December 26, 2011

2011ലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍...

കാലപ്രവാഹത്തില്‍ ഒരു വര്‍ഷംകൂടി അലിഞ്ഞ് ഇല്ലാതാവുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ ഇന്ത്യന്‍ കായിക രംഗത്തിന് അഭിമാനിക്കാല്‍ ഏറെ വകനല്‍കുന്നതാണ് വിടപറയുന്ന 2011. ഇന്ത്യ ലോകകപ്പ് കിരീടം വീണ്ടെടുത്തതും ഫോര്‍മുല വണ്‍ കാറോട്ടം ആദ്യമായി വിരുന്നെത്തിയതും വിരേന്ദര്‍ സെവാഗ് ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറിന് ഉടമയായതുമെല്ലാം 2011ലെ തുല്യമില്ലാത്ത നിമിഷങ്ങളാണ്.
പുതിയ വര്‍ഷത്തിലേക്ക് കാലെടുത്തുവയ്ക്കാനൊരുങ്ങുമ്പോള്‍ 2011ലേക്ക് ഒരു എത്തിനോട്ടം...
മഹേന്ദ്ര സിംഗ് ധോണിയുടെ ടീം ഇന്ത്യ ഐ സി സി ലോകപ്പ് നേടിയത് തന്നെയാണ് 2011ല്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സില്‍ സംഭവിച്ച മഹാസംഭവം. ഏപ്രില്‍ രണ്ടിന് മുംബയിലെ വാഖഡെ സ്റ്റേഡിയത്തില്‍ ശ്രീലങ്കയെ തോല്‍പിച്ചായിരുന്നു ഇന്ത്യയുടെ കിരീടധാരണം. 28 വര്‍ഷത്തിന് ശേഷം ഇന്ത്യ വീണ്ടും ഏകദിനത്തിലെ രാജാക്കന്‍മാരായി. ക്രിക്കറ്റിലെ ജീവിക്കുന്ന ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ കരിയറിന് പൂര്‍ണത നല്‍കാനും ഇതുവഴി ടീം ഇന്ത്യക്ക് കഴിഞ്ഞു.
ഗ്രേറ്റര്‍ നോയിഡയിലെ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടാണ് ലോകകായിക ഭൂപടത്തിലേക്ക് ഇന്ത്യയെ 2011ല്‍ കൈപിടിച്ചുയര്‍ത്തിയത്. രാജ്യത്ത് ആദ്യമായി വിരുന്നെത്തിയ ഫോര്‍മുല വണ്‍ പന്തയത്തിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. ഒകേ്ടാബര്‍ 30ന് നടന്ന പന്തയം കാണാന്‍ 95000ലധികം ആളുകള്‍ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലെത്തി. ടെലിവിഷനിലൂടെ മാത്രം കണ്ട് പരിചയിച്ച അതിവേഗ താരങ്ങള്‍ കണ്‍മുന്നില്‍ തീപ്പൊരി ചിതറി. ഹിസ്പാന ടീമിനുവേണ്ടി ട്രാക്കിലിറങ്ങിന നരെയ്ന്‍ കാര്‍ത്തികേയന്‍ ആതിഥേയരുടെ അഭിമാനമായി.
വിരേന്ദര്‍ സെവാഗിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് 2011ല്‍ ഇന്ത്യന്‍ കായിക മേഖലയില്‍ നിന്നുളള ഏറ്റവും വലിയ വാര്‍ത്തകളിലൊന്ന്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്‍ഡോറിലെ ഹോള്‍കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഏകദിനത്തിലായിരുന്നു വീരുവിന്റെ റണ്‍കശാപ്പ്. 149 പന്തില്‍ 219 റണ്‍സ്. ഏകദിനത്തിലെ ഇരട്ടെ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന് ഉടമയെന്ന റെക്കോര്‍ഡും സെവാഗിന് സ്വന്തമായി. 2010ല്‍ സച്ചിന്‍ നേടിയ 200 റണ്‍സിന്റെ റെക്കോര്‍ഡാണ് സെവാഗ് മറികടന്നത്.
തിരിച്ചടികള്‍ ഉണ്ടായെങ്കിലും ബാഡ്മിന്റണ്‍ താരം സൈന നേവാളിനും അഭിമാനിക്കാവുന്ന വര്‍ഷമാണ് 2011. ലോകബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസിന്റെ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യതാരമെന്ന റെക്കോര്‍ഡ് സൈന സ്വന്തമാക്കി. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ ചൈനയുടെ വാംഗ് യിഹാനാണ് സൈനയെ പരാജയപ്പെടുത്തിയത്.
ബോക്‌സിംഗ് ലോക ചാമ്പ്യന്‍ഷിപ്പില്‍ വികാസ് കൃഷ്ണന്‍ വെങ്കലം നേടി. അസര്‍ബൈജാനില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പിലെ 69 കിലോ വിഭാഗത്തിലായിരുന്നു വികാസിന്റെ മെഡല്‍നേട്ടം. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് വികാസ്. 2009ല്ഡ വെങ്കലം നേടിയ വിജേന്ദര്‍ സിംഗാണ് ലോകചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യക്കാരന്‍.
ലോക അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ദീപിക കുമാരി, ചെക്രോവോലു സ്വുരോ,ലൈശ്രാം ബോംബായാല ദേവി എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനം നേടി. ദീപിക ലോക യൂത്ത് അമ്പെയ്ത്തില്‍ രണ്ട് വ്യക്തിഗത സ്വര്‍ണവും നേടി. അമ്പെയ്ത്തില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നേട്ടമാണ് 2011ല്‍ കൈവരിച്ചത്.

November 29, 2011

അശ്വിന്‍ രാമനോട് വാക്കുപാലിച്ചു

വെസ്റ്റ് ഇന്‍ഡീസി നെതിരായ മൂന്നാം ടെസ്റ്റില്‍ സെഞ്ച്വറിയും അഞ്ച് വിക്കറ്റ് നേട്ടവുമായി കളിയിലെ കേമനായ രവിചന്ദ്രന്‍ അശ്വിന് അതൊരു വാക്കുപാലിക്കല്‍ കൂടിയായിരുന്നു. താനൊരു ഓള്‍റൗണ്ടറാണെന്ന് തെളിയിച്ച വാക്കുപാലിക്കല്‍.
2006-07 സീസണിലായിരുന്നു അശ്വിന്‍ രഞ്ജി ട്രോഫിയില്‍ അരങ്ങേറിയത്. ആ വര്‍ഷമാവട്ടെ തമിഴ്‌നാടിന് തൊട്ടതെല്ലാം പിഴച്ച കാലവും. കര്‍ണാടകയ്‌ക്കെതിരെ പത്തുവിക്കറ്റിന് തോറ്റതായിരുന്നു ഏറ്റവും വലിയ നാണക്കേട്. ഈയവസരത്തില്‍ പുതുമുഖമായ അശ്വിന്‍ കോച്ചും ഇന്ത്യയുടെ മുന്‍താരവുമായ ഡബ്ലിയു വി രാമന്റെ അരികിലെത്തി.ഓഫ് സ്പിന്നറായ തനിക്ക് ബാറ്റിംഗിലും ശോഭിക്കാനാവുമെന്ന് അശ്വിന്‍ കോച്ചിനോട് പറഞ്ഞു. പക്ഷേ തോല്‍വിയുടെ ആഘാതത്തില്‍ തലപുകഞ്ഞിരിക്കുന്ന കോച്ചിന് അശ്വിന്റെ വാക്കുകളില്‍ വിശ്വാസമില്ലായിരുന്നു. ഒരു മത്സരത്തില്‍ സെഞ്ച്വറിയും മൂന്ന് വിക്കറ്റ് പ്രകടനവും നടത്തിയാല്‍ അശ്വിനെ ഓള്‍ റൗണ്ടറായി അംഗീകരിക്കാമെന്ന് പറഞ്ഞാണ് രാമന്‍ അശ്വിനെ മടക്കിയത്.
രാമന്റെ അന്നത്തെ ആവശ്യമാണിപ്പോള്‍ അശ്വിന്‍ സാക്ഷാത്കരിച്ചത്. നേരത്തേ ആഭ്യന്തര ക്രിക്കറ്റില്‍ രണ്ട് തവണ സെഞ്ച്വറിയും അഞ്ച് വിക്കറ്റ് നേട്ടവും അശ്വിന്‍ സ്വന്തമാക്കിയിരുന്നു. മൂന്നാമത്തേതാവട്ടെ രാജ്യാന്തര ക്രിക്കറ്റിലും. അതും ഇന്ത്യയെ ഫോളോഓണില്‍ നിന്ന് രക്ഷിക്കുന്ന പ്രകടനത്തോടെ.
അന്ന് അശ്വിന് മുന്നില്‍ വലിയൊരു ദൗത്യം വയ്ക്കാന്‍ തനിക്ക് കാരണങ്ങളുണ്ടായിരുന്നെന്ന് രാമന്‍ പറയുന്നു. ' അശ്വിന്‍ നല്ലൊരു ബൗളിംഗ് ഓള്‍റൗണ്ടറാണെന്ന് എനിക്ക് പണ്ടേ അറിയാമായിരുന്നു. പക്ഷേ, അശ്വിന്‍ തുടക്കകാലത്ത് ബൗളിംഗില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് അന്ന് ഞാനങ്ങനെ പറഞ്ഞത്. അല്ലായിരുന്നെങ്കില്‍ ബാറ്റിംഗിലും ബൗളിംഗിലും ശ്രദ്ധിച്ച് അശ്വിന്റെ കരിയര്‍തന്നെ വഴിതെറ്റിപ്പോയേനെ. ഇന്ത്യയിലെ സാഹചര്യങ്ങള്‍ അങ്ങനെയാണ്. ഒന്നില്‍ കരുത്ത് തെളിയിച്ചിട്ടേ മറ്റൊന്നിലേക്ക് ശ്രദ്ധിക്കാനാവൂ. അശ്വിനിപ്പോള്‍ നടപ്പാക്കുന്നതും അതുതന്നെ'.
ജൂനിയര്‍ ക്രിക്കറ്റിലെ ബാറ്റിംഗ് മികവാണ് രാമനോട് അന്നങ്ങനെ പറയാന്‍ പുതുമുഖമായ അശ്വിന് ധൈര്യം നല്‍കിയത്. അണ്ടര്‍ 17 മത്സരത്തില്‍ തമിഴ്‌നാടിന് വേണ്ടി ഒരു മത്സരത്തില്‍ 212 റണ്‍സും പുറത്താവാതെ 44 റണ്‍സും നേടിയ ചരിത്രമുണ്ട് അശ്വിന്. അന്ന് ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍കൂടിയായിരുന്നു അശ്വിന്‍. പിന്നീടാണ് അശ്വിന്‍ ഓഫ് സ്പിന്‍ ബൗളിംഗില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. അപ്പോഴും ബാറ്റിംഗിനോടുളള ഇഷ്ടം കൈവിട്ടിരുന്നില്ല. അതാണ് വെസ്റ്റ് ഇന്‍ഡീസിനെതിരെയും കണ്ടത്.
അരങ്ങേറ്റ പരമ്പരയില്‍ ഒട്ടേറെ റെക്കോര്‍ഡുകളും അശ്വിന്‍ സ്വന്തമാക്കി. മൂന്ന് ടെസ്റ്റുകളില്‍ നിന്ന് 22 വിക്കറ്റുകളും 121 റണ്‍സുമാണ് അശ്വിന്റെ സമ്പാദ്യം. മൂന്നാമത്തെ ടെസ്റ്റില്‍ തന്നെ സെഞ്ച്വറി നേടാനായി. അതേ ടെസ്റ്റില്‍ തന്നെ അഞ്ച് വിക്കറ്റ് നേട്ടവും കൈവരിച്ചു. ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍താരവുമായി അശ്വിന്‍. 1952ല്‍ വിനൂ മങ്കാദും(ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ 184 റണ്‍സും അഞ്ച് വിക്കറ്റും) 1962ല്‍ പോളി ഉമ്രിഗറുമാണ് ( പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 172 നോട്ടൗട്ടും അഞ്ചുവിക്കറ്റും) അശ്വിന് മുന്‍പ് ഈ നേട്ടം കൈവരിച്ചത്. രണ്ടു ടെസ്റ്റുകളിലും അശ്വിനായിരുന്നു കളിയിലെ കേമന്‍. മാന്‍ ഓഫ് ദ സീരീസും മറ്റാരുമായിരുന്നില്ല. ഇതോടെ ബിസിസിഐയുടെ ദിലീപ് സര്‍ദേശായി പുരസ്‌കാരത്തിനും അശ്വിനെ തിരഞ്ഞെടുത്തു.
21 ഏകദിനങ്ങളില്‍ നിന്ന് അശ്വിന്‍ 358 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ആറ് ട്വന്റി 20യില്‍ നിന്ന് നാല് വിക്കറ്റുകളും.

October 21, 2011

ഇംഗ്ളണ്ടില്‍ തരംതാഴ്ത്തലിന് തീപിടിക്കുമ്പോള്‍


ലോകം എന്നും ജേതാക്കള്‍ക്ക് പിന്നാലെയാണ്. സ്ഥിരമായി ജയിക്കുന്നവര്‍ക്കും ജയിക്കാനായി പൊരുതുന്നവര്‍ക്കും പിന്നാലെ. ലോകത്തേറ്റവും ആരാധകരും കാഴ്ചക്കാരുളള ഇംഗ്ലീഷ് പ്രിമിയര്‍ ലീഗിന്റെ കാര്യവും വ്യത്യസ്തമല്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും ആഴ്‌സനലും ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയുമൊക്കെയേ ആരാധകരുടെ മനസ്സിലേക്ക് പെട്ടെന്ന് ഓടിയെത്തൂ. ഇവരില്‍ത്തന്നെ ആരായിരിക്കും പുതിയ കിരീടാവകാശികള്‍ എന്നായിരിക്കും ഓരോ സീസണിലേയും ചൂടേറിയ ചര്‍ച്ച. ഈ ചൂടന്‍ ചര്‍ച്ചകള്‍ക്കും കിരീടപ്പോരാട്ടത്തിനും ഇടയില്‍ വേണ്ടത്ര ശ്രദ്ധിക്കാതെപോകുന്ന ചില മരണപ്പോരാട്ടങ്ങളുണ്ട്. പ്രിമിയര്‍ ലീഗില്‍നിന്ന് തരംതാഴ്ത്തപ്പെടാതിരിക്കാന്‍ പോയിന്റ് പട്ടികയിലെ അവസാനസ്ഥാനക്കാര്‍ നടത്തുന്ന ജീവന്‍മരണപ്പോരങ്ങള്‍. മിക്കപ്പോഴും കിരീടപ്പോരിനോളം ആവേശം നിറഞ്ഞതായിരിക്കും നിലനില്‍പിനായുളള ഈ പോരാട്ടങ്ങളും.

മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇഞ്ചോടിഞ്ചുളള പോരുമായി മുന്നേറുന്നതിനിടെ ഇത്തവണത്തെ പ്രിമിയര്‍ ലീഗില്‍ മറ്റൊരു കാര്യംകൂടി ചര്‍ച്ചാവിഷയമാവുന്നു. വര്‍ഷങ്ങളായി പിന്തുടരുന്ന തരംതാഴ്ത്തല്‍ സംവിധാനം ഇല്ലാതാക്കണമെന്നാണ് പുതിയ ആവശ്യം. വിദേശ ഉടമസ്ഥര്‍ക്ക് കീഴിലുളള ക്ലബുകളാണ് ഈ ആവശ്യത്തിന് പിന്നില്‍. എന്നാല്‍ ഇംഗ്ലീഷ് ഉടമസ്ഥര്‍ ഇതിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു. പ്രിമിയര്‍ ലീഗില്‍ ഇപ്പോള്‍ കളിക്കുന്ന 20 ക്ലബുകളില്‍ പകുതിയും വിദേശ ഉടമസ്ഥര്‍ക്ക് കീഴിലുളളവയാണ്. ഓരോ സീസണിലെയും മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ പോയിന്റ് പട്ടികയിലെ അവസാന മൂന്ന് സ്ഥാനക്കാരാണ് രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെടുക. രണ്ടാം ഡിവിഷനിലെ ആദ്യമൂന്ന് സ്ഥാനക്കാര്‍ പ്രിമിയര്‍ ലീഗിലേക്ക് യോഗ്യത നേടുകയും ചെയ്യും. ഈ രീതിമാറ്റി എല്ലാ ടീമുകള്‍ക്കും എല്ലാ സീസണിലും കളിക്കാന്‍ അവസരം ഒരുക്കണമെന്നാണ് ചില ക്ലബുകളുടെ ആവശ്യം. ശതകോടികള്‍ ഒഴുകുന്ന അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ ലീഗ് ഇതിന് ഉദാഹരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രിമിയിര്‍ ലീഗിലെ ഒന്നാംനിര ക്ലബുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ചെല്‍സി, ബ്ലാക്ക്‌ബേണ്‍ റോവേഴ്‌സ്, ആഴ്‌സനല്‍, ആസ്റ്റന്‍ വില്ല, ക്യൂന്‍സ് പാര്‍ക് റേഞ്ചേഴ്‌സ് തുടങ്ങിയവരെല്ലാം വിദേശ ഉടമസ്ഥതയ്ക്ക് കീഴിലുളള ക്ലബുകളാണ്. ബ്ലാക്ക്‌ബേണ്‍ ഇന്ത്യന്‍ വ്യവസായികളായ വെങ്കി ഗ്രൂപ്പിന് കീഴിലുളളതാണ്. മാഞ്ചസ്റ്റര്‍ സിറ്റി ദുബായ് ആസ്ഥാനമായുളള ഉടമസ്ഥരുടെയും ക്യൂന്‍സ് പാര്‍ക്ക് റേഞ്ചേഴ്‌സ് മലേഷ്യന്‍ ഉടമസ്ഥരുടെയും കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്‌സനല്‍, ആസ്റ്റന്‍ വില്ല, ലിവര്‍പൂള്‍, സണ്ടര്‍ലാന്‍ഡ് തുടങ്ങിയ ക്ലബുകളുടെ ഉടമസ്ഥര്‍ അമേരിക്കന്‍ കോടീശ്വരന്‍മാരാണ്. റഷ്യന്‍ എണ്ണ വ്യവസായിയായ റൊമാന്‍ അബ്രമോവിച്ചാണ് ചെല്‍സിയുടെ ഉടമസ്ഥന്‍.

ഏഷ്യയില്‍ നിന്നുളള ക്ലബ് ഉടമസ്ഥരാണ് തരംതാഴ്ത്തല്‍ സംവിധാനം ഒഴിവാക്കണമെന്ന വാദം മുന്നോട്ടു വച്ചിരിക്കുന്നത്. കോടികള്‍ മുടക്കുന്നതിന് നഷ്ടം വരാതിരിക്കാനാണ് ഇവരുടെ ഈ നിര്‍ദേശം. മറ്റ് വിദേശ ഉടമസ്ഥരും ഇതിനോട് അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്. സ്വദേശി ഉടമസ്ഥരുളള ക്ലബുകളില്‍ സ്റ്റോക്ക് സിറ്റി ഒഴികെയുളളവരെല്ലാം ഈ ആവശ്യത്തെ ശക്തിയുക്തം എതിര്‍ക്കുകയാണ്. തരംതാഴ്ത്തല്‍ ഒഴിവാക്കിയാല്‍ പ്രിമിയര്‍ ലീഗിന്റെ ആത്മാവ് തന്നെ ചോര്‍ന്നുപോകുമെന്ന് ഈ ക്ലബുകള്‍ വാദിക്കുന്നു. ഇതേസമയം ബോള്‍ട്ടന്‍ വാണ്ടറേഴ്‌സ് ലീഗിലെ ടീമുകളുടെ എണ്ണം കൂട്ടിയാല്‍ മതിയെന്ന നിലപാട് സ്വീകരിക്കുന്ന ക്ലബാണ്.

നിലവിലെ നിയമം അനുസരിച്ച്, പ്രിമിയര്‍ ലീഗിലെ 20 ക്ലബുകളില്‍ 14 ടീമുകളുടെ പിന്തുണയുണ്ടെങ്കിലേ ടൂര്‍ണമെന്റിന്റെ ഘടനയില്‍ മാറ്റം വരുത്താനാവൂ. മാത്രമല്ല, ഇതിന് ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്റെ അനുമതി ലഭിക്കുകയും വേണം. എന്തായാലും വരും ദിവസങ്ങളില്‍ കളിക്കളത്തിലെ തീപാറും പോരാട്ടങ്ങള്‍ പോലെ തന്നെ ആവേശകരമായിരിക്കും തരംതാഴ്ത്തല്‍ ചര്‍ച്ചകളും.

October 19, 2011

നെറ്റിലെ താരം ക്രിസ്റ്റിയാനോ


ലോക ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെയും കളിവിദഗ്ധരുടെയും കണക്കുപുസ്തകത്തില്‍ ലയണല്‍ മെസ്സിയാണ് ഇപ്പോഴത്തെ സൂപ്പര്‍ താരം. എന്നാല്‍ ഇന്റര്‍നെറ്റില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് മിന്നുംതാരം. നെറ്റില്‍ മെസ്സിക്ക് മൂന്നാം സ്ഥാനം മാത്രമേയുളളൂ. ബ്രസീലിന്റെ റയല്‍ മാഡ്രിഡ് താരം കക്കയാണ് ആരാധകരുടെ രണ്ടാമത്തെ പ്രിയതാരം.
ഡേവിഡ് ബെക്കാം, ആന്ദ്രേ ഇനിയസ്റ്റ, വെയ്ന്‍ റൂണി, റൊണാള്‍ഡീഞ്ഞോ, ഫെര്‍ണാണ്ടോ ടോറസ്, സെസ്‌ക് ഫാബ്രിഗാസ്, നെയ്മര്‍ എന്നിവരാണ് നാലു മുതല്‍ പത്ത് വരെ സ്ഥാനങ്ങളിലുളളവര്‍. ഫെയിംകൗണ്ട് എന്ന വെബ്‌സൈറ്റാണ് ഇന്റര്‍നെറ്റില്‍ ഏറ്റവും ആരാധകരുളള ഫുട്‌ബോള്‍ താരങ്ങളുടെ പട്ടിക പുറത്തിറക്കിയത്. ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളെ അധികരിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ക്രിസ്റ്റിയാനോയ്ക്ക് ഫേസ്ബുക്കില്‍ 32 ദശലക്ഷം ആരാധകരും ട്വിറ്ററില്‍ 37 ലക്ഷം ഫോളോവേഴ്‌സും യൂട്യൂബില്‍ 50 ലക്ഷം സ്ഥിരം കാഴ്ചക്കാരുമുണ്ട്. രണ്ടാം സ്ഥാനത്തുളള കക്കയ്ക്ക് ട്വിറ്ററില്‍ 53 ലക്ഷം ഫോളോവേഴ്‌സും ഫേസ്ബുക്കില്‍ 10.7 ദശലക്ഷം ആരാധകരുമാണുളളത്.ട്വിറ്ററില്‍ ഏറ്റവും ഫോളോവേഴ്‌സുളള ഫുട്‌ബോളറും കക്കയാണ്. മെസ്സിക്ക് എല്ലാ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ നിന്നും 23 ദശലക്ഷം ആരാധകരേയുളളൂ.
ഏറ്റവും ആരാധകരുളള ടീമെന്ന ബഹുമതി സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡിനാണ്. റയലിന്റെ ചിരവൈരികളായ ബാഴ്‌സലോണയാണ് രണ്ടാം സ്ഥാനത്ത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മൂന്നാം സ്ഥാനം സ്വന്തമാക്കി. ട്വിറ്ററിലും യൂട്യൂബിലുമാണ് റയലിനും ബാഴ്‌സയ്ക്കും കൂടുതല്‍ ആരാധകരുളളത്.
ഫേസ്ബുക്കില്‍ മാത്രം മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് മുന്നില്‍. ഫേസ്ബുക്കില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയതും ഇംഗ്ലീഷ് ക്ലബുകളാണ്. ആഴ്‌സനലും ചെല്‍സിയുമാണ് മാന്‍യുവിന് പിന്നിലെത്തിയ ടീമുകള്‍. മാന്‍യുവിന് 18 ദശലക്ഷം ആരാധകരാണുളളത്. ഇതേസമയം ആഴ്‌സനലിന് 7.2 ദശലക്ഷം ആരാധകരും ചെല്‍സിക്ക് 6.8 ദശലക്ഷം ആരാധകരുമാണുളളത്.

October 7, 2011

ബിഗ് ഫോറില്‍ ഇനി ആരൊക്കെ?

ഇരുപത് ടീമുകള്‍ മാറ്റുരയ്ക്കുന്നുണ്ടെങ്കിലും ബിഗ് ഫോര്‍ ആണ് എന്നും ഇംഗ്ലീഷ് പ്രിമിയര്‍ ലീഗിനെ ലോകമെമ്പാടുമുളള ഫുട്‌ബോള്‍ പ്രേമികളുടെ ഇഷ്ടപോരാട്ടവേദിയാക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, ആഴ്‌സനല്‍, ലിവര്‍പൂള്‍ എന്നിവരാണ് പ്രിമിയര്‍ ലീഗില്‍ തലയെടുപ്പോടെ നെഞ്ചുവിരിച്ചു നില്‍ക്കുന്ന നാല് ടീമുകള്‍. ഈ നാല് ടീമുകളുടെ ആധിപത്യമാണ് എല്ലാ വര്‍ഷവും ഉണ്ടാവാറുളളത്. ഇവരില്‍ ആര് കപ്പുനേടും എന്നതായിരിക്കും ചോദ്യം. ഈ ചോദ്യത്തില്‍ മാറ്റമുണ്ടാവില്ലെങ്കിലും ബിഗ് ഫോര്‍ ഉടച്ചുവാര്‍ക്കപ്പെടുന്നു എന്നതാണ് ഇത്തവണത്തെ പ്രിമിയര്‍ ലീഗിന്റെ സവിശേഷത.

