October 16, 2009

നീന്തല്‍ക്കുളത്തിലെ `അര്‍ഹത'പ്പറവ‍‍‍

ഓര്‍ത്തുവയ്ക്കുക. നീന്തല്‍ക്കുളത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകളിലേക്ക് ഇതാ ഒരു പേരുകൂടി; അര്‍ഹതാ മാഗവി. ദേശീയതാരം റിച്ച മിശ്രയെ അട്ടമിറിച്ചാണ് പതിനഞ്ചുകാരിയായ അര്‍ഹതാ മാഗവി ഇന്ത്യന്‍ പ്രതീക്ഷയായി നീന്തിക്കയറുന്നത്. ഇരട്ടറെക്കോര്‍ഡുകളോടെ അര്‍ഹത തിരുവനന്തപുരത്ത് നടക്കുന്ന അറുപത്തിമൂന്നാമത് ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പിന്റെ താരമായിമാറിക്കഴിഞ്ഞു. ബട്ടര്‍ഫ്‌ളൈ മത്‌സരങ്ങളിലാണ് അര്‍ഹതയാടെ അര്‍ഹമായ സുവര്‍ണ നേട്ടങ്ങള്‍.

ഒളിമ്പ്യന്‍ നിഷാ മില്ലറ്റിന്റെ കണ്ടെത്തലായ അര്‍ഹത 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിാണ് രാജ്യത്തെ ഏറ്റവും മികച്ച നീന്തല്‍താരമായ റിച്ച മിശ്രയെ അട്ടിമറിച്ചത്. എല്‍ എന്‍ സി പി ഇ നീന്തല്‍ക്കുളം കണ്ട ഏറ്റവും വാശിയേറിയ പന്തയത്തില്‍ അര്‍ഹതയുടെ കുതിപ്പിനെ അതിജീവിക്കാന്‍ പരിചയസമ്പന്നയായ റിച്ചയ്ക്ക് കഴിഞ്ഞില്ല. റിച്ച 2003ല്‍ സ്ഥാപിച്ച 01:04:81 സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് അര്‍ഹതയുടെ അതിവേഗത്തിന് മുന്നില്‍ വഴിമാറിയത്. മികച്ച തുടക്കം ലഭിച്ച അര്‍ഹത 01:03:24 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. റിച്ചയും(01:04:52സെ) സ്വന്തം സമയം മെച്ചപ്പെടുത്തിയെങ്കിലും രണ്ടാമതെത്താനെ കഴിഞ്ഞുളളൂ.

"റിച്ച മിശ്രയെ രണ്ടാമതാക്കുക എന്നത് സ്വപ്നനേട്ടമാണ്; അതും റെക്കോര്‍ഡ് നേട്ടത്തോടെ. ഏറെനാളായി സ്വപ്നം കണ്ട നിമിഷമാണിത്. ഒന്നാമതായി ഫിനിഷ് ചെയ്തനിമിഷം വാക്കുകളില്‍ പറഞ്ഞൊതുക്കാനാവില്ല. നല്ലതുടക്കം ലഭിച്ചതിനാല്‍ നേരത്തേനിശ്ചയിച്ചപോലെതന്നെ മത്‌സരം പൂര്‍ത്തിയാക്കാനായി'' മത്‌സരശേഷം അതീവസന്തോഷവതിയായ അര്‍ഹത പറഞ്ഞു.
ബാംഗ്‌ളൂര്‍ ബാള്‍ഡ്‌വിംഗ് ബോയ്‌സ് ആന്‍ഡ് ഗേള്‍സ് സ്കൂളിലെ പത്താംക്‌ളാസ് വിദ്യാര്‍ഥിനിയായ അര്‍ഹത ആദ്യമായാണ് റിച്ചയെ തോല്‍പ്പിക്കുന്നത്. ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാംദിനം 200 മീറ്ററിലും അര്‍ഹത റെക്കോര്‍ഡ് സ്വര്‍ണം നേടി. കഴിഞ്ഞവര്‍ഷം ഹൈദരാബാദില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ അര്‍ഹത മൂന്നു വ്യക്തിഗത സ്വര്‍ണവും മൂന്നു റിലേ സ്വര്‍ണവും നേടിയിരുന്നു. ഈ വര്‍ഷം സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ യൂത്ത് ഗെയിംസിലെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ വെളളിയും 2007ല്‍ പാകിസ്ഥാനില്‍ നടന്ന ദക്ഷിണേഷ്യന്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നു സ്വര്‍ണവും നേടിയിട്ടുണ്ട്. പൂനെയില്‍ നടന്ന യൂത്ത് കോമണ്‍വെല്‍ത്ത് ഗെയിംസിലെ 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ ഫൈനലിലെത്തി. പത്താംക്‌ളാസ് പരീക്ഷയടുക്കുന്നതിനാല്‍ ഇനിയുളള കുറച്ചുനാള്‍ പഠനത്തില്‍ ശ്രദ്ധേകന്ദ്രീകരിക്കാണ് ഉദ്ദേശിക്കുന്നതെന്ന് അര്‍ഹത പറഞ്ഞു.ഇന്ത്യയിലെ ഏറ്റവും മികച്ച നീന്തല്‍ പരിശീലകനായ യു പ്രദീപ് കുമാറിന് കീഴില്‍ ബസവന്‍ഗുഡി അക്വാട്ടിക് ക്‌ളബിലാണ് അര്‍ഹതയുടെ പരിശീലനം. ഏഴു വയസുളളപ്പോള്‍, നിഷ മില്ലെറ്റ് നടത്തിയ പരിശീലനക്യാമ്പില്‍ പങ്കെടുത്തതാണ് അര്‍ഹതയെ ബി എ സി നീന്തല്‍ക്കുളത്തിലെത്തിച്ചത്. നിഷ പരിശീലക്യാമ്പില്‍ വച്ചുതന്നെ അര്‍ഹതയുടെ കഴിവുകള്‍ മുന്‍കൂട്ടികണ്ടു. നിഷയുടെ നിര്‍ദേശപ്രകാരം ബി എ സിയില്‍ വിദഗ്ധപരിശീലനവും ആരംഭിച്ചു. പ്രദീപ് കുമാറിന്റെ ശിക്ഷണം ലഭിച്ചതോടെ അര്‍ഹത രാജ്യമറിയുന്ന താരമായി വളരുകയും ചെയ്തു." റിച്ചയെ പരാജയപ്പെടുത്തുക എളുപ്പമല്ല. അതും ഈ പ്രായത്തില്‍. സവിശേഷമായ വിജയമാണ് അര്‍ഹത നേടിയത്'' മലയാളികൂടിയായ പ്രദീപ് പറഞ്ഞു.

ബാംഗ്‌ളൂരില്‍ സിവില്‍ എഞ്ചിനിയറായ ഗുരുബസവപ്പ മാഗവിയുടെയും നന്ദ മാഗവിയുടെയും മകളാണ് അര്‍ഹത.

ചിറകറ്റ ഫുട്‌ബോള്‍...‍‍

കാര്‍ലോസ് ആല്‍ബര്‍ട്ടോയില്‍ നിന്ന് ഏറ്റുവാങ്ങിയ പന്തുമായി ടച്ച് ലൈനിനരികിലൂടെ കുതിക്കുന്ന ഗാരിഞ്ച. അസാമാന്യ പന്തടക്കവുമായി ശരവേഗത്തില്‍ എതിരാളികളെ വെട്ടിയൊഴിഞ്ഞ് പെനാല്‍റ്റിബോക്‌സിലേക്ക് ഗാരിഞ്ചയുടെ അളന്നുമുറിച്ച ക്രോസ്. ഗോള്‍മുഖത്ത് കാലുകൊണ്ടും തലകൊണ്ടും പന്ത് ലക്ഷ്യത്തിലേക്ക് തിരിച്ചുവിടാന്‍ സജ്ജനായിനില്‍ക്കുന്ന പെലെ....ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും സുവര്‍ണ നിമിഷങ്ങളില്‍ ചിലതാണിത്. ജോര്‍ജ് ബെസ്റ്റും ജോണ്‍ മാത്യൂസും ടോം ഫിന്നിയുമെല്ലാം ആരാധകരുടെ നെഞ്ചകങ്ങളിലേക്ക് ചിറുകുവിരിച്ച് ഓടിക്കയറിയത് ടച്ച്‌ലൈനിന് അരികിലൂടെയുളള മിന്നല്‍പ്പിണറുകളിലൂടെ ആയിരുന്നു. സമീപകാലത്ത് ലൂയിസ് ഫിഗോയും മാര്‍ക് ഓര്‍മാര്‍സും റയാന്‍ ഗിഗ്‌സുമെല്ലാം വിംഗുകളിലൂടെ തീപ്പൊരി ചിതറി... എന്നാലിന്ന് ഗിഗ്‌സിന്റെ പിന്‍ഗാമിക്കായി കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം.

കളിക്കളംവാണ് ഒരൊറ്റക്രോസുകൊണ്ടു മത്‌സരരഗതിയ മാറ്റിമറിച്ച വിംഗര്‍മാര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നിത്യഹരിതതാരം റയാന്‍ ഗിഗ്‌സില്‍ അവസാനിക്കുകയാണോ?. നിര്‍ഭാഗ്യവശാല്‍ അതെയെന്ന് മറുപടി പറയേണ്ടിവരും. ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ആര്യന്‍ റോബനും ഫ്രാങ്ക് റിബറിയുമെല്ലാം കളിക്കളത്തില്‍ മിന്നിത്തിളങ്ങുന്നുണ്ടെങ്കിലും ഇവരെ ലക്ഷണംതികഞ്ഞ വിംഗര്‍മാരെന്ന് വിളിക്കാനാവില്ല. കാരണം ഇവര്‍ പലപ്പോഴും മിഡ്ഫീല്‍മാരുടെ റോളിലേക്ക് ഒതുങ്ങുന്നു എന്നതുതന്നെ. അതോടെ വിംഗുകളില്‍ ചിറകുവിടര്‍ത്തി പറക്കുന്ന താരങ്ങള്‍ ഓര്‍മ്മയാവുന്നു.


തൊണ്ണൂറുകളുടെ അന്ത്യംവരെ യൂറോപ്പിലെ മിക്ക ടീമുകളുടെയും ശക്തി പറന്നുകളിക്കുന്ന വിംഗര്‍മാരായിരുന്നു. സ്റ്റീവ് മക്‌നാനമന്‍ ലിവര്‍പൂളിന്റെയും റയല്‍മാഡ്രിഡിന്റെയും ഗിനോള ന്യൂകാസിലിന്റെയും ടോട്ടന്‍ഹാമിന്റെയും മാര്‍ക് ഓവര്‍മാര്‍സും റോബര്‍ട്ട് പിറസും ആഴ്‌സനലിന്റെയും വിജയങ്ങളില്‍ വഹിച്ച പങ്ക് നിര്‍ണായകമായിരുന്നു. വിംഗുകളില്‍ നിന്ന് ഇവര്‍തൊടുത്തുവിട്ട അണുവിട വ്യത്യാസമില്ലാത്ത ക്രോസുകളായിരുന്നു അന്ന് ആടീമുകളുടെ കരുത്ത്. പ്രതിരോധത്തിലൂന്നി തന്ത്രങ്ങള്‍ മെനയുന്ന പരിശീലകനെന്ന് വിമര്‍ശനമേറ്റു വാങ്ങുമ്പോഴും ഹൊസെ മോറീഞ്ഞോ ചെല്‍സിയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടത്തിലേക്ക് തിരികെ കൊണ്ടുവന്നത് വിംഗുകളില്‍ രണ്ടുപേരെ അഴിച്ചുവിട്ടായിരുന്നു; ഡാമിയന്‍ ഡഫിനെയും ആര്യന്‍ റോബനേയും. എന്നാല്‍ ഇവരെയെല്ലാം അതിശയിപ്പിച്ചാണ് ഗിഗ്‌സ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ പന്തുതട്ടുന്നത്. രണ്ടു ദശകത്തിനിടെ യുണൈറ്റഡ് നേടിയ കിരീടങ്ങളിലും വിജയങ്ങളിലും ഗിഗ്‌സിന്റെ ബൂട്ടുകള്‍ പതിഞ്ഞിട്ടുണ്ട്.


കാലം മാറിയതിന് അനുസരിച്ച് കളിക്കളത്തിലെ തന്ത്രങ്ങളും മാറിയതോടെയാണ് വിംഗര്‍മാരുടെ നിശ്ശബ്ദമരണത്തിന് തുടക്കമായത്. പ്രത്യേകിച്ചും പരിശീലകര്‍ പ്രതിരോധത്തിലൂന്നിയുളള തന്ത്രങ്ങള്‍ മെനയാന്‍ തുടങ്ങിയതോടെ. ഗോള്‍ അടിക്കുന്നതിനേക്കാള്‍ ഗോള്‍ വഴങ്ങാതിരിക്കാനാണ് ഇന്നത്തെ ഒട്ടുമിക്ക പരിശീലകരും ആദ്യം താരങ്ങളെ പഠിപ്പിക്കുന്നത്. അതോടെ വിംഗര്‍മാര്‍ക്ക് പകരം ഹോള്‍ഡിംഗ് മിഡ്ഫീല്‍ഡര്‍ എന്ന പുതിയൊരു താരവര്‍ഗം ഉടലെടുത്തു. റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് താരമായിരുന്ന ക്‌ളോദ് മക്‌ലെലെയാണ് പൊസിഷനില്‍ വ്യക്തിമുദ്ര പതിച്ച ആദ്യപ്രമുഖന്‍. പ്രതിരോധനിരയെ സഹായിക്കുന്നതായിരുന്നു മക്‌ലെലെയുടെ പ്രധാന ചുമതല; അതേസമയം മധ്യനിരയില്‍ സാന്നിധ്യമറിയിക്കുകയും ചെയ്തു.ഇപ്പോള്‍ സി മിലാന്റെ ഗെന്നാര ഗെട്ടൂസോയും ഹോള്‍ഡിംഗ് മിഡ്ഫീല്‍ഡറുടെ ചുമതല ഭംഗിയായി നിര്‍വഹിക്കുന്ന താരമാണ്.

വിംഗ്ബാക്കുകള്‍ ആക്രമണത്തിനിറങ്ങുന്ന ശൈലി ബ്രസീല്‍ ദേശീയ ടീമാണ് ഏറ്റവും ഫലവത്തായി ഉപയോഗിച്ചത്. കഴിഞ്ഞ ഒന്നരദശകത്തില്‍ റോബര്‍ട്ടോ കാര്‍ലോസും കഫുവും ഇത് ഭംഗിയായി നിറവേറ്റുന്നത് ഫുട്‌ബോള്‍ ലോകം കണ്ടു. കാര്‍ലോസിന്റെയും കഫുവിന്റെയും പാസുകളില്‍ നിന്നായിരുന്നു ബ്രസീലിന്റെ പലഗോളുകളുടെയും പിറവി. ഒപ്പം ഇവര്‍ ഗോളുകള്‍ നേടുകയും ചെയ്തു. വിംഗ്ബാക്കുകള്‍ ആക്രമണത്തിനിറങ്ങുന്ന ശൈലി മറ്റുടീമുകളും സ്വീകരിച്ചതോടെ ഹോള്‍ഡിംഗ് മിഡ്ഫീല്‍ഡര്‍മാരുടെ പ്രാധാന്യമേറി. മധ്യനിരയിലെ രണ്ടുതാരങ്ങള്‍ പ്രതിരോധനിരയെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ടു. അതോടെ വിംഗര്‍മാരുടെ പ്രാധാന്യം കുറയുകയും ചെയ്തു.

സാവി ഹെര്‍ണാണ്ടസ്, ആന്ദ്രേ പിര്‍ലോ,ഇനിയസ്റ്റ,ഡേവിഡ് ബെക്കാം, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, റൊണാള്‍ഡീഞ്ഞോ, സ്റ്റീവന്‍ ജെറാര്‍ഡ്, ജോ കോള്‍, ഫ്രാങ്ക് ലാംപാര്‍ഡ്, കാക, മെസ്സി തുടങ്ങിയവരൊക്കെ സമീപകാല ഫുട്‌ബോളില്‍ അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിച്ച താരങ്ങളാണ്. പക്ഷേ ഇവര്‍ക്കൊന്നും ഗിഗ്‌സിനെയോ ഫീഗോയെപ്പോലെയോ വിംഗുകളില്‍ മാസ്മരികത പുറത്തെടക്കാനായിട്ടില്ല. അതേസമയം ഇവരില്‍ പലരുംടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റാന്‍ കെല്‍പ്പുളളവരുമാണ്.


കേളീശൈലിയേക്കാള്‍ ഡെഡ്‌ബോള്‍ സ്‌കോറിംഗ് മികവുമായാണ് ബെക്കാം പ്രമുഖരുടെ പട്ടികയിലേക്കെത്തിയത്. ബെക്കാമിന്റെ ഫ്രീകിക്കുകളും ക്രോസുകളും സമീപകാല ഫുട്‌ബോളിലെ മനോഹരകാഴ്ചകളാണെന്നതില്‍ തര്‍ക്കമില്ല. പിര്‍ലോയുടെ ഭാവനാസമ്പന്നമായ നീക്കങ്ങളും കാകയുടെ വേഗവും കൃത്യതയുമായിരുന്നു സി മിലാന്റെ ചാലകശക്തി. കാക റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയപ്പോള്‍ മിലാന് അത് നികത്താനാവാത്ത വിടവായി മാറി. റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കുന്തമുനയായിരുന്നു. എന്നാല്‍ റയലിലേക്കുളള റൊണാള്‍ഡോയുടെ ചേക്കേറല്‍ മൈക്കല്‍ ഓവന്‍, വെയ്ന്‍ റൂണി, ദിമിറ്റാര്‍ ബെര്‍ബറ്റോവ് എന്നിവരിലൂടെ നികത്തുകയാണ് യുണൈറ്റഡ് കോച്ച് അലക്‌സ് ഫെര്‍ഗ്യൂസന്‍. കളിക്കാരേക്കാള്‍ ടീമിന് പ്രാധാന്യം നല്‍കുന്ന ഫെര്‍ഗ്യൂസന്‍ ഏത്‌കൊമ്പന്‍ താരം കൂടുമാറിയാലും കുലുങ്ങാറില്ല;ഇത്തവണയും അങ്ങനെതന്നെ. ലിവര്‍പൂളിന്റെ ഹൃദയവും തലച്ചോറുമാണ് ജെറാര്‍ഡ്. ഇരുപെനാല്‍റ്റി ബോക്‌സുകള്‍ക്കിടയിലും നിറഞ്ഞുകളിക്കുന്ന ജെറാര്‍ഡിനെ ആശ്രയിച്ചാണ് ലിവര്‍പൂളിന്റെ ജയപരാജയങ്ങളെല്ലാം. കളിക്കളത്തില്‍ നിറഞ്ഞൊഴുകുമ്പോഴും ജെറാര്‍ഡിനെയും സമ്പൂര്‍ണ വിംഗറെന്ന് വിളിക്കാനാവില്ല. ഇനിയസ്റ്റ ബാഴ്‌ലോണയുടെയും മൈക്കല്‍ ബല്ലാക്കും ലാംപാര്‍ഡും മൈക്കല്‍ എസ്സിയനുമൊക്കെ ചെല്‍സിയുടെയും എണ്ണയിട്ടയന്ത്രങ്ങളാണ്. പക്ഷേ ഇവരും മധ്യനിയരയില്‍ തളയ്ക്കപ്പെടാന്‍ നിര്‍ബന്ധിതരായവരാണ്.ലോകഫുട്‌ബോളില്‍ ഇന്ന് ഏറ്റവും അപകടകാരിയായ അര്‍ജന്റീനയുടെ ബാഴ്‌സലോണതാരം ലയണല്‍ മെസ്സിയും അറ്റാക്കിംഗ് മിഡ്ഫീല്‍ഡറുടെ കുപ്പായമണിഞ്ഞ സ്‌െ്രെടക്കറാണ്. ജെറാര്‍ഡിന്റെയോ എസ്സിയന്റെയോ ശാരീരികക്ഷമതയില്ലെങ്കിലും റൊണാള്‍ഡോയെക്കാളും കാകയെക്കാളും എതിര്‍നിരയെ വിറപ്പിക്കാന്‍ മെസ്സിക്ക് കഴിയും. ഒറ്റയ്ക്ക് എതിര്‍പ്രതിരോധനിരയെ പിച്ചിച്ചീന്താന്‍ കഴിയുമെന്നതാണ് മെസ്സിയുടെ ഏറ്റവും വലിയ സവിശേഷത. മെസ്സിയടക്കം മേല്‍പ്പറഞ്ഞ സമകാലിക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളെല്ലാം ജയത്തിനായി പടയ്ക്കിറങ്ങുമ്പോള്‍ പരിശീലകര്‍ക്ക് പരീക്ഷണത്തിനുളള സാധ്യതകള്‍ കുറയുന്നു. നിലനില്‍പ്പിനും മുന്നേറ്റത്തിനുംവേണ്ടിയുളള പോരാട്ടങ്ങള്‍ക്കിടയില്‍ പാര്‍ശ്വരേഖയ്ക്ക് അരികിലെ സ്വാതന്ത്ര്യം കളിക്കാര്‍ക്ക് എന്നന്നേക്കുമായി നഷ്ടമാവുകയും ചെയ്യുന്നു. അതോടെ ഫുട്‌ബോളിന്റെ ചിറകുകള്‍ തന്നെ അപ്രത്യക്ഷമാവുന്നു. അപ്പോള്‍ ഗിഗ്‌സിന് പിന്‍ഗാമിയുണ്ടാവുമോ ?

