‍മേ എന്നിവരാണ് യോഗ്യതാറൗണ്ടിലെ ടോപ് സ്കോറര്‍മാര്‍. ഇവര്‍ നേടിയതാവട്ടെ നാലുഗോള്‍ വീതവും. ബാറ്റിസ്റ്റ്യൂട്ടയും ക്രെസ്പോയും മാത്രം 91 ഗോളുകളാണ് അടിച്ചുകൂട്ടിയത് എന്നുകൂടി അറിയുമ്പോള്‍ അര്‍ജന്റീന ഇന്നു നേരിടുന്ന പ്രതിസന്ധി കൂടുതല്‍​വ്യക്തമാവും. അക്ഷരാര്‍ഥത്തില്‍ ബാറ്റിഗോളിന് ശേഷം ഉന്നംപിഴയ്ക്കാത്തൊരു ഒന്‍പതാം നമ്പറുകാരനായി കാത്തിരിക്കുകയാണ് അര്‍ജന്റീന.

ദക്ഷിണാഫ്രിക്കയില്‍ നൈജീരിയ, ദക്ഷിണ കൊറിയ, ഗ്രീസ് എന്നിവര്‍ക്കൊപ്പമാണ് അര്‍ജന്റീന ഗ്രൂപ്പ് ബിയില്‍ മാറ്റുരയ്ക്കുക. ജൂണ്‍ 12ന് നൈജീരിയയുമായി ആദ്യമത്സരം. നൈജീരിയക്കെതിരെ കളത്തിലിറങ്ങുമ്പോള്‍ മുന്നേറ്റനിരയില്‍ ആരൊക്കെയണി നിരത്തണം എന്നതാണ് മാറഡോണയെയും ആശങ്ക. റയല്‍ മാഡ്രിഡിന്റെ ഹിഗ്വയ്ന്‍, മാര്‍ട്ടിന്‍ പാലര്‍മോ, ടെവസ്, മരുമകന്‍കൂടിയായ അഗ്യൂറോ, ലൂക്കാസ് ബാരിയോസ്, ലോക ഫുട്ബോളര്‍ ലയണല്‍ മെസ്സി തുടങ്ങിയവരാണ് മാറഡോണയുടെ ആയുധപ്പുരയിലെ വെടിക്കോപ്പുകള്‍. ഏതുവമ്പന്‍ പ്രതിരോധനിരയും ഒറ്റയ്ക്ക് തകര്‍ത്തെറിയാന്‍ ശേഷിയുളള മെസ്സിയിലാണ് മാറഡോണയുടെ പ്രതീക്ഷ. 1986ലെ മാറഡോണ മാജിക്ക് മെസ്സിയിലൂടെ ആവര്‍ത്തിക്കുമെന്ന് ആരാധകരും ഉറച്ചുവിശ്വസിക്കുന്നു.

യോഗ്യതാറൗണ്ടിന്റെ അവസാനഘട്ടത്തില്‍ മാറഡോണ ടീമിലെടുത്ത താരമാണ് ഹിഗ്വയ്ന്‍. ആഭ്യന്തരലീഗില്‍ 212 ഗോളുകള്‍ അടിച്ചുകൂട്ടിയിട്ടുണ്ടെങ്കിലും പത്തുമത്സരങ്ങളിലെ മുപ്പത്തിയാറുകാരനായ പാലര്‍മോ അര്‍ജന്റീനന്‍ കുപ്പായമണിഞ്ഞിട്ടുളളൂ. ടെവസും അഗ്യൂറോയുമായിരിക്കും മാറഡോണയുടെ തുറുപ്പുചീട്ടുകള്‍. കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റീനയുടെ മുന്നേറ്റ നിരയിലുണ്ടായിരുന്ന ക്രെസ്പോയും ഹവിയര്‍ സാവിയോളയും ടീമില്‍ തിരച്ചെത്താനുളള ശ്രമത്തിലാണ്. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ ഇവരെയും അര്‍ജന്റീനന്‍ നിരയില്‍ കണ്ടേക്കാം.

മേല്‍പറഞ്ഞ താരങ്ങള്‍ ഗോളടിക്കാന്‍ മറന്നതോടെയാണ് ലോകകപ്പ്‌ യോഗ്യതാറൗണ്ടില്‍ അര്‍ജന്റീന വെളളം കുടിച്ചത്. അഞ്ചുമാസങ്ങള്‍ക്കപ്പുറം ദക്ഷിണാഫ്രിക്കയില്‍ പെരുംപോരാട്ടങ്ങള്‍ക്ക് അരങ്ങുണരുമ്പോള്‍ ഇവര്‍ സടകുടഞ്ഞ് എഴുന്നേല്‍ക്കുമെന്ന് പ്രതീക്ഷിക്കാനെ കഴിയൂ. അതിനിടെ വിവിധലീഗുകളില്‍ കളിക്കുന്ന താരങ്ങളില്‍ എത്രപേര്‍ പരിക്കിന്റെ പിടിയിലകപ്പെടാതെ രക്ഷപ്പെടുമെന്നും കണ്ടറിയണം.

Resistance Bands, Free Blogger Templates