ആഴ്‌സനലിന്റെയും ലിവര്‍പൂളിന്റെയും ശക്തിക്ഷയമാണ് പ്രിമിയര്‍ ലീഗിലെ പുതിയ കാഴ്ച. മാഞ്ചസ്റ്റര്‍ സിറ്റിയും ടോട്ടന്‍ഹാമുമാണ് ഇവരുടെ സ്ഥാനത്ത് എത്താന്‍ പോകുന്നത്. കഴിഞ്ഞ സീസണില്‍ തന്നെ ഇതിന്റെ സൂചനയുണ്ടായിരുന്നു. ഇത്തവണയാവട്ടെ ഇത് വളരെ പ്രകടവും ഉറപ്പുമായിക്കഴിഞ്ഞു. അത്ഭുതങ്ങള്‍ സംഭവിച്ചാലെ ബിഗ്‌ഫോറില്‍ മാറ്റം വരാതിരിക്കൂ.ഏഴാം റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോഴേക്കും 19 പോയിന്റ് വീതംനേടി മാഞ്ചസ്റ്റര്‍ യുണൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. 16 പോയിന്റുമായി ചെല്‍സിയും തൊട്ടുപിന്നിലുണ്ട്. ലിവര്‍പൂള്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്. ടോട്ടന്‍ഹാം ആറാമതും. ആഴ്‌സനലിന്റെ കാര്യമാണ് ദയനീയം. പതിനഞ്ചാം സ്ഥാനത്താണ് ഗണ്ണേഴ്‌സ്.

കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 80 പോയിന്റ് നേടിയാണ് കിരീടം നേടിയത്. ചെല്‍സി 71 പോയിന്റോടെ രണ്ടും മാഞ്ചസ്റ്റര്‍ സിറ്റി (71) മൂന്നും സ്ഥാനങ്ങളിലെത്തി. ആഴ്‌സനല്‍ (68),ടോട്ടന്‍ഹാം (62),ലിവര്‍പൂള്‍ (58) എന്നിവരാണ് തുടര്‍ന്നുളള സ്ഥാനങ്ങളില്‍ എത്തിയ ടീമുകള്‍. ഈ നിരയെന്തായാലും ഇത്തവണയുണ്ടാവില്ലെന്ന് കഴിഞ്ഞ മത്സരങ്ങള്‍ തെളിയിക്കുന്നു. കഴിഞ്ഞ 19 വര്‍ഷത്തിനിടെ ബിഗ്‌ഫോറിലുള്‍പ്പെടാത്ത ഒരെയൊരു ടീമേ കപ്പുയര്‍ത്തിയിട്ടുളളൂ. ബ്ലാക്ക്‌ബേണ്‍ ആണ് ആ നേട്ടത്തിന് അവകാശികള്‍. ഇത്തവണ ഈ അട്ടിമറി നടന്നാല്‍ അത്ഭുതപ്പെടേണ്ട. മാഞ്ചസ്റ്റര്‍ സിറ്റിയും ടോട്ടന്‍ഹാമും എന്തിനും പോന്ന കളിസംഘങ്ങളായിരിക്കുന്നു ഇപ്പോള്‍.

പ്രിമിയര്‍ ലീഗില്‍ രണ്ടുതവണയുള്‍പ്പടെ 13 തവണ ഇംഗ്ലീഷ് ചാമ്പ്യന്‍മാരായ ടീമാണ് ആഴ്‌സനല്‍. എട്ട് തവണ രണ്ടാം സ്ഥാനക്കാരായി. എന്നാലിന്ന് ആഴ്‌സനലിന്റെ ആയുധപ്പുര ശുഷ്‌കമാണ്. ബിഗ്‌ഫോറിലെ സ്ഥാനംപോലും അവര്‍ക്ക് വിദൂരമാണിപ്പോള്‍. ആഴ്‌സനലിന്റെ മുന്‍പ്രതിരോധതാരം ലീ ഡിക്‌സനും ഇതേഅഭിപ്രായമാണ് പങ്കുവയ്ക്കുന്നത്. ആദ്യ നാല് സ്ഥാനത്തെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട. ടീമിന്റെ ഇപ്പോഴത്തെ കളികണ്ടാല്‍ ആദ്യ എട്ടില്‍ എത്താന്‍ കഴിയുമോ എന്നുപോലും സംശയമാണ്. ആദ്യ ആറില്‍ എത്തിയാല്‍ മഹാഭാഗ്യം. ഇതുവരെ രണ്ട് കളികള്‍ മാത്രമാണ് ആഴ്‌സനലിന് ജയിക്കാനായത്.

മുന്‍നിര താരങ്ങള്‍ ഒന്നടങ്കം ടീംവിട്ടുപോയതും പ്രതിരോധനിര പരുക്കിന്റെ പിടിയിലായതുമാണ് ആഴ്‌സനലിന്റെ കെട്ടുപൊട്ടിച്ചത്. ക്യാപ്റ്റന്‍ സെസ്‌ക് ഫാബ്രിഗാസിന്റേയും സമീര്‍ നസ്രിയുടെയും കൂടുമാറ്റം ഉണ്ടാക്കിയ ക്ഷീണത്തില്‍ നിന്ന് ആഴ്‌സനലിന് ഉടനെയൊന്നും മോചനം നേടാനാവില്ല. ഇവര്‍ക്കൊപ്പം നില്‍ക്കുന്ന പകരക്കാരെ ടീമിലെടുക്കാനാവുന്നില്ല എന്നത് തന്നെയാണ് ഇതിന് കാരണം. പാട്രിക് വിയേര, തിയറി ഒന്റി, ഡെന്നിസ് ബെര്‍ഗ്കാംപ് എന്നിവരടങ്ങിയ താരനിരയുളളപ്പോഴായിരുന്നു ആഴ്‌സനലിന്റെ സമീപകാലമിന്നുംകാലം. ഇവര്‍ ഓരോരുത്തരായി ടീം വിട്ടതോടെ ആഴ്‌സനല്‍ കിതയ്ക്കാന്‍ തുടങ്ങി. യുവതാതരങ്ങളിലായിരുന്നു അപ്പോഴും കോച്ച് ആര്‍സന്‍ വെംഗറുടെ പ്രതീക്ഷ. അത് അസ്ഥാനത്തല്ലായിരുന്നു താനും. എന്നാല്‍ അസമയത്ത് ഇവരെല്ലാം മറ്റ് ക്ലബുകളിലേക്ക് ചേക്കറിയത് വെംഗറുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.

പ്രതിരോധനിരയിലെ തോമസ് വെര്‍മാലെന്‍, യോഹാന്‍ ജൗറൂ, സെബാസ്റ്റിയന്‍ സ്‌കിലാചി, ലോറന്റ് കോസിയെല്‍നി, ബകാരി സാംഗ എന്നിവരെല്ലാം പരിക്കിന്റെ പിടിയിലാണ്. ഇവരുടെ അഭാവത്തില്‍ ആഴ്‌സനല്‍ പ്രതിരോധം ദുര്‍ബലമായി. ഇവര്‍ക്കൊപ്പം മധ്യനിരയിലെ അബൂ ദിയബിയും ജാക് വില്‍ഷേറും പരുക്കേറ്റ് പുറത്തായത് ആഴ്‌സനലിന് ഇരട്ടപ്രഹരമായി. തിയോ വാല്‍ക്കോട്ട്, റോബിന്‍ വാന്‍പേഴ്‌സി, ആരോണ്‍ റാംസേ, ആന്ദ്രേ അര്‍ഷാവിന്‍ തുടങ്ങിയവരുടെ ബൂട്ടുകളില്‍ അമിതപ്രതീക്ഷയര്‍പ്പിച്ചാണ് ആഴ്‌സനലിപ്പോള്‍ പോരിനിറങ്ങുന്നത്. അര്‍ഷാവിനടക്കമുളള താരങ്ങള്‍ പഴയഫോമിന്റെ നിഴലുകള്‍ മാത്രമായതും ആഴ്‌സനലിന്റെ നില ഗുരുതരമാക്കി. ലിവര്‍പൂളിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. സ്റ്റീവന്‍ ജെറാര്‍ഡിനെ മാത്രം ആശ്രയിച്ചാണ് ലിവര്‍പൂളിന്റെ ഗതിവിഗതികള്‍.

September 30, 2011

കസ്റ്റഡിയിലുണ്ടോ, ഈ ഓര്‍മകള്‍ ?


സാല്‍ഗോക്കര്‍ ഗോവ കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ ഈസ്റ്റ് ബംഗാളിനെ ചവിട്ടിയരച്ച് ഫെഡറേഷന്‍ കപ്പില്‍ മുത്തമിട്ടപ്പോള്‍ എന്റെ ഓര്‍മകള്‍ ഡ്രിബിള്‍ ചെയ്ത് കയറിയത് രണ്ട് പതിറ്റാണ്ട് പിന്നിലേക്കായിരുന്നു, കണ്ണൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലേക്ക്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കി ഫെഡറേഷന്‍ കപ്പ് കസ്റ്റഡിയിലാക്കിയ മലയാളികളുടെ സ്വന്തം കേരള പൊലീസിന്റെ വിജയാരവങ്ങളിലേക്ക്. സാല്‍ഗോക്കര്‍ ഇത്തവണ കിരീടം ചൂടിയപ്പോള്‍ കേരള പൊലീസിന്റെ, കേരള ഫുട്‌ബോളിന്റെ ചരിത്ര നേട്ടത്തിന് രണ്ട് പതിറ്റാണ്ട് തികഞ്ഞു.

അതൊരു കാലമായിരുന്നു. സുവര്‍ണകാലം. കളിക്കാനും ജയിക്കാനും തങ്ങള്‍ക്കൊരു ടീമുണ്ടെന്ന് മലയാളികള്‍ വിശ്വസിച്ച, ആര്‍പ്പുവിളിച്ച കളിക്കാലം. ഫുട്‌ബോളിനെ ഇഷ്ടപ്പെട്ട ഓരോ മലയാളിയുടെയും ഹൃദയത്തിലായിരുന്നു പൊലീസ് താരങ്ങളുടെ സ്ഥാനം.കേരള ഫുട്‌ബോളെന്ന് കേള്‍ക്കുമ്പോള്‍ ഇന്നും അന്നത്തെ ആ സുവര്‍ണതാരങ്ങളാണ് എല്ലാവരുടെയും മനസ്സിലേക്ക് ഓടിയെത്തുക. മലയാളികള്‍ അത്രമേല്‍ അവരെ സ്‌നേഹിച്ചിരുന്നു, ആ സ്‌നേഹം അവര്‍ തിരച്ചറിയുകയും പകരം കളിക്കളത്തില്‍ മിന്നല്‍പ്പിണരുകളാവുകയും ചെയ്തു. ഇക്കാലയളവില്‍ തന്നെയായിരുന്നു സന്തോഷ് ട്രോഫിയിലെ കേരളത്തിന്റെ ഉയിര്‍പ്പും മുന്നേറ്റവും.

1991ല്‍ എഡിസന്റെ ഗോളിനായിരുന്നു കേരള പൊലീസ് ഫെഡറേഷന്‍ കപ്പുയര്‍ത്തിയത്. രണ്ടാം ഗോള്‍ മഹീന്ദ്രയുടെ സംഭാവനയായിരുന്നു. ടൂര്‍ണമെന്റില്‍ പൊലീസിന്റെ സക്കീര്‍ ആറുഗോളുകളോടെ നിറഞ്ഞുനിന്നും. തൊട്ടുമുന്‍പത്തെ വര്‍ഷം തൃശൂരിലും കപ്പ് പൊലീസിന്റെ കസ്റ്റഡിയില്‍ തന്നെയായിരുന്നു. അന്ന് സാല്‍ഗോക്കറിനെയാണ് കേരള പൊലീസ് വലയിലാക്കിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്. ടൈറ്റാനിയവും കെ എസ് ഇ ബിയും കെല്‍ട്രോണുമൊക്കെ ഉണ്ടായിരുന്നെങ്കിലും പൊലീസ് തന്നെയായിരുന്നു കേരളത്തിന്റെ ടീം.

വി പി സത്യന്‍, യു ഷറഫലി, കെ ടി ചാക്കോ, ഐ എം വിജയന്‍, സി വി പാപ്പച്ചന്‍, ഹബീബുര്‍ റഹ്മാന്‍, കുരികേശ് മാത്യു, തോബിയാസ്, സി ജാബിര്‍, പി ടി മെഹബൂബ്, എം റഷീദ്, സെബാസ്റ്റ്യന്‍ നെറ്റോ, അല്ക്‌സ് എബ്രഹാം, എം ബാബുരാജ്, ലിസ്റ്റന്‍, എ സക്കീര്‍, സുധീര്‍ കുമാര്‍, കലാധരന്‍, മൊയ്തീല്‍ ഹുസൈന്‍, സന്തോഷ്, രാജേഷ്, എഡിസന്‍...ഇവരായിരുന്നു ആ സുവര്‍ണതാരങ്ങള്‍. സത്യനും ഷറഫലിയും പാപ്പച്ചനും വിജയനും തോബിയാസും ചാക്കോയും ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ ബാങ്കിലേക്ക് ചേക്കേറുകയും പിന്നീട് ഓര്‍മകളിലേക്ക് മറയുകയും ചെയ്ത സത്യന്‍ ഒഴികെ മിക്കവരും ഇന്നും കേരള പൊലീസിന്റെ ഭാഗമാണ്. പ്രൊഫഷണല്‍ ഫുട്്‌ബോളിലേക്ക് ചേക്കേറിയ വിജയന്‍, ടീം വിട്ടെങ്കിലും ഇപ്പോള്‍ പൊലീസിലേക്ക് മടങ്ങിയെത്താനുളള ഒരുക്കത്തിലാണ്. മറ്റുളളവരെല്ലാം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ടിക്കുന്നു, നിറമുളള പഴയകാല ഓര്‍മകളില്‍.

1991ന് ശേഷം കേരള പൊലീസിന്റെ നേട്ടങ്ങള്‍ ചുരുങ്ങി വന്നു. അതിനേക്കാള്‍ വേഗത്തിലായിരുന്നു കേരള ഫുട്‌ബോളിന്റെ തളര്‍ച്ച. എഫ് സി കൊച്ചിനും എസ് ബി ടിയും വിവ കേരളയുമൊക്കെ തലയുയര്‍ത്താന്‍ നോക്കിയെങ്കിലും കേരള പൊലീസിന്റെ നേട്ടത്തിന് അരികിലെത്താന്‍ പോലുമായില്ല. മലയാളികള്‍ മാത്രം കളിച്ച് രാജ്യത്തെ ഒന്നാം നമ്പര്‍ ടീമായി മാറിയെന്നതാണ് പൊലീസിനെ വ്യത്യസ്തമാക്കിയത്. അതുകൊണ്ടുതന്നെ, പൊലീസ് ടീമിന് ലഭിച്ച സ്വീകാര്യതയോ സ്‌നേഹമോ മറ്റാര്‍ക്കും ലഭിച്ചില്ലെന്നതും സത്യം. കേരള പൊലീസിനെ ഉരുക്കുമുഷ്ടിക്കപ്പുറത്ത് ജനകീയമാക്കിയതും മലയാളികളുടെ ഹൃദയത്തിലേറ്റിയതും ഈ ഫുട്‌ബോള്‍ താരങ്ങളായിരുന്നു.

ഇന്ന് സന്തോഷ് ട്രോഫി സെമിഫൈനലില്‍പ്പോലും എത്താനാവാതെ വെളളം കുടിക്കുകയാണ് കേരള ഫുട്‌ബോള്‍. നല്ല കളിത്തട്ടുകളില്ല. ടീമുകളില്ല. കളിക്കാരുമില്ല. ജീവനില്ലാത്ത അസോസിയേഷനും ഫുട്‌ബോളിനെ ഒരിഞ്ചുപോലും സ്‌നേഹിക്കാത്ത ഫുട്‌ബോള്‍ ഭരണാധികാരികളും മാത്രം ബാക്കിയായി. പിന്നെ കുറെ നല്ല ഓര്‍മകളും....

September 26, 2011

സ്വപ്‌നങ്ങള്‍ ബാക്കിയാക്കി കാംബ്ലി പാഡഴിച്ചു


സ്വപ്‌നങ്ങള്‍ ബാക്കിയാക്കിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച പ്രതിഭകളിലൊരാളായ വിനോദ് കാംബ്ലി കളിയില്‍ നിന്ന് വിരമിച്ചത്. എന്നെന്നേക്കുമായി പാഡഴിക്കുകയാണെന്ന് പറയമ്പോഴും കാംബ്ലിയുടെ മനസ്സ് ക്രീസില്‍ തന്നെയായിരുന്നു. എന്നാല്‍, അധികൃതര്‍ തുടര്‍ച്ചയായി അവഗണിക്കുന്നതിനാല്‍ ഇനി കാത്തിരിക്കുന്നില്ലെന്ന വാക്കുകളോടെ കാംബ്ലി വിരമിക്കല്‍ പ്രഖ്യാപനം നടത്തുകയായിരുന്നു.

വിരമിക്കല്‍

2005ലാണ് ഞാന്‍ അവസാനമായി മുംബയ്ക്കുവേണ്ടി കളിച്ചത്. അന്നുമുതല്‍ കഴിഞ്ഞമാസം വരെ പരിശീലനം നടത്തിയിരുന്നു. മുംബയ് ക്രിക്കറ്റ് അസോസിയേഷന്‍ അക്കാഡമിയില്‍ ചന്ദ്രകാന്ദ് പണ്ഡിറ്റിന് കീഴിലായിരുന്നു പരിശീലനം. എന്നിട്ടും സെലക്ടര്‍മാര്‍ എന്നെ തഴഞ്ഞു. ഇങ്ങനെയൊരാള്‍ ഇല്ലെന്ന രീതിയിലായിരുന്നു സെലക്ടര്‍മാരുടെ പ്രതികരണങ്ങള്‍. വേദനയോടെയാണ് പാഡഴിക്കാന്‍ തീരുമാനിച്ചത്.

കുറ്റബോധം

17 ടെസ്റ്റുകള്‍ മാത്രമേ കളിച്ചുളളൂ എന്നത് ഇപ്പോഴുമുളള വേദനയാണ്. ടെസ്റ്റില്‍ 54 ബാറ്റിംഗ് ശരാശരിയോടെ മികച്ചരീതിയില്‍ കളിക്കുമ്പോഴാണ് സെലക്ടര്‍മാര്‍ എന്നെ ഏകദിന കളിക്കാരന്‍ എന്ന് മുദ്രകുത്തിയത്. അപ്പോള്‍ എനിക്ക് 24 വയസ്സേ ഉണ്ടായിരുന്നുളളൂ. പിന്നെ അസമയത്ത് വന്ന പരിക്കുകള്‍കൂടിയായപ്പോള്‍ എല്ലാം താളംതെറ്റി. മറ്റ് കളിക്കാര്‍ക്ക് ലഭിച്ച അവസരമോ ഭാഗ്യമോ എനിക്കുണ്ടായില്ല.

ഓര്‍മ

ഷെയ്ന്‍ വോണിന്റെ ഒരോവറില്‍ 22 റണ്‍സെടുത്തതാണ് പെട്ടെന്ന് മനസ്സില്‍ വരുന്നത്. വോണിന്റെ ആദ്യ പന്ത് പ്രതിരോധിക്കുകയാണ് ചെയ്തത്. അപ്പോള്‍ വോണ്‍ അനാവശ്യ വാക്കുകള്‍ പറഞ്ഞു. പിന്നെ കടന്നാക്രമിക്കുകയായിരുന്നു ഞാന്‍. അന്ന് ഭാഗ്യം എന്നോടൊപ്പമായിരുന്നു.

അശ്രദ്ധ

എനിക്കെതിരെ എന്നുമുണ്ടായിരുന്ന ആരോപണമാണിത്. ഇപ്പോഴത്തെ കളിക്കാരെ നോക്കൂ. അവര്‍ ടാറ്റൂ ഉപയോഗിക്കുന്നു. കാതുകുത്തുന്നു. വിവിധ തരത്തിലുളള വസ്ത്രങ്ങള്‍ ധരിക്കുന്നു. ഞാന്‍ കളിച്ചിരുന്നു കാലത്ത്് ഈ രീതിയില്ലായിരുന്നു. പക്ഷേ ഞാന്‍ ഇതെല്ലാം അന്നേ ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോഴും ഇഷ്ടപ്പെടുന്നു. അതാണെന്റെ സ്റ്റൈല്‍. അത് എല്ലാവരും തെറ്റിദ്ധരിക്കുകയായിരുന്നു.

സ്വപ്‌നം

സച്ചിനൊപ്പം ഒരിക്കല്‍ക്കൂടി നീണ്ട ഇന്നിംഗ്‌സ് കളിക്കണം എന്നുണ്ടായിരുന്നു. അതുപോലെ ഐ പി എല്ലില്‍ കളിക്കുകയെന്നതും എന്റെ സ്വപ്‌നമായിരുന്നു. പക്ഷേ അതൊന്നും സഫലമാക്കാന്‍ കഴിഞ്ഞില്ല.( സ്‌കൂള്‍ ക്രിക്കറ്റില്‍ കളിച്ചപ്പോള്‍ കാംബ്ലിയും സ്ച്ചിനും 664 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ട് ഉണ്ടാക്കിയിരുന്നു).

39കാരനായ കാംബ്ലി 1993ല്‍ ഇംഗ്ലണ്ടിനെതിരെയാണ് അരങ്ങേറിയത്. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികച്ചത് കാംബ്ലി ആയിരുന്നു. 1995ല്‍ ന്യൂസിലന്‍ഡിനെതിരെ അവാസന ടെസ്റ്റ് കളിച്ചു. നാല് സെഞ്ച്വറികളോടെ 1084 റണ്‍സെടുത്തു. ഇതില്‍ രണ്ടെണ്ണം ഇരട്ടസെഞ്ച്വറികളായിരുന്നു. മുംബയില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 224 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
പാകിസ്ഥാനെതിരെ ആയിരുന്നു ഏകദിനത്തിലെ തുടക്കം. 104 ഏകദിനങ്ങളില്‍ നിന്ന് 2477 റണ്‍സെടുത്തു, രണ്ട് സെഞ്ച്വറികള്‍ ഉള്‍പ്പടെ. ഉയര്‍ന്ന സ്‌കോര്‍ 104 റണ്‍സ്. രണ്ടായിരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഷാര്‍ജയില്‍ അവസാന ഏകദിനം.

നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തിയായിരുന്നു ഒന്നാം ക്ലാസ് ക്രിക്കറ്റില്‍ കാംബ്ലിയുടെ അരങ്ങേറ്റം. അതിവേഗത്തില്‍ രാജ്യാന്തര ക്രിക്കറ്റിലും മിന്നിത്തിളങ്ങി. അതിനേക്കാള്‍ വേഗത്തിലായിരുന്നു കാംബ്ലിയുടെ പതനവും. കാംബ്ലിയുടെ വിരമിക്കലിന് പോലുമുണ്ട് കരിയറിലെ തിരിച്ചടികളുടെ തുടര്‍ച്ച. കാംബ്ലിയുടെ വിരമിക്കല്‍ പ്രഖ്യാപന ദിവസം തന്നെയാണ് പാകിസ്ഥാന്‍ ബൗളര്‍ ഷുഐബ് അക്തര്‍ ആത്മകഥ പ്രകാശനം ചെയ്തത്. സച്ചിനും ദ്രാവിഡിനുമെതിരെ അക്തര്‍ ആത്മകഥയില്‍ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ കാംബ്ലിയുടെ വിരമിക്കല്‍ വാര്‍ത്തയെയും മുക്കി.


September 20, 2011

തുണിയഴിക്കൂ, ഇന്ത്യന്‍ സ്‌പോര്‍ട്‌സിനെ രക്ഷിക്കൂ...

ഇന്ത്യന്‍ സ്‌പോര്‍ട്‌സില്‍ ഇത് തുണിയുരിയല്‍ കാലം. ഇന്ത്യ ജയിച്ചാലും തോറ്റാലും തുണിയുരിയല്‍ എന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നു കാര്യങ്ങള്‍. ഇന്ത്യ ഏകദിന ലോകകപ്പ് നേടിയാല്‍ വിവസ്ത്രയാവുമെന്ന് പ്രഖ്യാപിച്ച് മോഡലായ പൂനം പാണ്ഡെയാണ് ഈ ട്രെന്‍ഡിന് തുടക്കമിട്ടത്. ഇപ്പോഴിതാ അവഗണനയുടെ കയ്പുനീര്‍ കുടിക്കുന്ന ഇന്ത്യന്‍ ഹോക്കി ടീമിനെ സഹായിക്കാന്‍ ഒരുത്തി വിവസ്ത്രയാവാന്‍ ഒരുങ്ങുന്നു. നടിയും മോഡലും ഡി ജെയുമായ ജെന്നിയാണ് ഹോക്കി ടീമിന്റെ ദയനീയാവസ്ഥകണ്ട് നഗ്‌നതാ പ്രദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രഥമ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ജേതാക്കളായ ഇന്ത്യന്‍ ടീം നേരിട്ട അവഗണനിയില്‍ മനംനൊന്താണ് ജെന്നി തുണിയഴിക്കാന്‍ തീരുമാനിച്ചത്. തന്റെ നഗ്‌നചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ലേലം ചെയ്ത് കിട്ടുന്ന തുക ഹോക്കി ടീമിന് നല്‍കുമെന്നാണ് ജെന്നിയുടെ പ്രഖ്യാപനം. ഇതിനായി ജെന്നി ഉടന്‍ നഗ്‌നഫോട്ടോഷൂട്ട് നടത്തും. കോടികള്‍ പ്രതിഫലവും സമ്മാനവുമായി വാങ്ങുന്ന ക്രിക്കറ്റ് താരങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ ഹോക്കി താരങ്ങളുടെ അവസ്ഥ പരിതാപകരമാണ്. ഇത് അനുവദിക്കാനാവില്‌ള. അധികൃതര്‍ കടുത്ത അനീതിയാണ് ഹോക്കിയോട് കാണിക്കുന്നത്. ഇതിനോടുളള പ്രതിഷേധവും ഒപ്പം താരങ്ങളെ സഹായിക്കലുമാണ് തന്റെ ഉദ്ദേശ്യമെന്ന് ജെന്നി പറയുന്നു.