സാധ്യത വളരെ വളരെ വിരളം.

പെലെയോ മാറഡോണയോ...അതോ ഡിസ്‌റ്റെഫാനോയോ ?

പെലെയോ മാറഡോണയോ ഏറ്റവും മികച്ച ഫുട്‌ബോളര്‍ ?.പതിറ്റാണ്ടുകളായി ഫുട്‌ബോള്‍ ലോകത്തെ ബില്യണ്‍ ഡോളര്‍ ചോദ്യമാണിത്. കാലത്തിനും ദേശത്തിനും അതീതമായി തര്‍ക്കങ്ങളും വാദങ്ങളും ഡ്രിബിള്‍ ചെയ്തു മുന്നേറുമ്പോള്‍ പുതിയൊരു പേരുകൂടി ഉയര്‍ന്നു വരുന്നു; ആല്‍ഫ്രഡോ ഡിസ്‌റ്റെഫാനോ. എക്കാലത്തെയും മികച്ചതാരം താന്‍ തന്നെയെന്ന് ഡീഗോ മാറഡോണ ആവര്‍ത്തിക്കുമ്പോള്‍, ഫുട്‌ബോള്‍ രാജാവ് സാക്ഷാല്‍ പെലെ തന്നെയാണ് ഡിസ്‌റ്റെഫാനോയെ താരങ്ങളുടെ താരമായി അവരോധിച്ചത്. ഇതോടെ കേമന്‍മാരില്‍ കേമനാരെന്ന ഫുട്‌ബോള്‍ ലോകത്തെ തര്‍ക്കപ്പട്ടിക മൂന്നായി ഉയരുന്നു.

രാജ്യാന്തരതലത്തില്‍ ഫുട്‌ബോളിലെ അവസാനവാക്കായ ഫിഫയ്ക്കുപോലും ഉത്തരം കണ്ടെത്താനാവാത്ത സമസ്യയാണ് ഏറ്റവും മികച്ച താരം ആരെന്നത്. കണക്കെടുപ്പുകളിലും വിലയിരുത്തലുകളിലും പെലെയും മാറഡോണയും മാറി മാറി മുന്നിലെത്തുന്നു. ഇതുതന്നെയാണ് എക്കാലത്തെയും മികച്ച താരം ആരെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം അസാധ്യമാക്കുന്നത്. ഈ ഇട്ടാവട്ടം ഒറ്റയടിക്ക് ഡിസ്‌റ്റെഫാനോയിലൂടെ വലുതാക്കുകയായിരുന്നു പെലെ. പറഞ്ഞത് പെലെയായതിനാല്‍ ലോകമത് ഏറ്റെടുക്കുകയും ചെയ്തു. ചര്‍ച്ച രണ്ടില്‍ നിന്ന് മൂന്നിലേക്ക് കുതിച്ചു ചാടുകയും ചെയ്തു.

പെലെയും മാറഡോണയും തമ്മിലുളള വാക്പയറ്റ് മുറുകുമ്പോഴാണ് ഡിസ്‌റ്റെഫാനോയുടെ `അരങ്ങേറ്റം' എന്നതും ശ്രദ്ധേയം. പെലെയെക്കാള്‍ മികച്ചതാരം താന്‍തന്നെയെന്ന് മാറഡോണ വാദിച്ചതിന് പെലെയുടെ ഏറ്റവും ഒടുവിലെ മറുപടി ആയിരുന്നു അര്‍ജന്റീനക്കാരന്‍ കൂടിയായ ഡിസ്‌റ്റെഫാനോ.കഴിഞ്ഞ നൂറ്റാണ്ടിലെ താരത്തെ കണ്ടെത്താനുളള ഫിഫയുടെ വോട്ടെടുപ്പില്‍ നാലാം സ്ഥാനത്തായിരുന്നു റയല്‍ മാഡ്രിഡിന്റെ ഈ സുവര്‍ണ താരം. പെലെയും മാറഡോണയും ബ്രസീലിനും അര്‍ജന്റീനയ്ക്കും വേണ്ടി കളിക്കളത്തില്‍ദൈവങ്ങളായപ്പോള്‍ ഡിസ്‌റ്റെഫാനോ റയല്‍ മാഡ്രിഡിനുവേണ്ടി അടിച്ചുകൂട്ടിയ ഗോളുകളിലൂടെയാണ് ഫുട്‌ബോള്‍ പ്രേമികളുടെ നെഞ്ചകങ്ങളില്‍ ഇടംപിടിച്ചത്. ജന്‍മനാടായ അര്‍ജന്റീനയ്ക്കും പൗരത്വം സ്വീകരിച്ച സ്‌പെയ്‌നും കൊളംബിയയ്ക്കും വേണ്ടി രാജ്യാന്തര മത്‌സരങ്ങളില്‍ ബൂട്ടുകെട്ടിയെങ്കിലും ഡിസ്‌റ്റെഫാനോയ്ക്ക് ലോകകപ്പില്‍ കളിക്കാനായില്ലെന്നതും ചരിത്രം.

രണ്ടു കാലഘട്ടത്തിന്റെ പ്രതിനിധികളാണ് പെലയും മാറഡോണയും. അതുകൊണ്ടുതന്നെ ഇവരെ താരതമ്യം ചെയ്യുക ദുഷ്‌കരം. കളിമികവുമായി പെലെ പത്രത്താളുകള്‍ കീഴടക്കിയപ്പോള്‍ മാറഡോണ ടെലിവിഷന്‍ യുഗത്തിലാണ് പന്തുതട്ടിയത്. ഇത് മാറഡോണയെ ജനകീയനാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. നൂറ്റാണ്ടിന്റെ താരത്തെ കണ്ടെത്താന്‍ ഫിഫ നടത്തിയ വോട്ടെടുപ്പ് ഇതു പകല്‍പോലെ വ്യക്തമാക്കുന്നു. ഫിഫ വെബ്‌സൈറ്റിലൂടെ നടത്തിയ വോട്ടെടുപ്പില്‍ മാറഡോണയ്ക്ക് കിട്ടിയത് 53.60 ശതമാനം വോട്ടുകളായിരുന്നു. രണ്ടാം സ്ഥാനത്തെത്തിയ പെലെയ്ക്ക് ലഭിച്ചത് 18.53 ശതമാനം വോട്ടുകള്‍ മാത്രം. ഡിസ്‌റ്റെഫാനോ(0.68%) പതിനാലാം സ്ഥാനത്തായിരുന്നു. യുസേബിയോ(6.21%) , റോബര്‍ട്ടോ ബാജിയോ(5.42%), റൊമാരിയോ(1.69%) എന്നിവരായിരുന്നു മൂന്നു മുതല്‍ അഞ്ചുവരെ സ്ഥനങ്ങളില്‍. എന്നാല്‍ പരിശീലകര്‍, ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റുകള്‍, വിദഗ്ധര്‍ എന്നിവരുള്‍പ്പെട്ട ഫിഫ സമിതിയുടെ വോട്ടെടുപ്പില്‍ പെലെ ഒന്നാം സ്ഥാനത്തത്തെത്തി. മാറഡോണ അഞ്ചാമതായപ്പോള്‍ യോഹാന്‍ ക്രൈഫ്, ഫ്രാന്‍സ് ബെക്കന്‍ബോവര്‍, ഡിസ്‌റ്റെഫാനോ എന്നിവരാണ് രണ്ടു മുതല്‍ നാല് വരെയുളള സ്ഥാനങ്ങളില്‍ എത്തിയത്. ഫിഫ മാഗസിന്റെയും ഗ്രാന്റ് ജൂറിയുടെയും വോട്ടെടുപ്പിലും പെലെയ്ക്ക് തന്നെ ഒന്നാം സ്ഥാനം. 72.8% വോട്ടുകളാണ് നേടിയത്. 6.0%വോട്ടുകളുമായി മാറഡോണയ്ക്ക് മൂന്നാമതെത്താനെ കഴിഞ്ഞുളളൂ. ഡിസ്‌റ്റെഫാനോ 9.8% വോട്ടുകളുമായി രണ്ടാമതെത്തി. ആധുനിക യുഗത്തിന്റെ മാധ്യമമായ ഇന്റര്‍നെറ്റ് പോളിംഗില്‍ മാത്രമാണ് മാറഡോണ മുന്നിലെത്തിയത്. വിദഗ്ധസമിതിയുടെ കളങ്ങളിലെല്ലാം നിറഞ്ഞ് നിന്നത് ബ്രസീലിയന്‍ ഇതിഹാസമായിരുന്നു.മാറഡോണയെ മറികടന്ന് ഡിസ്‌റ്റെഫാനോ മുന്നേറിയെന്നതും ശ്രദ്ധേയം.

ഇനിയല്‍പ്പം പഴയകാലത്തിലേക്ക്...

1957-1971 വരെയായിരുന്നു പെലെ ബ്രസീലിനുവേണ്ടി ബൂട്ടുകെട്ടിയത്. 92 മത്‌സരങ്ങളില്‍ നിന്ന് 77ഗോളുകള്‍. ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസിനുവേണ്ടി 438മത്‌സരങ്ങളില്‍ നിന്ന് 474 ഗോളുകളും അടിച്ചുകൂട്ടി. അവസാനകാലത്ത് അമേരിക്കന്‍ ക്ലബ്ബായ ന്യൂയോര്‍ക്ക് കോസ്‌മോസിനുവേണ്ടി 64 മത്‌സരങ്ങളില്‍ നിന്ന് 17 ഗോളുകളും പെലെ നേടി. കരിയറില്‍ ആയിരത്തിലധികം ഗോള്‍നേടുന്ന ആദ്യ താരവും പെലെ തന്നെ. മൂന്നു ലോകകപ്പുകളില്‍ മുത്തമിട്ട പെലെ നാലു ലോകകപ്പുകളില്‍ ബ്രസീലിനുവേണ്ടി ബൂട്ടുകെട്ടി(1958, 1962, 1966, 1970). മൂന്നു ലോകകപ്പ് ഫൈനലുകളില്‍(1958, 1962, 1970) കളിച്ച ഏകതാരവും പെലെയാണ്. പതിനാറാം വയസില്‍(1957) ദേശീയ ടീമിലെത്തിയ പെലെ തൊട്ടടുത്ത വര്‍ഷം ലോകകപ്പില്‍ അരങ്ങേറി. സ്വീഡനെ 5-2ന് തോല്‍പ്പിച്ച് കിരീടം നേടുമ്പോള്‍ രണ്ടു എണ്ണംപറഞ്ഞ ഗോളുകള്‍ എഡ്‌സന്‍ അരാന്റസ് ഡോ നാസിമെന്റോയെന്ന പെലെയുടെ പേരിനൊപ്പമുണ്ടായിരുന്നു. ഇതില്‍ ആദ്യത്തെ ഗോള്‍ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോളുകളിലൊന്നായിട്ടാണ് ഇന്നും കണക്കാക്കുന്നത്. അരങ്ങേറ്റ ലോകകപ്പില്‍ ആറു ഗോളുകളായിരുന്നു പെലെയുടെ സംഭാവന.ലോകകപ്പില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞതാരം, ഫൈനലില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞതാരം, ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞതാരം,തുടങ്ങിയ ഒട്ടനവധി റെക്കോര്‍ഡുകളും പെലെയ്ക്ക് സ്വന്തമായി. തുടര്‍ന്ന് മൂന്നുലോകകപ്പുകളില്‍ കൂടി പന്തുതട്ടിയ പെലെ ഫുട്‌ബോള്‍ രാജാവ് എന്ന പേരും സ്വന്തമാക്കി. ക്‌ളബ് തലത്തില്‍ സാന്റോസിലായിരുന്നു പെലെയുടെ കരിയര്‍ മുഴുവന്‍. കോസ്‌മോസിനുവേണ്ടി ഒരൊറ്റ വര്‍ഷമാണ് പെലെ കളിച്ചത്. ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി 1999ല്‍ പെലെയെ അത്‌ലറ്റ് ഒഫ് ദ സെഞ്ച്വറിയായി തിരഞ്ഞെടുത്തു. ടൈംമാഗസിന്‍ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട 100 വ്യക്തികളിലൊരാളായും തിരഞ്ഞെടുത്തു.

ഇന്‍സൈഡ് ഫോര്‍വേഡായും, സ്‌ട്രൈക്കറായും ബൂട്ടുകെട്ടിയ പെലെ പില്‍ക്കാലത്ത് പ്‌ളേമേക്കറുടെ റോളിലേക്ക് ഉയരുകയും ചെയ്തു. കണിശതയാര്‍ന്ന പാസുകളും എതിരാളികളെ വട്ടംകറക്കുന്ന ഡ്രിബഌംഗും അതിശക്തമായ ഷോട്ടുകളും വേഗതുമായിരുന്നു പെലെയുടെ മികവിന്റെ മുഖമുദ്ര. അര്‍ധാവസരങ്ങള്‍പോലം ലക്ഷ്യത്തിലെത്തിക്കുന്ന ബ്രസീലിയന്‍ ഇതിഹാസം ഹെഡറിലൂടെ ഗോള്‍നേടുന്നതിലും അഗ്രഗണ്യനായിരുന്നു.

പെലെയുടെ സമകാലികനായിരുന്ന ഡിസ്‌റ്റെഫാനോ തുടര്‍ച്ചയായി അഞ്ചുവര്‍ഷം റയല്‍ മാഡ്രിഡിനെ യൂറോപ്യന്‍ ചാമ്പ്യന്‍മാരാക്കിയാണ് (1955-56, 1956-57, 1957-58, 1958-59, 1959-60) ഇതിഹാസ താരങ്ങളുടെ പട്ടികയിലേക്ക് ഡ്രിബിള്‍ചെയ്ത് കയറിയത്. റയലിന് വേണ്ടി 282 മത്‌സരങ്ങളില്‍ നിന്ന് 216 ഗോളുകളാണ് ഡിസ്‌റ്റെഫാനോ അടിച്ചുകൂട്ടിയത്. അര്‍ജന്റീനന്‍ ക്ലബ്ബായ റിവര്‍പ്‌ളേറ്റിനുവേണ്ടി 49 ഗോളുകളും കൊളംബിയന്‍ ക്ലബ്ബായ മില്യണയേഴ്‌സിനുവേണ്ടി 88 ഗോളുകളും സ്‌പെയ്‌നിലെ എസ്പാനിയോളിന് വേണ്ടി 11 ഗോളുകളും ഡിസ്‌റ്റെഫാനോ നേടി. കുന്തമുനയെന്ന് കളിക്കളത്തില്‍ അറിയപ്പെട്ട ഡിസ്‌റ്റെഫാനോ അര്‍ജന്റീനയ്ക്ക് വേണ്ടി ആറുമത്‌സരങ്ങള്‍ കളിച്ചു. പക്ഷേ അന്ന് അര്‍ജന്റീന ലോകകപ്പിന് യോഗ്യത നേടിയില്ല. സ്‌പെയ്‌ന് വേണ്ടി 31 മത്‌സരങ്ങളില്‍ നിന്ന് 23 ഗോളുകള്‍ നേടിയെങ്കിലും സ്‌പെയ്‌നും അക്കാലത്ത് ലോകകപ്പ് ബെര്‍ത്ത് നേടിയില്ല. കൊളംബിയയ്ക്ക് വേണ്ടി നാലു മത്‌സരങ്ങളിലും ഡിസ്‌റ്റെഫാനോ ജഴ്‌സിയണിഞ്ഞു.

കാളക്കൂറ്റന്റെ കരുത്തും വേഗതയും തന്ത്രങ്ങളുമാണ് ഡിസ്‌റ്റെഫാനോയെ ഗോള്‍വേട്ടയ്‌ക്കൊപ്പം ശ്രദ്ധേയനാക്കിയത്. എതിരാളികളുടെ പ്രതിരോധക്കോട്ടകള്‍ പിളര്‍ക്കുന്ന ഡിസ്‌റ്റെഫാനോയെ ഗ്രറണ്ടിന്റെ ഏതുഭാഗത്തും കാണാമായിരുന്നു. എതിരാളിയുടെ നീക്കംമുന്‍കൂട്ടിക്കാണാനുളള ശേഷിയായിരുന്നു ഡിസ്‌റ്റെഫാനോയുടെ ഏറ്റവും വലിയ പ്രത്യേകത. റയലിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായ ഡിസ്‌റ്റെഫാനോ ഇപ്പോള്‍ ക്ലബിന്റെ ഓണററി പ്രസിഡന്റ്കൂടിയാണ്.

അര്‍ജന്റീനയ്ക്കും ആരാധകര്‍ക്കും ദൈവവും സാത്താനുമാണ് ഡീഗോ അര്‍മാന്‍ഡോ മാറഡോണ. കളിക്കളത്തിലെ മാന്ത്രിക സ്പര്‍ശം അദ്ദേഹത്തെ ദൈവമാക്കുമ്പോള്‍ വ്യകതിജീവിതത്തിലെ താളപ്പിഴകള്‍ സാത്താനാക്കുന്നു. ആധുനിക കാലത്തെ താരമായ മാറഡോണ അര്‍ജന്റീനയ്ക്ക് വേണ്ടി 91 മത്‌സരങ്ങളില്‍ നിന്ന് 34 ഗോളുകള്‍ നേടി. പെലെയെപ്പോലെ നാലു ലോകകപ്പുകളില്‍(1982,1986,1990,1994) അര്‍ജന്റീനന്‍ കുപ്പായമണിഞ്ഞു.1986 മെക്‌സിക്കോ ലോകകപ്പില്‍ അര്‍ജന്റീനയെ ചാമ്പ്യന്‍മാരുമാക്കി. ഈ ലോകകപ്പിലെ ഇംഗഌണ്ടിനെതിരെയുളള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്‌സരവും മാറഡോണയെന്ന ഇതിഹാസതാരത്തിന്റെ ഇരുപുറങ്ങള്‍ കായികലോകം കണ്ടു.
ദൈവത്തിന്റെ കൈ എന്ന് പില്‍ക്കാല ചരിത്രം വിശേഷിപ്പിച്ച കുപ്രസിദ്ധമായ ഗോള്‍. തലയ്ക്ക് പകരം കൈകൊണ്ടായിരുന്നു ഡീഗോ പന്ത് ഇംഗ്‌ളണ്ടക വലയിലെത്തിച്ചത്. രണ്ടാം ഗോള്‍ ഫുട്‌ബോളിന്റെ ഓര്‍മ്മയില്‍ അതുവരെ ഇല്ലാത്ത ഒന്നായിരുന്നു. അറുപത് മീറ്റര്‍ ഓട്ടത്തിനിടെ ആറ്ഇംഗ്ലീഷ്‌ താരങ്ങളെയും ഗോള്‍കീപ്പറെയും മറികടന്ന് നേടിയ ഗോള്‍. കഴിഞ്ഞനൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോളായി വിലയിരുത്തുന്നതും ഈ മാറഡോണ ഗോള്‍തന്നെ. പക്ഷേ മയക്കുമരുന്നുപയോഗിച്ചതിന് 1994 ലോകകപ്പിനിടെ ഡീഗോയെ നാട്ടിലേക്ക് മടക്കിയയച്ചു. അതിനു മുന്‍പും പതിനഞ്ച് മാസത്തെ വിലക്ക് നേരിടേണ്ടി വന്നിരുന്നു.

അര്‍ജന്റീന ജൂനിയേഴ്‌സ്(116 ഗോളുകള്‍), ബോക്ക ജൂനിയേഴ്‌സ്(70ഗോളുകള്‍),ബാഴ്‌സലോണ(36 ഗോളുകള്‍),നാപ്പോളി(188 ഗോളുകള്‍) എന്നിവിടങ്ങളിലായിരുന്നു മാഡോണയുടെ ക്‌ളബ് കരിയര്‍. കളിക്കളത്തിലെ മികവിനൊപ്പം എന്നുമൊപ്പം വിവാദങ്ങളുടെയും സഹയാത്രികനായിരുന്നു ഈ ഇടങ്കാലന്‍.അഞ്ചടി അഞ്ചിഞ്ചുകാരനായ മാറഡോണ ഗോളടിക്കുന്നതിനൊപ്പം ഗോളടിപ്പിക്കുന്നതിലും മാതൃകയായിരുന്നു. അസാധാരണ പന്തടക്കത്തിലൂടെ എതിരാളിയെ വട്ടംകറക്കി സഹതാരങ്ങള്‍ക്ക് മുന്നേറാന്‍ വഴിയൊരുക്കുന്നതും ഏത്പ്രതിരോധവും പിളര്‍ക്കുന്ന അപ്രതീക്ഷിത പാസുകളും

മാറഡോണ സ്‌പെഷ്യല്‍ തന്നെ. അതിവേഗത്തില്‍ എതിരാളികളെ കബളിപ്പിച്ച് ഇടതുവിംഗിലൂടെ പാഞ്ഞിരുന്ന മാറഡോണ എല്ലാവരുടെയും പേടിസ്വപ്‌നമായിരുന്നു. ഈ മിടുക്ക് സൂപ്പര്‍താരത്തെ നിരന്തര ഫൗളിന് വിധേയനാക്കുകയും ചെയ്തു.