ജന്‍ലോക്പാല്‍ ബില്ലിനായി അന്നാ ഹസാരെ നിരാഹാര സമരം നടത്തിയപ്പോഴും അല്‍വസ്ത്രം ധരിച്ച് ജെന്നി പിന്തുണയുമായി എത്തിയിരുന്നു.പാകിസ്ഥാനെ തോല്‍പിച്ച് ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീടം ചൂടിയ ഇന്ത്യന്‍ ടീമിന് സമ്മാനമായി വാഗ്ദാനം ചെയ്തത് 25,000 രൂപ മാത്രമായിരുന്നു. താരങ്ങള്‍ ഈ തുക നിരസിച്ചു. പിന്നീട് കേന്ദ്ര സര്‍ക്കാര്‍ പ്രതിഫലം ഒന്നേകാല്‍ ലക്ഷമാക്കി ഉയര്‍ത്തുകയായിരുന്നു.

ഹോക്കി ടീമിന് പണമുണ്ടാക്കാന്‍ തുണിയഴിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ജെന്നി അതിവേഗം ആഗോള താരമായി മാറിക്കഴിഞ്ഞു. ഒരു രാജ്യാന്തര പുരുഷ മാഗസിന്‍ ജെന്നിയുടെ നഗ്‌നചിത്രത്തിന് പത്തുലകഷം രൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. മൂന്നു ഹോക്കി സ്റ്റിക്കുകള്‍ കൊണ്ടു മാത്രം നഗ്‌നത മറച്ചുള്ള ഒരു കവര്‍ ചിത്രമാണ് ഇവര്‍ക്കു വേണ്ടത്. ഇവര്‍ മാത്രമല്ല ജെന്നിയുടെ ചിത്രങ്ങള്‍ ലഭിക്കുന്നതിനായി പ്രമുഖ വെബ്മാഗസിനുകളും മത്സരം തുടങ്ങിക്കഴിഞ്ഞു.

നേരത്തേ, ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായെങ്കിലും പൂനം പാണ്ഡെയക്ക് തുണിയഴിക്കാന്‍ ബിസിസിഐ അനുമതി നല്‍കിയിരുന്നില്ല. കളിക്കാര്‍ക്ക് മുന്നില്‍ സ്വകാര്യമായി വിവസ്ത്രയാവാമെന്ന വാഗ്ദാനവും ബോര്‍ഡ് നിരസിച്ചു. എന്നാല്‍ ഇംഗ്‌ളണ്ട് പര്യടനത്തിനിടെ ടീം ഇന്ത്യ തുടര്‍തോല്‍വികള്‍ നേരിട്ടപ്പോള്‍ പൂനം വീണ്ടും രംഗത്തെത്തി. ട്വിറ്ററില്‍ തന്റെ അല്‍പവസ്ത്ര ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തിയായിരുന്നു രണ്ടാം വരവ്. തന്റെ ഹോട്ട് സീനുകള്‍ കണ്ട് താരങ്ങള്‍ ഉത്തേജിതരാവും എന്നാണ് പൂനം കരുതിയത്. എന്നാല്‍ അതുകൊണ്ടൊന്നും ടീം ഇന്ത്യയെ രക്ഷിക്കാനായില്ല. ഇംഗ്‌ളണ്ടില്‍ കളിച്ച മത്സരങ്ങളെല്ലാം തോറ്റാണ് ധോണിയും സംഘവും മടങ്ങിയെത്തിയത്.

August 23, 2011

നിഴലില്‍ നിന്ന് വെളിച്ചത്തിലേക്ക്


ഒടുവില്‍ ക്രിക്കറ്റ് ചരിത്രം ആദ്യമായി രാഹുല്‍ ദ്രാവിഡ് എന്ന മാന്യനോട് നീതിപുലര്‍ത്തി, രാജ്യാന്തര ക്രിക്കറ്റ് ജീവിതത്തിന്റെ പതിനഞ്ചാം വര്‍ഷത്തില്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന ബാറ്റിംഗ് യന്ത്രം 91 റണ്‍സിന് പുറത്തായതോടെയാണ് ദ്രാവിഡിന് അര്‍ഹിച്ച അംഗീകാരം ലഭിച്ചത്. ഒരുപക്ഷേ, കടുത്ത സച്ചിന്‍ ആരാധകര്‍ ഇത് സമ്മതിക്കില്ലായിരിക്കാം. എങ്കിലും സത്യം അതാണ്. റണ്‍വേട്ടയുടെയും ക്ഷമയുടെയും ആള്‍രൂപമായതിനപ്പുറം, സച്ചിന്റെ അന്യമായ നൂറാം സെഞ്ച്വറിയാണ് ദ്രാവിഡിനെ പരമ്പരയുടെ താരമാക്കിയത്.

അന്ധമായി സച്ചിനുവേണ്ടി വാദിക്കുന്നവര്‍ ഇതൊന്നു വായിക്കൂ... സച്ചിന്‍ നൂറാം സെഞ്ച്വറി നേടിയിരുന്നെങ്കില്‍ ദ്രാവിഡിന്റെ വീരോചിതമായ മൂന്ന് സെഞ്ച്വറികള്‍ ചരിത്രത്തിന്റെ അരികുപോലും പറ്റാതെ പോവുമായിരുന്നു. ഇംഗ്ലണ്ടിനെതിരെയുളള ടെസ്റ്റ് പരമ്പരയിലെ വിശേഷണമില്ലാത്ത തോല്‍വിയുടെ നാണക്കേട് ഒരൊറ്റ സെഞ്ച്വറിയുടെ പേരില്‍ കുറഞ്ഞകാലത്തെ ഓര്‍മമാത്രമുളള ക്രിക്കറ്റ് പ്രേമികള്‍ മറക്കുകയും ചെയ്‌തേനേ. കാരണം ദ്രാവിഡിന്റെ ക്രിക്കറ്റ് ജീവിതം അങ്ങനെയാണ്. അരങ്ങേറ്റ ടെസ്റ്റ് മുതല്‍. എപ്പോഴും വന്‍മരങ്ങളുടെ നിഴലില്‍ തളരാത്ത, വാടാത്ത കുറ്റിച്ചെടിയായിരുന്നു ദ്രാവിഡ്. വന്‍മരങ്ങള്‍ ചതിച്ചപ്പോഴെക്കെ ഏത് പ്രതലത്തിലും കാലാവസ്ഥയിലും താങ്ങാന്‍ ഈ കുറ്റിച്ചെടിയേ ഉണ്ടായിരുന്നുളളൂ.

1996 ജൂണ്‍ 20ന് ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ദ്രാവിഡിന്റെ അരങ്ങേറ്റം. ദ്രാവിഡ് 95 റണ്‍സ് നേടിയെങ്കിലും 131 റണ്‍സ് നേടിയ സൗരവ് ഗാംഗുലിയുടെ പേരിലാണ് ആ മത്സരം ചരിത്രത്തില്‍ രേഖപ്പെടുത്തിയത്. പിന്നീട് സമാനസംഭവങ്ങളുടെ തുടര്‍ച്ചയായിരുന്നു ദ്രാവിഡിന്റെ ജീവിതം. 1999ലെ ലോകകപ്പില്‍ ഗാംഗുലി 183 റണ്‍സുമായി ശ്രീലങ്കയ്‌ക്കെതിരെ കത്തിപ്പടര്‍ന്നപ്പോള്‍ മറുവശത്ത് ദ്രാവിഡ് ഉണ്ടായിരുന്നു, 145 റണ്‍സുമായി. എന്നാല്‍ ദാദയുടെ വെടിക്കെട്ടേ ആരാധകര്‍ ഓര്‍ത്തുളളൂ. തൊട്ടുപിന്നാലെ ന്യൂസിലാന്‍ഡിനെതിരെ സച്ചിന്‍ 186 റണ്‍സ് അടിച്ചുകൂട്ടിയപ്പോഴും മറുവശത്ത് ദ്രാവിഡായിരുന്നു. 153 റണ്‍സാണ് ദ്രാവിഡ് അടിച്ചുകൂട്ടിയത്. സച്ചിന്‍ - ദ്രാവിഡ് കൂട്ടുകെട്ട് 331 റണ്‍സിന്റെ റെക്കാഡും പടുത്തുയര്‍ത്തി. അവിടെയും സച്ചിനാണ് നിറഞ്ഞുനിന്നത്.

2011ല്‍ കൊല്‍ക്കത്തയില്‍ വി വി എസ് ലക്ഷ്മണ്‍ 281 റണ്‍സുമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ കൊമ്പൊടിച്ചപ്പോള്‍ പിന്തുണയുമായി ഒരുദിവസം മുഴുവന്‍ ബാറ്റ് ചെയ്യാനുണ്ടായിരുന്നത് ദ്രാവിഡാണ്. 180 റണ്‍സുമായി ഹൃദയംകൊണ്ട് ബാറ്റ്‌വീശിയിട്ടും കൊല്‍ക്കത്ത ടെസ്റ്റ് ലക്ഷ്മണിന്റെ പേരിനൊപ്പമാണ് എഴുതിച്ചേര്‍ക്കപ്പെട്ടത്. ഇങ്ങനെ നിരവധി മത്സരങ്ങള്‍ കണക്കുപുസ്തകങ്ങളില്‍ നി്ന്ന് എടുത്തുകാട്ടാം. ഈ പട്ടികയില്‍ നിന്നാണ് വമ്പന്‍ തോല്‍വിക്കിടയിലും ദ്രാവിഡിന് മോചനം ലഭിച്ചത്. അതുകൊണ്ടുതന്നെ, കൊലകൊമ്പന്‍മാരായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ താരങ്ങളില്‍ ദ്രാവിഡിന് മാത്രമേ തലയുയര്‍ത്തി നാട്ടിലേക്ക് മടങ്ങാനാവൂ.

ലോര്‍ഡ്‌സില്‍ 103 റണ്‍സെടുത്ത ദ്രാവിഡ് നോട്ടിംഗ്ഹാമില്‍ 117 റണ്‍സെടുത്തു. ഓവലില്‍ പുറത്താവാതെ 146 റണ്‍സും. പരിക്കേറ്റ ഗംഭീറിന് പകരം ഓപ്പണറായി ഇറങ്ങിയാണ് ദ്രാവിഡ് അചഞ്ചലനായി, അപരാജിതനായി നിന്നത്. എന്നിട്ടും ഇന്ത്യ ഫോളോ ഓണ്‍ വഴങ്ങിയെന്നത് മറ്റൊരു ദുരന്തം. എങ്കിലും ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ മൂന്നാമത്തെയും ടെസ്റ്റ് ക്രിക്കറ്റിലെ എട്ടാമത്തെയും ഓപ്പണറാണ് ദ്രാവിഡ്. 1991ല്‍ വിന്‍ഡീസിന്റെ ഡെസ്മണ്ട് ഹെയ്ന്‍സാണ് ഇതിന് മുമ്പ് അവസാനമായി ഇങ്ങനെ ഇന്നിംഗ്‌സ് മുഴുവന്‍ ബാറ്റ് ചെയ്ത ഓപ്പണര്‍. അതും ഓവലിലായിരുന്നു എന്നത് മറ്റൊരു കൗതുകം.

ടീം ഇന്ത്യയുടെ ഏറ്റവും ദുര്‍ഘടസമയത്ത് ഏറ്റവും മികച്ച ബാറ്റിംഗ് പുറത്തെടുത്ത ദ്രാവിഡ് ഒട്ടേറെ നേട്ടങ്ങളും മറികടന്നു. ടെസ്റ്റിലെ സെഞ്ച്വറിനേട്ടത്തില്‍ സുനില്‍ ഗാവാസ്‌കറെയും ബ്രയന്‍ ലാറയെയും മറികടന്ന് നാലാമനായി. ഓവലില്‍ മുപ്പത്തിയഞ്ചാം ശതകമാണ് ദ്രാവിഡ് നേടിയത്. സച്ചിന്‍(51), ജാക് കാലിസ് (40), റിക്കി പോണ്ടിംഗ് (39) എന്നിവര്‍ മാത്രമേ ഇനി ദ്രാവിഡിന് മുന്നിലുളളൂ. ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത ബാറ്റസ്മാനായി മാറിയ ദ്രാവിഡ് നാലാം ഇന്നിംഗ്‌സില്‍ ഏറ്റവ
ുമധികം റണ്‍സെടുത്ത താരവുമായി. സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന് ശേഷം ആദ്യമായാണ് ഒരുവിദേശ ബാറ്റ്‌സ്മാന്‍ ഇംഗ്ലണ്ടില്‍ രണ്ട് പരമ്പരകളില്‍ മൂന്നോ അതിലധികമോ സെഞ്ച്വറികള്‍ നേടുന്നത്. ഇതില്‍ നിന്നുമാത്രം ദ്രാവിഡിന്റെ മഹത്വം മനസ്സിലാക്കാം.

ഇന്ത്യയിലെ താരദൈവ ആരാധകര്‍ക്ക് ഇതൊന്നും അംഗീകരിക്കാന്‍ കഴിയില്ലായിരിക്കാം. എന്നാല്‍ ഓവല്‍ ടെസ്റ്റിനിടെ ഒരു ഇംഗ്ലീഷ് ആരാധകന്‍ ഗാലറിയില്‍ ഉയര്‍ത്തിയ പ്ലക്കാര്‍ഡിലെ ഒരൊറ്റ വരിയില്‍ ഇക്കഴിഞ്ഞ പരമ്പര മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നു. അതിങ്ങനെയായിരുന്നു. ഇംഗ്ലണ്ടിന്റെ പോരാട്ടം രാഹുല്‍ ദ്രാവിഡുമായി.

August 12, 2011

ഇംഗ്ലീഷ് ഫോറിന്‍ ലീഗ്


പേര് ഇംഗ്ലീഷ് പ്രിമിയര്‍ ലീഗെന്നാണ്. പണത്തിളക്കത്തിലും താരത്തിളക്കത്തിലും യൂറോപ്പിലെ മറ്റേത് ലീഗിനെക്കാളും തലയെടുപ്പുമുണ്ട്. എന്നാല്‍ താരങ്ങളെക്കുറിച്ച് വിശദമായി പഠിച്ചാല്‍ ലീഗിന്റെ പേര് ഇംഗ്ലീഷ് ഫോറിന്‍ ലീഗ് എന്നാക്കേണ്ടി വരും. ഇ പി എല്ലില്‍ കളിക്കുന്ന 58 ശതമാനം താരങ്ങളും വിദേശികളാണ്.

പ്രിമിയര്‍ ലീഗിലെ 20 ക്ലബുകളിലായി 641 കളിക്കാരെയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 42 ശതമാനം മാത്രമേ ഇംഗ്ലീഷുകാരുളളൂ. രണ്ടാം ഡിവിഷനും മൂന്നാം ഡിവിഷനും കൂടി ചേരുമ്പോള്‍ ആകെ 1465 കളിക്കാരാണുളളത്. 983 പേരാണ് ഇതില്‍ സ്വദേശികളായിട്ടുളളത്. കളിപഠിക്കുന്ന 15 വയസ്സുവരെ വരെ ഉള്‍പ്പെടുത്തിയതാണ് ഈ പട്ടികയെന്നതും ഓര്‍ക്കണം. അപ്പോഴാണ് ഇംഗ്ലീഷ് ഫുട്‌ബോളിന്റെ അവസ്ഥ മനസ്സിലാവുക.

ഫ്രാന്‍സില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കളിക്കാന്‍ പ്രിമിയര്‍ ലീഗില്‍ പന്തുതട്ടുന്നത്. 30 ഫ്രഞ്ച് താരങ്ങളാണ് പ്രിമിയര്‍ ലീഗില്‍ വിവധ ടീമുകള്‍ക്കായി പൊരുതുന്നത്. താരക്കയറ്റുമതിയില്‍ സ്‌പെയ്ന്‍, ബ്രസീല്‍, ഹോളണ്ട് എന്നിവരാണ് തൊട്ടുപിന്നില്‍. ആകെ 67 രാജ്യങ്ങളില്‍ നിന്നുളള കളിക്കാര്‍ പ്രിമിയര്‍ ലീഗില്‍ കളിക്കുന്നുണ്ട്.

ആഴ്‌സനലും ഫുള്‍ഹാമുമാണ് ഏറ്റവുമധികം വിദേശതാരങ്ങളുളള ടീമുകള്‍. 20 ശതമാനത്തില്‍ താഴെ മാത്രമേ സ്വദേശ കളിക്കാര്‍ ഈ ടീമുകളിലുളളൂ. ചെല്‍സിയില്‍ നാലിലൊന്നും മാഞ്ചസ്റ്റര്‍ സിറ്റിയില്‍ മൂന്നിലൊന്നും ഇംഗ്ലീഷുകാരാണ്. ഈ സീസണില്‍ പ്രിമിയര്‍ ലീഗിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ നോര്‍വിച്ച് സിറ്റിയിലാണ് ഏറ്റവുമധികം സ്വദേശികളുളളത്, 70 ശതമാനം. ബോള്‍ട്ടന്‍, സണ്ടര്‍ലാന്‍ഡ്, സ്‌റ്റോക്ക് സിറ്റി എന്നിവരാണ് തൊട്ടുപിന്നിലുളളത്.

സ്‌പെയ്‌നില്‍ നിന്ന് 24 പേരും ബ്രസീലില്‍ നിന്ന് 12 പേരും ഹോളണ്ടില്‍ നിന്ന് 11 പേരും പോര്‍ട്ടുഗലില്‍ നിന്ന് എട്ട്‌പേരും പ്രിമിയര്‍ ലീഗില്‍ കളിക്കുന്നു. ജര്‍മനിയില്‍ നിന്ന് മൂന്നും ഇറ്റലിയില്‍ നിന്ന് അഞ്ചും കളിക്കാര്‍ മാത്രമേയുളളൂ എന്നുതും കൗതുകകരമാണ്. ഏഷ്യയില്‍ നിന്ന് ആകെ ആറ് കളിക്കാരും.

August 11, 2011

ഇനി പോരാട്ടത്തിന്റെ കനല്‍വഴികള്‍


കോപ്പ അമേരിക്കയുടെ ആരവങ്ങള്‍ തീരുംമുന്‍പ് ഫുട്‌ബോള്‍ ലോകം വീണ്ടും ആവേശക്കാഴ്ചകളിലേക്ക് ചുവടുവയ്ക്കുന്നു. ലോകത്തേറ്റവും പ്രേക്ഷകരുളള ഫുട്‌ബോള്‍ പോരാട്ടങ്ങളായ ഇംഗ്ലീഷ് പ്രിമിയര്‍ ലീഗിന് ഓഗസ്റ്റ് 13ന് തുടക്കമാവും. ഇരുപത് ടീമുകള്‍ പോരിനിറങ്ങുന്ന ലീഗില്‍ ആകെ 380 മത്സരങ്ങളുണ്ടാവും. 2012 മെയ് 13നാണ് ഈ സീസണിലെ അവസാനറൗണ്ട് മത്സരങ്ങള്‍ നടക്കുക. കഴിഞ്ഞ സീസണിലെ പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലായ വെസ്റ്റ്ഹാം യുണൈറ്റഡ്, ബ്ലാക്ക്പൂള്‍, ബര്‍മിംഗ്ഹാം സിറ്റി എന്നിവര്‍ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടപ്പോള്‍ ക്യൂന്‍സ് പാര്‍ക് റേഞ്ചേഴ്‌സ്, സ്വാന്‍സി സിറ്റി എഫ് സി എന്നിവര്‍ പ്രിമിയര്‍ ലീഗില്‍ മത്സരിക്കാന്‍ യോഗ്യത നേടിയിട്ടുണ്ട്. ശനിയാഴ്ചയും ഞായറാഴ്ചയുമാണ് സാധാരണ മത്സരങ്ങള്‍ നടക്കുക. അപൂര്‍വമായേ മറ്റുദിവസങ്ങളില്‍ പ്രിമിയര്‍ ലീഗ് മത്സരങ്ങളുണ്ടാവൂ.

കിരീടം കാക്കാന്‍ മാന്‍യു

കഴിഞ്ഞ വര്‍ഷം ഒന്‍പത് പോയിന്റിന് ചെല്‍സിയെ പിന്തളളിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കിരീടം വീണ്ടെടുത്തത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 80 പോയിന്റ് നേടിയപ്പോള്‍ ചെല്‍സിക്ക് 71 പോയിന്റ് നേടാനെ കഴിഞ്ഞുളളൂ. തൊട്ടുമുന്‍പത്തൈ വര്‍ഷം ഒരൊറ്റ പോയിന്റിനാണ് മാന്‍യുവിനെ മറികടന്ന് ചെല്‍സി കിരീടം നേടിയത്. മാഞ്ചസ്റ്റര്‍ സിറ്റി (71), ആഴ്‌സനല്‍ (68),ടോട്ടന്‍ഹാം (62),ലിവര്‍പൂള്‍ (58) എന്നിവരാണ് തുടര്‍ന്നുളള സ്ഥാനങ്ങളില്‍ എത്തിയ ടീമുകള്‍. ആദ്യ നാല് സ്ഥാനക്കാര്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാരെ കണ്ടെത്താനുളള യുവേഫ ചാമ്പ്യന്‍സ് ലീഗിന് യോഗ്യനേടി. ടോട്ടന്‍ഹാം, ബര്‍മിംഗ്ഹാം, സ്‌റ്റോക്ക് സിറ്റി, ഫുള്‍ഹാം എന്നിവര്‍ യൂറോപ്പ ലീഗിലും സ്ഥാനമുറപ്പാക്കി. 20 ഗോളുകള്‍ വീതം നേടിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ദിമിത്താര്‍ ബെര്‍ബറ്റോവും മാഞ്ചസ്റ്റര്‍ സിറ്റിയുടെ കാര്‍ലോസ് ടെവസുമായിയിരുന്നു ടോപ് സ്‌കോറര്‍മാര്‍. ആഴ്‌സനലിന്റെറോബിന്‍ വാന്‍പേഴ്‌സി (18) ഗോള്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തെത്തി.

ബിഗ്‌ഫോര്‍

പ്രിമിയര്‍ ലീഗില്‍ 20 ടീമുകള്‍ ഉണ്ടെങ്കിലും നാല് ടീമുകളുടെ ആധിപത്യമാണ് എല്ലാ വര്‍ഷവും ഉണ്ടാവാറുളളത്. ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ആഴ്‌സനല്‍, ലിവര്‍പൂള്‍ എന്നിവരാണ് എല്ലാ സീസണിലും ആദ്യ നാലു സ്ഥാനങ്ങളിലെത്താറുളളത്. ഇവരില്‍ ആര് കപ്പുനേടും എന്നതായിരിക്കും ചോദ്യം. കഴിഞ്ഞ 19 വര്‍ഷത്തിനിടെ ബിഗ്‌ഫോറിലുള്‍പ്പെടാത്ത ഒരെയൊരു ടീമേ കപ്പുയര്‍ത്തിയിട്ടുളളൂ. ബ്ലാക്ക്‌ബേണ്‍ ആണ് ആ നേട്ടത്തിന് അവകാശികള്‍. കഴിഞ്ഞ രണ്ട് സീസണുകളിലായി മാഞ്ചസ്റ്റര്‍ സിറ്റിയും ടോട്ടന്‍ഹാമും നടത്തിയ മുന്നേറ്റം ഇത്തവണയും ആവര്‍ത്തിച്ചാല്‍ പോരാട്ടങ്ങള്‍ തീപാറുമെന്നുറപ്പാണ്. ഇക്കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാംസ്ഥാനത്തും ടോട്ടന്‍ഹാം അഞ്ചും സ്ഥാനങ്ങളിലെത്തി.

താരത്തളിക്കം

ആധുനിക ഫുട്‌ബോളിലെ ഒട്ടുമിക്ക താരങ്ങളും മാറ്റുരയ്ക്കുന്ന പോരാട്ടവേദിയാണ് പ്രിമിയര്‍ ലീഗ്. വെയ്ന്‍ റൂണി, ദിദിയര്‍ ദ്രോഗ്ബ, ഫ്രാങ്ക് ലാംപാര്‍ഡ്, ജോണ്‍ ടെറി, മൈക്കല്‍ ഓവന്‍, നിക്കോളാസ് അനെല്‍ക്ക, ദിമിത്താര്‍ ബെര്‍ബറ്റോവ്, നാനി, റയാന്‍ ഗിഗ്‌സ്, റോബിന്‍ വാന്‍പേഴ്‌സി, സമീര്‍ നസ്രി, സെര്‍ജിയോ അഗ്യൂറോ തുടങ്ങിയവെരല്ലാം വിവിധ ടീമുകളിലായി ടീമിലെത്തും. അലക്‌സ് ഫെര്‍ഗ്യൂസന്‍, ആന്ദ്രേസ് വിയ്യാസ് ബാവോസ് , റോബര്‍ട്ടോ മാന്‍സീനി തുടങ്ങിയ സൂപ്പര്‍ കോച്ചുമാരും പ്രിമിയര്‍ ലീഗിന്റെ ആകര്‍ഷണമാണ്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ റയാന്‍ ഗിഗ്‌സാണ് ഏറ്റവുമധികം പ്രിമിയര്‍ ലീഗ് മത്സരങ്ങള്‍ കളിച്ചതാരം, 573 മത്സരങ്ങള്‍. ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ ഡേവിഡ് ജയിംസ് (572),ഗാരി സ്പീഡ്(535) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. എല്ലാ പ്രിമ.ിര്‍ ലീഗിലും കളിച്ച രണ്ട് താരങ്ങള്‍ മാത്രമേയുളളൂ, ഗിഗ്‌സും സോള്‍ കാംപലും.ഗോള്‍വേട്ടക്കാരില്‍ അലന്‍ ഷിയററാണ് മുന്നില്‍. 260 ഗോളുകളാണ് ഷിയററുടെ സമ്പാദ്യം. ആന്‍ഡ്രു കോള്‍(187),തിയറി ഒന്റി(174)എന്നിവരാണ് പിന്നിലുളളത്. ഇപ്പോള്‍ കളിക്കുന്നവരില്‍ മൈക്കല്‍ ഓവനാണ് ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ മുന്നിലുളളത്. ഓവന്‍ ഇതുവരെ 149 ഗോളുകള്‍ നേടിയിട്ടുണ്ട്.

ചരിത്രം

1992ലാണ് ഇന്നത്തെ രീതിയിലുളള ലീഗിന് തുടക്കമായത്. 1888ല്‍ ആരംഭിച്ച ദ ഫുട്‌ബോള്‍ ലീഗില്‍ നിന്ന് തെറ്റിപ്പിരിഞ്ഞാണ് ഇന്നത്തെ പ്രിമിയര്‍ ലീഗിന് തുടക്കമാവുന്നത്. അസോസിയേഷനില്‍ നിന്ന് പുറത്തുവന്ന ക്ലബുകള്‍ സ്വന്തമായി ലീഗ് ആരംഭിക്കുകയായിരുന്നു. ടെലിവിഷന്‍ സംപ്രേഷണാവകാശത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനമായിരുന്നു ക്ലബുകളുടെ തീരുമാനത്തിനു പിന്നില്‍. ക്ലബുകള്‍ ചേര്‍ന്നുളള പുതിയൊരു ലിമിറ്റഡ് കമ്പനി സ്ഥാപിക്കുകയാണ് ആദ്യം ചെയ്തത്. തുടക്കത്തില്‍ 22 ടീമുകളാണ് ഈ കൂട്ടായ്മയില്‍ ഉണ്ടായിരുന്നത്.

ഇതുവരെ 44 ക്ലബുകള്‍ പ്രിമിയര്‍ ലീഗില്‍ കളിച്ചിട്ടുണ്ട്. ആഴ്‌സനല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടന്‍ഹാം, ലിവര്‍പൂള്‍, എവര്‍ട്ടന്‍, ചെല്‍സി, ആസ്റ്റന്‍വില്ല എന്നീ ക്ലബുകള്‍ എല്ലാ പ്രിമിയര്‍ ലീഗിലും പങ്കെടുത്തിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 12 തവണ കപ്പുയര്‍ത്തി തലയുയര്‍ത്തി നില്‍ക്കുന്നു. ചെല്‍സിയും ആഴ്‌സനലും മൂന്ന് തവണവീതവും ബ്ലാക്ക്‌ബേണ്‍ ഒരിക്കലും ജേതാക്കളായി.

ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍.ഇതനുസരിച്ച് എല്ലാ ടീമുകളും സ്വന്തം ഗ്രൗണ്ടിലും എതിരാളികളുടെ ഗ്രൗണ്ടിലും ഏറ്റുമുട്ടും. ഓരോ ടീമുകള്‍ക്കും 38 മത്സരങ്ങള്‍ വീതമാണുണ്ടാവുക.

August 10, 2011

അറിഞ്ഞോ, പുതിയ ലിയോ വരുന്നൂ...


നക്ഷത്രങ്ങളെക്കാള്‍ തിളക്കമുളള താരങ്ങളും കളിത്തട്ടുകളും തയ്യാര്‍. ലോകമെമ്പാടുമുളള ആരാധകരുടെ ആകാംക്ഷയും ആവേശവും ഫുട്‌ബോളിലേക്ക് ആവാഹിക്കാന്‍ യൂറോപ്പിലെ ക്ലബുകള്‍ ഒരുങ്ങിക്കഴിഞ്ഞു. പുതിയ സീസണിലേക്ക് പുതിയ താരങ്ങളെ ടീമിലെത്തിച്ച് പടയണികള്‍ പടപ്പുറപ്പാടിന് സജ്ജരായി. പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, അവസാനവട്ട ട്രാന്‍സ്ഫറിനായി വമ്പന്‍ ക്ലബുകള്‍ കോടികളുമായി നെട്ടോട്ടത്തിലാണ്. ഈ നെട്ടോട്ടത്തിനിടയില്‍ സ്‌പെയിനില്‍ ഒരു കരാര്‍ നടന്നു, അധികമാരും അറിയാതെ. ലോക ഫുട്‌ബോളിലെ തന്നെ അതികായരായ റയല്‍ മാഡ്രിഡാണ് കരാറിന് പിന്നില്‍. കരാറൊപ്പിട്ടത് ആരോടാണെന്നല്ലേ?. ഒരു ഏഴു വയസ്സുകാരനോട്.

ലയണല്‍ ഏഞ്ചല്‍ കൊയ്‌റ എന്നാണ് ആ ഏഴുവയസ്സുകാരന്റെ പേര്. നാട് അര്‍ജന്റീന. മൂന്ന് വര്‍ഷത്തേക്ക് റയലിന്റെ യൂത്ത് പ്രോഗ്രാമിലേക്കാണ് കരാര്‍. വിളിപ്പേര് ലിയോ. ഇക്കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ എവിടെയോ കേട്ട് മറന്നതുപോലെ തോന്നുന്നുണ്ടോ?. ഒട്ടേറെ സമാനതകളുളള, അധികം പഴക്കമില്ലാത്തൊരു കഥ. ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ കഥ. അതെ, മെസ്സിയുടെ അതേപാതയില്‍ തന്നെയാണ് കുഞ്ഞ് ലിയോയുടെ ചുവടുവയ്പ്. ഒരേയൊരു വ്യത്യാസം മാത്രം, മെസ്സി അടവുകള്‍ പഠിച്ചത് ബാഴ്‌സലോണയില്‍. പുതിയ ലിയോ അടവുകള്‍ പഠിക്കാനൊരുങ്ങുന്നത് ബാഴ്‌സയുടെ ചിരവൈരികളായ റയല്‍ മാഡ്രിഡിലും.

ലിയോ എന്ന വിളിപ്പേരിലറിയപ്പെടുന്ന മെസ്സിയുമായി സമാനതകള്‍ ഏറെയാണ് കുഞ്ഞു ലിയോയ്ക്ക്. മെസ്സിയെപ്പോലെ ലിയോയുടെ കുടുംബവും സ്‌പെയ്‌നിലേക്ക് ചേക്കേറിയവര്‍. മെസ്സി പതിനൊന്നാം വയസ്സില്‍ ബാഴ്‌സയിലെത്തി. ലിയോ റയലിലും. സ്‌പെയ്‌നില്‍ രാജകുമാരനായി വാഴുമ്പോഴും കേട്ടറിവു മാത്രമുളള മാതൃനാടായ അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കാനാണ് മെസ്സി തീരുമാനിച്ചത്. ഏഴാം വയസ്സില്‍ തന്നെ ലിയോയും നയം വ്യക്തമാക്കുന്നു, വളരെ വ്യക്തമായിത്തന്നെ. ക്ലബ് ഫുട്‌ബോള്‍ റയലിന് വേണ്ടി, ലോകകപ്പ് അര്‍ജന്റീനയ്ക്ക് വേണ്ടിയും. ഇതിനേക്കാള്‍ വലിയൊരു സ്വപ്‌നം കൂടിയുണ്ട് കുഞ്ഞ് ലിയോയ്ക്ക്. സാക്ഷാല്‍ ലിയോ എന്ന ലയണല്‍ മെസ്സിയെ നേരിട്ട് കാണണം. അത് ഉടന്‍തന്നെ സഫലമാവുമെന്ന പ്രതീക്ഷയിലാണ് ഏഴുവയസ്സുകാരന്‍.

ലയണല്‍ ഏഞ്ചല്‍ കൊയ്‌റയുടെ അസാധാരണ മികവ് കണ്ട് റയലിന്റെ നഗരവൈരികളായ അത്‌ലറ്റിക്കോ മാഡ്രിഡ് ക്ലബിലേക്കുളള ക്ഷണവുമായി എത്തിയിരുന്നു. എന്നാല്‍ കൂടുതല്‍ സൗകര്യങ്ങളും മറ്റ് കാര്യങ്ങളും പരിഗണിച്ച് ലിയോയുടെ അച്ഛന്‍ മിഗേല്‍ കൊയ്‌റ റയല്‍ തിരഞ്ഞെടുക്കുകയായിരുന്നു. സെപ്റ്റംബര്‍ ആറിനാണ് ലിയോ റയലില്‍ പരിശീലനം തുടങ്ങുക. പ്രതിഫലമില്ല. യാത്രയുള്‍പ്പടെ മറ്റ് ചെലവുകള്‍ റയല്‍ വഹിക്കും.

ഇനി കാത്തിരിക്കാം, പുതിയൊരു താരോദയത്തിനായി. ലയണല്‍ മെസ്സിയെപ്പോലെ കളിത്തട്ടുകളും ആരാധകരുടെ ഹൃദയവും കീഴടക്കുന്ന മിന്നും പ്രകടനങ്ങള്‍ക്കായി.

August 7, 2011

ക്രിക്കറ്റ് + മാന്യത= ദ്രാവിഡ്


ഒരു യന്ത്രത്തിന്റെ സാങ്കേതിക തകരാറുകള്‍ ഇല്ലാതാക്കാന്‍ മികച്ച ടെക്‌നീഷ്യനെ നിയോഗിക്കുക എന്നതാണ് ഏറ്റവും നല്ല മാര്‍ഗം. മിടുക്കനായ ടെക്‌നീഷ്യനെ ഏത് യന്ത്രത്തകരാറുകളും അതിവേഗം കണ്ടെത്തി പരിഹരിക്കാന്‍ കഴിയൂ. ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ താളപ്പിഴകള്‍ പരിഹരിക്കാന്‍ മുഖ്യ സെലക്ടര്‍ കെ ശ്രീകാന്തിനും കൂട്ടര്‍ക്കും മുന്നിലുണ്ടായിരുന്ന ഏക മാര്‍ഗവും ഇതായിരുന്നു; രാജ്യത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് ടെക്‌നീഷ്യനെ ടീമിലുള്‍പ്പെടുത്തുക. ഫലം;രാഹുല്‍ ശരദ് ദ്രാവിഡ് വീണ്ടും ഇന്ത്യന്‍ ടീമില്‍.

പക്ഷേ, ഇത്തവണ ദ്രാവിഡ് സെലക്ടര്‍മാരെ മാത്രമല്ല, ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവരെയെല്ലാം ഞെട്ടിച്ചു. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ട്വന്റി 20 , ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന തീരുമാനത്തോടെ. മറുവശത്ത്, മാന്യനായൊരു ക്രിക്കറ്ററുടെ മാന്യമായൊരു തീരുമാനമായേ ഇതിനെ കാണാനാവൂ. സ്വരം നന്നാവുമ്പോള്‍ പാട്ടുനിറുത്തുക എന്ന ലളിത സത്യം നടപ്പിലാക്കുകയാണ് ദ്രാവിഡ് ചെയ്തത്. പ്രതീക്ഷിക്കാതെയിരുന്നപ്പോള്‍ ലഭിച്ച അവസരം വിരമിക്കാനായി തിരഞ്ഞെടുത്തു എന്ന വിവേകവും ഇതില്‍നിന്ന് വായിച്ചെടുക്കാം. അതിനെല്ലാം അപ്പുറത്ത് ദ്രാവിഡിന്റെ രാജ്യാന്തര ക്രിക്കറ്റ് ജീവിതം തുടങ്ങിയതും ഇംഗ്ലീഷ് മണ്ണിലായിരുന്നു.

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഏകദിന ക്രിക്കറ്റില്‍ ടീം ഇന്ത്യക്ക് ഉരുക്കുകോട്ട കെട്ടാന്‍ ദ്രാവിഡ് പാഡുകെട്ടാനൊരുങ്ങുന്നത്. കൃത്യമായി പറഞ്ഞാല്‍ 2009 സെപ്റ്റംബര്‍ 30ന് ജൊഹാനസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആയിരുന്നു ദ്രാവിഡിന്റെ അവസാന രാജ്യാന്തര ഏകദിനം. വിചിത്രമായൊരു കൗതുകം ഇതിന് മുന്‍പ് ദ്രാവിഡ് ടീമിലെത്തിയതും രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു. ഇതുപോലെ ഇന്ത്യന്‍ ബാറ്റിംഗ് നിര എന്തുചെയ്യണമെന്നറിയാതെ നക്ഷത്രമെണ്ണിയപ്പോള്‍.

യുവരക്തത്തിന് പ്രാമുഖ്യം നല്‍കുകയെന്ന തീരുമാനവുമായി സെലക്ടര്‍മാര്‍ 'ക്രീസിലിറങ്ങിയപ്പോഴാണ്' ദ്രാവിഡിന് ഏകദിന ടീമിലെ സ്ഥാനം നഷ്ടമായത്. പകരമെത്തിയ യുവപ്രതിഭകള്‍ ഇന്ത്യയിലെ ചത്തപിച്ചുകളില്‍ റണ്‍മഴ ചൊരിഞ്ഞവരായിരുന്നു. പക്ഷേ വെസ്റ്റ് ഇന്‍ഡീസിലെയും ഇംഗഌിലെയുമൊക്കെ ബൗണ്‍സും വേഗവുമുളള വിക്കറ്റുകളില്‍ ഈയുവപ്രതിഭകള്‍ വെളളംകുടിച്ചു. ഇംഗ്ലണ്ടിനെതിരെയുളള ആദ്യ രണ്ട് ടെസ്റ്റുകളില്‍ മൂക്കുകുത്തിയപ്പോള്‍ മൂന്നക്കം കടക്കാന്‍ ദ്രാവിഡ് മാത്രമേ ഉണ്ടായിരുന്നുളളൂ. പതിവുപോലെ ടീമിന് ആവശ്യമുളളിടത്തെല്ലാം ബാറ്റ് ചെയ്യാന്‍ താനിപ്പോഴും ഒരുക്കമാണെന്ന് തെളിയിച്ചു. എന്തിന് വീണ്ടും വിക്കറ്റ് കീപ്പറുടെ വേഷത്തില്‍ വരെ ദ്രാവിഡിനെ ലോകം കണ്ടു. ടീമിന് വേണ്ടി ഇതിനേക്കാള്‍ സമര്‍പ്പിച്ചയൊരു താരത്തെ കണ്ടെത്തുക പ്രയാസം. മറ്റ് ' ദൈവങ്ങള്‍' ബാറ്റിംഗ് പൊസിഷനില്‍ പിടിവാശി പുലര്‍ത്തുന്ന സമയത്താണ് ദ്രാവിഡിന്റെ ഈ ഹൃദയവിശാലത. ഇതിനിടയിലാണ് മധ്യനിര ആടിയുലയുന്നതിന് പരിഹാരമെന്ത് എന്ന സെലക്ടര്‍മാരുടെ മില്യണ്‍ ഡോളര്‍ ചോദ്യത്തിന്റെ ഉത്തരം വീണ്ടും രാഹുല്‍ ദ്രാവിഡ് മാത്രമായി മാറുന്നത്.. അങ്ങനെയാണ് മുപ്പത്തിയെട്ടാം വയസില്‍ വന്‍മതില്‍ ഇന്ത്യയുടെ നീലക്കുപ്പായത്തിലേക്ക് തിരിച്ചെത്തുന്നത്.

339 ഏകദിനങ്ങളുടെ അനുഭവ സമ്പത്തുമായാണ് മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ സംഘത്തിലേക്ക് തിരിച്ചെത്തുന്നത്. 10,765 റണ്‍സാണ് ദ്രാവിഡിന്റെ പേരിനൊപ്പമുളളത്. ഇതില്‍ 12 സെഞ്ച്വറികളും 82 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടുന്നു. 39.439 ശരാശരിയിലാണ് ദ്രാവിഡ് ഈ റണ്‍മല പടുത്തുയര്‍ത്തിയത്.
ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയിലെക്കാള്‍ ഉയന്ന റണ്‍ ശരാശരിയാണ് വിദേശഗ്രൗണ്ടുകളില്‍ദ്രാവിഡിനുളളത്. വന്‍മതിലിന്റെ ഈ മികവും ടീമിലേക്കുളള തിരിച്ചു വരവിന് വഴിയൊരുക്കി. വിദേശപിച്ചുകളില്‍ 42.03 റണ്‍സാണ് ദ്രാവിഡിന്റെ ബാറ്റിംഗ് ശരാശരി. ടെസ്റ്റ് ബാറ്റ്‌സ്മാന്‍ എന്ന് മുദ്രകുത്തപ്പെട്ട താരമാണ് ദ്രാവിഡ്. എന്നാല്‍ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഇന്ത്യന്‍ ബാറ്റിംഗ് നെടുന്തൂണായ ദ്രാവിഡ് ഏകദിനത്തില്‍ പതിനായിരം റണ്‍സ് പൂര്‍ത്തിയാക്കിയ ആറാമത്തെ ബാറ്റ്‌സ്മാനാണ്. മൂന്നാമത്തെ ഇന്ത്യന്‍ താരവും. സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയുമാണ് ദ്രാവിഡിന് മുന്‍പ് ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍. ടെസ്റ്റ് ക്രിക്കറ്റിലും സുവര്‍ണ നേട്ടങ്ങളാണ് ദ്രാവിഡിന്റെ പേരിനൊപ്പം എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്നത്. 155 ടെസ്റ്റുകളില്‍ നിന്ന് ദ്രാവിഡ് 12,576 റണ്‍സ് നേടിക്കഴിഞ്ഞു. 34 സെഞ്ച്വറികളും വന്‍മതിലിന്റെ പേരിനൊപ്പമുണ്ട്. ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെ ബാറ്റ്‌സ്മാനായി മാറിയ ദ്രാവിഡ്, നാലാം ഇന്നിംഗ്‌സില്‍ ഏറ്റവുമധികം റണ്‍സെടുത്ത ബാറ്റ്‌സ്മാനുമാണ്. ടെസ്റ്റില്‍ ഏറ്റവുമധികം ക്യാച്ചെടുത്ത(207) ഫീല്‍ഡറും വന്‍മതില്‍ തന്നെ.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 1973 ജനുവരി 11ന് ജനിച്ച ദ്രാവിഡ് ബാംഗഌര്‍ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലൂടൊണ് ക്രിക്കറ്റിലേക്ക് ഗാര്‍ഡ് എടുക്കുന്നത്. 1984ല്‍ കേകി താരാപ്പൂറിന്റെ പരിശീലന ക്യാമ്പില്‍ എത്തിയത് ദ്രാവിഡിന്റെ ജീവിതം മാറ്റിമറിച്ചു. താരാപ്പൂരിന്റെ ശിക്ഷണത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദ്രാവിഡ് ജൂനിയര്‍ ക്രിക്കറ്റില്‍ റണ്‍മഴ ചൊരിഞ്ഞു.സ്‌കൂള്‍ ക്രിക്കറ്റില്‍ കേരളത്തിനെതിരെ ഇരട്ടസെഞ്ച്വറി നേടിയതോടെ സംസ്ഥാന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അതോടെ വിക്കറ്റ് കീപ്പിംഗ് ഉപേക്ഷിക്കാന്‍ ഗുണ്ടപ്പ വിശ്വനാഥ്, ബ്രിജേഷ് പട്ടേല്‍, റോജര്‍ ബിന്നി തുടങ്ങിയ മുന്‍ താരങ്ങള്‍ കൊച്ചു ദ്രാവിഡിനെ ഉപദേശിച്ചു. അതോടെയാണ് ദ്രാവിഡ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി മാറുന്നത്.1991ല്‍ മഹാരാഷ്ട്രയ്‌ക്കെതിരെ രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം. 1996ല്‍ രഞ്ജി ട്രോഫി ഫൈനലില്‍ തമിഴ്‌നാടിനതിരെ ഇരട്ടസെഞ്ച്വറി നേടിയതോടെ ഇന്ത്യന്‍ ടീമിലേക്കുളള വാതിലും തുറന്നു.

സിംഗപ്പൂരില്‍ നടന്ന സിംഗര്‍ കപ്പില്‍ 1996 ഏപ്രില്‍ മൂന്നിന് ശ്രീലയ്‌ക്കെതിരെ ആയിരുന്നു ഏകദിനത്തില്‍ ദ്രാവിഡിന്റെ അരങ്ങേറ്റം. മൂന്നു റണ്‍സിന് മടങ്ങാനായിരുന്നു ദ്രാവിഡിന്റെ വിധി. പരമ്പരയില്‍ താളം കണ്ടെത്താന്‍ വിഷമിച്ച ദ്രാവിഡ് ടീമില്‍ നിന്ന് പുറത്താവുകയും ചെയ്തു. തുടര്‍ന്ന് ജൂണില്‍ നടന്ന ഇംഗ്ലണ്ട് പര്യടനമാണ് കര്‍ണാടക താരത്തിന്റെ ക്രിക്കറ്റ് ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ്.ഇംഗ്ലണ്ട് പര്യടനത്തോടെ ദ്രാവിഡ് രാജ്യാന്തര ക്രിക്കറ്റിന്റെ പടവുകള്‍ കയറിത്തുടങ്ങി. സാങ്കേതികത്തികവില്‍ അതീവശ്രദ്ധാലുവായ ദ്രാവിഡിനെ ജെഫ് ബോയ്‌ക്കോട്ട്, സുനില്‍ ഗാവസ്‌കര്‍, ചാപ്പല്‍ സഹോദരന്‍മാര്‍, റോഹന്‍ കന്‍ഹായ് തുടങ്ങിയ സൂപ്പര്‍ ടെക്‌നീഷ്യന്‍മാരുടെ നിരയിലണ് വിദഗ്ധര്‍ ഉള്‍പ്പെടുത്തിയത്. കോപ്പിബുക്ക് ശൈലി തന്നെയായിരുന്നു എന്നും ദ്രാവിഡിന്റെ ബാറ്റിംഗിനെ മനോഹരമാക്കിയത്. അതുകൊണ്ടു തന്നെ ക്രിക്കറ്റ് കളിക്കുന്ന നാട്ടിലെല്ലാം പിച്ചുകളുടെ സ്വഭാവം അതിജീവിച്ച് റണ്‍ചൊരിയാന്‍ കഴിഞ്ഞു. എല്ലാ ടെസ്റ്റ് രാജ്യങ്ങള്‍ക്കെതിരെയും അവരുടെ നാട്ടില്‍ സെഞ്ച്വറി നേടിയ ഏക ബാറ്റ്‌സ്മാനാണ് ദ്രാവിഡ്. ഏത് വിക്കറ്റിലും ബൗളര്‍മാരുടെ മുനയൊടിക്കുന്ന ദ്രാവിഡ് ലോക ക്രിക്കറ്റിലെ വന്‍മതിലായതും സ്വാഭാവികം.

വന്‍മതിലായി വളര്‍ന്ന ദ്രാവിഡ് 79 ഏകദിനങ്ങളില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. 42 ജയവും 33 തോല്‍വിയുമാണ് കണക്കിലുളളത്. രണ്ടാമത് ബാറ്റ് ചെയ്ത് തുടര്‍ച്ചയായ 15 മത്‌സരങ്ങളില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച റെക്കോര്‍ഡും ദ്രാവിഡിന് സ്വന്തം. 2005ല്‍ സൗരവ് ഗാംഗുലിയില്‍ നിന്ന് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ദ്രാവിഡ് 2007ല്‍ നായക സ്ഥാനം സ്വമേധയാ ഉപേക്ഷിച്ചു. ഇതിനിടയില്‍ 2007 ലോകകപ്പിന്റെ ആദ്യറൗണ്ടില്‍ തന്നെ ഇന്ത്യ പുറത്തായത് ദ്രാവിഡിന്റെ കരിയറിലെ കറുത്താപാടായി. തൊട്ടു പിന്നാലെ ഏകദിന ടീമിലെ സ്ഥാനവും നഷ്ടമായി.

'എന്നും എപ്പോഴും എവിടെയും സ്ഥിരതയോടെ റണ്‍ചൊരിയുന്ന ബാറ്റ്‌സ്മാനാണ് ദ്രാവിഡ്. ഇന്ത്യയുടെ മാത്രമല്ല , എല്ലാ കാലത്തെയും എല്ലാവരുടെയും മികച്ച കളിക്കാരനാണ് ദ്രാവിഡെന്ന് ചരിത്രം തെളിയിക്കും'' കണക്കുകള്‍ക്കും റെക്കോര്‍ഡുകള്‍ക്കും അപ്പുറത്ത് ഗ്രെഗ് ചാപ്പലിന്റെ ഈ വാക്കുകള്‍ ദ്രാവിഡ് എന്ന വന്‍മതില്‍ എത്രവലിയ ക്രിക്കറ്ററാണെന്ന് വ്യക്തമാക്കുന്നതാണ്.

(പുതുക്കിയ ഫീച്ചര്‍)

August 5, 2011

ഇനി ഈ കൈകളില്ല

ഒരു യുഗത്തിന് അന്ത്യമായി. ആധുനിക ഫുട്‌ബോളിലെ ഏറ്റവും പ്രതിഭാ സമ്പന്നനായ ഗോള്‍കീപ്പര്‍ എഡ്വിന്‍ വാന്‍ഡര്‍ സാര്‍ ഇനി ഗോള്‍ മുഖത്തുണ്ടാവില്ല. ആംസ്റ്റര്‍ഡാം അറീനയില്‍ നടന്ന വിടവാങ്ങല്‍ മത്സരത്തോടെയാണ് വാന്‍ഡര്‍സാര്‍ ബൂട്ടഴിച്ചത്.

തങ്ങളുടെ എക്കാലത്തെയും മികച്ച ഗോള്‍കീപ്പര്‍ക്ക് യാത്രയയപ്പ് നല്‍കാന്‍ 53000 കാണികളാണ് അയാക്‌സിന്റെ തട്ടകമായ ആംസ്‌റര്‍ഡാം അറീനയിലേക്ക് ഒഴികിയെത്തിയത്. അയാക്‌സിന്റെ ഇപ്പോഴത്തെ ടീമും വാന്‍ഡര്‍സാറിന്റെ സ്വപ്ന ഇലവനും തമ്മിലായിരുന്നു വിടവാങ്ങല്‍ മത്സരം. വെയ്ന്‍ റൂണി, റയാന്‍ ഗിഗ്‌സ്, ഡെന്നിസ് ബെര്‍ഗ്കാംപ്, എഡ്ഗാര്‍ ഡേവിസ്, റിയോ ഫെര്‍ഡിനന്‍ഡ് , ലൂയിസ് സാഹ, ഡിര്‍ക് ക്വയ്റ്റ്, നെമാന്‍ വിദിച് തുടങ്ങിയവരാണ് വാന്‍ഡര്‍സാറിന്റെ സ്വപ്ന ഇലവനില്‍ അണിനിരന്നത്. മത്സരത്തില്‍ സ്വപ്ന ഇലവന്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അയാക്‌സിനെ തോല്‍പിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എവര്‍ഗ്രീന്‍ കോച്ച് സര്‍ അലക്‌സ് ഫെര്‍ഗ്യൂസനും വിവാങ്ങള്‍ മത്സരത്തിന് സാക്ഷിയായിരുന്നു.