പെലെ ബ്രസീലിലും ലോകകപ്പിലും മാത്രം കളിച്ചാണ് രാജപദവിയിലെത്തിയത്. ഡിസ്‌റ്റെഫാനോയും മാറഡോണയും ഏറ്റവും മികച്ച പ്രതിരോധനിരക്കാരുളള യൂറോപ്പിലും; ഇറ്റാലിയന്‍ ലീഗില്‍ കളിച്ച മാറഡോണ പ്രത്യേകിച്ചും. 1986ല്‍ മാറഡോണ ഏറക്കുറെ ഒറ്റയ്ക്കാണ് അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിച്ചത്. പെലെയ്ക്കാവട്ടെ ദിദി, ഗാരിഞ്ച തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ പിന്തുണയുണ്ടായിരുന്നു.പക്ഷെ മികവുറ്റ താരനിരയുണ്ടായിരുന്നെങ്കിലും അവരെയെല്ലാം അതിശയിക്കുന്ന സ്‌കോറിംഗ് മികവ് പെലെയെ മുന്നിലെത്തിക്കുന്നു. കൂട്ടിക്കിഴിക്കലുകളില്‍ ഇവരുടെ കളങ്ങള്‍ ഏറിയും കുറഞ്ഞും ഗോളുകളാല്‍ നിറയുന്നു . കാലഘട്ടമെന്ന `സൂപ്പര്‍താരവും' കൂട്ടിക്കിഴിക്കലില്‍ ഒപ്പത്തിനൊപ്പമുണ്ട്. കാലവും ചരിത്രവും ഇതൊക്കെയാണ്. കേമന്‍മാരില്‍ കേമനാരെന്ന, ഇന്നലെ വരെയുണ്ടായിരുന്ന ചര്‍ച്ച ഇനിയും കൊഴുക്കും. ഉത്തരം കണ്ടെത്തുക അപ്പോഴും അസാധ്യമായിരിക്കും. അപ്പോള്‍ താരങ്ങളുടെ താരമാരെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. നിങ്ങളുടെ മാത്രം ഇഷ്ടത്തിന് അനുസരിച്ച്.

September 16, 2009

പ്രതീക്ഷയുടെ കോര്‍ട്ടില്‍ ഗീതു; ഇന്ത്യയും

ഏഷ്യന്‍ വനിതാ ബാസ്കറ്റ്‌ബോളിന്റെ ഒന്നാം ഡിവിഷനില്‍ ശക്തിപരീക്ഷണത്തിനിറങ്ങുകയാണ് ഇന്ത്യ. സ്വന്തം നാട്ടില്‍ വന്‍കരയിലെ അതികായര്‍ക്കെതിരെ പോരിനിറങ്ങുമ്പോള്‍ ഇന്ത്യ ഉറ്റുനോക്കുന്നത് ഒരു ആറടി രണ്ടിഞ്ചുകാരിയെയാണ്; ഗീതു അന്ന ജോസ് എന്ന തിരുവല്ലക്കാരിയെ. കാരണം രണ്ടു വര്‍ഷം മുന്‍പ് ഗീതു നടത്തിയ മിന്നും പ്രകടനമാണ് ഇന്ത്യയെ ഒന്നാം ഡിവിഷനിലെത്തിച്ചത്. പോയിന്റ് വേട്ടയുമായി ഇന്ത്യയുടെ പ്രതീക്ഷകള്‍ ചുമലിലേറ്റുന്ന ഗീതു തന്നെയാണ് ഇത്തവണ ടീമിനെ നയിക്കുന്നതും.

സെപ്റ്റംബര്‍ 17 മുതല്‍ 24 വരെ ചെന്നൈയിലാണ് ഫിബ ഏഷ്യന്‍ വനിതാ ബാസ്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി അരങ്ങേറുന്ന ചാമ്പ്യന്‍ഷിപ്പില്‍ ടീം ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഗീതു ഉറപ്പു നല്‍കുന്നു. " അതിശക്തരായ എതിരാളികളോടാണ് കളിക്കേണ്ടത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കുന്ന ആനുകൂല്യം മുതലെടുത്ത് ടീം ഏറ്റവും മികച്ചകളി പുറത്തെടുക്കും. വ്യക്തിപരമായും മികവ് നിലനിര്‍ത്താമെന്നാണ് പ്രതീക്ഷ. അതിവേഗ കളിയാണ് നമ്മുടെ കരുത്ത്. പ്രതീക്ഷയും അതുതന്നെ" ചെന്നൈയിലെ പരിശീലനക്യാമ്പില്‍ നിന്ന് ഗീതു പറഞ്ഞു.

രണ്ടു വര്‍ഷം മുന്‍പ് ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണില്‍ നടന്ന രണ്ടാം ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ പ്രിമിയര്‍ ഡിവിഷനിലേക്ക് യോഗ്യത നേടിയത്. അന്ന് ആറ് മത്‌സരങ്ങളില്‍ നിന്ന് 197 പോയിന്റായിരുന്നു ഗീതു വാരിക്കൂട്ടിയത്. ഓരോ മത്‌സരത്തിലെയും ശരാശരി സ്‌കോറിംഗ് 32.8 പോയിന്റായിരുന്നു. കളിയുടെ എല്ലാമേഖലകളിലും മിന്നിത്തിളങ്ങിയ ഗീതു മലേഷ്യക്കെതിരെയുളള നിര്‍ണായക മത്‌സരത്തില്‍ മാത്രം നേടിയത് 47 പോയിന്റായിരുന്നു. ടൂര്‍ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും മറ്റാരുമായിരുന്നില്ല. ഓസ്‌ട്രേലിയയില്‍ ലഭിച്ച പരിശീലനമികവ് പൂര്‍ണമായും ഗീതു കളിത്തട്ടില്‍ പുറത്തെടുത്തതാണ് അന്ന് ഇന്ത്യക്ക് അനുഗ്രഹമായത്.


ഓസ്‌ട്രേലിയന്‍ വനിതാ ബാസ്കറ്റ്‌ബോള്‍ ലീഗില്‍ റിംഗ്‌വുഡിന്റെ താരമായിരുന്നു ഗീതു. ഓസ്‌ട്രേലിയന്‍ ലീഗില്‍ കളിക്കുന്ന ആദ്യ ഏഷ്യന്‍ താരവും ഗീതുവാണ്. അത്‌ലറ്റിക്‌സില്‍ നിന്ന് വഴിമാറി ബാസ്കറ്റ്‌ബോള്‍ കോര്‍ട്ടിലെത്തിയ ഗീതു മൂന്നു വര്‍ഷമാണ് ബിഗ് വി ലീഗില്‍ റിംഗ്‌വുഡിന് വേണ്ടി പോയിന്റുകള്‍ വാരിക്കൂട്ടിയത്.റിംഗ്‌വുഡ് ടീമിലെയും ഏറ്റവും ഉയരം കൂടിയ കളിക്കാരിയായിരുന്നു ഈ മലയാളി താരം. മൂന്നു സീസണുകളില്‍ റിംഗ്‌വുഡിന് വേണ്ടി കളിച്ച ഗീതുവിന് ഈ സീസണില്‍ ടീമിനൊപ്പം ചേരാന്‍ കഴിഞ്ഞിരുന്നില്ല. ജോലി ചെയ്യുന്ന ദക്ഷിണ റെയില്‍വേയുടെ അനുമതി ലഭിക്കാതിരുന്നതിനാലാണ് ഗീതുവിന്റെ ഓസ്‌ട്രേലിയന്‍ യാത്ര മുടങ്ങിയത്.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരു മലയാളി താരം ഇന്ത്യന്‍ ബാസ്കറ്റ്‌ബോള്‍ ടീമിന്റെ നായികയാവുന്നത്. ടീമിലെ ഏക മലയാളി സാന്നിധ്യം ഗീതുവാണെന്നതും ശ്രദ്ധേയം. യുവതാരങ്ങളായ സ്‌റ്റെഫി നിക്‌സണും ആര്‍ കെ സ്മൃതിയും ടീമിലുണ്ടായിരുന്നെങ്കിലും അന്തിമടീമില്‍ ഇടം നേടാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല." യുവതാരങ്ങള്‍ നിറഞ്ഞ ടീമാണ് ഇത്തവണത്തേത്. സ്‌റ്റെഫിയും സ്മൃതിയും ടീമിലുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ അവസാന ടീമില്‍ അര്‍ക്ക് ഇടംപിടിക്കാനായില്ല" ദക്ഷിണ റെയില്‍വേ താരമായ ഗീതു പറഞ്ഞു. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ദക്ഷിണ റെയില്‍വേ കിരീടം നേടുന്നതും ഈ 24 കാരിയുടെ മികവിലാണ്.

പത്ത് ടീമുകളാണ് ഒന്നാം ഡിവിഷനില്‍ മത്‌സരിക്കുന്നത്. നിലവിലെ റാങ്കിംഗില്‍ ആറാം സ്ഥാനത്താണ് ഇന്ത്യ. നിലവിലെ ചാമ്പ്യന്‍മാരായ കൊറിയയാണ് ഇന്ത്യയുടെ ആദ്യ എതിരളികള്‍. ചൈന, ജപ്പാന്‍ എന്നിവരാണ് ഏറ്റവും ശക്തരായ മറ്റ് ടീമുകള്‍.

September 2, 2009

കേരളത്തിന്റെ സ്വന്തം ഇന്ത്യന്‍ ടീംഓണ സമ്മാനമായി കായിക കേരളത്തിന് മറ്റൊരു അംഗീകാരംകൂടി. ഇന്ത്യന്‍ വോളിബോള്‍ ഫെഡറേഷനാണ് മലയാളികള്‍ക്ക് ഓണസമ്മാനം നല്‍കിയിരിക്കുന്നത്. ഏഷ്യന്‍ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി പൊരുതാന്‍ വോളിബോള്‍ ഫെഡറേഷന്‍ `കേരളത്തെയാണ്' ചുമതലപ്പെടുത്തിയിരിക്കുന്നത്. പന്ത്രണ്ടംഗ ഇന്ത്യന്‍ ടീമിലെ പത്ത് താരങ്ങളും മലയാളികളാണ്. ടീം മാനേജര്‍ ജെയ്‌സമ്മ മൂത്തേടനും അസിസ്റ്റന്റ് കോച്ച് ടി ബാലചന്ദ്രന്‍ കൂടി ചേരുമ്പോള്‍ ഇന്ത്യന്‍ ടീം അക്ഷരാര്‍ഥത്തില്‍ കേരള ടീമാകും.

കേരള താരങ്ങള്‍ക്കും സംസ്ഥാന വോളിബോള്‍ ഫെഡറേഷനുമുളള അംഗീകാരവും പ്രോത്‌സാഹനവുമാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ടീമെന്ന് ടീം മാനേജറും മുന്‍ ഇന്ത്യന്‍ താരവുമായ ജെയ്‌സമ്മ മൂത്തേടന്‍ പരിശീലന ചെന്നൈയിലെ പരിശീലന ക്യട്ടമ്പില്‍ നിന്ന് വൈഗന്യൂസിനോട് പറഞ്ഞു. അശ്വിനി എസ് കുമാര്‍, ടിജി രാജു, പി ജെ ജോമോള്‍ (കെ എസ് ഇ ബി), കെ ജെ ഷിബി, പ്രിന്‍സി ജോസഫ്, കെ രേഷ്മ(പശ്ചിമ റെയില്‍വേ), ടെറിന്‍ ആന്റണി(സെന്‍ട്രല്‍ റെയില്‍വേ), പി വി ജിഷ( അസംപ്ഷന്‍ കോളേജ്), മിനിമോള്‍ എബ്രഹാം,കെ ടി ബെറ്റ്‌സി( ദക്ഷിണ റെയില്‍വേ) എന്നിവരാണ് കേരളത്തിന്റെ കായിക പാരമ്പര്യവും അഭിമാനവുമയര്‍ത്തി ഇന്ത്യന്‍ ടീമിലിടം പിടിച്ചത്. ക്യാപ്റ്റന്‍ പ്രിയങ്ക ബോറയും(പൂനെ) ജിലി ലതയുമാണ്(ഒറീസ) ടീമിലെ മറ്റുതാരങ്ങള്‍. മഹാരാഷ്ട്രക്കാരനായ ഡി ആര്‍ യാദവാണ് മുഖ്യപരിശീലകന്‍.


അശ്വിനിയും ഷിബിയുമായിരക്കും ആക്രമണത്തിന് ചുക്കാന്‍ പിടിക്കുക. മിനിമോള്‍ യൂണിവേഴ്‌സല്‍ റോളിലെത്തുമ്പോള്‍ ടിജി രാജുവും ക്യാപ്റ്റന്‍ പ്രിയങ്കയും പ്രതിരോധക്കോട്ടകെട്ടും. പ്രിന്‍സിയാണ് സെറ്റര്‍. ജിഷയും ടെറിന്‍ ആന്റണിയുമാണ് ലിബറോമാര്‍. അശ്വിനി, പ്രിയങ്ക, ജിലി, ഷിബി എന്നിവരൊഴികെയുളളവര്‍ എല്ലാം സീനിയര്‍ ടീമില്‍ പുതമുഖങ്ങളാണെന്ന സവിശേഷതയുമുണ്ട്. ജൂനിയര്‍ ടീമിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് താരങ്ങള്‍ സീനിയര്‍ ടീമിലെത്തിയത്. ചെന്നൈയിലെ വേലമ്മാള്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടന്ന പരിശീലന ക്യാമ്പിലുണ്ടായിരുന്ന പത്തൊന്‍പത് താരങ്ങളില്‍ പതിമ്മൂന്ന് പേരും മലയാളികളായിരുന്നു. കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളേജിലെ സി സൗമ്യ, അനില, ദീപ്തി എന്നിവര്‍ക്കാണ് അവസാന നിമിഷം ടീമില്‍ നിന്നൊഴിവാക്കപ്പെട്ട മലയാളികള്‍.

വിയറ്റ്‌നാമിലെ ഹാനോയില്‍ സെപ്റ്റംബര്‍ അഞ്ചിനാണ് ഏഷ്യന്‍ വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമാവുക. ടൂര്‍ണമെന്റ് പതിമൂന്ന് വരെ നീണ്ടുനില്‍ക്കും. ഗ്രൂപ്പ് ഡിയില്‍ ശക്തരായ ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, തായ്‌ലന്‍ഡ് എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യയുടെ പോരാട്ടം.`` തായ്‌ലന്‍ഡും കൊറിയയും ഇന്ത്യക്ക് അതിശക്തമായ വെല്ലുവിളി ഉയര്‍ത്തും. നല്ലകളിക്കാരുണ്ടെങ്കിലും പരിശീലന മത്‌സരങ്ങളുടെ കുറവ് ഇന്ത്യക്ക് തിരിച്ചടിയാവും. രണ്ടുമാസം നീണ്ട പരിശീലന ക്യാമ്പ് നടന്നെങ്കിലും ഒറ്റ സന്നാഹ മത്‌സരം പോലും കളിക്കാന്‍ നമുക്ക് കഴിഞ്ഞില്ല. വിദേശ പരിശീലകന്റെ സഹായവും ലഭിച്ചില്ല. പരസ്പരം കളിച്ചുള്ള പരിചയമേനമുക്കുള്ളൂ. രാജ്യാന്തര മത്‌സര പരിചയമാണ് ഇന്ത്യയുടെ പോരായ്മ'' ജെയ്‌സമ്മ മൂത്തേടന്‍ പറഞ്ഞു.


ഇന്ത്യ രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സീനിയര്‍ വനിതാ ടീമിനെ ഒരു ടൂര്‍ണമെന്റിന് അയക്കുന്നത്. 2007ല്‍ തായ്ന്‍ഡില്‍ നടന്ന പ്രിന്‍സസ് കപ്പിലാണ് ഇന്ത്യ അവസാനമായി കളിച്ചത്. അന്ന് ഇന്ത്യക്ക് ഒന്‍പതാം സ്ഥാനമായിരുന്നു. 2005 ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് പതിനൊന്നാം സ്ഥാനമാണ് ലഭിച്ചത്. അന്നത്തെ ടീമിനെ നിലനിറുത്തുകയും തുടര്‍ പരിശീലനം നല്‍കുകയും ചെയ്തിരുന്നുവെങ്കില്‍ ഇന്ത്യക്ക് ഇപ്പോള്‍ ശക്തമായ ടീമുണ്ടാവുമായിരുന്നെന്ന് ജെയ്‌സമ്മ ചൂണ്ടിക്കാട്ടുന്നു.`` രണ്ടു വര്‍ഷമായി നമ്മുടെ ടീം രാജ്യാന്തര മത്‌സരത്തില്‍ പങ്കെടുത്തിട്ടില്ല. പലവിധകാരണങ്ങള്‍ പറഞ്ഞ് സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഇത്തവണ ഭാഗ്യം തുണച്ചു. നേരത്തെയുണ്ടായിരുന്ന ടീം നിലനിറുത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ മികച്ച ടീമായി മാറിയേനെ. തുടര്‍ച്ചയായി മത്‌സരങ്ങളില്ലാതായതോടെ പലതാരങ്ങളും കളിയില്‍ നിന്ന് വിട്ടുനിന്നു. അതോടെ പരിചയസമ്പന്നര്‍ ഇല്ലാതായി. ഈ ടൂര്‍ണമെന്റ് തിരിച്ചുവരവിനുളള വേദിയായി മാത്രമേ കാണുന്നുളളൂ. എതിരാളികളുടെ ശ്തിദൗര്‍ബല്യങ്ങളൊന്നും നമുക്കറിയില്ല. അതുകൊണ്ടു തന്നെ ഒന്നും പ്രതീക്ഷിച്ചലേ പോകുന്നത്. ഈ ടീമിനെ നിലനിറുത്തി അടുത്ത ഏഷ്യന്‍ ഗെയിംസിന് യോഗ്യത നേടുകയാണ് ലക്ഷ്യം.1982ന് ശേഷം ഇന്ത്യ ഏഷ്യന്‍ഗെയിംസില്‍ കളിച്ചിട്ടില്ല''.

1982ഏഷ്യന്‍ ഗെയിംസ് ടീമിലെ നാലു മലയാളി താരങ്ങളില്‍ ഒരാളായിരുന്നു ജെയ്‌സമ്മ. സാലി ജോസഫ്, ബിനി വര്‍ഗീസ്, റോസമ്മ കുര്യന്‍ എന്നിവരായിരുന്നു അന്നത്തെ ടീമിലെ മറ്റ് മലയാളികള്‍. ഇപ്പോള്‍ വീണ്ടും മലയാളിക്കരുത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് ഇന്ത്യ. ``ടീമിലെ മലയാളി ആധിപത്യം കേരളത്തിന്റെ മികവാണ് തെളിയിക്കുന്നത്. ഒട്ടേറെ പ്രതിഭകള്‍ കേരളത്തിലുണ്ട്. അവര്‍ക്കും ഈ താരാധിപത്യം പ്രചോദനമാകും. മികച്ച റോള്‍മോഡലുകള്‍ കളിയില്‍ വലിയ മാറ്റമാണുണ്ടാക്കുക'': ജെയ്‌സമ്മ മൂത്തേടന്‍ പറഞ്ഞു.

ഫ്രെഡി മടങ്ങുന്നു;തലയുയര്‍ത്തി ‍‍‍‍‍

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ അഹന്തയ്ക്ക് മേല്‍ തീമഴ വര്‍ഷിച്ച് ഇംഗ്‌ളണ്ട് ആഷസ് ട്രോഫി വീണ്ടെടുത്തു; നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം. ടെസ്റ്റ് ക്രിക്കറ്റിലെ മുടിചൂടാമന്നന്‍മാര്‍ക്കെതിരെ നേടിയ ചരിത്ര വിജയത്തില്‍ ആനന്ദനൃത്തം ചവിട്ടുമ്പോഴും ഇംഗ്‌ളീഷ് ക്രിക്കറ്റ് തേങ്ങുകയാണ്. കാരണം അവരുടെ പ്രിയപ്പെട്ട ഫ്രെഡിയെ ഇനി തൂവെളളക്കുപ്പായത്തില്‍ കാണാനാവില്ല. കെന്നിംഗ്ടണ്‍ ഓവലിലെ വിജയത്തോടെ ആന്‍ഡ്രു ഫ്‌ളിന്റോഫ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങി.