ഭാര്യ ആനിമേരി, മക്കളായ ലിന്‍, ജോ എന്നിവര്‍ക്കൊപ്പമാണ് വാന്‍ഡര്‍സാര്‍ വിടവാങ്ങല്‍ മത്സരത്തിനെത്തിയത്. നിരവധി പ്രമുഖരും ആംസ്‌റര്‍ഡാം അറീനയില്‍ എത്തിയിരുന്നു.
മിന്നും സേവുകളുമായി ഗോള്‍വലയത്തിന് മുന്നില്‍ ഉരുക്കുകോട്ട കെട്ടിയ എഡ്വിന്‍ വാന്‍ഡര്‍ സാര്‍ നാല്‍പ്പതാം വയസ്സില്‍ 21 വര്‍ഷം നീണ്ട പ്രൊഷണല്‍ ഫുട്‌ബോള്‍ ജീവിതത്തില്‍ നിന്നാണ് ബൂട്ടഴിത്. അതാവത്തെ തന്റെ ആദ്യ ക്‌ളബായ അയാക്‌സ് ആംസ്‌റര്‍ഡാമിന്റെ തട്ടകത്തിലായിരുന്നു എന്ന സവിശേഷതയുമുണ്ട്.

വാന്‍ഡര്‍സാറിന്റെ സംഭവബഹുലമായ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ജീവിതം 1990ല്‍ അയാക്‌സിലാണ് തുടങ്ങിയത്. അയാക്‌സിന് വേണ്ടി 226 മത്സരങ്ങളില്‍ കളിച്ചു. അയാക്‌സിന്റെ സുവര്‍ണകാലഘട്ടത്തില്‍ ഗോള്‍വലയം കാത്തു എന്ന വിശേഷണവും വാന്‍ഡര്‍സാറിന് സ്വന്തം. 1999 മുതല്‍ 2001വരെ ഇറ്റലിയിലെ യുവന്റസില്‍. പിന്നെ ഇംഗ്‌ളണ്ടിലെഫുള്‍ഹാമിലേക്ക്. 2005ലാണ് വാന്‍ഡര്‍സാര്‍ അലക്‌സ് ഫെര്‍ഗ്യൂസന്റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയത്. ഇവിടെയും വാന്‍ഡര്‍സാര്‍ അവിശ്വസനീയ മികവാണ് പുറത്തെടുത്തത്. മെയ് 28ന് വെംബ്‌ളിയില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലിലായിരുന്നു യുണൈറ്റഡിന് വേണ്ടിയുളള അവസാന മത്സരം. ആകെ 186 കളികളില്‍ വാന്‍ഡര്‍സാര്‍ യുണൈറ്റഡിന്റെ ഗോള്‍വലയം കാത്തു.

നാല് തവണ യൂറോപ്പിലെ മികച്ച ഗോള്‍കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുളള വാന്‍ഡര്‍സാര്‍ ഹോളണ്ടിന് വേണ്ടി ഏറ്റവുമധികം രാജ്യാന്തര മത്സരങ്ങള്‍ കളിച്ച താരവുമാണ്. വാന്‍ഡര്‍സാര്‍ 130 മത്സരങ്ങളില്‍ ഹോളണ്ടിന്റെ ഗോള്‍വലയം കാത്തിട്ടുണ്ട്.

മകന്‍ ജോയും വാന്‍ഡര്‍സാറിന്റെ പാത പിന്തുടര്‍ന്ന് ഗോള്‍കീപ്പിംഗ് പരിശീലനം തുടങ്ങിക്കഴിഞ്ഞു.

August 2, 2011

ഇതോ ഒന്നാം നമ്പര്‍ ടീം....?

ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിലെ ഇന്ത്യയുടെ നാണംകെട്ട തോല്‍വി കണ്ടപ്പോള്‍ കടുത്ത ആരാധകര്‍ വരെ മനസ്സില്‍ പറഞ്ഞിരിക്കും ഈ ടീം ലോക ഒന്നാം നമ്പര്‍ പദവിക്ക് അര്‍ഹരല്ലെന്ന്. സത്യമാണ്, മഹേന്ദ്ര സിംഗ് ധോണിയുടെ ടീം ഒന്നാം നമ്പര്‍ പദവിക്ക് അര്‍ഹരല്ല. ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ടെസ്റ്റുകളിലെ തോല്‍വി മാത്രമല്ല ഇങ്ങനെയൊരു വാദത്തിന് കാരണം. സമീപകാല കണക്കുകള്‍ വ്യക്തമാക്കുന്നതും അതാണ്.

ഇതൊന്നു നോക്കൂ... 2008 ഒക്ടോബറിന് ശേഷം 11 ടെസ്റ്റുകളാണ് ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്‍പ് കളിച്ചത്. ഇതില്‍ എട്ടെണ്ണത്തില്‍ ജയിച്ചു. മൂന്നെണ്ണം സമനിലയിലായി. ഒറ്റതോല്‍വി പോലുമില്ലാതെയാണ് ടീം ഇന്ത്യയുടെ ജൈത്രയാത്ര. എന്നാല്‍ ആര്‍ക്കെതിരെ, എവിടെയായിരുന്നു ഈ വിജയങ്ങള്‍ എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്. മൂന്ന് ടെസ്റ്റുകള്‍ ബംഗ്ലാദേശിനെതിരെ. പിന്നെ ദുര്‍ബലരായ ന്യൂസിലാന്‍ഡിനെതിരെയും വെസ്റ്റ് ഇന്‍ഡീസിനെതിരെയും. ഇതില്‍ മിക്കവയും നാട്ടി നേടിയ ജയങ്ങളുമായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാട്ടിലും അവരുടെ തട്ടകത്തിലും സമനില നേടാനെ കഴിഞ്ഞുളളൂ. ശ്രീലങ്കയ്‌ക്കെതിരെയും സ്വന്തം നാട്ടില്‍പ്പോലും ജയിക്കാനായില്ല. എന്നിട്ടും ടീം ഇന്ത്യ ഐ സി സി റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരായി!.

അന്ധമായ ആരാധനയ്ക്ക് അപ്പുറത്ത് ടീം ഇന്ത്യ വെറും കടലാസു പുലികളാണെന്ന് ഇംഗ്ലീഷ് താരങ്ങള്‍ തെളിയിച്ചു കഴിഞ്ഞു. ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റില്‍ തന്നെ ഒരു മോശം ടീം എങ്ങനെ കളിക്കുന്നുവെന്ന് ഇന്ത്യ കാണിച്ചു തന്നു. ഒന്നാം ഇന്നിംഗ്‌സില്‍ 124 റണ്‍സിന് എട്ടു വിക്കറ്റ് പോയ ഇംഗ്ലണ്ട് അടിച്ചെടുത്തത് 221 റണ്‍സ്. മറുപടി ബാറ്റിംഗിനിറങ്ങിയപ്പോള്‍ നാലിന് 267 എന്ന ശക്തമായ നിലയില്‍ നിന്ന ടീം ഇന്ത്യ 288 റണ്‍സിന് കൂടാരം കയറി. ടീം ഇന്ത്യ ശരാശരിയിലും താഴെയുളള ടീമാണെന്ന് ഇതിലും വലിയൊരു ഉദാരഹണം വേണമെന്ന് തോന്നുന്നില്ല.

സഹീര്‍ ഖാന്റെയും വിരേന്ദര്‍ സെവാഗിന്റെയും അഭാവത്തെക്കുറിച്ച് വാചാലരാവുന്നതിലും കാര്യമില്ല. ഇവര്‍ക്ക് പറ്റിയ പകരക്കാരില്ല എന്നതായിരുന്നു ഏറ്റവും വലിയ ദുരന്തം. അപ്പോള്‍ ഇവര്‍ വിരമിക്കുമ്പോള്‍ ഇതിനെക്കാള്‍ വലിയ ദുരന്തമാണ് കാത്തിരിക്കുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ പരാജയവും തോല്‍വിക്ക് കാരണമായി. ക്യാപ്റ്റനല്ലായിരുന്നുവെങ്കില്‍ നേരത്തെ തന്നെ ധോണി ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായേനെ. ഹര്‍ഭജന്‍ സിംഗ് ബാധ്യതയായിട്ടും ടീമില്‍ നിലനിറുത്താനുളള തീരുമാനവും ആത്മഹത്യാപരമായി. രാഹുല്‍ ദ്രാവിഡ് ഒഴികെയുളളവരെല്ലാം ഇംഗ്ലീഷ് ബൗളര്‍മാരുടെ പേസിനും സീമിനും മുന്നില്‍ ഉത്തരമില്ലാതെ വലയുകയാണ്. നൂറാം രാജ്യാന്തര സെഞ്ച്വറി ലക്ഷ്യമിട്ട് ഏറെനാളായി ബാറ്റ് ചെയ്യുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പോലും വെളളംകുടിക്കുകയാണ്.

July 21, 2011

തലവര മാറ്റിയ വിജയം

ടെസ്റ്റ് ക്രിക്കറ്റ് രണ്ടായിരത്തിന്റെ നിറവില്‍. ഇന്ത്യ - ഇംഗ്ലണ്ട്‌ പോരാട്ടവും സെഞ്ച്വറിയുടെ തിളക്കത്തിലെത്തി. മഹേന്ദ്ര സിംഗ് ധോണിയും സച്ചിന്‍ ടെന്‍ഡുല്‍ക്കറും രാഹുല്‍ ദ്രാവിഡുമെല്ലാം ക്രിക്കറ്റ് പ്രേമികളുടെ മനസ്‌സില്‍ പ്രതീകഷകളുടെ കോട്ട കെട്ടുമ്പോള്‍ പഴമക്കാരുടെ മനസ്‌സിലേക്ക് ഓടിയെത്തുക അജിത് വഡേക്കറുടെ ടീം നേടിയ ചരിത്ര വിജയമാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്‍ തലവര തന്നെ മാറ്റിയ വിജയമാണ് വഡേക്കറിന്റെ ടീം ഇംഗഌില്‍ നേടിയത്.

നാല്‍പത് വര്‍ഷം മുന്‍പ് ഇന്ത്യ ആദ്യമായി ഇംഗ്ലണ്ടില്‍
ടെസ്റ്റ് പരമ്പര നേടിയ കഥയിങ്ങനെ....

1971ലാണ് അജിത് വഡേക്കറും സംഘവും ഇംഗഌിലെത്തിയത്. അതിന് മുന്‍പ് ആറ് തവണ ഇംഗഌ് പര്യടനം നടത്തിയിരുന്നെങ്കിലും ഒറ്റ ജയംപോലും നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ല. 19 ടെസ്റ്റുകളില്‍ കളിച്ചു. 15ലും തോല്‍ക്കാനായിരുന്നു വിധി. ഈ ചരിത്രമാണ് അജിത് വഡേക്കറും സംഘവും 1971 ഓഗസ്റ്റ് 24ന് കെന്നിംഗ്ടണ്‍ ഓവലില്‍ തിരുത്തിക്കുറിച്ചത്.

മഴ ഇടക്കിടെ രസം കൊല്ലിയായെത്തിയപ്പോള്‍ ഒന്നും രണ്ടും ടെസ്റ്റുകള്‍ സമനിലയില്‍ അവസാനിച്ചു. ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ജയം 38 റണ്‍സ് അകലെയെത്തി നില്‍ക്കെയാണ് മഴ ചതിച്ചത്. രണ്ടാം ടെസ്റ്റില്‍ 420 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ മൂന്ന് വിക്കറ്റിന് 65 റണ്‍സെടുത്തപ്പോള്‍ മഴയെത്തി.
തുടര്‍ന്നായിരുന്നു ചരിത്രംകുറിച്ച മൂന്നാം ടെസ്റ്റ്. കെന്നിംഗ്ടണ്‍ ഓവലില്‍ സ്പിന്നര്‍മാരായ ബിഷന്‍ സിംഗ് ബേദി, ഭഗവത് ചന്ദ്രശേഖര്‍, ശ്രീനിവാസ് വെങ്കട്ടരാഘവന്‍ എന്നിവരുടെ ബൌളിംഗ് മികവിലായിരുന്നു ഇന്ത്യയുടെ ചരിത്ര വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗഌ് ഒന്നാം ഇന്നിംഗ്‌സില്‍ 355 റണ്‍സെടുത്തു. ബേദിയും ചന്ദ്രയും വെങ്കട്ടരാഘവനും രണ്ട് വിക്കറ്റ് വീതം വീഴത്തി. 71 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 284 റണ്‍സില്‍ അവസാനിച്ചു. ഇംഗഌിന്റെ രണ്ടാം ഇന്നിംഗ്‌സിലായിരുന്നു ഇന്ത്യയുടെ സ്പിന്‍ മാജിക്. ചന്ദ്രയുടെ ലഗ്‌ബ്രേക്കുകള്‍ക്ക് മുന്നില്‍ ഇംഗഌഷ് ബാറ്റ്‌സ്മാന്‍മാര്‍ ഉത്തരമില്ലാതെ വിഷമിച്ചു. ചന്ദ്രശേഖര്‍ 38 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വെങ്കട്ടരാഘവന്‍ രണ്ടും ബേദി ഒരു വിക്കറ്റും വീഴ്ത്തി. ഇംഗഌിന് നേടാനായത്, വെറും 101 റണ്‍സും.

ഇന്ത്യക്ക് ജയിക്കാന്‍173 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. സുനില്‍ ഗാവസ്‌കര്‍ പൂജ്യത്തിന് പുറത്തായതോടെ ഇംഗഌിന് പ്രതീക്ഷയായി. കാരണം പന്തെറിയുന്നത് ജോണ്‍ സ്‌നോയും നോര്‍മാന്‍ കഌഫോര്‍ഡും റേ ഇലഌംഗ് വര്‍ത്തുമൊക്കെയായിരുന്നു. എന്നാല്‍ അജിത് വഡേക്കറിന്റെയും ദിലിപ് സര്‍ദേശായിയുടെയും പോരാട്ടം അഞ്ചാം ദിനം ഇന്ത്യക്ക് ചരിത്ര വിജയം സമ്മാനിച്ചു.

വഡേക്കര്‍ 45 റണ്‍സും സര്‍ദേശായി 40 റണ്‍സെടുത്തു. ഗുണ്ടപ്പ വിശ്വനാഥിന്റെ 33 റണ്‍സും ഫാറൂറ് എഞ്ചിനിയറുടെ അപരാജിത 28 റണ്‍സും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. 101 ഓവറുകള്‍ ബാറ്റ് ചെയ്താണ് ഇന്ത്യ 173 റണ്‍സിലെത്തിയത്.

ഈ ജയം ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവരതെന്ന മാറ്റി. ഇന്ത്യ ജയിക്കാനറിയുന്ന ടീമാണെന്ന് ലോകത്തിന് മുന്നില്‍ തെളിയിച്ചു. അതം ഇംഗഌിനെ അവരുടെ നാട്ടില്‍ തോല്‍പിച്ച്. ക്രിക്കറ്റിലെ ദ ുര്‍ബല ടീമെന്ന വിശേഷണം ഇന്ത്യ തകര്‍ത്തെറിഞ്ഞതും ഈ വിജയത്തോടെയായിരുന്നു.

July 10, 2011

ഒരൊറ്റച്ചാട്ടം, ലണ്ടനിലേക്ക്

ഉത്തേജക മരുന്ന് വിവാദത്തില്‍ മുങ്ങിനില്‍ക്കുന്ന ഇന്ത്യന്‍ അത്‌ലറ്റിക്‌സിന് ആശ്വാസമാവുകയാണ് മലയാളി താരം മയൂഖ ജോണി. ജപ്പാനിലെ കോബില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ ലോംഗ്ജംപില്‍ സ്വര്‍ണവും ട്രിപ്പിള്‍ ജംപില്‍ വെങ്കലവും നേടിയാണ് മയൂഖ ഇന്ത്യയുടെ ആശ്വാസമായത്. ട്രിപ്പിള്‍ ജംപിലെ വെങ്കലനേട്ടം മയൂഖയ്ക്ക് 2012ലെ ലണ്ടന്‍ ഒളിംപിക്‌സ് യോഗ്യതയും സമ്മാനിച്ചു. രണ്ടിനങ്ങളിലും മയൂഖ അടുത്തമാസം ദക്ഷിണ കൊറിയയില്‍ നടക്കുന്ന ലോക അത്‌ലറ്റിക് മീറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.

ട്രിപ്പിള്‍ ജംപില്‍ 14.11 മീറ്റര്‍ ചാടിയാണ് മയൂഖ വെങ്കലവും ഒളിംപിക് യോഗ്യതയും സ്വന്തമാക്കിയത്. സ്വന്തം ദേശീയ റെക്കോര്‍ഡ് മെച്ചപ്പെടുത്തിയ മയൂഖ നാലാം അവസരത്തിലാണ് ഒളിംപിക്‌സിനുളള ബി-മാര്‍ക്ക് യോഗ്യത(14.10 മീറ്റര്‍) മറികടന്നത്. മൂന്നാം അവസരത്തിലും (14.05മീറ്റര്‍) മയൂഖ ദേശീയ റെക്കോര്‍ഡ് മെച്ചപ്പെടുത്തിയിരുന്നു. കഴിഞ്ഞമാസം ചൈനയില്‍ നടന്ന ഏഷ്യന്‍ ഗ്രാന്‍പ്രി മീറ്റിനിടെ14.02 മീറ്റര്‍ ചാടിയാണ് മയൂഖ ദേശീയ റെക്കോര്‍ഡ് ആദ്യമായി സ്വന്തമാക്കിയത്. ഒരു ഇന്ത്യന്‍ വനിതാ ജംപര്‍ ആദ്യമായി 14 മീറ്റര്‍ മറികടക്കുന്നതും അന്നായിരുന്നു. അന്നത്തെ മികച്ച ഫോം തുടരുകയാണ് കോഴിക്കോട് ജില്ലയിലെ കല്ലാനോട് സ്വദേശിയായ മയൂഖ.

അഞ്ജു ബോബി ജോര്‍ജിനെപ്പോലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് മയൂഖയുടേതും. കോബില്‍ ഒറ്റചാട്ടംപോലും ഫൗളാക്കിയില്ല എന്നത് തന്നെ മയൂഖയുടെ ഫോമിന്റെയും ആത്മവിശ്വാസത്തിന്റെയും തെളിവാണ്. ലോംഗ്ജംപിലും ഒളിംപിക് യോഗ്യത നേടാമെന്ന പ്രതീക്ഷയിലായിരുന്നു മയൂഖ. 6.56 മീറ്റര്‍ ചാടിയാണ് സ്വര്‍ണം നേടിയത്. ഒളിംപിക് ബി-മാര്‍ക്ക് യോഗ്യത 6.65 മീറ്ററായിരുന്നു. ഏഷ്യന്‍ ചാമ്പ്യനെന്ന നിലയിലാണ് മയൂഖ ലോംഗ്ജംപില്‍ ലോക അത്‌ലറ്റിക് മീറ്റിന് യോഗ്യത നേടിയത്. ഈയിനത്തില്‍ 6.64 മീറ്ററാണ് മയൂഖയുടെ മികച്ച പ്രകടനം. ഏതന്‍സ് ഒളിംപിക്‌സില്‍ അഞ്ജു ബോബി ജോര്‍ജ് ചാടിയ 6.83 മീറ്ററാണ് ഇന്ത്യന്‍ റെക്കോര്‍ഡ്.

ലോംഗ്ജംപില്‍ ഏഴ്മീറ്റര്‍ മറികടക്കുകയാണ് മയൂഖയുടെ ലക്ഷ്യം. ഈ പ്രകടത്തിലെത്തിയാല്‍ മയൂഖയ്ക്ക് ഒളിംപിക് മെഡല്‍ അസാധ്യമല്ല. ബെയ്ജിംഗ് ഒളിംപിക്‌സില്‍ ആദ്യരണ്ട് സ്ഥാനക്കാരും ഏഴ് മീറ്ററിലധികം ദൂരം ചാടിയിരുന്നു. തലശേരി സായിയിലെ ജോസ് മാത്യുവിന്റെ പരിശീലനത്തോടെയാണ് മയൂഖ ദേശീയ തലത്തില്‍ ശ്രദ്ധേയ ആയത്. ഈ സീസണ്‍ മുതല്‍ മുന്‍ ഇന്ത്യന്‍താരം ശ്യാം കുമാറിന് കീഴിലാണ് മയൂഖയുടെ പരിശീലനം. ശ്യാം കുമാറിന് കീഴിലാണ് മയൂഖ 14 മീറ്റര്‍ മറികടന്നത്. ലോംഗ്ജംപില്‍ മയൂഖ ഏഴ് മീറ്റര്‍ മറികടക്കുമെന്ന് ശ്യാം കുമാറും ഉറപ്പിച്ച് പറയുന്നു.

അഞ്ജു ബോബി ജോര്‍ജ് അടക്കമുളള അത്‌ലറ്റുകള്‍ മുന്നിലുണ്ടെങ്കിലും മയൂഖയ്ക്ക് പ്രചോദനമേകുന്നത് സൈന നേവാളാണ്. ''ഇന്ത്യയിലെ എല്ലാ വനിതാ കായികതാരങ്ങള്‍ക്കും പ്രചോദനമാണ് സൈന. കഠിനാദ്ധ്വാനം ചെയ്താല്‍ ഫലമുണ്ടാവുമെന്നും ലോകോത്തര വേദികളില്‍ ഇന്ത്യന്‍ വനിതകള്‍ക്കും ജയിക്കാനാവുമെന്നും സൈന തെളിയിച്ചു'' മയൂഖ പറഞ്ഞു. ബാംഗ്ലൂരിലെ സായ് സെന്ററിലാണ് മയൂഖ ഇപ്പോള്‍ പരിശീലനം നടത്തുന്നത്.

July 7, 2011

ആ 257 പേര്‍ ആരൊക്കെ?

ഉത്തേജക മരുന്ന് വിവാദത്തില്‍ ആടിയുലയുകയാണ് ഇന്ത്യന്‍ അത്‌ലറ്റിക്‌സ്. ജൗന മര്‍മു പിടിക്കപ്പെട്ടതോടെ തുടങ്ങിയ കൊടുങ്കാറ്റ് പലവന്‍മരങ്ങളെയും കടപുഴക്കുന്ന കാഴ്ചയാണ് കാണുന്നത്. ഓരോദിവസവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ വരുന്നു. സിനി ജോസ്, മന്‍ദീപ് കൗര്‍, ടിയാന മേരി തോമസ്, പ്രിയങ്ക പന്‍വാര്‍, അശ്വിനി അകുഞ്ചി എന്നിവരൊക്കെ കുടുങ്ങിക്കഴിഞ്ഞു. ഇക്കഴിഞ്ഞ റാഞ്ചി ദേശീയ ഗെയിംസിനിടെ 13പേര്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ വെളിപ്പെടുത്തി. ഇതിനേക്കാള്‍ വലിയ ബോംബാണ് മുന്‍ അത്‌ലറ്റ് സുനിത ഗൊദാര പൊട്ടിച്ചിരിക്കുന്നത്. 1991നും 2001നുമിടെ 257പേര്‍ ഇന്ത്യയില്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടുവെന്നും ഇത് ഇന്ത്യന്‍ അത്‌ലറ്റിക് അസോസിയേഷനും ഒളിംപിക് അസോസിയേഷനും മുക്കിയെന്നുമാണ് സുനിതയുടെ വെളിപ്പെടുത്തല്‍.

ഇപ്പോള്‍ ജയിലില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കല്‍മാഡി സര്‍വപ്രതാപിയായിരുന്ന കാലത്താണ് ഈ പരിശോധനകളൊക്കെ നടന്നത്. ആരോരുമറിയാതെ കല്‍മാഡി ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടവരെയൊക്കെ സംരക്ഷിക്കുകയായിരുന്നു. ഇങ്ങനെ സംരക്ഷിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ കേരള അത്‌ലറ്റിക്‌സിലെ അഭിമാന സ്തംഭങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സുനിത പറയുന്നത്. ഈ പട്ടികയിലെ പേരുകള്‍ വെളിപ്പെടുത്തണം എന്നാവശ്യപ്പെട്ട് 2001 ഓഗസ്റ്റില്‍ സുനിത ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.

സുനിതയുടെ പരാതിയെ തുര്‍ന്ന് 257 പേര്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന് സായ് ഡല്‍ഹി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ സായ് നല്‍കിയ ഫയല്‍ ഇന്നുവരെ വെളിച്ചം കണ്ടിട്ടില്ല. ഈ ഫയലില്‍ ഏതൊക്കെ ഇനങ്ങില്‍ ആരൊക്കെ, ഏത് ഉത്തേജക മരുന്നുകള്‍ ഉപയോഗിച്ചുവെന്ന് വ്യക്തമായി പറയുന്നുണ്ട്. സായ് ഡോപ് കണ്‍ട്രോള്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനാ ഫലങ്ങലാണ് ഈ പട്ടികയിലുളളത്. എന്നാല്‍ സായിയുടെ ലാബ് അംഗീകൃത ലാബല്ലെന്നാണ് ഐ ഒ സിയുടെ വിചിത്രവാദം.

സുരേഷ് കല്‍മാഡി ജയില്‍ കഴിയുമ്പോളാണ് ഇപ്പോഴത്തെ വിവാദങ്ങളെല്ലാം എന്നതും ശ്രദ്ധേയമാണ്. കല്‍മാഡി ഇല്ലാത്ത സമയത്ത് ഉത്തേജക പരിശോധന നടന്നതിനാലാണ് ഇപ്പോള്‍ ഇത്രയും താരങ്ങള്‍ പിടിയിലായതെന്ന് മുതിര്‍ന്ന താരങ്ങള്‍ ഒരേസ്വരത്തില്‍ പറയുന്നു. കല്‍മാഡിയുടെ അസാന്നിധ്യത്തില്‍ സായ് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറംലോകം കാണുമെന്നും ഇവര്‍ വിശ്വസിക്കുന്നു.