പരിക്കിനോട് തോറ്റ് അകാലത്തില്‍ മടങ്ങുമ്പോഴും ഫ്‌ളിന്റോഫിന് തല ഉയര്‍ത്തിപ്പിടിക്കാം. അഭിമാനമായ സ്തംഭമായ ആഷസ് ട്രോഫി നാട്ടിലെത്തിച്ചാണ് ഇയാന്‍ ബോതത്തിന് ശേഷം ഇംഗ്‌ളീഷ് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടറായ ഫ്‌ളിന്റോഫ് ടെസ്റ്റില്‍ നിന്ന് വിരമിച്ചത്. ഏകദിനത്തിലും, ട്വന്റി20യിലും തുടര്‍ന്നും കളിക്കുമെന്ന വാഗ്ദാനത്തോടെയാണ് ഫ്‌ളിന്റോഫിന്റെ വിരമിക്കല്‍. പക്ഷേ പരിക്കെന്ന വില്ലന്‍ ആറടി നാലിഞ്ചുകാരനായ അതികായനെ എത്രനാള്‍ കളിക്കളത്തിലിറങ്ങാന്‍ അനുവദിക്കുമെന്ന് കാത്തിരുന്നുതന്നെ കാണണം. ഡോക്ടര്‍മാരുടെ അതികര്‍ശന നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും മറന്നാണ് ഫ്‌ളിന്റോഫ് വിടവാങ്ങല്‍ പരമ്പരയില്‍ പന്തെറിഞ്ഞത്. ആ മനക്കരുത്ത് ഇംഗ്‌ളണ്ടിനെ സ്വപ്നതുല്യമായ വിജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായകമാവുകയും ചെയ്തു.
പ്രതിഭയുടെ ധാരാളിത്തംകൊണ്ട് ശ്രദ്ധേയനായ ഫ്രെഡി 79 ടെസ്റ്റുകളുടെ ചരിത്രവുമായാണ് പിന്‍വാങ്ങിയത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ എതിര്‍നിരയെ വിറപ്പിക്കാന്‍ കഴിയുമായിരുന്ന ഫ്‌ളിന്റോഫ് തന്റെ പ്രതിഭയോട് പൂര്‍ണമായും നീതി പുലര്‍ത്തിയിരുന്നോ? ഇല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കണക്കുകളും ഇത് ശരിവയ്ക്കുന്നു. 31.77 ശരാശരിയില്‍ 3845 റണ്‍സ് മാത്രമാണ് ഫ്രെഡിയുടെ പേരില്‍ കുറിക്കപ്പെട്ടത്. സെഞ്ച്വറികള്‍ അഞ്ചെണ്ണം മാത്രം. അര്‍ധസെഞ്ച്വറികള്‍ ഇരുപത്തിയാറും. 167 റണ്‍സാണ് ഉയന്ന സ്‌കോര്‍. ബൗളിംഗിലാണ് അല്‍പമെങ്കിലും ഭേദപ്പെട്ട കണക്കുകളുളളത്. ആകെ 14,951 പന്തുകളെറിഞ്ഞ ഫ്രെഡിക്ക് 226 വിക്കറ്റുകള്‍ വീഴ്ത്താനായി. വിടാതെ പിന്തുടര്‍ന്ന പരിക്കിനൊപ്പം അലസതകൂടി ചേര്‍ന്നപ്പോള്‍ അര്‍ഹമായ പലനേട്ടങ്ങളും ഫ്‌ളിന്റോഫില്‍ നിന്ന് അകലുകയായിരുന്നു.
1998 ജൂലൈ 23ന് നോട്ടിംഗ്ഹാമില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആയിരുന്നു ടെസ്റ്റില്‍ ഫ്‌ളിന്റോഫിന്റെ അരങ്ങേറ്റം. ജാക് കാലിസിന്റെ വിക്കറ്റ് വീഴ്ത്തി വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. കളിയുടെ കയറ്റിയറക്കങ്ങള്‍ക്ക് ഇടയിലൂടെ കാലം നീങ്ങിയെങ്കിലും 2005 ആഷസ് പരമ്പരയിലാണ് ഈ അതികായന്റെ കരുത്ത് ക്രിക്കറ്റ് ലോകം ശരിക്കുമറിഞ്ഞത്. അഞ്ചു ടെസ്റ്റുകളില്‍ നിന്ന് നേടിയത് 24 വിക്കറ്റുകളും 402 റണ്‍സുമായിരുന്നു. ഫ്‌ളിന്റോഫിന്റെ ഈ മിന്നല്‍ ഫോമിന് മുന്നില്‍ ഓസീസ് 1987ന് ശേഷം ആദ്യമായി ആഷസ് ട്രോഫി ഇംഗ്‌ളണ്ടിന് അടിയറവച്ചു. ഷെയ്ന്‍ വോണും ഗ്‌ളെന്‍ മഗ്രാത്തും മാത്യു ഹെയ്ഡനും ജസ്റ്റിന്‍ ലാംഗറും ഡാമിയന്‍ മാര്‍ട്ടിനും ആഡം ഗില്‍ക്രിസ്റ്റുമൊക്കെ അണിനിരന്ന കങ്കാരുക്കള്‍ക്കെതിരെ 2-1നായിരുന്നു ഇംഗ്‌ളീഷ് വിജയം. മാന്‍ ഒഫ് ദ സീരീസായ ഫ്രെഡി ബിബിസിയുടെ സ്‌പോര്‍ട്‌സ് പേഴ്‌സണാലിറ്റി ഒഫ് ദ ഇയറായും
തിരഞ്ഞെടുക്കപ്പെട്ടു. ഇയാന്‍ ബോതത്തിന് (1981)ശേഷം ഈ പുരസ്കാരം നേടുന്ന ആദ്യ ക്രിക്കറ്ററുമായി ഫ്‌ളിന്റോഫ്.
രണ്ടായിരത്തി ഏഴോടെയാണ് പരിക്ക് ഇംഗ്‌ളീഷ് താരത്തെ വിടാതെ പിടികൂടിയത്. 2007-09 കാലയളവില്‍ ഇംഗ്‌ളണ്ട് 36 ടെസ്റ്റ് കളിച്ചപ്പോള്‍ ഫ്‌ളിന്റോഫിന് ടീമില്‍ അംഗമാവാന്‍ കഴിഞ്ഞത് വെറും 13 മത്‌സരങ്ങളില്‍ മാത്രം.തുടര്‍ ശസ്ത്രക്രിയകള്‍ ഫ്രെഡിയെ മാനസികമായും തളര്‍ത്തി. ക്രിക്കറ്റ് തന്നെ നഷ്ടമായേക്കുമെന്ന തിരിച്ചറിവില്‍ നിന്നാണ് ഫ്രെഡി ഏകദിനത്തിലും ട്വന്റി20യിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കാരണം.
ഫ്‌ളിന്റോഫ് 141 ഏകദിനങ്ങളില്‍ നിന്ന് 3394 റണ്‍സും 169 വിക്കറ്റുകളും നേടിയിട്ടുണ്ട്. 123 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 19 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തിയത് മികച്ച ബൗളിംഗ് പ്രകടനവും. ഏഴ് ട്വന്റി 20 മത്‌സരങ്ങളിലും ഫ്‌ളിന്റോഫ് കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ പ്രിമിയര്‍ ലീഗിലും അരങ്ങേറി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പൊന്‍ താരമാണ് ഫ്‌ളിന്റോഫ്. വര്‍ണക്കുപ്പായത്തില്‍ ഫ്രെഡിയുടെ കരുത്തുറ്റ പ്രകടനങ്ങള്‍ ഇനിയുമുണ്ടാവും, അതിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.

August 23, 2009

വന്‍മതില്‍ വീണ്ടും ഉയരുമ്പോള്‍

സാങ്കേതിക തകരാറുകള്‍ ഇല്ലാതാക്കാന്‍ മികച്ച ടെക്‌നീഷ്യനെ നിയോഗിക്കുക എന്നതാണ് ഏറ്റവും നല്ല മാര്‍ഗം. മിടുക്കനായ ടെക്‌നീഷ്യനെ ഏത് യന്ത്രത്തകരാറുകളും അതിവേഗം കണ്ടെത്തി പരിഹരിക്കാന്‍ കഴിയൂ. ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ താളപ്പിഴകള്‍ പരിഹരിക്കാന്‍ മുഖ്യ സെലക്ടര്‍ കെ ശ്രീകാന്തിനും കൂട്ടര്‍ക്കും മുന്നിലുണ്ടായിരുന്ന ഏക മാര്‍ഗവും ഇതായിരുന്നു; രാജ്യത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് ടെക്‌നീഷ്യനെ ടീമിലുള്‍പ്പെടുത്തുക. ഫലം;രാഹുല്‍ ശരദ് ദ്രാവിഡ് വീണ്ടും ഇന്ത്യന്‍ ടീമില്‍.

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഏകദിന ക്രിക്കറ്റില്‍ ടീം ഇന്ത്യക്ക് ഉരുക്കുകോട്ട കെട്ടാന്‍ ദ്രാവിഡ് പാഡുകെട്ടാനൊരുങ്ങുന്നത്. കൃത്യമായി പറഞ്ഞാല്‍ 2007 ഒക്‌ടോബര്‍ പതിനാലിന് ഓസ്‌ട്രേലിയക്കെതിരെ നാഗ്പൂരിലായിരുന്നു ദ്രാവിഡിന്റെ അവസാന രാജ്യാന്തര ഏകദിനം. യുവരക്തത്തിന് പ്രാമുഖ്യം നല്‍കുകയെന്ന തീരുമാനവുമായി സെലക്ടര്‍മാര്‍ "ക്രീസിലിറങ്ങിയപ്പോഴാണ്' ദ്രാവിഡിന് ഏകദിന ടീമിലെ സ്ഥാനം നഷ്ടമായത്. പകരമെത്തിയ യുവപ്രതിഭകള്‍ ഇന്ത്യയിലെ ചത്തപിച്ചുകളില്‍ റണ്‍മഴ ചൊരിഞ്ഞവരായിരുന്നു. പക്ഷേ വെസ്റ്റ് ഇന്‍ഡീസിലെയും ഇംഗ്‌ളണ്ടിലെയുമൊക്കെ ബൗണ്‍സും വേഗതയുമുളള വിക്കറ്റുകളില്‍ ഈയുവപ്രതിഭകള്‍ വെളളംകുടിച്ചു. മധ്യനിര ആടിയുലയുന്നതിന് പരിഹാരമെന്ത് എന്ന സെലക്ടര്‍മാരുടെ മില്യണ്‍ ഡോളര്‍ ചോദ്യത്തിന്റെ ഉത്തരം രാഹുല്‍ ദ്രാവിഡ് മാത്രമായിരുന്നു. അങ്ങനെയാണ് മുപ്പത്തിയാറാം വയസില്‍ വന്‍മതില്‍ ഇന്ത്യയുടെ നീലക്കുപ്പായത്തിലേക്ക് തിരിച്ചെത്തുന്നത്.

ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ മാത്രമല്ല ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന ത്രിരാഷ്ട്രഏകദിന പരമ്പരയിലെ കളിസംഘത്തിലും ദ്രാവിഡുണ്ട്. മുത്തയ്യാ മുരളീധരന്റെ കുത്തി തിരിയുന്ന പന്തുകളും മലിംഗയുടെയും തുഷാരയുടെയുമെല്ലാം അതിവേഗ പന്തുകളും നേരിടാനുളള ഇന്ത്യയുടെ വിശ്വസ്ത മറുപടിയാണ് വന്‍മതില്‍. 333 ഏകദിനങ്ങളുടെ അനുഭവ സമ്പത്തുമായാണ് മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ സംഘത്തിലേക്ക് തിരിച്ചെത്തുന്നത്. 308 ഇന്നിംഗ്‌സുകളില്‍ നിന്ന് 10,585 റണ്‍സാണ് ദ്രാവിഡിന്റെ പേരിനൊപ്പമുളളത്. ഇതില്‍ 12 സെഞ്ച്വറികളും 81 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടുന്നു. 39.49 ശരാശരിയിലാണ് ദ്രാവിഡ് ഈ റണ്‍മല പടുത്തുയര്‍ത്തിയത്. സ്വന്തം നാട്ടിലേക്കാള്‍ എതിരാളികളുടെ തട്ടകത്തില്‍ ഉയര്‍ന്ന ബാറ്റിംഗ് ശരാശരിയുളള അത്യപൂര്‍വ ബാറ്റ്‌സ്മാന്‍കൂടിയാണ് ദ്രാവിഡ്.ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയിലെക്കാള്‍ ഉയന്ന റണ്‍ ശരാശരിയാണ് വിദേശഗ്രൗണ്ടുകളില്‍ദ്രാവിഡിനുളളത്. വന്‍മതിലിന്റെ ഈ മികവും ടീമിലേക്കുളള തിരിച്ചു വരവിന് വഴിയൊരുക്കി. വിദേശപിച്ചുകളില്‍ 42.03 റണ്‍സാണ് ദ്രാവിഡിന്റെ ബാറ്റിംഗ് ശരാശരി. ടെസ്റ്റ് ബാറ്റ്‌സ്മാന്‍ എന്ന് മുദ്രകുത്തപ്പെട്ട താരമാണ് ദ്രാവിഡ്. എന്നാല്‍ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഇന്ത്യന്‍ ബാറ്റിംഗ് നെടുന്തൂണായ ദ്രാവിഡ് ഏകദിനത്തില്‍ പതിനായിരം റണ്‍സ് പൂര്‍ത്തിയാക്കിയ ആറാമത്തെ ബാറ്റ്‌സ്മാനാണ്. മൂന്നാമത്തെ ഇന്ത്യന്‍ താരവും. സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയുമാണ് ദ്രാവിഡിന് മുന്‍പ് ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍. ടെസ്റ്റ് ക്രിക്കറ്റിലും സുവര്‍ണ നേട്ടങ്ങളാണ് ദ്രാവിഡിന്റെ പേരിനൊപ്പം എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്നത്. 134 ടെസ്റ്റുകളില്‍ നിന്ന് ദ്രാവിഡ് 10,823 റണ്‍സ് നേടിക്കഴിഞ്ഞു. 26 സെഞ്ച്വറികളും വന്‍മതിലിന്റെ പേരിനൊപ്പമുണ്ട്. ഇതില്‍ അഞ്ചെണ്ണം ഇരട്ടസെഞ്ച്വറികളാണ്. ടെസ്റ്റില്‍ ഏറ്റവുമധികം ക്യാച്ചെടുത്ത(184) ഫീല്‍ഡറും വന്‍മതില്‍ തന്നെ.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് തന്റെ കരിയര്‍ ഇത്രയേറെ സമര്‍പ്പിക്കപ്പെട്ട താരവും അതിവിരളമായിരിക്കും. 2003 ലോകകപ്പിലുള്‍പ്പടെ നിരവധി മത്‌സരങ്ങളില്‍ വിക്കറ്റ് കീപ്പറുടെ വേഷത്തിലും ദ്രാവിഡ് കളത്തിലിറങ്ങി. ഒരു ബാറ്റ്‌സ്മാനെ അധികം ഇലവനില്‍ ഉള്‍പ്പെടുത്താമെ ടീം മാനേജ്‌മെന്റിന്റെ തന്ത്രം നടപ്പാക്കാന്‍ പ്രതിഷേധമില്ലാതെ ഗ്‌ളൗസണിയുകയായിരുന്നു ദ്രാവിഡ്. അതേ സമയം തന്നെ ഓപ്പണിംഗ് മുതല്‍ ഏഴാം നമ്പര്‍ ബാറ്റ്‌സ്മാനായി വരെ ദ്രാവിഡ് ക്രീസിലെത്തുകയും ചെയ്തു. വ്യക്തിഗത താല്‍പര്യത്തെക്കാള്‍ ടീമിന്റെ താല്‍പര്യം മാത്രമായിരുന്നു എന്നും ദ്രാവിഡിനെ നയിച്ചത്. മറ്റ് " ദൈവങ്ങള്‍' ബാറ്റിംഗ് പൊസഷനില്‍ പിടിവാശി പുലര്‍ത്തുന്ന സമയത്താണ് ദ്രാവിഡിന്‍െറ ഈ ഹൃദയവിശാലത.മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 1973 ജനുവരി 11ന് ജനിച്ച ദ്രാവിഡ് ബാംഗ്‌ളൂര്‍ സെന്റ് ജോസഫ്‌സ് ഹൈസ്കൂളിലൂടൊണ് ക്രിക്കറ്റിലേക്ക് ഗാര്‍ഡ് എടുക്കുന്നത്. 1984ല്‍ കേകി താരാപ്പൂറിന്റെ പരിശീലന ക്യാമ്പില്‍ എത്തിയത് ദ്രാവിഡിന്റെ ജീവിതം മാറ്റിമറിച്ചു. താരാപ്പൂരിന്റെ ശിക്ഷണത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദ്രാവിഡ് ജൂനിയര്‍ ക്രിക്കറ്റില്‍ റണ്‍മഴ ചൊരിഞ്ഞു.സ്കൂള്‍ ക്രിക്കറ്റില്‍ കേരളത്തിനെതിരെ ഇരട്ടസെഞ്ച്വറി നേടിയതോടെ സംസ്ഥാന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അതോടെ വിക്കറ്റ് കീപ്പിംഗ് ഉപേക്ഷിക്കാന്‍ ഗുണ്ടപ്പ വിശ്വനാഥ്, ബ്രിജേഷ് പട്ടേല്‍, റോജര്‍ ബിന്നി തുടങ്ങിയ മുന്‍ താരങ്ങള്‍ കൊച്ചു ദ്രാവിഡിനെ ഉപദേശിച്ചു. അതോടെയാണ് ദ്രാവിഡ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി മാറുന്നത്.1991ല്‍ മഹാരാഷ്ട്രയ്‌ക്കെതിരെ രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം. 1996ല്‍ രഞ്ജി ട്രോഫി ഫൈനലില്‍ തമിഴ്‌നാടിനതിരെ ഇരട്ടസെഞ്ച്വറി നേടിയതോടെ ഇന്ത്യന്‍ ടീമിലേക്കുളള വാതിലും തുറന്നു.

സിംഗപ്പൂരില്‍ നടന്ന സിംഗര്‍ കപ്പില്‍ 1996 ഏപ്രില്‍ മൂന്നിന് ശ്രീലയ്‌ക്കെതിരെ ആയിരുന്നു ഏകദിനത്തില്‍ ദ്രാവിഡിന്റെ അരങ്ങേറ്റം. മൂന്നു റണ്‍സിന് മടങ്ങാനായിരുന്നു ദ്രാവിഡിന്റെ വിധി. പരമ്പരയില്‍ താളം കണ്ടെത്താന്‍ വിഷമിച്ച ദ്രാവിഡ് ടീമില്‍ നിന്ന് പുറത്താവുകയും ചെയ്തു. തുടര്‍ന്ന് ജൂണില്‍ നടന്ന ഇംഗ്‌ളണ്ട് പര്യടനമാണ് കര്‍ണാടക താരത്തിന്റെ ക്രിക്കറ്റ് ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ്.ഇംഗ്‌ളണ്ട് പര്യടനത്തോടെ ദ്രാവിഡ് രാജ്യാന്തര ക്രിക്കറ്റിന്റെ പടവുകള്‍ കയറിത്തുടങ്ങി. സാങ്കേതികത്തികവില്‍ അതീവശ്രദ്ധാലുവായ ദ്രാവിഡിനെ ജെഫ് ബോയ്‌ക്കോട്ട്, സുനില്‍ ഗാവസ്കര്‍, ചാപ്പല്‍ സഹോദരന്‍മാര്‍, റോഹന്‍ കന്‍ഹായ് തുടങ്ങിയ സൂപ്പര്‍ ടെക്‌നീഷ്യന്‍മാരുടെ നിരയിലണ് വിദഗ്ധര്‍ ഉള്‍പ്പെടുത്തിയത്. കോപ്പിബുക്ക് ശൈലി തന്നെയായിരുന്നു എന്നും ദ്രാവിഡിന്റെ ബാറ്റിംഗിനെ മനോഹരമാക്കിയത്. അതുകൊണ്ടു തന്നെ ക്രിക്കറ്റ് കളിക്കുന്ന നാട്ടിലെല്ലാം പിച്ചുകളുടെ സ്വഭാവം അതിജീവിച്ച് റണ്‍ചൊരിയാന്‍ കഴിഞ്ഞു. എല്ലാ ടെസ്റ്റ് രാജ്യങ്ങള്‍ക്കെതിരെയും അവരുടെ നാട്ടില്‍ സെഞ്ച്വറി നേടിയ ഏക ബാറ്റ്‌സ്മാനാണ് ദ്രാവിഡ്. ഏത് വിക്കറ്റിലും ബൗളര്‍മാരുടെ മുനയൊടിക്കുന്ന ദ്രാവിഡ് ലോക ക്രിക്കറ്റിലെ വന്‍മതിലായതും സ്വാഭാവികം.വന്‍മതിലായി വളര്‍ന്ന ദ്രാവിഡ് 79 ഏകദിനങ്ങളില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. 42 ജയവും 33 തോല്‍വിയുമാണ് കണക്കിലുളളത്. രണ്ടാമത് ബാറ്റ് ചെയ്ത് തുടര്‍ച്ചയായ 15 മത്‌സരങ്ങളില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച റെക്കോര്‍ഡും ദ്രാവിഡിന് സ്വന്തം. 2005ല്‍ സൗരവ് ഗാംഗുലിയില്‍ നിന്ന് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ദ്രാവിഡ് 2007ല്‍ നായക സ്ഥാനം സ്വമേധയാ ഉപേക്ഷിച്ചു. ഇതിനിടയില്‍ 2007 ലോകകപ്പിന്റെ ആദ്യറൗണ്ടില്‍ തന്നെ ഇന്ത്യ പുറത്തായത് ദ്രാവിഡിന്റെ കരിയറിലെ കറുത്താപാടായി. തൊട്ടു പിന്നാലെ ഏകദിന ടീമിലെ സ്ഥാനവും നഷ്ടമായി. പക്ഷേ കാലം വീണ്ടും ദ്രാവിഡിനെ ടീം ഇന്ത്യയുടെ വന്‍മതിലായി തിരിച്ചുവിളിച്ചിരിക്കുന്നു. ഇനി ക്രീസില്‍ ബാറ്റുകൊണ്ടുളള കാവ്യരചനയ്ക്കായി കാത്തിരിക്കാം.