1992 ഏഷ്യാഡിലെ മാരത്തണ്‍ ജേതാവാണ് സുനിത. അര്‍ജുന അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. കേട്ടാല്‍ ഇന്ത്യന്‍ കായികലോകം, പ്രത്യേകിച്ച് കേരളം, ഞെട്ടിത്തെറിക്കുന്ന പേരുകളാണ് കല്‍മാഡി പൂഴ്ത്തിയ ഫയില്‍ ഉളളതെന്ന് സുനിത പറയുന്നു. അത് ആരൊക്കെയെന്നറിയാന്‍ കാത്തിരിക്കാനെ നമുക്ക് കഴിയൂ.

June 25, 2011

ദൈവത്തിനെങ്കിലും രക്ഷകനാവാൻ കഴിയുമോ?

നാട്ടുകാര്‍ക്ക് വേണ്ട. നടത്തിപ്പുകാര്‍ക്കും വേണ്ട. പിന്നെ ഞങ്ങള്‍ക്കാണോ വേണ്ടത്?. ചോദിക്കുന്നത് മറ്റാരുമല്ല, ബാലന്‍സ് ഷീറ്റില്‍ നഷ്ടത്തിന്റെ കണക്ക് മാത്രമുളള ഇന്ത്യയിലെ ഫുട്‌ബോള്‍ ക്ലബ് ഉടമകളാണ്. ഈ ചോദ്യത്തിന് ആദ്യം ഉത്തരം നല്‍കിയത് ഫ്രാന്‍സ ഗോവയായിരുന്നു, 2005ല്‍ ടീം പിരിച്ചുവിട്ട്. കഴിഞ്ഞ വര്‍ഷം മഹീന്ദ്രാ യുണൈറ്റഡും ഇപ്പോഴിതാ ജെ സി ടിയും ഫുട്‌ബോള്‍ ടീമുകളെ പിരിച്ചു വിട്ടുകഴിഞ്ഞു. മൂന്നോളം ക്ലബുകള്‍ ഇവരുടെ വഴി സ്വീകരിക്കാനിരിക്കുന്നു. ഇതാണ് ഇന്ത്യന്‍ ഫുട്‌ബോളിന്റെ
ഇപ്പോഴത്തെ അവസ്ഥ.

കളികാണാന്‍ ആളില്ല. കളിയെ പ്രോത്സാഹിപ്പിക്കാന്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും കഴിയുന്നില്ല. ഇന്ത്യന്‍ ഫുട്‌ബോളിന്റെ കാറ്റ് പോവുന്നത് സ്വാഭാവികം മാത്രം. ഫിഫയും എ എഫ് സിയും ഇന്ത്യയിലെ മാര്‍ക്കറ്റ് തിരിച്ചറിഞ്ഞ് കളിയെ രക്ഷപ്പെടുത്താന്‍ പെടാപ്പാട് പെടുമ്പോഴാണ് ഈ സംഭവങ്ങളെന്നും മറക്കരുത്.

നഷ്ടത്തിന്റെ കണക്ക് നിരത്തിയാണ് മഹീന്ദ്രയും ജെ സി ടിയും ടീമുകള്‍ പിരിച്ചുവിട്ടത്. ഇന്ത്യയിലെ മറ്റ് ക്ലബുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. മുംബയ് എഫ് സി, പൂനെ എഫ് സി, ചിരാഗ് യുണൈറ്റഡ് എന്നിവരാണ് പിരിച്ചുവിടലിന്റെ വക്കില്‍ എത്തിനില്‍ക്കുന്നത്. യൂറോപ്പിലെ എന്തിന് ജപ്പാനിലെയും ചൈനയിലെയും ക്ലബുകള്‍പോലും കോടികള്‍ ലാഭം കൊയ്യുമ്പോഴാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ദയാവധം കാത്ത് കിടക്കുന്നത്.

ടെലിവിഷന്‍ സംപ്രേഷണത്തിലൂടെയാണ് യൂറോപ്യന്‍ ക്ലബുകളുടെയെല്ലാം പ്രധാന വരുമാന മാര്‍ഗം. ഓരോ കളിയുടെയും 60 മുതല്‍ 70 ശതമാനം വരെ ടെലിവിഷന്‍ റൈറ്റ് ക്ലബുകള്‍ക്കുളളതാണ്. ഇതിലൂടെതന്നെ ക്ലബിന്റെ നിലനില്‍പ്പ് സുഗമമാവുന്നു. പരസ്യം, അംഗങ്ങള്‍ തുടങ്ങിയവകൂടി ചേരുമ്പോള്‍ എല്ലാം ലാഭത്തിലാവും. ഇന്ത്യയിലാവട്ടെ എല്ലാം കുത്തഴിഞ്ഞാണ്. രാഷ്ട്രീയക്കാര്‍ കൈയടക്കി വച്ചിരിക്കുന്ന എ ഐ എഫ് എഫിന് ഇതിലൊട്ട് താല്‍പര്യവുമില്ല. പണം വിഴുങ്ങാന്‍ മാത്രമാണ് ഇക്കൂട്ടര്‍ക്ക് ആവേശം. പതിനഞ്ച് വര്‍ഷത്തേക്ക് ഇന്ത്യയിലെ ആഭ്യന്തര ഫുട്‌ബോള്‍ സംപ്രേഷണ അനുമതി കഴിഞ്ഞ വര്‍ഷം റിലയന്‍സ് ഗ്രൂപ്പ് സ്വന്തമാക്കി. 700 കോടി രൂപയാണ് ഫെഡറേഷന് ഇതിലൂടെ ലഭിച്ചത്. നയാപൈസ ടീമുകള്‍ക്ക് ലഭിച്ചില്ല എന്ന് മാത്രമല്ല, ഇക്കഴിഞ്ഞ സീസണില്‍റിലയന്‍സ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്തുമില്ല.

ഗോവയിലെ ചില വ്യക്തിഗത മത്സരങ്ങളും കൊല്‍ക്കത്തയുടെ പാരമ്പര്യവും മാത്രമാണ് ശേഷിക്കുന്ന ഇന്ത്യന്‍ ഫുട്‌ബോളിന്റെ ജീവന്‍. മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും ശക്തമായ ജനകീയ അടിത്തറയുണ്ട്. ഈ ജനകീയ അടിത്തറ കണ്ടാണ് രണ്ട് ടീമുകളെയും വിജയ് മല്യ സ്‌പോണ്‍സര്‍ ചെയ്തത്. കൊല്‍ക്കത്തയിലെ മറ്റ് ക്ലബുകളെല്ലാം തപ്പിത്തടയുകയാണ്. ഗോവയില്‍ എല്ലാം വ്യക്തികളുടെ പോരാട്ടമാണ്. ഒഴിഞ്ഞ ഗാലറികള്‍ക്ക് മുന്നില്‍ കളികള്‍ നടക്കുമ്പോഴും സമ്പന്നരുടെ അഭിമാനത്തിന് മുന്നില്‍ ഫുട്‌ബോള്‍ നിലനില്‍ക്കുന്നു എന്നതില്‍ ആശ്വസിക്കാം.

അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനിലെ കള്ളന്‍മാരുടെ തലതൊട്ടപ്പന്‍മാര്‍ ഭരിക്കുന്ന കേരള ഫുട്‌ബോളിന്റെ ഗതിയും വ്യത്യസ്തമല്ല. സന്തോഷ് ട്രോഫിയുടെ പ്രീക്വാര്‍ട്ടര്‍ കടമ്പപോലും കടക്കാനാവാതെ വിയര്‍ക്കുന്ന കേരളത്തല്‍ ജീവനുളള ക്ലബുകള്‍ പോലും ഇല്ലാതായിരിക്കുന്നു. പേരിന് വിവ കേരളയുണ്ടെങ്കിലും അവസ്ഥയില്‍ മാറ്റമൊന്നുമില്ല.

ബ്രസീലിയന്‍ സൂപ്പര്‍ താരമായ റൊമാരിയോ പറഞ്ഞപോലെ, ഇവിടുത്തെ ഫുട്‌ബോളിനെ രക്ഷിക്കാന്‍ ഒരാള്‍ക്ക് മാത്രമേ കഴിയൂ, സാക്ഷാല്‍ ദൈവത്തിന്. ലോകഫുട്‌ബോളിലേക്ക് ഓരോ ദിവസവും നിരവധി താരങ്ങളെ സംഭവാന ചെയ്യുന്ന ബ്രസീലിനെക്കുറിച്ച് റൊമാരിയോ ഇങ്ങനെ പറഞ്ഞുവെങ്കില്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ അവസ്ഥ എന്തായിരിക്കും. നിങ്ങള്‍ തന്നെ ആലോചിക്കൂ.

June 18, 2011

വേഗമല്ല, പണമാണ് പ്രധാനം

ക്രിക്കറ്റ് കളിതുടങ്ങുമ്പോള്‍ അതിവേഗത്തിലാണ് പന്തെറിയുക. പരമാവധി വേഗത്തില്‍. ഈ വേഗത്തിന്റെ മികവില്‍ ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യന്‍ ജൂനിയര്‍ ടീമിലുമെത്തും. അവിടെയും വേഗം തന്നെയായിരിക്കും ആയുധം. എന്നാല്‍ ടീം ഇന്ത്യയുടെ നീലക്കുപ്പായം അണിയുന്നതോടെ ഈ വേഗം കണികാണാന്‍ പറ്റില്ല. സമീപകാല ഇന്ത്യന്‍ ഫാസ്റ്റ് ബൗളിംഗിന്റെ അവസ്ഥയാണിത്.

ഒന്നല്ല, ഉദാഹരണങ്ങള്‍ നിരവധിയാണ്. ഇര്‍ഫാന്‍ പഠാന്‍, ഇശാന്ത് ശര്‍മ, മുനാഫ് പട്ടേല്‍ എന്നിവരൊക്കെ ഈ പട്ടികയില്‍ വരുന്നവരാണ്. വേഗം കുറച്ച് പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്ന് ഇര്‍ഫാന്‍ ടീമില്‍ നിന്ന് പുറത്തായി. ഇശാന്തും ഇതേ പാതിയിലൂടെയാണ് നീലക്കുപ്പായത്തിന് പുറത്തായത്. ഒടുവില്‍ വേഗം വീണ്ടടുത്താണ് ഇശാന്ത് ഇപ്പോള്‍ ടീമില്‍ തിരിച്ചെത്തിയത്. ടീം ഇന്ത്യയുടെ സ്ഥിരനിക്ഷേപങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട താരങ്ങളായിരുന്നു ഇര്‍ഫാനും ഇശാന്തും എന്നകാര്യം ആരും മറക്കുമെന്ന് തോന്നുന്നില്ല.

ഇന്ത്യയിലെ ബാറ്റ്‌സ്മാന്‍മാര്‍ പൊതുവെ അതിവേഗ പന്തുകളെ നേരിടുന്നതില്‍ ദൗര്‍ബല്യം ഉളളവരാണ്. അതുകൊണ്ടുതന്നെയാണ് അതിവേഗ ബൗളര്‍മാര്‍ ആഭ്യന്തര ക്രിക്കറ്റില്‍ ശോഭിക്കുന്നത്. എന്നാല്‍ ഈ പ്രകടനവുമായി രാജ്യാന്തര ക്രിക്കറ്റില്‍ എത്തുമ്പോള്‍ കളിമാറുന്നു. ചെറിയ പിഴവിന് പോലും വലിയ ശിക്ഷ ലഭിക്കുകയും ചെയ്യും. ഇതേത്തുടര്‍ന്നാണ് ടീം ഇന്ത്യയുടെ ഭാഗമാവുമ്പോള്‍ ഫാസ്റ്റ് ബൗളര്‍മാര്‍ മീഡിയം പേസര്‍മാര്‍ ആകുന്നത്.

ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ബൗളര്‍ എന്ന വിശേഷണത്തോടെയാണ് മുനാഫ് സീനിയര്‍ ചീമിലെത്തിയത്. അകത്തും പുറത്തുമായി നിന്ന് മുനാഫ് വേഗം കുറച്ച് വിക്കറ്റ് ടു വിക്കറ്റ് ബൗളറായതോടെ ടീമിലെ സ്ഥിരക്കാരനായി. സഹീര്‍ ഖാനും വേഗം എന്നേ കൈവിട്ടു. എങ്കിലും അവസരോചിതമായി കളിക്കാനാവുന്നു എന്നതാണ് സഹീറിനെ മറ്റുളളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്ന് ഒന്നുമല്ലാതായി തീര്‍ന്ന ബൗളറാണ് ഇര്‍ഫാന്‍. ആഭ്യന്തര ക്രിക്കറ്റില്‍പ്പോലും ഇര്‍ഫാന് ശോഭിക്കാനാവുന്നില്ല. ഇശാന്ത് ഐ പി എല്ലിലൂടെ പലതും പഠിച്ചുവെന്നാണ് മനസ്സിലാവുന്നത്.

ബൗളര്‍മാരുടെ ഈ പരീക്ഷണങ്ങള്‍ ജവഗല്‍ ശ്രീനാഥിനെ ഇപ്പോഴും ഇന്ത്യയുടെ ഒന്നാം നമ്പര്‍ ഫാസ്റ്റ് ബൗളറായി നിലനിറുത്തുന്നു എന്നതാണ് സത്യം. വിമിര്‍ശനങ്ങള്‍ ഏറെ നേരിടുന്നുണ്ടെങ്കിലും എസ് ശ്രീശാന്ത് മാത്രമാണ് വേഗം നിലനിറുത്തുന്ന ഇന്ത്യന്‍ ബൗളര്‍. അതുകൊണ്ടുതന്നെയാണ് ശ്രീശാന്ത് പരുക്കുമൂലം ഇടക്കിടെ ടീമില്‍ നിന്ന് പുറത്താവുന്നതും കളിയില്‍ റണ്‍സ് വഴങ്ങുന്നതും.

പവര്‍പ്ലേ-സ്വകാര്യ സംഭാഷണത്തിനിടെ ഒരു കോച്ച് പറഞ്ഞതിങ്ങനെ- ഇന്ത്യന്‍ ടീമിലെത്തിയാല്‍ ഫാസ്റ്റ് ബൗളര്‍മാരെല്ലാം മീഡിയം പേസര്‍മാരാവും. കാരണം, ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് പരിക്ക് പറ്റാന്‍ സാധ്യത കൂടുതലാണ്. എന്തിന് വേഗത്തിലെറിഞ്ഞ് ടീമിന് പുറത്താവണം എന്ന ചിന്തയിലാണ് എല്ലാവരും കളിക്കുന്നത്. ഒരൊറ്റ ബൗളര്‍പോലും യഥാര്‍ഥ മികവ് പുറത്തെടുക്കുന്നില്ല. വേഗം പോകുന്നതിന്റെ കാര്യം പിടികിട്ടിക്കാണുമല്ലോ. കളിയല്ല, പണമാണ് പ്രധാനം

May 8, 2011

വൈന്‍ , വുമണ്‍ , വിക്കറ്റ് = വോണ്‍

സ്‌പിന്‍ ബൗളറുടെ കൈവിരലുകളില്‍ നിന്ന് ഉതിര്‍ന്നുവീഴുന്ന പന്തുപോലെയാണ് ഷെയ്‌ന്‍ വോണ്‍. കുത്തിത്തിരിയുന്ന പന്ത് ബാറ്റ്‌സ്‌മാന്റെ കണക്കുകൂട്ടലും പ്രതിരോധവും തകര്‍ത്ത് വിക്കറ്റ് തകര്‍ക്കാം. അല്ലെങ്കില്‍ നിലംതൊടാതെ ഗാലറിയിലേക്ക് പറത്തപ്പെടാം...പ്രവചനാധീതമായ സാധ്യതകള്‍ നിരവധിയാണ്. ഇതുപോലെതന്നെയാണ് വോണിന്റെ ജീവിതവും.

കളിക്കളത്തിലും കളത്തിന് പുറത്തും സമാനതകളില്ലാത്ത വോണ്‍ ഈ ഐ പി എല്ലോടെ കളിമതിയാക്കുകയാണ്, നാല്‍പ്പത്തിയൊന്നാം വയസ്സില്‍. ലഗ്‌സ്‌പിന്‍ രാജാവെന്ന സുവര്‍ണ കിരീടവുമായാണ് 2007ല്‍ വോണ്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. വിരമക്കുമ്പോള്‍ 708 വിക്കറ്റുകളാണ് വോണിന്റെ പേരിനൊപ്പം ഉണ്ടായിരുന്നത്. ഐ പി എല്ലിലെത്തി ആദ്യസീസണില്‍ തന്നെ രാജസ്ഥാന്‍ റോയല്‍സിനെ ചാമ്പ്യന്‍മാരാക്കി അത്ഭുതം രചിച്ചു. സാക്ഷാല്‍ സര്‍ ഡൊണാള്‍ഡ് ബ്രാഡ്‌മാന്‍ കഴിഞ്ഞാല്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ ഏറ്റവും മഹാനായ ക്രിക്കറ്ററാണ് വോണ്‍.

പ്രതിഭാവിലാസംകൊണ്ട് കളിക്കളത്തില്‍ എതിരാളികളുടെ കോട്ടകൊത്തളങ്ങള്‍ തകര്‍ക്കുന്ന വോണ്‍ കളത്തിന് പുറത്തും വ്യത്യസ്‌തനായിരുന്നു. പുകവലിയും മദ്യപാനവും സ്‌ത്രീകളുമായി ചേര്‍ന്നുളള വിവാദങ്ങളുമെല്ലാം എപ്പോഴും വോണിനെ മാധ്യമങ്ങളില്‍ നിറച്ചു. ഇക്കാരണങ്ങള്‍കൊണ്ട് മാത്രമാണ് വോണിന് ഓസീസ് നായകനാവാന്‍ കഴിയാതിരുന്നത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് ലഭിക്കാത്ത ഏറ്റവും മികച്ച ക്യാപ്‌റ്റന്‍ എന്ന വിശേഷണവും ഇതോടെ വോണിന് സ്വന്തമായി.

1992ല്‍​ഇന്ത്യക്കെതിരെ ആയിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 150 റണ്‍സിന് നേടിയതാവട്ടെ ഒരൊറ്റ വിക്കറ്റും. പിന്നീട് ഇരുപതാം നൂറ്റാണ്ടിലെ പന്തെറിഞ്ഞ ബഹുമതിയും വോണിനെ തേടിയെത്തി. ആഷസ് പരമ്പരയില്‍ മൈക് ഗാറ്റിംഗിനെ പുറത്താക്കിയാണ് വോണ്‍ നൂറ്റാണ്ടിന്റെ ഏറുകാരനായത്. 1999ല്‍ ഓസീസ് ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ ഫൈനലിലെ കളിയിലെ കേമന്‍ വോണായിരുന്നു. ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെട്ട് വോണിന് തൊട്ടടുത്ത ലോകകപ്പില്‍ കളിക്കാനായില്ല. പരസ്‌ത്രീകളുമായുളള വോണിന്റെ ബന്ധം ഭാര്യ സിമോണ്‍ പിരിഞ്ഞുപോകാന്‍ കാരണമായി.

ഇപ്പോള്‍ ബ്രിട്ടീഷ് നടി എലിസബത്ത് ഹേര്‍ലിയുടെ കാമുകനാണ് വോണ്‍. ഹേര്‍ലിയുമായി കൂടുതല്‍ സമയം ചെലവഴിക്കാനാണ് വോണ്‍ ഐ പി എല്ലില്‍ നിന്ന് വിരമിക്കുന്നത്.

April 19, 2011

വീരനായ് വല്‍താട്ടി

ക്രിക്കറ്റ് ആവേശത്തിന്റെ കലവറയാണ് ഇന്ത്യന്‍ പ്രിമിയര്‍ ലീഗ്. വെടിക്കെട്ട് ബാറ്റിംഗ്. തകര്‍പ്പന്‍ ബൗളിംഗ്. അവിശ്വസനീയ ക്യാച്ചുകള്‍...ക്രിക്കറ്റ് പ്രേമികള്‍ വീണ്ടും വീണ്ടും ടെവിവിഷന്‍ സെറ്റുകള്‍ക്ക് മുന്നിലേക്ക് ആനയിക്കപ്പെടുന്നത് ഈ ആവേശക്കാഴ്‌ചകളാണ്. ഐ പി എല്ലില്‍ മിക്കപ്പോഴും കാണികളെ ഹരംകൊളളിക്കുന്നത് പേരെടുത്ത കളിക്കാരല്ല, ആഭ്യന്തര തലത്തില്‍പ്പോലും വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്ത ചിലതാരങ്ങളാണ്.

യൂസഫ് പഠാന്‍ , സ്വപ്‌നില്‍ അസ്‌നോദ്കര്‍ , മനീഷ് പാണ്ഡെ, മന്‍പ്രീസ് ഗോണി, ആര്‍ അശ്വിന്‍ എന്നിവരെല്ലാം ഐ പി എല്ലിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ക്രിക്കറ്റിന്റെ വെളളിവെളിച്ചത്തില്‍ എത്തിയവരാണ്. ഈ പട്ടികയിലെ അവസാന കണ്ണിയാണ് പോള്‍ വല്‍ത്താട്ടിയെന്ന പഞ്ചാബ് കിംഗ്സ് ഇലവന്‍ താരം. രണ്ട് ഇന്നിംഗ്സുകളിലൂടെ വല്‍ത്താട്ടി ഐ പി എല്ലിന്റെ ഹരമായി മാറിക്കഴിഞ്ഞു.

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ക്രീസില്‍ റണ്‍മഴ ചൊരിയുംവരെ ക്രിക്കറ്റ് പ്രേമികള്‍ അധികം കേട്ടിട്ടുപോലുമില്ലാത്ത പേരായിരുന്നു വല്‍ത്താട്ടി. വെറുമൊരു വെടിക്കെട്ടായിരുന്നില്ല സൂപ്പര്‍ കിംഗ്സിന്റെ ബൗളര്‍മാര്‍ക്ക്മേല്‍ വല്‍ത്താട്ടി നടത്തിയത്. 63 പന്തില്‍ പുറത്താവാതെ 120 റണ്‍സെടുത്തപ്പോള്‍ പിറന്നത് മനോഹര ക്രിക്കറ്റ് ഷോട്ടുകളായിരുന്നു. ഐ പി എല്ലിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ വ്യക്തിഗത സ്‌കോര്‍ കൂടിയായിരുന്നു ഇത്. ചുളവില്‍ കിട്ടിയെ സെഞ്ച്വറി ആയിരുന്നില്ല തന്റേതെന്ന് ക്രിക്കറ്റ് ലോകത്തിന് കാണിച്ചുകൊടുക്കുകയായിരുന്നു തൊട്ടടുത്ത മത്സരത്തില്‍ വല്‍ത്താട്ടി. ഇത്തവണ ഡെക്കാന്‍ ചാര്‍ജേഴ്‌സായിരുന്നു വല്‍ത്താട്ടിയുടെ ചൂടറിഞ്ഞത്. 47 പന്തില്‍ 75 റണ്‍സ്. എട്ട് ഫോറുകളും അഞ്ച് സിക്‌സറുകളുമാണ് വല്‍ത്താട്ടിയുടെ ബാറ്റില്‍നിന്ന് പറന്നത്. തീര്‍ന്നില്ല 29 റണ്‍സ് വഴങ്ങി ഡെക്കാന്റെ നാല് വിക്കറ്റുകളും വല്‍ത്താട്ടി കീശയിലാക്കി.

കിടിലന്‍​ഇന്നിംഗ്സുകളിലൂടെ മിന്നുംതാരമായി മാറിയ വല്‍ത്താട്ടിക്ക് മലയാളി വേരുകളുണ്ടെന്ന വാര്‍ത്തകളാണ് ഇങ്ങനെയൊരു അന്വേഷണത്തിന് പ്രേരിപ്പിച്ചത്. ആന്ധ്രാപ്രദേശുകാരനായ വല്‍ത്താട്ടിക്ക് മലയാളവുമായി ഒരു ബന്ധവുമില്ലെ. മാത്രല്ല, ട്വന്റി 20 ക്രിക്കറ്റ് പോലെ അനിശ്ചിതത്വം നിറഞ്ഞതാണ് വല്‍ത്താട്ടിയുടെ ക്രിക്കറ്റ് കരിയര്‍. 2002ല്‍ നടന്ന അണ്ടര്‍ 19 ലോകകപ്പിനുളള​ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു വല്‍ത്താട്ടി. ഇര്‍ഫാന്‍ പഠാനും പാര്‍ഥിവ് പട്ടേലുമൊക്കെ ടീമിലെ സഹതാരങ്ങളായിരുന്നു. ബംഗ്ലാദേശിനെതിരെയുളള മത്സരത്തിനിടെ കണ്ണിന് പരിക്കേറ്റതോടെ വാല്‍ത്താട്ടി അപ്രത്യക്ഷനാവുകയായിരുന്നു. 2006ല്‍ മുംബയ്‌ക്ക് വേണ്ടി ഒരൊറ്റ ഏകദിനം കളിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. അതേവര്‍ഷം രാജസ്ഥാന്‍ റോയല്‍സില്‍ എത്തിയെങ്കിലും കാര്യമായൊന്നും ചെയ്യാനായില്ല. തന്റെ റോള്‍മോഡലായ ആഡം ഗില്‍ക്രിസ്റ്റിന് കീഴില്‍ എത്തിയതോടെയാണ് വല്‍ത്താട്ടിയുടെ തലവര തെളിഞ്ഞത്.