"എന്നും എപ്പോഴും എവിടെയും സ്ഥിരതയോടെ റണ്‍ചൊരിയുന്ന ബാറ്റ്‌സ്മാനാണ് ദ്രാവിഡ്. ഇന്ത്യക്ക് മാത്രമല്ല, എല്ലാ കാലത്തെയും എല്ലാവരുടെയും മികച്ച കളിക്കാരനാണ് ദ്രാവിഡെന്ന് ചരിത്രം തെളിയിക്കും'' കണക്കുകള്‍ക്കും റെക്കോര്‍ഡുകള്‍ക്കും അപ്പുറത്ത് ഗ്രെഗ് ചാപ്പലിന്റെ ഈ വാക്കുകള്‍ ദ്രാവിഡ് എന്ന വന്‍മതില്‍ എത്രവലിയ ക്രിക്കറ്ററാണെന്ന് വ്യക്തമാക്കുന്നതാണ്.

നാളെയാണ്... നാളെയാണ്... ദേശീയ ഗെയിംസ്‍‍‍‍

നാളെയാണ്...
നാളെയാണ്...നാളെയാണ്
ദേശീയ ഗെയിംസ്...
ലോട്ടറിക്കച്ചവടക്കാരുടേതു പോലെ കേരളത്തിന്റെ സ്‌പോര്‍ട്‌സ് മന്ത്രി പങ്കെടുക്കുന്ന വേദികളിലെല്ലാം ഉയരുന്ന വാക്കുകളാണിത്. രാജ്യത്തെ ഏറ്റവും വലിയ കായികമേള കണ്ണടച്ചുതുറക്കും മുന്‍പ് കെങ്കേമമായി നടത്തുമെന്നാണ് മന്ത്രിയുടെ വാഗ്ദാനം. മന്ത്രിയായി ചുമതലയേറ്റെടുത്തത് മുതല്‍ എല്ലാ ജില്ലകളിലും സ്‌പോര്‍ട്‌സ് കോംപ്‌ളക്‌സുകളും പഞ്ചായത്തുകള്‍ തോറും സ്‌റ്റേഡിയങ്ങളും നീന്തല്‍ക്കുളങ്ങളും നിര്‍മ്മിച്ച് "അത്ഭുതങ്ങള്‍' സൃഷ്ടിക്കുന്ന മന്ത്രിക്ക് ദേശീയ ഗെയിംസും നിസ്‌സാരം. ജാര്‍ഖണ്ഡില്‍ രണ്ടു വര്‍ഷം മുന്‍പ് നടക്കേണ്ട ദേശീയ ഗെയിംസ് എന്നു നടക്കുമെന്ന് അവര്‍ക്കുപോലും നിശ്ചയമില്ലാത്തപ്പോഴാണ് നമ്മുടെ മന്ത്രിയുടെ ഗ്വാ-ഗ്വാ വിളി.

പിടികിട്ടാത്ത ഗെയിംസുകള്‍

2008ലാണ് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ മുപ്പത്തിയഞ്ചാമത് ദേശീയ ഗയിംസ് കേരളത്തിന് അനുവദിച്ചത്; അവസാനമായി നടന്ന ഗുവാഹത്തി ദേശീയ ഗെയിംസിന് പിന്നാലെ. രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഗെയിംസ് നടത്തണമെന്നാണ് നിയമം. നാലുവര്‍ഷം കൂടുമ്പോള്‍ അരങ്ങേറുന്ന ഒളിംപിക്‌സിനും ഏഷ്യന്‍ ഗെയിംസിനും മുന്നോടിയായി താരങ്ങള്‍ക്ക് മത്‌സരപരിചയം ലഭിക്കുക എന്നതിനാലാണ് രണ്ടു വര്‍ഷത്തെ ഇടവേള നിശ്ചയിച്ചത്. 1985ല്‍ ദേശീയ ഗെയിംസ് നവീകരിച്ച ശേഷം ഒരിക്കല്‍ മാത്രമേ ഗെയിംസ് കൃത്യസമയത്ത് നടന്നിട്ടുളളൂ. 1987ല്‍ കേരളത്തില്‍. തുടര്‍ന്ന് പത്ത് ഗെയിസ് നടക്കേണ്ട സ്ഥാനത്ത് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് മുടന്തി മുടന്തി ഏഴു തവണയാണ് നടന്നത്. മുടന്തലിന്‍െറ ഏറ്റവും അവസാന പതിപ്പാണിപ്പോള്‍ കേരളത്തില്‍ ആഘോഷിച്ചുകൊണ്ടിരിക്കുന്നത്. ഈ ചരിത്രം നീണ്ടുനിവര്‍ന്നു കിടക്കുമ്പോഴാണ് സ്‌പോര്‍ട്‌സ് മന്ത്രി ഗെയിംസ് നാളെ നാളെയെന്ന് അലമുറയിടുന്നത്.ഗെയിംസ് കേരളത്തിന് അനുവദിച്ച ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനു പോലുമറിയാമായിരുന്നു നിശ്ചിതസമയത്ത് മത്‌സരങ്ങള്‍ നടക്കില്ലെന്ന്. കാരണം, എന്നു നടക്കുമെന്ന് ആര്‍ക്കും ഉറപ്പ് പറയാന്‍ കഴിയാത്ത ചരിത്രമാണ് ദേശീയ ഗെയിംസിനുളളത്.

കോമണ്‍വെല്‍ത്ത് ഗെയിംസും തടസ്‌സം

2004ലെ ഗെയിംസ് ഗുവാഹത്തിയില്‍ നടന്നത് മൂന്നു വര്‍ഷം കഴിഞ്ഞായിരുന്നു. 2007ലെ ഗെയിംസാണെങ്കില്‍ ഇതുവരെ നടന്നിട്ടുമില്ല. സ്‌റ്റേഡിയങ്ങള്‍ അടക്കമുളള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവാത്തതിനാല്‍ നാല് തവണ ജാര്‍ഖണ്ഡ് ഗെയിംസ് മാറ്റിവച്ചു. ഈ വര്‍ഷം ഡിസംബര്‍ ഒന്നു മുതല്‍ 14 വരെയാണ് ഏറ്റവും ഒടുവില്‍ നിശ്ചയിച്ചിരിക്കുന്ന മത്‌സരക്രമങ്ങള്‍. അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ ഈ തീയതികളിലും ഗെയിംസ് നടക്കാനിടയില്ല. കാരണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും മന്ദഗതിയില്‍ തന്നെ. ഒപ്പം നിയമസഭാ തിരഞ്ഞെടുപ്പും ഇതിനോട് അടുപ്പിച്ചാണ് നടക്കാനിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാല്‍ സ്വാഭാവികമായും ഗെയിസ് നീട്ടിവയ്ക്കും.അപ്പോഴേക്കും കലണ്ടറില്‍ നിന്ന് ഒരു വര്‍ഷം കൂടി അടര്‍ന്നു വീഴും.അടുത്ത വര്‍ഷമാണെങ്കില്‍ ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയാവുകയാണ്. 2010 ഒക്‌ടോബര്‍ മൂന്നു മുതല്‍ 14 വരെ ഡല്‍ഹിയിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുക. ലോകശ്രദ്ധയാകര്‍ഷിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്‍പ് രണ്ടു തവണ ദേശീയ ഗെയിംസ് നടത്തുകയും പ്രയാസം. അതോടെ കേരളം 2009ല്‍ നിന്ന് ഇതിനകം മാറ്റിയ ഗെയിംസ് അടുത്ത വര്‍ഷവും നടക്കില്ലെന്ന് വ്യക്തം. ജാര്‍ഖണ്ഡ് ഗെയിംസ് കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്‍പ് നടത്തുക എന്നതുതന്നെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് വെല്ലുവിളിയായി നില്‍ക്കേ.

ട്രാക്കും ഫീല്‍ഡുമില്ലാതെ ഗെയിംസിന്

മത്‌സരങ്ങള്‍ നടത്താനാവശ്യമായ സൗകര്യങ്ങള്‍ ഒന്നുമില്ലാതെയാണ് ഗെയിംസ് നടത്താന്‍ കേരളം തയ്യാറായി നില്‍ക്കുന്നത്. നിലവില്‍ 2010 മേയ് ഒന്നു മുതല്‍ 14 വരെയാണ് ഗെയിംസ് നിശ്ചയിച്ചിരിക്കുന്നത്. മുഖ്യ വേദിയായ തിരുവനന്തപുരത്ത് ദേശീയ മത്‌സരങ്ങള്‍ക്ക് അനുയോജ്യമായ സ്‌റ്റേഡിയങ്ങളൊന്നുമില്ല. കൃത്യസമയത്ത് നടക്കുകയാണെങ്കില്‍ യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയം പൊടിതുടച്ചെടുക്കാനാണ് സംഘാടകരുടെ നീക്കം.

ഗെയിംസ് വില്ലേജ് എന്ന പദ്ധതി തന്നെ ഉപേക്ഷിച്ചു കഴിഞ്ഞു. നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത നഗരത്തിലെ ഫ്‌ളാറ്റുകളും ബാലരാമപുരത്ത് ഹൗസിംഗ് ബോര്‍ഡ് നിര്‍മ്മിക്കാനൊരുങ്ങുന്ന ഫ്‌ളാറ്റുകളും തട്ടിക്കൂട്ടിയെടുക്കാമെന്നും സംഘാടകര്‍ കരുതുന്നു. കാര്യവട്ടത്തെ മുഖ്യ സ്‌റ്റേഡിയവും വട്ടിയൂര്‍ക്കാവിലെ സ്‌പോര്‍ട്‌സ് കോംപ്‌ളക്‌സും കൊല്ലത്തെ ഹോക്കി സ്‌റ്റേഡിയവുമെല്ലാം ജലരേഖയായിക്കഴിഞ്ഞുവെന്ന് ചുരുക്കം. മറ്റ് ജില്ലകളിലെ മത്‌സരവേദികളുടെ അവസ്ഥയും ഇതൊക്കെയാണ്.

ദീര്‍ഘവീക്ഷണമില്ലാതെയുളള ഒരുക്കം

സാധാരണ ദേശീയ ഗെയിംസ് ഒരു നഗരത്തിനാണ് അനുവദിക്കുക. ഗെയിംസ് നടക്കുന്നതോടെ ആ നഗരം ഒരു സ്‌പോര്‍ട്‌സ് സിറ്റിയാവും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വിവിധ മത്‌സരങ്ങള്‍ക്കുളള ഗ്രൗണ്ടുകളും മറ്റ് സൗകര്യങ്ങളും ഒരൊറ്റ നഗരത്തില്‍ ലഭ്യമാവും. തുടര്‍ പരിശീലനങ്ങള്‍ക്കും ദേശീയ- അന്തര്‍ദേശീയ മത്‌സരങ്ങള്‍ക്കും ഇങ്ങനെയുളള നഗരങ്ങള്‍ തിരഞ്ഞെടുക്കപ്പെടും. ഹൈദരാബാദും പൂനെയും ഗുവാഹത്തിയുമെല്ലാം കണ്‍മുന്നിലെ ഉദാഹരണങ്ങളാണ്. ഹൈദരാബാദിലും പൂനെയിലും രാജ്യാന്തര മത്‌സരങ്ങള്‍ ഇടക്കിടെ നടക്കുന്നതും ശ്രദ്ധേയം. ഈ സാഹചര്യത്തിലാണ് കേരളം ഏഴു നഗരങ്ങളിലായി ഗെയിംസ് നടത്താനൊരുങ്ങുന്നത്. കൊല്ലം, തൃശൂര്‍, കോഴിക്കോട്, എറണാകുളം, കണ്ണൂര്‍, ആലപ്പുഴ എന്നിവയാണ് തിരുവനന്തപുരത്തെക്കൂടാതെ മത്‌സരവേദികളായി നിശ്ചയിച്ചിരിക്കുന്നത്. ഈ വീതംവെപ്പിലൂടെ ഒരൊറ്റ കളിക്കളംപോലും പുതിയതായി ഉണ്ടാവില്ല. നിലവിലെ സ്‌റ്റേഡിയങ്ങളും വേദികളും മുഖം മിനുക്കുകയാവും ഉണ്ടാവുക. അതോടെ ഇന്നത്തെ താരങ്ങള്‍ക്ക് മാത്രമല്ല നാളെയുടെ താരങ്ങള്‍ക്ക് കൂടി ലഭ്യമാവേണ്ട മികച്ച അടിസ്ഥാനസൗകര്യങ്ങള്‍ സ്വപ്നമായി അവശേഷിക്കും.

വേഗം + ബോള്‍ട്ട് = ജമൈക്ക‍‍

സമയത്തെ വേഗംകൊണ്ട് കീഴടക്കാന്‍ ജനിച്ചവരാണവര്‍. വേഗമാണ് അവരുടെ ഹൃദയതാളം. ഉസൈന്‍ സെന്റ് ലിയോ ബോള്‍ട്ട് അവരുടെ ഹൃദയവും. കരീബിയന്‍ സമുദ്രത്തില്‍ 234 കിലോമീറ്റര്‍ നീളവും 80 കിലോമീറ്റര്‍ വീതിയുമുളള ദ്വീപില്‍ നിന്നാണ് ഇവര്‍ വരുന്നത്. അവരുടെ പേര്-ജമൈക്കക്കാര്‍. പണത്തിളക്കത്തെയും ശാസ്ത്രീയ പരിശീലനമുറകളെയും അതിവേഗത്തിലൂടെ നിഷ്പ്രഭമാക്കി ട്രാക്കില്‍ പുത്തന്‍ ചരിത്രം രചിക്കുകയാണിവര്‍.
മൈക്കല്‍ ഹോള്‍ഡിംഗ്, കോര്‍ട്‌നി വാല്‍ഷ്, ജെഫ് ഡുജോണ്‍, ഫ്രാങ്ക് വൊറേല്‍, ആല്‍ഫ്രഡ് വാലന്റൈന്‍...ജമൈക്കയുടെ കൊടിയടയാളങ്ങളായിരുന്നു ഇവര്‍. ക്രിക്കറ്റ് കളിത്തട്ടുകളില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ വിജയക്കൊടി പാറിക്കുന്നതില്‍ മുന്നില്‍ നിന്നവര്‍. ഇപ്പോള്‍ ഇവരെല്ലാം ഉസൈന്‍ ബോള്‍ട്ടിന്റെയും ഷെല്ലി ആന്‍ ഫ്രേസറിന്റെയുമെല്ലാം വേഗത്തിന് മുന്നില്‍ പിന്നിലായിരിക്കുന്നു. ലോകത്തിന് വേഗമാണിപ്പോള്‍ ജമൈക്ക. ജമൈക്കക്കാര്‍ ഭൂമുഖത്തെ അതിവേഗക്കാരും.
ജമൈക്കയിലെ മനുഷ്യരുടെ വേഗത്തിന് മുന്നില്‍ അക്ഷരാര്‍ഥത്തില്‍ സ്തബ്ധരായിരിക്കുകയാണ് കായികലോകം. ബെയ്ജിംഗ് ഒളിംപിക്‌സിലാണ് അവര്‍ ലോകത്തെ ആദ്യം ഞെട്ടിച്ചത്. കൃത്യം ഒരുവര്‍ഷത്തിന് ശേഷം ബര്‍ലിനിലെ ലോക അത്‌ലറ്റിക് മീറ്റില്‍ ജമൈക്ക 100 മീറ്റര്‍ പന്തയത്തിലെ പുരുഷ-വനിതാ വിഭാഗങ്ങളില്‍ സ്വര്‍ണം നേടി ആ അത്ഭുതം ആവര്‍ത്തിക്കുകയും ചെയ്തു. ജമൈക്കയുടെ അതിവേഗത്തിന് മുന്നില്‍ വീണുടഞ്ഞത് അമേരിക്കയുടെ ട്രാക്കിലെ സര്‍വാധിപത്യം കൂടിയായിരുന്നു. ഉസൈന്‍ ബോള്‍ട്ടെന്ന ഇരുപത്തിമൂന്നുകാരനാണ് ജമൈക്കന്‍ എക്‌സ്പ്രസ് അതിവേഗത്തില്‍ റെക്കോര്‍ഡ് പുസ്തകങ്ങളിലേക്ക് പായിക്കുന്നത്.
ഒരു പതിറ്റാണ്ട് മുന്‍പുവരെ ലിന്‍ഫോര്‍ഡ് ക്രിസ്റ്റിയും ഡൊണോവന്‍ ബെയ്‌ലിയുമെല്ലാം 100 മീറ്റര്‍ പന്തയങ്ങളില്‍ സ്വര്‍ണത്തിളക്കത്തിലേക്ക് ഒടിക്കയറുന്നത് ജൈമക്കക്കാര്‍ അഭിമാനത്തോടെ നോക്കിനില്‍ക്കുമായിരുന്നു. ജമൈക്കകാരായിരുന്നുവെങ്കിലും ക്രിസ്റ്റി ഇംഗ്‌ളണ്ടിന്റെയും ബെയ്‌ലി കാനഡയുടെയും പതാകകള്‍ക്ക് കീഴിലായിരുന്നു പന്തയത്തിനിറങ്ങിയിരുന്നത്. ക്രിസ്റ്റി 1992ലെ ഒളിംപിക്‌സിലും ബെയ്‌ലി 1996ലെ ഒളിംപിക്‌സിലും 100 മീറ്റര്‍ സര്‍ണം നേടുകയും ചെയ്തു. ട്രാക്കിന്റെ രാജകുമാരനായി വാഴ്ത്തപ്പെട്ട് വില്ലനായി മാറിയ ബെന്‍ ജോണ്‍സനും ജമൈക്കകാരനാണ്. അപ്പോഴും സ്വന്തം പതാകയ്ക്ക് കീഴില്‍ ഒന്നാമനായി ഓടിയെത്തുന്ന ജമൈക്കക്കാരനെ സ്വപ്നം കാണുകയായിരുന്നു ആറര ദശലക്ഷം ദ്വീപുകാര്‍. അവരുടെ സ്വപ്നം ഇന്ന് മഴവില്ലിനെക്കാള്‍ ചാരുതയോടെ യാഥാര്‍ഥ്യമായിരിക്കുന്നു;ഉസൈന്‍ ബോള്‍ട്ടിന്റെ കാലുകളിലൂടെ.
ക്രിക്കറ്റും ബാസ്കറ്റ്‌ബോളും ഫുട്‌ബോളുമൊക്കെ നിറഞ്ഞുനിന്ന ജമൈക്ക അതിവേഗ അത്‌ലറ്റുകളുടെ പറുദീസയാണിപ്പോള്‍. ലോകത്തിന്റെ തന്നെ മാതൃകാ താരങ്ങുടെ നാട്. അമേരിക്കയും ഇംഗ്‌ളണ്ടുമെല്ലാം ശാസ്ത്രത്തിന്റെ സഹായത്തോടെ താരങ്ങളെ ട്രാക്കിലിറക്കുമ്പോള്‍ കാരിരിമ്പിന്റെ കരുത്തുമയി കഠിന പ്രയത്‌നത്തില്‍ ആത്മവിശ്വാസമര്‍പ്പിച്ചാണ് അവരുടെ ജൈത്രയാത്ര. 1948 ലണ്ടന്‍ ഒളിംപിക്‌സിലാണ് ജമൈക്കന്‍ അത്‌ലറ്റിക്‌സിന്റെ ചരിത്രത്തിന്റെ യഥാര്‍ഥ പിറവി; പുരുഷന്‍മാരുടെ 400 മീറ്ററില്‍ ആര്‍തര്‍ വിന്റ് സ്വര്‍ണം നേടിയതോടെ. തുടര്‍ന്ന് ഹെര്‍ബ് മക്കെന്‍ലിയും കീത്ത് ഗാര്‍ഡ്‌നറും ഡൊണാള്‍ഡ് ക്വയ്‌റെയുമെല്ലാം മികച്ച പ്രകടനം നടത്തിയെങ്കിലും വേണ്ടത്ര ശ്രദ്ധയോ പിന്തുണയോ ലഭിച്ചില്ല.യുവതലമുറ എന്‍ ബി എ ബാസ്കറ്റ്‌ബോളിലേക്ക് ആകൃഷ്ടരായതോടെ ട്രാക്കില്‍ ജമൈക്കന്‍ തിളക്കം കുറഞ്ഞു.
എണ്‍പതുകളില്‍ മെര്‍ലിന്‍ ഓട്ടിയാണ് ജമൈക്കയെ വീണ്ടും ട്രാക്കിലേക്ക് മടക്കികൊണ്ടുവന്നത്. ലോസാഞ്ചലസ് ഒളിംപിക്‌സില്‍ ഓട്ടി നേടിയ രണ്ട് വെങ്കലമെഡലുകള്‍ അവരുടെ കണ്ണുതുറപ്പിച്ചു. ജമൈക്കന്‍ യൂണിവേഴ്‌സിറ്റി ഒഫ് ടാക്‌നോളജിയുടെ സ്‌പോര്‍ട്‌സ് ഡയറകടര്‍ അന്തോണി ഡേവിസായിരുന്നു ഇതിന് ചുക്കാന്‍ പിടിച്ചത്. പ്രതിഭാശാലികളായ താരങ്ങളുടെ അമേരിക്കയിലേക്കുളള ഒഴുക്ക് തടയുകയായിരുന്നു ഡേവിസിന്റെ ലക്ഷ്യം.താരങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പും ലഭ്യമായ ഏറ്റവും മികച്ച പരിശീലന ജന്‍മനാട്ടില്‍തന്നെ ലഭ്യമാക്കുകയാണ് അദ്ദേഹം ചെയ്തത്. മുന്നൂറോളം അത്‌ലറ്റുകളാണ് ഈ പദ്ധതിക്ക് കീഴില്‍ പരിശീലനം നടത്തുന്നത്. പത്തൊന്‍പത് വയസില്‍ താഴെയുളള കുട്ടികള്‍ക്ക് വിവിധ തലത്തിലുളള മത്‌സരങ്ങള്‍ നടത്തിയാണ് ഭാവിയുടെ വാഗ്ദാനങ്ങളെ കണ്ടെത്തുന്നത്. ഇരുന്നൂറിലധികം താരങ്ങള്‍ക്ക് അമേരിക്കയില്‍ ഉന്നത പരിശീലനവും ലഭ്യമാക്കുന്നു. ബോള്‍ട്ടും പവലും ആന്‍ഫ്രേസറും സ്റ്റുവര്‍ട്ടുമെല്ലാം ഈ പരിശീലന പരിപാടിയുടെ സംഭാവനകളായിരുന്നു.
2005 ജൂണില്‍ നടന്ന ഏഥന്‍സ് ഒളിംപിക്‌സില്‍ ജമൈക്കയുടെ സ്വപ്നം സാക്ഷാത്കരിച്ച് അസഫ പവല്‍ ലോകത്തിലെ ഏറ്റവും വേഗമേറിയ അത്‌ലറ്റായി. അമേരിക്കയുടെ ടിം മോണ്ട്‌ഗോമറിയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി. 9.77 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് പവല്‍ ലോകത്തിലെ ഏറ്റവും വേഷമേറിയ പുരുഷനായത്. പിന്നീട് പവല്‍ റെക്കോര്‍ഡ് 9.74 സക്കന്‍ഡായി മെച്ചപ്പെടുത്തുകയും ചെയ്തു.
2008 മെയ് 31ന് ബോള്‍ട്ടിന്റെ വേഗം പവലിനെ പിന്തളളി. 9.72 സെക്കന്‍ഡിലായിരുന്നു ബോള്‍ട്ടന്റെ ആദ്യ റെക്കോര്‍ഡ് ഫിനിഷ്. അതേവര്‍ഷം ബെയ്ജിംഗ് ഒളിംപിക്‌സില്‍ ബോള്‍ട്ട് 100,200 മീറ്ററുകളില്‍ മിന്നല്‍പ്പിണറുകള്‍ തീര്‍ത്ത് ചരിത്രത്തെ ഇളക്കിമറിച്ചു. 100 മീറ്ററില്‍ 9.69 സെക്കന്‍ഡിന്റെയും 200 മീറ്ററില്‍ 19.30 സെക്കന്‍ഡിന്റെയും റെക്കോര്‍ഡാണ് ബോള്‍ട്ടിളക്കിയത്. കൃത്യം ഒരുവര്‍ഷത്തിനിപ്പുറം ലോക അത്‌ലറ്റിക്മീറ്റില്‍ സമയം വീണ്ടും ബോള്‍ട്ടിന്റെ കുതിപ്പിന് കീഴടങ്ങി. ട്രാക്കിനെ പ്രകമ്പനംകൊളളിച്ച് ബോള്‍ട്ട് കുതിച്ച് പാഞ്ഞപ്പോള്‍ ഇതേ റെക്കോര്‍ഡുകള്‍ വീണ്ടും കടപുഴകി. എതിരാളികളെ നിഷ്പ്രഭരാക്കിയാണ് ഇത്തവണ ബോള്‍ട്ട് റെക്കോര്‍ഡിലേക്ക് പറന്നെത്തിയത്. 100 മീറ്ററില്‍ 9.58 സെക്കന്‍ഡിന്റെയും 200മീറ്ററില്‍ 19.19 സെക്കന്‍ഡിന്റെയും റെക്കോര്‍ഡാണ് ബോള്‍ട്ട് സ്വന്തമാക്കിയത്. കാള്‍ ലൂയിസിന് ശേഷം ഒളിംപിക്‌സില്‍ സ്പ്രിന്റ് ഡബിള്‍ നേടുന്ന താരമാണ് ബോള്‍ട്ട്. അതോടെപ്പം ഒരേസമയം ലോക ചാമ്പ്യന്‍ഷിപ്പിലും ഒളിംപിക്‌സിലും സ്പ്രിന്റ് ചാമ്പ്യനാവുന്ന ആദ്യ താരവുമായി. റിലേയിലും ജമൈക്കന്‍ വേഗത്തിന് മുന്നില്‍ സമയം വഴിമാറി.
പുരുഷന്‍മാര്‍ മാത്രമല്ല വനിതകളും സ്പ്രിന്റില്‍ ജമൈക്കന്‍ പെരുമ കാക്കുന്നു. ബെയ്ജിംഗില്‍ 100 മീറ്റര്‍ സ്വര്‍ണം നേടിയ ഷെല്ലി ആന്‍ ഫ്രേസര്‍ ബര്‍ലിനിലും ആ നേട്ടം ആവര്‍ത്തിച്ചു. കെറോണ്‍ സ്റ്റുവര്‍ട്ട് രണ്ട് മീറ്റുകളിലും വെളളി മെഡല്‍ നേടി. ഷെറോണ്‍ സിംസണ്‍, ഷെറിക്ക വില്യംസ്, മെലയ്ന്‍ വാക്കര്‍, അയ്ന്‍സ്‌ലി വോ, ജര്‍മെയ്ന്‍ മേസന്‍ എന്നിവരും ട്രാക്കില്‍ ജമൈക്കന്‍ കരുത്ത് തെളിയിച്ചുകൊണ്ടിരിക്കുന്നു.
ആഫ്രിക്കന്‍ ജനിതക ഘടകങ്ങളും ട്രാക്കില്‍ തീ പടര്‍ത്താന്‍ ഇവര്‍ക്ക് അനുഗ്രഹമാകുന്നുണ്ടെന്നാണ് ശാസ്ത്രീയ കണ്ടെത്തലുകള്‍. അതോടെപ്പം ഉത്തേജക മരുന്ന് ഉപയോഗിക്കുന്നു എന്ന ആക്ഷേപവുമുണ്ട്. എന്നാല്‍ ലോക ഉത്തേജക വിരുദ്ധ സമിതിയുടെ കണിശതയാര്‍ന്ന പരിശോധനയില്‍ ഇവരാരും ഇതുവരെ പിടിക്കപ്പെട്ടിട്ടില്ല. മറ്റു താരങ്ങളേക്കാള്‍ കൂടുതല്‍ പരിശോധനയാണ് ഇവര്‍ക്ക് നടത്തുന്നത്. ജമൈക്കന്‍ താരങ്ങള്‍ ഉത്തേജകമരുന്ന് ഉപയോഗിക്കാന്‍ സാധ്യത കുറവാണെന്ന് അമേരിക്കന്‍ അത്‌ലറ്റുകളും സമ്മതിക്കുന്നു.