27കാരനായ വല്‍ത്താട്ടി പ്രൊഫഷണല്‍​കുടുംബത്തില്‍ നിന്നാണ് വരുന്നത്. അച്ഛന്‍ എഞ്ചിനീയര്‍. അമ്മയും മൂന്ന് സഹോദരിമാരും ഡോക്‌ടര്‍മാര്‍. കുടുംബം പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മുംബയിലേക്ക് ചേക്കേറിയതിനാല്‍ ക്രിക്കറ്റ് ജീവിതത്തിന്റെ ഭാഗമായി. അഞ്ചാം വയസ്സില്‍ കപില്‍ദേവിന്റെ ബൗളിംഗ് അനുകരിച്ചാണ് കളിയിലേക്ക് ചുവടുവച്ചത്. ദിലീപ് വെംഗ്സാര്‍ക്കറുടെ അക്കാഡമിയിലൂടെ ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പഠിച്ചു. ക്രിക്കറ്റിലെ റണ്‍നിരക്കിന്റെ ഗ്രാഫുപോലെ കയറ്റിയറക്കള്‍ നിറഞ്ഞ കരിയര്‍. വൈകിയാണെങ്കിലും ഐ പി എല്‍ വല്‍ത്താട്ടിയെ മിന്നുംതാരമാക്കി മാറ്റി. ഇനി വരാനിരിക്കുന്ന വല്‍ത്താട്ടി വെടിക്കെട്ടുകള്‍ക്കായി കാത്തിരിക്കാം.

March 2, 2011

തരംഗമായ് മലിംഗ


കൊളംബോ: സമാനതകളില്ലാത്ത ബൗളിംഗ് ആക്‌ഷന്‍. രണ്ടാമതൊന്നുകൂടി നോക്കിപ്പിക്കുന്നു ഹെയര്‍ സ്‌റ്റൈല്‍. റണ്‍ അപ്പിന് മുന്‍പ് ഓരോ പന്തിലുമുളള ചുംബനം...ശ്രീലങ്കന്‍ ഫാസ്‌റ്റ് ബൗളര്‍ ലസിത് മലിംഗയുടെ സവിശേഷതകള്‍ ഏറെയാണ്. ഈ സവിശേഷതകളെക്കാള്‍ വലിയ നേട്ടമാണ് മലിംഗ ഇന്നലെ സ്വന്തമാക്കിയത്. ലോകകപ്പ് ചരിത്രത്തില്‍ രണ്ട് ഹാട്രിക് നേടുന്ന ആദ്യ ബൗളര്‍ എന്ന അതുല്യനേട്ടം. ഈ ലോകകപ്പില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ ബൗളര്‍കൂടിയാണ് മലിംഗ. ആദ്യ ഹാട്രിക് വെസ്‌റ്റ് ഇന്‍ഡീസിന്റെ കെമാര്‍ റോച്ചിനാണ്.

പരിക്കുമൂലം ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്‌ടമായ മലിംഗ മൂന്നാം മത്സരം തന്റേത് മാത്രമാക്കി മാറ്റുകയായിരുന്നു. രണ്ട് ഓവറുകളിലായിട്ടായിരുന്നു മലിംഗയുടെ ഹാട്രിക് പ്രകടനം. ഏഴാം ഓവറിലെ അവസാന പന്തില്‍ തന്‍മയ് മിശ്രയെ പുറത്താക്കിയാണ് മലിംഗ ചരിത്രത്തിലേക്ക് കുതിച്ചത്. തന്‍മയ് വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. തന്റെ അടുത്ത​ഓവറിലെ ആദ്യ പന്തില്‍ പീറ്റര്‍ ഓന്‍ഗോംഡ ബൗള്‍ഡായി. തൊട്ടടുത്ത പന്തില്‍ ഷെം എന്‍ഗോചെയുടെ വിക്കറ്റ് പിഴുതാണ് മലിംഗ സമാനതകളില്ലാത്ത ബൗളറായത്. എല്‍ജാ ഒടീനോ കൂടെ പുറത്തായതോടെ ആറു പന്തിനിടെ നാല് കെനിയക്കാരെയാണ് മലിംഗ കൂടാരം കയറ്റിയത്.

കെനിയക്കെതിരെ കരിയറിലെ ഏറ്റവും മികച്ച ബൗളിഗ് കൂടിയാണ് മലിംഗ പുറത്തെടുത്തത്. 38 റണ്‍സിന് ആറ് വിക്കറ്റ്. പാകിസ്ഥാനെതിരെ 34 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയതായിരുന്നു ഇതിന് മുന്‍പത്തെ മികച്ച പ്രകടനം. ലോകകപ്പ് ചരിത്രത്തിലെ​ഏഴാമത്തെ ഹാട്രിക്കാണ് മലിംഗ സ്വന്തം പേരിനൊപ്പമാക്കിയത്. കഴിഞ്ഞ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആയിരുന്നു മലിംഗയുടെ ഹാട്രിക്. മലിംഗയെയും റോച്ചിനെയും കൂടാതെ ചേതന്‍ ശര്‍മ ( ഇന്ത്യ, 1987), സഖ്‌ലയിന്‍ മുഷ്‌താഖ് (പാകിസ്ഥാന്‍ , 1999), ചാമിന്ദ വാസ് ( ശ്രീലങ്ക, 2003) ബ്രെറ്റ് ലീ ( ഓസ്‌ട്രേലിയ, 2003) എന്നിവരാണ് ലോകകപ്പില്‍ ഹാട്രിക് നേടിയ ബൗളര്‍മാര്‍.

ഹോളണ്ടിനെതിരെ ആയിരുന്നു റോച്ചിന്റെ ഹാട്രിക്. റോച്ചും മത്സരത്തില്‍ ആറ് വിക്കറ്റ് വീഴ്‌ത്തി. 8.3 ഓവറില്‍ 27 റണ്‍സ് വിട്ടുകൊടുത്താണ് റോച്ച് ആറ് വിക്കറ്റ് വീഴ്‌ത്തിയത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ​ഇരുപത്തിയൊന്‍പതാമത്തെ ഹാട്രിക്കാണ് മലിംഗയുടെ പേരില്‍ കുറിക്കപ്പെട്ടത്. കൂടിയാണിത്. 1982ല്‍ ഹൈദരാബാദില്‍ ഓസ്‌ട്രേലിയക്കെതിരെ പാകിസ്ഥാന്റെ ജലാലുദ്ദീനാണ് ഏകദിനത്തിലെ ആദ്യ ഹാട്രിക് നേടിയത്.

February 18, 2011

ഫീല്‍ഡര്‍മാരുടെ ലോകകപ്പ്

ഈ ലോകകപ്പില്‍ ആര് ജേതാക്കളാവും?. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ശ്രീലങ്ക... ക്രിക്കറ്റ് വിദഗ്‌ധരും ആരാധകരുമെല്ലാം ഉത്തരങ്ങള്‍ക്കായി കണക്കുകള്‍ കൂട്ടിക്കിഴിക്കുമ്പോള്‍ മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോ ഞൊടിയിടെ ഇങ്ങനെ പറയുന്നു- ഏറ്റവും നന്നായി ഫീല്‍ഡ് ചെയ്യുന്ന ടീം കപ്പുയര്‍ത്തും.

സ്റ്റീവ് വോയുടെ ഈ ഉത്തരത്തില്‍ തന്നെയുണ്ട് ഫീല്‍ഡിംഗിന്റെ പ്രാധാന്യം മുഴുവനും. ഒരു പക്ഷേ, ലോകക്രിക്കറ്റില്‍ തന്നെ ഇങ്ങനെയൊരു ഉത്തരം പറയാന്‍​ഏറ്റവും യോഗ്യനും മറ്റാരുമല്ല. കാരണം ഒരു ലൈഫ് ലഭിച്ചതിലൂടെ ഓസീസിനെ കിരീടത്തിലേക്ക് നയിച്ചയാളാണ് സ്റ്റീവ് വോ, 1999ല്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആയിരുന്നു വോയുടെ ജീവിതത്തിലെ ഏറ്റവും വലിയ ലൈഫ്. ക്യാച്ച് വിട്ടത് ദക്ഷിണാഫ്രിക്കന്‍ ടീമിലെ പ്രതിഭാശാലിയായ ഫീല്‍ഡര്‍ ഹെര്‍ഷല്‍ ഗിബ്‌സും.

ഓസീസ് മുന്‍നിര വിക്കറ്റുകള്‍ നഷ്‌ടപ്പെട്ട് പതറി നില്‍ക്കവേയാണ് ഗിബ്‌സ് വോയെ വിട്ടുകളഞ്ഞത്. അപ്പോള്‍ ഗിബ്‌സിനോട് വോ ഇങ്ങനെ പറഞ്ഞുവെന്നാണ് പറയപ്പെടുന്നത്. "താങ്കള്‍ കൈവിട്ടത് വെറുമൊരു ക്യാച്ചല്ല, ലോകകപ്പാണ്". വോ അങ്ങനെ പറഞ്ഞാലും ഇല്ലെങ്കിലും അതായിരുന്നു യാഥാര്‍ഥ്യം. 120 റണ്‍സുമായി വോ ഓസീസിന്റെ രക്ഷകനായി. 1999 ലോകകപ്പ് ഓസീസ് നേടി. തുടര്‍ന്നുളള രണ്ട് ലോകകപ്പുകളിലും ഓസീസിന്റെ ജൈത്രയാത്ര ക്രിക്കറ്റ് ലോകം കണ്ടു. ബാറ്റിംഗിനും ബൗളിംഗിനും ഒപ്പം മാരകമായ ഫീല്‍ഡിംഗും ഓസീസിനെ കിരീടങ്ങളിലേക്ക് നയിച്ചു എന്നതാണ് സത്യം.

ട്വന്റി 20 ക്രിക്കറ്റിന്റെ ആവിര്‍ഭാവത്തോടെ ബൗളര്‍മാര്‍ ഓവറുകള്‍ പൂര്‍ത്തിയാക്കാനുളള താരങ്ങളായി മാറുന്നതാണ് മിക്കപ്പോഴുമുളള കാഴ്‌ച. ഇത് ഏകദിനത്തിലേക്കും പടര്‍ന്നുകൊണ്ടിരിക്കുന്നു. ടിക്കറ്റെടുത്ത് കളികാണാനെത്തുന്നവര്‍ക്കും വേണ്ടത് സിക്‌സറുകളും ഫോറുകളുമാണ്. ബാറ്റ്‌സ്‌മാന്‍മാരുടെ ഈ കടന്നാക്രമണത്തില്‍ ബൗളര്‍മാര്‍ക്ക് അല്‍പമെങ്കിലും ആശ്വാസമേകുന്നത് ചോരാത്ത കൈകളുളള ഫീല്‍ഡര്‍മാരാണ്. ഒരു ഫോറോ സിക്സറോ തടയുന്നതോടെ മത്സരം ആവേശത്തിന്റെ കൊടുമുടി കയറാം. ഒരു ക്യാച്ച് ടൂര്‍ണമെന്റിന്റെ തലവരതന്നെ മാറ്റിയേക്കാം.

വോയെ ഗിബ്‌സ് കൈവിട്ടതിനേക്കാള്‍ തങ്കലിപികളില്‍ ആലേഖനം ചെയ്‌തൊരു ക്യാച്ച് ലോകകപ്പ് ചരിത്രത്തിലുണ്ട്. സാക്ഷാല്‍ കപില്‍ ദേവിന്റെ ക്യാച്ച്. 1983 ലോകകപ്പില്‍ വെസ്‌റ്റ് ഇന്‍ഡീസിന്റെ ബാറ്റിംഗ് ഡ്രാഗണ്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിനെ പുറത്താക്കാന്‍ കപില്‍ദേവ് പുറകോട്ടുപാഞ്ഞ് കൈയിലൊതുക്കിയ ആ ക്യാച്ച്. തുടര്‍ച്ചയായ മൂന്നാം തവണയും ലോകകിരീടം ഉറപ്പിച്ച വിന്‍ഡീസിന്റെ വീഴ്‌ച ആ കപിലിന്റെ ആ ക്യാച്ചോടെയായിരുന്നു. അതോടെ ഇന്ത്യ ആദ്യമായി വിശ്വകിരീടത്തില്‍ മുത്തമിടുകയും ചെയ്‌തു. ആ ക്യാച്ചിന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഉദിക്കുകയും വിന്‍ഡീസ്‌ ക്രിക്കറ്റ് അസ്‌തമിക്കാന്‍ ആരംഭിക്കുകയും ചെയ്‌തുവെന്നതും കണ്‍മുന്നിലുളള ചരിത്രം. "30 ഓവര്‍ പൂര്‍ത്തിയാവും മുന്‍പ് വിന്‍ഡീസ് ജയിക്കുമെന്നാണ് കരുതിയത്. കപിലിന്റെ ക്യാച്ചാണ് എല്ലാം കീഴ്‌മേല്‍ മറിച്ചത്" 1983ലെ ലോകകപ്പ് നേടിയ ടീമിലെ അംഗമായ കൃഷ്‌ണമാചാരി ശ്രീകാന്ത് അടുത്തിടെ പറഞ്ഞതോര്‍ക്കുന്നു.

ക്രിക്കറ്റ് പ്രേമികള്‍ ഒരിക്കലും മറക്കാത്ത പേരാണ് ജോണ്ടി റോഡ്‌സ്. ശരാശരി ബാറ്റ്‌സ്‌മാനായിരുന്നിട്ടുപോലും റോഡ്‌സ് ദക്ഷിണാഫ്രിക്കന്‍ ടീമിനെ സ്ഥിരാംഗമായിരുന്നത് ഫീല്‍ഡിംഗ് മികവ് ഒന്നുകൊണ്ട് മാത്രമാണ്. 30നും 40നും ഇടയില്‍ റണ്‍സ് ഓരോമത്സരത്തിലും റോഡ്‌സ് തടയാറുണ്ടെന്നാണ് വിലയിരുത്തപ്പെട്ടിട്ടുളളത്. ഒരര്‍ഥത്തില്‍ റോഡ്സ് മുപ്പത് റണ്‍സ് നേടുന്നതിന് തുല്യം തന്നെയാണ് തടയുന്ന 30 റണ്‍സും. റോഡ്‌സിന്റെ കണ്ണഞ്ചിക്കുന്ന ഒരു ക്യാച്ചോ റണ്ണൗട്ടോ ഇല്ലാതിരുന്ന മത്സരങ്ങള്‍ പോലും വിരളമായിരുന്നു. ആരൊക്കെ മറന്നാലും പാകിസ്ഥാന്റെ ഇന്‍സമാമുല്‍ ഹഖ് ജീവിതത്തില്‍ ഒരിക്കലും റോഡ്‌സിന്റെ ഫീല്‍ഡിംഗ് മറക്കാനിടയില്ല. 1992ല്‍ ഇന്‍സിയെ പുറത്താക്കാന്‍ റോഡ്‌സ് പന്തുമായി സ്റ്റംപിലേക്ക് പറന്നത് ലോകകപ്പ് ക്രിക്കറ്റിലെ എവര്‍ഗ്രീന്‍ ദൃശ്യങ്ങളില്‍ ഒന്നാണ്. ത്രോ ചെയ്‌താല്‍ ഇന്‍സമാം ഔട്ടാവാന്‍ സാധ്യത 50 % മാത്രമായിരുന്നതിനാലാണ് പന്തുമായി വിക്കറ്റിലേക്ക് പറന്നതെന്നാണ് റോഡ്‌സ് പിന്നീട് പറഞ്ഞത്.

ഇന്ന് ഫീല്‍ഡിംഗിലെ മികവുകൂടി പരിഗണിച്ചാണ് മിക്കപ്പോഴും താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തുന്നത്. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയുമൊക്കെ ഇക്കാര്യത്തില്‍ വളരെ ശ്രദ്ധ പുലര്‍ത്തുന്നു. ശ്രീലങ്കയും മികച്ച ഫീല്‍ഡര്‍മാരെയാണ് അണിനിരത്തുന്നത്. ഇന്ത്യ സമീപകാലത്ത് ഫീല്‍ഡിംഗില്‍ വളരെയേറെ മുന്നോട്ടുപോയിട്ടുണ്ട്. എങ്കിലും മറ്റ് ടീമുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ മേഖലയില്‍ ഏറെ പിന്നിലാണ്. സ്റ്റീവ് വോ പറഞ്ഞതുപോലെ ഈ ലോകകപ്പിലും ഫീല്‍ഡിലെ മിന്നല്‍പ്പിണറുകളായിരിക്കും മത്സരഗതി നിശ്ചയിക്കുകയെന്ന് ഉറപ്പാണ്.

പവര്‍പ്ലേ:​ ലോകകപ്പില്‍ ഏറ്റവുമധികം ക്യാച്ചുകളെടുത്തത് ഓസ്‌ട്രേലിയന്‍ താരം റിക്കി പോണ്ടിംഗാണ്. 39 മത്സരങ്ങളില്‍ നിന്ന് 25 ക്യാച്ച്. 38 മത്സരങ്ങളില്‍ നിന്ന് 18 ക്യാച്ചുമായി ശ്രീലങ്കയുടെ സനത് ജയസൂര്യ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ലോകകപ്പിലെ ഒരു മത്സരത്തില്‍ ഏറ്റവുമധികം ക്യാച്ചുകളെടുത്ത താരം​ഇന്ത്യയുടെ മുഹമ്മദ് കെയ്‌ഫാണ്. 2003 മാര്‍ച്ച് 10ന് ജൊഹാനസ്‌ബര്‍ഗില്‍ ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ കെയ്‌ഫ് നാല് ക്യാച്ചുകള്‍.

February 17, 2011

ബാറ്റിംഗില്‍ സച്ചിന്‍; ബൗളിംഗില്‍ മഗ്രാത്ത്

റെക്കോര്‍ഡുകളുടെ കളിയാണ് ക്രിക്കറ്റ്. ഓരോ റണ്‍സും ഓരോ വിക്കറ്റും റെക്കോര്‍ഡ് പുസ്‌തകത്തിലേക്കാണ് പിറന്നു വീഴുന്നത്. ക്രിക്കറ്റ് പ്രേമികള്‍ ഇനിയുളള നാളുകള്‍ കഴിഞ്ഞകാല തകര്‍പ്പന്‍ പ്രകടനങ്ങളെക്കുറിച്ചാവും വാചാലരാവുക. അക്കൂട്ടത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളും വിക്കറ്റ് വീഴ്‌ത്തിയവരും ആയിരിക്കും മുന്‍പന്തിയില്‍ ഉണ്ടാവുക. അവരെക്കുറിച്ചിതാ...

സച്ചിനെന്ന റണ്‍യന്ത്രം

ടെസ്‌റ്റ് - ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്നെയാണ് ഏകദിന ലോകകപ്പിലും ഏറ്റവും റണ്‍സ് നേടിയ താരമെന്ന ബഹുമതിക്ക് അവകാശി. 36 മത്സരങ്ങളില്‍ നിന്ന് 1796 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. 57.93 ആണ് ലോകകപ്പില്‍ സച്ചിന്റെ ബാറ്റിംഗ് ശരാശരി. നാല് സെഞ്ച്വറികളും 13 അര്‍ധ സെഞ്ച്വറികളും ലോകകപ്പില്‍ സച്ചിന്റെ പേരിലുണ്ട്. 152 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ റിക്കി പോണ്ടിംഗാണ് റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്ത്. 2003ലും 2007ലും ഓസീസിനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച പോണ്ടിംഗ് 39 മത്സരങ്ങളില്‍ നിന്ന് 1537 റണ്‍സ് നേടിയിട്ടുണ്ട്. ബാറ്റിംഗ് ശരാശരി 48.03 റണ്‍സാണ്. വെസ്‌റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയന്‍ ലാറയാണ് റണ്‍വേട്ടക്കാരില്‍ മൂന്നാമന്‍. 34 മത്സരങ്ങളില്‍ നിന്ന് ലാറ 42.24 ബാറ്റിംഗ് ശരാശരിയില്‍ 1225 റണ്‍സെടുത്തു.

സ്‌ട്രൈക്ക് റേറ്റില്‍ ഓസ്‌ട്രേലിയയുടെ ആഡം ഗില്‍ക്രൈസ്‌റ്റാണ് ഒന്നാം സ്ഥാനത്ത്. ബൗളര്‍മാരുടെ പേടി സ്വപ്‌നമായിരുന്ന ഗില്‍ക്രൈസ്‌റ്റിന്റെ സ്‌ട്രൈക്ക് റേറ്റ് 98.01 ആയിരുന്നു. ഗില്ലി 31 മത്സരങ്ങളില്‍ നിന്ന് 1085 റണ്‍സും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. സനത് ജയസൂര്യ (90.66) സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (88.21)എന്നിവരാണ് സ്‌ട്രൈക്ക് റേറ്റില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരവും സച്ചിനാണ്. 2003ല്‍ ലോകകപ്പില്‍ നേടിയ 673 റണ്‍സ്. രണ്ടാം സ്ഥാനത്ത് ഓസീസ് ഓപ്പണര്‍ മാത്യു ഹെയ്‌ഡനാണ്. കഴിഞ്ഞ ലോകകപ്പില്‍ നേടിയ 695 റണ്‍സ്.

എവര്‍ഗ്രീന്‍ മഗ്രാത്ത്

ബൗളര്‍മാരില്‍ ഓസ്‌ട്രേലിയുടെ ഗ്ലെന്‍ മഗ്രാത്താണ് ഒന്നാമന്‍. നാല് ലോകകപ്പുകളില്‍ നിന്ന് 71 വിക്കറ്റുകളാണ്‌ മഗ്രാത്തിന്റെ സമ്പാദ്യം. ഇതില്‍ മൂന്ന് ലോകകപ്പുകളിലും ഓസീസിനെ കിരീടത്തിലെത്തിക്കാനായി എന്നതാണ് മഗ്രാത്തിന്റെ ഏറ്റവും വലിയ നേട്ടം. 15 റണ്‍സ്‌ വഴങ്ങി ഏഴു വിക്കറ്റ്‌ വീഴ്‌ത്തിയതാണ്‌ മികച്ച പ്രകടനം. 2003ല്‍ നമീബിയയ്‌ക്കെതിരെയായിരുന്നു ഈ വിക്കറ്റ് വേട്ട.

പാകിസ്ഥാന്റെ വസീം അക്രമാണ് വിക്കറ്റുവേട്ടയില്‍ രണ്ടാം സ്ഥാനത്ത്. 36 മത്സരങ്ങളില്‍ നിന്ന് 55 വിക്കറ്റുകളാണ്‌ അക്രം വീഴ്‌ത്തിയത്. 15 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച ബൗളിംഗ് പ്രകടനം. അവസാന ലോകകപ്പ്‌ കളിക്കുന്ന മുത്തയ്യ മുരളീധരനാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 31 മത്സരങ്ങളില്‍ നിന്ന് 53 വിക്കറ്റുകളാണ് മുരളിയുടെ സമ്പാദ്യം. 30 റണ്‍സിന് ഏഴ് വിക്കറ്റ് മികച്ച പ്രകടനവും.

February 4, 2011

ഇവര്‍ കറുത്തമുത്തുകള്‍

ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പത്ത് ആഫ്രിക്കന്‍ താരങ്ങളെക്കുറിച്ച്...

യുസേബിയോ

ആഫ്രിക്ക ഫുട്ബോള്‍ ലോകത്തിന് സമ്മാനിച്ച ഏറ്റവും മികച്ചതാരമാണ് യുസേബിയോ. എന്നാല്‍ ഒരിക്കല്‍പ്പോലും ജന്‍മനാടിനുവേണ്ടി പന്തുതട്ടാനുളള ഭാഗ്യം ഈ കറുത്തമുത്തിനുണ്ടായില്ല. മൊസാമ്പിക്കായിരുന്നു യുസേബിയോയുടെ ജന്‍മദേശം. കളിക്കളത്തില്‍ നിന്ന് വിരമിക്കുംവരെ മൊസാമ്പിക് പോര്‍ട്ടുഗലിന്റെ കീഴില്‍​നിന്ന് സ്വാതന്ത്ര്യം നേടിയിരുന്നില്ല.

ആഫ്രിക്കയില്‍​ജനിച്ചുവെങ്കിലും പോര്‍ട്ടുഗലിന് വേണ്ടിയാണ് യുസേബിയോ ബൂട്ടുകെട്ടിയത്. 64 മത്സരങ്ങളില്‍ നിന്ന് 41 ഗോളുകള്‍ നേടി ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ചതാരങ്ങളുടെ പട്ടികയില്‍ ഇടംനേടി. 1966 ലോകകപ്പില്‍ ടോപ് സ്‌കോററായ യുസേബിയോയുടെ മികവില്‍ പോര്‍ട്ടുഗല്‍ മൂന്നാം സ്ഥാനത്തെത്തി. ലോകകപ്പില്‍ പോര്‍ട്ടുഗലിന്റെ ഏറ്റവും മികച്ച പ്രകടനവും ഇതുതന്നെ.
ആറുഗോളുകളോടെയാണ് കറുത്തപുളളിപ്പുലി എന്നറിയപ്പെ യുസേബിയോ ഗോള്‍ഡന്‍ബൂട്ട് സ്വന്തമാക്കിയത്. ജന്‍മനാടിന് വേണ്ടിയല്ലെങ്കിലും ഈ നേട്ടംകൈവരിച്ച ഏക ആഫ്രിക്കക്കാരനാണ് യുസേബിയോ. 1965ല്‍ യൂറോപ്യന്‍ ഫുട്ബോളര്‍ പുരസ്കാരവും നേടി. 715 മത്സരങ്ങളില്‍ ബെന്‍ഫിക്കയ്‌ക്ക് വേണ്ടി ബൂട്ടുകെട്ടിയ യുസേബിയോ 715 ഗോളുകളാണ് അടിച്ചുകൂട്ടിയത്.

ജോര്‍ജ് വിയ

നിര്‍ഭാഗ്യവാനായ മറ്റൊരു ആഫ്രിക്കന്‍ ഫുട്ബോളറാണ് ജോര്‍ജ് വിയ. ലോകകപ്പില്‍ കളിക്കാത്ത എക്കാലത്തെയും മികച്ച ആഫ്രിക്കന്‍ ഫുട്ബോളറെന്ന് നിസ്സംശയം പറയാവുന്ന താരം. ലോകോത്തര താരമായെങ്കിലും വിയയുടെ സ്വന്തം ടീമായ ലൈബീരിയ ഒരിക്കല്‍പ്പോലും ലോകകപ്പിന് യോഗ്യത നേടിയില്ല. കളിക്കളങ്ങളോട് വിട പറയുമ്പോള്‍ വിയയുടെ ഏറ്റവും വലിയ ദു:ഖവും ഇതായിരുന്നു.

ലോകകപ്പില്‍ കളിക്കുക എന്നതൊഴികെയുളള എല്ലാ ബഹുമതികളും വിയ സ്വന്തം പേരിനൊപ്പമാക്കിയിരുന്നു. മൂന്നു തവണ ആഫ്രിക്കന്‍ ഫുട്ബോളറായി. 1995 ആയിരുന്നു വിയയുടെ സുവര്‍ണ വര്‍ഷം. ആഫ്രിക്കന്‍, യൂറോപ്യന്‍, ഫിഫ ഫുട്ബോളര്‍ ഒഫ് ദ ഇയര്‍ പുരസ്കാരങ്ങള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ടത് വിയ ആയിരുന്നു. ഈ നേട്ടം കൈവരിച്ച ഏകതാരവും വിയ തന്നെ.

സാമുവല്‍ എറ്റൂ

കാമറൂണ്‍ ഫുട്ബോള്‍​ലോകത്തിന് നല്‍കിയ ഗോള്‍ വേട്ടക്കാരനാണ് സാമുവല്‍ എറ്റൂ. ഇന്റര്‍ മിലാന്‍ താരമായ എറ്റൂ മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തില്‍ പങ്കാളിയായ താരമാണ്. രണ്ടു തവണ ബാഴ്‌സലോണക്ക് വേണ്ടിയാണ് ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ടത്. സ്‌പാനിഷ് ലീഗില്‍ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച എറ്റൂ ബാഴ്‌സലോണയ്ക്ക് വേണ്ടി 108 ഗോളുകള്‍ നേടി. 94 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് 44 ഗോളുകളാണ് എറ്റൂവിന്റെ സമ്പാദ്യം. 2003,2004,2005 വര്‍ങ്ങളില്‍ ആഫ്രിക്കന്‍ ഫുട്ബോളറായും തിരഞ്ഞെടുക്കപ്പെട്ടു.

ഫിനിഡി ജോര്‍ജ്

1994, 1998 ലോകകപ്പുകളില്‍ നൈജീരിയന്‍ ടീമിന്റെ നെടുന്തൂണായിരുന്നു ഫിനിഡി ജോര്‍ജ്. അയാക്സ് ആംസ്റ്റര്‍ഡാമിലൂടെ ചാമ്പ്യന്‍സ് ലീഗ് കിരീട വിജയത്തിലും പങ്കാളിയായി. തുടര്‍ന്ന് റയല്‍ ബെറ്റിസ്, റയല്‍ മയോര്‍ക്ക തുടങ്ങിയ ടീമുകള്‍ക്കുവേണ്ടിയും കളിച്ചു.

റോജര്‍ മില്ല

1990 ലോകകപ്പിന്റെ ഏറ്റവും തിളക്കമുളള ഓര്‍മകളിലൊന്നാണ് റോജര്‍ മില്ല. ഗോള്‍ നേടിയ ശേഷം കോര്‍ണര്‍ ഫ്ലാഗിനടുത്ത് മില്ല നടത്തിയ നൃത്തച്ചുവടുകള്‍ കാലത്തിന് മായ്‌ക്കാനാവാത്ത ഓര്‍മചിത്രങ്ങളാണ്. നാലു തവണ എതിരാളികളുടെ വല ചലിപ്പിച്ച മില്ല കാമറൂണിനെ ക്വാര്‍ട്ടര്‍ ഫൈനലിലുമെത്തിച്ചു.
മുപ്പത്തിയെട്ടാം വയസ്സിലാണ് മില്ല ലോകകപ്പില്‍ മിന്നും കളി കെട്ടഴിച്ചത്. ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായമേറിയ കളിക്കാരനും മറ്റാരുമായിരുന്നില്ല. 1994 ലോകകപ്പില്‍ ഗോളടിച്ച് മില്ല തന്റെ തന്നെ റെക്കോര്‍ഡ് തിരുത്തിക്കുറിക്കുകയും ചെയ്‌തു, മുപ്പത്തിയെട്ടാം വയസ്സില്‍. നൂറ്റാണ്ടിലെ ആഫ്രിക്കന്‍ താരമായി തിരഞ്ഞെടുക്കപ്പെട്ടതും മില്ല ആയിരുന്നു.

ദിദിയര്‍ ദ്രോഗ്‌ബ

ഐവറി കോസ്‌റ്റിന്റെ കൊടിയടയാളമാണ് ദിദിയര്‍ ദ്രോഗ്‌ബ. 2006 ലോകകപ്പില്‍ മരണഗ്രൂപ്പില്‍ പെട്ടതിനാല്‍ ഐവറികോസ്റ്റിനെ രക്ഷിക്കാന്‍ ദ്രോഗ്‌ബക്കായില്ല. 67 മത്സരങ്ങളില്‍ നിന്ന് 44 ഗോളുകളാണ് ദ്രോഗ്‌ബയുടെ സമ്പാദ്യം.

ഇംഗ്ലീഷ് ക്ലബായ ചെല്‍സിയുടെ ഗോളടി യന്ത്രമാണ് ദ്രോഗ്‌ബ. ചെല്‍സിക്കുവേണ്ടി ഏറ്റവുമധികം ഗോള്‍ നേടിയ താരവും വിദേശതാരവും ദ്രോഗ്‌ബ തന്നെ. ഐവറികോസ്റ്റിന്റെ എക്കാലത്തെയും മികച്ച സ്കോററും ദ്രോഗ്‌ബയാണ്. 2006,2009 വര്‍ഷങ്ങളില്‍ ആഫ്രിക്കന്‍ ഫുട്ബോളറുമായി തിരഞ്ഞെടുക്കപ്പെട്ടു.

അബേദി പെലെ

ലോകകപ്പില്‍ ബൂട്ടണിയാന്‍ കഴിയാത്ത മറ്റൊരു പ്രതിഭയാണ് ഘാനയുടെ അബേദി പെലെ. ഒളിമ്പിക് മാഴ്‌സെയ്ക്ക് വേണ്ടി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടി.യൂറോപ്യന്‍ ഫുട്ബോളില്‍ ആഫ്രിക്കന്‍ താരങ്ങളുടെ ചുവടുറപ്പിക്കുന്നതിന് നിര്‍ണായക പങ്കുവഹിച്ചതും അബേദി പെലെ ആയിരുന്നു. 1991, 1992, 1993 വര്‍ഷങ്ങളില്‍ ആഫ്രിക്കന്‍ ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ടു.

ഹുസ്സാം ഹസ്സന്‍

ഈജിപ്ഷ്യന്‍ ഫുട്ബോളിലെ ഇതിഹാസ താരമാണ് ഹുസ്സാം ഹസ്സന്‍. ഈജിപ്റ്റിന് വേണ്ടി ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരം ഹസ്സനാണ്. 169 മത്സരങ്ങള്‍. 69 ഗോളുകള്‍ നേടി. 20 വര്‍ഷമാണ് ഹസ്സന്‍ ഈജിപ്റ്റിന് വേണ്ടി ബൂട്ടണിഞ്ഞത്. 1990 ലോകകപ്പിലും കളിച്ചു. 50 വര്‍ഷത്തെ ഏറ്റവും മികച്ച ആഫ്രിക്കന്‍ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

നുവാന്‍കോ കാനു

1998, 2002 ലോകകപ്പുകളില്‍ നൈജീരിയന്‍ കുപ്പായമണിഞ്ഞ ഫോര്‍വേഡാണ് നുവാന്‍കോ കാനു. അയാക്സ്, ഇന്റര്‍ മിലാന്‍, ആഴ്‌സനല്‍ എന്നീ മുന്‍നിര ക്ലബുകളിലും ബൂട്ടണിഞ്ഞു. 79 മത്സരങ്ങളില്‍ നിന്ന് 13 ഗോളുകള്‍ നേടി. 1996, 1999 വര്‍ഷങ്ങളില്‍ ആഫ്രിക്കന്‍ താരമായി. 1996 ഫിഫ ഫുട്ബോളര്‍ പട്ടികയില്‍ ആറാം സ്ഥാനത്തെത്തി. ഇതേ വര്‍ഷം ഒളിംപിക് സ്വര്‍ണം നേടി.

മൈക്കല്‍ എസ്സിയന്‍

ഘാനയുടെ പ്രതീക്ഷയാണ് മൈക്കല്‍ എസ്സിയന്‍. 2006 ലോകകപ്പില്‍ ഘാന ആദ്യമായി കളിച്ചപ്പോള്‍ ആ ടീമിലംഗമായി. 51 മത്സരങ്ങളില്‍ നിന്ന് ഒന്‍പത് ഗോളുകള്‍ നേടി. പ്രിമിയര്‍ ലീഗില്‍ ചെല്‍സിയുടെ താരമാണ്.

January 27, 2011

സ്‌കൂള്‍ മീറ്റില്‍ സഭകള്‍ക്കെന്തു കാര്യം?


സ്‌പോര്‍ട്‌സിന് അപ്പുറത്ത് രണ്ട് ക്രിസ്‌തീയ സഭകള്‍ തമ്മിലുളള മുക്കാല്‍ നൂറ്റാണ്ട് നീണ്ട പോരിന്റെ മറവില്‍ കൊമ്പുകോര്‍ക്കുന്ന കോതമംഗലത്തെ സെന്റ് ജോര്‍ജ്, മാര്‍ ബേസില്‍ സ്‌കൂളുകളുടെ പടയോട്ടത്തോടെ സംസ്‌ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന്റെ മറ്റൊരു അധ്യായത്തിന് തിരശീല വീണു. കോതമംഗലം സ്‌കൂളുകള്‍ കത്തിക്കയറിയപ്പോള്‍ പൊരുതിനോക്കാനായത് പാലക്കാട്ടെ മൂന്ന് സ്‌കൂളുകള്‍ക്കു മാത്രം. ഇതുതന്നെയാണ് 25 റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചിട്ടും കായികകേരളത്തിന്റെ ആവനാഴിയായിരുന്ന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിനെ ആശങ്കയിലാഴ്‌ത്തുന്നതും.

കഴിഞ്ഞവര്‍ഷം മാര്‍ ബേസില്‍ തട്ടിയെടുത്ത കിരീടം ഇത്തവണ ഫോട്ടോഫിനിഷിലാണ് സെന്റ് ജോര്‍ജ് വീണ്ടെടുത്തത്. വെറും അരപ്പോയിന്റിന്. സെന്റ് ജോര്‍ജിന് 131.5 പോയിന്റും മാര്‍ ബേസിലിന് 131 പോയിന്റുമാണ് ലഭിച്ചത്. മാര്‍ബേസിലുകാര്‍ ഹൃദയം തകര്‍ന്നിരുന്നപ്പോള്‍ സെന്റ് ജോര്‍ജ് സ്‌കൂള്‍ ആവേശ- ക്കൊടുമുടിയിലായിരുന്നു, ഒപ്പം ആശ്വാസത്തിലും. മീറ്റിന്റെ മൂന്നാംദിനം വൈകുന്നേരം കണക്കുകള്‍ കൂട്ടിക്കിഴിച്ച് സെന്റ് ജോര്‍ജ് സ്‌കൂളിന്റെ ഒരു മുഖ്യ അണിയറക്കാരന്‍ പറഞ്ഞത് ഇങ്ങനെ: " ഇന്ന് സമാധാനമായി ഉറങ്ങാം. ബേസിലിനെക്കാള്‍ ഇരുപത്തിരണ്ടര പോയിന്റെ ലീഡുണ്ട്. ആദ്യ രണ്ട് ദിവസവും മര്യാദയ്‌ക്ക് ഉറങ്ങാന്‍ പോലുമായില്ല". ഈ വാക്കുകളില്‍ നിന്നുതന്നെ കോതമംഗലം സ്‌കൂളുകളുടെ വീറും വാശിയും പോരും വായിച്ചെടുക്കാം. താരങ്ങളുടെ ഭാവിയോ സംസ്ഥാനത്തിന്റെ ഭാവിയോ അല്ല ഈ വറചട്ടിയിലുളളത്, സ്‌കൂളിന്റെ പെരുമ മാത്രം. അപ്പോള്‍ ആശങ്കയുടെ മുള്‍മുനയില്‍ നില്‍ക്കുക സ്വാഭാവികം.

സഭകള്‍ ട്രാക്കിലിറങ്ങുമ്പോള്‍

സെന്റ് ജോര്‍ജ്, മാര്‍ ബേസില്‍ സ്‌കൂളുകളുടെ പ്ലാറ്റിനം ജൂബിലിയാണ് ഈ വര്‍ഷം. അത്രത്തോളം പഴക്കമുണ്ട് ഇവരുടെ വൈരത്തിനും. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെയാണ് അതിത്ര മൂര്‍ച്ഛിച്ചതെന്നു മാത്രം. 75 വര്‍ഷം മുന്‍പ് ബോയ്‌സ് സ്‌കൂളായാണ് സെന്റ് ജോര്‍ജും മാര്‍ ബേസിലും ആരംഭിക്കുന്നത്. സെന്റ് ജോര്‍ജ് റോമന്‍ കത്തോലിക്കാ വിഭാഗത്തിന്റെയും മാര്‍ ബേസില്‍ യാക്കോബായ വിഭാഗത്തിന്റെയും സ്‌കൂളുകളാണ്. അറുപതുകളുടെ അവസാനവും എഴുപതുകളിലും കായികമേഖലയില്‍ സാന്നിധ്യം അറിയിച്ചെങ്കിലും കോതമംഗലത്തെ സ്‌കൂളുകള്‍ പിന്നീട് ചിത്രത്തിലേ ഉണ്ടായിരുന്നില്ല. കോതമംഗലം എം എ കോളേജിലൂടെയാണ് അവര്‍ കായിക പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചത്. പിന്നീട് മാര്‍ ബേസില്‍ ആദ്യം മിക്‌സഡ് സ്‌കൂളാക്കി. അതിന്റെ തുടര്‍ച്ചയായി ജിമ്മി ജോസഫ് എന്ന കായിക അധ്യാപകനെയും നിയമിച്ചു. 1998ലായിരുന്നു​ഇത്.

തോമസ് മാഷിന് കീഴില്‍ കോരുത്തോട് സികെഎം എച്ച് എസ് തൊട്ടതെല്ലാം പൊന്നാക്കുന്ന കാലം. ജിമ്മിക്ക് കീഴില്‍ മാര്‍ ബേസില്‍ വരവറിയിച്ചു. അതോടെ സെന്റ് ജോര്‍ജിന് പൊള്ളി. ഉടനെ രാജു പോള്‍​ എന്ന കായിക അധ്യാപകനെ ഇടുക്കിയില്‍ നിന്ന് കോതമംഗലത്തെത്തിച്ചു. അവിടെത്തുടങ്ങുന്നു ഇവരുടെ ഇന്ന് കാണുംവിധമുള്ള തീപാറും പോരാട്ടം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികളെ ഇവര്‍ തേടിപ്പിടിച്ചു. പണവും പരിശീലനവും നല്‍കി. പന്തയക്കോഴികളെപ്പോലെ വളര്‍ത്തിവലുതാക്കുന്നു. ഒരൊറ്റ ലക്ഷ്യം മാത്രം, സംസ്‌ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ്. ഇതിന് മുന്നോടിയായി എല്ലാ വര്‍ഷവും നടക്കുന്ന ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍​ ഈ സ്‌കൂളുകളിലെ കുട്ടികളെ കാണാനാവില്ല. ഗ്രേസ് മാര്‍ക്ക് ഉള്‍പ്പടെ മറ്റ് പല ആനുകൂല്യങ്ങള്‍ ഉണ്ടെങ്കിലും ദേശീയ മീറ്റ് ഇവര്‍ക്ക് പ്രശ്‌നമേയല്ല.

ലക്ഷ്യം എവിടെ വരെ

ലക്ഷങ്ങള്‍ മുടക്കിയാണ് ഇരു സംഘവും സ്‌കൂള്‍ മീറ്റിന് എത്തുന്നത്. ഇരു സ്‌കൂളുകള്‍ക്കും അത്‌ലറ്റിക് അക്കാഡമിയും ഉണ്ട്. സെന്റ് ജോര്‍ജ് ട്രാക്ക് ഇനങ്ങളിലും മാര്‍ ബേസില്‍ ഫീല്‍ഡ് ഇങ്ങളിലുമാണ് പ്രധാനമായും ശ്രദ്ധിക്കുന്നത്. ഈ ശ്രദ്ധയുടെ അടിസ്ഥാനവും പോയിന്റ് എന്ന ലക്ഷ്യം വച്ചുളളതുതന്നെ. എം എ കോളേജിലെ കായികാധ്യാപകനായ പി ഐ ബാബുവാണ് മാര്‍ ബേസിലിന്റെയും ഫീല്‍ഡ് ഇനങ്ങളുടെ പരിശീലകന്‍. പ്രത്യേകിച്ചും ത്രോ ഇനങ്ങളില്‍. സാങ്കേതികമായും ശാസ്‌ത്രീയമായും ഇദ്ദേഹത്തിന്റെ പരിശീലനം മറ്റുളളവരെക്കാള്‍ ബഹുദൂരം മുന്നിലാണ്. പക്ഷെ, മുന്നോട്ടു നോക്കുമ്പോഴാണ് പ്രശ്‌നം. ദേശീയ മീറ്റുകളില്‍പ്പോലും ത്രോ ഇനങ്ങളില്‍ നമുക്ക് ശോഭിക്കാന്‍ കഴിയാറില്ല. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുളളവരാണ് പൊതുവെ ഈ മേഖലയുടെ കുത്തകക്കാര്‍. ഇവര്‍പോലും അന്തര്‍ദേശീയ തലത്തില്‍ വളരെ പിന്നിലാവുന്നു. അപ്പോള്‍ ഏഷ്യന്‍ ഗെയിംസ്, ഒളിംപിക്‌സ് സ്വപ്‌നങ്ങള്‍ കാണുകപോലും പ്രയാസമായിരിക്കും. (മാര്‍ബേസിലിന്റെയും പി ഐ ബാബുവിന്റെയും പരിശ്രമങ്ങളെ വിലകുറച്ച് കാണിക്കാനോ അവമതിക്കാനോ അല്ല ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്).

ദീര്‍ഘവീക്ഷണത്തോടെ ഒരു ലക്ഷ്യത്തിനായി (ഏഷ്യന്‍ ഗെയിംസ്, ഒളിംപിക്‌സ്) വളര്‍ത്തിയെടുക്കേണ്ട കായികതാരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അല്ലെങ്കില്‍ റെയില്‍വേയില്‍ ഒരു ജോലി എന്ന വേലിക്കെട്ടിനകത്തേക്ക് ചുരുങ്ങുന്നതാണ് സമീപകാല കേരളം കാണുന്നത്. ഇത്തരം പരിശീലന പദ്ധതികള്‍ നല്‍കുന്ന ദിശയും അതാണ്. ട്രാക്കിനങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനാല്‍ സെന്റ് ജോര്‍ജില്‍ നിന്ന് സിനി ജോസിനെപ്പോലെ ഒരു ഒളിംപ്യന്‍ ഉയര്‍ന്നുവന്നുവെന്നതും മറക്കുന്നില്ല. എങ്കിലും കഴിഞ്ഞ പത്തുവര്‍ഷമായി ഈ സ്‌കൂളുകള്‍ തമ്മിലുളള പോരിനിടയില്‍ നിന്ന് ദേശീയതലത്തിലേക്ക് ഉയര്‍ന്നുവന്നവര്‍ വിരളമാണെന്നത് യാഥാര്‍ഥ്യമാണ്. അതുതന്നെയാണ് കായിക കേരളം നേരിടുന്ന ആശങ്കയും. ഓരോ തവണയും ചാനലിലും പത്രങ്ങളിലും നിറയുന്ന പൊന്‍മുഖങ്ങള്‍ സ്‌കൂള്‍ മീറ്റിന് ശേഷം മഷിയിട്ട് നോക്കിയാലും കാണാറില്ല. അവരെവിടെ പോകുന്നു?. എങ്ങനെ, എന്തുകൊണ്ട് പോകുന്നു എന്നുകൂടി നമ്മള്‍ ആലോചിക്കേണ്ടതുണ്ട്. എങ്കിലേ ഈ കായികമാമാങ്കം വര്‍ഷാവര്‍ഷം ആഘോഷിക്കുന്നതില്‍ കാര്യമുളളൂ.

ആശ്വാസമായി പാലക്കാടന്‍ കാറ്റ്

കോതമംഗലം സ്‌കൂളുകളുടെ പെരും പോരിനിടയില്‍ പാലക്കാട്ടെ കുമരംപുത്തൂര്‍ കല്ലടി, മുണ്ടൂര്‍ , പറളി സ്‌കൂളുകളാണ് ആശയ്‌ക്ക് വകനല്‍കുന്നത്. സാധാരണക്കാരായ, സ്‌കൂളിന് സമീപത്തെ കുട്ടികളെ കണ്ടെത്തിയാണ് ഇവര്‍ പ്രതിഭകളെ വാര്‍ത്തെടുക്കുന്നത്. കല്ലടി സ്‌കൂളിനാണ് അല്‍പമെങ്കിലും ഭേദപ്പെട്ട സൗകര്യമുളളത്. അതാവട്ടെ സ്‌കൂള്‍ മാനേജര്‍ സെയ്‌ദ് അലിയുടെ വ്യക്തിപരമായി താല്‍പര്യത്തില്‍നിന്ന് ഉണ്ടായതാണ്. താരത്തിളക്കമുളള പരിശീലകര്‍ക്കിടയില്‍ കല്ലടിയുടെ രജീഷിനെയും പറളിയുടെ മനോജിനെയും മുണ്ടൂരിന്റെ സിജിനെയും മറക്കുന്നത് അപരാധമായിരിക്കും. ഇവരുടെ പരിശീലത്തിന്റെ കരുത്തിലാണ് പാലക്കാടിന്റെ കുട്ടികള്‍ പൊരുതുന്നത്.


സംസ്ഥാന അത്‌ലറ്റിക് മീറ്റ് ചില പ്രത്യേക സ്‌കൂളുകളുടെ മീറ്റായി ചുരുങ്ങി വരുന്നതാണ് കുറച്ച് വര്‍ഷങ്ങളായി കണ്ടുവരുന്നത്. അത് ഓരോ വര്‍ഷംകൂടി വരികയും ചെയ്യുന്നു. ആതിഥേയരായ തിരുവനന്തപുരത്തുനിന്ന് മത്സരിച്ച ജനറല്‍ സ്‌കൂളുകളുടെ കുട്ടികളുടെ എണ്ണം തന്നെ ഇതിന് ഏറ്റവും വലിയ തെളിവ്. രണ്ടേ രണ്ട് കുട്ടികളെയാണ് സ്വന്തം മുറ്റത്ത് മത്സരം നടന്നിട്ട് തിരുവനന്തപുരത്തിന് പങ്കെടുപ്പിക്കാനായത്. കുട്ടികള്‍ കുറയുന്നു എന്നത് അത്‌ലറ്റിക്‌സിന്റെ വേര് മുറിയുന്നു എന്നത് തന്നെയാണ്. ആ വേര് മുറിയാതിരിക്കാന്‍ ശ്രമിക്കുകയാണ് അധികൃതര്‍ ചെയ്യേണ്ടത്. അതാണ് സ്‌പോര്‍ട്‌സിനെ സ്‌നോഹിക്കുന്നവര്‍ ചെയ്യേണ്ടത്.

കത്തിവച്ചത് കടയ്‌ക്കല്‍ തന്നെ

വര്‍ഷങ്ങള്‍ക്ക് ശേഷം ജനറല്‍ സ്‌കൂളുകളും സ്‌പോര്‍ട്സ് ഡിവിഷന്‍ സ്‌കൂളുകളും ഒരുമിച്ച് മത്സരിച്ച മീറ്റായിരുന്നു ഇത്തവണത്തേത്. നമ്മുടെ കായിക ഭരണകര്‍ത്താക്കുളുടെ കൈയാങ്കളിമൂലം അവയുടെ നെല്ലിപ്പടിക കാണുന്നതിനും തിരുവനന്തപുരത്തെ സിന്തറ്റിക് ട്രാക്ക് സാക്ഷ്യം വഹിച്ചു. ഏഴ് സ്‌പോര്‍ട്സ് സ്‌കൂളുകള്‍ ചേര്‍ന്ന് ആകെ നേടിയത് വെറും 70 പോയിന്റാണ്. കല്ലടി സ്‌കൂള്‍ മാത്രം 68 പോയിന്റ് നേടിയെന്ന് അറിയുമ്പോഴാണ് സ്‌പോര്‍ട്സ് പഠിക്കുന്ന കുട്ടികള്‍ താഴേക്ക് ഇങ്ങനെ വീണത്. വര്‍ഷങ്ങളായി സ്‌കൂള്‍ മീറ്റുകളുടെ സൂപ്പര്‍കോച്ചുമാരായി അറിയപ്പെടുന്ന ടോമി ചെറിയാനും അജയരാജും സജീവ സാന്നിധ്യമില്ലാത മാറനിന്നതും കായികപ്രേമികള്‍ ശ്രദ്ധിച്ചു. ഇവര്‍ കണ്ണൂര്‍ സ്‌പോര്‍ട്സ് ഡിവിഷനില്‍​നിന്ന് സ്ഥലം മാറ്റപ്പെട്ടതോടെ ആ സ്‌കൂളിന്റെ പതനവും ആരംഭിച്ചു. ജനറല്‍ സ്‌കൂളുകളിലെ കുട്ടികള്‍ സംസ്ഥാന മീറ്റുകള്‍ക്ക് ശേഷം ചരിത്രത്തിന്റെ ഭാഗമാവുമ്പോള്‍ ദേശീയ - അന്തര്‍ ദേശീയ തലത്തില്‍ കേരളത്തിന്റെ യശസ്സ് ഉയര്‍ത്തുന്നത് സ്‌പോര്‍ട്സ് ഡിവിഷനിലെ കുട്ടികളായിരുന്നു.​ ആ പാരമ്പര്യത്തിന് കൂടിയാണ് ഇത്തവണ കത്തിവച്ചിരിക്കുന്നത്.

Resistance Bands, Free Blogger Templates