കളിക്ക് പുറത്തെ കളി; ദത്ത്‌യ്ക്ക് ഇന്ത്യന്‍ ടീമിനൊപ്പം ചേരാനാവുന്നില്ല‍‍‍‍‍

രാജ്യത്തെ ഏറ്റവും മികച്ച ഫിസിക്കല്‍ ട്രെയിനറായ പ്രദീപ് ദത്തയ്ക്ക് വീണ്ടും ചുവപ്പുനാടയും വ്യക്തിവിദ്വേഷവും വില്ലനാവുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിനുളള ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഫിസിക്കല്‍ ട്രെയിനറായി തിരഞ്ഞെടുക്കപ്പെട്ടിട്ടും ടീമിനൊപ്പം ചേരാനാവാതെ വിഷമിക്കുകയാണ് തിരുവനന്തപുരം എല്‍ എന്‍ സി പിയിലെ സീനിയര്‍ ലക്ചററും ഫിസിക്കല്‍ ട്രെയിനറുമായ പ്രദീപ് ദത്ത. എല്‍ എന്‍ സി പി ഇ അനുമതി നല്‍കാത്തതിനാലാണ് പ്രദീപ് ദത്തയ്ക്ക് ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ കഴിയാത്തത്. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അംഗീകരിച്ച ഏക എലീറ്റ് ഫിസിക്കല്‍ കണ്ടീഷനിംഗ് പരിശീലകനാണ് ബംഗാള്‍ സ്വദേശിയായ പ്രദീപ് ദത്ത.

സ്‌പോര്‍ട്‌സ് മന്ത്രാലയവും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയും(സായി) ആവശ്യപ്പെട്ടിട്ടും എല്‍ എന്‍ സി പി ഇ പ്രിന്‍സിപ്പലിന്റെ അനുമതി ഇല്ലാത്തതിനാലാണ് പ്രദീപ് ദത്ത്‌യ്ക്ക് ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ കഴിയാത്തതെന്ന് ഹോക്കി ഇന്ത്യ ജനറല്‍സെക്രട്ടറി അസ്‌ലം ഖാന്‍ വൈഗന്യൂസിനോട് പറഞ്ഞു." ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും മികച്ച ഫിസിക്കല്‍ ട്രെയിനറാണ് പ്രദീപ് ദത്ത. രാജ്യ താല്‍പര്യം മുന്‍നിറുത്തിയാണ് അദ്ദേഹത്തിന്റെ സേവനം ഹോക്കി ഇന്ത്യ സ്‌പോര്‍ട്‌സ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ എല്‍ എന്‍ സി പി ഇ പ്രിന്‍സിപ്പല്‍ പലകാരണങ്ങള്‍ പറഞ്ഞ് പ്രദീപ് ദത്തയെ ടീമിനൊപ്പം ചേരാന്‍ അനുമതി നല്‍കിയിട്ടില്ല. പരിചയ സമ്പന്നനായ അദ്ദേഹത്തെ വിട്ടുകിട്ടാന്‍ ലഭ്യമായ എല്ലാ മാര്‍ഗങ്ങളും തേടും". അനുമതി ലഭിക്കാതിരുന്നതിനാല്‍ ഹോക്കി ടീമിന്റെ ഇക്കഴിഞ്ഞ യൂറോപ്യന്‍ പര്യടനത്തില്‍ പങ്കാളിയാവാന്‍ ദത്തയ്ക്ക് കഴിഞ്ഞിരുന്നില്ല.

ദത്തയ്ക്ക് ഇന്ത്യന്‍ ടീമിനൊപ്പം ചേരുന്നതിന് ഇതിനു മുന്‍പും എല്‍ എന്‍ സി പിയില്‍ നിന്ന് തടസങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദത്ത ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നാല്‍ എല്‍ എന്‍ സി പിയിലെ ക്‌ളാസുകള്‍ മുടങ്ങുമെന്നാണ് പ്രിന്‍സിപ്പലിന്റെ വാദം. എന്നാല്‍ ഇന്ത്യയൊട്ടാകെ സായിയില്‍ നിരവധി പരിശീലകര്‍ ഉളളപ്പോഴാണ് പ്രിന്‍സിപ്പലിന്റെ ഈ ന്യായീകരണമെന്നും വ്യകതിവിദ്വേഷമാണ് ദത്തയ്ക്ക് ടീമിനൊപ്പം ചേരാന്‍ അനുമതി നല്‍കാത്തതിന് കാരണമെന്നും മറ്റ് പരിശീലകര്‍ ചൂണ്ടിക്കാണിക്കുന്നു. മുന്‍പ് ഇതേ സാഹചര്യമുണ്ടായപ്പോഴും ഇക്കാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

1995 മുതല്‍ എല്‍ എന്‍ സി പിയിലെ കായികാധ്യാപകനാണ് ദത്ത. നിരവധി തവണ ഇന്ത്യന്‍ ഫുട്‌ബോള്‍, ഹോക്കി ടീമുകളുടെ ഫിസിക്കല്‍ ട്രെയിനറായിരുന്നു. ലോകകപ്പ് യോഗ്യതാ മത്‌സരം, വാന്‍കൂവര്‍ നേഷന്‍ കപ്പ്, ഒളിംപിക് യോഗ്യതാ മത്‌സരം, പാകിസ്ഥാന്‍ പര്യടനം എന്നിവയില്‍ ഇന്ത്യന്‍ സീനിയര്‍ ഫുട്‌ബോളിന്റെ ഫിസിക്കല്‍ ട്രെയിനറായിരുന്നു ദത്ത. എ എഫ് സി കപ്പിനുളള വനിതാ ജൂനിയര്‍ ഫുട്‌ബോള്‍ ടീമിനെയും പരിശീലിപ്പിച്ചുണ്ട്. ഹോക്കിയില്‍ ഇന്ത്യയുടെ ജൂനിയര്‍-സീനിയര്‍ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഹോക്കി ടീമിന്റെ മുഖ്യ കോച്ച് ഹൊസെ ബ്രാസയുടെ പ്രത്യേക താത്പര്യപ്രകാരമാണ് ദത്തയെ കോച്ചിംഗ് സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത്.

ഹോക്കി ഇന്ത്യയുടെ നേരിട്ടുളള ഇടപെടലിലൂടെ ടീമിനൊപ്പം ചേരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണിപ്പോള്‍ പ്രദീപ് ദത്ത. ബംഗാളിലെ 24 പര്‍ഗാന സ്വദേശിയാണ് പ്രദീപ് ദത്ത. അതിനിടെ ഓഗസ്റ്റ് 26ന് ആരംഭിക്കി ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാമ്പ് മാറ്റിവച്ചു." നേരത്തേ ഓഗസ്റ്റ് 26ന് പൂനെയിലെ ബാലവാഡി സ്‌പോര്‍ട്‌സ് കോംപ്‌ളക്‌സില്‍ പരിശീലന ക്യാമ്പ് ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പൂനെയില്‍ പന്നിപ്പനി പടര്‍ന്ന് പിടിച്ചിരിക്കുകയാണ്. ക്യാമ്പ് ബാംഗ്‌ളൂരിലേക്ക് മാറ്റാന്‍ ആലോചിച്ചു, പക്ഷേ അവിടെയും പന്നിപ്പനി ബാധയുണ്ട്. എന്തായാലും വിശദമായ ആലോചനകള്‍ക്ക് ശേഷമേ ക്യാമ്പ് എവിടെയെന്ന് തീരുമാനിക്കൂ" അസ്‌ലം ഖാന്‍ വൈഗന്യൂസിനോട് പറഞ്ഞു.

July 6, 2009

ജോസ്‌കോ എഫ് സി ഓഗസ്റ്റില്‍ കളിത്തട്ടിലിറങ്ങും

തിരുവനന്തപുരം, 06 ജൂലൈ 2009: കേരള ഫുട്‌ബോളിന് പുത്തന്‍ പ്രതീക്ഷയേകി രൂപീകരിച്ച ജോസ്‌കോ ഫുട്‌ബോള്‍ ക്‌ളബ് ഓഗസ്റ്റില്‍ പരിശീലനം ആരംഭിക്കും. ടീമിലേക്ക് 24 താരങ്ങളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. രണ്ട് വിദേശ താരങ്ങളെയും ടീമില്‍ ഉള്‍പ്പെടുത്തും. എറണാകുളം ജില്ലാ എ ഡിവിഷന്‍ ലീഗിലാണ് ജോസ്‌കോ എഫ് സി ആദ്യം കളിക്കുക. അടുത്ത വര്‍ഷം ഐലീഗ് രണ്ടാം ഡിവിഷന് യോഗ്യത നേടുകയാണ് ജോസ്‌കോ എഫ് സിയുടെ ലക്ഷ്യം.

തൃശൂര്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലാ ഗ്രൗണ്ടില്‍ നടന്ന സെലക്ഷന്‍ ട്രയല്‍സിലൂടെയാണ് ടീമംഗങ്ങളെ കണ്ടെത്തിയത്. അറുന്നൂറിലധികം കുട്ടികളില്‍ നിന്നാണ് 24 പേരെ തിരഞ്ഞെടുത്തത്. ഇവരില്‍ ഭൂരിഭാഗംപേരും സര്‍വകലാശാലാ-സംസ്ഥാന ടീമുകളില്‍ കളിച്ച് പരിചയമുളളവരാണ്. വിവ കേരളയുടെ മുന്‍ താരങ്ങളായിരുന്ന മുനീര്‍, ഷൈന്‍ രാജ്, ഡി സജിന്‍ എന്നിവരും ജോസ്‌കോ നിരയിലുണ്ടാവും.

ഇന്ത്യയിലെ പ്രമുഖ ക്‌ളബുകളുടെ പരിശീലകനായിരുന്ന ടി കെ ചാത്തുണ്ണിയാണ് ജോസ്‌കോ എഫ് സിയുടെ കോച്ച്. പ്രതിഭാധനരായ താരങ്ങളെയാണ് ടീമിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ചാത്തുണ്ണി വൈഗ ന്യൂസിനോട് പറഞ്ഞു." ജൂനിയര്‍ തലത്തില്‍ കഴിവു തെളിയിച്ച കുട്ടികളാണ് ടീമിലുളളത്. സെലക്ഷന്‍ ട്രയല്‍സ് കുറച്ച് കൂടി നേരത്തേ ആക്കിയിരുന്നെങ്കില്‍ കൂടുതല്‍ കളിക്കാരെ ലഭിക്കുമായിരുന്നു. മിക്ക കളിക്കാരും ഈ സെലക്ഷന് മുന്‍പ് തന്നെ മറ്റു പലക്‌ളബുകളുമായി കരാര്‍ ഒപ്പിട്ടു കഴിഞ്ഞിരുന്നു. എങ്കിലും ലഭ്യമായതില്‍ ഏറ്റവും നല്ല താരങ്ങളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്". മുന്‍ ഇന്ത്യന്‍ താരം സി വി പാപ്പച്ചനും താരങ്ങളെ തിരഞ്ഞെടുക്കാന്‍ സെലക്ഷന്‍ ട്രയല്‍സിനുണ്ടായിരുന്നു.

അതേസമയം ടീമിന് പരിശീലനം നടത്താനുളള ഗ്രൗണ്ട് ഇതുവരെ തീരുമാനിച്ചിട്ടില്ല. കൊച്ചി നഗരത്തില്‍ ഗ്രൗണ്ട് ലഭ്യമല്ലാത്തതാണ് ടീം നേരിടുന്ന പ്രധാന പ്രശ്‌നം. ജൂലൈ അവസാനത്തോടെ ഈ പ്രശ്‌നം പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് ടീം അധികൃതര്‍.

ഫെഡര്‍ക്ക് തുല്യം ഫെഡറര്‍ മാത്രം


മുഹമ്മദ് അലി, പെലെ, ബ്രാഡ്മാന്‍, അയര്‍ട്ടന്‍ സെന്ന... ഇതിഹാസ താരങ്ങളുടെ മിന്നിത്തിളങ്ങുന്ന പട്ടികയിലേക്ക് ഒരു പേരുകൂടി; റോജര്‍ ഫെഡറര്‍. ആറാം വിംബിള്‍ഡണ്‍ കിരീടത്തോടെയാണ് 27കാരനായ ഫെഡറര്‍ കാലത്തെ അതിജീവിക്കുന്ന താരങ്ങളുടെ പട്ടികയിലേക്ക് റാക്കറ്റ് വീശിയെത്തിയത്. ആന്‍ഡി റോഡിക്കിനെതിരെയുളള ഐതിഹാസിക വിജയം ഫെഡററെ സമാനതകളില്ലാത്ത ടെന്നിസ് താരമാക്കി മാറ്റി. ഫൈനലില്‍ റോഡിക്ക് പൊരുതി വീണപ്പോള്‍ ഏറ്റവുമധികം ഗ്രാന്‍സ്‌ളാം കിരീടമെന്ന റെക്കോര്‍ഡ് ഫെഡറര്‍ക്ക് സ്വന്തം. ആധുനിക കളിത്തട്ടുകളിലെല്ലാം വെന്നിക്കൊടി പാറിച്ച സ്വിസ് താരത്തിന്റെ പതിനഞ്ചാം ഗ്രാന്‍സ്‌ളാം കിരീടമായിരുന്നു ഇത്. പതിനാല് ഗ്രാന്‍സ്‌ളാം കിരീടമെന്ന പീറ്റ് സാംപ്രാസിന്റെ റെക്കോര്‍ഡാണ് ഫെഡറര്‍ മറികടന്നത്.

ടെന്നിസ് ചരിത്രത്തിലെ മഹാരഥന്‍മാരായ ബ്യോണ്‍ ബര്‍ഗ്, റോഡ് ലവര്‍, മാനുവല്‍ സാന്റാന, സാക്ഷാല്‍ പീറ്റ് സാംപ്രാസ് എന്നിവരെ സാക്ഷിനിറുത്തിയായിരുന്നു ഫെഡററുടെ ചരിത്ര വിജയം. 2003ല്‍ വിംബിള്‍ഡണ്‍ കിരീടം നേടി ഗ്രാന്‍സ്‌ളാം ടൂര്‍ണമെന്റുകളിലെ അശ്വമേധം തുടങ്ങിയ ഫെഡറര്‍ അതേ വേദിയില്‍ തന്നെ ടെന്നിസിലെ എക്കാലത്തെയും വലിയ വിജയായി എന്നതും ചരിത്രം. ഈ വിജക്കുതിപ്പിനിടയില്‍ ഫെഡററുടെ പേരിനൊപ്പം ചേര്‍ക്കപ്പെട്ട റെക്കോര്‍ഡുകള്‍ നിരവധി. തുടര്‍ച്ചയായി 237 ആഴ്ചകള്‍ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനം, തുടര്‍ച്ചയായി പത്ത് ഗ്രാന്‍സ്‌ളാം ഫൈനലുകള്‍, തുടര്‍ച്ചയായി 21 ഗ്രാന്‍സ്‌ളാം സെമിഫൈനലുകള്‍, 20 ഗ്രാന്‍സ്‌ളാം ഫൈനലുകള്‍... വിംബിള്‍ഡണിലെ ആറ് വിജയങ്ങള്‍ക്കൊപ്പം 2005 മുതലുളള അഞ്ച് യു എസ് ഓപ്പണ്‍ കിരീടങ്ങളും മൂന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങളും ഒരു ഫ്രഞ്ച് ഓപ്പണ്‍ കിരീടവും ഫെഡററുടെ നേട്ടത്തിന് പൊന്‍തിളക്കം നല്‍കുന്നു.


15 ഗ്രാന്‍സ്‌ളാം കിരീടം ചൂടിയെങ്കിലും 2009ലെ ഫ്രഞ്ച് ഓപ്പണ്‍ നേടിയതാണ് ഫെഡററെ സാംപ്രാസ്, ജോണ്‍ മക്കന്‍റോ, ബ്യോണ്‍ ബര്‍ഗ്, ഇവാന്‍ ലന്‍ഡ്ല്‍, ജിമ്മി കോണേഴ്‌സ്, ആര്‍തര്‍ ആഷെ, സ്‌റ്റെഫാന്‍ എഡ്ബര്‍ഗ് എന്നിവരെക്കാളുമൊക്കെ ഉയരങ്ങളിലെത്തിക്കുന്നത്. കാരണം കരിയര്‍ ഗ്രാന്‍സ്‌ളാം( നാല് ഗ്രാന്‍സ്‌ളാം കിരീടങ്ങള്‍) നേടുന്ന ചരിത്രത്തിലെ ആറാമത്തെ താരമാണ് ഫെഡറര്‍. ഫ്രെഡ് പെറി, ഡോണ്‍ ബഡ്ജ്, റോഡ് ലവര്‍, റോയ് എമേഴ്‌സന്‍, ആന്ദ്രേ അഗാസി എന്നിവരാണ് ഫെഡറര്‍ക്ക് മുന്‍പ് ഈ നേട്ടം കൈവരിച്ചവര്‍. ടെന്നിസിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായ ബ്യോണ്‍ ബര്‍ഗിന് യു എസ് ഓപ്പണിലും ഓസ്‌ട്രേലിയന്‍ ഓപ്പണിലും ഒരിക്കല്‍പ്പോലും കിരീടം നേടായാനില്ല. സാംപ്രാസിന് ഫ്രഞ്ച് ഓപ്പണാണ് പിടി കൊടുക്കാതിരുന്നത്. സാംപ്രാസിനെപ്പോലെ കളിമണ്‍ കോര്‍ട്ടായിരുന്നു ഫെഡററുടെ കരിയറിലെയും ഏറ്റവും വലിയ വെല്ലുവിളി. തുടര്‍ച്ചയായ മൂന്നു ഫ്രഞ്ച് ഓപ്പണ്‍ ഫൈനലുകളില്‍ റാഫേല്‍ നദാലിന് മുന്നില്‍ അടിപതറി. പക്ഷേ ഇത്തവണ ഭാഗ്യം സ്വിസ് താരത്തിനൊപ്പമായിരുന്നു. നദാല്‍ പരിക്കേറ്റ് പിന്‍മാറിയപ്പോള്‍ റോബിന്‍ സോഡര്‍ലിംഗിനെ തോല്‍പ്പിച്ച് കാത്തുകാത്തിരുന്ന കളിമണ്‍കോര്‍ട്ടിലെ വിജയം ഫെഡറര്‍ കൈപ്പിടിയിലൊതുക്കുകയും ചെയ്തു. വിംബിള്‍ഡണിലും നദാലിന്റെ അഭാവം ഫെഡറര്‍ക്ക് അനുകൂലമായി.

പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരമാവുക എന്നതായിരുന്നു ബാല്യകാലത്ത് ഫെഡററുടെ ലക്ഷ്യം. സ്വന്തം നഗരത്തിലെ ഒന്നാം കിട ഫുട്‌ബോള്‍ ക്‌ളബായ എഫ് സി ബാസലിന് വേണ്ടി ബൂട്ടണിയുന്നത് പലപ്പോഴും സ്വപ്നം കാണുകയും ചെയ്തു. പക്ഷേ വിധി മറ്റൊന്നായിരുന്നു; കായിക ചരിത്രത്തിന്റെയും. ഫുട്‌ബോളിനൊപ്പം ടെന്നിസും പരിശീലിച്ചിരുന്ന ഫെഡറര്‍ പന്ത്രണ്ടാം വയസിലാണ് ടെന്നിസാണ് തന്റെ കളിയെന്ന് തിരിച്ചറിഞ്ഞത്.രണ്ടു വര്‍ഷത്തിനകം സ്വിറ്റ്‌സര്‍ലഡിലെ ചാമ്പ്യനായി കുഞ്ഞുഫെഡറര്‍ വളര്‍ന്നു. 1996ലാണ് രാജ്യാന്തര മത്‌സര രംഗത്തെത്തിയത്. 1998ല്‍ ജൂനിയര്‍ വിംബിള്‍ഡണ്‍ നേടി വരാനിരിക്കുന്ന വിജയങ്ങള്‍ക്ക് വഴിതെളിക്കുകയും ചെയ്തു. 2002 വിംബിള്‍ഡണിന്റെ നാലാം റൗണ്ടില്‍ പീറ്റ് സാംപ്രാസിനെ വീഴ്ത്തിയാണ് ഫെഡറര്‍ സീനിയര്‍ തലത്തില്‍ ശ്രദ്ദേയനാവുന്നത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ നിലവിലെ ചാമ്പ്യനായ സാംപ്രാസ് തോല്‍വി സമ്മതിക്കുകയായിരുന്നു. വിംബിള്‍ഡണില്‍ സാംപ്രാസിന്റെ 31 മത്‌സരങ്ങളുടെ വിജയക്കുതിപ്പിനു കൂടിയായിരുന്നു തിരശീലവീണത്.


2003ലെ വിംബിള്‍ഡണ്‍ കിരീടത്തോടെ പുരുഷ ടെന്നിസ് റോജര്‍ ഫെഡറര്‍ എന്ന പേരിലേക്ക് ചുരുങ്ങിത്തുടങ്ങി. വിംബിള്‍ഡണ്‍, യു എസ് ഓപ്പണ്‍ കിരീടങ്ങളും ഓസ്‌ട്രേലിയന്‍ ഓപ്പണിലും ഫെഡറര്‍ വിജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് റാക്കറ്റ് വീശി. പക്ഷേ കളിമണ്‍ കോര്‍ട്ടില്‍ നദാലിന്റെ മികവിനെ മറികടക്കാന്‍ ഫെഡര്‍ക്ക് കഴിഞ്ഞില്ല. 2006,2007,2008 വര്‍ഷങ്ങളിലെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ നദാല്‍ ഫെഡററെ വീഴ്ത്തി.ടെന്നിസ് ചരിത്രത്തിലെ ഏറ്റവും മികച്ച പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 2008ലെ വിംബിള്‍ഡണ്‍ ഫൈനലില്‍ നദാല്‍ വിജയിച്ചപ്പോള്‍ ഫെഡററുടെ കാലം കഴിഞ്ഞുവെന്ന് വിലയിരുത്താനും നിരവിധിയാളുകളുണ്ടായി. നദാലിന്റെ അഭാവം പ്രകടമായി ഉണ്ടെങ്കിലും തന്നെ എഴുതിത്തളളിയ വിമര്‍ശകര്‍ക്കുളള മറുപടി കൂടിയാണ് ഫെഡറര്‍ക്ക് ഇത്തവണത്തെ ഗ്രാന്‍സ്‌ളാം വിജയങ്ങള്‍. ഇതേ ഫോമില്‍ കളിക്കുകയാണെന്നില്‍ വരും വര്‍ഷങ്ങളിലും ടെന്നിസ് ലോകം ഫെഡറര്‍ എന്ന പേരിനെ ചുറ്റിപ്പറ്റിതന്നെയായിരിക്കും സഞ്ചരിക്കുക.

കളിമണ്‍ കോര്‍ട്ടിലെ രാജാവായ റാഫേല്‍ നദാലിനോടേറ്റ തോല്‍വികളാണ് ഫെഡററുടെ കരിയറിലെ കറുത്ത പാടുകള്‍. ഏഴു ഗ്രാന്‍സ്‌ളാം ഫൈനലില്‍ മുഖാമുഖം നിന്നപ്പോള്‍ അഞ്ചിലും നദാലിനായിരുന്നു ജയം. ആകെ ഏറ്റുമുട്ടിയ ഇരുപത് മത്‌സരങ്ങളില്‍ പതിമ്മൂന്നിലും നദാലിന് മുന്നില്‍ ഫെഡറര്‍ കീഴടങ്ങി. കളിമണ്‍ കോര്‍ട്ടില്‍ 9-2 പുല്‍കോര്‍ട്ടിലും ഹാര്‍ഡ് കോട്ടിലുമായി 5-4 എന്നിങ്ങനെയാണ് നദാല്‍ മുന്നിട്ടു നില്‍ക്കുത്.


കൃത്യതയാര്‍ന്ന സര്‍വുകളും സമാനതകളില്ലാത്ത ഫോര്‍ഹാന്‍ഡ് ഷോട്ടുകളുമാണ് ഫെഡററെ മറ്റുകളിക്കാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. മണിക്കൂറില്‍ 190 കിലോമീറ്ററാണ് ഫെഡററുടെ സര്‍വീസിന്റെ ശരാശരി വേഗത. സര്‍വ് ചെയ്യുമ്പോള്‍ മനസിലുദ്ദേശിക്കുന്ന സ്ഥലങ്ങളില്‍ തന്നെ പന്ത് പതിപ്പിക്കാന്‍ ഫെഡറര്‍ക്ക് കഴിയുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ടെന്നിസിലെ ഏറ്റവും മഹത്തായ ഷോട്ട് എന്നാണ് ഫെഡററുടെ ഫോര്‍ഹാന്‍ഡ് കളികളെ ജോണ്‍ മക്കന്‍റോ വിശേഷിപ്പിക്കുന്നത്. "സ്‌പെഷ്യലിസ്റ്റ് താരങ്ങളുടെ ഇക്കാലത്ത് നിങ്ങളൊരു കളിമണ്‍ കോര്‍ട്ട് വിദഗ്ധനോ, പുല്‍ക്കോര്‍ട്ട് വിദഗ്ധനോ, ഹാര്‍ഡ് കോര്‍ട്ട് വിദഗ്ധനോ- അല്ലെങ്കില്‍ ഒരു റോജര്‍ ഫെഡററോ ആവണം" ടെന്നിസിലെ റോയല്‍ താരം ഫെഡററാണെന്ന് മഹാനായ ജിമ്മി കോണേഴ്‌സിന്റെ ഈ വാക്കുകളും സാക്ഷ്യപ്പെടുത്തുന്നു.

July 3, 2009

വീണ്ടും വീനസ്‌ സെറീന ഫൈനല്‍ ‍‍

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അമേരിക്കന്‍ സഹോദരിമാരായ സെറീന വില്ല്യംസും വീനസ്‌ വില്ല്യംസും വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് ഫൈനലില്‍ ഏറ്റുമുട്ടും. റഷ്യന്‍ താരം എലേന ഡെമന്റിയേവയെ വിംബിള്‍ഡണ്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സെമി ഫൈനല്‍ പോരാട്ടത്തില്‍ കീഴടക്കിയാണ് ലോക രണ്ടാം നമ്പര്‍ താരമായ സെറീന വില്യംസ് വിംബിള്‍ഡണ്‍ ഫൈനലില്‍ കടന്നത്. ലോക ഒന്നാം നമ്പര്‍ താരം റഷ്യയുടെ ദിനാര സഫിനയെ തകര്‍ത്ത സഹോദരി വീനസ് വില്യംസാണ് ഫൈനലില്‍ സെറീനയുടെ എതിരാളി.

സെറീന വനിതാ സിംഗിള്‍സിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നിലാണ് ഒളിമ്പിക് ചാമ്പ്യനായ ഡെമന്റിയേവയെ കീഴടക്കിയത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരം രണ്ടുമണിക്കൂര്‍ 49 മിനിറ്റ് നീണ്ടു നിന്നു. ആദ്യ സെറ്റ് ടൈബ്രേക്കറില്‍ നഷ്ടപ്പെട്ടശേഷമായിരുന്നു സെറീനയുടെ ഐതിഹാസിക വിജയം.സ്‌കോര്‍: 6-7, 7-5, 8-6. അനുജത്തിയെ അപേക്ഷിച്ച് അനായാസമാണ് ചേച്ചി വീനസ് ഫൈനലിലെത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് വീനസ് മത്സരം സ്വന്തമാക്കി. സ്കോര്‍: 6-1, 6-0

പതിനൊന്നാം സ്ലാംകിരീടം ലക്ഷ്യമിടുന്ന സെറീന അഞ്ചാം തവണയാണ് വിംബിള്‍ഡണ്‍ ഫൈനലിലെത്തുന്നത്. 2002ലും 2003ലും ചാമ്പ്യനായി.സെറീന രണ്ടു തവണയും പരാജയപ്പെടുത്തിയത് വീനസിനെയായിരുന്നു. 2004ല്‍ മരിയഷറപ്പോവയോടും കഴിഞ്ഞവര്‍ഷം വീനസിനോടും പരാജയപ്പെടുകയും ചെയ്തു. 2000, 2001, 2005, 2007, 2008 വര്‍ഷങ്ങളില്‍ വിംബിള്‍ഡണ്‍ നേടിയിട്ടുള്ള വീനസ് ഹാട്രിക്കാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്. നാലാം തവണയാണ് സഹോദരിമാര്‍ ഫൈനലില്‍ ഏറ്റുമുട്ടുന്നത്.

July 2, 2009

കോണ്‍കകാഫ് ഫുട്‌ബോള്‍ വെളളിയാഴ്ച മുതല്‍

കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ബ്രസീലിന്റെ കിരീടധാരാണത്തോടെ രാജ്യാന്തര ഫുട്‌ബോള്‍ ലോകത്തെ ആവേശക്കാഴ്ചകള്‍ക്ക് അവസാനമാകുന്നില്ല. വെളളിയാഴ്ച മറ്റൊരു കളിയുല്‍സവത്തിന് അമേരിക്കയില്‍ അരങ്ങുണരും; കോണ്‍കകാഫ് ഗോള്‍ഡ് കപ്പ് ഫുട്‌ബോളിന്. 12 ടീമുകള്‍ 13 വേദികളിലായാണ് കിരീടത്തിനായി മാറ്റുരയ്ക്കുന്നത്. ജൂലൈ 26നാണ് ഫൈനല്‍.
മൂന്നു ഗ്രൂപ്പുകളിലായാണ് ആദ്യ ഘട്ട മല്‍സരങ്ങള്‍. മൂന്നു ഗ്രൂപ്പുകളിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ നേരിട്ടു ക്വാര്‍ട്ടര്‍ ഫൈനലിലെത്തും. മൂന്നു ഗ്രൂപ്പുകളിലെയും മൂന്നാം സ്ഥാനക്കാരില്‍ മികച്ച രണ്ടു ടീമുകളും യോഗ്യത നേടും. ജൂലൈ 18, 19 തീയതികളിലാണു ക്വാര്‍ട്ടര്‍ ഫൈനല്‍. ജൂലൈ 23നു സെമിഫൈനലും.കാനഡ ലോസാഞ്ചലസില്‍ ജമൈക്കയെ നേരിടുന്നതോടെയാണ് ചാംപ്യന്‍ഷിപ്പിനു തുടക്കമാവുക. ഉദ്ഘാടന ദിവസത്തെ രണ്ടാം മല്‍സരത്തില്‍ കോസ്റ്ററിക്ക എല്‍സാല്‍വദോറിനെ നേരിടും. ശനിയാഴ്ച ഗ്രെനാഡയ്‌ക്കെതിരെയാണു ആതിഥേയരായ അമേരിക്കയുടെ ആദ്യ പോരാട്ടം.ഉത്തരമധ്യ അമേരിക്കയിലെയും കരീബിയന്‍ മേഖലയിലെയും ഫുട്‌ബോള്‍ അസോസിയേഷനുകള്‍ നടത്തുന്ന ടൂര്‍ണമെന്റാണിത്.
ആതിഥേയരായ അമേരിക്കയ്ക്കു പുറമേ മെക്‌സിക്കോ, കാനഡ എന്നിവയാണു വടക്കന്‍ അമേരിക്കന്‍ മേഖലയില്‍നിന്നു ചാംപ്യന്‍ഷിപ്പ് കളിക്കാനെത്തുന്നത്. കരീബിയന്‍ മേഖലയില്‍നിന്ന് ജൈമക്ക, ഗ്രെനാഡ, ഗ്വാഡിലൂപ്, ഹെയ്തി എന്നീ രാജ്യങ്ങളും മധ്യഅമേരിക്കന്‍ മേഖലയില്‍നിന്നു പനാമ, കോസ്റ്റാറിക്ക, ഹോണ്ടുറാസ്, എല്‍സാല്‍വദോര്‍, നിക്കാരഗ്വ എന്നീ രാജ്യങ്ങളും കളിക്കിറങ്ങും. കോണ്‍കകാഫ് മേഖലയ്ക്ക് പുറത്ത് നിന്ന് അതിഥി ടീമുകളെ പങ്കെടുപ്പിക്കാതെ നടത്തുന്ന നാലാമത്തെ ചാമ്പ്യന്‍ഷിപ്പാണിത്.
ചാംപ്യന്‍ഷിപ്പിന്റെ ഇരുപതാം പതിപ്പാണ് ഇത്തവണത്തേത്. ഇതുവരെ കിരീടം നേടിയത്ഏഴു രാജ്യങ്ങള്‍ മാത്രമാണ്. ഏഴുവട്ടം കിരീടം നേടിയ മെക്‌സിക്കോയാണു കണക്കുകളില്‍ മുന്‍പില്‍. നിലവിലെ ചാംപ്യന്മാരായ അമേരിക്ക നാലുതവണയും കോസ്റ്റാറിക്ക മൂന്നുതവണയും കാനഡ രണ്ടുതവണയും കിരീടം ചൂടി. ഹോണ്ടുറാസ്, ഹെയ്തി, ഗ്വാട്ടിമാല എന്നിവര്‍ ഓരോ തവണയും കോണ്‍കകാഫ് സ്വര്‍ണക്കപ്പില്‍ മുത്തമിട്ടു.
കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്‌ബോളിന്റെ ഫൈനലിലെത്തിയ അമേരിക്ക തന്നെയാണ്: ഇത്തവണത്തെ ഫേവറിറ്റ്‌സ്. ബ്രസീലിനോട് തോറ്റെങ്കിലും ദക്ഷിണാഫ്രിക്കയില്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രകടനമാണ് അമേരിക്ക നടത്തിയത്. ബ്രസീലിനെതിരെ രണ്ടു ഗോള്‍ നേടിയ ശേഷമായിരുന്നു അവര്‍ തോല്‍വി വഴങ്ങിയത്.

June 25, 2009

ഐ ലീഗ് കോച്ചുകള്‍ക്ക് എ എഫ് സിയുടെ ചുവപ്പ്കാര്‍ഡ്‍


ഇന്ത്യന്‍ ഫുട്ബോളിലെ മുന്‍നിര ക്ളബുകളിലെ പരിശീലകരുടെ ഭാവി പ്രതിസന്ധിയില്‍. അംഗീകൃത കോച്ചിംഗ് ലൈസന്‍സ് ഇല്ലാത്ത പരിശീലകര്‍ക്ക് ഐ ലീഗില്‍ തുടരാന്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെന്ന ഓള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ അപേക്ഷ ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ നിരസിച്ചതോടെയാണ് പരിശീലകരും ക്ളബുകളും വിഷമവൃത്തത്തിലായത്. ഐലീഗിലെ എട്ടു കോച്ചുകള്‍ക്കാണ് എ എഫ് സിയുടെ ലൈസന്‍സ് ഇല്ലാത്തത്. ഇതില്‍ മൂന്ന് വിദേശ പരിശീലകരും ഉള്‍പ്പെടുത്തു.

സുബ്രത ഭട്ടാചാര്യ(ചിരാഗ് യുണൈറ്റഡ്), ഷബീര്‍ അലി(മുഹമ്മദന്‍ സ്പോര്‍ട്ടിംഗ്), സുഖ്‌വീന്ദര്‍ സിംഗ്(ജെ സി ടി),ബിമല്‍ ഘോഷ്(എയര്‍ ഇന്ത്യ), എല്‍വിസ് ഗോയസ്(വാസ്കോ ഗോവ) എന്നിവരാണ് അംഗീകൃത കോച്ചിംഗ് ലൈസന്‍സ് ഇല്ലാത്ത പരിശീലകര്‍. വിദേശ പരിശീലകരായ കരിം ബഞ്ചരിഫ(മോഹന്‍ ബഗാന്‍), ഡേവിഡ് ബൂത്ത്(മഹീന്ദ്ര യുണൈറ്റഡ്), സൊറന്‍ ജോര്‍ജെവിക്( കഴിഞ്ഞ സീസണില്‍ ചര്‍ച്ചില്‍ ബ്രദേഴ്സ്) എന്നിവര്‍ക്കും എ എഫ്സിയുടെ മാനദണ്ഡങ്ങള്‍ക്കനാസരിച്ച യോഗ്യതയില്ല. എന്നാല്‍ ഇവരുടെ വര്‍ഷങ്ങള്‍ നീണ്ട അനുഭവം പരിചയം മുന്‍നിറുത്തി താല്‍ക്കാലിക സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് എ ഐ എഫ് എഫ് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനെ സമീപിച്ചത്. ഈ ആവശ്യമാണ് ഇപ്പോള്‍ നിരസിഫപ്പെട്ടിരിക്കുന്നത്.

ഈസ്റ്റ് ബംഗാള്‍ കോച്ച് സുഭാഷ് ഭൌമിക്കിനും അംഗീകൃത കോച്ചിംഗ് യോഗ്യതകളില്ല. എന്നാല്‍ എ എഫ് സി അനുമതി നിഷേധിച്ച പട്ടികയില്‍ ഭൌമിക് ഉള്‍പ്പെട്ടിട്ടില്ല. കഴിഞ്ഞ സീസണില്‍ എ ഐ എഫ് എഫ് പരിശീലകര്‍ക്ക് ഇളവ് ആവശ്യപ്പെട്ടപ്പോള്‍ ഭൌമിക് ഒരു ടീമിന്റെയും കോച്ചായിരുന്നില്ല. ഇതിനാലാണ് ഭൌമിക് പട്ടികയില്‍ നിന്ന് ഒഴിവായത്. എന്നാല്‍ അടുത്ത സീസണ്‍ ആരംഭിക്കുന്നതോടെ ഭൌമിക്കിനും എ എഫ് സിയുടെ വിലക്ക് വരും.

വരുന്നൂ, ജോസ്കോ എഫ് സി‍‍‍‍

പ്രതാപകാലത്തിന്റെ ഓര്‍മ്മകളില്‍ കഴിയുന്ന കേരള ഫുട്ബോളിന് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി പുതിയൊരു പ്രൊഫഷണല്‍ ക്ളബ് കൂടി വരുന്നു; ജോസ്കോ എഫ് സി. പ്രമുഖ സ്വര്‍ണ വ്യാപാരികളായ ജോസ്കോ ജ്വല്ലേഴ്സാണ് പുതിയ ക്ളബിന് ജീവന്‍ പകരുന്നത്. ഇന്ത്യന്‍ ഫുട്ബോളിലെ സൂപ്പര്‍ കോച്ചുമാരില്‍ ഒരാളായ ടി കെ ചാത്തുണ്ണിയായിരിക്കും ജോസ്കോ എഫ് സിയുടെ അമരക്കാരന്‍. അടുത്ത സീസണിലെ ഐലീഗ് രണ്ടാം ഡിവിഷനിലേക്ക് യോഗ്യത നേടി ദേശീയ തലത്തിലെത്തുകയാണ് ടീമിന്റെ പ്രഥമ ലക്ഷ്യം.
കൊച്ചി ആസ്ഥാനമായ വിവ കേരളയുടെ പാതയിലാണ് ജോസ്കോ എഫ് സിയുടെയും രംഗപ്രവേശം. ആദ്യ ഘട്ട ടീമിലേക്കുളള താരങ്ങളെ തൃശൂരില്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല ഗ്രൌണ്ടില്‍ നടത്തിയ ട്രയല്‍സിലൂടെ തിരഞ്ഞെടുത്തു. ചാത്തുണ്ണി, മുന്‍ ഇന്ത്യന്‍ താരം സി വി പാപ്പച്ചന്‍ എന്നിവരടങ്ങിയ സെലക്ഷന്‍ കമ്മിറ്റിയാണ് താരങ്ങളെ തിരഞ്ഞെടുത്തത്. സര്‍വകലാശാല, സംസ്ഥാന ജൂനിയര്‍ താരങ്ങളെ അണിനിരത്തി മുപ്പതംഗ ടീമിനെയാണ് ജോസ്കോ എഫ് സി ആദ്യ സീസണില്‍ മത്സരങ്ങള്‍ക്കിറക്കുക.
എറണാകുളം ജില്ലാ എ ഡിവിഷനിലായിരിക്കും ജോസ്കോ എഫ് സിയുടെ അരങ്ങേറ്റം. കൊച്ചിയില്‍ തന്നെയായിരിക്കും ടീമിന്റെ പരിശീലന ക്യാമ്പ്. ജില്ലാ എ ഡിവിഷനില്‍ കളിക്കുന്ന ഒരു ടീമിനെ ഏറ്റെടുത്താണ് ജോസ്കോ എഫ് സി രൂപീകരിച്ചത്.
ജോസ്കോ എഫ് സി കേരള ഫുട്ബോളിന് പുനര്‍ജീവന്‍ നല്‍കുന്ന ചുവടുവയ്പാണെന്ന് കോച്ച് ടി കെ ചാത്തുണ്ണി വൈഗന്യൂസിനോട് പറഞ്ഞു."നമ്മുടെ നാട്ടിലെ ഫുട്ബോളിന്റെ നിലവാരം വളരെ താണിരിക്കുന്നു. പുതിയ താരങ്ങളെ കണ്ടെത്തി മികച്ച ടീമിനെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. ജോസ്കോ എഫ് സി കേരള ഫുട്ബോളില്‍ പുതിയ മാറ്റങ്ങള്‍ക്ക് വഴിതുറക്കുമെന്ന് തന്നെയാണ് പ്രതീക്ഷ" ഇന്ത്യയിലെ മുന്‍നിര ടീമുകളുടെ പരിശീലകനായിരുന്ന ചാത്തുണ്ണി പറഞ്ഞു. കേരളത്തിലുടനീളം സെലക്ഷന്‍ ട്രയല്‍സ് നടത്തി താരങ്ങളെ കണ്ടെടുത്ത് വിവ കേരള രൂപീകരിച്ചതും ടീമിനെ മുന്‍നിരയില്‍ എത്തിച്ചതും ചാത്തുണ്ണിയായിരുന്നു. കാലിന് പരിക്കേറ്റ് സജീവ പരിശീലന രംഗത്തുനിന്ന് കുറച്ചു നാളായി വിട്ടുനിന്നിരുന്ന ചാത്തുണ്ണിയുടെ തിരിച്ചുവരവുകൂടിയാണിത്.
സീസണ്‍ മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പരിശീലന ക്യാമ്പിനാണ് ചാത്തുണ്ണി തയ്യാറെടുക്കുന്നത്. താരങ്ങള്‍ക്ക് താമസം ഉള്‍പ്പടെയുളള സൌകര്യങ്ങള്‍ ക്ളബ് നല്‍കും. കേരള മുന്‍ ഗോള്‍കീപ്പര്‍ പുരുഷോത്തമന്‍ ആയിരിക്കും ചാത്തുണ്ണിയുടെ പരിശീലക സഹായി. ജോസ്കോ ഉടമസ്ഥനായ ടോണി ജോസാണ് ടീമിന്റെ ചെയര്‍മാന്‍. സണ്ണിയാണ് ടീം മാനേജര്‍.June 18, 2009

ട്വന്റി20യിലെ ശ്രീലങ്കന്‍ പരീക്ഷണങ്ങള്‍

വെടിക്കെട്ട് ബാറ്റിംഗുമായി ഏകദിന ക്രിക്കറ്റിന്റെ മുഖച്ഛായ മാറ്റിയ ശ്രീലങ്കന്‍ താരങ്ങള്‍ ട്വന്റി20 ക്രിക്കറ്റിലും പുത്തന്‍ അധ്യായങ്ങള്‍ രചിക്കുന്നു. 1996ല്‍ സനത് ജയസൂര്യയും റോമേഷ് കലുവിതരണയുമാണ് ബൗളര്‍മാര്‍ക്ക്‌മേല്‍ പടര്‍ന്ന് കയറി ഇന്നിംഗ്‌സ് പടുത്തുയര്‍ത്തുന്ന ശൈലി ഏകദിന ക്രിക്കറ്റില്‍ നടപ്പാക്കിയത്. ജയസൂര്യ കൂറ്റന്‍ ഷോട്ടുകളുടെ മാലപ്പടക്കം തീര്‍ത്തപ്പോള്‍ മരതകദ്വീപുകാര്‍ ലോകകപ്പിലും മുത്തമിട്ടു. ഇപ്പോള്‍ ട്വന്റി 20 ലോകകപ്പിന്റെ രണ്ടാം പതിപ്പില്‍ ക്രിക്കറ്റ് പുസ്തകങ്ങളിലൊന്നുമില്ലാത്ത ഷോട്ടുകളിലൂടെയാണ് ശ്രീലങ്കന്‍ താരങ്ങള്‍ കളിക്കളത്തിനകത്തും പുറത്തും ശ്രദ്ധേയരാവുന്നത്.
ലങ്കന്‍ ഓപ്പണര്‍ തിലകരത്‌നെ ദില്‍ഷന്‍ സ്വന്തമായൊരു ഷോട്ടുതന്നെ ക്രിക്കറ്റിന് പരിചയപ്പെടുത്തിയിരിക്കുന്നു-ദില്‍സ്കൂപ്പ്. പിന്‍കാല്‍മുട്ട് നിലത്തുറപ്പിച്ച് ബൗളര്‍തൊടുക്കുന്ന പന്ത് വിക്കറ്റ് കീപ്പറുടെ തലയ്ക്ക് മുകളിലൂടെ അതിര്‍ത്തിവരയ്ക്കപ്പുറത്തേക്ക് പറത്തുന്ന ഷോട്ടാണിത്. ഫാസ്റ്റ് ബൗളറെന്നോ സ്പിന്നെറന്നോ വ്യത്യാസമില്ലാതെയാണ് ദില്‍ഷന്‍ ഈ ഷോട്ട് കളിക്കുന്നത്. ജയസൂര്യയോടൊപ്പം ഇന്നിംഗ്‌സ് തുറക്കുന്ന ദില്‍ഷന്റെ ഇന്നിംഗ്‌സുകള്‍ ശ്രീലങ്കന്‍ ഇന്നിംഗ്‌സിന്റെ നെടുന്തൂണുകളാണ്.
പരമ്പരാഗത ബാറ്റിംഗ് ശൈലിക്ക് പേരുകേട്ട മഹേല ജയര്‍വര്‍ദ്ധനെയാണ് റിവേഴ്‌സ് സ്വീപ്പ് ഷോട്ടുകളിലൂടെ ശ്രദ്ധേയനാവുന്ന ലങ്കന്‍ ബാറ്റ്‌സ്മാന്‍. എതിരാളികളുടെ പോലും ആദരം പടിച്ചുപറ്റുന്ന കൃത്യതയാണ് ജയവര്‍ദ്ധനെയുടെ റിവേഴ്‌സ് സ്വീപ്പ് ഷോട്ടുകള്‍ക്കുളളത്. ഇപ്പോഴത്തെ വെസ്റ്റ് ഇന്‍ഡീസ് കോച്ച് ജോണ്‍ ഡെയ്‌സനാണ് റിവേഴ്‌സ് സ്വീപ്പിന്റെ ഉപഞ്ജാതാവ്. ആന്‍ഡ്രു സൈമണ്ട്‌സ്, യൂനിസ് ഖാന്‍ തുടങ്ങിയ പലതാരങ്ങളും ഈ ഷോട്ട് കളിക്കാറുമുണ്ട്. എന്നാല്‍ ഇവരേക്കാളെല്ലാം കൃത്യതയാര്‍ന്ന ഷോട്ടുകളാണ് ജയവര്‍ദ്ധനെയെ സവിഷേഷനാക്കുന്നത്.
ബൗളര്‍ ഇസുറുവും ഉദനയും പരീക്ഷണബോളുകളുമായി ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. പന്ത് പിച്ച് ചെയ്ത് കഴിഞ്ഞാല്‍ വേഗത കുറയുന്നതാണ് ഉദനയുടെ ബൗളിംഗിന്റെ പ്രത്യേകത. ഇത് പല ബാറ്റ്‌സ്മാന്‍മാരുടെയും ബാറ്റിംഗിന്റെ താളം തെറ്റിക്കുന്നു.

March 8, 2009

ഓസ്ട്രേലിയന്‍ പ്രതീക്ഷ

ക്രിക്കറ്റില്‍ ബാറ്റിംഗ് മാനദണ്ഡങ്ങളുടെ അവസാന വാക്കാണ് സര്‍ ഡൊണാള്‍ഡ് ജോര്‍ജ്ജ് ബ്രാഡ്മാന്‍. ഏതൊരു ബാറ്റിംഗ് പ്രതിഭയുടെയും മികവ് ബ്രാഡ്മാന്‍െറ തകര്‍പ്പന്‍ ഇന്നിംഗ്സുകളുമായാണ് ഉരച്ചു നോക്കുക. 20 വയസ്സും 124 ദിവസവുമുളളപ്പോഴാണ് ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാനായ ബ്രാഡ്മാന്‍ കന്നി ടെസ്റ്റ് സെഞ്ച്വറി നേടിയത്. നാല് ഓസീസ് ബാറ്റ്സ്മാന്‍മാരെ ബ്രാഡ്മാനേക്കാള്‍ കുറഞ്ഞ പ്രായത്തില്‍ ടെസ്റ്റ് സെഞ്ച്വറി നേടിയിട്ടുളളൂ. ഇരുപത്തിമൂന്നാം വയസ്സില്‍ ക്ഷയരോഗത്തിന് കീഴടങ്ങിയ ആര്‍ച്ചീ ജാക്സണ്‍ (153) ആയിരുന്നു ഇതില്‍ ഒന്നാമന്‍. അഡലെയ്ഡില്‍ ഇംഗ്ളണ്ടിനെതിരെ സെഞ്ച്വറി നേടുമ്പോള്‍ 19 വര്‍ഷവും 149 ദിവസവുമായിരുന്നു ജാക്സന്‍െറ പ്രായം. നീല്‍ ഹാര്‍വിയും ഡൗഗ് വാള്‍ട്ടേഴ്സുമാണ് മറ്റു രണ്ടുപേര്‍. ഫിലിപ്പ് ജോയല്‍ ഹ്യൂസാണ് അവസാനമായി ബ്രാഡ്മാനെ മറികടന്ന ഓസീസ് ബാറ്റ്സ്മാന്‍. ഡര്‍ബനില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നക്കം തികയ്ക്കുമ്പോള്‍ 20 വര്‍ഷവും 96 ദിവസവുമായിരുന്നു ഹ്യൂസിന്‍െറ പ്രായം. രണ്ടാം മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടിയ ഹ്യൂസിനെ ഏറെ പ്രതീക്ഷയോടെയാണ് ക്രിക്കറ്റ് ലോകം ഉറ്റു നോക്കുന്നത്, പ്രത്യേകിച്ചും പുതുജീവന്‍ തേടുന്ന റിക്കി പോണ്ടിംഗും സംഘവും.
ആവനാഴി നിറയെ ഷോട്ടുകള്‍
സെഞ്ച്വറി നേടുമ്പോള്‍ ബ്രാഡ്മാനേക്കാള്‍ 28 ദിവസം പ്രായം കുറവുളളതുകൊണ്ടു മാത്രമല്ല ഹ്യൂസ് ശ്രദ്ധേയനാവുന്നത്. അതിശക്തമായ ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് നിരയ്ക്കെതിരെ പുറത്തെടുത്ത ബാറ്റിംഗ് പ്രകടനം കൊണ്ടുകൂടിയാണ്. മനോഹരമായ ബാറ്റിംഗ് കെട്ടഴിക്കുന്ന ഹ്യൂസിന് ഒട്ടുമിക്ക ഷോട്ടുകളും സ്വന്തം. തുടക്കക്കാരന്‍െറ പതര്‍ച്ചകളൊന്നുമില്ലാതെ ബാറ്റു വീശുന്ന ഹ്യൂസ് പരിചയ സമ്പന്നര്‍ പോലും ധൈര്യപ്പെടാത്ത രീതിയില്‍ തുടര്‍ച്ചയായ രണ്ടു പന്തുകള്‍ സിക്സര്‍ പറത്തിയാണ് കന്നി സെഞ്ച്വറി തികച്ചത്. പോള്‍ ഹാരിസിന്‍െറ പന്തുകള്‍ അതിര്‍ത്തി വരയ്ക്ക് അപ്പുറത്തേക്ക് പറത്തിയായിരുന്നു ഹ്യൂസ് ചരിത്രം കുറിച്ചത്. ഹ്യൂസ് 63 പന്തില്‍ അര്‍ദ്ധസെഞ്ച്വറി തികയ്ക്കമ്പോള്‍ 40 റണ്‍സും ബൗണ്ടറികളിലൂടെ ആയിരുന്നു. ഈ സെഞ്ച്വറിയിലൂടെ ഓസീസിന് ഓപ്പണര്‍ മാത്യു ഹെയ്ഡന്‍െറ പകരക്കാരനെക്കൂടി ലഭിച്ചു. 43 വര്‍ഷത്തിനിടെ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാനുമാണ് ഹ്യൂസ്. നിലവിലെ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് ഇരുപത്തിരണ്ടാം വയസിലും വൈസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് ഇരുപത്തിമൂന്നാം വയസിലും സെഞ്ച്വറി നേടിയിട്ടുണ്ട്. ബംഗ്ളാദേശിന്‍െറ മുഹമ്മദ് അഷറഫുളാണ് ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം.ശ്രീലങ്കയ്ക്കെതിരെ 17 വയസ്സും 61 ദിവസവുമുളളപ്പോള്‍ അഷറഫുല്‍ 114 റണ്‍സെടുത്തു. 17 വയസ്സും 107 ദിവസവുമുളളപ്പോള്‍ സെഞ്ച്വറി നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പട്ടികയില്‍ മൂന്നാം സ്ഥാനക്കാരനാണ്.
തുടക്കം പൂജ്യത്തോടെ
ഏതൊരു ക്രിക്കറ്ററും മറക്കാനാഗ്രഹിക്കുന്ന അരങ്ങേറ്റമായിരുന്നു ഹ്യൂസിന്‍േറത്. വാണ്ടറേഴ്സില്‍ ആദ്യ ഇന്നിംഗ്സിനിറങ്ങിയ ഹ്യൂസ് പൂജ്യത്തിന് പുറത്തായി. നേരിട്ട നാലാം പന്തില്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ ഹ്യൂസിനെ മാര്‍ക് ബൗച്ചറിന്‍െറ കൈകളില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ ഹ്യൂസ് തന്‍െറ മികവറിയിച്ചു. ഓസീസ് ഇന്നിംഗ്സിന്‍െറ നെടുന്തൂണായി ബാറ്റുവീശിയ ഇരുപതുകാരന്‍ പതിനൊന്ന് ബൗണ്ടറികളും ഒരു സിക്സറുമടക്കം 75
റണ്‍സെടുത്തു. കട്ടുകളും ഡ്രൈവുകളും കൊണ്ട് സമ്പന്നമായ ഇന്നിംഗ്സ്.ഈ ഇന്നിംഗ്സിലും ഹ്യൂസ് റണ്‍സ് നേടിയ രീതിയായിരുന്നു ശ്രദ്ധേയം. ആഭ്യന്തര ക്രിക്കറ്റിലെ റണ്‍വേട്ടയോടെയാണ് ഹ്യൂസ് ദേശീയ ടീമിലെത്തിയത്. പ്യൂറ കപ്പ് ഫൈനലില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം താരമാണ് ഈ ന്യൂ സൗത്ത് വെയില്‍സ് ഓപ്പണര്‍. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുളള ടീം പ്രഖ്യാപിക്കുന്നതിന് മുന്‍പുളള അവസാന മത്സരത്തില്‍ ഹ്യൂസ് റണ്‍പ്രവാഹം നടത്തി. ഒന്നാം
ഇന്നിംഗ്സില്‍ 151 റണ്‍സെടുത്ത ഹ്യൂസ് രണ്ടാം ഇന്നിംഗ്സില്‍ 82 റണ്‍സുമായി പുറത്താവാതെ നിന്നു. ഈ പ്രകടനം വിസ്മരിക്കാന്‍ സെലക്ടര്‍മാര്‍ക്കും കഴിഞ്ഞില്ല. ക്രെയ്ഗ് മക്ഡര്‍മോട്ടിന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് ഹ്യൂസ്. ന്യൂ സൗത്ത് വെയില്‍സിന്‍െറയും ഏറ്റവും
പ്രായം കുറഞ്ഞ താരവും മറ്റാരുമല്ല.
യംഗ് ക്രിക്കറ്റര്‍ ഒഫ് ദ ഇയര്‍
2007 നവംബറില്‍ ടാന്‍സ്മാനിയക്കെതിരെ ആയിരുന്നു ഒന്നാം ക്ളാസ് ക്രിക്കറ്റില്‍ ഹ്യൂസിന്‍െറ അരങ്ങേറ്റം. 51 റണ്‍സായിരുന്നു പതിനെട്ടു വയസ്സുകാരന്‍െറ സമ്പാദ്യം. ഓസ്ട്രേലിയന്‍ എ ടീമിനു വേണ്ടിയും മികച്ച പ്രകടനം നടത്തിയ ഹ്യൂസ് കഴിഞ്ഞ സീസണിലെ മികച്ച യുവതാരത്തിനുളള ബ്രാഡ്മാന്‍ അവാര്‍ഡും സ്വന്തമാക്കി. തൊട്ടു പിന്നാലെ ദേശീയ ടീമിലേക്കുളള വാതിലും തുറക്കപ്പെട്ടു.

Resistance Bands, Free Blogger Templates